(രചന: Shincy Steny Varanath)
‘രാജകുമാരിയോട് ഞാൻ പറഞ്ഞത് വല്ലതും കേട്ടോ… ഈ പഴങ്കഞ്ഞിയും കുടിച്ചിട്ട്, എൻ്റെ കൂടെ പോര്…ദാമോദരേട്ടൻ്റെ പറമ്പിൽ കാട് കൊത്താൻ ഒരാളു കൂടെ വേണെന്ന് പറഞ്ഞിരുന്നു.
നിനക്കും അവനും കൂടി ചിലവിന് തരാൻ നിൻ്റെ തന്ത സമ്പാതിച്ചതൊന്നും ഇവിടില്ല… ഞാൻ കഷ്ടപ്പെട്ട് കൊണ്ടുവരുന്നതും കൊണ്ട് സുഖിച്ച് ജീവിക്കാമെന്ന് മോളുകരുതെണ്ട… വേഗമാട്ടെ… സമയം പോകുന്നു…’
ടിക് ടോക്കിൽ കാണുന്ന പോലെ, വളരെ ലളിതമായ കല്യാണത്തിലൂടെ പ്രാണപ്രിയൻ്റെ കൈയും പിടിച്ച് സൗമ്യ ഇവിടെ വന്ന് കേറിട്ട് രണ്ടാഴ്ചയാകുന്നതേയുള്ളു.
കോളേജിലേക്ക് പോകുമ്പോൾ ബസിൽ വച്ച് സ്ഥിരമായി കാണാറുള്ള വളരെ മോഡേൺ ലുക്കിലുള്ള ബിബിനെ കണ്ട് കണ്ടങ്ങനെ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരിത്.
ഒട്ടും മോഡേൺ ചിന്താഗതിയില്ലാത്ത, പഴയ നാടൻ ലുക്ക് വിട്ട് പിടിക്കാത്ത അപ്പനോടും അമ്മയോടും ദേഷ്യം തോന്നി. ഇത്രയും സ്റ്റൈലായിട്ട് വിടുന്ന ഇവൻ്റെ അപ്പനുമമ്മയും എത്ര സ്റ്റെലായിരിക്കും. പതുക്കെ അവനോടുള്ള ‘ഇത്’ ‘അതായി’ മാറി. പ്രണയം… കാര്യമറിഞ്ഞപ്പോൾ അവനും സമ്മതം…
ഇടയ്ക്കിടെ പുതിയ പുതിയ ബുള്ളറ്റുമായി വന്ന് അവൻ കോളേജിന് മുൻപിൽ അഭ്യാസം കാണിച്ചപ്പോൾ ആരാധനയങ്ങ് മൂത്തു… ഫോൺ വിളികൾക്കിടയിലൂടെ, അവൻ്റെ ആഗ്രഹങ്ങൾ കേട്ട് തരളിതയായി… മഴ നനഞ്ഞുള്ള നൈറ്റ് റൈഡ്…
അവൻ്റെ വീടിൻ്റെ ബാൽക്കണിയിലിരുന്നുള്ള ഉദയാസ്തമയങ്ങളുടെ സുന്ദരമായ കാഴ്ച…
സിങ്കപ്പൂരിലേയ്ക്കുള്ള ഹണിമൂൺ ട്രിപ്പ്… മൂന്നാറിലെ സീറോ ഡിഗ്രി തണുപ്പിൽ ഒരു പുതപ്പിനടിയിലെ പ്രണയം… വെള്ളചാട്ടത്തിന് കീഴിലിരുന്നുള്ള ഫോട്ടോ ഷൂട്ട്… എത്ര രാത്രിയിലെ വർണ്ണനകളായിരുന്നു.
വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാൻ പറഞ്ഞപ്പോൾ അവൻ പറഞ്ഞു, ഇപ്പോഴത്തെ ട്രൻഡ് ഒളിച്ചോട്ടമാണെന്ന്…
അത് പറഞ്ഞറിയിക്കാൻ പറ്റാത്തൊരനുഭവമാണ് പോലും. അല്ലേലും കൊറോണക്കാലത്ത് കല്യാണത്തിനൊന്നും വല്യ ആഘോഷമൊന്നുമില്ലല്ലോ… ഇതാവുമ്പോൾ നാടറിയും.
വേളാങ്കണ്ണിയ്ക്ക് പോകാൻ, ഞാനുണ്ടായ സമയത്ത് അമ്മ നേർന്ന നേർച്ച പോലും വീട്ടാൻ പോകാത്ത അപ്പനെവെച്ച് നോക്കുമ്പോൾ സിങ്കപൂരിന് ഹണിമൂണിന് പോകാനിരിക്കുന്ന അവൻ്റെ സാമ്പത്തിക ശാസ്ത്രം അത്രയ്ക്കും അലോചിക്കണ്ട ആവശ്യമില്ല.
ടോപ്പിനിത്തിരി ഇറക്കം കുറഞ്ഞതിന് വഴക്ക് പറഞ്ഞ കൺട്രി അമ്മയെ വച്ച് നോക്കുമ്പോൾ അവൻ്റെ വീട്ടുകാർ എത്രയോ മോഡേണാകാനാണ് സാധ്യത… അല്ലെങ്കിൽ അവനിത്രയും സെറ്റപ്പായി നടക്കാനിടയില്ല…
അവസാനം, അവൻ പറഞ്ഞ പോലെ ട്രൻഡിനനുസരിച്ച് വിളിച്ചപ്പോൾ ഓടിയിങ്ങ് പോരുകയും ചെയ്തു…
ഇവിടെ വന്നപ്പോഴല്ലേയറിയുന്നത്, മലമുകളിൽ പതിച്ച് കിട്ടിയ പത്ത് സെൻ്റിൽ, എപ്പോൾ നോക്കിയാലും ആകാശവും ഭൂമിയും കാണാവുന്ന ടാർപ്പ വലിച്ച് കെട്ടിയ വീടാണ് അവൻ്റെ സ്വപ്ന സൗധത്തിൻ്റെ വർണ്ണനയ്ക്ക് മൂലകാരണമെന്ന്…
മുറ്റത്തിറങ്ങി നിന്ന് നോക്കിയാൽ ഭൂമിയിലെവിടെയും സൂര്യനുദിച്ചാലും അസ്തമിച്ചാലും കാണാം…
പണിയ്ക്ക് പോക്ക് വളരെ വിരളം. പോയാലും കിട്ടുന്നത് ആ തലമുടി ചെത്തിക്കണ്ടിച്ച് വലത്തോട്ടും ഇടത്തോട്ടും ചായിച്ചിടാനും, കുപ്പി പാൻറ് വാങ്ങാനും കച്ചറയെഴുത്തുള്ള ടീഷർട്ട് വാങ്ങാനുമൊക്കെ പോകും.
വീട്ട് ചിലവിന് കൊടുക്കുന്ന ലക്ഷണമൊന്നുമില്ലെന്ന്, ആദ്യത്തെ ദിവസം വന്നപ്പോഴുള്ള തള്ളയുടെ ‘ഇനിഇതിനും കൂടി ചിലവിന് കൊടുക്കണോ’ എന്നുള്ള പ്രാക്ക് കേട്ടപ്പോൾ മനസ്സിലായി.
ഒരു നേരം പോലും ചോറുണ്ണാൻ മടിയുള്ള എനിക്കിപ്പോൾ മൂന്ന് നേരം ചോറ്… വിശപ്പ് കൂടുമ്പോൾ തനെയിറങ്ങി പോകും…
അതിമനോഹരമായി തോന്നിയിരുന്ന അവൻ്റെ തല, ഇപ്പോൾ കാണുമ്പോൾ മണ്ട ചീഞ്ഞ കവുങ്ങ് മറിഞ്ഞ പോലാണ് തോന്നുന്നത്…
ഓടിയ ഓട്ടത്തിന്, വല്യ വീട്ടിൽ വന്ന് കേറുമ്പോൾ രണ്ടാംതരക്കാരിയായി മാറ്റിനിർത്താതിരിക്കാൻ എനിക്കായി പപ്പ കരുതിയിരുന്ന 40 പവനും കൊണ്ടുപോന്നിരുന്നു.
ഇവിടുത്തെ അവസ്ഥ കണ്ടപ്പോൾ അത് അവനോട് പറയാൻ തോന്നിയില്ല. കഴുത്തേലുണ്ടായിരുന്ന രണ്ട് പവൻ്റെ മാല ഇന്നലെ, പണയം വെക്കാൻ കൊണ്ടു പോയതു കൊണ്ട് താലി വീണ്ടും ചരടേലോട്ട് സ്ഥാനം മാറി.
ഇന്നലെ രാത്രി അവനൊട്ട് വന്നുമില്ല. ഇപ്പോൾ സംസാരവും വളരെ കുറവാണ്… അല്ലെങ്കിലും ഇനി അതിൻ്റെ ആവശ്യമില്ലല്ലോ… എനിക്ക് എല്ലാം കണ്ട് ബോധ്യപ്പെട്ടതാണല്ലോ…
എത്രയപ്പൻമാരാണ്, ചാടിപ്പോയ പെൺമക്കളെ നിരന്തരം വിളിച്ചും ഭീഷണിപ്പെടുത്തിയും തിരിച്ച് കൊണ്ടു പോകുന്നത്.
പപ്പയും മമ്മിയും എവിടെയാണെന്ന് അറിഞ്ഞിട്ടും ഒന്ന് വിളിച്ചു പോലുമില്ല. ഭീഷണിയൊന്നുമില്ലാതെ വെറുതെയൊന്ന് തിരികെ ചെല്ലാൻ പറഞ്ഞാൽ മതിയായിരുന്നു. ഓരോരുത്തരാണെങ്കിൽ കൊല്ലുന്നു… തല്ലുന്നു… എനിക്കുമുണ്ടല്ലോ ഒരപ്പൻ… ങ്ങേഹെ…
നിനക്ക് എഴുന്നള്ളാറായില്ലെ ഇതുവരെ…
തള്ള തൊള്ള തുറന്നലറാൻ തുടങ്ങി.
ആരുടെയൊക്കെയോ ശബ്ദം കേൾക്കുന്നുണ്ടല്ലോ… ആരൊക്കെയോ ഇങ്ങോട്ട് വരുന്നുണ്ട്…
കമ്പും കോലുമൊക്കെ വരുന്നവരുടെ കൈയിലുണ്ട്… മുന്നിൽ വരുന്നത് പപ്പയാണ്…
ദൈവമെ… തല്ലിത്തകർക്കാനുള്ള വരവാണൊ… പത്രത്തിലൊക്കെ കാണുന്ന പോലെ ദുരഭിമാന…
അവരിൽ പപ്പയും വീട്ടിലെ ഡ്രൈവർ വർഗ്ഗീസേട്ടനെയും മാത്രമേ അറിയൂ…
വീടേലോട്ടും എന്നെയും മാറി മാറി നോക്കുന്ന വർഗ്ഗീസേട്ടനെ കണ്ടപ്പോൾ തൊലിയുരിഞ്ഞ് പോയി.
പപ്പ നല്ല ദേഷ്യത്തിലാണ്… ഡ്രൈവറുടെ വീട് വാർക്കാൻ കാശ് കൊടുത്ത് സഹായിച്ച പപ്പ അയാളുടെ മുന്നിൽ നാണംകെട്ട് നിൽക്കുവാണ്.
പപ്പാ… അടിയും ബഹളവുമൊന്നും ഉണ്ടാക്കണ്ട, ഞാൻ കൂടെ വന്നോളാം… ഏട്ടനെയും ഒന്നും ചെയ്യണ്ട… എല്ലാ ബന്ധവും ഞാൻ വേണ്ടെന്ന് വച്ചോളാം…
എന്തിന്? നീ എത്ര കഷ്ടപ്പെട്ടാ ഇവിടെയെത്തിയത്… ഈ സ്വർഗ്ഗത്തിൽ നിന്ന് നിന്നെ തിരികെ കൊണ്ടു പോയാൽ ദൈവം പോലും എന്നോട് ക്ഷമിക്കില്ല.
ഞങ്ങളുടെ കൈയിലെ വടിയൊന്നും കണ്ട് നീ പേടിക്കെണ്ട… ഈ വടികുത്തിയല്ലാതെ ഈമലകേറി വരാനും ഇറങ്ങാനും പറ്റാത്തതുകൊണ്ട് കൈയിൽ കരുതിയതാ.
കൂടെയുള്ളത് ഇവിടുത്തെ വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡൻ്റുമൊക്കെയാണ്. നാളെ നീയൊ അവനൊ ഞാൻ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞ് എന്തെങ്കിലും കൊള്ളരുതായ്മകൾ കാണിച്ച് പഴിയെൻ്റെ തലയിൽ വെക്കാതിരിക്കാൻ സാക്ഷികളായിട്ട് ഇവരെ കൂട്ടി.
പത്രത്തിൽ വായിക്കുന്ന പോലെ ദുരഭിമാന കൊലയ്ക്കൊന്നും ഞാനില്ല… എന്നിട്ട് വേണം നിൻ്റെ അനിയനും അനിയത്തിക്കും അമ്മയ്ക്കുമൊക്കെ പുതിയ ചീത്തപ്പേരുണ്ടാക്കാൻ… കൊലപാതകിയുടെ കെട്ടിയോൻ…മക്കൾ… എന്നൊക്കെ. ഞാൻ ഇനിയുള്ള കാലം ജയിലിലും…
അല്ലെങ്കിലും വിളിച്ചിറക്കിയ അവനെക്കാളും തെറ്റുകാരി വിളി കേട്ടപ്പോഴെ ഞങ്ങളെ മറന്നിറങ്ങിയ നീയല്ലെ??? അതിന് വല്ലവരും കഷ്ടപ്പെട്ട് വളർത്തിയ മക്കളെ കൊല്ലാൻ ഞാനത്ര വിഡ്ഡിയല്ല… നിനക്കില്ലെങ്കിലും ഞങ്ങൾ മുന്നും പിന്നും ചിന്തിച്ചേ തീരുമാനമെടുക്കാറുള്ളു. ദാ…
ഈ ബാഗിൽ നിൻ്റെ കുറച്ച് ഡ്രസ്സും സർട്ടിഫിക്കറ്റും ഉണ്ട്. ഞങ്ങൾക്കിതാവശ്യമില്ല. ഇനി നീ അവിടുന്ന് കൊണ്ടുവന്ന സ്വർണ്ണം എടുത്തോണ്ട് വാ… നിൻ്റെ അനിയത്തിക്ക് കൊടുക്കാൻ അത് കുറച്ച് ഞാൻ കഷ്ടപ്പെട്ടാൽ മതിയല്ലോ… നീ തന്നില്ലെങ്കിൽ, മോഷ്ടിച്ചതാണെന്ന് ഞാൻ കേസുകൊടുക്കും…
സ്വർണ്ണം കൈയിലുണ്ടായിരുന്നെന്നറിഞ്ഞപ്പോൾ, അമ്മായി അമ്മേടെ മുഖമൊന്നുമിന്നി… പെട്ടെന്ന് മങ്ങുകയും ചെയ്തു.
ഒന്നും മിണ്ടാതെ സ്വർണ്ണം കൈയിൽ വച്ച് കൊടുക്കുമ്പോൾ, എൻ്റെ കഴുത്തേലോട്ട് പപ്പയൊന്ന് നോക്കി…
”കഴുത്തിൽ കിടന്ന മാല, ഊരിക്കാണുമെന്നറിയാം… തിരികെ കിട്ടിയാൽ അത് തരണ്ട… എൻ്റെ വക നിനക്കതിരിക്കട്ടെ… ”
എന്നാൽ ശരി… ഞങ്ങളിറങ്ങുവാണ്… നീ ഇവിടെ ഓടിക്കേറിയതല്ലേ… ഇനി ഓടിയിറങ്ങി ഞങ്ങളെ കാണാനൊന്നും വന്ന് കഷ്ടപ്പെടണ്ട…
പോയിട്ടിത്തിരി തിരക്കുണ്ട്, പണ്ട് നീയുണ്ടായപ്പോൾ വേളാങ്കണ്ണിക്ക് പോകാൻ നേർന്ന നേർച്ചയങ്ങ് തീർത്തേക്കാമെന്ന് വച്ചു… പിള്ളേർക്കും അവൾക്കുമൊക്കെ സന്തോഷമാകട്ടെന്ന് …
എന്നാൽ ബൈ…
പപ്പ പോകുന്നത് കണ്ണീര് മൂടിയിട്ട് കാണാൻ പറ്റുന്നില്ല…
എന്നെ കാണാതായപ്പോൾ അവരനുഭവിച്ച വേദന ഇപ്പോൾ മനസ്സിലാകുന്നുണ്ട്…
ഇവളാരാ കേമി… ഇത്രയും സ്വർണ്ണം പെട്ടീൽവെച്ചിട്ട് മിണ്ടിയോന്ന് നോക്കണം… എൻ്റെ ചെക്കനെ വലവീശി പിടിച്ചിട്ട് വന്ന് നിൽക്കുന്ന നിൽപ് കണ്ടില്ലേ…
ഉറഞ്ഞ് തുള്ളലു തുടങ്ങി.
വലവീശിപ്പിടിക്കാൻ നിങ്ങടെ മോൻ എന്താ സ്രാവാണൊ? തുപ്പലുകൊത്തി പോലുമല്ലെന്ന് മനസ്സിലായപ്പോഴെയ്ക്കും എനിക്കല്ലേ എല്ലാം നഷ്ടപ്പെട്ടതെന്ന് പറയാൻ മനസ്സു കിടന്ന് വിങ്ങുന്നുണ്ട്…
പറഞ്ഞാൽ ഉള്ള കഞ്ഞിയും കൂടെ മുടങ്ങുന്നതിനാൽ വാക്കത്തിയും പിടിച്ച് അവർക്ക് പിന്നാലെ നടന്നു.
മോളുടെ കാര്യം വല്ല കഷ്ടമാണല്ലോ ചേട്ടാ… അവിടെയതെങ്ങനെ ജീവിക്കും… കൂടെ വിളിച്ചാൽ അത് പോന്നേനെ…
തിരിച്ചുള്ള യാത്രയിൽ ഡ്രൈവറ് സങ്കടം പറഞ്ഞപ്പോൾ, അയാൾക്ക് പറയാനുണ്ടായിരുന്നത്,
അവള് ജീവിതം പഠിക്കട്ടെ വർഗ്ഗീസെ… തിരിച്ച് കൊണ്ടുവന്ന്, ഈ പേരുദോഷവും വെച്ച് വേറെ കല്യാണമാലോചിച്ച് നടത്തിയാൽ അതും ശരിയാകുമോന്നെന്നാ ഉറപ്പാണുള്ളത്… കുറച്ചു കാലം നോക്കാം…
ജോലി ചെയ്യാൻ തയ്യാറുള്ളവനാണെങ്കിൽ എന്തെങ്കിലുമൊരു പണിയാക്കി കൊടുക്കുകയോ, പുതിയ സ്ഥാപനങ്ങള് വല്ലതും തുടങ്ങി കൊടുക്കുകയോ ഒക്കെ ചെയ്യാം. ഇപ്പഴേ, എല്ലാം ചെയ്തുകൊടുത്താൽ ജീവിതത്തിൽ ഉത്തരവാദിത്വം പഠിക്കില്ല. ഇതു പോലുള്ള പല എടുത്ത് ചാട്ടങ്ങൾ ഇനിയും ഉണ്ടാകും.
സ്വർണ്ണം അവിടിരുന്നാൽ അതും പതുക്കെ തീരും. അതുകൊണ്ട് ഞാൻ തിരിച്ച് മേടിച്ചെന്നേയുള്ളു. എവിടെവരെ പോക്കുമെന്ന് നോക്കാം… പോക്ക് ശരിയാകുന്നുണ്ടെങ്കിൽ അവൾക്ക് തന്നെ കൊടുക്കം…
ഞങ്ങടെ മോളല്ലെ… കളയാൻ പറ്റില്ലല്ലോ… ഇപ്പോൾ ഈ അകൽച്ചയാ നല്ലത്… സ്വരത്തിലെ ഇടർച്ച ആരുമറിയാതിരിക്കാൻ അയാള് ശ്രമിക്കുന്നുണ്ടായിരുന്നു.