(രചന: ശ്രീജിത്ത് ഇരവിൽ)
ശാന്ത തൊഴുത്തിലാണ്. അവളുടെ കല്ല്യാണിയെന്ന പശുവിന്റെ നാലാമത്തെ പേറാണ് അവിടെ നടന്ന് കൊണ്ടിരിക്കുന്നത്. വിടർന്ന കണ്ണുകളുമായി പകച്ച് നിൽക്കുകയാണ് ശാന്തയുടെ ആറ് വയസ്സുള്ള മകൻ മണിക്കുട്ടൻ.
കൊഴുത്ത ദ്രാവകത്തിൽ പൊതിഞ്ഞ ആ കിടാവിന്റെ തലയും ഉടലും കല്ല്യാണിയുടെ യോനിയിൽ നിന്ന് തൊഴുത്തിൽ പരത്തി വിരിച്ച വൈക്കോലിലേക്ക് ഊർന്ന് വീണു! അതുകണ്ടപ്പോൾ ഒരു ഞെരിപിരിയലോടെ മണിക്കുട്ടന്റെ നെറ്റി ചുളിഞ്ഞു. ഒരുതരം അറപ്പോടെ അവൻ പിൻവലിയുമ്പോൾ നിന്നേയും ഇങ്ങനെയാടാ ഞാൻ പെറ്റതെന്ന് ശാന്ത പറഞ്ഞിരുന്നു.
‘അല്ല… അല്ലേയല്ല…!’
എന്നും പറഞ്ഞ് കരഞ്ഞുകൊണ്ട് മണിക്കുട്ടൻ തൊഴുത്തിൽ നിന്ന് പുറത്തേക്ക് ഓടി. അല്ലെങ്കിലും അവന് അവന്റെ അച്ഛന്റെ ഗുണമാണ്. തങ്ങളുടെ വർഗ്ഗം ഒഴികെയുള്ള മറ്റെല്ലാവരും രണ്ടാംകിട ജീവനുകളാണെന്ന് ധരിക്കുന്ന മനുഷ്യരുടെ ഗുണം…
അസ്സഹനീയമായ വേദന അനുഭവപ്പെട്ടിട്ടും കല്ല്യാണി അവളുടെ കുഞ്ഞിനെ വൈകാതെ നക്കിത്തുടച്ച് വെടിപ്പാക്കി. ശാന്ത കല്ല്യാണിയുടെ കുഞ്ഞിന്റെ ലിംഗം തിരഞ്ഞു. ഹാവൂ… പെണ്ണ് തന്നെ. അവളിൽ വല്ലാത്തയൊരു ആശ്വാസം പ്രകടമായി. ആണാണെങ്കിൽ മണിക്കുട്ടന്റെ അച്ഛൻ അതിനെ മാസങ്ങൾക്കുള്ളിൽ വിൽക്കും. അങ്ങനെ കല്ല്യാണി പെറ്റ മൂന്ന് മൂരിക്കുട്ടൻമാരെയാണ് അയാൾ അറവുകാർക്ക് കിട്ടിയ വിലക്ക് വിറ്റത്.
മണിക്കുട്ടന്റെ അച്ഛനിലേക്ക് വരാം. പേര് ഭാർഗവൻ എന്നാണ്. എവിടേയും കുഴഞ്ഞ് വീഴാത്ത മുഴുകുടിയനാണ് ഭാർഗവൻ. അറ്റം ചുളിഞ്ഞ നീണ്ട മൂക്കും. പുറം മടക്കിൽ രോമം കിളിർത്ത കാതുകളുമാണ് അയാൾക്ക്. സ്വന്തം അമ്മയ്ക്ക് പോലും ആജാനുബാഹുവായ ഭാർഗവനെ പേടിയാണ്. ഭാര്യയുടെ കാര്യം പിന്നെ പറയാനുണ്ടോ…
ശാന്ത ആ കിടാവിനെ തലോടി. നെറ്റിയിലെ വെളുത്ത പൂവിൽ തൊട്ട് പാറുക്കുട്ടീയെന്ന് വിളിച്ചു. മരിച്ചുപോയ അവളുടെ അമ്മയുടെ പേരായിരുന്നുവത്..
തൊഴുത്തിലേക്ക് ഒരു ഓസ് വലിച്ചിട്ട് ശാന്ത കല്യാണിയെ അടിമുടി വൃത്തിയാക്കി. ശേഷം കൊഴുത്ത ഗർഭദ്രാവകവും, രക്തത്തോടെയുള്ള ചില മൃദുല മാംസത്തുണ്ടുകളും വാരി പറമ്പിലെ മൂലയിൽ കുഴിച്ചിട്ടു. തുടർന്ന്, മണിക്കുട്ടനെ തിരഞ്ഞു. അമ്മൂമ്മയ്ക്ക് അടക്ക പൊളിച്ച് കൊടുക്കുന്ന തിരക്കിലായിരുന്നു അവൻ അപ്പോൾ. വല്ലതും വന്ന് കഴിക്കെടായെന്നും പറഞ്ഞ് തന്റെ പതിവ് ജോലിയിലേക്ക് ശാന്ത പ്രവേശിച്ചു.
ഭാർഗവന് വളർത്തുമൃഗങ്ങളുടെ കച്ചവടമാണ്. ആട് മാട് മുയലുകളേയും. പട്ടി പൂച്ച പറവകളേയും. ഉടുമ്പ് പാമ്പ് മീനുകളേയും ഭാർഗവൻ വിറ്റിട്ടുണ്ട്. വാങ്ങാൻ ആളുണ്ടെങ്കിൽ മനുഷ്യനൊഴികെ ലഭ്യമാകുന്ന ഏത് പ്രാണനുകളെയും അയാൾ വിൽക്കും. വാങ്ങുന്നവർ അതിനെ വളർത്താനാണൊ കൊല്ലാനാണൊ എന്നൊന്നും ഭാർഗവൻ അന്വേഷിക്കാറില്ല. അയാൾക്ക് അതുങ്ങളെല്ലാം മനുഷ്യർക്ക് ഭൂമിയിൽ സുമുഖമായി ജീവിക്കാൻ തന്റെ ഇഷ്ട ദൈവം ബ്രഹ്മ്മാവ് സൃഷ്ട്ടിച്ചതാണ്.
ഭാർഗവന് എല്ലാ നാളും കൈയ്യിൽ പണം വേണം. കടപൂട്ടി വീട്ടിലേക്ക് പോകുമ്പോൾ മൂക്കറ്റം കുടിക്കണം. തുടർന്ന് മണിക്കുട്ടന് എന്തെങ്കിലും പലഹാരപ്പൊതി കരുതണം. അത്താഴം കഴിക്കുന്നതിന് മുമ്പോ, കഴിച്ചതിന് ശേഷമോ പാവം ശാന്തയോട് കയർക്കണം. രാത്രിയുടെ ഒടുവിൽ മണിക്കുട്ടനെയും പൊത്തിപിടിച്ച് ഉറങ്ങണം. ഇത്രേയുള്ളൂ ഭാർഗവൻ….
ഉറങ്ങി കിടക്കുന്ന അയാളുടെ നെറ്റിയിൽ ശാന്ത ചുംബിക്കുകയും, കഷണ്ടി കയറി തുടങ്ങുന്ന മുടിനാരുകളിൽ തലോടുകയും ചെയ്യും. കൂർക്കത്തിലേക്ക് നീണ്ടുപോയ അയാളെ സ്നേഹിക്കാനാണ് അവൾക്കെന്നും ഇഷ്ടം…
മാസങ്ങൾ കഴിഞ്ഞു. ഒരുനാൾ, ചിലരെയൊക്കെ കൂട്ടി ഒരു വൈകുന്നേരം ഭാർഗവൻ വീട്ടിലേക്ക് വന്നു. സാധാരണ ആ നേരത്ത് പതിവില്ലാത്തതാണ്. വന്നപാടെ തൊഴുത്തിന്റെ മുറ്റത്ത് മേയുന്ന കല്ല്യാണിയുടെ അടുത്തേക്ക് അവർ നീട്ടി നടക്കുന്നത് കണ്ടപ്പോൾ ശാന്തയ്ക്കൊരു പന്തികേട് തോന്നി.
‘ഈശ്വരാ… പാറുക്കുട്ടിയെ..’ ശബ്ദമില്ലാതെ അവൾ പറഞ്ഞുപോയി.
ഒന്നുമറിയാതെ കല്യാണിയുടെ അകിട് നുണയുന്ന ആ കിടാവിനെ കണ്ടപ്പോൾ നെഞ്ചത്തൊരു കരിങ്കല്ല് വീണത് പോലെ ശാന്തക്ക് തോന്നി. അവൾ തൊഴുത്തിലേക്ക് എത്തുമ്പോഴേക്കും, അവർ അവസാന വില തീർപ്പാക്കുന്ന മൃദു തർക്കത്തിലായിരുന്നു.
‘ദിവസോം ആറുലിറ്ററ്…. ഉറപ്പല്ലേ..!?’
വന്നവരിൽ ഒരാൾ ഭാർഗവനോട് സംശയം പ്രകടിച്ചു.
വിൽക്കപ്പെടാൻ പോകുന്നത് കല്ല്യാണിയാണെന്ന് അപ്പോഴാണ് ശാന്തക്ക് മനസ്സിലാകുന്നത്. വേണെമെങ്കിൽ ഒരായിരം ഉറുപ്പ്യ കൂടി കുറക്കാമെന്ന് ഭാർഗവൻ പറഞ്ഞപ്പോൾ കച്ചവടം നടന്നു. പാറുക്കുട്ടിയെ തൊട്ടടുത്ത കവുങ്ങിലേക്ക് അയാൾ മാറ്റിക്കെട്ടുകയായിരുന്നു.
വാങ്ങുമ്പോൾ മുലകുടി മാറാത്ത കിടാവിനെ ഉൾപ്പടെയല്ലേ വാങ്ങേണ്ടത്. കണ്ണ് കീറാത്ത മിണ്ടാപ്രാണികളെ പിടിച്ച് വിൽക്കുന്ന ഭാർഗ്ഗവന് അതൊന്നും പ്രശ്നമല്ലായെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു. തന്റെ ഭർത്താവിനെ പോലെ വന്നവർക്കും കണ്ണിൽ ചോരയില്ലെന്ന് ശാന്തയ്ക്ക് തോന്നി.
വരുമ്പോൾ കൊണ്ടുവന്ന കയറിൽ കുരുക്കി കല്ല്യാണിയേയും കൊണ്ട് വാങ്ങിയവർ നടന്നു. കൂടെ ഭാർഗവനും. ആ ചിത്രത്തിൽ ഒന്നും പ്രതികരിക്കാൻ പറ്റാത്ത നെഞ്ചിടിപ്പോടെ മണ്ണിൽ തറച്ചയൊരു അമ്പ് പോലെ നിൽക്കുകയായിരുന്നു ശാന്ത.
അകലുന്ന അമ്മയെ നോക്കി പാറുക്കുട്ടി ഏറെ പരിഭ്രാന്തിയായി തൊണ്ടപൊട്ടി നിലവിളിച്ചു. അവളുടെ കഴുത്തിലെ മണിനാദം കവുങ്ങിൽ തട്ടി ഇടറുന്നുണ്ടായിരുന്നു. തന്റെ കാഴ്ച്ചയിൽ നിന്ന് മറയുന്ന കല്ല്യാണി താനാണെന്നും, കാതിൽ മുഴുങ്ങുന്ന പാറുക്കുട്ടിയുടെ കരച്ചിൽ പൊന്നുമോൻ മണിക്കുട്ടന്റേത് ആണെന്നും ശാന്തക്ക് ആ നേരം തോന്നിപ്പോയി…!!!
ശ്രീജിത്ത് ഇരവിൽ