(രചന: RJ)
വടക്കേതിലെ മോഹൻ്റെ വിശേഷമറിഞ്ഞോ… അവൻ അവന്റെ
ഭാര്യയുടെ കല്യാണം നടത്താൻ പോവാണത്രേ..
എവിടേലും കേട്ടുകേൾവി ഉള്ള കാര്യമാണോ
സ്വന്തം ഭാര്യയെ ഭർത്താവ് തന്നെ മറ്റൊരാൾക്ക് കെട്ടിച്ച് കൊടുക്കുന്നത്… ?
അറിഞ്ഞവർ മൂക്കത്ത് വിരൽ വച്ചു.
മോഹന് തലയ്ക്ക് സ്ഥിരത നഷ്ടപ്പെട്ടു കാണും അല്ലെങ്കിൽ പിന്നെ ഇതുപോലൊരു
കാര്യം ആരെങ്കിലും ചെയ്യോ… ?
നാലാൾ കൂടുന്നിടത്ത് സംസാരവിഷയമായ് മോഹനനും ഭാര്യയും..
” ആ പെണ്ണിന് ജോലിസ്ഥലത്തുള്ള ആരോ ആയിട്ട് അടുപ്പമുണ്ടായിരുന്നു പോലും. അതറിഞ്ഞിട്ടാണ് രണ്ടു പേരുടേയും കല്യാണം നടത്തി കൊടുക്കാൻ മോഹൻ തീരുമാനിച്ചതെന്ന്.
‘കുറ്റം പറയാൻ പറ്റില്ല,
മൂത്ത് നരച്ച ഒരുത്തൻ്റെ ഭാര്യയായി ജീവിക്കാൻ ഏതെങ്കിലും കിളുന്ന് പെണ്ണിന് പറ്റോ…?
ചോരേം നീരുള്ള പെണ്ണല്ലേ അവള്…?
ഉശിരൊള്ള ആണൊരുത്തനെ കണ്ടപ്പോ അറിയാതൊന്ന് ചാഞ്ഞു കാണും…
എന്തായാലും കഷ്ടമായിപ്പോയി. അല്ലാതെന്താ പറയ്യാ..
ചർച്ചകളും പരദൂഷണങ്ങളും നാട് പരന്നിട്ടും ചോദിച്ചു വന്ന വീട്ടുകാരുടെ മുൻപിൽ
ചിരിച്ച മുഖത്തോടെ ഇരുന്നതേയുള്ളു മോഹൻ.
” മോഹനേട്ടനെന്താ ഭ്രാന്തായോ ,
ഇവള് സൂക്കേട് മൂത്ത്
പലതും കാണിക്കും അതിൻ്റെ കൂടെ ചേട്ടനും ചേർന്ന് തുള്ളുകയാണോ
നാട്ടുകാര്ടേം , ബന്ധുക്കളുടേം പരിഹാസം കൊണ്ട് തലയുയർത്തി നടക്കാൻ വയ്യ.
ദേഷ്യത്തിലായിരുന്നു
അനിയൻ.
” ബൈജുവേട്ടൻ്റെ അമ്മേം പെങ്ങളും ഇനി പറയാനൊന്നുമില്ല
തൊലിയുരിഞ്ഞു പോയി
അനിയത്തിമാരും വല്ലാത്ത ദേഷ്യത്തിലായിരുന്നു.
ഓർക്കുകയായിരുന്നയാൾ,
അച്ഛനും അമ്മയുമില്ലാതെ മൂന്ന് പേരേയും വളർത്തിയെടുക്കാൻ പെട്ട കഷ്ടപ്പാടുകൾ,
അവർക്കു വേണ്ടി മാത്രം ജീവിച്ച കാലങ്ങളിൽ സ്വന്തം കാര്യം നോക്കാൻ മറന്നു.
വയസ് നാൽപത്തിമൂന്ന് ആയപ്പോഴാണ് തനിയെ ഒന്ന് നിവർന്ന് നിൽക്കാനായത്.
വിവാഹമെന്ന സ്വപ്നമെല്ലാം ഉപേക്ഷിച്ചിരുന്നു. പക്ഷേ ഇവർക്ക് തന്നെയായിരുന്നു നിർബന്ധം ഒരു തുണ വേണം എന്നത്.
തൻ്റെ പ്രതിഷേധം വകവയ്ക്കാതെ അവർ തന്നെയാണ് സീതയെ കണ്ടെത്തുന്നത്.
വിദ്യാഭ്യാസമൊന്നും കാര്യമായിട്ടില്ലാത്ത പ്രായമായ മുത്തശ്ശി മാത്രമുള്ള ഒരു ഇരുപത്തെട്ടുകാരി . അതാണ് എന്നെ വിഷമിപ്പിച്ചത്. എന്നേക്കാൾ പതിനഞ്ച് വയസ് ഇളയവൾ.
എൻ്റെ എതിർപ്പുകളെ ആരും വകവച്ചില്ല , ഒന്നേ ആവശ്യപ്പെട്ടിരുന്നുള്ളൂ.
ആളും ബഹളവുമൊന്നുമില്ലാതെ താലി പോലും കെട്ടാതെ അവളെ കൈ പിടിച്ച് കൂട്ടണം എന്ന്.
ആദ്യമൊക്കെ ആചാരവും നാട്ടുനടപ്പും പറ ഞ്ഞെങ്കിലും ഒടുവിൽ തൻ്റെയിഷ്ടം തന്നെ നടന്നു.
സീതയെ കാണാൻ ചെന്നപ്പോൾ ആകസ്മികമായാണ് പഴയൊരു ഫോട്ടോ കണ്ണിൽ പെട്ടത്.
എവിടെയോ കണ്ടു മറന്ന മുഖം, സീത തന്നെയാണ് പറഞ്ഞത് അത് അവളുടെ അമ്മയുടേതാണെന്ന്.
വീണ്ടുമൊരിക്കൽ കൂടി നോക്കാൻ തോന്നിയില്ല കാരണം അത് മന:പൂർവ്വം മനസിൽ നിന്ന് മായ്ച്ചു കളഞ്ഞവൾ ആയിരുന്നു സുഭദ്ര.
ഒരു പതിനാലുകാരൻ്റെ ആദ്യ പ്രണയം,
പ്രാരാബ്ദങ്ങളുടെ കണക്കുകൾ തുല്യമായിരുന്നത് കൊണ്ടാകും അവൾ മനസിൽ കയറിയത്.
തിരിച്ചും അങ്ങനെ തന്നെ.
പക്ഷേ വിധി മറ്റൊന്നായിരുന്നു
സുഭദ്രയുടെ അച്ഛൻ മരിച്ചപ്പോൾ പെട്ടന്നു വന്ന ഒരാലോചനയിൽ
ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിക്കാൻ നിർബദ്ധിതയായവൾ.
കല്യാണ ചെറുക്കനോടൊപ്പം തലകുനിച്ച് നീങ്ങുമ്പോൾ പടിയ്ക്കരികിൽ നിന്ന തന്നെ കണ്ട് വിളറി ചിരിച്ചവളുടെ കണ്ണിൽ നീരുണ്ടായിരുന്നു.
നെഞ്ചിലെത്രയോ കാലങ്ങൾ മുറിവേൽപ്പിച്ച കാഴ്ച.
മുത്തശ്ശി കൂടെ ഇല്ലാതായാൽ അവളുടെ അവസ്ഥ, ആരോരുമില്ലാത്ത പ്രായം തികഞ്ഞൊരുവൾ ഈ സമൂഹത്തിനെന്നും ബാധ്യതയാണ് എന്ന ചിന്ത, അതാണ് തന്നെ ഈ തീരുമാനത്തിലെത്തിച്ചത്. സീതയെ കൂടെ കൂട്ടുക ഭാര്യയായല്ല തനിക്കു പിറക്കാതെ പോയ മകളായി.
ജീവിതത്തിൽ ഒരു കൂട്ട്, അത് ഭാര്യ തന്നെയാവണമെന്നില്ലല്ലോ.. അവൾക്ക് അമ്പരപ്പായിരുന്നു ആദ്യം വിസമ്മതിച്ചുവെങ്കിലും പണ്ട് ഒന്നും ചെയ്യാനാവാതെ നിന്ന ഒരുവന് കാലങ്ങൾക്കു ശേഷവും അതേ അവസ്ഥയിൽ നിൽക്കാനാവില്ല സുഭദ്രയുടെ മകൾ തന്റെയും മകളാണ് അങ്ങനയേ കാണാൻ കഴിയൂ, ആരുമില്ലാത്തതിനേക്കാൾ നല്ലതല്ലേ ഒരച്ഛന്റെ സ്നേഹം തന്ന് നോക്കാൻ ഒരാളുണ്ടാവുക എന്ന വാക്കിനു മുന്നിൽ സമ്മതം മൂളേണ്ടി വന്നു. ആരുമൊന്നുമറിയരുത് എന്ന ഉറപ്പിൽ കൈപിടിച്ച് കൂടെ കൂട്ടുമ്പോൾ താനനുഭവിച്ച സന്തോഷം അത് പറഞ്ഞറിയിക്കാൻ കഴിയില്ല.
അവളുടെ ആഗ്രഹം പോലെ കോളേജിലയച്ചു, ഇഷ്ടത്തിന് പഠിപ്പിച്ചു. ഒരച്ഛനും മകളുമായി ആരുമറിയാതെ ഇണങ്ങിയും പിണങ്ങിയും , കുട്ടികളുണ്ടാവാത്തതിന്റെ അടക്കം പറച്ചിൽ കേട്ട് പൊട്ടിച്ചിരിച്ചും നാളുകൾ നീക്കി. വർഷങ്ങൾ കടന്നതും തന്റെ പ്രായത്തെയോർത്തില്ലാതിരുന്ന ആവലാതി അവളുടെ പ്രായത്തെയോർത്ത് നീറി. ഇരുപത്തെട്ടിൽ നിന്നും മുപ്പത്തിയഞ്ചിലേക്കു കടന്ന ഉദ്യോഗസ്ഥ. ഇനി അവൾക്കൊരു കൂട്ടാണ് വേണ്ടത് , ഒരച്ഛന്റെ കടമയേക്കാൾ ഭർത്താവെന്ന കടമ നിർവഹിക്കാനൊരാൾ .
കൂടെ ജോലി ചെയ്യുന്ന ഒരുവൻ തന്നെ എല്ലാമറിഞ്ഞ് വന്നപ്പോൾ അവൾക്ക് സങ്കടമായിരുന്നു തന്നെ പിരിയുന്നതോർത്ത് , അതിലുപരി നാട്ടുകാരും വീട്ടുകാരും എന്തു പറയുമെന്നോർത്ത്.
മറുപടി പറയാൻ താനുണ്ട് എന്ന ഉറപ്പിലാണ് എല്ലാം തീരുമാനിച്ചത്.
പ്രതീക്ഷിച്ചിരുന്നതാണ് ഈയൊരു ചോദ്യങ്ങൾ.
ഒന്ന് നെടുവീർപ്പിട്ടു മോഹൻ.
ഇവളൊറ്റ ഒരുത്തിയാ ഇതിനൊക്കെ കാരണം
അടിച്ചിറക്കി വിടുകയാ ചെയ്യേണ്ടത്.
കണ്ണു നിറച്ച് നിന്നിരുന്ന സീതയുടെ നേർക്ക് ചീറിയടുത്ത അനുജൻ്റെ മുന്നിലേക്ക് കയറി നിന്നു മോഹനൻ.
തൊട്ടു പോകരുതവളെ
ക്ഷുഭിതനായിരുന്നയാൾ , അത്രയും നേരം കണ്ട ശാന്തത ഉണ്ടായിരുന്നില്ല ആ മുഖത്ത്.
നിങ്ങൾക്കെല്ലാം ഒറ്റയ്ക്ക് ജീവിക്കാനാവശ്യമായതെല്ലാം
സ്വത്തും കുടുംബവുമടക്കം ഉണ്ടാക്കി തന്നിട്ടാണ് എന്നേക്കാൾ പ്രായം കുറഞ്ഞ ഇവളെ ഞാൻ വിവാഹം കഴിച്ചത് ‘ അതും നിങ്ങളുടെ നിർബദ്ധത്തിന് വഴങ്ങി .
അന്നും ഇന്നും ഇവൾക്ക് എൻ്റെ മനസ്സിൽ ഞാൻ കല്പിച്ചു കൊടുത്തൊരു സ്ഥാനമുണ്ട്.
അതുകൊണ്ട് ഇവളുടെ ജീവിതം തീരുമാനിക്കാൻ നിങ്ങളാരും മെനക്കെടേണ്ട
അത് നോക്കാൻ എനിക്കറിയാം.
പിന്നെ നാട്ടുകാരും വീട്ടുകാരും,
പറക്കമുറ്റാത്ത പ്രായത്തിലുള്ള മൂന്ന് പേരെ കൈയ്യിലേൽപ്പിച്ച് നമ്മുടെ അച്ഛനും അമ്മയും മരിച്ചപ്പോൾ ഒരു നേരത്തെ ആഹാരം നൽകാൻ ഈ പറഞ്ഞ ആരും തന്നെ ഉണ്ടായിരുന്നില്ല.
മുണ്ട് മുറുക്കിയുടുത്ത് ഒരു പതിനാലുകാരൻ
പറമ്പിലേക്കിറങ്ങുമ്പോൾ സഹതാപം പറയാനല്ലാതെ ഒരുത്തനും തിരിഞ്ഞു നോക്കിയിട്ടില്ല.
ആരേയും പ്രതീക്ഷിച്ചിട്ടുമില്ല ഞാൻ.
അതുകൊണ്ട് ഞാനെന്താണോ തീരുമാനിച്ചത് ഇവളുടെ കാര്യത്തിൽ അതേ നടക്കു.
കൂടെ നിൽക്കുന്നവർക്ക് നിൽക്കാം ഇല്ലാത്തവർ ഈ നിമിഷം ഇറങ്ങണം ഇവിടെ നിന്ന്.
ജ്വലിക്കുകയായിരുന്നയാൾ.
മുറുമുറുത്തു കൊണ്ട് പടിയിറങ്ങി പോകുന്നവരെ നോക്കി
സീത അയാളുടെ മുന്നിൽ തേങ്ങലോടെ കൈ കൂപ്പി.
‘എന്തിനാ, എനിക്ക് വേണ്ടി
ഏങ്ങലടിക്കുന്ന അവളെ ചേർത്തു പിടിച്ചയാൾ നെറുകിൽ തലോടി.
” പാടി നടക്കുന്നവർ എന്തും പറയട്ടെ
നമ്മളെന്താണെന്ന് നമുക്കറിയാം അത് മതി.
മറ്റാരേയും ബോധിപ്പിക്കേണ്ട കാര്യം ഇല്ല.
നിൻ്റെ ജീവിതം ഞാൻ ആഗ്രഹിച്ച പോലെ
നടത്തിയെടുക്കണം
എന്നിട്ട് വേണം എനിക്കുമൊന്ന് വിശ്രമിക്കാൻ.
ഇക്കാലമത്രയും മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചവനാ ഞാൻ
നിന്നെയും കൂടി സുരക്ഷിതമായി എത്തിച്ചിട്ട് വേണം
എനിക്കു വേണ്ടി
ഇനിയൊന്ന് ജീവിക്കാൻ.
നിറപുഞ്ചിരിയായിരുന്നയാളുടെ ചുണ്ടിലും മനസ്സിലും.