ഞാനും റൊമാന്റിക്കായി
(രചന: Ammu Santhosh)
“ഡാ നമ്മള് ആണുങ്ങൾ ഈ ഭാര്യമാരോട് ചെയ്യുന്നത് ശരിയല്ല. നമ്മൾ ഒട്ടും റൊമാന്റിക് അല്ല.. ഈ സിനിമകളൊക്ക കാണുമ്പോൾ ഒരു കുറ്റബോധമാ.. നമ്മളത്ര പോരാ “
ഇന്ന് കൂട്ടുകാരൻ സജി ഇങ്ങനെ പറഞ്ഞത് കേട്ടപ്പോൾ സംഗതി കുറച്ചു സത്യമാണെന്നെനിക്ക് തോന്നി.. ഞാൻ ഒരു മൂരാച്ചിഭർത്താവ് ആണോ?
അവൾക്ക് എന്തെങ്കിലും അതൃപ്തി ഉണ്ടാകുമോ എന്നിൽ? ചോദിച്ചു നോക്കിയാലോ. പക്ഷെ എങ്ങനെ ചോദിക്കും? കാര്യം പ്രേമിച്ചു കെട്ടിയ പെണ്ണാ.
കല്യാണം കഴിഞ്ഞു പതിനാല് വർഷോമായി ഇത് വരെ അവളോട് ഞാൻ ചോദിച്ചിട്ടില്ല എടി നിനക്ക് എന്നിൽ എന്തെങ്കിലും സന്തോഷക്കുറവ് ഉണ്ടോന്ന്?
അവളെപ്പോഴും ഹാപ്പിയാ.. അത് കൊണ്ട് എനിക്കങ്ങനെ ഒന്നും തോന്നിയിട്ടില്ല. ഇനി പറയാത്തതാവുമോ? ഇന്ന് ചോദിച്ചു കളയാം. വല്ല മിസ്റ്റേക്ക് ഉണ്ടെങ്കിൽ കറക്റ്റ് ചെയ്തേക്കാം..
ചെന്നപ്പോൾ അവൾ അച്ഛന്റെ കാലിൽ കുഴമ്പു പുരട്ടി കൊടുക്കുകയാണ്. അച്ഛൻ എന്റെയാണ് കേട്ടോ..
“മതി മോളെ കുറവുണ്ട് “അച്ഛൻ പറയുന്നു
“ഇതെന്താ പറ്റിയെ?”ഞാൻ ചോദിച്ചു
“ഇന്നലെ പടവലത്തിനു വെള്ളം ഒഴിക്കാൻ പോയതാ വേണ്ട വേണ്ട എന്നായിരം തവണ പറഞ്ഞതാ. കാൽ വഴുക്കി. ഭാഗ്യം അത്ര കൊണ്ട് തീർന്നു. അച്ഛൻ പോയി കിടന്നോട്ടോ “
അവളുടെ കയ്യും പിടിച്ചു എഴുന്നേറ്റു പോകുമ്പോൾ അച്ഛൻ എന്നെയൊന്നു നോക്കി. ഒരു പുച്ഛം ഇല്ലായിരുന്നോ അതിൽ? ഇന്നലെ ഞാനച്ഛനെ ശരിക്കും നോക്കിയില്ലെ?ഇത് കണ്ടില്ലല്ലോ.
അമ്മയെവിടെ?
അടുക്കളയിൽ അമ്മയുണ്ട്. പായസം ഉണ്ടാക്കിക്കൊണ്ട് നിൽക്കുന്നു .
“ആഹാ പായസമോ? ഇന്നെന്താ അമ്മേ വിശേഷം?”
“ബെസ്റ്റ്.സ്വന്തം ഭാര്യയുടെ പിറന്നാൾ അറിയാത്ത കോന്തൻ.. പ്രേമിക്കുന്ന കാലത്ത് എന്തായിരുന്നു? അമ്പലത്തിൽ പോകുന്നു അർച്ചന നടത്തുന്നു.. അവളാ യത് കൊണ്ട് കൊള്ളാം..”
അമ്മയ്ക്കും സെയിം ഫീലിംഗ് പുച്ഛം..
ശരിക്കും ഞാൻ അത്ര പോരാ.പോരാ…
ഞാൻ അവളെ അന്വേഷിച്ചു ചെന്നപ്പോൾ അവളും മൂത്ത കുട്ടികളും കൂടി പച്ചക്കറിക്ക് വെള്ളം നനയ്ക്കുകയാണ്. ഇളയവൻ കോഴികൾക്ക് തീറ്റ കൊടുക്കുന്നു..
“നിങ്ങൾ കളിക്കാൻ പൊയ്ക്കോ ഞാനും അമ്മയും കൂടെ ചെയ്തോളാം “ഞാൻ അവരോടു പറഞ്ഞു
“അയ്യേ ഈ അച്ഛനെന്താ? ഇതിന്റെ ത്രില്ല് കളിയിൽ കിട്ടുമോ? നോക്കിക്കോ ഇത്തവണ ഞാനും ഒരാവാർഡ് അടിച്ചെടുക്കും. ഏറ്റവും പ്രായം കുറഞ്ഞ കർഷകനുള്ള അവാർഡ്..”മൂത്തമോൻ പറഞ്ഞു.
അവൾ ഒരു ചിരി..
“എന്റെ പൊന്നു മനുഷ്യാ ഇവരിതിഷ്ടത്തോടെ ചെയ്യുന്നതാ.. അല്ലാതെ നിങ്ങളെ പോലെ ഷോ അല്ല”
ഞാൻ ഷോ ആണത്രേ ഷോ..
“എടി നീയൊന്നു വന്നേ ഒരു കാര്യം പറയട്ടെ..”
അവൾ നൈറ്റിയുടെ തുമ്പു താഴ്ത്തി മുടി ഒന്നഴിച്ചു കെട്ടി..
എന്റെ സാറെ.. എന്നാ ലുക്കാ.. ഒരു പൊട്ട് പോലും വെച്ചിട്ടില്ല. എന്നിട്ടും എന്താ ഭംഗി.ഞാനവളെ അങ്ങനെ നോക്കിനിന്നു.
“എന്തോന്നാ ഇങ്ങനെ നോക്കുന്നെ? ദേ പിള്ളേർ നിൽക്കുന്നു കേട്ടോ “
“നീ മുറിയിലോട്ട് വാ ”
ഞാൻ അവളുടെ മുടിയിൽ ഒന്ന് വലിച്ചു.
“അയ്യേ.. ഇപ്പോഴോ?പിള്ളാര്..
“
“അയ്യേ,പോടീ,നീ ഉദ്ദേശിക്കുന്നതിനല്ലന്ന്..വേറെ ഒരു കാര്യംണ്ട് “
“അല്ലെ?”അവളുടെ മുഖം മാറിയോ
“അതെന്താ അതിനല്ല എന്ന് പറഞ്ഞപ്പോൾ നിന്റെ മുഖത്ത് ഒരു നിരാശ?’
“ഒന്ന് പോയെ ഞാൻ ഒന്നങ്ങട്ട് തന്നാലുണ്ടല്ലോ.. തൂമ്പാ പിടിക്കുന്ന കയ്യാ “അവൾ ക
“അയ്യോ തല്ലണ്ടടി. നിന്റെ പാവം കെട്ടിയോനല്ലേ.. നീ വാ ഒരു കാര്യം..”
“എന്താ അച്ഛാ കാര്യം?”
“കാര്യമിവളോട് പറയാനുള്ളതാ.. നീ നിന്റെ ജോലി നോക്ക്.. അവാർഡ് നമ്മുടെ ഷോ കേസിലിരിക്കണം.. എടി ഇങ്ങോട്ട് വരാൻ “ഞാൻ അവളുടെ കയ്യും പിടിച്ചു വലിഞ്ഞു നടന്നു..
“ഇതെന്താ കൊല്ലാൻ കൊണ്ട് പോവണോ?”അത് രണ്ടാമത്തവനാ..
“പോടാ ” അവനെ ഓടിച്ചു
“ഈ പിള്ളേരെ കൊണ്ട് തോറ്റു..” മുറിയിൽ എത്തി ഞാൻ വാതിൽ കുറ്റിയിട്ടു
“നിങ്ങളെന്തിനാ വാതിലടച്ചേ? ശ്ശെ..”
“ടി കേൾക്ക്.. വെയിറ്റ്.. “ഞാൻ അവളുടെ തോളിൽ പിടിച്ചു
“നിന്റെ പിറന്നാൾ ഞാൻ മറന്നു പോയി സോറി..”
“ആ.. അതാണോ.. ഞാൻ തന്നെ മറന്നു പോയി. പിന്നെയാണ്. മനുഷ്യാ അതോർക്കുമ്പോഴല്ലേ വിഷമം? അയ്യോ ഒരു വയസ്സ് കൂടിയല്ലോ എന്നോർത്ത്..
ഇതിപ്പോ അറിയാതെ പോവാണെങ്കിൽ നല്ലതല്ലേ? അമ്മ ഓർത്തു വെയ്ക്കുന്നതാ പാവം.. അത് പോട്ടെ ഇത് പറയാനാണോ മുറിയിൽ കേറി കതകടച്ചത്? ചുമ്മാ ആശിപ്പിച്ചു “അവൾ കള്ളച്ചിരി ചിരിച്ചു
ഞാനവളെ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു
“വിയർപ്പിന്റെ നാറ്റമാ മനുഷ്യാ.. വിട് “
“നിന്റെ വിയർപ്പിന് ചന്ദനത്തിന്റ മണമാ..”ഞാൻ അവളുടെ നിറുകയിൽ കണ്ണിൽ കവിളിൽ ഒക്കെ അമർത്തി ഉമ്മ വെച്ചു മെല്ലെപ്പറഞ്ഞു
“ഈശ്വര സത്യായിട്ടും നിങ്ങൾക്കെന്തോ പറ്റി? എന്നാ പറ്റി? തലയിൽ തേങ്ങ വല്ലോം വീണോ?”
“പോടീ.. ഞാൻ ഒന്ന് റൊമാന്റിക് ആയതല്ലേ? നിനക്ക് എന്താ എന്നെക്കുറിച്ച് അഭിപ്രായം? ഞാൻ റൊമാന്റിക് ആണോ അല്ലിയോ?നീ എനിക്കെത്ര മാർക്ക് തരും?”
“അയ്യടാ.. മാർക്ക് ചോദിച്ചു വന്നേക്കുന്നു.. നിങ്ങൾ റൊമാന്റിക് അല്ലായിരുന്നെങ്കിൽ.. നമുക്കഞ്ചു പിള്ളേരുണ്ടാകുകേലല്ലോ..?”അവൾ എന്റെ കവിളിൽ നുള്ളി..
“ആ റൊമാന്റിക് അല്ല… അത് പിന്നെ.. വേറെ.. ഹൂ എങ്ങനെ പറഞ്ഞു മനസിലാക്കും..? എടി അതേ പ്രണയം.. പണ്ട് നമ്മൾ പ്രേമിച്ചില്ലേ?”
“ഇപ്പോഴും അങ്ങനെയാണല്ലോ.. അല്ലാതെ പിന്നെ എങ്ങനെയാ.. പ്രണയം ഇല്ലെങ്കിൽ ഞാൻ എന്നെ നിങ്ങളെ ഇട്ടേച്ച് പോയേനെ. പ്രസവിക്കാനുള്ള മെഷിൻ ആണോ ഞാൻ? പ്രണയം കൊണ്ടാ ഞാൻ അഞ്ചു പ്രസവിച്ചത്. ഇനിം വേണം നമുക്ക് കുഞ്ഞുങ്ങൾ.”
എന്റെ കണ്ണ് ഒന്ന് നിറഞ്ഞോ?
“ഈശ്വര ഇനി വേണ്ട…”
“വേണം മോളെ വേണം.. ഞാൻ ഇത് നിങ്ങളോടല്ലാതെയാരോട് പറയും?”
“അത് ശര്യാ.. വേറെ തല്ക്കാലം ആരോടും പറയണ്ട..എന്നാലും ഒന്നുടെ ആലോചിച്ചിട്ട്..”ഞാൻ അവളുടെ മുക്കിൽ പിടിച്ചു
“ഡാ പായസം തണുക്കും വന്നേ ”
അമ്മ
“വരുന്നു.. ഈ അമ്മ..”ഞാൻ വാതിൽ തുറക്കാൻ പോയപ്പോൾ അവളെന്റെ കയ്യിൽ പിടിച്ചു
“നിങ്ങൾക്ക് ഞാൻ എങ്ങനെയാ? “അവളുടെ കണ്ണിൽ കുസൃതി.
“എന്ന് വെച്ചാ?”
“അല്ല ഓരോ ഭർത്താക്കന്മാർക്കും ഓരോ ഇഷ്ടമല്ലേ? അപ്പുറത്തെ നജ്ജിമയുടെ ഭർത്താവിന് ഒരിഷ്ടം.. ഇപ്പുറത്തെ സുമചേച്ചിയുടെ ഭർത്താവിന് വേറെ ഒരിഷ്ടം.. നിങ്ങളുടെ ഇഷ്ടം എങ്ങനെയാ?”
ഞാൻ ചിരിച്ചു
“നീ പത്താംക്ലാസ്സിൽ പഠിക്കുമ്പോ ഒരു ചുവപ്പ് പട്ടുപാവാടയും ബ്ലൗസുമൊക്ക ഇട്ട് മുടി രണ്ടായിട്ട് പിന്നി മുന്നിലോട്ടിട്ട് ആ പാടത്തിന്റെ വരമ്പത്തൂടെ പാവാട ലേശം ഉയർത്തി പിടിച്ചു കൊണ്ട് ഓടി വരില്ലായിരുന്നോ ?അപ്പൊ കയ്യിൽ എനിക്കുള്ള ചോറോ പായസമോ എന്തെങ്കിലും ഉണ്ടാകും…..
അപ്പൊ തോന്നുന്ന ഒരു ഇഷ്ടം, ഭ്രാന്ത് ഒക്കെ.. ആ കാഴ്ചയാണ് എനിക്ക് ഏറ്റവും ഇഷ്ടം…”
അവളെന്നെ ഇറുക്കി കെട്ടിപിടിച്ചു
“എന്റെ ചക്കരയാണ് ”
അവളെന്റെ നെഞ്ചിൽ നോവാതെ കടിച്ചു കൊണ്ട് പറഞ്ഞു
“അതോണ്ടല്ലേ ഇപ്പോഴും ചില രാത്രിയിൽ ഞാൻ നിന്നേ പിടിച്ചിരുത്തി മുടി പിന്നിക്കട്ടി തരുന്നത്?
“ആ അങ്ങനെ അഞ്ചു വട്ടം കെട്ടിതന്നതാ അഞ്ചെണ്ണം വീട്ടിൽ കിടന്നോടുന്നെ “
ഞാൻ പൊട്ടിച്ചിരിച്ചു
രാത്രി ഞാൻ ടെറസിൽ നക്ഷത്രം നോക്കി മലർന്നു കിടക്കുമ്പോ അവളെന്റെ അരികിൽ വന്നിരുന്നു..
ചന്ദനനിറമുള്ള മുഖമപ്പോൾ ചുവന്നു തുടുത്തിരുന്നു
രണ്ടായി പിന്നിയിട്ട മുടി അവൾ മാറിലേക്ക് എടുത്തിട്ട് എന്നെയൊന്നു നോക്കി..
അവളുടെ കണ്ണിമകളുടെ ചലനം പോലും എനിക്കറിയാം..
അവളെന്താ ആഗ്രഹിക്കുന്നത്?
അവൾക്കെന്നെ എത്ര ഇഷ്ടമുണ്ട്?
അവൾക്കെന്താണ് എന്നോടൊന്നിനും പരാതിയില്ലാത്തത്?
എല്ലാമറിയാം..
കാരണം എന്റെയുള്ളിൽ അവൾ മാത്രമേയുള്ളു. ജോലിതിരക്കിൽ പിറന്നാളും ഓണവുമൊക്ക ചിലപ്പോൾ വിട്ടു പോയേക്കാം.. സമ്മാനങ്ങൾ കൊടുത്തെപ്പോഴും സന്തോഷിപ്പിക്കാനും കഴിയില്ലായിരിക്കാം.. പക്ഷെ
അവളെന്റെ ജീവനാണ്.. എന്റെ എല്ലാം… എല്ലാം… എല്ലാം.