(രചന: Athulya Sajin)
മാളൂ നീ പോയി വൈകുന്നേരത്തേക്കുള്ള ഇല മുറിച്ചു കൊണ്ടെന്നെ….ആ കുട്ടികളേം കൂട്ടിക്കോ…
അമ്മ കത്തി ഇങ്ങു തന്നേരെ ഞാൻ വേഗം പോയി വരാം…
കുറച്ചു കൂടുതൽ മുറിച്ചോ നാളെ ഇനി വിഷുവായിട്ട് ഇല വെട്ടാൻ നിക്കണ്ട… നിന്നെക്കൊണ്ട് ഒറ്റയ്ക്ക് ആവില്ല അവരും പോന്നോട്ടെ….
കേൾക്കേണ്ട താമസം കുട്ടിപ്പട്ടാളം ഒക്കെ വാലിൽ തൂങ്ങി.. അപ്പുറത്തെ കേശവേട്ടന്റെ പറമ്പിൽ നിന്ന് വേണം ഇല വെട്ടാൻ… നാക്കിലകൾ ഓരോന്നായി വെട്ടി ഓരോരുത്തരുടെ കയ്യിൽ കുറേശ്ശേ അടുക്കി വെച്ചു കൊടുത്തു….. എന്റെ രണ്ടു കുട്ടികളും അനിയത്തീടെ ഒരാളും മാമന്റെ മോന്റെ ഒരാളും ആണ് ഉള്ളത്…
അങ്ങനെ ഇല വെട്ടി ഞങ്ങൾ വീട്ടിലേക്ക് നടക്കുമ്പോളാണ് എതിരെ വരുന്ന കുട്ടിയെ കണ്ടത്… അവളെന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു… ഞാനും അപരിചിതത്വം കലർന്ന ഒരു പുഞ്ചിരി അവൾക്ക് നൽകി… എന്റെ ഓർമ്മകളിൽ ആ മുഖം ഞാൻ തിരയുകയായിരുന്നു…
ചിപ്പി മോളുടെ കവിളിൽ ഒന്നു തലോടി അവൾ കടന്നു പോയി… അവളും ഇല വെട്ടാൻ പോവുകയായിരുന്നു…
വീണ്ടും ആ മുഖത്തെ ഞാൻ തിരഞ്ഞു… ഉള്ളിലെ ഏതോ ഒരു കോണിൽ അവളുണ്ട് എന്ന് പിന്നെയും കണ്ടെത്തി .
അമ്മയും അമ്മുവും കൂടി നെയ്യപ്പം ഉണ്ടാക്കുന്ന പണിയിലാണ്… നെയ്യിലേക്ക് മാവൊഴിക്കുന്ന ഗന്ധം വഴിയിൽ നിന്നുതന്നെ കിട്ടി… ചിപ്പി അപ്പോളേക്കും അടുക്കളയിൽ എത്തിയിരുന്നു… അവിടുത്തെ അങ്കം കേട്ടപ്പോൾ തന്നെ കാര്യം ഊഹിച്ചു…
ഇച്ചും മേണം…
കുറച്ചു കഴിഞ്ഞു അമ്മമ്മേടെ മോക്ക് തരാവേ..
ഡീ ചേച്ചി..നിന്റെ അതേ കൊതി തന്നെയാ ഇവക്കും കിട്ടീരിക്കുന്നെ …. അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു….
എല്ലാ വർഷവും മുടങ്ങാതെ നടത്താറുള്ള ഈ വെച്ചു കൊടുക്കലിൽ പതിനാറു വർഷങ്ങൾക്കു മുൻപാണ് അച്ഛമ്മയുടെയും അച്ചാച്ചന്റെയും നടുവിലായി അച്ഛന് കൂടി ഒരിരുപ്പിടം ഉണ്ടായത്.. അന്ന് പതിവില്ലാതെ അമ്മയുടെ മുഖത്തു വിഷാദം കനത്തു നിന്നു ഇന്നുവരെ അതിന് മാറ്റമില്ല….
ഞങ്ങൾ കുട്ടികൾക്ക് അന്ന് ആഘോഷമാണ്… വിരുന്നു കാര് വരുമ്പോൾ മാത്രമുണ്ടാക്കുന്ന ഒരു വിഭവമായിരുന്ന അന്നെല്ലാം കോഴിക്കറി…അവര് കഴിച്ചു കഴിഞ്ഞാൽ പിന്നെ അധികമൊന്നും ബാക്കി കാണില്ല…
അങ്ങനെ പൂതി തീരുവോളം കഴിക്കാൻ കഴിയ ഇങ്ങനെ വെച്ചു കൊടുക്കുന്ന ദിവസങ്ങളിൽ ആണ്… വീട്ടിലുള്ള കോഴിയെ അമ്മ തന്നെയാണ് കൊല്ലുക…
ആദ്യം കോഴിയെ രാവിലെ കൂട് തുറക്കുമ്പോൾ തന്നെ പിടിച്ചു ഒരു കാലിൽ കയറുകൊണ്ട് കെട്ടിയിടും…
അന്ന് ഇഷ്ടം പോലെ തിന്നാനും കുടിക്കാനും കൊടുക്കും… വൈകുന്നേരമാണ് കൊല്ലുക…
അമ്മ കത്തിയെടുത്തു അമ്മിക്കല്ലിൽ ഉരച്ചു മൂർച്ച വരുത്തും… ആ ശബ്ദം കേൾക്കുമ്പോഴേ ഞാൻ അവിടെയെത്തും.. അമ്മുവാണേൽ ചെവി പൊത്തിപ്പിടിച്ചും കൊണ്ട് പിന്നാമ്പറാത്തേക്ക് ഓടുന്ന കാണാം..
പിന്നെ കോഴിയെ പിടിച്ചു കുറച്ചു വെള്ളം കൊടുക്കും… പിന്നെ അതിന്റെ കഴുത്തിനു പിടിച്ചു വെള്ളത്തിൽ മുക്കിയെടുത്തു കത്തി ചേർത്തു വെച്ച് ഒരൊറ്റ വരയൽ….
എന്നിട്ട് പുറകോട്ട് ഒരേറും… കഴിഞ്ഞു. യാതൊരു ഭാവവ്യത്യാസവുമില്ലാതെ അമ്മ അകത്തോട്ടു കയറിപ്പോകും… ഞാൻ കോഴി നിലത്തു കിടന്ന് പിടയുന്നത് നോക്കി നിൽക്കും… അതു കുഞ്ഞായിരുന്നപ്പോൾ മുതലുള്ള കാര്യങ്ങൾ തികട്ടി വരുന്നത് തടയാൻ മനപ്പൂർവം മനസ്സിനെ മറ്റു പലതിലേക്കും തിരിച്ചു വിടും..
എന്നിട്ട് രാത്രി നെയ്യപ്പത്തിന്റെ ശർക്കര മധുരത്തിലേക്ക് ഇഴുകിച്ചേരുന്ന ആ കൊതിയെ നാവിനടിയിൽ പൊട്ടുന്ന ഉറവകൊണ്ട് തല്ക്കാലം അടക്കി നിർത്തും…
അരിയും പൂവുമെറിഞ്ഞു വാതിലടക്കുമ്പോൾ ഞാൻ അമ്മയോട് ചോദിക്കുമായിരുന്നു അച്ഛൻ വരുമ്പോൾ ഞാനും കണ്ടോട്ടെ എന്ന്.. അപ്പോൾ അമ്മ കണ്ണു നിറച്ചുകൊണ്ട് പറയും… നമ്മളെ കണ്ടാൽ അവരു വരില്ല മോളെ…. അച്ഛൻ വിശന്നിരിക്കാവും… അച്ഛൻ കഴിച്ചില്ലേൽ മോൾക്ക് വിഷമാവില്ലേ….
മനസില്ലേലും അവിടെ നിന്നിറങ്ങും…. എന്നിട്ട് വാതിലിലെ ചെറിയ വിടവിലൂടെ അകത്തേക്ക് നോക്കും.. ഒന്നും കണ്ടില്ലേലും അച്ഛൻ വന്ന് കൊതിയോടെ എല്ലാം കഴിക്കുന്നത് മനസ്സിൽ കാണും……
അമ്മ എല്ലാവരുടെ കയ്യിലും ഒരിലച്ചീന്തു കൊടുത്തിട്ടുണ്ട്.. കുട്ടികളെല്ലാരും കൂടെ തുളസിയും തെച്ചിപ്പൂവും നുള്ളുന്ന തിരക്കിലാണ്…
ഞാൻ പുറത്തെ ഇറത്തിണ്ടിലിരുന്നും കൊണ്ട് അത് നോക്കിയിരുന്നു…
വഴിയിലെ പൂവിട്ടു നിൽക്കുന്ന കൊന്നമരത്തിനു ചുവട്ടിലൂടെ മഞ്ഞ പട്ടുപാവാടയിട്ട് ആ കുട്ടി നടന്നു വരുന്നുണ്ട്. അരയൊപ്പം നിൽക്കുന്ന മുടിയിൽ നിന്നും ഇറ്റുവീഴുന്ന വെള്ളം അവളുടെ പാവാട നനച്ചിരുന്നു..
നെറ്റിയിൽ നീട്ടിവരച്ച ഒരു ഭസ്മക്കുറി… കണ്മഷിയുടെ ഒരു നേർത്ത വരപോലും ആ കണ്ണുകളിലെ തിളക്കത്തെ എടുത്തുകാണിച്ചു…
വാഴയിലകൾ വേലിക്കു പുറത്തു വെച്ച് അവൾ പാവാട പൊക്കിപ്പിടിച്ചുകൊണ്ട് വീട്ടിലേക്ക് കയറിവന്നു…
എന്നെ നോക്കി ഒന്നു ചിരിച്ചു…
അമ്മായി ഇല്ലേ…??? അമ്മ പുറത്തേക്ക് ഇറങ്ങി വന്നു..
ആ ദേവൂട്ടിയോ… നിക്കേ ഇപ്പൊ വരാട്ടോ…
അമ്മ അകത്തു പോയി ഒരു കോഴിനേം കൊണ്ട് വന്നു… രണ്ടു കാലും കെട്ടിയിട്ടുണ്ട്… അവൾ അരയിൽ നിന്നും മടക്കി വെച്ച ഒരു സഞ്ചി എടുത്തു തുറന്ന് പിടിച്ചു… അമ്മ കോഴിയെ അതിലേക്ക് ഇട്ടു കൊടുത്തു… ചുരുട്ടിപ്പിടിച്ചിരുന്ന കുറച്ചു നോട്ടുകൾ എടുത്തു അമ്മക്ക് കൊടുത്തു..
വേണ്ട ന്നു പല വട്ടം പറഞ്ഞിട്ടും അവൾ നിർബന്ധിച്ചു അമ്മയുടെ കയ്യിൽ പിടിപ്പിച്ചു…
അമ്മായി.. പോയി വരാട്ടോ…
അവൾ വേലിക്കലേക്ക് നടന്നു…
പാവം കുട്ടി…. അമ്മ ഒരു നെടുവീർപ്പിട്ട് അകത്തേക്ക് കയറിപ്പോയി..
കൊന്നമരത്തിനു ചുവട്ടിലെത്തിയപ്പോൾ അവൾ നിശ്ചലയായി…
ഒന്ന് തിരിഞ്ഞു നോക്കി…
എന്തെ പൂവ് വേണോ… അവൾ ചോദിക്കുന്നതിനു മുന്നേ ഞാൻ ചോദിച്ചു… അവൾ ചിരിച്ചു കൊണ്ട് തലയാട്ടി…
വേണ്ടത് പറിച്ചോളൂട്ടോ… അവൾ ഏന്തി വലിഞ്ഞു കുറച്ചു പൂക്കൾ പറിച്ചു.. പോവാം നേരം ഒരു നിറഞ്ഞ ചിരി തന്ന് പോവാണ് ന്നു കണ്ണുകൊണ്ട് പറഞ്ഞു…
അവളുടെ കയ്യിലെ പൂക്കളുടെ സ്വർണ്ണനിറം ആ കവിളുകളിലേക്ക് പടർന്നു കയറുന്നത് ഞാൻ നോക്കി നിന്നു… അപ്പോളവൾക്ക് ആ പൂക്കളെക്കാൾ ഭംഗിയുണ്ടായിരുന്നു…
ഏതാമ്മേ ആ കുട്ടി…??
നിനക്ക് അറിയില്ലേ ദേവൂട്ടിയെ…?? നമ്മടെ ലക്ഷ്മിക്കുട്ടീടെ മോളാ അത്…
ലക്ഷ്മ്യേടത്തിടെ മോളാണോ അത്… ഒരു ഛായയും ഇല്ല്യാലോ…
അവളതിന് അവളുടെ ചെറിയമ്മേടെ പോലെയാ.. ഈ നാട്ടിലില്ല ഇത്രേം ഭംഗിള്ള ഒരു കുട്ടി.
എന്തു സ്നേഹ അതിന്.. എവിടുന്നു കണ്ടാലും വർത്താനം തീരില്ല അതിന്റെ…
എന്തു പറഞ്ഞിട്ടെന്താ വല്ലോരുടേം കനിവിലാ അതിന്റെ ജീവിതം നീങ്ങുന്നേ…
മനുക്കുട്ടൻ വേറെ എവിടെയോ നിന്നു പടിക്ക… കഴിഞ്ഞ വർഷം അതിന്റെ അച്ഛനും പോയി.
ഞാൻ പത്തിൽ പഠിക്കുമ്പോളാണ് ലക്ഷ്മി ഏടത്തി മരിക്കുന്നത് അന്ന് അവൾ ചെറിയ കുട്ടിയായിരുന്നു….
ചെറിയ കുട്ടികളെ എവിടെ കണ്ടാലും അവിടെ നിക്കും ഞങ്ങൾ… സ്കൂൾ വിട്ടു വരുമ്പോൾ ലക്ഷ്മി ഏടത്തിടെ വീട്ടിൽ കയറാതിരിക്കാൻ ഞങ്ങൾക്ക് ആവില്ലായിരുന്നു… അത്രക്ക് ഇഷ്ട്ടായിരുന്നു ദേവൂട്ടിയെ…. അന്നവൾക്ക് രണ്ടു തികഞ്ഞിട്ടില്ല…. അവളുടെ ഏട്ടൻ മനുക്കുട്ടന് നാല് വയസ്സും….
എടത്തിക്ക് ഒരുപാട് ആടുകൾ ഉണ്ടായിരുന്നു.. വീടിനു മുന്നിലെ വഴിയിലൂടെയാണ് അവയെ തീറ്റാൻ കൊണ്ടുപോവാ… ഒക്കത്തു ദേവൂട്ടിയെ വെച്ച് മനുനേം പിടിച്ചു വലിച്ചു വെയിലത്തു പോണത് കാണുമ്പോൾ സങ്കടം തോന്നും…
ദേവൂട്ടിയെ ഞങ്ങൾ പോയി എടുത്തു കൊണ്ടോരും.. മനുക്കുട്ടൻ അപ്പോഴും അമ്മേടെ കൈവിടാതെ നിൽക്കും…
അവള് നല്ല വെളുത്തിട്ടായിരുന്നു… എന്നാൽ മുഖത്തു എപ്പോളും എന്ധെലുമൊക്കെ അഴുക്ക് പിടിച്ചു കിടക്കും… ഞങ്ങൾ അവളെ കുളിപ്പിക്കും… പൊട്ടുകുത്തി മുടിയൊക്കെ മാടിക്കെട്ടി സുന്ദരിയാക്കും…
സ്കൂൾ വിട്ട് ചിലപ്പോൾ ഞങ്ങൾ ചെല്ലുമ്പോൾ ഏടത്തി പിന്നാമ്പുറത്തെ ചായിപ്പിൽ ഇരുന്ന് കുട്ടികൾക്ക് പാലു കൊടുക്കാവും.. ബ്ലൗസിന്റെ എല്ലാ കുടുക്കുകളുംഅഴിച്ചിട്ട് രണ്ടു ഭാഗത്തും രണ്ടുപേരെയും ഇരുത്തി രണ്ടു കൈകൊണ്ടും അവരെ പൊതിഞ്ഞു പിടിച്ചിരിക്കും..
ഇതിനു മാത്രം ഈ മാറിടങ്ങളിൽ പാലുണ്ടാവുമോ എന്ന് ഞാൻ പല തവണ ചിന്തിച്ചു പോയിട്ടുണ്ട്…… ഒരു നോക്കുകൊണ്ട് പോലും വേർതിരിക്കാതെ രണ്ടു പേരെയും ഒരുപോലെ ആ അമ്മ സ്നേഹിച്ചിരുന്നു…
വല്യ കുട്ട്യായിട്ടും അമ്മേടെ പാലു കുടിക്കണ മനുനെ ഞങ്ങൾ കണക്കിന് കളിയാക്കും. .. ഞങ്ങളെ വലിയ കാര്യായിരുന്നു എടത്തിക്ക്…
ഞങ്ങൾ ചെല്ലുമ്പോൾ ശർക്കര ഇട്ട് നനച്ച അവിലോ തേങ്ങ ചിരവിയിട്ടു പഞ്ചസാര ചേർത്ത അരിമണി വറുത്തതോ നെയ്യിൽ വഴറ്റിയ നേന്ത്രപ്പഴമോ ഉണ്ടാക്കി വെച്ചിട്ടുണ്ടാവും… ഞങ്ങൾക്ക് വേണ്ടി…
വീട്ടിലെത്താൻ വൈകിയാൽ അമ്മ നേരെ ഇവിടേക്ക് ആണ് തിരഞ്ഞു വരുന്നത്…
അവിടെ അവരെ കൂടാതെ രണ്ടു ഏട്ടന്മാര് കൂടിയുണ്ട്. ഒരാൾ പഠിക്കാണ് ഡിഗ്രിക്ക്… മറ്റെയാൾ എന്തോ പണിക്കു പോവുന്നു…. അച്ഛൻ നാട്ടിലെവിടെയോ ആണ് ഇടക്കെ ഇങ്ങോട്ട് വരവുള്ളു..
ലക്ഷ്മിയേടത്തിക്ക് ഇത്ര വലിയ കുട്ട്യോൾ ഉണ്ടോ…?? അമ്മയോട് ചോദിച്ചപ്പോൾ ആണ് ഏടത്തിടെ കഥ പറഞ്ഞു തന്നത്…. അവര് രണ്ടു പെൺകുട്ടികൾ ആയിരുന്നു…ലക്ഷ്മിയും സീതയും…
ലക്ഷ്മിയേടത്തി ഇരുനിരത്തിൽ മെലിഞ്ഞു കണ്ണുകളിൽ സദാ നിർവികാരതയുമായി… സീതേടത്തിയാണെങ്കിൽ ഒരു വെണ്ണക്കൽ ശില്പം പോലെ മനോഹരി…. എപ്പോളും ആ മുഖത്തു പുഞ്ചിരിയാണ്…മുട്ടറ്റം അഴിഞ്ഞുലഞ്ഞു കിടക്കുന്ന മുടിയായിരുന്നു അവർക്ക്…..
കല്യാണം വന്നപ്പോൾ ആർക്കും ചേച്ചിയെ വേണ്ട… അനിയത്തീടെ ജീവിതത്തിൽ ഒരു തടസ്സമാവരുത് എന്ന് കരുതി അവർ കല്യാണമേ വേണ്ടെന്നു വെച്ചു…. ഈ തീരുമാനതേക്കുറിച്ച് ചോദിക്കുന്നവരോടെല്ലാം അവർ മൗനം കൊണ്ട് പുഞ്ചിരിച്ചു…..
ഉള്ളിലെ അടങ്ങാത്ത നിലവിളികളെ തളച്ചിടാൻ ഒരു പെണ്ണിന് നിശബ്ദതയുടെ ഒരു നേർത്ത നൂല് മതിയാവും…..
അനിയത്തിയുടെ ഭർത്താവിന് ദൂരെ ജോലി… അവൾ പൂർണ്ണ ഗർഭിണിയും… ഉണ്ണിയെ പ്രസവിച്ചിട്ടത് അവളുടെ കയ്യിലേക്കായിരുന്നു… പ്രസവിക്കാതെ മുലയൂട്ടാതെ അവളും അമ്മയായി… അവൾ രണ്ടു പെറ്റിട്ടും ഏട്ടത്തിക്ക് മംഗല്യയോഗമുണ്ടായില്ല….
വർഷങ്ങൾ കടന്നു പോയി അനിയത്തിയുടെ മക്കളിൽ അവർ തന്റെ സന്ദോഷത്തിന്റെ ഒരു നുറുങ്ങു വെളിച്ചം കണ്ടെത്തി….
ഒരിക്കൽ കുളിക്കാൻ പോയ സീതേടത്തി ഒഴുക്കിൽ പെട്ടു..മൂന്നാംപക്കം ശവം മാറുകരയിലടിഞ്ഞു….
കുട്ടികളെ ലക്ഷ്മിയേടത്തി പോന്നു പോലെ നോക്കി.. അനിയത്തിയുടെ താലി അയാൾ അവൾക്കു വെച്ചു നീട്ടിയപ്പോളും എന്റെ സീതേടെ മരണം കൊണ്ട് കിട്ടിയ ഒന്നും എനിക്ക് വേണ്ട എന്ന് പറഞ്ഞു അവർ നിലവിളിച്ചു…
കുഞ്ഞുങ്ങളെ കൊണ്ടുപോവാണ് എന്നയാൾ പറഞ്ഞപ്പോൾ മാത്രം അവർ അയാൾക്ക് മുന്നിൽ ശിരസ്സ് കുനിച്ചു….
സീതയുടെ വെളുത്ത കയ്യിൽ ഇറുകിക്കിടന്നു ചുവന്ന പാടുകൾ തീർത്തിരുന്ന രണ്ടു പൊന്നിൻ വളകളും അയാൾ അവളുടെ കയ്യിലിട്ട് കൊടുത്തു… അത് അവളുടെ കറുത്ത കയ്യിനെ ഇഷ്ടമില്ലാത്ത പോലെ എപ്പോളും ഊർന്ന് വീണുകൊണ്ടിരുന്നു…. അവൾ അത് വിറ്റ് രണ്ട് ആടുകളെ വാങ്ങി വളർത്തി… അവ പെരുകി…
സീതയെപ്പോലെ ഒരിക്കലും അയാൾ അവളെ സ്നേഹിച്ചിരുന്നില്ല… അയാൾ സ്വയം മറന്നു പോകുന്ന ചില രാത്രികളിൽ മാത്രം അവൾ അയാൾക്ക് കീഴെ കിടന്നു പിടഞ്ഞു കണ്ണീർ വാർത്തു… ദേവൂട്ടിയെയും മനുവിനെയും അയാൾ സ്നേഹിച്ചു..
ജീവിതം എളുപ്പമാക്കുന്ന ഉപകരണങ്ങളോട് ആർക്കും കടപ്പാടോ സ്നേഹമോ ഉണ്ടാവില്ലല്ലോ… ആവശ്യത്തിന് മാത്രം ഉപകരിക്കുന്ന കാര്യം കഴിഞ്ഞാൽ ഉപേക്ഷിക്കുന്ന അവകൾക്ക് സേവിക്കാനെ കഴിവതുള്ളൂ സ്നേഹിക്കപ്പെടാൻ ഭാഗ്യമില്ല…
എന്നാലും അവൾ അയാളെ സ്നേഹിച്ചു… ഏതൊരു ഭാര്യയെയും പോലെ അയാൾ വരുന്ന ദിനങ്ങളെണ്ണി കാത്തിരുന്നു….
തിരിച്ചു ഒന്നും കിട്ടിയില്ലേലും ആ ജീവിതം അവൾ ഇഷ്ടപ്പെട്ടിരുന്നു… അവർക്കു ചുറ്റുമുള്ളവർക്ക് വേണ്ടി അവളും ജീവിച്ചു… എല്ലാവരെയും സ്നേഹിച്ചു…
ഒരു ദിവസം രാവിലെ തന്നെയാണ് അമ്മ അത് പറഞ്ഞത്… ലക്ഷ്മിയേടത്തി മരിച്ചു പോയിന്നു… അറ്റാക്ക് ആയിരുന്നു…
പെണ്ണുങ്ങൾക്കും അറ്റാക്ക് ഇണ്ടാവോ.. ആദ്യം തന്നെ അതാണ് ഓർത്തത്…
കയ്യ് പതിയെ നെഞ്ചിൽ ചേർത്തു വെച്ചു… ഒരു ചെറിയ നീറ്റൽ അവിടെ ഉടലെടുത്തു.. ലക്ഷ്മിയേടത്തിടെ മുഖമൊർത്തപ്പോൾ ഒരു കണ്ണീർച്ചാല് പുറപ്പെട്ടു തുടങ്ങിയിരുന്നു ഇടനെഞ്ചിനെ കീറിമുറിച്ചുകൊണ്ട് അത് ഒരു തേങ്ങലായി പുറത്തേക്കു വന്നു….
അന്ന് സ്കൂളിൽ പോയില്ല അവിടേക്കും പോയില്ല… പേടി ആയിരുന്നു… അന്ന് മുഴുവനും നാവിൽ നെയ്യിൽ വഴറ്റിയ പഴത്തിന്റെ തേന്മധുരം നിറഞ്ഞു നിന്നു… കണ്ണുകളിൽ പെയ്യാതെ ഒരിറ്റു കണ്ണുനീരും…..
അവിടെ നിന്നും വന്ന അമ്മ കാര്യങ്ങൾ പറഞ്ഞത്
ഇന്നലെ രാത്രി ആ മൂത്ത മോനുമായിട്ട് എന്ധോക്കെയോ പ്രശ്നം ഉണ്ടായിരുന്നു…
അവന്റെ കല്യാണം തീരുമാനിച്ചു വെച്ചിരുന്നു… കല്യാണചെലവിന് ആടുകളെ വിൽക്കാൻ പറഞ്ഞു അവൻ…
അവള് സമ്മതിക്കോ… അവളും കുട്ട്യോളും കഴിയണത് അതുകൊണ്ടല്ലേ…
ഇന്റെ അമ്മേന്റെ ആകേണ്ടായിരുന്ന ഉരുപ്പടികൊണ്ട് ഉണ്ടാക്കിയതല്ലേ ഇതൊക്കെ.. നിക്കും അതില് അവകാശണ്ട്….!! തള്ളേം മക്കളും കൂടെ ഇത്രേം കാലം ഒറ്റയ്ക്ക് അനുഭവിച്ചില്ലേ എല്ലാം… ഇനിയത് നടക്കില്ല ന്ന് അവനും….
മോനെ നിങ്ങക്ക് കൂടെ വേണ്ടിയല്ലേ അമ്മ…..
വേണ്ട… എല്ലാം മതിയായി… അതും പറഞ്ഞു അവൻ ഇറങ്ങുപ്പോയി…
മക്കളെ ചേർത്തുപിടിച്ചു കരഞ്ഞു എപ്പളാണാവോ ഉറങ്ങീത്…?
പിറ്റേന്ന് രാവിലെ എണീറ്റില്ല… രണ്ടു മക്കളേം ഇരുവശത്തും കിടത്തി എന്നന്നേക്കുമായാണ് കണ്ണടക്കുന്നത് ന്നു പാവം വിചാരിച്ചിരിക്കില്ല…
സൈലന്റ് അറ്റാക്ക് ന്ന അവിടെ കൂടിയവരൊക്കെ പറഞ്ഞത്…
മരണത്തെ പോലും നിശബ്ദമായാണ് ഏടത്തി കൂട്ടുപിടിച്ചത്….
ആ ചെക്കന്മാർക്ക് വേണ്ടിയാണ് അവള് അവളുടെ നല്ല കാലം കളഞ്ഞത്…ഈ പ്രായത്തിലു രണ്ടു പിഞ്ചു മക്കളും ആയി… ഇനി അതുങ്ങളെ ആര് നോക്കും…?? വല്ലാത്തൊരു വിധി….
കണ്ടു നിക്കാൻ കഴിയില്ല ആ കുട്ടികളുടെ കരച്ചിൽ… അവളെ കെട്ടിപ്പിടിച്ചു കരയാണ് ഇരുഭാഗത്തും കിടന്ന്….. ഇനി ഒരിക്കലും അങ്ങനെ….. ഇല്ല…. ല്ലോ….
അമ്മ കണ്ണുതുടച്ചുകൊണ്ട് അകത്തേക്ക് നടന്നു…
ചില ജീവിതങ്ങൾ മനസ്സിലാക്കാനേ കഴിയില്ല… ആരുമല്ലെങ്കിലും ഒരിക്കലും സ്വന്തം പോലെയാവില്ലെന്ന് അറിയാമെങ്കിലും ആർക്കൊക്കെയോ വേണ്ടി ജീവിക്കും അതിനിടയിൽ സ്വയം ജീവിക്കാൻ മറന്നുപോകും… അവസാനം അവർക്കു വേണ്ടി തന്നെ വളരെ നിസാരമായി മരിച്ചു പോവും… …..
ആ ദിവസത്തെ പോലെത്തന്നെ ലക്ഷ്മിയേടത്തിയെ ഓർക്കുന്ന ഓരോ പ്രാവിശ്യവും ഉള്ളിലെ കുഞ്ഞു മുറിവിൽ നിന്ന് ഒരു തുള്ളി രക്തമിറ്റും….
കുട്ടികൾ കുളിച്ചു അമ്മയുടെ കൂടെ അകത്തേക്ക് പോവുന്നുണ്ട്.. ഞാനും പോയി വേഗം കുളിച്ചു വന്നു… അപ്പോഴേക്കും എല്ലാം ഒരുക്കിയിരുന്നു…
മുറിയിൽ മൂന്നു മരപ്പലകകൾ നിരത്തി വെച്ച് ഓരോന്നിനു മുന്നിലും ഓരോ നാക്കിലയിട്ട് ചോറ് വിളമ്പി… ഇലയുടെ ഒരു ഭാഗത്തു നെയ്യപ്പവും മറുഭാഗത്തു കറിയൊഴിച്ചു.. കിണ്ണത്തിൽ വെള്ളവും വെച്ചു…
ഒരു ഭാഗത്തായി നിലവിളക്കു കത്തിച്ചു വെച്ചു… ഓരോരുത്തരായി വന്ന് ഇലച്ചീന്തിൽ നിന്ന് അരിയും പൂവും പ്രാർത്ഥിച്ചുകൊണ്ടെറിഞ്ഞു…
പുറത്തിറങ്ങി വാതിലടച്ചു… അവരു വന്നു മാമുണ്ട് പോയിട്ട് അമ്മമ്മ മക്കൾക്ക് തരാട്ടോ… അമ്മ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു…
ഞാൻ അപ്പോളും വാതിൽ വിടവിലൂടെ അമ്മയെ ഒരു നോക്ക് കാണാൻ അക്ഷമയോടെ എത്തിനോക്കുന്ന ഒരു പാട്ടുപാവാടകാരിയെ സങ്കൽപ്പിക്കുകയായിരുന്നു…. അപ്പോൾ കൊന്നപ്പൂക്കളുടെ സ്വർണനിറം മങ്ങി അവളുടെ മുഖത്തു നിരാശയുടെ ഒരു നിഴൽ ചിതറിവീണു കിടന്നു………