(രചന: RJ)
”മനുഷ്യന്റെ കണ്ണേ മൂടിക്കെട്ടാൻ പറ്റൂള്ളൂ ആർക്കും…
ദൈവത്തിന്റെ പറ്റില്ല… ഇപ്പോ എല്ലാർക്കും മനസ്സിലായില്ലേ ഞാൻ പറഞ്ഞതായിരുന്നു സത്യമെന്ന്.. ഈശ്വരൻ കാണിച്ചു തന്നില്ലേ എല്ലാവർക്കും അത് നല്ല പകൽ പോലെ… ”
“എന്നെ വേണ്ട കുടുംബത്തു കിടക്കാനും, കൂടെക്കിടക്കാനുമെന്ന് പറഞ്ഞ് ആട്ടി അകറ്റി അവനൊപ്പം ഊരുചുറ്റി നടപ്പായിരുന്നില്ലേ ഇവള്… ഇപ്പോ എന്തായീ ചത്തുമലച്ച് ഇവിടെങ്ങനെ കിടക്കാനായില്ലേ…? ദൈവമുണ്ട്… വിനോദിനൊപ്പം ദൈവമുണ്ട്…
ചുറ്റും തിങ്ങി നിറഞ്ഞിരിക്കുന്ന ആളുകൾക്കിടയിൽ നിന്നതൊരു മരണ വീടാണെന്നോ മരിച്ചു കിടക്കുന്നത് കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായ് തന്റെ ഭാര്യയായ് ഇരിക്കുന്നവളാണെന്നോ ചിന്തിയ്ക്കാതെ ഉറക്കെയുറക്കെ ഓരോന്നും സംസാരിക്കുന്ന വിനോദിനെ നോക്കി നിന്നെല്ലാവരും…
“ഓൻ പറയണത് സത്യം തന്നെയാണ്… ഇവളെപ്പോഴും അവന്റെ കൂടെ തന്നെയായിരുന്നു പോക്കും വരവും… അതിന് രാത്രീന്നോ, പകലെന്നോ നോട്ടമൊന്നും ഉണ്ടായിരുന്നില്ല.. അതോണ്ടെന്തായ് ഓന്റെ കൂടെയുള്ള യാത്രയിൽ തന്നെ അവളങ്ങ് പോയില്ലേ..?
“വേറെ ഏതോ വണ്ടി വന്ന് ഇവരുടെ ഓട്ടോയിൽ ഇടിച്ചതാണ്… ഓളപ്പോ തന്നെ പോയ്…
അവനെ കണ്ടില്ലേ നിങ്ങള് ദേ ആ വീടിന്റെ മൂലയിൽ കയ്യിലും തലയിലുമെല്ലാം വെച്ച് കെട്ടിക്കരഞ്ഞിരിപ്പുണ്ട് ആ ചെക്കൻ..
വല്ലാത്ത ധൈര്യം തന്നെയാണവന്.. ,ഇവിടെ വന്നിങ്ങനെ ഇരിക്കാനും വേണം ഒരു തന്റേടം.. അതും ആ പെണ്ണിനെ കൊണ്ടു പോയ് കൊന്നിട്ട്…”
വിനോദിന്റെ വാക്കുകളെ ശരിവെച്ച് അയാളുടെ ചേച്ചി വിലാസിനി കൂടി സംസാരിച്ചതും എല്ലാവരുടെയും നോട്ടം വീടിന്റെ പുറത്തെ മൂലയിൽ ശരീരമാകെ വെച്ച് കെട്ടലുമായ് കരഞ്ഞു വീർത്ത മുഖവുമായ് ഇരിക്കുന്നവനിലേക്കായ്..
നവാസ്… ഓട്ടോ നവാസ്..
ആ നാട്ടിലെ പരോപക്കാരിയാണ് എല്ലാവർക്കും അവൻ…
സമയോം കാലോം നോക്കാതെ എപ്പോഴും എല്ലാവർക്കും വേണ്ടി ഓടിയെത്തുന്നവൻ… എല്ലാവർക്കും ഏറെ പ്രിയപ്പെട്ടവൻ…
എത്ര പെട്ടന്നാണവൻ മറ്റുള്ളവർക്കു മുന്നിൽ മോശക്കാരനായ് തീർന്നത്… അതും മരിച്ചാ പന്തലിൽ നിവർന്നു കിടക്കുന്നവളുടെ പേരിൽ….
കരഞ്ഞു വീർത്ത കൺപോളകൾ ബലമായ് തുറന്ന് ,വേച്ചു പോവുന്ന കാല്പാദങ്ങൾ പെറുക്കി വെച്ച് നവാസ് മെല്ലെ ആ പന്തലിനുള്ളിലേക്ക് അവിടെ നാക്കിലയിൽ നീണ്ടു നിവർന്നു എന്നേക്കുമായ് കണ്ണടച്ച് കിടക്കുന്നവളുടെ അരികിലേക്കെത്തി…
ചുറ്റുപാടും നടക്കുന്നതെല്ലാം കേട്ടൊരു ചിരിയോടെയാണവളുടെ ആകിടപ്പെന്നു തോന്നിയവന്..
ജീവിച്ചിരുന്നപ്പോഴും അവളുടെ ശീലമതാണ്..
തന്നെ പറ്റി മറ്റുള്ളവർ പറയുന്നതെല്ലാം ഒരു ചിരിയോടെ കേട്ടു നിൽക്കുന്നതാണവളുടെ രീതി..
ഒന്നിനും പ്രതികരിക്കാതെ ഒരാളുടെ കുറ്റവും പറയാതെ എല്ലാം ഏറ്റുവാങ്ങി ഒരു പരാതി പറയാതെ നടന്നവളിന്ന് ഈ ഭൂമി വിട്ട് പോയിട്ടും അവളുടെ മേൽ മറ്റുള്ളവർക്കുള്ള പരാതികൾ തീരുന്നില്ല…. കുറ്റപ്പെടുത്തലുകൾ കുറയുന്നില്ല…
ആ ചിന്തയിൽ പോലും പൊട്ടിയവനുള്ളിൽ നിന്നൊരു തേങ്ങൽ എത്ര അടക്കിവെച്ചിട്ടും ഉള്ളിൽ നിൽക്കാതെ…
എന്റെ കൊച്ചിന്റെ തളളയെ കണ്ണും കലശവും കാട്ടി മയക്കിയെടുത്ത് കൊന്നതും പോരാഞ്ഞിട്ട് ആരെ കാണിക്കാനാടാ നീയ്യീകരയുന്നത്…? എന്തിനാ കരയുന്നത്…?
ഇനി കൂടെക്കിടക്കാൻ അവളില്ലെന്നോർത്താണോടാ നായെ നിന്റെയീ കരച്ചിൽ…?
ദീപയ്ക്കരികെ കരഞ്ഞു നിൽക്കുന്ന നവാസിന്റെ മുഖത്ത് കൈ വീശിയടിച്ചാണ് വിനോദിന്റെ ചോദ്യം…
ആക്സിഡന്റിൽ നെറ്റിയിലും തലയ്ക്കും മുറിവു പറ്റിയ നവാസിന്റെ തലയിലൂടൊരു വേദനപാഞ്ഞിറങ്ങി വിനോദിന്റെ ആ അടിയിൽ….
ഇറങ്ങി പോടാ നായെ എന്റെ വീട്ടീന്ന്… നിന്നെക്കാൾ എത്ര മൂത്തവളായിരുന്നെടാ അവള്… ആ അവളെ എന്റെ അടുത്ത്ന്ന് പറിച്ചെടുത്ത് രാത്രിയും പകലുമില്ലാതെ കൊണ്ടു നടന്നും കൂടെക്കിടന്നും മടുത്തപ്പോൾ അവൻ കൊന്നു.. എന്നിട്ടിവിടെ വന്നിരുന്ന് മോങ്ങിയാൽ നാടും നാട്ടാരും കൂടെ നിൽക്കുന്ന് കരുതിയാണെങ്കിൽ നിനക്ക് തെറ്റീടാ… ഇവർക്കൊക്കെ മനസ്സിലായ് നീ ആരാണെന്ന്… ഇറങ്ങി പോടാ എന്റെ ഈ വളപ്പീന്ന്…
വേദനയിൽ പുളഞ്ഞ് നിൽക്കുന്ന നവാസിനെ ദീപയുടെ മൃതദേഹത്തിനരികിൽ നിന്ന് തള്ളിമാറ്റി വിനോദ് ആക്രോശിച്ചതും ഒരു കൈയവന്റെ മുഖത്തു ശക്തമായ് പതിഞ്ഞു…
അടി കൊണ്ട വിനോദ് കവിളിൽ കൈവെച്ച് മുന്നിൽ നിൽക്കുന്ന ആളെ നോക്കിയതും ഞെട്ടിപ്പോയ്…
അമ്മ…. അവൻ പിറുപിറുത്തു
വിനോദിന്റെ അമ്മ ദേവകിയുടെ മുഖത്ത് ഇനിയും അടങ്ങാത്ത കലി കണ്ടതും എല്ലാവരുടേം നോട്ടം അവരിലേക്കായ്… അവരുടെ കൈക്കുള്ളിൽ ഒതുങ്ങി വിനോദിന്റെ മകൾ അശ്വതിയും ഉണ്ട്…
മോനെ… ഒരു നിലവിളിയോടെ നവാസിനരികിലേക്ക് ചെന്നവനെ കെട്ടിപ്പിടിച്ചവർ ആർത്തു കരഞ്ഞതും നവാസ് പൊട്ടി കരഞ്ഞ് കൊണ്ട് ദേവകിഅമ്മയേയും അശ്വതിയേയും തന്നിലേക്കണച്ചുപിടിച്ചു…
ആ കാഴ്ച കണ്ടതും അവർക്കരികിലേക്ക് പാഞ്ഞെത്തി വിനോദ്…
അമ്മേ…..
അവന്റെ യാ വിളിയിൽ നവാസിൽ നിന്നടർന്നു മാറി ദേവകി അമ്മ..
നവാസല്ല നീ… നീയാണിവിടുന്ന് ഈ നിമിഷം ഇറങ്ങേണ്ടത്.. സ്വന്തം രക്തത്തെ പോലും കാമ കണ്ണിലൂടെ നോക്കിയ നീയിനി ഇവിടെ വേണ്ട വിനോദേ…
മരണവീടിന്റെ നിശബ്ദതയിൽ ദേവകി അമ്മയുടെ ഉറച്ച ശബ്ദം ഉയർന്നതും വിളറി വെളുത്തു പോയവൻ…
“അമ്മ എന്താണമ്മേ ഈചെയ്യുന്നതും പറയുന്നതും…?
വിനോദിന്റെ സഹോദരി ദേവകി അമ്മയ്ക്കരികിൽ വന്ന് ശബ്ദം ഉയർത്തിയതും ഒരിക്കൽ കൂടെ ഉയർന്നു താഴ്ന്നു അവരുടെ കൈകൾ… ഇത്തവണ അടിയേറ്റ് പുളഞ്ഞത് വിലാസിനിയാണ്…
കൂടപ്പിറപ്പിന്റെ കൊള്ളരുതായ്മകൾക്ക് കൂട്ടുനിന്ന നീയ്യും ഇറങ്ങണം ഇവനൊപ്പം ഇവിടെനിന്ന്… ഇനി ഒരിക്കൽ കൂടി നിങ്ങളുടെ കാല് ഈ മണ്ണിൽ കുത്തിയാൽ അരിഞ്ഞിടുംഞാനത്…
അവരുടെ ശബ്ദമവിടെ ഉയർന്നതും കാര്യമറിയാതെ അവരെ പകച്ചു നോക്കി നാട്ടുകാർ…
നിങ്ങളെല്ലാവരും കേൾക്കാൻ വേണ്ടി ഞാൻ പറയുവാ, ഈ മരിച്ചു കിടക്കുന്നവളില്ലേ എന്റെ മകന്റെ ഭാര്യയായ് എന്റെ ഈ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറി വന്നവളാണ്… ഒരു സാധു പെണ്ണ്..
എന്റെ മകനു പക്ഷെ അവളൊരു ശരീരം മാത്രമായിരുന്നു… അവനുപയോഗിക്കുന്ന അനേകം ശരീരങ്ങളിൽ ഒന്ന്… ഞാനതൊന്നും അറിഞ്ഞില്ല, അറിഞ്ഞത് കുറച്ചു മാസങ്ങൾക്ക് മുമ്പാണ്… ശരിക്കും പറഞ്ഞാൽ ദാ ഈ നിൽക്കുന്ന ഇവന്റെ മകളുടെ മേൽ ഇവൻ കുടിച്ചു ബോധമില്ലാതെ കൈ വെക്കാൻ തുടങ്ങിയ അന്ന്..
നവാസിനരികെ നിൽക്കുന്ന അശ്വതിയെ ചൂണ്ടി ദേവകിയമ്മ പറഞ്ഞതു കേട്ട് പകച്ചു നാട്ടുക്കാർ… അവരുടെ കണ്ണുകൾ വിനോദിലെത്തി..
അന്നെന്റെ കുഞ്ഞിനെ അവളുടെ അച്ഛന്റെ കയ്യിൽ നിന്ന് രക്ഷിച്ചത് ഇവനാണ്.. ഈ നവാസ്… അന്നു മുതലിന്നോളം അവനുണ്ടായിരുന്നു ഇവർക്ക് ഒരു കാവലായ്.. കൂടപ്പിറപ്പായ് മാത്രമേ അവനവളെ എന്നും കണ്ടിട്ടുള്ളു.. എനിക്കറിയാമത്… എന്നോളം ആർക്കും അറിയില്ല അത്..
ഇവനുണ്ടാവും അവളുടെ മകൾക്ക് കാവലായെന്ന ചിന്തയിലാവും ഈ കിടത്തത്തിൽ പോലും അവളിലൊരു ചിരിയുള്ളത്..
എന്റെ മകനെ അവളകറ്റി നിർത്തിയത് സ്വന്തംരക്തത്തെ പോലും തിരിച്ചറിയാൻ കഴിവില്ലാത്ത അവന്റെ സ്വഭാവം കാരണമാണ്… ഞാനിതെല്ലാം ഇപ്പഴിവിടെ തുറന്നു പറയാൻ കാരണവും അതുതന്നെയാണ്… പ്രായമായെനിക്ക്… ഈ കുഞ്ഞിന് സംരക്ഷണമൊരുക്കാൻ എനിയ്ക്ക് കഴിയാതെ വന്നാൽ രക്ഷയ്ക്ക് നിങ്ങളുണ്ടാവണം എന്നും…
“കാവലായിട്ടും കരുതലായിട്ടും നവാസുണ്ടാവും… അവനെ ദുഷിച്ചൊരു നോട്ടം പോലും നോക്കരുത് നിങ്ങൾ… അങ്ങനെ വന്നാൽ മരിച്ചു ചെന്നിടത്ത് പോലും എന്റെ കുഞ്ഞിന് സമാധാനം കിട്ടില്ല…”
ദേവകി അമ്മയുടെ തുറന്നു പറച്ചിലിൽ
പതറി നിൽക്കുന്ന വിനോദിനു മുന്നിലേക്ക് കയറി നിന്നു നവാസ്…
വിനോദേട്ടാ….ഉപ്പയും ഉമ്മയും കൂടപ്പിറപ്പുകളും എല്ലാം ഉണ്ടെനിക്ക്.. അവരുടെ സ്നേഹവും കരുതലും കിട്ടാറുമുണ്ട്… അതുപോലെ അല്ലെങ്കിൽ അതിനെക്കാൾ മുകളിൽ എന്നെ സ്നേഹിച്ച ഞാൻ സ്നേഹിച്ചവരാണ് ദേ മരിച്ചെന്റെ മുന്നിൽ കിടക്കുന്ന ഇവർ.. എന്റെ മനസ്സിലെ ഇവരുടെ സ്ഥാനമെന്താണെന്ന് എനിയ്ക്ക് ഇന്നും അറിയില്ല, അതൊരിക്കലുമൊരു ഭാര്യയുടെയോ കാമുകിയുടെയോ അല്ല… സ്ഥാനം കല്പിക്കാൻ പറ്റാത്ത ചിലരുണ്ടാവും നമ്മുടെയൊക്കെ ജീവിതത്തിൽ.. അങ്ങനെ ഒന്നാണിതും..
പറഞ്ഞു തീർക്കുന്ന ഓരോ വാക്കിനും വിതുമ്പുന്ന നവാസിനെ കണ്ടവർ തിരിച്ചറിയുന്നുണ്ടായിരുന്നു അവന്റെ ഓരോ വാക്കുകളിലെയും സത്യം..
സത്യമറിയാതെ എത്രയോ വട്ടം ദീപയേയും നവാസിനെയും കുറ്റം പറഞ്ഞ് രസിച്ചിരുന്നവരുടെ കണ്ണുകളിൽ നിന്നെല്ലാം കുറ്റബോധത്തിന്റെ കണ്ണുനീർ തുള്ളികൾ അടർന്നുവീണു ചിതറുമ്പോൾ വിനോദ് നാട്ടുക്കാരെ നേരിടാനാവാതെയാ വീടിന്റെ പടിയിറങ്ങി എന്നേക്കുമായ്…
എല്ലാം കണ്ടു സന്തോഷിച്ചൊരു ഒളിമങ്ങാത്ത ചിരിയോടെ ദീപ ആ പന്തലിൽ നിശ്ചലയായ് അന്നേരവും കിടന്നു… തന്റെ മരണത്തിനപ്പുറം തനിയ്ക്കായ് വേവുന്ന ഓരോ ഹൃദയവും അറിഞ്ഞെന്ന പോലെ..