പൊതുജന താല്പര്യാർത്ഥം
(രചന: Rejitha Sree)
“അമ്മയെ കാണാൻ വീട് വരെ ഒന്നുപോകണം.. “കുറെ നാളായി കൊണ്ടുപോകാമെന്ന് പറയുന്നു..
ഇനി ചേട്ടൻ വരണ്ടാ ഞാൻ ബസിനു പൊക്കോളാം… “”
ചാടിത്തുള്ളിയുള്ള പറച്ചിൽ കേട്ടാലറിയാം ബസ്സല്ല ഇനി ലോറി വിളിച്ചായാലും പോകും ന്ന്… തീരുമാനത്തിൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടും ചലിക്കാത്തവൾ ആണ്..
നേരത്തെ പിണങ്ങി പോക്ക് സ്ഥിര സംഭവമായിരുന്നു ഇപ്പൊ കൊറോണ വന്നപ്പോൾ നല്ല ആശ്വാസമുണ്ട്..(ബാക്കിൽ ചന്ദ്രിക പരസ്യത്തിന്റെ ബിജിഎം )
അതുകൊണ്ട് ആരും കേൾക്കാതെ (“ജയ് കൊറോണ ജയ്… “)
സാധാരണ ആംബുലൻസ് വരുമ്പോൾ വഴിമാറികൊടുത്തല്ലേ നമുക്കൊക്കെ ശീലം…
“ഏത്… ആ അത്… “
സ്റ്റോപ്പിലേക്ക് കൊണ്ടുവിടാൻ പോകുന്ന വഴി ബസിനു പോകുന്നതിനു മുൻപുള്ള മുൻകരുതലുകളെ പറ്റി സംസാരിച്ചു..
എല്ലാം നിശബ്ദം കേട്ടിരുന്നിട്ട് ഒരൊറ്റ ചോദ്യം
” ശെടാ മറിപ്പേ.. ഇങ്ങനെ കൂടെകൂടെ ഇത് പറഞ്ഞോണ്ടിരിക്കാൻ ഞാൻ വല്ല ഫ്ലൈറ്റിനുമാണോ പോകുന്നെ .. “
സാധാരണ ബസിൽ കയറാൻ നേരം കമ്പിയിൽ പിടിച്ചു കയറുന്ന ശീലമുള്ള ഞാൻ
ഇതിപ്പോ പണ്ട് വാമനൻ പ്രോപ്പർട്ടി അളന്നപോലെ രണ്ടുകാലും സശ്രദ്ധം ചവിട്ടി..
എങ്ങും തട്ടാതെ മുട്ടാതെ ചുരിദാർ ഒക്കെ പൊക്കിപ്പിടിച്ചു വളരെ ശ്രദ്ധയോടെ സൂക്ഷിച്ചാണ് കയറുന്നത്…
മാസങ്ങൾക്കു ശേഷം ബസ്സിലോട്ടു കയറിയപ്പോൾ അതിലെ അവസ്ഥ…
“ഹോ… ഒരിടത്തു ചാരം ഒരിടത്തു പുക.. ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്.. “
എങ്ങനെ നടന്ന മനുഷ്യരാ ഇപ്പൊ ആകെ ഒരു അസുഖക്കാരെ പോലെ.. “
കയറിയ ഉടനെ ബസിലാകമാനം എന്റെ കഴുകൻ കണ്ണുകൾ സീറ്റിനായി പരതി ..
“ഭാഗ്യം.. ഉണ്ട് മോളെ ഉണ്ട്.. ” ഞാൻ മനസ്സിൽ ഓർത്തു.
സീറ്റിൽ ഇരുന്നപ്പോൾ മുതലുള്ള എന്റെ പ്രാർത്ഥന… “ഈശ്വരാ ആരും എന്റെ അടുത്തുവന്നിരിക്കല്ലേ..””
അങ്ങനെ കുറച്ചുമാറി ഒരു സ്റ്റോപ് ആയപ്പോൾ പ്രായമായ ഒരമ്മച്ചി അരികിൽ വന്നിരുന്നു..
എന്റെ മനസ്സ് മന്ത്രിച്ചു.. “ദൈവമേ.. ഈ പ്രായമായവർക്കാണ് കോവിഡ് പെട്ടെന്ന് ഉണ്ടാകുക.. ഇനി ഇവർക്ക് അങ്ങനെ വല്ലോം.. “”
അയ്യോ ഹൃദയം വല്ലാതെ മിടിക്കുന്നു … ടക്ക് ടക്ക്.. “”
കയ്യിലുള്ള സാനിട്ടൈസെർ ബാഗിൽ നിന്നും പുറത്തെടുത്തു.. “ആഹാ.. ഇതുവരെ ആരുടേം മുന്നിൽ തോറ്റുകൊടുത്തിട്ടില്ല പിന്നെയാ ഈ മുള്ളൻപന്നി പോലത്തെ കൊറോണ.. “
ഞാൻ സാനിറ്റിസെർ കയ്യിലേക്കൊഴിച്ചു..
അമ്മച്ചിയുടെ മുഖത്തേയ്ക്കു നോക്കിയതുകൊണ്ടാണോ എന്തോ ഇച്ചിരി കൂടിപ്പോയി.. ന്നാലും സാരമില്ല… ഹ്മ്മ്… നന്നായി കൈകളിൽ തിരുമ്മി പിടിപ്പിച്ചു..
അമ്മച്ചി നോക്കിയപ്പോൾ ഞാൻ സാനിറ്റൈസർ എടുത്തു ബാഗിൽ ഭദ്രമായി വച്ചു.. “നോക്കണ്ട തരില്ലെന്ന് “ഞാൻ മനസ്സിലും പറഞ്ഞു…
അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്…
അമ്മച്ചിയ്ക്ക് സാനിറ്റൈസർ ഇല്ലാ… “”
“ചതിച്ചല്ലോ ഭഗവതി .. അമ്മച്ചിയ്ക്ക് സാനിറ്റൈസർ ഇല്ലാ.. “” അമ്മച്ചി എന്നിട്ടും… വാട്ട് എ സ്ട്രോങ്ങ് അമ്മച്ചി.. ” ഞാൻ അമ്മച്ചിയെ നോക്കി മനസിൽ മന്ത്രിച്ചു..
അല്പം നീരസത്തോടെ റോഡിലെ കാഴ്ചയും കണ്ട് “”ലൂസുപെണ്ണേ… ലൂസപ്പെണ്ണേ……” പാട്ടും കേട്ടിരുന്ന എന്നെ തട്ടിവിളിച്ചിട്ട് അമ്മച്ചി ചോദിച്ചു…
“മോളെ.. പള്ളിമുക്ക് ആയൊ..??
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ…മാസ്ക് അമ്മച്ചിടെ “കഴുത്തിൽ… ” പണ്ട് ബഹുമാനം കാണിക്കാൻ മുണ്ട് താഴ്ത്തിയിട്ടു സംസാരിക്കും പോലെ ഇപ്പൊ മാസ്ക് എടുത്തുമാറ്റിയ സംസാരം…
എന്റെ കണ്ണ് തള്ളി…തൊണ്ടയിൽ വന്ന തുപ്പൽ വലിയ ഭാരത്തോടെ വിഴുങ്ങി…
എന്റെ തലച്ചോർ എന്നോട് പറഞ്ഞു “കൊറോണ സംസാരിക്കുന്നു… “
അമ്മച്ചിയുടെ മുഖത്തേയ്ക്കു വിരൽ ചൂണ്ടി ഞാൻ പറഞ്ഞു..
” ഇയ്യോ.. മാസ്ക് ഇട് അമ്മച്ചി…
കേട്ടപാടെ അമ്മച്ചിയുടെ പഞ്ച് ഡയലോഗ്
“കോറോണയൊന്നും എന്നെ പിടിക്കുകേല കുഞ്ഞേ … “”
“അല്ലെ തന്നെ എന്തൊരു ശ്വാസംമുട്ടലാ ഇത്… പോരാത്തേന് ഇത് വെക്കുമ്പോൾ മുതൽ മുഖത്തൊക്കെ ആകെ ഒരു ചൊറിച്ചിലാന്നെ… ” അമ്മച്ചി സ്വരം താഴ്ത്തി പറഞ്ഞു…
അത് കേട്ട് അപ്പുറവും ഇപ്പുറവും തലങ്ങനുംവിലങ്ങനും ഞാൻ തലപൊക്കി നോക്കി…
മറ്റൊന്നുമല്ല വേറെ സീറ്റ് വല്ലോം ഒഴിവുണ്ടോന്നു…
“ശോ… ഇല്ലാ ഇതെന്റെ വിധി .. “
വളരെ ദുഃഖത്തോടെ കുണ്ഠിത ഭാവത്തോടെ ഞാൻ അമ്മച്ചിയെ നോക്കി
“അടുത്ത രണ്ട് സ്റ്റോപ് കൂടി കഴിഞ്ഞാൽ പള്ളിമുക്ക് ആകും.. “
“ആ അതാ… മോളെ ഇതിലെ എന്റെ മോൾടെ നമ്പർ ഉണ്ട് ഒന്ന് വിളിച്ചുപറ അമ്മച്ചി ഇങ്ങെത്തിന്ന്… “”
അവരുടെ കവറിൽ നിന്നും ഒരു പേപ്പർ തുണ്ടെടുത്തവർ എന്റെ നേരെ നീട്ടി…
“വാങ്ങണോ വേണ്ടയോ… അതോ സാനിറ്റൈസർ ആദ്യം ഈ പേപ്പറിൽ ഒഴിക്കണോ.. ആകെ കൺഫ്യൂഷൻ… “
എന്തായാലും ലാസ്റ്റ് അമ്മച്ചിയെ കൊണ്ട് പേപ്പർ പിടിപ്പിച്ചിട്ട് ഞാൻ നമ്പർ നോക്കി കുത്തി.. ..
നമ്പറിൽ വിളിച്ചു പറഞപ്പോഴേയ്ക്കും സ്റ്റോപ് എത്തിയിരുന്നു.. അമ്മച്ചി മാസ്ക് പൊക്കി മുഖത്ത് വെച്ചു. ചിരിച്ചു കാണിച്ചിറങ്ങി..
മനസ്സിൽ അപ്പോൾ ഓർത്തു.. ഒഹ്ഹ്ഹ്.. എന്റെ “പൊന്ന്…. അമ്മച്ചി.. ” ഇത് നേരത്തെയും ഇങ്ങനെ പോരാരുന്നോ…
അമ്മയെ കണ്ട് ബസിനു തന്നെ തിരികെ വീട്ടിൽ എത്തി മാസ്ക് എടുത്തയുടനെ ഒരു തുമ്മൽ… ദൈവമേ പെട്ടു.. കൊറോണ
ഞാൻ മനസ്സിൽ ഓർത്തു… സാനിറ്റൈസർ വെള്ളത്തിൽ ഒഴിച്ചു കുളിച്ചാലോ..അല്ലെ വേണ്ട… ഡെറ്റോൾ മതി.. രണ്ടും കൂടി ഒരു പ്രേത്യേക അനുപാതത്തിൽ വെള്ളത്തിൽ കലക്കിയാലോ…. ഹ്മ്മ്… തുണിയെടുത്തു നേരെ ബാത്റൂമിൽ പോയി കുളിച്ചു..
തല തുവർത്തികൊണ്ടിരുന്നപ്പോൾ വീണ്ടും തുമ്മി..
” ദൈവമേ അമ്മച്ചി ചതിച്ചു ഇത് കൊറോണ തന്നെ…
അല്ല ഇനിയിപ്പോ കൊറോണ എങ്ങാനും ആയാൽ വീടുവിട്ടു ഞാൻ പോകേണ്ടി വരുമോ??
കോറോണയെക്കാളും വലിയ വിഷമം വീട് വിട്ടുപോകുന്നതാ… “അയ്യോ ഞാൻ ഇല്ലാതായാൽ ചേട്ടന്റെ ഫോണിലെ മെസ്സേജ് ഒക്കെ ആര് നോക്കും..
രാവിലെ വീട്ടിലെ ജോലിയൊക്കെ ചെയ്യാൻ ചേട്ടനോട് ആര് പറഞ്ഞുകൊടുക്കും.. “ഞാൻ ഇല്ലാതായാൽ ഒരുപാടങ്ങു സന്തോഷമാകും.. പിന്നെ ഞാൻ ഇങ്ങോട്ടേയ്ക്കു വരണ്ടാ ന്ന് പറഞ്ഞാലോ…”
കോറോണയെക്കാളും പാടാണ് ഇതിനെയൊക്കെ പഴയപടി കൊണ്ടുവരാൻ..
“”ഇയ്യോ.. ഓണത്തിന് വാങ്ങിച്ച പുതിയ സാരി… ഇതുവരെ ഞാനത് ഉടുത്തുപോലുമില്ല.. “
കഴിഞ്ഞ ദിവസം നാത്തൂനേ വിളിച്ചപ്പോൾ ഒന്നര പവന്റെ വള വാങ്ങിയതിന് പകരം രണ്ടു ദിവസം പട്ടിണി കിടന്നാണ് രണ്ട് പവന്റെ രണ്ടെണ്ണം ചേട്ടൻ വാങ്ങിത്തരാമെന്ന് സമ്മതിച്ചെ .. “” എന്റെ പൊന്നുതമ്പുരാനെ ഇനി അതൊക്കെ ഞാൻ എങ്ങനെ ഇടും.. ഓരോന്നാലോചിച്ചിട്ട് തലകറങ്ങുന്നു..
രാത്രിയിൽ കിടക്കാൻ നേരം ആകെയൊരു നെഞ്ചുവേദന ഒരു ശ്വാസംമുട്ടൽ… നെഞ്ചോന്നു ആഞ്ഞു തടവി.. ഇല്ല ഇത് മാറുന്നില്ല..
പെട്ടന്ന് ഞാൻ ഫോൺ വിളിക്കുമ്പോൾ കോളർ ട്യൂൺ ചേച്ചി പറയുന്നതോർത്തു…
“ചുമ തുമ്മൽ ശ്വാസംമുട്ടൽ.. “
അയ്യോ ഇതതുതന്നെ… ഇതതുതന്നെ..
കൂടെ കിടക്കുന്ന ചേട്ടന്റെ മുഖത്തേയ്ക്കു നോക്കി…
വളരെ ദയനീയമായ ശബ്ദത്തിൽ.. പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.. ഞാൻ ചത്തുപോയാൽ നിങ്ങൾ… (സങ്കടം കൊണ്ട് കണ്ണുനിറയുന്നു.. ഗദ്ഗദം വന്ന് തൊണ്ടയിൽ കിച് കിച് ഉണ്ടാക്കുന്നു ) നിങ്ങൾ…. വേറെ പെണ്ണ് കേട്ടുവോ..
ചോദ്യം കേട്ടപാടെ തിരിഞ്ഞു കിടന്ന ചേട്ടൻ മറിഞ്ഞു വന്ന് ചോദിച്ചു..
നീ എന്താ ഇങ്ങനൊക്കെ രാത്രികിടന്നു പറയുന്നേ… നീ ഉറക്കത്തിലാണോ..??
അതെന്താ ഉറങ്ങുവല്ല ഞാൻ.. കണ്ടില്ലേ ഇങ്ങോട്ട് നോക്ക്..
“”ശോ.. ഇങ്ങനൊക്കെ സാധാരണ നീ ഉറക്കത്തിൽ ബോധമില്ലാതെ പോലും പറയില്ല അതാ ചോദിച്ചേ.. “
“”ഇത് പറ.. കെട്ടുവോ..??
വല്യ വിഷമത്തോടെ ചേട്ടൻ പറഞ്ഞു..
ഇല്ല്യ ..
“ഹ്മ്മ് ഇല്ലപോലും നീ എന്താ കുറച്ചുദിവസം അടുപ്പിച്ചു വീട്ടിൽ പോയി നിൽക്കാത്തതെന്ന് ഇടയ്ക്കിടെ ചോദിക്കുന്ന മനുഷ്യനാ..”
“അസ്ഥാനത്തുള്ള ചോദ്യം ആരോഗ്യത്തിനു ദോഷം ചെയ്യും… മനോനില തെറ്റും..” അതുകൊണ്ട് വന്ന ചിന്ത മനസ്സിന്നു തൂത്തുകളഞ്ഞു..
ദേഷ്യം മനസ്സിൽ വെച്ചു മുഖത്ത് വിഷാദം…
“അല്ല നിങ്ങള് കെട്ടണം… എനിക്ക് എന്തുസംഭവിച്ചാലും നിങ്ങള് സന്തോഷത്തോടെ ഇരിക്കണം.. അല്ലെങ്കിൽ എനിക്ക് സമാധാനം കിട്ടൂല്ല… “”
ഇപ്പൊ ഇതൊക്കെ പറയാൻ…??
“അതോ.. എനിക്ക് കോവിഡ് ആണോന്ന് സംശയം.. ഞാൻ വല്ലാതെ തുമ്മുന്നു… ശ്വാസം മുട്ടുന്നു…അയ്യോ.. “”
ഒന്ന് നേരം വെളുക്കട്ടെ നമുക്ക് ഹോസ്പിറ്റലിൽ പോകാം എന്ന് സമാധാനിപ്പിച്ച് ചേട്ടൻ ഉറങ്ങാൻ കിടന്നു…
പിറ്റേന്ന് രാവിലെ ഹോസ്പിറ്റലിൽ പോയി പരിശോധിച്ചപ്പോൾ ഒന്നുമില്ലെന്ന് കേട്ടപ്പോൾ സമാധാനവും ജീവനും തിരിച്ചുകിട്ടി .. എന്തൊക്കെ ആയിരുന്നു.. കൊറോണ വന്ന് ചത്തുപോയാൽ പെണ്ണുകെട്ടിയ്ക്കുന്ന കാര്യം വരെ ആലോചിച്ചു..
പാമ്പിനെ വിട്ടു കൊല്ലിയ്ക്കുന്ന കാലമാ.. ഇനി അത്യാവശ്യങ്ങൾക്കല്ലാതെ തല്ലിക്കൊന്നാലും പുറത്തിറങ്ങൂല.. .. അതും പോയാൽ ചേട്ടന്റെ കൂടെ മാത്രം..
“”ഇനി അഥവാ വന്നാലും രണ്ടുപേർക്കും കൂടി ഒരുമിച്ചു കോറന്റൈനിൽ “””
(ഇതിലും വലിയ സമാധാനം സ്വപ്നങ്ങളിൽ മാത്രം )