കയ്യൊപ്പ്
(രചന: Sebin Boss J)
“” ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അവർ സംസാരിക്കട്ടെ. നമുക്ക് മറ്റ് കാര്യങ്ങൾ തീരുമാനിക്കാം “”
കൃഷ്ണേട്ടൻ പറയുന്നത് കേട്ടപ്പോൾ ചായ വെച്ചിട്ട് കയ്യിൽ ട്രേയുമായി ഹാളിലേക്കുള്ള വാതിൽപ്പടിയിൽ നിന്നിരുന്ന ടെസ്സി യാന്ത്രികമായി പുറകോട്ട് നീങ്ങി .
” വേറൊരു പെണ്ണിനെ കാണാൻ വന്നതാണ് , ഇവിടെ വന്നപ്പോഴാണ് ടെസ്സിയുടെ കാര്യം ഓർത്തത് , ഒന്ന് വന്നു കണ്ടോട്ടേ”യെന്ന് അമ്മയോട് ചോദിച്ചപ്പോൾ വേണ്ടായെന്ന് പറഞ്ഞതാണ് , തന്നെ കാണാനായി വന്നതല്ലല്ലോ .
ആ ചിന്തയുടെ കൂടെ ബ്രോക്കർ കൃഷ്ണേട്ടന്റെ കൂടെ വന്ന ആളെ കണ്ടതും ആകെ ഷോക്കായി
ജോ ..ജോഷ്വാ …
അവന് അറിയില്ലേ ഇത് തന്റെ വീടാണെന്ന് .
ഡൈനിംഗ് ടേബിളിൽ ആഹാരം നിരത്തി വെക്കുന്ന അമ്മയെ ഒന്ന് നോക്കിയിട്ടവൾ തന്റെ മുറിയുടെ മുന്നിലെത്തി തിരിഞ്ഞ് ജോഷ്വാ വരുന്നുണ്ടോയെന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു .
“‘ ഓ … അയാൾക്കും പിടിച്ചില്ലേ ചേച്ചിയെ ? എന്നാ പെട്ടന്നിങ്ങു പോന്നെ ? “” അകത്ത് കുഞ്ഞിന് പാല് കൊടുക്കുകയായിരുന്ന അനിയത്തിയുടെ ചോദ്യം ടെസ്സിയുടെ പുറകിലുണ്ടായിരുന്ന ജോഷ്വായുടെ തലവെട്ടം കണ്ടതും മുറിഞ്ഞു .
അനിഷ്ടത്തോടെയിരുന്ന മുഖത്ത് ഒരു ചിരി വരുത്തിക്കൊണ്ടവൾ കുഞ്ഞിനേയും എടുത്ത് പുറത്തു കടന്നപ്പോൾ ജോഷ്വാ ഉള്ളിലേക്ക് കയറി .
“” ജോ …ഇത് വേണ്ടായിരുന്നു ?”” അവൻ അകത്തു കയറിയതേ ടെസ്സി പറഞ്ഞു .
“‘ എന്താണ് മാഡം ? എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടാണോ, അതോ ഒരു വെറും പീയൂൺ വില്ലേജോഫീസറെ പെണ്ണ് കാണാൻ വന്നതിഷ്ടമായില്ലാഞ്ഞിട്ടോ ?”’
“‘ നോക്ക് ജോ… നിന്റെ സംസാരത്തിൽ ഇപ്പോൾ തന്നെയുണ്ട് ഒരുതരം അപകർഷതാബോധം . “”
“‘ഹഹഹ … മാഡം എന്നുള്ള വിളി കേട്ടാണോ ? പരസ്പരം ടീച്ചർ , സാർ എന്ന് വിളിക്കുന്ന എത്രയോ ടീച്ചേർസ് ഫാമിലി ഉണ്ടെന്ന് മാഡത്തിന് അറിയാമോ ? . എനിക്കൊരു അപകർഷതയുമില്ല . കാരണം മാഡം ആണ് പെണ്ണെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇങ്ങോട്ട് വന്നത് . “”
ടെസ്സിയുടെ കണ്ണുകളിൽ ചെറിയൊരു തിളക്കം മിന്നി മറഞ്ഞു ..
“‘മാഡം ആണ് കൂടപ്പിറപ്പുകളെ ഒരു കരക്കെത്തിച്ചതെന്ന് കൃഷ്ണേട്ടൻ പറഞ്ഞു . അമ്മയും എന്നെ കഷ്ടപ്പെട്ടാണ് പഠിപ്പിച്ചത് . ആ കഷ്ടപ്പാട് എനിക്കും അറിയാം . അപ്പോൾ എന്നെപ്പോലൊരാൾ …അങ്ങനെയേ ഞാൻ കരുതിയിട്ടുള്ളൂ . ചേരുംപടിയാണല്ലോ ചേരേണ്ടത് .””
“‘പക്ഷെ ജോ പീയൂൺ ..”’
“‘ കാപ്പിയെടുത്തു മോളെ ..”” അമ്മയുടെ ശബ്ദം പുറത്തു കേട്ടതും ടെസ്സി പറയാൻ വന്നത് നിർത്തിയിട്ട് ജോയെ നോക്കിയപ്പോഴേക്കും ജോ വെളിയിലേക്ക് നടന്നിരുന്നു .
“‘ ചേട്ടൻ ചേച്ചീടെ ഓഫീസിൽ പീയൂൺ ആണല്ലേ ? ”’ അല്പം പുച്ഛത്തോടെയുള്ള അനിയത്തി ജെസ്സിയുടെ ചോദ്യം ജോഷ്വായിൽ ചമ്മലല്ല ചിരിയാണുണർത്തിയത്.
“‘ജെസ്സി ജോലി ചെയ്യുന്നുണ്ടോ ?”’
“‘ഇല്ല …ഇച്ചായന് വിടാൻ ഇഷ്ടമല്ല “‘അല്പം അഭിമാനത്തോടെ അവൾ അടുത്തിരിക്കുന്ന ഹസ്ബൻഡ് റോബിനെ നോക്കി പറഞ്ഞു .
“” മാഡം ..മാഡം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണത്തിന്റെ ഒരു ഭാഗം വെയ്സ്റ്റായി “” ജോഷ്വാ ടെസ്സിയെ നോക്കിപ്പറഞ്ഞപ്പോൾ അവൾ എന്തെന്ന ഭാവത്തിൽ ജോഷ്വായെ നോക്കി .
“‘ ചെറുപ്പം മുതൽ കഷ്ടപെടുന്നത് സഹോദരങ്ങൾക്ക് വേണ്ടിയല്ലേ ? അതിനു വേണ്ടിയല്ലേ എല്ലാ ഭാരങ്ങളും തീർത്തിട്ട് കല്യാണം മതിയെന്ന് തീരുമാനിച്ചതും .
പൈസ മുടക്കി അനിയത്തിയെ പഠിപ്പിച്ചിട്ട് എന്ത് ഫലമുണ്ടായി ? അവൾ ജോലിക്കു പോകുന്നില്ല . വെറുതെ ആ ക്യാഷ് വെയ്സ്റ്റ് ആയി . പത്താം ക്ളാസ് തന്നെ ധാരാളമായിരുന്നു .”‘
“‘ നിങ്ങൾ പെണ്ണ് കാണാൻ വന്നതല്ലേ ഉള്ളൂ . കല്യാണം തീരുമാനിച്ചിട്ട് പോലുമില്ല അതിന് മുൻപ് ഭരിക്കാൻ നോക്കുന്നോ ?”” ടെസ്സിയുടേ അനിയൻ കിരണിന്റെയായിരുന്നു ശബ്ദം .
“‘അനിയൻ ഇപ്പോളെന്ത് ചെയ്യുന്നു ?”
“” ഞാൻ എന്തേലും ചെയ്യട്ടെ ..അതിന് നിങ്ങൾക്കെന്താ ? “” മറുപടി ചോദ്യമായപ്പോൾ കിരണിനത് ഇഷ്ടപ്പെട്ടില്ല .
“‘അവൻ എൻജിനീയറിങ് കഴിഞ്ഞു നിക്കുവാ മോനെ “” ടെസ്സിയുടെ അമ്മ
“‘ എന്താ ജോലിക്കൊന്നും അപ്ലൈ ചെയ്തില്ലേ ? ക്യാംപസ് റിക്രൂട്ട്മെന്റോക്കെ ഉണ്ടല്ലോ ഇപ്പോൾ “‘
“‘ കിട്ടിയാരുന്നു …പോയില്ല . വെറുതെ വെയില് കൊള്ളുന്നത് മിച്ചം ,അത്ര സാലറി ഒന്നുമില്ലായിരുന്നു”” കിരൺ അലസഭാവത്തിൽ പറഞ്ഞു .
”’ അവൻ ഗൾഫിൽ പോകാൻ നോക്കുവാ മോനേ “‘ വീണ്ടും ടെസ്സിയുടെ അമ്മ .
“‘ ഗൾഫിൽ വെയിൽ ഒന്നുമില്ലായിരിക്കും അല്ലെ ? ഏസിയിലാണോ ജോലി ? എവിടെ ചെന്നാലും ഓരോ ജോലിക്കും അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട് കിരൺ . നിന്റെ ചേച്ചിക്ക് പ്രായം മുപ്പത്തിയഞ്ചായില്ലേ .
ഈ ആലോചന നടക്കില്ല , എനിക്കറിയാം .. എന്നാലും പറയുവാ .. മാഡത്തിന്റെ കല്യാണം കഴിഞ്ഞാൽ പിന്നെ ഈ വീടിന്റെ ഭാരം മുഴുവൻ നിന്റെ ചുമലിൽ ആയിരിക്കും .
ഇപ്പോഴേ എന്തെങ്കിലും ജോലിക്ക് ട്രൈ ചെയ്താൽ നിനക്കൊരു എക്സ്പീരിയൻസും ആകും മാഡത്തിന്റെ ഭാരം കുറയുകയും ചെയ്യും . .അതിൽ മടിയൊന്നും വിചാരിക്കണ്ട . ഗൾഫിൽ ചെന്നാലും എക്സ്പീരിയൻസ് വേണ്ടി വരും . പറഞ്ഞപോലെ ഒരനിയനേം അനിയത്തീനേം കണ്ടില്ലല്ലോ “” ജോഷ്വാ ചുറ്റിനും നോക്കി .
“‘ ബെറ്റ്സി കോളേജിൽ നിന്ന് ടൂർ പോയേക്കുവാ , മിഥുൻ ഫ്രണ്ടിന്റെ പെങ്ങളുടെ വിവാഹ നിശ്ചയത്തിനും “”” അമ്മയാണതിനും ഉത്തരം പറഞ്ഞത് .
“‘ മിഥുൻ നേരത്തെ പോയോ ? അതോ ഞങ്ങൾ വരുന്നെന്ന് പറഞ്ഞു കഴിഞ്ഞോ ?”’ ജോഷ്വാ ടെസ്സിയെ നോക്കി .
“‘ ഇല്ല ..അവനിപ്പോൾ പോയതേ ഉള്ളൂ .ഒരു കൂട്ടുകാരന്റെ കൂടെ “‘
“‘അവനറിയില്ലായിരുന്നോ ഞങ്ങൾ വരുന്നെന്ന് . അതോ സ്വന്തം പെങ്ങളുടെ കാര്യത്തേക്കാൾ വലുതാണോ വല്ലവന്റെയും പെങ്ങൾ ..”‘
”അതിന് കല്യാണം ഉറപ്പിക്കാനൊന്നുമല്ലല്ലോ വന്നത് . വെറുതെ പെണ്ണ് കാണാൻഅല്ലെ ?”’ കിരൺ പുച്ഛത്തോടെ ജോഷ്വായെ നോക്കി .
“”‘ കല്യാണം നടക്കില്ലന്ന് നീ നേരത്തെ തന്നെ ഉറപ്പിച്ചോ ? എനിക്ക് ഇഷ്ടമാണ് മാഡത്തെ . സമ്മതമാണെങ്കിൽ കൃഷ്ണേട്ടനോട് പറയൂ “” ജോഷ്വാ എഴുന്നേറ്റു വാഷ് ബേസിനിലേക്ക് നടന്നു .
“” മാഡം … വിളി കേട്ടില്ലേ . എന്നിട്ട് യാതൊരു ഉളുപ്പുമില്ലാതെ മേലുദ്യോഗസ്ഥയെ പെൺ കാണാൻ വന്നിരിക്കുന്നു “” കിരണിന് ദേഷ്യം അടക്കാനായില്ല .
“” സാറെ .. പൈസയായിട്ടൊന്നുമില്ല . സ്വർണമായിട്ട് എട്ടുപത്തു പവൻ തരും . പിന്നെ … പിന്നെ ഇവർക്കൊരു ഡിമാൻഡ് കൂടിയുണ്ട് “” എങ്ങനെയേലും കല്യാണം നടന്നാൽ കിട്ടുന്ന കമ്മീഷൻ ഓർത്തു കൃഷ്ണേട്ടൻ സിറ്റുവേഷൻ മനസ്സിലാക്കാതെ അടുത്ത കാര്യം എടുത്തിട്ടു .
“‘ എന്തായത് കൃഷ്ണേട്ടാ ?”’ ജോഷ്വാ തിരികെ ടേബിളിനടുത്തെത്തി ടെസ്സിയെ നോക്കി . അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു .
“” സാറിനറിയാല്ലോ , മാഡത്തിന്റെ വരുമാനം കൊണ്ടാണ് ഈ കുടുംബം കരകേറിയത് . ഇനിമുണ്ട് ഇളയത്തുങ്ങള് . അവരുടെ പഠിത്തവും മറ്റു കാര്യങ്ങളും …അത് കൊണ്ട് …”’ കൃഷ്ണേട്ടൻ തെല്ലു പരുങ്ങലോടെ കാര്യം പറഞ്ഞു തുടങ്ങി .
“‘അത് കൊണ്ട് ? “” ജോഷ്വാ അയാളെ നോക്കി .
“‘ സാറെ .. മാഡത്തിന്റെ ശമ്പളത്തിന്റെ പാതി ഇവിടെ കൊടുക്കണം . , ഏലിക്കുട്ടി ചേച്ചിക്ക് പ്രായമായില്ലേ ? ചേച്ചി പശൂനെ വളർത്തിയും മറ്റുമാ ഇവരെ ഇതുവരെ ആക്കിയത് ….””‘
“‘സാധ്യമല്ല … അമ്മ വേണമെങ്കിൽ എന്റെ വീട്ടിൽ വന്നു നിൽക്കട്ടെ . കൊച്ചു പിള്ളേരൊന്നുമല്ലലോ . മൂത്തവന് നോക്കാവുന്നതേയുള്ളു ഇളയതുങ്ങളുടെ കാര്യം …”‘ ജോഷ്വാ എടുത്തടിച്ച പോലെ പറഞ്ഞതും കിരൺ കസേര പുറകോട്ട് വലിച്ചെണീറ്റു .
“‘ ഇറങ്ങടാ എന്റെ വീട്ടിൽ നിന്ന് . പെണ്ണ് കാണാൻ വന്നവൻ ഭരിക്കുന്നോ ?….””‘
പുറകിൽ നിന്ന് കിരണിനെ പിടിക്കുന്ന അമ്മയെയും ടെസ്സിയെയും ഒന്ന് നോക്കിയിട്ട് ജോഷ്വാ ചെറുപുഞ്ചിരിയോടെ പുറത്തേക്ക് നടന്നു .
“” മാഡം …ചായ ….””‘
“‘അവിടെ വെച്ചേക്കൂ ..””
പിറ്റേന്ന് ജോഷ്വായുടെ ശബ്ദം കേട്ടതും നോക്കിക്കൊണ്ടിരുന്നു ഫയലിൽ നിന്ന് കണ്ണുയർത്താതെ ടെസ്സി പറഞ്ഞു . . അയാളെ അഭിമുഖീകരിക്കാൻ അവൾക്കെന്തോ മടിയായിരുന്നു .
“‘ചേച്ചീ … കളക്ടർ ടിബിയിൽ വന്നിട്ടുണ്ട് . പട്ടയത്തിന്റെ ഫയലൊക്കെയായിട്ട് അങ്ങോട്ട് ചെല്ലാൻ രമേഷ് സാർ പറഞ്ഞു . . മന്ത്രിസഭയുടെ തീരുമാനം പട്ടയം പെട്ടന്ന് കൊടുക്കണമെന്നല്ലേ . ഇതിപ്പോ മുന്നറിയിപ്പില്ലാതെ വന്നല്ലോ . പുതിയ ആളും . നല്ല സ്ട്രിക്റ്റ് ആണെന്നാ രമേശ് സാർ പറഞ്ഞു കേട്ടത് ?””
ക്ലർക്ക് രാധിക ക്യാബിനിലേക്ക് വന്നപ്പോൾ ചിന്തയിൽ നിന്നുണർന്നു .
“‘ രാധികേ … നീയും കൂടെ വാ . മോഹനേട്ടനോട് ആ പട്ടയത്തിന്റെ ഫയലൊക്കെ എടുത്തു വെക്കാൻ പറയ് “”
“”””’ ശെരി ചേച്ചി …”‘ രാധിക പുറത്തേക്കിറങ്ങി . ടെസ്സിയുടെ ഏറ്റവുമടുത്ത കൂട്ടുകാരിയുടെ അനിയത്തി ആണ് രാധിക . അത് കൊണ്ട് തന്നെ ടെസ്സിക്ക് രാധിക സ്വന്തം അനിയത്തിയെ പോലെയാണ് .
“‘ചായ കുടിക്കുന്നില്ലേ മാഡം ? ടീബിയിൽ പോയാൽ എപ്പോ തിരിച്ചു വരുമെന്ന് കരുതിയാണ് ?”’
“‘ വേണ്ട മോഹനേട്ടാ .. ആ ഫയലൊക്കെ എടുത്തു വെക്കൂ . കളക്ടർ വെയിറ്റ് ചെയ്യുവല്ലേ “”
കബോർഡിൽ നിന്ന് അപേക്ഷകളും മറ്റ് പേപ്പേഴ്സും ഒക്കെ എടുത്തു ടെസ്സി പെട്ടന്ന് തന്നെ റെഡിയായി .
“‘ചേച്ചി …. മുൻപേ നടക്ക് . എനിക്കാകെ ഭയമാണ് “” കാറിൽ നിന്നിറങ്ങി ടിബിയിൽ കളക്ടറുടെ മുറിയിലേക്ക് നടക്കുമ്പോൾ രാധിക ടെസ്സിയുടെ പുറകിൽ പമ്മി .
“”‘ യെസ് ..കം ഇൻ “” വാതിലിൽ മുട്ടിയപ്പോൾ അകത്തു നിന്നും ഗാംഭീര്യമുള്ള ശബ്ദം മുഴങ്ങി .
“” മാഡം … രാഷ്ട്രീയ ശുപാർശകളുടെ ആധിക്യം മൂലം അർഹതപ്പെട്ടവർക്ക് ഒരിക്കലും പട്ടയം നിക്ഷേധിക്കരുത് . മൂന്നും നാലും സെന്ററിൽ വീട് കെട്ടി താമസിക്കുന്നവർ , അവരുടെ ലിസ്റ്റ് വേണം ആദ്യം എടുക്കാൻ . “‘
ഫയൽ നോക്കിക്കൊണ്ടിരിക്കെ കളക്ടർ അവരോട് പറഞ്ഞു .
“‘അടുത്ത ഞായർ മിനിസ്റ്റർ വരുന്നുണ്ട് പട്ടയമേളക്കായി . അന്നേരത്തേക്കും എല്ലാം റെഡി ആകുമല്ലോ അല്ലെ . ഇവിടെ സ്കൂളിൽ ആണ് നടത്താനുദ്ദേശിക്കുന്നത് . അതിന്റെ മേൽനോട്ടത്തിന് മാഡം ആദ്യം മുതൽ ഉണ്ടാവണം .””
“‘ശെരി സാർ ..”” ടെസ്സി ചിരിച്ചു .
“” രാധിക ..അല്ലെ . ? രാധിക മാഡത്തിന്റെ കൂടെ ഉണ്ടാവണം .”” കളക്ടർ രാധികയെ നോക്കി പറഞ്ഞപ്പോൾ അവൾ അമ്പരന്നു . കളക്ടർക്ക് തൻറെ പേര് ? കളക്ടർ എന്താണ് ചേച്ചിയെ മാഡം എന്ന് ?…””‘
“‘രാധിക എന്താണ് ആലോചിക്കുന്നത് . ഞാൻ എന്താണ് മാഡം എന്ന് വിളിക്കുന്നതെന്നാണോ ? ഞാനൊരു സാധാരണ കുടുംബത്തിലെ അംഗമാണ് .
അമ്മ മാത്രമുള്ള കുടുംബത്തിൽ ഹൈസ്കൂൾ മുതൽ പത്രവിതരണവും മറ്റും നടത്തിയും പ്രീഡിഗ്രി കഴിഞ്ഞപ്പോൾ പത്രവിതരണത്തിന്റെ കൂടെ ട്യൂഷൻ എടുത്തും മാറ്റ് പണികൾ ചെയ്തുമാണ് ഞാൻ പഠിച്ചത് . ആദ്യം ജോലി കിട്ടിയത് മാഡത്തിന് കീഴിൽ പീയൂൺ ആയിട്ടാണ് . ഇപ്പോൾ മനസ്സിലായോ ഞാൻ എന്താണ് മാഡം എന്ന് വിളിക്കുന്നതെന്ന് “”’
അത് കേട്ടതും രാധികക്ക് വിശ്വസിക്കാനായില്ല .
“‘ പിന്നെ എങ്ങനെ സാർ …”’
“‘കളക്ടറായെന്ന് അല്ലെ ? .. ജോലിയോടൊപ്പം ഈവനിംഗ് ക്ളാസിൽ വീണ്ടും ഉപരി പഠനം . കിട്ടുന്നതൊക്കെയും വായിക്കും . അങ്ങനെ സിവിൽ സർവീസ് എഴുതി . ആദ്യ തവണ പരാജയപ്പെട്ടെങ്കിലും എന്റെ വൈഫിന്റെ മോട്ടിവേഷൻ കൊണ്ട് അടുത്ത പ്രാവശ്യം സിവിൽ സർവീസ് എഴുതിയെടുത്തു . “”’
“‘ ചേച്ചീ … ഒരു കാര്യം ചോദിച്ചോട്ടെ “”
അന്ന് വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കവേ ടെസ്സിയുടെ പുറകെ രാധിക ഓടിയെത്തി .
“‘എന്താ രാധികേ ?””
“‘ ചേച്ചിയെ പണ്ട് പെണ്ണ് കാണാൻ ഒരു പീയൂൺ വന്നിരുന്നു എന്ന് മീനുച്ചേച്ചിപറഞ്ഞു കേട്ടിട്ടുണ്ട് . അത് ..അതീ കളക്ടർ ആണോ ?”’
“‘അതേ …”’ ടെസ്സി പുഞ്ചിരിച്ചു . അവളുടെ മുഖത്തെ ഭാവം വായിച്ചെടുക്കുവാൻ രാധികക്കായില്ല
“‘ശ്ശ്യോ … അന്ന് കല്യാണം കഴിച്ചാൽ മതിയരുന്നല്ലേ …””‘ രാധിക പറഞ്ഞു തീർന്നതും ഒരു കാർ മുന്നിലേക്ക് പോയിട്ട് പോയിട്ട്അവരുടെ അടുത്തേക്ക് റിവേഴ്സ് വന്നു നിന്നു
“‘അയ്യോ .. കളക്ടർ .എന്നാ ആയുസാ “‘ രാധിക പിന്നെയും ടെസ്സിയുടെ പിന്നിൽ പമ്മി
” എന്ത് പറ്റി ? വണ്ടി റിപ്പയറാണോ ?”’
“‘അതേ … വർക് ഷോപ്പിലാണ് .നാളെയെ കിട്ടൂ “”
“‘ ഓഹ് !! ഞാൻ കൊണ്ട് പോയി വിടണോ ?”’
“‘ ചേച്ചീ .. കളക്ടർക്ക് ഇപ്പോഴും പണ്ടത്തെ സിമ്പതി ഉണ്ടെന്നാ തോന്നുന്നേ ..ചെല്ല് ചെല്ല് “”രാധിക പുറകിൽ നിന്ന് പിറുപിറുത്തൊണ്ട് ടെസ്സിയെ നുള്ളി .
“” വേണ്ട … ഞാൻ ഓട്ടോക്ക് പൊക്കോളാം . മോളെയും കൂട്ടണം ഡേ കെയറിൽ നിന്ന് “”
“‘ ഓക്കേ .. “‘ കളക്ടർ ഗ്ലാസ് മുകളിലേക്ക് കയറ്റിയതും ടെസി ഡോറിൽ തട്ടി .
“‘എന്താണ് മാഡം ?”” കളക്ടർ ജോഷ്വാ ടെസ്സിയെ നോക്കി .
“‘ നാളെ കിരണൊക്കെ വരുന്നുണ്ട് . ഇച്ചിരി പച്ചമീൻ മേടിക്കണെ “”
“‘കരിമീൻ തന്നെ മേടിച്ചേക്കാം . അല്ലേൽ അളിയൻ പെങ്ങടെ വീട്ടിൽ ഊണ് കഴിക്കാതിരുന്നാലോ “” ജോഷ്വാ ചിരിച്ചു .
“‘ വേണ്ട ജോ ..കളിയാക്കണ്ട ട്ടോ . അവൻ പഴേ കിരണല്ല . .എല്ലാരേം പേടിപ്പിച്ചു നേർവഴിക്ക് നടത്തീട്ട് … ഹും “”
“” ഹഹ .. ദേണ്ടെ രാധിക അമ്പരന്നു നിൽക്കുന്നു . നിന്റെ ചേച്ചി ഒന്നും പറഞ്ഞില്ലേ ? ഉറ്റ കൂട്ടുകാരിയെ പീയൂൺ തന്നെ കെട്ടിയെന്ന് “”
“‘ഇല്ലാ …. പെണ്ണ് കാണാൻ വന്നെന്നെ എനിക്കറിയൂ …”’
“‘ ശ്ശ്യോ ..അകെ നാണം കെട്ടു . ചേച്ചിക്കെങ്കിലും പറയാമായിരുന്നു കേട്ടോ . പിന്നെ എങ്ങനെ കല്യാണം കഴിച്ചു ചേച്ചി “‘ കളക്ടറുടെ കാർ മറഞ്ഞതും രാധിക്കകാംഷ അടക്കാനായില്ല .
“‘ദൈവത്തിന്റെ കയ്യൊപ്പ് എന്നൊന്നുണ്ട് മോളെ . അത് നമ്മളിൽ എല്ലാവരിലും പതിഞ്ഞിട്ടുണ്ടാകും . ചേരേണ്ടവരെയാണ് ദൈവം ചേർക്കൂ . അൽപം ദേഷ്യക്കാർക്ക് സൗമ്യ മനസ്സുള്ളവരെയും ,
തണുപ്പൻ മറ്റുള്ളവർക്ക് മിടുക്കുള്ള ജീവിത പങ്കാളിയെയും ഒക്കെ . എന്റെ ജീവിതത്തിനും കഷ്ടപ്പാടിനും ഒരു ഫലമുണ്ടായത് ജോയെ വിവാഹം കഴിച്ചതിന് ശേഷമാണ് “‘
“‘അപ്പൊ ചേച്ചി അന്ന് തന്നെ വിവാഹത്തിന് സമ്മതിച്ചോ ? വീട്ടുകാരെല്ലാം എന്ത് പറഞ്ഞു ?”’
“”‘ പിറ്റേന്ന് ഓഫീസിൽ ജോ എനിക്ക് ചായ കൊണ്ട് വന്ന് തന്നിട്ട് തിരികെ പോകാൻ നേരം ഞാൻ സമ്മതം പറഞ്ഞു . ചില തീരുമാനങ്ങൾ നമ്മൾ എടുക്കേണ്ടതാണ് മോളെ , വീട്ടുകാരല്ല .അവരുടെ സമ്മതവും നോക്കണം എന്ന് മാത്രം . .
വിവാഹം കഴിക്കേണ്ടവർ അല്ലെ പരസ്പരം സംസാരിച്ചു തീരുമാനം കൈക്കൊള്ളേണ്ടത് ? പണമോ പദവിയോ നോക്കിയല്ല വിവാഹം കഴിക്കേണ്ടത് . നമ്മളെ മനസിലാക്കുന്ന, സ്നേഹിക്കുന്ന ആളെ ആവണം. വിഷമത്തിൽ കൈപിടിച്ച് നടക്കുന്ന ആശ്വസിപ്പിക്കുന്ന ആളാവണം ,
തകർച്ചയിൽ നിന്ന് കൈ പിടിച്ചുയർത്തുന്ന ആളാവണം , അല്ലാതെ കുറ്റപ്പെടുത്തുന്ന ആളാവരുത് നമ്മുടെ ജീവിത പങ്കാളി . അക്കാര്യത്തിലൊക്കെ ഞാൻ ഭാഗ്യവതിയാണ് “”‘ ടെസ്സി കഴുത്തിൽ കിടന്ന താലി വിരലിൽ കൊരുത്തു . “”’