രേണുക
(രചന: ഷെർബിൻ ആൻ്റണി)
പ്രവാസി ഭാര്യമാരുടെ അവിഹിത കഥകൾക്ക് അന്നും ഇന്നും യാതൊരു പഞ്ഞവുമില്ല. പല കഥകളും കേട്ടിട്ടുണ്ടെങ്കിലും സ്വന്തം അനുഭവത്തിൽ വരുമ്പോഴാണ് പലരും തകർന്ന് പോവുന്നത്!
ഈയിടെയായ് രേണൂന് തന്നോട് സംസാരിക്കാൻ തന്നെ സമയം കിട്ടുന്നില്ല. പക്ഷേ പലപ്പോഴും അവളെ ഓൺ ലൈനിൽ കാണുന്നുമുണ്ട്!
വീടിനും വീട്ടാർക്കും വേണ്ടി കഷ്ട്ടപ്പെട്ട തനിക്ക് ഇങ്ങനൊരവസ്ഥ വന്നതിൽ ശിവനാകേ ഉലഞ്ഞ് പോയി.
ശിവേട്ടൻ വിസ ക്യാൻസലാക്കി പോവാണോ?
ഉം…പത്തിരുപത് കൊല്ലമായില്ലേ എനിക്ക് മടുത്തെടോ. ശിവlൻ്റെ വാക്കുകളിൽ നിരാശ പടർന്നിരുന്നു.
എന്ത് പറ്റി ശിവേട്ടാ പെട്ടെന്ന് ഇങ്ങനൊരു തീരുമാനം?
മറുപടി പറയാൻ കൂട്ടാക്കാതേ അയാൾ പുറത്തേക്കിറങ്ങി. ചുണ്ടിൽ ഒരു സിഗരറ്റിന് തിരി കൊളുത്തിയതിന് ശേഷം ആളൊഴിഞ്ഞ സിമൻ്റ് ബെഞ്ചിൽ ചാരിയിരുന്നു. പുകയൂതി അകറ്റുമ്പോഴേക്കും അയാളുടെ ഓർമ്മകളും പിന്നിലേക്ക് പാഞ്ഞു.
വർഷങ്ങൾക്ക് മുന്നേ മലരാണ്യത്തിൽ എത്തിയതായിരുന്നു ശിവൻ. എല്ലാ തവണയും നാട്ടിൽ നിന്ന് വരുമ്പോൾ കരുതും ഈ വിസ അവസാനിക്കുമ്പോൾ നിർത്തി പോരണം എന്നൊക്കെ. പക്ഷേ പ്രാരാബ്ധങ്ങൾ കൂടുന്നതല്ലാതേ ഒരു കുറവും ഉണ്ടായിട്ടില്ല.
സഹോദരിമാരെ നല്ല നിലയിൽ കെട്ടിയച്ചതും, വീട് പുതുക്കി പണിയലും ഓരോരോ ആവശ്യങ്ങൾ ശിവനെ നാട്ടിൽ നിന്നകറ്റി നിറുത്തി. അതിനിടെ കല്യാണവും കുട്ടികളും ഒക്കെ കൂടി ആയപ്പോൾ പ്രവാസിയായ ശിവന് പ്രയാസം കൂടിയതേയുള്ളൂ.
പക്ഷേ ശിവൻ്റെ ഇപ്പോഴത്തെ ഈ മനം മാറ്റത്തിന് കാരണം മറ്റൊന്നുമല്ല, കഴിഞ്ഞ കുറച്ച് മാസങ്ങളായ് രേണുവിൻ്റെ സ്വഭാവത്തിലുള്ള മാറ്റങ്ങൾ ശിവനിൽ അസ്വസ്ഥത ഉളവാക്കി.
കല്ല്യാണം കഴിഞ്ഞ നാളുകളിലും പിന്നീടും രേണുകയും ശിവനും നല്ല സ്നേഹത്തിലായിരുന്നു. സംസാര പ്രീയയായ രേണു എല്ലാ കാര്യത്തിലും സ്മാർട്ടായിരുന്നു.
അവൾ വന്നതിന് ശേഷമാണ് ശിവൻ്റെ ലൈഫ് ഒന്ന് കളറാകുന്നത്. ബ്ലാക്ക് & വൈറ്റ് ഫിലിമിലെ നായകനെ ഛായം പൂശി എടുക്കുന്നതിൽ അവൾ മിടുക്ക് കാണിച്ചു.
വീട്ടിലെ പണികളൊക്കെയും ഓടി നടന്ന് ചെയ്ത രേണുക കുറച്ച് കാലം കൊണ്ട് തന്നെ എല്ലാവർക്കും പ്രീയപ്പെട്ടവളായ് മാറി. പിന്നീടങ്ങോട്ട് എല്ലാ കാര്യങ്ങളും അവളുടെ നേതൃത്വത്തിലായിരുന്നു.
പ്രായമായ അച്ഛനും അമ്മയും തങ്ങളുടെ പെൺ മക്കളേക്കാൾ അവളെ സ്നേഹിച്ചു തുടങ്ങി. അത്തരത്തിലായിരുന്നു രേണുകയുടെ പെരുമാറ്റം. അവൾ വന്നതിന് ശേഷം അമ്മ അടുക്കളയിൽ കയറേണ്ടി വന്നിട്ടില്ല. മാസാമാസം അച്ഛനേം കൂട്ടി ഹോസ്പിറ്റലിൽ ചെക്കപ്പിന് പോകാനും, മരുന്നുകളൊക്കെയും കൃത്യ സമയത്ത് കഴിപ്പിക്കുന്നതും ഒക്കെയും അവൾ തന്നെ ആയിരുന്നു.
ആദ്യമൊക്കെ തന്നോട് ഗൾഫിലെ ജോലി കളഞ്ഞിട്ട് നമ്മുക്ക് നാട്ടിൽ എന്തെങ്കിലും ബിസിനസ്സ് നോക്കാമെന്ന് പറഞ്ഞിരുന്ന രേണു, പിന്നീട് അതിനെ പറ്റി പറഞ്ഞതുമില്ല, രണ്ട് കൊല്ലത്തിന് മുന്നേ ശിവൻ ഇക്കാര്യം അവതരിപ്പിച്ചപ്പോൾ കുറച്ച് നാൾ കൂടി പിടിച്ച് നില്ക്ക് ശിവേട്ടാ ബാങ്കിലെ ലോണൊക്കെ അവതാളത്തിലാകും എന്ന് പറഞ്ഞ് അയാളെ സങ്കടത്തിലാഴ്ത്തി.
വീടിനടുത്ത് തന്നെ ഏതോ ഒരു സ്ഥാപനത്തിൽ തയ്യലിന് പോകുന്ന കാര്യം ഇടയ്ക്കെപ്പോഴോ സൂചിപ്പിച്ചിരുന്നു. പലപ്പോഴായ് തയ്യൽ മെഷീൻ വാങ്ങണമെന്ന് പറഞ്ഞ് കുറേയധികം പണവും ശിവൻ അയച്ച് കൊടുത്തിരുന്നു.
പക്ഷേ അതൊക്കെ അവൾ ദുരുപയോഗം ചെയ്യാനായിരുന്നോ? എന്നൊരു ഉൾഭയം അയാളിൽ തോന്നി തുടങ്ങി.
വിരലുകൾക്കിടയിൽ എരിഞ്ഞ് തീരാറായ സിഗരറ്റിൻ്റെ അഗ്രം പതിഞ്ഞ് പൊള്ളിയപ്പോഴാണ് ചിന്തയിൽ നിന്ന് ഉണർന്നത്.
ഫ്ലൈറ്റിൽ ഇരിക്കുമ്പോഴും രേണുവിനെ പറ്റി തന്നെയായിരുന്നു ശിവൻ്റെ ചിന്ത. താൻ കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയ പണമൊക്കെ അവൾ ധൂർത്തടിക്കുകയാണോ?
അതോ അവൾ മറ്റേതെങ്കിലും ബന്ധത്തിൽ അകപ്പെട്ടിട്ടുണ്ടോ?
ചിന്തയുടെ വേലിയേറ്റം അയാളുടെ മുഖത്തെ പേശികൾ വലിച്ച് മുറുക്കി.
പുറമേ പരുക്കനായിരുന്നെങ്കിലും ഉള്ള് നിറയെ അയാൾ അവളെ സ്നേഹിച്ചിരുന്നു. വാക്കുകളിലൂടേ പ്രകടമാക്കാൻ പിശുക്കി ഇരുന്നെങ്കിലും ജീവനായിരുന്നില്ലേ അവൾ തനിക്ക്? ശിവനറിയാതേ തന്നെ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു അന്നേരം.
ലഗേജുമായ് പുറത്തെത്തിയ ശിവനെ കാത്ത് അറൈവലിൽ രേണുക നില്പുണ്ടായിരുന്നു.
മക്കളെ കൂട്ടിയില്ലേ?
വെറുതെ എന്തിനാ ക്ലാസ്സ് കളയുന്നത്? ഇനി എന്നും ശിവേട്ടൻ വീട്ടിലുണ്ടാവുമല്ലോ കണ്ണ് നിറയെ മക്കളെ കാണാമല്ലോ!
താൻ ജോലി ഉപേക്ഷിച്ച് വന്നതിൻ്റെ നീരസമാണോ അവളുടെ വാക്കുകളിലൂടേ പുറത്തേക്ക് വന്നത്?
കാറിൻ്റെ സ്റ്റീയറിംഗ് സീറ്റിലേക്ക് കയറിയിരുന്ന രേണുവിനെ നോക്കി അതിശയത്തോടേ ശിവൻ ചോദിച്ചു നീയാണോ കാറോടിച്ച് വന്നത്?
അതെന്താ ഞാൻ ഡ്രൈവ് ചെയ്താൽ വണ്ടി ഓടില്ലേ? അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
ഇതൊക്കെ എപ്പോ പഠിച്ചു? ആരുടേതാണീ കാറ്? ഉള്ളിലുയർന്ന
ചോദ്യങ്ങക്കുള്ള ഉത്തരം അയാൾ തന്നെ കണ്ടെത്താൻ ശ്രമിച്ചു.
ജോലിക്ക് പോകുന്ന സ്ഥാപനത്തിലെ മുതലാളിയുടേയോ മറ്റോ ആവും. അവരെയൊക്കെ വശത്താക്കി അവിടെയും എല്ലാ വിധ സ്വാതന്ത്ര്യവും കൈയ്യടക്കി കാണും അമർഷത്തോടേ അയാൾ ഓർത്തു.
കാറ് ചെന്ന് നിന്നത് ഒരു ഗോഡൗണിൻ്റെ മുന്നിലായിരുന്നു.
ഇതേതാ സ്ഥലം? ചുറ്റുവട്ടമൊക്കെ ഒന്ന് സൂക്ഷിച്ച് നോക്കി ശിവൻ ചോദിച്ചു.
രേണുക ജോലി ചെയ്യുന്ന സ്ഥാപനമായിരുന്നത്. ഉള്ളിലേക്ക് ചെന്ന ശിവനെയും രേണുകയേയും കണ്ടപ്പോൾ സ്റ്റാഫിൻ്റെ മുഖത്ത് വിടർന്ന ഭയബഹുമാനം അയാൾ ശ്രദ്ധിച്ചു. കമ്പനി മുതലാളിയേക്കാൾ ജോലിക്കാർ രേണുകയെ ഭയപ്പെടുന്നുണ്ടോ? രഹസ്യ സൂക്ഷിപ്പുകാരിയെ ഭയന്നല്ലേ പറ്റൂ!
സാരികളും മറ്റു ലേഡീസ് വസ്ത്രങ്ങളുമൊക്കെ പാക്ക് ചെയ്തു കൊണ്ടിരുന്നിടത്ത് നിന്ന് ഒരു യുവാവ് അവരുടേ അടുത്തേക്ക് വന്നു. കാഴ്ചയിലും മട്ടിലും കമ്പനി സൂപ്പർവൈസറെ പോലേ തോന്നിച്ചു. കയറ്റി അയക്കേണ്ട സാധങ്ങളുടെ ലിസ്റ്റ് വെരിഫൈ ചെയ്ത് സൈൻ ചെയ്യിപ്പിക്കാൻ വന്നതായിരുന്നു.
ഒന്ന് കൂടി ക്രോസ് ചെക്ക് ചെയ്യണം അത് പറഞ്ഞിട്ട് അവൾ സൈനിട്ട പേപ്പർ തിരിച്ചേല്പിച്ചു. എല്ലാം രേണുകയുടെ മേൽ നോട്ടത്തിൽ തന്നെ.
എല്ലാം തൻ്റെ നീയന്ത്രണത്തിൽ ആണെന്ന് കാണിക്കാൻ വേണ്ടിയാവും ഇവിടെ കൊണ്ട് വന്നത്, ഇത്രയും ബിസി ആയത് കൊണ്ടാവും തന്നോടൊന്ന് നേരാം വണ്ണം സംസാരിക്കാൻ സമയക്കുറവവ് വന്നത് എന്നൊക്കെ തന്നെ മനസ്സിലാക്കാനുള്ള നാടകമാണോ ഇവിടെ അരങ്ങേറുന്നത്?
ശിവൻ അവളെ പുച്ഛത്തോടേ നോക്കി.
ഉള്ളിലെ ഗ്ലാസ്സിട്ട ക്യാബിനിൽ ചുണ്ടി കാണിച്ച് അവൾ പറഞ്ഞു അതാണ് ബോസിൻ്റെ ഇരിപ്പിടം. ശിവൻ സൂക്ഷിച്ച് നോക്കിയപ്പോൾ ഒഴിഞ്ഞ കസേരയും ടേബിളും മാത്രമേ അതിനുള്ളിൽ കണ്ടുള്ളൂ.
അല്ലെങ്കിൽ തന്നെ താനെന്തിന് ആ മനുഷ്യനെ കാണണം?
പരിചയപ്പെടാൻ താത്പര്യമില്ലെന്ന മട്ടിൽ ശിവൻ തല വെട്ടിച്ച് തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ അവളും ഒപ്പം വന്നു.
ഗോഡൗണിന് പുറത്ത് എത്തിയ രേണുക ചോദിച്ചു ശിവേട്ടൻ കമ്പനിയുടെ പേര് ചോദിച്ചില്ലല്ലോ ഇത്രയും നേരമായിട്ടും?
അയാൾ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചൊന്ന് നോക്കി .
അന്നേരം രേണുകയുടെ കണ്ണുകൾ ഉയരത്തിലുള്ള കമ്പനിയുടെ നെയിം ബോർഡിലായിരുന്നു. ഓണറുടെ പേര് തന്നെയാ കമ്പനിക്കും ഇട്ടിരിക്കുന്നത്.
അവനും ആ ബോർഡിലേക്ക് കണ്ണുകൾ ഉയർത്തി. ഒരു നിമിഷം ശിവന് തൻ്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലേ തോന്നി.
വണ്ടിയുടെ അടുത്ത് എത്തിയപ്പോൾ വീട്ടിലേക്ക് കാറിൻ്റെ ഉടമസ്ഥൻ തന്നെ ഓടിച്ചാൽ മതിയെന്ന് പറഞ്ഞ് അവൾ താക്കോൽ കൂട്ടം ശിവന് നേരേ നീട്ടി. തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതറിയാതേ അയാളാകേ പതറിപ്പോയ നിമിഷം!
കോമ്പൗണ്ടിന് വെളിയിലേക്ക് കാറ് പായുമ്പോൾ സൈഡ് മിററിലൂടേ ആ പേര് ഒന്ന് കൂടി അയാൾ വായിച്ചു. ശിവാസ് ടെക്സ്റ്റൈൽസ്!