(രചന: കഥ സജി തൈപ്പറമ്പ്.)
അമ്മേ,, ദേ ഈ ഷഡ്ഡി കൂടെ ഒന്ന് കഴുകിയേക്ക്?
തൻ്റെ ജീൻസ്, കല്ലിൽ ഉരച്ച് കഴുകിക്കൊണ്ടിരുന്ന ശാരദയുടെ നേർക്ക് ദീപക്ക് അഴുക്ക് പുരണ്ട ഷഡ്ഡി വലിച്ചെറിഞ്ഞ് കൊടുത്തു
എടാ,, നിൻ്റെ ഷഡ്ഡി കഴുകാനും സമയാസമയം നിനക്ക് ചോറ്
വിളമ്പി തരാനും ചായ തിളപ്പിച്ച് തരാനുമൊന്നും
ഇനി എന്നെ കൊണ്ട് പറ്റത്തില്ല, അതിന് വേറെ ആളെ നോക്കിക്കോണം,,
അമ്മയോടല്ലാതെ പിന്നെ ഞാനിതൊക്കെ അപ്പുറത്തെ ഷീലേച്ചിയോട് പോയി പറയാൻ പറ്റുമോ?
ഷീലയോട് പറയേണ്ട, അവളുടെ മോളോട് പറഞ്ഞാൽ മതി, അവള് ചെയ്ത് തരും,, പക്ഷേ അവളെ നീ താലികെട്ടി ഇങ്ങോട്ട് കൊണ്ട് വരണമെന്ന് മാത്രം ,,
അമ്മേ അതിനവര് ക്രിസ്ത്യാനികളല്ലേ? നമ്മുടെ കുടുംബക്കാരൊക്കെ സമ്മതിക്കുമോ?
അതൊക്കെ ഞാൻ എങ്ങനെയെങ്കിലും സമ്മതിപ്പിച്ചോളാം അങ്ങനെയെങ്കിലും നീയൊരു
പെണ്ണ് കെട്ടട്ടെ എന്ന് വിചാരിച്ചിട്ടാണ്
പഴയ പോലെയല്ല, എനിക്ക് പ്രായമായി വരുവാണ് ,
അമ്മേ ,, നടക്കുന്ന കാര്യം വല്ലതുമുണ്ടെങ്കിൽ പറയ്, അമ്മയ്ക്ക് കഴിയുന്നത് വരെ എനിക്ക് ചോറ് വിളമ്പി തരുകയും ചായ തിളപ്പിച്ച് തരുകയും ചെയ്താൽ മതി, പറ്റാതാകുമ്പോൾ ഞാൻ വേറെന്തേലും വഴി നോക്കിക്കൊള്ളാം എന്നാലെങ്കിലും എന്നോടിനി, വിവാഹ കാര്യം പറഞ്ഞ് വരരുത്,,
അനിഷ്ടത്തോടെ അത്രയും പറഞ്ഞ് മകൻ തിരിച്ച് പോയപ്പോൾ ശാരദ നെടുവീർപ്പിട്ടു,
എൻ്റെ കാലശേഷം ഈ ചെറുക്കൻ്റെ കാര്യങ്ങളൊക്കെ ആര് നോക്കും ഈശ്വരാ ,, അവൻ്റെ ഇഷ്ടാനിഷ്ടങ്ങളൊക്കെ നോക്കിയും കണ്ടും ചെയ്യാൻ മറ്റുള്ളവർക്ക് ക്ഷമ കാണുമോ?
ഏട്ടനും ഏട്ടത്തിയും അമ്മയും അടങ്ങുന്നതായിരുന്നു ദീപക്കിൻ്റെ കുടുംബം
ഏട്ടൻ താലൂക്കോഫിസിലെ ഹെഡ് ക്ളർക്കും ദീപക്ക് അസിസ്റ്റൻറ് വില്ലേജ് ഓഫീസറുമായിരുന്നു
വയസ്സ് മുപ്പത് കഴിഞ്ഞിട്ടും
ദീപക്ക് വിവാഹം കഴിക്കാത്തത് അമ്മ, ശാരദയ്ക്ക് എന്നും ഒരു നോവായിരുന്നു.
ദിവസങ്ങളും മാസങ്ങളും
പിന്നെയും കടന്ന് പോയി.
തരം കിട്ടുമ്പോഴൊക്കെ ശാരദ മകനോട് വിവാഹ കാര്യം
ഓർമ്മിപ്പിച്ച് കൊണ്ടിരുന്നു ,ഒടുവിൽ മകൻ്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ കഴിയാതെ ആ അമ്മ പരലോകത്തേയ്ക്ക് യാത്രയായി
അമ്മയുടെ വേർപാട് ഏട്ടനെക്കാളും ബാധിച്ചത് ദീപക്കിനെയായിരുന്നു
എല്ലാ സൗകര്യങ്ങളോടെയും ജീവിച്ച തൻ്റെ ജീവിതത്തിൽ പെട്ടെന്നൊരു ശൂന്യത വന്ന് നിറഞ്ഞ ഫീലായിരുന്നു അയാൾക്ക്
ജോലി കഴിഞ്ഞ് ഓഫീസിൽ നിന്ന് വരുമ്പോൾ, കടുപ്പത്തിലൊരു ചായ എടുക്കമ്മേ,, എന്ന് ഇനി എങ്ങനാ പറയുന്നത് ,?അമ്മേ എൻ്റെ തലയൊന്ന് മസ്സാജ് ചെയ്തേ ,,?
എന്ന് പറഞ്ഞ് കിടക്കാൻ ഇനി മുതൽ ആ മടിത്തട്ടുമില്ല
മുറിയിലെ ആങ്കറിൽ
കിടക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങളുമെടുത്ത് അലക്ക് കല്ലിലേയ്ക്ക് നടക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു
എത്ര നിർദ്ദയമായാണ്, താൻ അമ്മയുടെ നേർക്ക് അഴുക്ക് ഷഡ്ഡികൾ വലിച്ചെറിഞ്ഞതെന്ന് ഓർത്തപ്പോൾ അയാൾക്ക്
മ്ളേശ്ചത തോന്നി
.ദീപൂ,, നീയതവിടെ വച്ചിട്ട് വന്ന്,
ഈ ചായ കുടിക്ക്,അതൊക്കെ ഞാൻ കഴുകിയിട്ടോളാം,
പുറകിൽ എട്ടത്തിയുടെ ശബ്ദം കേട്ട് ദീപക് തിരിഞ്ഞ് നോക്കി
അല്ല ഏടത്തീ,, ഈ കൂട്ടത്തിലെൻ്റെ ഇന്നർ വെയറൊക്കെയുണ്ട്, ഞാൻ തന്നെ വാഷ് ചെയ്തോളാം,
അതൊന്നും സാരമില്ല ദീപൂ,,
നീയതവിടെ വച്ചിട്ട് ഇങ്ങോട്ട് വന്ന് ഈ ചായ കുടിക്ക്,, ഇതിപ്പോൾ തണുക്കും,,
ഏട്ടത്തിയുടെ നിർബന്ധത്തിന് വഴങ്ങി ,ദീപു അകത്തേക്ക് വന്നു,
അമ്മയുടെ അഭാവത്തിൽ ഏട്ടനും ഏട്ടത്തിയും മാത്രമുള്ള ആ വീട്ടിൽ അയാൾക്ക് വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു, അമ്മ കൂടിയുള്ളപ്പോൾ ഏട്ടൻ്റെയും ഏട്ടത്തിയുടെയും സ്വകാര്യ ജീവിതത്തെക്കുറിച്ച് ദീപക് ചിന്തിച്ചിട്ടില്ലായിരുന്നു.
പക്ഷേ ഇപ്പോൾ, ഏട്ടനും ഏട്ടത്തിയും സംസാരിക്കുന്നതിനിടയിലേയ്ക്ക് അറിയാതെ പോലും കടന്ന് ചെല്ലുമ്പോൾ അയാൾക്ക് വല്ലായ്ക തോന്നാറുണ്ട്
തൻ്റെ സാന്നിദ്ധ്യം അവരുടെ പ്രൈവസിയിൽ ഇറിറ്റേഷൻ ഉണ്ടാക്കുമെന്ന ചിന്തയിലാണ്
വൈകിട്ട് അത്താഴത്തിനിരിക്കുമ്പോൾ
ഏട്ടനോട് ദീപക് ആ കാര്യം പറഞ്ഞത്
എട്ടാ ,, ഞാൻ മറ്റൊരു
വീട്ടിലേയ്ക്ക് മാറിയാലോന്ന് ആലോചിയ്ക്കുവാണ്,,
അതെന്തിനാടാ ,ഈ വീട്ടിൽ നിനക്ക് സൗകര്യ കുറവ് വല്ലതുമുണ്ടോ?
ഏട്ടൻ,,ജിജ്ഞാസയോടെ ചോദിച്ചു
ഹേയ്,, അതല്ല എട്ടാ ,, അമ്മ പോയപ്പോൾ മുതൽ എനിക്കിവിടെ ഒരു സമാധാനക്കേട്
അത് പിന്നെ അമ്മയുടെ കാര്യമോർക്കുമ്പോൾ എനിയ്ക്കുമുണ്ടാവാറുണ്ട്, എന്ന് വച്ച് നീ മറ്റൊരിടത്തേയ്ക്ക് മാറിയാൽ അമ്മയുടെ ഓർമ്മ ഇല്ലാതാവുമോ?
ഏട്ടൻ്റെ ചോദ്യത്തിന് മുന്നിൽ ദീപകിന് ഉത്തരം മുട്ടി,
ആ സമയത്താണ് ദീപക്കിൻ്റെ ഏട്ടത്തി അങ്ങോട്ട് കയറി വന്നത്
അല്ല അതെങ്ങനെ ശരിയാവും?
നീ തനിച്ച് താമസിച്ചാൽ നിൻ്റെ കാര്യങ്ങളൊക്കെ ആര് നോക്കും? നീ ജോലികഴിഞ്ഞ് വരുമ്പോൾ നിനക്ക് കടുപ്പത്തിലൊരു ചായവേണമെന്ന് എനിക്കറിയാം ,, പിന്നെ നീ കഴിക്കുന്ന കറികൾക്ക് അധികം എരിവ് വേണ്ടെന്നും എന്നാൽ ഉപ്പും പുളിയും വേണമെന്നും അമ്മയെപ്പോലെ എനിക്കും അറിവുള്ള കാര്യമാണ്,ഇതൊക്കെ കണ്ടറിഞ്ഞ് ചെയ്ത് തരാൻ നീ തനിച്ച് താമസിക്കുന്നയിടത്ത് ആരെങ്കിലുമുണ്ടോ? എന്തിന്? നിൻ്റെ ഷഡ്ഡി പോലും സ്വന്തമായി കഴുകാനറിയില്ലെന്ന് എനിക്കല്ലേ അറിയൂ ,, നിന്നെ പ്രസവിച്ച അമ്മ മാത്രമേ പോയിട്ടുള്ളു, നിൻ്റെ ഏട്ടത്തിയമ്മയ്ക്ക് ഇപ്പോഴും നല്ല ആരോഗ്യമുണ്ട്, ഇത് വരെ അമ്മ ചെയ്ത് കൊണ്ടിരുന്ന എല്ലാ കാര്യങ്ങളും ഈ ഏട്ടത്തി നിനക്ക് ചെയ്ത് തരാം ,, പിന്നെ നീയും ഞാനും തമ്മിൽ ഒൻപത് വയസിൻ്റെ ഡിഫറൻസേ ഉള്ളുവെങ്കിലും നിന്നെ ഞാനെൻ്റെ മകനായിട്ട് തന്നെയാ കാണുന്നത് ,നിനക്കെന്നെ അമ്മയായിട്ട് കാണാൻ ബുദ്ധിമുട്ടാണെങ്കിൽ നീ നിൻ്റെ ഇഷ്ടം പോലെ ചെയ്തോളു ,,
വൈകാരികതയോടെ സംസാരിച്ചിട്ട് അകത്തേയ്ക്ക് പോയ ഏട്ടത്തിയമ്മയുടെ ആ സ്നേഹവാത്സല്യത്തിന് മുന്നിൽ ദീപക് പരാജിതനായി പോയി .