അവൾക്കും വികാരങ്ങൾ ഉണ്ടെന്ന് താൻ ഓർക്കാറില്ല. ചില രാത്രികളിൽ കട്ടിലിന്റെ രണ്ടറ്റങ്ങളിലായി രണ്ട് ധ്രുവങ്ങളിലെന്ന പോലെ..

അവൾ
(രചന: Shakheela Rasheed)

കൂടെയുണ്ടായിരുന്നപ്പോൾ അവളുടെ മുഖത്തേക്ക് താൻ ശെരിക്ക് നോക്കിയിട്ടില്ല. അവളുടെ കണ്ണുകൾ , ചുണ്ടുകൾ, മൂക്ക്, നെറ്റിത്തടം, കവിളുകൾ എല്ലാം തനിക്ക് അപരിചിതമായിരുന്നു.

രാത്രിയിൽ ഇരുട്ടിന്റെ മറവിൽ അവളുടെ ശരീരത്തിൽ തന്റെ കാമദാഹം തീർക്കുമ്പോൾ അത് കഴിഞ്ഞു എത്രയും പെട്ടെന്ന് ഉറങ്ങാനുള്ള ആവേശത്തിലാവും താൻ. അവൾക്കും വികാരങ്ങൾ ഉണ്ടെന്ന് താൻ ഓർക്കാറില്ല. ചില രാത്രികളിൽ കട്ടിലിന്റെ രണ്ടറ്റങ്ങളിലായി രണ്ട് ധ്രുവങ്ങളിലെന്ന പോലെ പുറം തിരിഞ്ഞു കിടക്കുമ്പോൾ കേൾക്കുന്ന നെടുവീർപ്പുകൾ കേട്ടില്ലെന്ന് നടിച്ചു.

താൻ എന്തൊരു മനുഷ്യനാണ്…

വിവേക് കസേരയിൽ നിന്ന് എണീറ്റു റൂമിലേക്ക് പോയി. അവന് സുനിതയെ കുറിച്ചുള്ള ഓർമകളിൽ നിന്ന് മുക്തി നേടാൻ കഴിയുന്നില്ല.അവൾ പോയിട്ട് ഈ ന്യൂ ഇയറിന് ഒരു വർഷം ആയി.എല്ലാവരും അവളെ കുറ്റപ്പെടുത്തുമ്പോഴും താൻ മാത്രം അവളെ കുറ്റപ്പെടുത്തിയില്ല. അവളില്ലാതായപ്പോളാണ് അവളുടെ വില ശെരിക്കും തനിക്ക് മനസിലാകുന്നത്.

രാവിലെ തനിക്ക് ഓഫീസിൽ പോകാൻ സമയം ആകുമ്പോഴേക്കും പ്രഭാത ഭക്ഷണം ഒരുക്കുന്ന തിരക്കിനിടയിലും അവൾ തന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കാറില്ല. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള അവളുടെ ആ പ്രവൃത്തിയിൽ തനിക്ക് അത്ഭുതമൊന്നും തോന്നിയില്ല.

കാരണം ഇതെല്ലാം ഒരു ഭാര്യയുടെ കടമയാണ്. ഇതെല്ലാം അവൾ ചെയേണ്ടവൾ തന്നെയാണ്. അവൾ അടുക്കളയിലും മറ്റുമായി കഷ്ടപ്പെട്ട് ഓരോ ജോലികൾ ചെയ്യുമ്പോൾ മൊബൈലിൽ ഓരോ വീഡിയോ കണ്ട് താൻ റൂമിൽ കിടക്കുകയാവും.

ഒരു നേരം പോലും തനിക്ക് അവളെ ഒന്ന് സഹായിക്കാൻ തോന്നിയിട്ടില്ല. എങ്കിലും അവൾ ഒരു പരാതിയുമായി തന്റെ അടുത്ത് വന്നിട്ടില്ല. അമ്മ ഉണ്ടാക്കുന്ന കറിയിൽ ഉപ്പോ മുളകോ പുളിയോ കൂടിപ്പോയാൽ താൻ അവൾക്ക് നേരെ ആക്രോശിക്കും. അപ്പോളും കൂടെയിരുന്നു ഭക്ഷണം കഴിക്കുന്ന അമ്മ അവളുടെ ഭാഗത്ത്‌ അല്ല മോനെ തെറ്റ് എന്ന് പറഞ്ഞു തന്നെ തിരുത്തി തന്നിട്ടില്ല.

അവൾ തൊടുന്നതും പിടിക്കുന്നതും വരെ അമ്മക്ക് കുറ്റമായിരുന്നു. എന്ത് കാര്യം ചെയ്താലും അതിൽ കുറ്റം കണ്ടെത്തി അവളെ കുറെ വഴക്ക് പറയുമായിരുന്നു അമ്മ. അതൊക്കെ കേൾക്കുമ്പോൾ ദേഷ്യം പിടിച്ചു താനും അവളെ ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട്. ആദ്യമൊന്നും പ്രതികരിക്കാതിരുന്ന അവൾ പിന്നെ പ്രതികരിക്കാൻ തുടങ്ങി.

ആ പ്രതികരണം അവളുടെ തന്റെടമായി കണക്കാക്കി താൻ അവളുടെ നാവടപ്പിച്ചു. വീട്ടിൽ നിന്ന് പുറത്ത് പോവാൻ അവൾക്ക് അനുവാദം ഇല്ല. എന്തെങ്കിലും ആവശ്യത്തിന് പുറത്ത് പോകേണ്ടി വന്നാൽ എണ്ണി ചുട്ട അപ്പം പോലെ കണക്കാക്കിയേ പൈസ കൊടുക്കാറുള്ളു.

സംസാരപ്രിയയായ അവൾ വളരെ ആവേശത്തോടെ എന്തെങ്കിലും പറയാൻ വന്നാൽ താൻ അതിന് ചെവി കൊടുക്കാറില്ല. പറയുന്നത് പാതി വഴിയിൽ നിർത്തി അവൾ തിരിഞ്ഞു നടക്കും. പതുക്കെ പതുക്കെ അവളുടെ സംസാരം കുറഞ്ഞു വന്നു. അവൾ തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടി. അവൾക്ക് കൂട്ടിന് അവളുടെ മൊബൈലും.

അന്ന് ഒരു ന്യൂ ഇയർ ദിവസം. തന്റെ കൂട്ടുകാരെല്ലാം വീട്ടിൽ ഒന്ന് കൂടാമെന്ന് പറഞ്ഞത് കൊണ്ടാണ് കോഴിക്കറിയും ചപ്പാത്തിയും ഉണ്ടാക്കാൻ പറഞ്ഞെല്പിച്ചത്.

കുടിയും ആഘോഷവും കഴിഞ്ഞു ഭക്ഷണം കഴിക്കാൻ വന്നപ്പോൾ കൂട്ടുകാർ കോഴിക്കറിക്ക് കുറ്റം പറയാൻ തുടങ്ങി. ദേഷ്യം കൊണ്ട് കണ്ണ് കാണാതായ താൻ അവരുടെ മുന്നിൽ വെച്ചു കറി എടുത്തു അവളുടെ മേലേക്ക് ഒഴിച്ചു.

ആകെ അപമാനിതയായ അവൾ കുറച്ചു നേരം സ്തംഭിച്ചു നിന്നു. എന്നിട്ട് വേഗം അടുക്കളയിലേക്കോടി. കുടിച്ചു ലെവലില്ലാത്ത കൂട്ടുകാരുടെ കെട്ടിറങ്ങി. ഓരോരുത്തരായി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. കോഴിക്കറി ഞാൻ ഉണ്ടാക്കിക്കോളാം ചപ്പാത്തി നീ ഉണ്ടാക്കിക്കോ എന്ന് പറഞ്ഞ അമ്മ ഒന്നും അറിയാത്ത പോലെ നിന്നു.

കരഞ്ഞു കരഞ്ഞു കിടന്നിട്ടും ഉറക്കം കിട്ടാതായപ്പോൾ സുനിത പതുക്കെ എഴുന്നേറ്റു. കട്ടിലിൽ കൂർക്കം വലിച്ചുറങ്ങുന്ന വിവേക് . അവൾ ഒരു ദൃഡനിശ്ചയത്തോടെ എണീറ്റ് കണ്ണും മുഖവും അമർത്തി തുടച്ചു.

പിന്നെ ഡ്രസ്സ്‌ ഒന്നും മാറാൻ നിൽക്കാതെ പതുക്കെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി. തന്റെ മൊബൈൽ എടുക്കണോ എന്ന് ഒരുമാത്ര അവൾ ചിന്തിച്ചു. പിന്നെ ഓർത്തു മരിക്കാൻ പോകുന്നവൾക്ക് എന്തിന് മൊബൈൽ.

അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടാൻ പോലും മിനക്കെടാതെ ആ ഇരുട്ടത്ത് അവൾ ഇറങ്ങിയോടി. അടുത്തുള്ള റെയിൽപാളം ആയിരുന്നു അവളുടെ ലക്ഷ്യം. ആ ഓട്ടത്തിനിടയിലും അവളുടെ ഉള്ളിൽ വിവേകിന്റെ ആക്രോശവും തന്റെ മേൽ വന്നു വീണ ചൂടു കറിയും ആയിരുന്നു.

ശരീരത്തിൽ ഏറ്റ പൊള്ളലിനെക്കാൾ അവളെ നോവിച്ചത് മനസിനേറ്റ പൊള്ളലായിരുന്നു. അവൾക്ക് റെയിൽപാളത്തിൽ എത്താനുള്ള ക്ഷമയൊന്നും ഇല്ലായിരുന്നു. റോട്ടിലെത്തിയപ്പോൾ ചീറിപാഞ്ഞു വരുന്ന കാറിന്റെ മുന്നിലേക്കവൾ വിതുമ്പി കരഞ്ഞു കൊണ്ട് എടുത്തു ചാടി.

ഓഫിസിൽ നിന്ന് വന്നു അമ്മ കൊടുത്ത ചായ കുടിച്ചു ടീവിയും കണ്ടു ഹാളിൽ ഇരിക്കുകയായിരുന്നു വിവേക്. അപ്പോളാണ് ടീവിയിൽ പ്രശസ്ത എഴുത്തുകാരി അനാമികയുമായുള്ള അഭിമുഖം ഇന്ന് രാത്രി പത്തുമണിക്ക് എന്ന് എഴുതി കാണിക്കുന്നത്. അവൻ ചാനൽ മാറ്റി കൊണ്ടിരുന്നു. രാത്രിയിൽ ഭക്ഷണം കഴിഞ്ഞു ടീവി തുറന്നപ്പോൾ എഴുത്തുകാരി അനാമികയുമായുള്ള അഭിമുഖത്തിന്റെ തുടക്കം ആയിരുന്നു..

അവതാരികയുടെ ചോദ്യം കേട്ടു

“മാഡം.. മാഡം എഴുതിയ ഈ നോവൽ ഇത്രയും പ്രശസ്തിയാവാൻ കാരണമെന്താ..? ഓരോ കുടുംബത്തിലെയും സ്ത്രീകളെ ഇത്രയധികം സ്വാധീനിക്കാൻ, അവരെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ച ഈ നോവൽ സ്ത്രീകൾക്കിടയിൽ ഒരു തരംഗമാവുകയാണല്ലോ.

എന്താണ് മാഡം അതിന് കാരണം..? മാഡത്തിന് ഈ നോവലുമായി എന്തെങ്കിലും ജീവിത യാഥാർഥ്യം ഉള്ളതായി തോന്നിയിട്ടുണ്ടോ..? പറയൂ മാഡം.., ഇങ്ങനെ ഒരു നോവൽ എഴുതാനുള്ള പ്രചോദനം എന്താണ് മാഡം..?

അവതാരികയുടെ നൂറു നൂറു ചോദ്യങ്ങൾ..
പെട്ടെന്ന് ഒരു പുഞ്ചിരിയോടെ അനാമികയുടെ മുഖം സ്‌ക്രീനിൽ തെളിഞ്ഞു..വിവേക് ഞെട്ടിപ്പോയി..

സുനിത…!

തന്റെ അവഞ്ജയും അവഗണനയും സഹിച്ചു അടുക്കളയുടെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിഞ്ഞവൾ. രണ്ട് കൊല്ലം തന്റെ ഭാര്യയായി കൂടെ ജീവിച്ചവൾ. ഇപ്പോൾ അവൾ മാറിയിരിക്കുന്നു. ഒരുപാട് ഒരുപാട്..

വലിയ ജരികയുള്ള സാരി ഞൊറിയാതെ ചുമലിലൂടെ നിവർത്തിയിട്ടിരിക്കുന്നു. നെറ്റിയിൽ ഒരു വലിയ കുങ്കുമ പൊട്ട്. അഴിഞ്ഞുലഞ്ഞു കിടക്കുന്ന തലമുടി. ചുണ്ടിൽ മിന്നി തെളിയുന്ന പുഞ്ചിരി. ഒരു പ്രൌഡയെ പോലെ അവൾ കസേരയിൽ നിറഞ്ഞിരുന്നു.

“പറയൂ മാഡം..”

അവതാരിക ചോദ്യം ആവർത്തിച്ചു.

അവൾ പറയാൻ തുടങ്ങി, ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ.

മരിക്കണമെന്ന ഉദ്ദേശത്തോട് കൂടിയാണ് വീട്ടിൽ നിന്ന് ആ രാത്രിയിൽ ഇറങ്ങി ഓടിയത്. റെയിൽപ്പാളം ലക്ഷ്യമാക്കി ഓടുന്നതിനിടയിൽ തികട്ടി വന്ന ഓർമയിൽ കരഞ്ഞു കൊണ്ട് മുന്നിലേക്ക് ചീറി വന്ന കാറിന് മുന്നിലേക്ക് എടുത്തു ചാടി.

കണ്ണ് തുറക്കുമ്പോൾ സുനിത ഏതോ ഒരു മുറിയിലായിരുന്നു. മുകളിൽ കറങ്ങുന്ന സീലിംഗ് ഫാൻ. അവൾ കണ്ണോടിച്ചു ചുറ്റും നോക്കി. ഫാനിന്റെ കാറ്റിൽ ഇളകിയാടുന്ന ജനൽ കർട്ടനുകൾ. അവൾ പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു. ശരീരം മൊത്തം വേദനയുണ്ട്. അവൾ അങ്ങിനെ അവിടെ തന്നെ കിടന്നു..

ആ.. ഉണർന്നോ..?

ചോദിച്ചു കൊണ്ട് ഒരു ചെറുപ്പക്കാരൻ മുറിയിലേക്ക് കയറി വന്നു. അയാളെ കണ്ടാൽ ഒരു നാല്പത് വയസ്സ് തോന്നിക്കും.
അവൾ ഞെട്ടിപിടഞ്ഞെണീറ്റു. പേടി കൊണ്ട് അവളുടെ ദേഹം വിറച്ചു.

ആരാ…? ആരാ..?

അവളുടെ ശബ്ദം വിറച്ചു. ഭയചകിതയായ അവൾ ഭ്രാന്തമായ ഒരാവേശത്തോടെ എഴുന്നേറ്റു പുറത്തേക്ക് ഓടാൻ തുടങ്ങി.

“ഹേയ്..ഞാൻ നിന്നെ ഉപദ്രവിക്കില്ല..”

അയാൾ അവളെ പിടിച്ചു.. അവൾ ഭയം കൊണ്ട് അയാളെ കടിക്കാൻ ശ്രമിച്ചു. അയാൾ കയ്യിലിരുന്ന സിറിഞ്ച് അവളുടെ കൈത്തണ്ടയിൽ ബലമായി കുത്തിയിറക്കി. അവൾ അപ്പോളും കുതറുന്നുണ്ടായിരുന്നു. പതുക്കെ പതുക്കെ അവൾ മയങ്ങി അയാളുടെ കൈകളിലേക്ക് ഊർന്നു വീണു. അയാൾ അവളെ എടുത്തു ബെഡിൽ കിടത്തി. ഒരു സിഗരറ്റിന് തീ കൊളുത്തി പുകയൂതി വിട്ടു കൊണ്ട് ഹാളിലേക്ക് നടന്നു.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അയാൾ റൂമിലേക്ക് വന്നു.. കണ്ണ് തുറന്നു മുകളിൽ ദൃഷ്ടി പതിച്ചു മലർന്നു കിടക്കുകയായിരുന്നു അവൾ. അയാൾ പതുക്കെ മുരടനക്കി. അവൾ എഴുന്നേറ്റിരുന്നു. ഈ പ്രാവശ്യം അവളുടെ കണ്ണിൽ ആ ഭയം കണ്ടില്ല. അയാൾ അടുത്ത് ചെന്നിട്ട് പറഞ്ഞു.

“ഞാൻ നിന്നെ ഉപദ്രവിക്കില്ല..”
അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി..

“ഞാൻ.. ഞാൻ.. എങ്ങിനെ ഇവിടെയെത്തി..? അവൾ ചോദിച്ചു

അതിന് മറുപടിയായി അയാൾ ചോദിച്ചു

“നിനക്ക് കാപ്പി വേണോ..?

അവൾ വേണമെന്ന് തലയാട്ടി.

അയാൾ ടേബിളിൽ വെച്ച ഫ്ലാസ്കിൽ നിന്ന് ഒരു കപ്പിലേക്ക് കാപ്പി പകർന്നു അവൾക്ക് നൽകി..
ആ ചൂടു കാപ്പി അവൾ പതുക്കെ കുടിക്കാൻ തുടങ്ങി. അയാൾ അവളുടെ അടുത്ത് ബെഡിലിരുന്നു. പിന്നെ സ്വയം പരിചപ്പെടുത്തി.

” ഞാൻ അരുൺ.. ചെന്നൈയിൽ മെഡിക്കൽ ഡിപ്പാർട്മെന്റ്ൽ വർക്ക് ചെയുന്നു. എനിക്കൊരു ഭാര്യയും മോളും ഉണ്ട്. ന്യൂ ഇയർ ആഘോഷിക്കാൻ വേണ്ടിയാണ് ഞാൻ ഇന്നലെ ചെന്നൈയിൽ നിന്ന് കൊച്ചിയിലെത്തിയത്.

ആഘോഷം കഴിഞ്ഞു കൊച്ചിയിലെ ഫ്ലാറ്റിലേക്ക് തിരിച്ചു വരുമ്പോഴാണ് ഞാൻ നിന്നെ കണ്ടത്.. മദ്യപിച്ചിരുന്നെങ്കിലും ഞാൻ എന്റെ തന്നെ നിയന്ത്രണത്തിലായിരുന്നു.

നീ ഓടി വരുന്നത് കണ്ടപ്പോൾ ഇത് തനിക്ക് ഒരു പണിയാകുമെന്ന് കരുതി ഞാൻ തന്റെ വണ്ടിയുടെ സ്പീഡ് കുറച്ചു. അതുകൊണ്ട് നിന്നെ ഈ നിലയിൽ കിട്ടി. അല്ലായിരുന്നെങ്കിൽ ഇപ്പൊ ഏതെങ്കിലും മോർച്ചറിയിൽ കിടന്നേനെ. ” അയാൾ ചിരിച്ചു.. പക്ഷെ സുനിതയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

“പ്രശ്നം എന്താണെന്ന് ഞാൻ തന്നോട് ചോദിക്കുന്നില്ല. പക്ഷെ ഒരു പ്രശ്നത്തിനും ആത്മഹത്യ ഒരു പ്രതിവിധിയല്ല. നമ്മൾ നമ്മുടെ ജീവൻ സ്വയം ബലികഴിച്ചിട്ട് മറ്റുള്ളവർക്ക് എന്ത് കിട്ടാനാണ്. അവർക്ക് രണ്ട് മൂന്നു ദിവസത്തെ ദുഃഖം കാണും. പിന്നെ എല്ലാവരും സാദാരണ നിലയിൽ എത്തും. ഈ മരിച്ചു പോയവരുടെ കാര്യം തന്നെ അവർ മറക്കും. പിന്നെ വർഷത്തിൽ ഒരിക്കൽ ഓർത്താലായി.

പിന്നെ പിന്നെ അതും ഇല്ലാതാവും, അത് എത്ര സ്നേഹമുള്ള ഭർത്താവായാലും ശെരി മക്കളായാലും ശെരി.., നമ്മൾ നമ്മളെ തിരിച്ചറിയുക, നമ്മളിലെ കഴിവുകളെ വളർത്തിയെടുക്കുക.., ഒരു കൊടുങ്കാറ്റിലും പേമാരിയിലും ഇളകിയാടുന്ന പാഴ്മരമല്ല നമ്മളെന്ന് മറ്റുള്ളവർക്ക് മുന്നിൽ കാണിച്ചു കൊടുക്കുക..”

അയാൾ പറഞ്ഞു നിർത്തി.

സുനിത മിഴി വെട്ടാതെ അയാളുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു. അവളിൽ ഒരു ദൃഡനിശ്ചയം വരാൻ തുടങ്ങി. ആത്മഹത്യ ചെയ്യാൻ തോന്നിയ നിമിഷത്തെ അവൾ ശപിച്ചു.

“നിനക്ക് വീട്ടിൽ പോണോ..?

അരുൺ ചോദിച്ചു.. അവൾ ഒരു ഞെട്ടലോടെ വേണ്ടെന്ന് തലയാട്ടി.

“എന്നെ ഏതെങ്കിലും ലേഡീസ് ഹോസ്റ്റലിൽ താമസിക്കാൻ സൗകര്യം ഏർപ്പെടുത്തി തന്നാൽ വലിയ ഉപകാരം ആയിരുന്നു..”

അവൾ അരുണിന് നേരെ കൈക്കൂപ്പി.

പിറ്റേന്ന് തന്നെ അരുൺ അതിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തു. അവളുടെ കാര്യങ്ങൾ എല്ലാം അവൻ തന്നെയാണ് നോക്കിയിരുന്നത്. ഒരു സഹോദര ബന്ധത്തിനും അപ്പുറമായിരുന്നു ആ ബന്ധം.

അവനാണ് അവളിലെ എഴുത്തുകാരിയെ തിരിച്ചറിഞ്ഞത്. അവൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും അവൻ ചെയ്തു കൊടുത്തു. പതുക്കെ പതുക്കെ അവൾ പുറംലോകം അറിയാൻ തുടങ്ങി. അവൾക്ക് സുനിത എന്ന പേര് മാറ്റി അനാമിക എന്ന പേര് നിർദ്ദേശിച്ചതും അരുൺ ആയിരുന്നു. സുനിത എന്ന പേര് അവളുടെ പഴയ ഓർമ്മകൾ തിരിച്ചു കൊണ്ടുവരുമെന്ന് അവൻ ഭയപ്പെട്ടു.

അത് അവളുടെ ഉള്ളിലുള്ള എഴുത്തുകാരിക്ക് ഒരു തടസ്സമാവുമെന്ന് അവന് തോന്നി. അടുക്കളയിലെ നാല് ചുവരുകൾക്കുള്ളിൽ കഴിയുന്ന നിസ്സഹായരായ സ്ത്രീകൾക്കെതിരെ അവളുടെ തൂലിക ചലിച്ചു. പുതുതലമുറയിലെ പെൺകുട്ടികളിലും ആ നോവൽ ചലനം സൃഷ്ടിച്ചു.

അനാമിക ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു നിർത്തി.

അവൾ എത്തേണ്ടിടത്തുതന്നെയാണ് എത്തിയിരിക്കുന്നത്. തന്റെ കൂടെയാണെങ്കിൽ അവൾക്ക് ഒരിക്കലും ഇങ്ങനെയൊരു പദവി കിട്ടില്ലല്ലോ. വിവേക് ടീവി ഓഫാക്കി എഴുന്നേറ്റ് റൂമിലേക്ക് പോയി