വാടകക്കാരി
(രചന: അച്ചു വിപിൻ)
വരനെ ആവശ്യമുണ്ട്… 21 വയസ്സ്,152 സെന്റിമീറ്റർ പൊക്കം,വെളുത്ത നിറം,സുന്ദരി.. ഡിഗ്രി ബി.എഡ് പാസ്സായ അധ്യാപികയായ വിശ്വകർമ യുവതിക്ക്
സ്വന്തമായി വീടും സ്ഥിരമായി ജോലിയുമുള്ള മ ദ്യ പിക്കാത്ത, പുകവലിക്കാത്ത സ്ത്രീധനം വേണ്ടാത്ത യുവാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു…
ഡാ കിരണേ നീ ഈ പരസ്യം കണ്ടോ..ഡിഗ്രി വിദ്യാഭ്യാസമേ ഉള്ളു എന്നിട്ടും വെച്ചിരിക്കുന്ന ഡിമാന്റുകൾ കണ്ടോ അവളാരാ രംഭയോ?സുന്ദരി പോലും..ഇവളെ ഒന്ന് പോയി കണ്ടൊരു പണി കൊടുത്താലോ?
നിനക്ക് വേറെ ജോലിയില്ലേ മിഥുനെ?മേനോൻ ആയ നീ ആ തട്ടാത്തിയെ പോയി കണ്ടിട്ടെന്തുണ്ടാക്കാന…
വല്ല കൂറപെണ്ണുമാകും,നീ അവൾക്കു പണി കൊടുക്കണ കാര്യം വിട് എന്നിട്ടെന്റെ കൂടെ വൈകിട്ട് ബാറിൽ വന്നൊരു കമ്പനി താ രണ്ടു ദിവസം ആയി ആകെ ഡ്രൈ ആണ് മോനെ…നീ കുടിക്കണ്ടാ just for a company.Please man common..
ഞാൻ വരാം പക്ഷെ അവൾക്കിട്ടൊരു പണി കൊടുക്കാൻ നീ എന്റെ കൂടെ വരണം..
ഓക്കേ സമ്മതിച്ചു ഞാൻ വരാം…പക്ഷെ അവളെ കണ്ടിഷ്ടപ്പെട്ടാൽ നീ ആ തട്ടാത്തിയെ കെട്ടുമോ? അവന്റെ ആ ചോദ്യം കേട്ടെനിക്കാദ്യം ചിരിയാണ് വന്നത്..
എന്റെ കിരണേ അവളെ കല്യാണം കഴിച്ചു കൂടെ പൊറുപ്പിക്കാൻ ഉള്ള കൊതി കൊണ്ടൊന്നുമല്ല പക്ഷെ എനിക്കറിയണം അവൾക്കെന്ത് യോഗ്യത ഉണ്ടായിട്ട ഇങ്ങനെ പത്രത്തിൽ പരസ്യം കൊടുത്തതെന്ന്..
പെണ്ണ് പത്താം ക്ലാസ്സ് തോറ്റാലും വേണ്ടില്ല ചെക്കൻ ഗവണ്മെന്റ് ഉദ്യോഗസ്ഥൻ തന്നെ വേണം എന്ന പെണ്ണുങ്ങടെ വാശി അതത്ര ശരിയായ നടപടി ആണോടാ?
ഇമ്മാതിരി ഐറ്റങ്ങൾക്കു വീട്ടിൽ ചെന്ന് പണി കൊടുക്കണം..
നാളെ സൺഡേ അല്ലെ നീ നിന്റെ ബൈക്കുമായി വാ നമുക്കു അവിടെ വരെ ഒന്ന് പോയി ആ മൊതലിനെ ഒന്ന് കാണാം..
ബൈക്കിലോ ഈ വെയിലത്തോ?എന്റെ പൊന്നളിയ നമുക്കു നിന്റെ കാറിൽ പോയാൽ പോരെ?
പോരാ..ഞാൻ അങ്ങോട്ട് പോകുന്നത് ബാങ്ക് മാനേജർ ആയല്ലല്ലോ വെറും ഒരു വർക്ക് ഷോപ്പ് ജീവനക്കാരൻ ആയിട്ടല്ലേ അപ്പൊ ആ ഒരു ഗെറ്റപ്പിൽ പോയാൽ മതി…
വർഷോപ്പ് പണിക്കാരനോ?
അതേടാ നല്ല ജോലിയും കാശുമൊക്കെ ഉള്ള ആളെ പ്രതീക്ഷിക്കുന്ന അവൾക്കു ഞാൻ ഇത് പറയുമ്പോ ഉള്ള ഭാവവ്യത്യാസം എനിക്ക് നേരിൽ കണ്ടറിയണം…
അന്ധാളിച്ചു വായും പൊളിച്ചു നിക്കണ അവന്റെ വാ കൂട്ടിയടച്ചു ഞാൻ വീട്ടിലേക്കു പോയി…
രാവിലെ കൃത്യം 10 മണിക്ക് തന്നെ കിരൺ വണ്ടിയുമായി വീട്ടിലേക്കു വന്നു..സാധ ഒരു ജീൻസും വില കുറഞ്ഞ ഒരു ഷർട്ടും ധരിച്ചു ഞാൻ അവളുടെ വീട്ടിലേക്കു തിരിച്ചു…
പത്രത്തിൽ കൊടുത്ത ഫോൺ നമ്പറിൽ വിളിച്ചു അഡ്രെസ്സ് ഒക്കെ ചോദിച്ചു തപ്പി പിടിച്ചു എങ്ങനെയോ അവളുടെ വീടിന്റെ മുന്നിൽ എത്തി…
സാധാ ഓരോടിട്ട വീട്..കണ്ടാൽ തന്നെ അറിയാം വല്യ കാശുള്ളവർ അല്ലെന്നു..ഓ ഈ ഓടിട്ട ബംഗ്ലാവിൽ താമസിക്കുന്നവക്കാണോ ഇത്ര വല്യ ഡിമാന്റെന്ന് മനസ്സിൽ ഓർത്തു കൊണ്ട് ഞാൻ ഇറങ്ങിയതും കിരൺ എന്റെ കയ്യിൽ കയറി പിടിച്ചതും ഒരുമിച്ചായിരുന്നു..
ഡാ മോനെ അങ്ങോട്ട് പോണോടാ?വല്ല തട്ടാന്മാരുടേം കൈ കൊണ്ട് ചാകണോ..
അവന്റെ കൈ വിടുവിച്ചു കൊണ്ട് ഞാൻ പറഞ്ഞു എന്റളിയാ ആദ്യം നീ ആ ബൈക്കിൽ നിന്ന് ഭൂമിയിലേക്കൊന്നിറങ്ങി വാ.. ആ രംഭയെ ഒന്ന് കണ്ടിട്ടു നാല് പറഞ്ഞിട്ടു നമുക്കു പോകാന്നെ …
വീടിന്റെ ഇറയത്തെത്തി ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു ഇവിടാരുമില്ലേ?
അൽപ സമയത്തിനുള്ളിൽ പ്രായം ചെന്ന ഒരു സ്ത്രീ പുറത്തേക്കിറങ്ങി വന്നു..
വരു.. കുറച്ചു മുൻപ് ഫോൺ ചെയ്തവർ അല്ലെ കയറി ഇരിക്കുട്ടോ മക്കളെ… അവരു സാരിതലപ്പ് കൊണ്ട് അവിടെ കിടന്ന കസേര തുടച്ച ശേഷം ഞങ്ങളോട് അവിടെ ഇരിക്കാൻ പറഞ്ഞു..
ഇതാണ് ചെക്കൻ..കിരൺ എന്റെ നേരെ വിരൽ ചൂണ്ടി..
അവരെന്റെ നേരെ നോക്കി ചിരിച്ചു..
നമസ്കാരം അമ്മേ ഞാൻ മിഥുൻ..
മിഥുൻ..നല്ല പേര്,മോന്റെ വീടെവിടാ?
ഇവിടെ എറണാകുളത്താ പാലാരിവട്ടത്തു ഞാൻ മറുപടി പറഞ്ഞു..
ആണോ..മക്കൾ ഇരിക്കു ഞാൻ മോളെ വിളിച്ചോണ്ട് വരാം…
അവർ അകത്തേക്ക് പോയി..
അൽപ സമയത്തിനകം ഞാൻ പ്രതീക്ഷിച്ച രംഭ കയ്യിൽ ചായയുമായി നടന്നു വന്നു..
കിരൺ എന്റെ കയ്യിൽ മെല്ലെ ഒന്ന് നുള്ളി.. ഞാൻ അവളുടെ നേരെ തലയുയർത്തി നോക്കി..കാവിലെ ഭഗവതി അറിയാതെ ആ ഡയലോഗ് എന്റെ മനസ്സിൽ വന്നു…
അവൾ വെളുത്തു സുന്ദരി ആയിരുന്നു ഐശ്വര്യമുള്ള മുഖം, വിടർന്ന കണ്ണുകൾ എനിക്കവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാൻ തന്ന തോന്നിയില്ല…
ചായ..
അവൾ എന്റെ നേരെ ഗ്ലാസ് നീട്ടി …
ഞാൻ അത് കുടിക്കാനായി കയ്യിൽ എടുത്തു…
കട്ടൻ ആണ്.. മധുരം ഇച്ചിരി കുറവാണ് ട്ടോ ഇവിടെ ഇപ്പൊ ഇതെ ഉള്ളു തരാൻ..
നല്ല ശബ്ദം ഞാൻ മനസ്സിൽ ഓർത്തു..
ഇത് മതി..ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
ചായ കുടിച്ച ശേഷം അകത്തേക്ക് വരാട്ടോ എനിക്കല്പം സംസാരിക്കണം..
ആയിക്കോട്ടെ ഞാൻ മറുപടി പറഞ്ഞു..
ചായ കുടിച്ച ശേഷം അവളോട് സംസാരിക്കാൻ വേണ്ടി ഞാൻ അകത്തേക്ക് കയറി…
അൽപ നേരത്തെ മൗനത്തിനു ശേഷം അവൾ എന്നോട് ചോദിച്ചു എന്താണ് നിങ്ങടെ ജോലി..
എനിക്കോ?
ഞാൻ ഒരു വർഷോപ്പിൽ ജോലി ചെയ്യുന്നു…
ജോലി സ്ഥിരമാണോ?
അതേ..ഞാൻ തലയാട്ടി..
വർഷോപ്പ് ജോലിക്കാരനെ കെട്ടുന്നത് തനിക്കു കുറച്ചിൽ വല്ലോം ആണോ?
എന്ത് കുറച്ചിൽ അവരും നന്നായി അധ്വാനിച്ചല്ലേ കുടുംബം നോക്കുന്നത് എല്ലാ ജോലിക്കും അതിന്റെതായ അന്തസ്സുണ്ട് അതിപ്പോ കൂലിപ്പണിക്കാരൻ ആയാൽ പോലും..
അതവിടെ നിക്കട്ടെ നിങ്ങൾക്ക് സ്വന്തമായി വീടുണ്ടോ?
ഉണ്ട്,എന്റെ സ്വന്തം വീടാണ് പക്ഷെ ഇതുപോലെ ഓടിട്ട ഒരു കൊച്ച് വീടാണ് എന്ന് മാത്രം..
വീടിന്റെ വലിപ്പത്തിൽ കാര്യമില്ല, ഓടിട്ട വീടായാലും നിങ്ങടെ സ്വന്തം വീടല്ലേ എനിക്കത് മതി..
അല്ല തന്നോട് ഞാൻ ഒന്ന് ചോദിച്ചോട്ടെ വാടകക്ക് താമസിക്കുന്ന ആളെ കെട്ടാൻ എന്താണ് ഇഷ്ടമല്ലാത്തത് അവർക്കും കല്യാണം കഴിക്കണ്ടേ?
നിങ്ങള് ചോദിച്ചത് ന്യായമായ കാര്യം ആണ് പക്ഷെ ഞാൻ കല്യാണം കഴിക്കുന്നെങ്കിൽ സ്വന്തമായി വീടുള്ള ആളാവണം.
അതെന്താ അങ്ങനെ?ഞാൻ ചോദിച്ചു..
വേറൊന്നിനും അല്ല സ്വന്തമായി ഒരു വീട്ടിൽ കിടക്കാൻ ഉള്ള കൊതി കൊണ്ടാ ..വാടക വീട്ടിൽ താമസിച്ചു മടുത്തു..ജനിച്ചപ്പോൾ മുതൽ ദേ ഈ നിമിഷം വരെ വാടക വീട്ടിലാണ് ജീവിതം സ്വന്തമായി ഒരു വീടില്ലാത്തതിന്റെ വിഷമം അതില്ലാത്തവർക്കല്ലേ അറിയൂ..
കുഞ്ഞിലേ ഞാൻ ഒരുപാടു സങ്കടപെട്ടിട്ടുണ്ട്.. വാടകക്കു താമസിച്ച കൊണ്ട് ആരും എന്നോടും അമ്മയോടും മിണ്ടില്ലായിരുന്നു കുട്ടികൾ എന്നെ കളിക്കാൻ കൂട്ടില്ലായിരുന്നു ഞാൻ എന്ത് തെറ്റു ചെയ്തിട്ട..
എന്റെ അച്ഛൻ നല്ലോണം കുടിക്കുമായിരുന്നു കുടിച്ചു കുടിച്ചാണ് അച്ഛൻ മരിച്ചത്..വാടക വീടായ കൊണ്ട് അച്ഛന്റെ ശവം പോലും ആ വീട്ടിൽ വെക്കാൻ വീടിന്റെ ഉടമസ്ഥർ സമ്മതിച്ചില്ല ശവം വെച്ചാൽ ആ വീട്ടിൽ വേറാരും താമസിക്കാൻ വരില്ല പോലും ..
അച്ഛൻ മരിച്ച ശേഷം ഞാനും അമ്മയും ജീവിക്കാൻ വേണ്ടി ഒത്തിരി കഷ്ടപ്പെട്ടു,ഞാൻ അടുത്തൊരു സ്കൂളിൽ പഠിപ്പിക്കാൻ പോകണ്ട്.. കിട്ടുന്ന കാശിൽ പകുതി വാടക കൊടുക്കാനേ തികയുന്നുള്ളു..
എന്റെ ഈ അവസ്ഥ നാളെ സ്വന്തമായി വീടില്ലാത്തതിന്റെ പേരിൽ എന്റെ മക്കൾക്കുണ്ടാവരുത് എന്നൊരാഗ്രഹമുണ്ടെനിക്ക്..
ഞാൻ മിണ്ടാതെ നിക്കുന്ന കണ്ടിട്ടാവണം അവൾ തുടർന്നു..
അതേയ് സ്ത്രീധനമായി തരാൻ ഇവിടെ ഒന്നുമില്ലാട്ടോ ഈ കയ്യിൽ കിടക്കുന്ന രണ്ടു വളയും ഈ മാലയും കമ്മലും അത് മാത്രേ ഉള്ളു,പറയുമ്പോ എല്ലാം പറയണമല്ലോ..
എന്റെ ഭർത്താവിന് ഗവണ്മെന്റ് ജോലി വേണം വല്യ ബംഗ്ലാവ് വേണം എന്നൊരാഗ്രഹവും എനിക്കില്യട്ടോ..ചെറിയൊരു വീടും എന്നെ നോക്കാനുള്ള വരുമാനവും അത് മാത്രം മതിയെനിക്ക്..
അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ എനിക്കവളെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നിപ്പോയി അത്രക്കും നിഷ്കളങ്കമായ സംസാരം..ഞാൻ എന്തോ അവളോട് ചോദിക്കണം എന്ന് കരുതി വന്നതും അതിനെ തടഞ്ഞു കൊണ്ടവൾ ചോദിച്ചു,
മാഷ് മ ദ്യ പിക്കോ?
ഇല്ലല്ലോ..മ ദ്യപിക്കില്ല എന്ന് മാത്രമല്ല പുകവലിയും ഇല്ലാ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
ആണല്ലേ..ശോ എന്തൊക്കെയോ ഞാൻ പറഞ്ഞു കൂട്ടിയത്..ഇതെന്റെ ആദ്യത്തെ പെണ്ണുകാണൽ ആണ് ട്ടോ അത്കൊണ്ടാവും എനിക്ക് വെപ്രാളം വന്നുപോയി..എനിക്ക് വേണ്ടി സംസാരിക്കാൻ എനിക്ക് ഞാൻ മാത്രേ ഉള്ളു അങ്ങനെ വല്യ ബന്ധുക്കൾ ഒന്നുമില്ല..
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു..
ഞാൻ ഒന്ന് ചോദിക്കട്ടെ ഞാൻ പോയതിനു ശേഷം കാശും പണവും ഉള്ള ഒരു ഗവണ്മെന്റ് ജോലിക്കാരൻ തന്നെ കല്യാണം കഴിക്കാൻ വന്നാൽ താൻ വർഷോപ് ജോലിക്കാരൻ ആയ എന്നെ തിരഞ്ഞെടുക്കുമോ അതൊ അയാളെ തിരഞ്ഞെടുക്കുമൊ അതും കൂടി ഒന്നറിഞ്ഞാൽ കൊള്ളാം…
ആ ചോദ്യം എനിക്കിഷ്ടായിട്ടോ അവൾ ഉറക്കെ ചിരിച്ചു..
നിങ്ങൾക്ക് ഇപ്പൊ വല്യ കുഴപ്പം ഒന്നുമില്ലല്ലോ ജോലിയുണ്ട് താമസിക്കാൻ വീടുണ്ട് അപ്പൊ ഞാൻ അതുമാത്രം നോക്കിയ പോരെ..
എന്നെ കല്യാണം കഴിക്കാൻ ഇഷ്ടം ആണെങ്കിൽ ഞാൻ നിങ്ങളെയെ തിരഞ്ഞെടുക്കു കാരണം സാധാരണ കുടുംബത്തിൽ പിറന്ന അധ്വാനികൾ ആയ ആണുങ്ങൾ ഭാര്യമാരെ നല്ലപോലെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..
സത്യത്തിൽ അവളോട് നാല് വർത്താനം പറയണം,പണി കൊടുക്കണം എന്നൊക്കെ കരുതി വന്ന ഞാൻ മിണ്ടാട്ടം മുട്ടി നിന്നുപോയി എന്നതാണ് സത്യം…അവളുടെ സൗന്ദര്യം അല്ല സ്വഭാവം ആണ് എന്നെ ആകർഷിച്ചത്…
എന്നാൽ ഞാൻ ഇറങ്ങട്ടെ വീട്ടിൽ സംസാരിച്ചിട്ട് തന്റെ അമ്മയെ വിവരം അറിയിക്കാം..
അവൾ ശരിയെന്ന അർത്ഥത്തിൽ തലയാട്ടി..
തിരിച്ചു കിരണിന്റെ കൂടെ ബൈക്കിൽ പോരുമ്പോൾ അവളുടെ മുഖം ആയിരുന്നു മനസ്സിൽ..
എന്താ അളിയാ അവൾക്കു പണി കൊടുക്കാൻ പോയിട്ട് അവള് നിനക്കിട്ടു വല്ല പണിയും തന്നോ?
പിന്നെ ഉണ്ടയാണ് നീ ചിലക്കാതെ വണ്ടി ഓടിക്കെടാ പുല്ലേ.. അവനോടത് പറയുമ്പഴും അവളുടെ വിടർന്ന കണ്ണുകൾ എന്നെ പിൻ തുടരുന്ന പോലെ തോന്നിയെനിക്ക്…
പിന്നീടുള്ള ദിവസങ്ങളിൽ അവളെ ഓർക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല..
സംഗതി കൈ വിട്ടുപോയി എന്നെനിക്ക് മനസ്സിലായി… പ്രശ്നം ഞാൻ കിരണിനു മുന്നിൽ അവതരിപ്പിച്ചു.
ഇത് വേണോ അളിയാ അവിടെ നിന്നു അവളെയല്ലാതെ പത്തിന്റെ പൈസ നിനക്ക് കിട്ടില്ല അവൻ എന്റെ നേരെ നോക്കിക്കൊണ്ട് പറഞ്ഞു..
കാശെന്തിനാടാ പുല്ലേ അതെനിക്ക് ഇഷ്ടം പോലെ ഉണ്ടല്ലോ പക്ഷെ ഇല്ലാത്ത ഒന്നുണ്ട് അവളെ പോലൊരു പെണ്ണ്…ഒന്നിനോടും ഒരു മോഹമില്ലാത്തൊരു പെണ്ണ്…
കാശും സ്വർണവും ഒന്നുമല്ലടാ നമ്മടെ ഇല്ലായ്മകൾ മനസ്സിലാക്കി കൂടെ നിക്കുന്ന ഒരു പെണ്ണിനെ ആണ് നമ്മൾ കൂടെ കൂട്ടേണ്ടത് അവളെന്റെ കൂടെ ഇണ്ടെങ്കിൽ എന്റെ ലൈഫ് കളർ ആകും മോനേ….
മ്മ്.. ഇതിങ്ങനെ ഒക്കെയെ അവസാനിക്കുള്ളൂവെന്നെനിക്കറിയാർന്നട മോനെ..നിനക്കവളെ അത്രക്കങ്ങു ഇഷ്ടായെങ്കി നോക്കി നിന്നു സമയം കളയാതെ നീ അവളെ അങ്ങ് കെട്ടളിയാ…അല്ല പിന്നെ..
എന്നാ പിന്നെ അങ്ങ് കെട്ടാല്ലേ?
പിന്നല്ലാതെ നീ പൊളിക്കു മുത്തേ അവനെന്റെ തോളിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു..
ഞാൻ ഒടുക്കം രണ്ടും കല്പ്പിച്ചുള്ള കാര്യം അമ്മയോടങ്ങു പറഞ്ഞു..
നിനക്ക് ഇഷ്ടാണെങ്കി അതന്നെ നടക്കട്ടെ മോനെ…
ജാതിയല്ല മനസ്സിന്റെ ഇഷ്ടാണ് വലുത് പിന്നെ കാശിന്റെ കാര്യം ആണെങ്കി ആ കുട്ടിക്ക് ഇല്ലെങ്കിലും നമുക്കുണ്ടല്ലോ അവൾ ഇങ്ങടല്ലേ വരണേ ഒക്കെ അതിന്റെ മുറക്ക് നടക്കട്ടെ നീ കെട്ടണ കുട്ടി മൂധേവി ആണെങ്കി കൂടെ അവൾ എനിക്ക് ശ്രീദേവി ആയിരിക്കും എന്നും..
യ്യോ!! അമ്മയാണമ്മേ അമ്മ എന്റെ പൊന്നമ്മ ബാബുവേ… ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു ആ കവിളത്തൊരുമ്മ കൊടുത്തു…
പിന്നീട് കാര്യങ്ങൾ ഒക്കെ എടിപിടീന്നായിരുന്നു എന്റെ അമ്മ അവളുടെ വീട്ടിൽ ചെന്ന് ഞങ്ങടെ കല്യാണം ഉറപ്പിച്ചു. അമ്മ ഞാൻ ബാങ്കിൽ ജോലി ചെയ്യുന്ന കാര്യം ഒക്കെ അവളുടെ അമ്മയുമായി സംസാരിച്ചു…
വിവാഹം കഴിയുന്ന വരെ അവളിൽ നിന്നും ഈ കാര്യങ്ങൾ മറച്ചു വെക്കാൻ അവരോടാവശ്യപ്പെട്ടു..മകൾക്കൊരു നല്ല ജീവിതം കിട്ടുന്നതിൽ അവരും സന്തോഷിച്ചു…
പിന്നീട് എല്ലാം വേഗത്തിൽ തന്നെ നടന്നു ചെറിയ രീതിയിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ഒരു കല്യാണം ആയിരുന്നു ഞങ്ങളുടേത് …
എന്റെ കൂടെ പോരാൻ നേരം അവൾ അവളുടെ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു…
കാറിൽ കയറി എന്റടുത്തിരുന്ന അവളെ ഞാൻ ഓരോന്ന് പറഞ്ഞാശ്വസിപ്പിച്ചു..
അവളുടെ അമ്മയെ കുറിച്ച് ആയിരുന്നു അവൾക്ക് വിഷമം മുഴുവൻ, അമ്മ വീട്ടിൽ തനിച്ചാണെന്നത് അവളെ ഏറെ വിഷമിപ്പിച്ചിരുന്നു അമ്മയെ നമ്മടെ കൂടെ നിർത്താം എന്ന് ഞാൻ പറഞ്ഞത് അവളെ ഏറെ സന്തോഷിപ്പിച്ചു…
എന്റെ വീട് എങ്ങനെ ഇരിക്കും എന്ന ഒരു ധാരണയും അവൾക്കില്ലായിരുന്നു അത് കൊണ്ട് തന്നെ പോകുന്ന വഴിയിൽ ഓരോ ഓടിട്ട വീടു കാണുമ്പഴും അതാണോ നമ്മടെ വീട് എന്നാകാoഷയോടെ അവൾ ചോദിച്ചു കൊണ്ടിരുന്നു..
അങ്ങനെ ചോദ്യങ്ങൾക്കു വിരാമം ഇട്ടു കൊണ്ട് എന്റെ വീടിന്റെ മുന്നിൽ കാർ നിന്നു..
ഞാൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു, വാ ഇറങ്ങു..
അവൾ എന്നെ അനുഗമിച്ചു..
എന്റെ വീടിന്റെ മുന്നിലെത്തി ഞാൻ നിന്നു…
ശോ എന്ത് വല്യ വീടാല്ലേ ഇത്.. ഇതാരുടെ വീടാണാവോ അവൾ സ്വയം പറഞ്ഞു..
നമ്മടെ വീടെവിടെ? ഇതിന്റെ പുറകിൽ ആണോ?അവൾ എന്റെ നേരെ നോക്കി.
നീ വന്നേ ഞാൻ അവളെയും കൂട്ടി എന്റെ വീട്ടിലേക്കു കയറി..
ഇതെന്താ നമ്മൾ ഇവിടെ?
അതൊക്കെ പറയാം നീ അങ്ങോട്ട് നോക്കിക്കേ…
നിലവിളക്ക് കൊണ്ട് വരുന്ന എന്റെ അമ്മയെ കണ്ടവൾ ഞെട്ടി..
ഇത്…. ഈ വീട്..
എനിക്കൊന്നും മനസ്സിലാകുന്നില്ല…
അവൾ അന്ധാളിച്ചു നിക്കുന്ന കണ്ടപ്പോൾ ഞാൻ തുടർന്നു ദിവ്യ ഇതാണ് നമ്മടെ വീട് നമ്മടെ സ്വന്തം വീട്..
താമസിക്കാൻ വീടില്ല എന്നതിന്റെ പേരിൽ ഇനിയാരും നിന്നെ മാറ്റി നിർത്തില്ല ഇതിനി നിന്റെ വീടാണ് നിന്റെ മാത്രം വീട്.
നീ കരുതും പോലെ ഞാൻ ഒരു വർക്ക്‌ഷോപ്പ് പണിക്കാരൻ അല്ല എനിക്ക് ബാങ്കിൽ ആണ് ജോലി,ഈ കാണുന്നത് നമ്മടെ വീടാണ് ഇപ്പൊ നീ ഇത്രയും അറിഞ്ഞ മതി തൽക്കാലം അമ്മയുടെ കയ്യിൽ നിന്നും ആ വിളക്ക് മേടിക്കു…
നിറകണ്ണുകളോടെ അമ്മ കൊടുത്ത വിളക്കുമായവൾ അകത്തേക്ക് കയറുമ്പോൾ കുന്നിക്കുരു ആഗ്രഹിച്ചവൾക്കു കുന്നോളം കൊടുക്കാൻ സാധിച്ച സന്തോഷമായിരുന്നെന്റെ മനസ്സ് നിറയെ…..
NB:കഥയിലെ കഥാപാത്രങ്ങൾ സാങ്കൽപികം മാത്രം.. പണം,സൗന്ദര്യം ജോലി,വിദ്യാഭ്യാസം എന്നിവ മാത്രം നോക്കി കല്യാണം കഴിക്കുന്ന ഇന്നത്തെ തലമുറയിൽ ദിവ്യയെയും മിഥുനെയും പോലുള്ളവരെയൊക്കെ കാണാൻ കിട്ടിയ തന്നെ അതൊരു ഭാഗ്യം എന്നെ കരുതാൻ കഴിയു…