അന്നയും ബാലാമണിയും
(രചന: Suresh Menon)
ബെഡിന് നേരെ എതിരെയുള്ള ജനവാതിൽ അന്ന പതിയെ തുറന്നു . അകത്തേക്കു കയറാൻ മുട്ടി നിൽക്കുമ്പോലെ സൂര്യവെളിച്ചം മുറിയിലേക്ക് പടർന്നു കയറി ബാൽക്കണിയിൽ പൂത്ത് നിൽക്കുന്ന ഉഷമലരിയുടെ പുഞ്ചിരി അതിന് ഭംഗി കൂട്ടി
“സമയം ഒമ്പത് ……കെട്ടെറങ്ങിയില്ലെ”
അന്ന കമിഴ്ന്നു കിടന്നുറങ്ങുന്ന അലക്സിനെ കുലുക്കി വിളിച്ചു.
” ഉം ” അലക്സ് ഒന്നു മൂളി തിരിഞ്ഞു കിടന്നു.
അലക്സിൻ്റെ ശരീരത്തിൽ നിന്ന് തെന്നി മാറി കിടക്കുന്ന വസ്ത്രം നേരെയൊക്കി മുറി വിട്ടിറങ്ങുന്നതിന് മുൻപായി അന്ന ഒന്നുകൂടി ഭർത്താവിനെ നോക്കി. രാത്രി രണ്ട് മണിയെങ്കിലും ആയിക്കാണും വന്നു കയറിയപ്പോൾ
അടുക്കളയിൽ ചെന്ന് കുക്കറിൽ പാത്രം വെച്ചു. ചൂടുവെള്ളം വേണം. പല്ലു തേക്കുന്നതിന് മുൻപ് അപ്പച്ചൻ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കും. അത് നിർബ്ബന്ധമാണ്. ചൂട് വെള്ളവുമായി അന്ന തട്ടേൽ തോമാച്ചൻ കിടക്കുന്ന മുറിയിലെത്തി
കട്ടിലിന്നരികിലെത്തി അന്ന പതിയെ വിളിച്ചു
“അപ്പച്ചാ വെള്ളം’
തോമാച്ചൻ കണ്ണു തുറന്നു. അരക്ക് കീഴെ ഇടത് വശം തളർന്ന് കിടപ്പായിട്ട് 2 വർഷം കഴിഞ്ഞു.വലത് കൈ പതിയെ പൊക്കി ‘
“വേണ്ട ഞാൻ ഒഴിച്ചു തരാം.”
തോമാച്ചൻ പതിയെ വായ തുറന്നു. ഇളം ചൂടുള്ള വെള്ളം തൊണ്ടക്കുഴി വരെ എത്തിയപ്പോൾ വല്ലാത്ത സുഖം .സമീപത്ത് കിടന്ന ടൗവ്വൽ എടുത്ത് അന്ന തോമാച്ചൻ്റെ ചുണ്ട് തുടച്ചു കൊടുത്തു.
ചുണ്ടിന് മുകളിലായി മുള്ളുവേലി കെട്ടിയ പോലെ നല്ല വെളുത്ത കൊമ്പൻ മീശ ‘തടിച്ച പുരികം നല്ല പൊക്കം അതിനൊത്ത തടി, തുടുത്ത് ചുമന്നിരിക്കുന്ന തട്ടേൽ തോമാച്ചനെ ഒരു നോട്ടം കണ്ടപ്പഴെ പെണ്ണ് കാണാൻ വന്ന അന്ന് അമ്മായിയുടെ മകൾ റീന അന്നയുടെ ചെവിയിൽ മന്ത്രിച്ചു
“അപ്പച്ചൻ എന്നാ സ്റ്റൈലാടി. നീ അപ്പച്ചനെ കെട്ടിക്കൊ”
ശരിയായിരുന്നു ജുബ്ബയും കസവുമുണ്ടും അണിഞ്ഞ് വന്ന തോമാച്ചനെ കണ്ടാൽ ആരുമൊന്ന് നോക്കി പോകും.
” അതേയ് വലിയ വാചകടിക്കണ്ട. അപ്പച്ചൻ്റെ ലുക്കിന് മുൻപിൽ നിങ്ങളൊന്നും അല്ല ”
പലപ്പോഴും കെട്ടിയോൻ അലക്സി നോട് അത് പറയുമ്പോ അലക്സ് തിരിച്ചടിക്കും
” ഹോ ഒരപ്പച്ചനും മരുമോളും ഒന്നു പോടി”
“അലക്സ് എഴുന്നേറ്റോ മോളെ ” തോമാച്ചൻ്റെ ശബ്ദം അന്നയെ ചിന്തയിൽ നിന്നുണർത്തി
“ഇല്ല അപ്പച്ചാ ”
“സോണിയൊ ”
” അവൻ എഴുന്നേറ്റ് ബൈക്കെടുത്ത് പോകുന്നത് കണ്ടു ”
തോമാച്ചൻ ഒന്നും മിണ്ടിയില്ല കണ്ണടച്ച് കിടന്നു
രാവിലെ വെള്ളയപ്പവും സ്റ്റ്യുവുമാക്കാം അന്ന മനസ്സിൽ കരുതി.
സോണിയുടെ കാര്യം പറയുമ്പോഴെല്ലാം അപ്പച്ചൻ്റെ മുഖം മങ്ങും.
ബാലാമണി അതായിരുന്നു അവളുടെ പേര് ‘ അന്ന ഓർത്തു. സോണിക്ക് ഒരുപാട് ഷ്ടമായിരുന്നു അവളെ ‘ അപ്പച്ചനും അലക്സും പറഞ്ഞിട്ടുണ്ട്. എസ്റ്റേറ്റ് ഇറങ്ങി റോഡിലേക്ക് കയറുന്ന ഒരു വളവിലായിരുന്നത്രെ ബാലാമണിയുടെ വീട്’ഒരു പാവപ്പെട്ട വീട്ടിലെ സന്തതി… വലിയ കണ്ണും ചുരുണ്ട മുടിയും തുടുത്ത കവിളും ഉള്ള ബാലാമണി’ പ്രണയം തലക്ക് മൂത്തപ്പോൾ പതിവ് പോലെ സ്റ്റാറ്റസ് പ്രശ്നങ്ങൾ ഉയർന്നു. തട്ടേൽ തോമാച്ചൻ ആദ്യം എതിർത്തു. പിന്നെ തട്ടേൽ അലക്സും .തൻ്റെ കെട്ടിയോൻ .ഇതെല്ലാം താനും അലക്സും തമ്മിലുള്ള വിവാഹത്തിന് മുൻപുള്ള കാര്യങ്ങളാണ്. അന്ന വെള്ളേപ്പം ഉണ്ടാക്കുന്നതിനിടയിൽ ഓർത്തു…..
താനും അലക്സും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഏതാണ്ട് മൂന്ന് മാസമായിക്കാണും….. അന്ന് രാവിലെ വാഴക്ക് തടം പിടിക്കാൻ വന്ന അന്തോണിയാണ് അത് ആദ്യം പറഞ്ഞത്
“അറിഞ്ഞൊ ആ പെണ്ണ് കെട്ടി തൂങ്ങി”
“ആര് ”
ആ ബാലാമണി ”
സംശയത്തിൻ്റെ പേരിൽ സോണിയെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഒരു തെളിവുമില്ലാത്തതിനാൽ കേസെടുക്കാതെ വിട്ടയച്ചു. അതിന് ശേഷം സോണി തോന്നുമ്പോൾ വീട്ടിൽ വരും. അധികം സംസാരമില്ല എന്തെങ്കിലും കഴിച്ചാലായി …… കാലത്തെ ജോലിക്കിടയിൽ ഓർമ്മകളുടെ കെട്ടഴിച്ചു കൊണ്ടേയിരുന്നു അന്ന…….
വെള്ളയപ്പം കഴിക്കുന്നതിനിടയിൽ അന്ന പതിയെ വിളിച്ചു
“അതേയ്…… ”
അലക്സ് തല പൊക്കി ‘
“സോണി യെ ഇങ്ങനെ വിട്ടാ മതിയൊ ”
“പിന്നെ എന്ത് വേണം ”
അലക്സ് ചായ നുണഞ്ഞു കൊണ്ട് ചോദിച്ചു
“ബാലാമണിയുടെ മരണത്തോടെ അവനിലെന്തൊക്കെയോ മാറ്റങ്ങൾ ”
“കഴിഞ്ഞത് കഴിഞ്ഞു. ഒരു പെണ്ണ് കിട്ടിയാൽ തീരാവുന്ന പ്രശ്നമേയുള്ളു”
” ആണെന്ന് എനിക്ക് തോന്നുന്നില്ല’ ”
“ഉം അതെന്താ ”
“അവനത്ര ശരിയല്ല. ”
“അതെന്താ നിന്നോട് വല്ലതും മോശമായി പെരുമാറിയൊ”
“എന്നോട് മോശമായി പെരുമാറിയിൽ അന്നയാരെന്ന് അവനറിയും ”
“ബാലാമണി മരിച്ചതിൽ പിന്നെ അവൻ ആകെ depressed ആണ് ..അതിൻ്റെ ഒരു പ്രശ്നം അവനുണ്ട് ”
” ആ കല്യാണം അങ്ങ് നടത്തി കൊടുക്കായിരുന്നില്ലെ” അന്ന അലക്സിനോടായി ചോദിച്ചു
അലക്സ് ഒന്നും പറയാതെ അന്നയെ നോക്കി പുറത്തേക്കിറങ്ങി……
……………………………….
“അന്തോണി ചേട്ടാ നമുക്കൊന്ന് ബാലാമണിയുടെ വീട് വരെ പോകാം”
പറമ്പിൽ കിളച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അന്തോണി തലയുയർത്തി നോക്കി
“അങ്ങോട്ട് പോണൊ കുഞ്ഞെ ”
” അന്തോണി ചേട്ടന് പേടിയുണ്ടൊ ”
“പേടിയല്ല എല്ലാം ഒന്ന് ഒതുങ്ങിയിരിക്കുന്ന സമയമാ എന്തിനാ വെറുതെ ”
ചുമ്മാ ഒന്ന് പോകാമെന്നേയ് ”
……………………..
കഷ്ടി ഒരു കാറിന് മാത്രം പോകാൻ പറ്റാവുന്ന ചെറിയ വഴി . അത് കഴിഞ്ഞാൽ വെള്ളം ചെറുതായി കെട്ടിനിൽക്കുന്ന സ്ഥലം . അന്ന കാറവിടെ പാർക്ക് ചെയ്തു അതിൻ്റെ ഇടത് വശത്തുകൂടെ ഒരു ചെറിയ വഴി അന്നയും അന്തോണിയും അത് വഴി നടന്നു.
” ദേ ആ പറമ്പിൻ്റെ വടക്കേ മൂലക്ക് കാണുന്നതാണ് വീട് ”
അന്തോണി ചൂണ്ടിക്കാണിച്ച് പറഞ്ഞു.
“കുഞ്ഞെ സൂക്ഷിക്കണം എവിടാന്നാ വരുന്നെന്ന് അറിഞ്ഞാൽ ചിലപ്പോ അവര് പ്രശ്നമുണ്ടാക്കും ”
“കൂടെ അന്തോണി ചേട്ടൻ ഇല്ലെ പിന്നെ ഞാനെന്തിനാ പേടിക്കണെ ”
” അത് പിന്നെ പറയണൊ കുഞ്ഞിനെ ആരും തൊടത്തില്ല. പേടിക്കണ്ട കുഞ്ഞെ. അവിടെ ആ ബാലാമണിയുടെ അമ്മ മാത്രമെയുള്ളു ഒരു പാവം സ്ത്രീയാ പിന്നെ അയൽ പക്കക്കാര് ഇച്ചിരി പിശകാ ”
…………………..
സമയം ഏതാണ്ട് രണ്ടു മണിയായിക്കാണും റൈസ് മില്ലിൻ്റെ അരികെ കാർ പാർക്ക് ചെയ്ത് അന്ന കാത്തിരുന്നു. ഏതാനും നിമിഷങ്ങൾക്കകം ബാലാമണിയുടെ അമ്മ അന്നയുടെ അടുത്തെത്തി
“എന്താ കുഞ്ഞെ ”
“വീട്ടിൽ വച്ച് അധികം സംസാരിക്കേണ്ട എന്ന് വച്ചാണ് ഞാൻ നിങ്ങളോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്…… അന്ന പറഞ്ഞു തുടങ്ങി
“അറിയാനുള്ള കൗതുകം കൊണ്ട് ചോദിക്കുവാ ബാലാമണി കെട്ടിത്തൂങ്ങിയതാണൊ. അതൊ കൊന്ന് കെട്ടി തൂക്കിയതാണൊ ”
അതിനുത്തരം പൊടുന്നനെയുള്ള പൊട്ടിക്കരച്ചിലായിരുന്നു,
ബാലാമണിയുടെ അമ്മ ഏങ്ങിക്കരഞ്ഞു.
“നിങ്ങൾക്ക് പലതും അറിയാം. പക്ഷെ നിങ്ങൾ വല്ലാതെ പേടിക്കുന്നു”
ആ സ്ത്രീ ഒന്നും മിണ്ടിയില്ല
” ഇത് കണ്ടൊ… സോണിയും ബാലാമണിയും പിന്നെ അവൻ്റെ രണ്ടു കൂട്ടുകാരും …… ഇവർ ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ കണ്ടൊ ….. ബാലാമണി മരിക്കുന്നതിൻ്റെ തലേ ദിവസം എടുത്ത ഫോട്ടോയാ അന്നവൾ വളരെ ഹാപ്പിയാണ് പിന്നെ എന്തിനവൾ ആത്മഹത്യ ചെയ്തു ” അന്ന തൻ്റെ മൊബൈൽ കാണിച്ചു കൊണ്ട് ചോദിച്ചു
ബാലാമണിയുടെ അമ്മക്ക് പിടിച്ചു നിൽക്കാനായില്ല അവർ വിതുമ്മിക്കരഞ്ഞു.
“സത്യം പറ അന്ന് എന്താണ് സംഭവിച്ചത് ”
“മോളെ …..ഞൻ അതെങ്ങനെ പറയും ‘ അത് പറയാൻ പോലും എൻ്റെ നാവിന് ശക്തിയില്ല ”
അന്ന ആ സ്ത്രീയെ തന്നോട് ചേർത്തുപിടിച്ചു
“പേടിക്കണ്ട നിങ്ങളോടൊപ്പമാണ് ഞാൻ. ഞാൻ മാത്രമല്ല പലരും ഉണ്ടെന്ന് കൂട്ടിക്കോളു ”
ആ സ്ത്രീ ഒന്ന് അറച്ചു നിന്നു പിന്നെ പതിയെ ചുണ്ടുകള നക്കി
” മോള് പറഞ്ഞത് ശരിയാ…..തലേന്ന് ഏതാണ്ട് ഉച്ചയായി കാണും…..സോണി വന്നു വിളിച്ചു പുറത്തേക്ക് പോകാമെന്ന് പറഞ്ഞു കൂടെ അവൻറെ രണ്ടു കൂട്ടുകാരും ഉണ്ടായിരുന്നു. അവൾ ഇറങ്ങിച്ചെന്നു…… ”
“ഞാൻ പോണ്ട എന്ന് പറഞ്ഞിട്ടും അവള് കേട്ടില്ല പിന്നീട് തിരിച്ചെത്തിയത് ഏതാണ്ട് രാത്രി 8 മണി കഴിഞ്ഞ് കാണും.അവൾ തിരിച്ചെത്തിയത് മോളെ ഏതാണ്ട് ചവിട്ടി കൊഴച്ച മണ്ണ് പോലെയായിരുന്നു…….. ആ സോണിയും അവൻറെ കൂട്ടുകാരും…….. ആ സ്ത്രീക്ക് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല.
“അവനൊരു വൃത്തികെട്ടവൻ ആയിരുന്നു ശരിക്ക് ഒരു കാമഭ്രാന്തൻ ”
“എൻറെ മോൾ ആകെ തകർന്നുപോയി പിന്നെ പിടിച്ചുനിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല നേരം വെളുത്തപ്പോൾ ഞങ്ങൾ കാണുന്നത് തൂങ്ങി നിൽക്കുന്ന എൻ്റെ മോളെയാണ് ”
എന്തു പറയണമെന്ന് അറിയാതെ അന്ന കുഴങ്ങി
“പിന്നെ എന്താ പോലീസിൽ ഒന്നും പരാതിപ്പെടാഞ്ഞത് ”
“എന്ത് പോലീസ് കുഞ്ഞേ? ആര് കേൾക്കാൻ ഞങ്ങളുടെ കൂടെ ആരുമുണ്ടായിരുന്നില്ല പിന്നെ അവൻറെ ചേട്ടൻ അലക്സ് …മോളുടെ കെട്ടിയോൻ അവനൊരു മൂന്നുലക്ഷം രൂപ എന്റെ രണ്ടാമത്തെ മോളുടെ പേരില് ബാങ്ക് ഇട്ടു അതിൻറെ പുസ്തകം കൈയിൽ തന്നു. കൂടുതലൊന്നും അന്വേഷിക്കരുതെന്നും പറഞ്ഞു ”
“അപ്പൊ പോലീസുകാരൊന്നും ചോദിച്ചില്ലേ ”
“അവര് വന്ന് ഏതാണ്ടൊക്കെ ചോദിച്ചു പിന്നെ ഒന്ന് രണ്ട് പേപ്പറിൽ ഒപ്പിടുവിച്ചു കൂടുതൽ ഒന്നും ആരോടും പറയരുത് എന്നും പറഞ്ഞു മോൾ ആത്മഹത്യ ചെയ്തത് അവളുടെ കയ്യിലിരിപ്പിന്റെ കുഴപ്പമാണെന്ന് പറഞ്ഞു ”
“എനിക്കിനി കൂട്ടിന് ആകെ ഒരു സന്തതിയെ ഉള്ളൂ
അതിനെ ഞാൻ കൊലയ്ക്ക് കൊടുക്കണൊ ‘ ഞങ്ങൾ എന്തായാലും ഇവിടം വിട്ടു പോവുകയാ”
” വയ്യാതെ കിടക്കണ അപ്പച്ചൻ നല്ലതാ നല്ല മനസ്സാ പക്ഷെ മക്കൾ……..”.
‘
“നിങ്ങൾ എവിടെയും പോകണ്ട ഒന്നിനെയും പേടിക്കണ്ട കൂട്ടിന് ഞങ്ങളൊക്കെയുണ്ട് ”
ആ സ്ത്രീയെ സമാധാനിപ്പിച്ച് കാറിൽ കയറി നേരെ അന്ന വീട്ടിലേക്ക് വിട്ടു……..
…………..
സോണി ……. എന്തൊ ഒരു തരത്തിലും തനിക്കങ്ങ് ഉൾക്കൊള്ളാൻ പറ്റുന്നില്ല ……പലപ്പോഴും അലക്സ ച്ചായനോട് സൂചിപ്പിക്കാൻ ശ്രമിച്ചു. പിന്നെ പിൻവാങ്ങി. ബാലാമണിയുടെ അമ്മയുമായി സംസാരിച്ചപ്പോ ഏതാണ്ട് ഉറപ്പായി.he is a bloody sex monger….. പണത്തിൻ്റെ തിളപ്പ് കൂട്ടിനും…… അദൃശ്യമായൊരു ഭീതി തനിക്ക് ചുറ്റും വലയം ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കയാണെങ്കിൽ ഉണ്ടെന്നും ഇല്ലെന്നും പറയാൻ പറ്റാത്ത അവസ്ഥ.
അടുക്കളയിലാണെങ്കിലും ഡൈനിങ്ങ് ഹാളിലാണെങ്കിലും ലിവിങ്ങ് ഹാളിലാണെങ്കിലും അവൻ്റെ സാമിപ്യം ഒരു വല്ലാത്ത അസ്വസ്ഥതയാണ് …… ഒരിക്കൽ അപ്പച്ചനോട് എവിടെയും തൊടാതെ ഒന്നു സൂചിപ്പിച്ചു. അപ്പച്ചന് കാര്യം പെട്ടെന്ന് മനസ്സിലായപോലെ .തൻ്റെ കൈകൾ പതിയെ പിടിച്ച് മന്ത്രിച്ചു
” നീ അന്നയല്ലെ ..പേടി നിനക്ക് പറഞ്ഞിട്ടുള്ളതല്ല…… അപ്പച്ചൻ ഉണ്ട് കൂടെ ”
……………………………………
ദിവസങ്ങൾക്ക് ശേഷമുള്ള പ്രഭാതം…….. ആ നാട് അന്ന് മറ്റൊരു ആത്മഹത്യയുടെ വാർത്തയും കേട്ടാണുർന്നത്. തട്ടേൽ സോണി ആത്മഹത്യ ചെയ്തു. സ്വന്തം അപ്പൻ്റെ തോക്കുപയോഗിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്…….
“പാവം ആ ബാലാമണി കൊച്ച് തൂങ്ങിയതി പിന്നെ ആ സോണി ആകെ വല്ലാത്തൊരു മൂഡിലായിരുന്നു ”
“സത്യമാ ……..അവൻ ആരോടും മിണ്ടത്തില്ലായിരുന്നു ”
“ശരിയാ. അവന് ആ ബാലാമണിയെ അത്രക്കിഷ്ടായിരുന്നു ”
നാട്ടുവാക്കുകൾ ഒരു അപ്പൂപ്പൻ താടിപോലെ അവിടെയെല്ലാം പറന്നു നടന്നു……….
………..
നാട്ടാരിൽ വിവരം എത്തും മുൻപെ തട്ടേൽ വീട്ടിൽ അന്ന് നാല് പേർ ഉണർന്നിരുന്നു……
സോണിയും അന്നയും തോമാച്ചാനും അലക്സും……
ഷവറിൽ നിന്ന് പാറിയിറങ്ങുന്ന തണുത്തവെള്ളം തലയിലൂടെയും തൻ്റെ നഗ്നമേനിയിലൂടെയും കിനിഞ്ഞിറങ്ങുമ്പോൾ പ്രഭാതത്തെ കൂട്ടുപിടിച്ചു കൊണ്ടുള്ള കുളി അന്ന ശരിക്കും ആസ്വദിക്കയായിരുന്നു. കണ്ണടച്ച് ഒരു ചെറിയ മൂളി പാട്ടും. പാട്ടിൻ്റെ ശ്രുതിക്ക് എവിടെയൊ ചെറിയ ഭംഗം വന്ന പോലെ . പെട്ടെന്നെന്തോ ശബ്ദം കേട്ടെന്ന പോലെ ….. അന്ന ഹോൾഡറിൽ ‘ തൂക്കിയിട്ടിരുന്ന ബാത്ത് ടൗവ്വൽ വലിച്ചൂരിയെടുത്ത് ശരീരം പൊതിഞ്ഞു. ദേഹമാസകലം പെട്ടെന്ന് തരിച്ച പോലെ……ചുണ്ടുകൾ വിറച്ചു. അന്ന ശബ്ദം കേട്ടയിടത്തേക്ക് സൂക്ഷിച്ച് നോക്കി. എക്സോസ്റ്റ് ഫാനിൻ്റെ ഇടയിലൂടെ ആ രണ്ടു കണ്ണുകൾ … അന്നയുടെ ശരീരം തണുത്തുറഞ്ഞ് ഐസ് പോലെയായി……
“ഡാ വൃത്തികെട്ടവനെ ”
ആളെ മനസ്സിലായപോലെ അവൾ ഉറക്കെ വിളിച്ചു. വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.
തൻ്റെ മുറിയിലേക്കാണവൻ പെട്ടെന്ന് ഓടിക്കയറിയതെന്ന് കണ്ട അന്ന അകത്ത് കയറി വാതിലടച്ചു………..
……………………………
“ടീ ……… “രക്തത്തിൽ കുളിച്ച് കിടക്കുന്ന സോണിയുടെ ശരീരം കണ്ട അലക്സ് അന്നക്കെതിരെ ആഞ്ഞടുത്തു.
“അടുക്കരുത്……. അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത ഈ നാറിയെ ഞാനങ്ങ് കൊന്നു…… ”
ഈറനണിഞ്ഞ ബാത്ത് ടൗവ്വലിൽ ശരീരം പൊതിഞ്ഞ് കയ്യിൽ തോക്കുമായി നിൽക്കുന്ന അന്ന ഈറ്റപുലിയെ പോലെ അലറി.
” കൂടുതൽ ഷോ എൻ്റെയടുത്ത് വേണ്ട. ആത്മഹത്യ കൊലപാതകമാക്കി ഒരു പാട് പരിചയമുള്ളതല്ലെ. ഇതും ആ ഗണത്തിൽ അങ്ങ് ചേ ർത്തേരെ ”
ഒന്നും പറയനാകാതെ അലക്സ് കൈകൾ കൂട്ടി തിരുമ്മി
“എത്ര പണമാണെങ്കിലും ശരി ആരുടെ അണ്ണാക്കിൽ തിരുകി കയറ്റിയാലും ശരി ഒതുക്കിയേക്കണം. അറിയാലൊ. പണമില്ലെങ്കി പറ ഞാൻ തരാം ….. ”
മരിച്ചു കിടക്കുന്ന സോണിയെ നോക്കി എന്ത് ചെയ്യണമെന്നറിയാതെ അലക്സ് ഞെരി പിരി കൊണ്ടു …….
………………
പാതിയടഞ്ഞ മിഴികളുമായി വേച്ചു വേച്ച് അന്ന തോമാച്ചൻ്റെ കിടപ്പുമുറിയിലേക്ക് പ്രവേശിച്ചു. അന്നയെ പ്രതീക്ഷിച്ചെന്നോണം തോമാച്ചൻ ശബ്ദം കേട്ട് പതിയെ കണ്ണു തുറന്നു
“അപ്പച്ചാ…..” അന്ന പെട്ടെന്ന് ആകാൽപാദങ്ങൾ കെട്ടിപിടിച്ച് എങ്ങി കരഞ്ഞു
“ഏയ് എന്നാത്തിന്നാ കരയുന്നെ മോളെ എഴുന്നേൽക്ക് ”
“എനിക്കങ്ങിനെ ……….” മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല
“തട്ടേൽ തോമാച്ചൻ്റെ തോക്ക് ഉണ്ട തുപ്പുന്നത് നെറികേടിനെതിരെയാ……. നീ അതാ ചെയ്തത്….”
അന്ന കണ്ണുകൾ അടച്ച് തലയും താഴ്ത്തി യിരുന്നു.
“അവൻ്റെ ഉപദ്രവം കൂടും എന്നറിയുന്നത് കൊണ്ടുതന്നെയാ ആ തോക്ക് നിന്നെ ഞാൻ ഏൽപ്പിച്ചത് ….പാഴായിപ്പോയാൽ സ്വന്തമാണേലും തീർത്തേക്കണം….. അതാ തട്ടേൽ തോമാച്ചൻ്റെ ഒരു രീതി……. ഒന്നു നിർത്തി തോമാച്ചൻ തുടർന്നു
” മോള് ധൈര്യമായിരി ഒരു ചുക്കും സംഭവിക്കില്ല……
എനിക്ക് നല്ല വിശപ്പ്’ നീ പോയി വെള്ളേപ്പൊം ഇസ്ടുവും ണ്ടാക്ക് …….”
അന്ന പതിയെ എഴുന്നേറ്റു……. വെള്ളപ്പവും ഇസ്ടുവും തോമാച്ചൻ്റെ അരികെ മേശമേൽ വച്ചു
“അപ്പച്ചൻ അവിടെ കിടന്നൊ……. ഞാൻ വായിൽ വെച്ചു തരാം”
വെള്ളയപ്പത്തിൻ്റെ കൊച്ചു കഷ്ണങ്ങൾ കറിയിൽ മുക്കി ……..തോമാച്ചൻ പതിയെ കണ്ണ് തുറന്നു.
അന്ന സൂക്ഷിച്ചു നോക്കി. ആ കൺകളിൽ ഒരു നേർത്ത നനവ് പോലെ……. അന്നയുടെ കവിളിലൂടെ ഒരു ചെറിയ കണ്ണീർ ചാല് ഒഴുകി ……..
മണിക്കൂറുകൾക്കകം ടിവിയിൽ ബ്രേക്കിങ്ങ് ന്യൂസ്
“തട്ടേൽ വീട്ടിൽ സോണി എന്ന യുവാവ് മരിച്ചതായി വാർത്ത പുറത്ത് വരുന്നു. ബാലാമണി എന്ന പെൺകുട്ടി അമ്മ ഹത്യ ചെയ്ത കേസിലെ സംശയിക്കപ്പെട്ട പ്രതിയായിരുന്നു സോണി … ആത്മഹത്യയാണെന്ന് പോലീസിൻ്റെ ആദ്യ നിഗമനം…….”
അത് കേട്ട തോമാച്ചൻ തൻ്റെ വലിയ മീശക്കിടയിലൂടെ ഒന്ന് പുഞ്ചിരിച്ചു . അതിൽ വേദന ഒട്ടുമില്ലായിരുന്നു
(അവസാനിച്ചു)