(രചന: Rivin Lal)
കാറിന്റെ വേഗത കുറഞ്ഞപ്പോൾ ഞാൻ അവനോടു പറഞ്ഞു.. ഒന്ന് വേഗം ഓടിക്കടാ.. ഇനി എപ്പോൾ എത്താനാ.?? അവൾ കാത്തിരുന്നു മുഷിഞ്ഞു കാണും.
അവൻ എന്നെ നിസ്സാഹായനായി ഒന്ന് നോക്കുക മാത്രം ചെയ്തു. കാർ വേഗത്തിൽ പാഞ്ഞു.. അല്പം ഓടി കഴിഞ്ഞപ്പോൾ സ്ഥലം എത്തി.. അവൻ വണ്ടി നിർത്തേണ്ട താമസം ഞാൻ മെല്ലെ പുറത്തു ഇറങ്ങി. ഡോർ അടക്കുമ്പോൾ അവനോടായി പറഞ്ഞു.. നീ ഇവിടെ തന്നെ ഇരുന്നോ..
ഞാൻ പോയി കണ്ടിട്ടു വരാം. അവൾക്കു കൊടുക്കാൻ ആയി കൊണ്ട് വന്നത് ഞാൻ കൈ കൊണ്ട് പിന്നിൽ ഒളിപ്പിച്ചു വച്ചു.. എന്നിട്ടു അവളുടെ അടുത്തേക്കായി നടന്നു. എന്നെ കാത്തിരിക്കാവും.. പാവം…
ഞാൻ അവളുടെ അടുത്ത് പോയി ഇരുന്നു…
ആദ്യം കുറച്ചു നിമിഷം അവളുടെ അടുത്തേക്കു തന്നെ നോക്കി നിന്നു.. എന്റെ എല്ലാമെല്ലമായ അമ്മു..
കണ്ടിട്ടു ഇപ്പോൾ ഒരു വർഷത്തോളം ആയി.. കഴിഞ്ഞ അഞ്ചു വർഷമായി ഞങ്ങൾ ഇവിടെ വെച്ച് മുടങ്ങാതെ കാണാറുണ്ട്.. അത് ഈ വർഷവും തെറ്റിച്ചില്ല..
എന്നാലും എത്ര കാലം കൂടി ഇങ്ങിനെ.. അറിയില്ല… എന്റെ മനസു ഓരോന്ന് ഓർത്തു തുടങ്ങി… അവളൊരു ഭയങ്കര പിടി വാശികാരിയാണ്.. അത് കൊണ്ട് തന്നെ എന്ത് പ്രശ്നം ഉണ്ടായാലും ഞാൻ തന്നെ മുൻ കൈഎടുത്തു എല്ലാം സോൾവ് ചെയ്യണം.
എന്നാലും സ്നേഹിക്കുന്നവരുടെ മുന്നിൽ നമ്മൾ എപ്പോളും താഴ്ന്നു കൊടുത്താലും അതൊരു പ്രശ്നം അല്ലല്ലോ.. ഇഷ്ട കൂടുതൽ കൊണ്ടല്ലേ. എന്റെ രൂപത്തിലെയും സംസാരത്തിലെയും മാറ്റം അവൾ ശ്രദിച്ചു കാണുമായിരിക്കും. കല്യാണ കാര്യം പറഞ്ഞു എപ്പോളും ഞങ്ങൾ അടി ആയിരുന്നു.
ഞാൻ പിടി വാശികാരിയാ.. സഹിക്കാൻ പറ്റൂലെങ്കിൽ ഏട്ടൻ വേറെ നല്ല കുട്ടിയെ കല്യാണം കഴിച്ചോളൂ എന്നായിരുന്നു അവൾ പണ്ടൊക്കെ പറയാറ്. അവളെ ദേഷ്യം പിടിപ്പിക്കാൻ ആയിട്ടു ഞാൻ ഓരോന്ന് പറയുകയും ചെയ്യും.
അവളുടെ ആ കുശുമ്പും കുട്ടികളിയും ഒക്കെ ഓർത്തപ്പോൾ മനസ്സിൽ ഞാൻ അറിയാതെ ഒന്ന് പുഞ്ചിരിച്ചു.
ഇത്തവണ ഞാൻ കാണാൻ വരുമ്പോളും അവൾ എന്റെ ഭാവി വധുവിനെ കുറിച്ചു ചിന്ധിച്ചു കാണണം. അവളെക്കാൾ കൂടുതൽ മറ്റൊരു പെൺകുട്ടിയും എന്നെ സ്നേഹിക്കില്ല എന്ന് അവൾ ഇടക്കിടെ പറയാറുണ്ടായിരുന്നു. ഞാൻ കെട്ടുന്നവൾ ഒരു ഭാഗ്യവതി ആണ് എന്നൊക്കെയാണ് അവളുടെ ചിന്തകൾ.
പഴയ കാര്യങ്ങൾ ഓർത്തു എന്റെ ചിന്തകൾ കാട് കയറാൻ തുടങ്ങി. എന്നാലും കഴിഞ്ഞ ഒരു വർഷം കൂടി ഞാൻ എങ്ങിനെ ആണ് കഴിഞ്ഞതെന്ന് അവൾ ഒന്ന് ഓർത്തില്ലല്ലോ. എല്ലാ പരാതിയും ഇന്നത്തോടെ പറഞ്ഞു തീർക്കണം. ഇനി ഒരു പരിഭവം പാടില്ല.
ഞാൻ തന്നെ ആദ്യം സംസാരിച്ചു തുടങ്ങി.. അമ്മൂ.. നിനക്ക് പിണക്കം ആണെന്നറിയാം.. പക്ഷെ എന്ത് ചെയ്യാനാ..
എപ്പോളും ഞാൻ തന്നെ അല്ലെ നിന്നെ കാണാൻ ഇതേ സ്ഥലത്തു ആദ്യം വരാറുള്ളത്. എന്റെ എല്ലാ കാര്യങ്ങളും നിനക്ക് അറിയുന്നതല്ലേ.. ഞാൻ ആയിട്ടു ഓരോന്ന് എടുത്തു പറയണോ.??? എന്റെ എല്ലാ തിരക്കുകളും മാറ്റി വെച്ചു നിന്നെ കാണാൻ മാത്രം ആണ് ഞാൻ ഇന്ന് വന്നത്.
ഇന്നത്തെ ദിവസം നിനക്ക് വേണ്ടി മാത്രം ഉള്ളതാണ്. അത് നിനക്കറിയില്ലേ..?? നിന്റെ ശബ്ദം കേൾക്കാതെ എനിക്കി പറ്റണില്ല.. ഭ്രാന്തു പിടിക്കാറുണ്ട് ചിലപ്പോൾ. നിന്റെ ഈ നിശബ്തത ആണ് എന്നെ ഓരോ ദിവസവും ഇഞ്ചിഞ്ചായി കൊല്ലുന്നത്.
പണ്ടേ നീ അങ്ങിനെ ആണല്ലോ.. പിണക്കം വന്നാൽ പിന്നെ ഭൂമി കുലുങ്ങിയാലും വായ തുറക്കില്ല.. കൊച്ചു കുട്ടികളെ പോലെ വാശി അല്ലെ മിണ്ടൂല എന്ന്… അവൾ എല്ലാം കേട്ടു… പക്ഷെ മറുപടി ഒന്നും പറഞ്ഞില്ല.
ഞാൻ വീണ്ടും പഴയ കാര്യങ്ങൾ ഓരോന്നായി എടുത്തിട്ടു.. നിനക്ക് ഇഷ്ടമുള്ള ഒരു സംഭവം ഓർക്കുന്നുണ്ടോ.. അന്ന് നീ കുറെ ചിരിച്ചു.. ഒരിക്കൽ സ്കൂട്ടർ ഓടിക്കാൻ പഠിക്കുമ്പോൾ വീണപ്പോൾ.. നമ്മൾ അത് പറഞ്ഞു അന്ന് കുറെ ചിരിച്ചിരുന്നു.. ഓർക്കുന്നില്ലേ നീ.. അപ്പോളും അവൾ ഒന്നും മിണ്ടിയില്ല.
അതും ഏറ്റില്ല.. തമാശ പറഞ്ഞു ചിരിപ്പിക്കാൻ നോകീട്ടും അവൾ ഒരു തരി പോലും ചിരികുന്നില്ല..!!
പിന്നെ അവൾക്ക് ദേഷ്യമുള്ള കാര്യങ്ങൾ ഞാൻ പറയാൻ തുടങ്ങി. ഇന്ന് ഞാൻ വരുന്ന വഴിക്കു ഒരു പെൺകുട്ടിയെ പരിചപ്പെട്ടു കേട്ടോ.. ഒരു സുന്ദരി മോൾ.. കേൾക്കുന്നുണ്ടോ നീ.
പ്രതീക്ഷിച്ച പോലെ ഒരു പൊട്ടി തെറിയോ ചീത്ത വിളിയോ ഒന്നും അവളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. അവൾ അതിനും മൗനം ആയിരുന്നു മറുപടി.
നീ ആകെ മാറി അമ്മു.. നമ്മുടെ പഴയ കാര്യങ്ങൾ പറഞ്ഞിട്ടൊന്നും നീ ചിരികുകയോ കരയുകയോ ദേഷ്യപെടുകയോ ചെയുന്നില്ല ഇപ്പോൾ. എല്ലാം മറന്നു തുടങ്ങിയോ. കാലം എല്ലാം മായ്ച്ചു തുടങ്ങിയോ അമ്മൂ..??? ഇല്ല.. നമ്മുടെ ബന്ധം ഒന്നിനും മായ്ക്കാൻ കഴിയില്ല..
മഴ ചാറുന്നു.. അവൾ നനഞു തുടങ്ങി. ഞാനും. മഴ ശക്തി കൂടുന്നു. പക്ഷെ നനയാതിരിക്കാൻ അവൾ എങ്ങോട്ടും ഓടിയില്ല..
പണ്ടൊക്കെ മഴ പെയുമ്പോളേക്കും നീ എനിക്ക് കുട ചൂടി തരുമായിരുന്നു.. ചുരിദാറിന്റെ ഷാൾ കൊണ്ട് എന്റെ തല തുവർത്തി തരുമായിരുന്നു.. ആ അമ്മു അല്ല ഇപ്പോൾ എന്റെ മുന്നിൽ.. എന്റെ അമ്മു ഒരുപാട് മാറിയിരിക്കുന്നു ഇന്ന്.
മഴ ശക്തമായി പെയ്തു തുടങ്ങി. തണുപ്പ് എന്റെ ശരീരത്തിലേക്കു അരിച്ചു കയറി. ഞാൻ നന്നായി നനഞു. ഞാൻ മുട്ട് കുത്തി തല കുനിച്ചു നിലത്തിരുന്നു…
എന്നിട്ട് തല ഉയർത്തി അവളെ ഒന്ന് കൂടി നോക്കി. ആ മഴയിലെ മഴതുള്ളികൾ ക്കൊപ്പം എന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ എന്റെ കണ്ണ് നീർ തുള്ളി പോലും കാണാൻ അവൾക്കായില്ല.
പെട്ടെന്ന് പിന്നിൽ നിന്നും ഒരു കൈ എന്റെ വലതു തോളിൽ മെല്ലെ പതിഞ്ഞു.
മതിയെടാ.. അവൾ ഉറങ്ങിക്കോട്ടെ… ഇനി പോകാം. എന്റെ തലക്കു മുകളിൽ അവൻ കുട പിടിച്ചു തന്നു..
എന്റെ കൈയിൽ അവൾക്ക് കൊടുക്കാൻ ആയി കരുതിയിരുന്ന ചുവന്ന റോസാപ്പൂക്കൾ അവളുടെ കല്ലറക്കു മുകളിൽ വെച്ചു അവളുടെ വേദനിപ്പിക്കുന്ന ഓർമകളുമായി ആ മഴയ്ക്കും എന്റെ കണ്ണീരിനുമൊപ്പം ഞാൻ തിരിഞ്ഞു നടന്നകന്നു..