അവർക്ക് മറ്റു വഴികളില്ലായിരുന്നു സ്വന്തം ഭർത്താവിന്റെ തനിനിറം മനസ്സിലാക്കാൻ ഒരു..

മീര
(രചന: Raju Pk)

ദൈവമേ ഇന്ന് ഒന്നനുഗ്രഹിച്ചേക്കണേ എന്ന പ്രാർത്ഥനയോടെ ഓട്ടോയുമായി സ്റ്റാന്റിലേക്ക് കയറുമ്പോൾ മീരേച്ചി ആരെയോ പ്രതീക്ഷിച്ചെന്നതുപോലെ അല്പം മാറി നിൽക്കുന്നുണ്ട്. വന്ന് കയറിയതും ടൗണിലേക്ക് ഒരോട്ടവും കിട്ടി.

കാര്യം ഞങ്ങൾ അയൽവാസിയാണെങ്കിലും വീടിനു പുറത്ത് എവിടെ വച്ച് കണ്ടാലും ചേച്ചി കണ്ട ഭാവം പോലും നടിക്കാറില്ല.

കള്ളിനും കഞ്ചാവിനും അടിമയായ സ്വന്തം ഭർത്താവിനെ വീട്ടിൽ നിന്നും അടിച്ചിറക്കുകയായിരുന്നു ചേച്ചി അയാൾ പണത്തിനു വേണ്ടി ചേച്ചിയെ കൂട്ടുകാർക്ക് കാഴ്ച്ച വച്ചപ്പോൾ..

അവർക്ക് മറ്റു വഴികളില്ലായിരുന്നു സ്വന്തം ഭർത്താവിന്റെ തനിനിറം മനസ്സിലാക്കാൻ ഒരു കുഞ്ഞുണ്ടാകുന്നതുവരെ കാത്തിരിക്കേണ്ടി വന്നു പാവത്തിന് നാടു മുഴുവൻ പിഴച്ചവൾ എന്ന് മുദ്രകുത്തിയപ്പോൾ ചേച്ചി അതൊരു തൊഴിലാക്കി മാറ്റി.

കുഞ്ഞിനെ ബന്ധുവിന്റെ വീട്ടിലേക്കും മാറ്റി നാട്ടിലെ പലപകൽ മാന്യന്മാരുടേയും മറ്റൊരു മുഖം ചേച്ചി പറഞ്ഞറിയാം.

അനിയത്തിയുടെ വിവാഹത്തിന്റെ തലേന്ന് തരാമെന്ന് പറഞ്ഞ പണം തരാതെ വട്ടിപ്പലിശക്കാരൻ കുഞ്ഞുമോൻ ചതിച്ചപ്പോൾ പലയിടത്തും തിരക്കി എങ്കിലും ആരും തരാൻ തയ്യാറായില്ല.

അവസാനം ഇനി എന്ത് ചെയ്യും എന്നോർത്ത് വഴിയരികിൽ നിർത്തിയിട്ട ഓട്ടോയിൽ കരഞ്ഞ് തളർന്ന് ഇരിക്കുമ്പോൾ മീരേച്ചി അരികിലെത്തി.

“എന്തുപറ്റി നിനക്ക് എന്തിനാ ഇത്ര സങ്കടപ്പെട്ടിരിക്കുന്നത്.?

കരഞ്ഞു കൊണ്ട് കാര്യങ്ങൾ പറഞ്ഞപ്പോൾ ചേച്ചി പറഞ്ഞു.

“ഒരു വഴിപിഴച്ചവളുടെ പണം നിന്റെ അനിയത്തിക്കുട്ടിയുടെ ജീവിതത്തിന് സഹായമായി സ്വീകരിക്കാൻ നിനക്ക് കഴിയുമെങ്കിൽ ഞാൻ നിന്നെ സഹായിക്കാം.”

അന്ന് വരെ നേരിൽ കണ്ടാൽ പുച്ഛത്തോടെ ഒരു നോട്ടവും നോക്കി കടന്ന് പോയിരുന്ന ഞാൻ അന്ന് മീരേച്ചിയുടെ വേറൊരു മുഖം ആദ്യമായ് കണ്ടു.

മീരേച്ചി നൽകിയ പണവും വാങ്ങി അനിയത്തിക്കുട്ടിയെ കൈപിടിച്ച് നൽകുമ്പോൾ ഒരമ്മയുടെ വയറ്റിൽ പിറന്നില്ലെങ്കിലും ചേച്ചി എന്റെ മനസ്സിൽ ഒരു കൂടപ്പിറപ്പായി.

നേരിൽ കാണുമ്പോൾ ഒരു പുഞ്ചിരി മാത്രം നൽകി നടന്നകലും പലവട്ടം സംസാരിക്കാനായി ശ്രമിച്ചപ്പോൾ എന്നോട് പറഞ്ഞു.

“എന്നേപ്പോലുള്ള ഒരു സ്ത്രിയോടുള്ള അടുപ്പം നിന്റെ ഭാവി ജീവിതത്തേപ്പോലും അപകടത്തിലാക്കും അതുകൊണ്ട് അനാവശ്യമായ അടുപ്പം എന്നോട് വേണ്ട”

“ചേച്ചി ഞാൻ…”

“വേണ്ട എനിക്ക് കൂടുതൽ ഒന്നും കേൾക്കണ്ട പുറമെ എവിടെ വച്ച് കണ്ടാലും ഇനി എന്നോട് ആദിത്യൻ സംസാരിക്കാൻ ശ്രമിക്കരുത്.”

നാളുകൾക്ക് ശേഷം സഹായമായി നൽകിയ തുക തിരികെ ഏൽപ്പിക്കുമ്പോൾ ചേച്ചി പറഞ്ഞു.

“ഇത്ര തിരക്കിട്ട് തിരികെ തരേണ്ട ആവശ്യമില്ലായിരുന്നു നീ പലിശക്കെടുത്തതൊന്നും അല്ലല്ലോ അല്ലേ വേറെ അത്യാവശ്യം വല്ലതും ഉണ്ടെങ്കിൽ നീ എനിക്ക് പതിയെ തന്നാൽ മതി.”

“പലിശക്കെടുത്തതൊന്നും അല്ല ചേച്ചി കുമാരേട്ടന്റെ കൂടെ ഉണ്ടായിരുന്ന കുറി കിട്ടിയതാണ് ഇപ്പോൾ ചേച്ചി ഇത് വാങ്ങണം അത്യാവശ്യം വന്നാൽ ഞാൻ ഇനിയും ചോദിച്ചോളാം.”

അന്ന് മനസ്സിലായി മീരേച്ചിയുടെ മനസ്സിന്റെ നന്മ.

ആദ്യം കിട്ടിയ ഓട്ടവും കഴിഞ്ഞ് തിരികെ വരുമ്പോഴും ചേച്ചി അവിടെത്തന്നെയുണ്ട് ഫോണെടുത്ത് ചേച്ചിയെ വിളിച്ചു നമ്പർ കണ്ടതും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കാതോട് ചേർത്തു.

“ആരെയാ ചേച്ചി കാത്തു നിൽക്കുന്നത്”

“ആ പലിശക്കാരൻ കുഞ്ഞു മോനെ അവൻ കുറച്ച് കാശ് തരാനുണ്ടായിരുന്നു നീ വച്ചേ അവൻ വരുന്നുണ്ട്”

ഞാൻ പതിയെ റോഡിലേക്കിറങ്ങി നിന്നു ചേച്ചി അവന്റെ വാഗണർ റോഡിലേക്കിറങ്ങിനിന്ന് തടഞ്ഞു ഈശ്വരാ അവന്റെ ഭാര്യയും ഉണ്ടല്ലോ കൂടെ. ഗ്ലാസ് താഴ്ത്തിയ അയാൾ ഒന്നും അറിയാത്തതു പോലെ എന്തേ എന്ന രീതിയിൽ ചേച്ചിയെ നോക്കി.

“എനിക്ക് തരാനുള്ള പൈസ തരാതെ കുറെ ആയല്ലോ മോനെ നീ മുങ്ങി നടക്കുന്നു”

“ഏത് പൈസ”

പെട്ടന്ന് ചേച്ചി അവന്റെ കോളറിൽ കടന്ന് പിടിച്ചു.

” എന്റെ ശരീരത്തിന്റെ ചൂടാറിയപ്പോൾ നീ എനിക്ക് തരാനുള്ള പൈസ മറന്നു അല്ലേടാ.ഞാൻ വഴി പിഴച്ചവൾ ആണെന്ന് ഈ നാട്ടിൽ എല്ലാവർക്കും അറിയാം ഇതുപോലെ സുന്ദരിയായ ഒരു ഭാര്യ നിനക്കുണ്ടായിട്ടും നീ എന്നേപ്പോലൊരുവളെ തേടി വന്നെങ്കിൽ നീ എന്നേക്കാൾ തറയായതു കൊണ്ടല്ലേ..?

“നീ കാശെട് മോനേ അല്ലെങ്കിൽ ഇപ്പോൾ ആള് കൂടും നീ ആകെ നാറും എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല അകെ മുങ്ങി നിൽക്കുന്ന എനിക്കെന്ത് കുളിര്”

നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് കുനിഞ്ഞ ശിരസ്സുമായി അയാളുടെ ഭാര്യ മിനിക്കുട്ടി അരികിൽ ഇരിപ്പുണ്ട്.മറുത്തൊരു വാക്കുപോലും പറയാതെ അയാൾ ചേച്ചിക്ക് പണമെടുത്ത് നൽകിയതും ചേച്ചി പതിയെ നടന്ന് നീങ്ങി.

സ്വന്തം ശരീരം നൽകി പണം വാങ്ങുന്ന ചേച്ചിയെ സമൂഹം അഭിസാരിക എന്ന് വിളിക്കുമ്പോൾ രാത്രിയുടെ മറവിലും അല്ലാതെയും ഇവരെ തേടിയിറങ്ങുന്ന കുഞ്ഞു മോനേപ്പോലുള്ള പകൽ മാന്യന്മാരെ നമ്മൾ എന്ത് പറഞ്ഞ് വിളിക്കണം!

കൂടപ്പിറപ്പിനേപ്പോലെ കരുതിയ കൂട്ടുകാരിയോട് ഒരിക്കൽ കുഞ്ഞുമോൻ മോശമായി പെരുമാറിയപ്പോൾ എന്റെ ഇച്ചായൻ ഒരിക്കലും അത് ചെയ്യില്ലെന്നും പറഞ്ഞ്…

കൂട്ടുകാരിയെ തെറ്റുകാരിയാക്കി ആ കുടുബത്തെ സ്വന്തം ജീവിതത്തിൽ നിന്നു തന്നെ ഒഴിവാക്കിയ നിമിഷങ്ങളെ ഓർത്ത് മിനിക്കുട്ടി ഇന്ന് വല്ലാതെ നൊമ്പരപ്പെടുന്നുണ്ടാവും…

Leave a Reply

Your email address will not be published. Required fields are marked *