ആദ്യരാത്രിയല്ലേ, ആദ്യമായി ഒരു പുരുഷസ്പർശം ഏറ്റതിന്റെ പേടിയും വീട് വിട്ട് നിന്നതിന്റെ..

ആദ്യരാത്രി
(രചന: Bhadra Madhavan)

വിദ്യയുടെ അരക്കെട്ടിൽ പിടിച്ചു ഇരുകൈ കൊണ്ടും ആനന്ദ് അവളെ മാറിലേക്ക് ചേർത്ത്

കൊതിയോടെ അവളുടെ ചുണ്ടിൽ ചുംബിക്കാനൊരുങ്ങിയതും വിദ്യ അലറി കരഞ്ഞു കൊണ്ട് ആനന്ദിനെ പുറകിലേക്ക് തള്ളി മാറ്റി….

ബാലൻസ് തെറ്റി പുറകിലേക്ക് വീണ ആനന്ദ് പകപ്പോടെ എണീക്കുമ്പോൾ മുറിയുടെ മൂലയിൽ നിന്ന് വിറയ്ക്കുന്ന വിദ്യയെ ആണ് കാണുന്നത്

വിദ്യ….. തനിക്കിത് എന്ത് പറ്റി??? ആനന്ദ് അവളുടെ അരികിലേക്ക് നടന്നു

പോ…. മാറി പോ എന്നെ തൊടണ്ട….അവൾ വിറയലോടെ പറഞ്ഞു

ആനന്ദ് ഞെട്ടി പുറകിലേക്ക് മാറി

പിന്നെ ധൈര്യം സംഭരിച്ചു വിദ്യയുടെ കയ്യിൽ കയറി പിടിച്ചു

ആനന്ദ് തൊട്ടതും വിദ്യ ബോധം മറഞ്ഞു വീണതും ഒരുമിച്ചായിരുന്നു

ആനന്ദ് അവളെ കയ്യിൽ കോരിയെടുത്തു കിടക്കയിൽ കിടത്തി ജഗ്ഗിൽ വെച്ചിരുന്ന വെള്ളമെടുത്തുശക്തിയായി മുഖത്ത് തളിച്ചു

വിദ്യ… എണീക്ക് വിദ്യ ആനന്ദ് അവളെ കുലുക്കി വിളിച്ചു

ഒരു ഞെട്ടലോടെ അവൾ കണ്ണ് തുറന്നു ആനന്ദിനെ നോക്കി

എന്ത് പറ്റിയെടോ തനിക്ക്…. പേടിച്ചോ ആനന്ദ് അവളുടെ മുടിയിൽ തലോടി

അത് പിന്നെ….ഞാൻ … എനിക്ക്…. മറുപടി പറയാനാവാതെ വിദ്യ വിക്കി

കുഴപ്പമില്ല…. എനിക്ക് മനസിലാവും… താൻ ഉറങ്ങിക്കോ

വിദ്യയെ സമാധാനിപ്പിച്ചു കൊണ്ട് ആനന്ദ് കിടക്കയുടെ ഒരു സൈഡിലേക്ക് ഒതുങ്ങി കിടന്നു

ആദ്യരാത്രിയല്ലേ…ആദ്യമായി ഒരു പുരുഷസ്പർശം ഏറ്റതിന്റെ പേടിയും വീട് വിട്ട് നിന്നതിന്റെ ടെൻഷനും കൊണ്ടായിരിക്കും….. ആനന്ദ് ഓരോന്നും ചിന്തിച്ചു കണ്ണടച്ചു

ഏറെ നാളത്തെ ഒരുപാട് പെണ്ണുകാണലുകൾക്കു ശേഷമാണ് വിദ്യയുമായുള്ള ആനന്ദിന്റെ വിവാഹം ഉറപ്പിക്കുന്നത്…

രണ്ട് പേർക്കും പരസ്പരം ഒരുപാട് ഇഷ്ടപ്പെടുകയും ജാതകങ്ങൾ തമ്മിൽ പത്തിൽ എട്ടു പൊരുത്തവും ഉണ്ടായിരുന്നു…നാട് ഇതുവരെ രീതിയിൽ ഇന്ന് ആർഭാടത്തോടെ വിവാഹവും കഴിഞ്ഞു..

രാവിലെ ആനന്ദ് കുളി കഴിഞ്ഞു ഇറങ്ങുമ്പോഴും വിദ്യ ഉറങ്ങുകയായിരുന്നു… അവൻ പതിയെ ഉറങ്ങുന്ന വിദ്യയുടെ കവിളിൽ തഴുകി ….

ഉറങ്ങുമ്പോൾ പോലും ഈ പെണ്ണിനെന്തൊരു ചന്തമാണ്‌..അവൻ കുനിഞ്ഞു അവളുടെ തുടുത്തകവിളിൽ ചെറുതായി ഉമ്മ വെച്ചു. അവന്റെ മുടിയിൽ നിന്നും മുഖത്തേക്ക് വെള്ളത്തുള്ളികൾ ഇറ്റു വീണപ്പോൾ വിദ്യ കണ്ണ് തുറന്നു

തനിക്ക് മുൻപിൽ നിൽക്കുന്ന ആനന്ദിനെ കണ്ട് അവൾ കിടക്കയിൽ നിന്നും തിടുക്കപെട്ടു എണീച്ചു

സോറി അനുവേട്ടാ….ഇന്നലെത്തെ ക്ഷീണം കാരണം ഞാൻ ഇച്ചിരി കൂടുതൽ ഉറങ്ങിപോയി… കണ്ണ് തിരുമി കൊണ്ട് വിദ്യ പറഞ്ഞു

സാരമില്ലെടോ… താൻ പോയി കുളിച്ചു എനിക്കൊരു ചായ കൊണ്ട് വാ

ഇപ്പൊ കൊണ്ടുവരാം… വിദ്യ ബാത്റൂമിലേക്ക് നടന്നു….

കുളിച്ചു ആനന്ദ് അവൾക്കായി വാങ്ങി വെച്ചിരുന്ന ഇളം മഞ്ഞ നിറമുള്ള നൈറ്റിയെടുത്തവൾ ധരിച്ചു…വിരൽ തുമ്പാൽ നീട്ടി കണ്ണെഴുതി സീമന്തരേഖയിൽ സിന്ദൂരവും തൊട്ട് അവൾ അടുക്കളയിലേക്ക് നടന്നു

ഹാ മോള് വന്നോ…..നാളെ മുതൽ ഇച്ചിരി നേരത്തെ എണീക്കണം കേട്ടോ…. ആനന്ദ് ജോലിക്ക് പോയി തുടങ്ങിയാൽ ഈ ഉറക്കമൊന്നും നടക്കില്ല…. അടുക്കളയിൽ നിന്ന് രാവിലെത്തേക്കുള്ള ദോശ ചുട്ടുകൊണ്ട് ആനന്ദിന്റെ അമ്മ പറഞ്ഞു

മറുപടിയായി വിദ്യ ചെറുതായൊന്നു പുഞ്ചിരിച്ചു

നീരസം തോന്നാൻ പറഞ്ഞതല്ലാട്ടോ മോളെ…. ഇനി മോള് വേണം അവന്റെ കാര്യങ്ങളൊക്കെ നോക്കാൻ…. ആവി പറക്കുന്ന ഒരു ചായകപ്പ് അവളുടെ കയ്യിൽ കൊടുത്തു കൊണ്ട് ആനന്ദിന്റെ അമ്മ പറഞ്ഞു

അവൾ പുഞ്ചിരിച്ചു ചായക്കപ്പുമായി മുറിയിലേക്ക് നടന്നു….അവൾ ചെല്ലുമ്പോൾ കയ്യിൽ എരിയുന്ന സിഗരറ്റുമായി ആനന്ദ് എന്തോ ചിന്തിച്ചിരിക്കുകയായിരുന്നു

അനുവേട്ടാ…. ദാ ചായ

വിദ്യയുടെ ശബ്ദം കേട്ടതും ആനന്ദ് കയ്യിലെ സിഗരറ്റ് കെടുത്തി പുറത്തേക്കെറിഞ്ഞു

മുംബൈയിൽ ആയിരുന്നപ്പോൾ കിട്ടിയ ഒരു ശീലമാണത്…. കൊറേ ശ്രമിച്ചിട്ടും ആ ശീലമങ്ങു മാറുന്നില്ല….ആനന്ദ് ചിരിയോടെ പറഞ്ഞു

പക്ഷെ എനിക്കിഷ്ട്ടല്ല ഇതിന്റെ മണം… വിദ്യ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു

എന്നാ ഇനി വലിക്കില്ല പോരെ….ആനന്ദ് ചിരിയോടെ ചായകപ്പ് ചുണ്ടോട് ചേർത്തു…

ജോലിയൊക്കെ ഒതുങ്ങിയിട്ട് വൈകുന്നേരം വീടും പരിസരവുമൊക്കെ കാണാൻ നമുക്ക് ഇറങ്ങാം കേട്ടോ….

ഉം… വിദ്യ മൂളി….

പകലൊക്കെ ഓരോ കാരണങ്ങളുണ്ടാക്കി ആനന്ദ് അടുക്കളയിൽ വിദ്യയെ ചുറ്റിപറ്റി നടന്നു….

വൈകുന്നേരം അവൻ അവളെയും കൊണ്ട് പുരയിടത്തിൽ നടക്കാൻ ഇറങ്ങി….. പച്ച പുതച്ചു കിടക്കുന്ന പാടവും തെങ്ങിൻതോപ്പുമൊക്കെ കണ്ട് അവർ തിരിച്ചെത്തുമ്പോൾ ഒരുപാട് വൈകിയിരുന്നു…

രാത്രി അത്താഴം കഴിഞ്ഞു മുറിയിൽ വിദ്യയുടെ വരവിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആനന്ദ്

വിദ്യ മുറിയിൽ വന്നതും അയാൾ വാതിൽ അടച്ചു അവളെ പുറകിലൂടെ കെട്ടിപിടിച്ചു…. കുതറി മാറിയ വിദ്യയെ ആനന്ദ് ബലമായി ബെഡിലേക്ക് പിടിച്ചു കിടത്തി…

മാറ്….എനിക്ക് പേടിയാവുന്നു… ആനന്ദിന്റെ കരുത്തുറ്റ കരങ്ങളിൽ കിടന്നു വിറച്ചു കൊണ്ട് വിദ്യ പറഞ്ഞു

അങ്ങനെയിപ്പോ വിടുന്നില്ല….ആനന്ദ് ആവേശത്തോടെ അവളുടെ വസ്ത്രങ്ങൾ ഊരിയെറിഞ്ഞു….

പേടിച്ചരണ്ട അവളുടെ കണ്ണുകൾ അവനെ കൂടുതൽ ആവേശഭരിതനാക്കി…. അവൻ ആർത്തിയോടെ അവളുടെ കഴുത്തിൽ ചുംബിച്ചതും വിദ്യ ശക്തിയായി ഒന്ന് വിറച്ചു….

അവളുടെ കണ്ണുകൾ പുറത്തേക്ക് തുറിച്ചുന്തി വന്നു…. അവളുടെ ചുണ്ടുകൾ ഒരു സൈഡിലേക്ക് കോച്ചിവലിഞ്ഞു…. ശ്വാസം കിട്ടാതെ അവൾ പിടയാൻ തുടങ്ങി…..

ആനന്ദ് പേടിച്ചരണ്ട് ചാടി എണീറ്റു…. അവൻ അവളെ കുലുക്കി വിളിച്ചു…. അവൻ പെട്ടന്ന് തന്നെ അവളുടെ വസ്ത്രങ്ങളൊക്കെ എടുത്തു അവളെ ഉടുപ്പിച്ചു കൊണ്ട് നേരെ താഴേക്ക് അമ്മയെ വിളിക്കാൻ ഓടി……

മോളെ….. ആനന്ദിന്റെ അമ്മ വിദ്യയെ തട്ടി വിളിച്ചു….

മോനെ വണ്ടിയെടുക്ക്…. നമുക്ക് ഹോസ്പിറ്റലിൽ പോവാം…. അവർ പേടിച്ചു പറഞ്ഞു

കാറിന്റെ പിൻസീറ്റിലേക്ക് വിദ്യയെ എടുത്തു കിടത്തി ആനന്ദിന്റെ കാർ ഹോസ്പിറ്റലിലേക്ക് പാഞ്ഞു …

ലുക്ക്‌ മിസ്റ്റർ ആനന്ദ്….ഇന്നത്തെ കാലത്ത് വേണ്ടത്ര ലൈംഗീകവിദ്യാഭ്യാസം ലഭിക്കാതെയാണ് പലരും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്…..

ലൈംഗീകവിദ്യാഭ്യാസം എന്ന് ഞാൻ പറഞ്ഞത് അശ്ലീലപുസ്തകങ്ങൾ വായിക്കണമെന്നോ അത്തരം വീഡിയോകൾ കാണണമെന്നോ അല്ലെങ്കി അതിന് വേണ്ടി ആരെയെങ്കിലും സമീപിക്കണമെന്നോ അല്ല….

പുരുഷമാർ തങ്ങൾ ഇത്രയും നാൾ കണ്ടതും കേട്ടതുമായ പലതും നടപ്പാക്കാനുള്ള ഒരു അവസരമായി പലപ്പോഴും ആദ്യരാത്രിയെ കാണാറുണ്ട്..

പക്ഷെ സ്ത്രീകളെ സംബന്ധിചിടത്തോളം ആദ്യരാത്രി എന്ന് പറയുന്നത് കൗതുകവും അതിനേക്കാൾ ഭയവും നിറഞ്ഞതായിരിക്കും….

അതിനെ മയത്തിൽ കൈകാര്യം ചെയ്യാനാണ് നിങ്ങൾ ശ്രമിക്കേണ്ടത്….. അത്തരത്തിൽ ഉണ്ടായ ഭയം കൊണ്ടാണ് വിദ്യക്ക് ഇന്നലെ അങ്ങനെയെല്ലാം സംഭവിച്ചത്….

ഇവിടെയാണ് താൻ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടത്…. സ്നേഹവും ശ്രദ്ധയും കൊടുത്തു താൻ വേണം ഈ അവസ്ഥയെ മറികടക്കാൻ…. കേട്ടോ… തന്റെ മുൻപിൽ ടെൻഷനോടെ ഇരിക്കുന്ന ആനന്ദിനോട് ഡോക്ടർ സീത സൗമ്യതയോടെ പറഞ്ഞു

എന്തായാലും ഇന്നും കൂടി വിദ്യ ഇവിടെ കിടക്കട്ടെ…. നാളെ ഡിസ്ചാർജ് ചെയ്യാം

ശരി ഡോക്ടർ…. ആനന്ദ് ഡോർ തുറന്നു പുറത്തിറങ്ങി വാർഡിലേക്ക് നടന്നു

അവിടെ ചെല്ലുമ്പോൾ വിദ്യയുടെ അമ്മ വിദ്യക്ക് കഞ്ഞി വാരി കൊടുക്കുകയായിരുന്നു…. അവനെ കണ്ടതും വിദ്യയുടെ കണ്ണ് നിറഞ്ഞു…. ആനന്ദ് അവളുടെ അരികിലിരുന്നു അവളുടെ കണ്ണ് തുടച്ചു

അവർക്കിടയിൽ ഒരു തടസ്സമാവാതെ വിദ്യയുടെ അമ്മ എണീച്ചു പുറത്തേക്ക് നടന്നു

അനുവേട്ടന് എന്നോട് ദേഷ്യമാണോ… കണ്ണീരോടെ വിദ്യ ആനന്ദിനോട് ചോദിച്ചു

എന്തിന്…. എനിക്കൊരു ദേഷ്യവുമില്ലട്ടോ…. ഇതൊക്കെ സാധാരണ സംഭവിക്കുന്നതല്ലേ…. പോട്ടെ…. എല്ലാം ശരിയാവും…. ആനന്ദ് അവളെ തന്റെ മാറിലേക്ക് ചായ്ച്ചു…..

അറിയാതെ അവന്റെ കണ്ണുകളും നിറഞ്ഞു…. വിദ്യയെ മാറിൽ നിന്നും അടർത്തി മാറ്റി ആനന്ദ് പുറത്തേയ്ക്ക് നടന്നു

മോനെ അനു…..പുറത്ത് ചാരു കസേരയിൽ കണ്ണടച്ചിരുന്ന ആനന്ദിന്റെ തോളത്തു വിദ്യയുടെ അമ്മ തട്ടി വിളിച്ചു…..

എന്താ അമ്മേ… അവൻ വിയർത്ത മുഖം കർച്ചീഫിൽ തുടച്ചു കൊണ്ട് ചോദിച്ചു

അറിഞ്ഞു കൊണ്ട് തന്നെ എന്റെ മോളുടെ ഭാവിയെ കരുതി ഞങ്ങൾക്ക് മോനോട് ഒരു കാര്യം മറച്ചു വയ്‌ക്കേണ്ടി വന്നു….. പക്ഷെ ഇങ്ങനെ ഒരു അവസ്ഥയിൽ പറഞ്ഞില്ലെങ്കിൽ അത് ശരിയാവില്ലെന്നു തോന്നി…..

എന്താണെങ്കിലും അമ്മ പറ…. ആനന്ദ് ടെൻഷനോടെ പറഞ്ഞു

വിദ്യയുടെ അമ്മ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് തുടർന്നു

പണ്ട് വിദ്യയുടെ അച്ഛന് പാല ക്കാ ട്‌ ജോലി ഉണ്ടായിരുന്ന സമയത്ത് ഞങ്ങൾ അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്…. അന്ന് വിദ്യക്ക് 12വയസുണ്ടായിരുന്നു..

വീട്ടുടമസ്ഥൻ എന്ന അധികാരത്തിലും അച്ഛന്റെ കൂട്ടുകാരൻ എന്ന ബന്ധത്തിലും അയാൾ ഞങ്ങളുടെ വീട്ടിൽ കൂടെ കൂടെ വരുമായിരുന്നു…. വിദ്യയുടെ അതേ പ്രായത്തിൽ അയാൾക്കും ഒരു മോളുണ്ടായിരുന്നു……

അത്കൊണ്ട് തന്നെ വിദ്യയും കളിക്കാനും മറ്റുമായി അവരുടെ വീട്ടിൽ പോവാറുണ്ടായിരുന്നു….. ഒരിക്കൽ കളിയ്ക്കാൻ പോയ വിദ്യയെ ഉച്ചക്ക് ആഹാരം കഴിക്കാൻ വിളിക്കാൻ അവരുടെ വീട്ടിൽ ചെന്ന ഞാൻ കാണുന്നത്….

ബോധം മറഞ്ഞു കിടക്കുന്ന എന്റെ കുഞ്ഞിനെ ആ ദുഷ്ടൻ……ബാക്കി പൂർത്തിയാക്കാൻ കഴിയാതെ വിദ്യയുടെ അമ്മ മുഖം പൊത്തി കരഞ്ഞു

അമ്മേ…. ആൾക്കാർ ശ്രദ്ധിക്കുന്നു…. ആനന്ദ് ചുറ്റും നോക്കി കൊണ്ട് അവരോട് പറഞ്ഞു…..

അവർ പെട്ടന്ന് മുഖം തുടച്ചു

അന്ന് ചോരയിൽ കുളിച്ചു കിടന്ന എന്റെ കുഞ്ഞിനെ ഒരുപാട് നാളത്തെ പ്രാർത്ഥനകൾക്കും ചികത്സയ്ക്കും ശേഷമാണു തിരിച്ചു കിട്ടിയത്….. പക്ഷെ കുഞ്ഞിനാളിൽ തന്നെ അവളുടെ ശരീരത്തിനുണ്ടായ കളങ്കം അവളുടെ മനസ്സിൽ വലിയ മുറിവ് ഉണ്ടാക്കി…..

ആരോടും മിണ്ടാതെ ഒരു മുറിയിൽ അടച്ചിരിപ്പായി….നേരത്തിനു ആഹാരം പോലും കഴിക്കാതെയായി… ആകെ സമനില തെറ്റിയ അവസ്ഥ…. ഉറക്കത്തിൽ കിടന്നു പിച്ചും പെയ്യും പറയലും അലറി കരച്ചിലും ഒക്കെയായി ദിവസങ്ങൾ കടന്നു പോയി

പിന്നെ ഞങ്ങൾ ഇങ്ങോട്ട് താമസം മാറി…. പുതിയ ജീവിതസാഹചര്യങ്ങളും കൂട്ടുകാരും അവളുടെ അവസ്ഥയെ ഒരുപാട് മാറ്റി….

അവൾ പഴയതൊക്കെ മറന്നു ഊർജസ്വലയായി പഠിച്ചു…. ഇത്രയൊക്കെ വരെ എത്തി….. അവളുടെ രോഗം പൂർണമായും മാറിയെന്നുള്ള വിശ്വാസത്തിൽ ആണ് ഈ കല്യാണം ഞങ്ങൾ നടത്തിയത്….. പക്ഷെ…….

എല്ലാം കേട്ട് പ്രതിമ കണക്കെ ഇരിക്കുകയായിരുന്നു ആനന്ദ്….. അയാൾ ഒന്നും മിണ്ടാതെ അകത്തേക്ക് കേറിപോയി….

വിദ്യയെ ഡിസ്ചാർജ് ചെയ്യ്തു വീട്ടിലേക്ക് കൊണ്ട് വന്നു….അന്ന് രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്ന ആനന്ദിന്റെ കാലിൽ പിടിച്ചു വിദ്യ പൊട്ടികരഞ്ഞു

സോറി അനുവേട്ടാ….. എന്നെ വെറുക്കല്ലേ അനുവേട്ടാ….. വിദ്യ മുള ചീന്തും പോലെ കരഞ്ഞു കൊണ്ടിരുന്നു…

അതിന് വിദ്യ തെറ്റൊന്നും ചെയ്തില്ലല്ലോ ആനന്ദ് വിദ്യയെ അവന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു….

വിദ്യയുടെ അറിവില്ലാത്ത പ്രായത്തിൽ ഒരു ദുഷ്ടൻ നിന്റെ ദേഹത്തേക്ക് ഇച്ചിരി ചെളി വാരി എറിഞ്ഞു… അത്രേയുള്ളൂ…. നമ്മൾ നല്ലൊരു സോപ്പിട്ടു അതങ്ങു കഴുകി കളയും… അത്രേ ഉള്ളു ട്ടോ…. ആനന്ദ് സ്നേഹത്തോടെ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു

എന്നോട് ഒട്ടും വെറുപ്പില്ലേ… വിദ്യ കണ്ണീരോടെ അവനോട് ചോദിച്ചു…..

ഇല്ലടി കാന്താരി….വെറുപ്പില്ലെന്നു മാത്രല്ല…. സ്നേഹം മാത്രമേയുള്ളു…. ഒരുപാട് സ്നേഹം…….

എന്റെ പൊന്നുമോളിപ്പോ ഉറങ്ങിക്കോ…. നാളെ നമുക്ക് ഒരിടം പോവാനുള്ളതാ…

വിദ്യ…..താൻ എന്നോട് പറയുന്ന ഒരു കാര്യവും പുറത്ത് ആരും അറിയില്ല…. ചെറുപ്പത്തിൽ തനിക്കുണ്ടായ അവസ്ഥ തന്റെ മനസിനെ എത്രത്തോളം മുറിപ്പെടുത്തിയിട്ടുണ്ടാവുമെന്നു ഒരു മനോരോഗവിദഗ്ദ്ധനായ എനിക്ക് നന്നായിട്ട് അറിയാം….

താനൊരു മാനസികരോഗി ആണെന്നല്ല ഞാൻ ഉദ്ദേശിച്ചത്….പക്ഷെ കുറച്ചൊന്നു നേരെയാക്കാൻ ഉണ്ട്….. അത്രേയുള്ളൂ കേട്ടോ….. ഡോക്ടർ ജോൺ ആന്റണി വിദ്യയോട് സ്നേഹത്തോടെ പറഞ്ഞു

ആനന്ദിന്റെ സുഹൃത്തായ ആനിയുടെ ഭർത്താവാണ് ഡോക്ടർ ജോൺ ആന്റണി…..ഒരു നല്ല സുഹൃത്തിന്റെ ജീവിതം ആയത് കൊണ്ട് തന്നെ എല്ലാം അറിയുന്ന ആനിയുടെ നിർദ്ദേശപ്രകാരമാണ് വിദ്യയെ ആനന്ദ് ഡോക്ടറെ കാണിക്കുന്നത്

തനിക്ക് ആനന്ദിനെ പേടിയാണോ…

ജോൺ ആന്റണി വിദ്യയോട് ചോദിച്ചു

അല്ല…. വിദ്യ തലകുനിച്ചു കൊണ്ട് പറഞ്ഞു

അപ്പൊ അതിൽ സമാധാനിക്കാം…. ഇനി ബാക്കിയുള്ള പേടി…. അത് നമുക്ക് നിസാരമായി പരിഹരിക്കാം ട്ടോ…. ഡോക്ടർ ജോൺ വിദ്യയുടെ തോളത്തു മൃദുവായി തട്ടി കൊണ്ട് പുറത്തേക്ക് നടന്നു

പുറത്തു ആനന്ദ് കാത്തിരിക്കുന്നുണ്ടായിരുന്നു… ഡോക്ടറെ കണ്ടതും അയാൾ എഴുന്നേറ്റു…

തനിക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ വിദ്യയെ ഞാൻ വീട്ടിലേക്ക് കൊണ്ട് പോവുകയാണ്……

കുറച്ചു ശ്രദ്ധയും യോഗയും മരുന്നും പ്രാർത്ഥനയും ഒക്കെ അവളിൽ വലിയൊരു മാറ്റമുണ്ടാക്കുമെന്നു എനിക്ക് വിശ്വാസമുണ്ട്… പിന്നെ വീട്ടിൽ ആനിയും മോളും ഉണ്ടല്ലോ…. അവരുമായി ഒക്കെ ഇടപെടുമ്പോൾ അവള് മാറുമെടോ

കൊണ്ട് പോയിക്കോട്ടേ ഞാൻ…. ഡോക്ടർ ജോൺ അനുവാദത്തിനായി ആനന്ദിനെ നോക്കി

വേറെയൊന്നും ചിന്തിക്കാൻ ആനന്ദിന് ഇല്ലായിരുന്നു…. ഡോക്ടർ ജോണിൽ അയാൾക്ക് അത്രയും വിശ്വാസമുണ്ടായിരുന്നു…

ഒരു മാസത്തിനു ശേഷം….

ഹലോ ആനന്ദ്….

പറയൂ ഡോക്ടർ …

വിദ്യയുടെ ട്രീറ്റ്മെന്റ് നാളെ അവസാനിക്കുകയാണ്…..തന്റെ വീട്ടിൽ എല്ലാവർക്കും എല്ലാം അറിയാവുന്നതല്ലേ… കാത്തിരിപ്പ് ഒക്കെ അവസാനിപ്പിച്ചോളു…..നാളെ വന്നു വിദ്യയെ തിരികെ കൂട്ടിക്കോളൂ…. അത്രയും പറഞ്ഞു ഡോക്ടർ ജോൺ ഫോൺ വെച്ചു

രാത്രി എങ്ങനെയൊക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ആനന്ദിന് ഉറങ്ങാൻ സാധിച്ചില്ല

നേരം വെളുത്തപ്പോൾ അവൻ കുളിച്ചു അടുത്തുള്ള മഹാദേവ ക്ഷേത്രത്തിൽ പോയി തൊഴുതു….

എന്റെ മഹാദേവാ….ഈ നടയിൽ നിന്നാണ് അവളെ ഞാൻ താലി ചാർത്തിയത്….ഇപ്പൊ നീണ്ട ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം എന്റെ വിദ്യയെ ഞാൻ കാണാൻ പോവുകയാണ്….

പുതിയൊരു ജീവിതം തുടങ്ങാൻ പോവുകയാണ്…. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവണേ….. മനസ് നിറയെ ഭഗവാനെ തൊഴുതു വിദ്യയുടെ പേരിൽ ഒരു അർച്ചനയും കഴിപ്പിച്ചു അവൻ ഡോക്ടറുടെ വീട്ടിലേക്ക് പുറപ്പെട്ടു

വാ ആനന്ദ്…. ഡോക്റുടെ വീട്ടിൽ എത്തിയ ആനന്ദിനെ ആനി അകത്തേക്ക് വിളിച്ചു…. ആനി കൊടുത്ത ചായ കുടിക്കുമ്പോൾ അവന്റെ കണ്ണുകൾ വിദ്യയെ തിരഞ്ഞു

അത് മനസിലാക്കിയ ഡോക്ടർ വിദ്യയെ വിളിച്ചു

അകത്തു നിന്ന് വന്ന വിദ്യയെ വിസ്മയത്തോടെ ആനന്ദ് നോക്കി….. അവൾ ഒന്നുടെ സുന്ദരിയായിരിക്കുന്നു… കണ്ണുകളിൽ ഇതുവരെ കാണാത്ത ഒരു വെളിച്ചം കാണാം

ആനന്ദിനൊപ്പം കാറിലേക്ക് കേറാൻ നേരം വിദ്യയെ ആനി ചേർത്ത് പിടിച്ചു

ഭാഗ്യവതി ആടോ താൻ…. ആനന്ദിനെ പോലെയൊരു ഭർത്താവിനെ കിട്ടിയതിൽ തനിക്കെന്നും അഭിമാനിക്കാം.

All the best ആനന്ദ്…. നല്ലൊരു കുടുംബജീവിതം ഉണ്ടാവട്ടെ… take care

ഡോക്ടർ ജോൺ അവരെ യാത്രയാക്കി..

പുറത്ത് ഇടിയോടെ മഴ പെയ്യുന്നുണ്ടായിരുന്നു….. നല്ല തണുപ്പ് അല്ലേ…. ആനന്ദ് ചിരിയോടെ വിദ്യയോടെ ചോദിച്ചു …

വിദ്യ നാണിച്ചു തല കുനിച്ചു….

പെട്ടന്ന് ഓർക്കാപ്പുറത്തൊരു ഇടി വെട്ടി…. പേടിയോടെ വിദ്യ ആനന്ദിനെ കെട്ടിപിടിച്ചു….. ഈറൻ കാറ്റേറ്റ് തണുത്ത അവളെയും ചേർത്ത് പിടിച്ചു ആനന്ദ് കിടക്കയിലേക്ക് ചാഞ്ഞു…..

അവിടെയൊരു സന്തോഷം നിറഞ്ഞ പുതിയ ജീവിതം തുടങ്ങുകയായി………

നമ്മുടെ കുഞ്ഞുങ്ങൾ…അവർ ആണോ പെണ്ണോ ആയിക്കൊള്ളട്ടെ….

മാം സ ദാ ഹികളായ കാ മ വെ റിയ ന്മാരിൽ നിന്ന് അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.. ഒരു കുഞ്ഞിന്റെയും ഭാവി നശിക്കാതെയിരിക്കട്ടെ അവർ മിടുക്കരായി വളരട്ടെ …

Leave a Reply

Your email address will not be published. Required fields are marked *