Story by കൽഹാര
“” അറിഞ്ഞോ അനുപമ ടീച്ചറുടെ കല്യാണം കഴിഞ്ഞെന്ന് ഇവിടുത്തെ വാസുദേവൻ സാറാണ് വരൻ!”””
പ്യൂൺ ആ വലിയ ബോംബ് സ്റ്റാഫ് റൂമിൽ കൊണ്ടുവന്ന് പൊട്ടിച്ചു…
അതോടെ പല കണ്ണുകളിലും അസൂയ നിറഞ്ഞുനിന്നു.
“” എന്തായിരുന്നു പതിവ്രത ചമയൽ!! നമ്മളൊക്കെ സംസാരിച്ചാൽ അയിത്തം അല്ലായിരുന്നോ?? ഇതിപ്പോ അവൾക്ക് പിടിച്ചത് ഈ വയസ്സനെ ആയിരിക്കും! ഏത്? ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആണല്ലോ??”
കോളേജിലെ ഫിസിക്കൽ ട്രെയിനർ സ്റ്റീഫൻ സാർ വഷളൻ ചിരിയോടെ വലിയ തമാശപോലെ പറഞ്ഞു..
അത് കേട്ട് സ്റ്റാഫ് റൂമിൽ മിക്കവരും പൊട്ടി ചിരിച്ചു.. അതിൽ പലരും അനുപമ ടീച്ചറെ, സ്വകാര്യമായി സമീപിച്ച ആളുകൾ ആയിരുന്നു…
തക്ക മറുപടി ടീച്ചർ നൽകിയത് കൊണ്ട് പലരും നിലം തൊടാതെ ടീച്ചറുടെ അരികിൽ നിന്ന് ഓടിയ ചരിത്രം വരെ അവിടെ പറഞ്ഞ കേട്ടിട്ടുണ്ട്..
അനുപമ ടീച്ചറെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് കുട്ടികളുടെ മനസ്സറിഞ്ഞ് പെരുമാറുന്നതിൽ അനുപമ ടീച്ചറെ കഴിഞ്ഞിട്ടെ മറ്റാരും ഉള്ളൂ!!
ടീച്ചറുടെ ക്ലാസിലെ വളരെയധികം വായാടിയായ പെൺകുട്ടിയായിരുന്നു സുമി.. ടീച്ചർക്ക് അവളെ കാണുമ്പോൾ എല്ലാം പണ്ടത്തെ അനുപമയെ ആണ് ഓർമ്മ വരാറുള്ളത്..
ഇതുപോലെതന്നെ ഒരു കിലുക്കാംപെട്ടി ആയിരുന്നു താനും..
എന്നാണ് അതെല്ലാം അവസാനിച്ചത് ജാതക പ്രശ്നത്തിന്റെ പേരും പറഞ്ഞ് ഒരു ചായ കുടിച്ച ബന്ധം മാത്രമുള്ള ഒരുത്തന്റെ മുന്നിൽ തല നീട്ടി കൊടുത്തപ്പോൾ തീർന്നിരുന്നു അതെല്ലാം.
അയാളുടെ പിടിവാശികൾക്കും നിയന്ത്രണങ്ങൾക്കും നിന്നു കൊടുത്തത് ഏഴു കൊല്ലമാണ് തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഏഴു വർഷങ്ങൾ ഇതിനിടയിൽ ഒരു ആൺകുട്ടിയും ജനിച്ചു.
ടോക്സിക് റിലേഷൻ!! എന്ന് കണ്ണും അടച്ച് പറയാവുന്ന ഒരു ബന്ധം അതായിരുന്നു അനുപമ ടീച്ചർക്ക് ഭർത്താവ് രാജീവുമായി ഉണ്ടായിരുന്നത്.
എന്നാൽ രാജീവ് പുറമേ ഉള്ളവരോട് വളരെ മാന്യമായി ഇടപെടുന്ന ഒരാളായിരുന്നു ആർക്കും അയാളുടെ സ്വഭാവ വൈകൃതം കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല..
ബെഡ്റൂമിൽ മാത്രം തല പൊക്കുന്ന അയാളിലെ രാക്ഷസനെ കണ്ടറിഞ്ഞത് ടീച്ചർ മാത്രമായിരുന്നു ആദ്യം ഒക്കെ അമ്മയോടും അച്ഛനോടും പരാതി പറഞ്ഞു നോക്കി പെൺകുട്ടികൾ ഇതെല്ലാം സഹിക്കണം എന്ന മറുപടി വീണ്ടും വീണ്ടും കേട്ടപ്പോൾ പരാതി പറയുന്നത് നിർത്തി..
അതോടെ മകളുടെ പ്രശ്നങ്ങൾ എല്ലാം തീർന്നു എന്ന് ആ മാതാപിതാക്കൾ കണക്കാക്കി… എന്നാൽ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായി, അയാൾ ഉപദ്രവിക്കാത്ത ഒരു രാത്രി പോലും ടീച്ചറുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല ഒടുവിൽ മകനെയും എടുത്തു കൊണ്ട് ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഒരു കത്തിയുമായി അയാൾ പുറകെ തന്നെ ഉണ്ടായിരുന്നു.
ആദ്യമേ പോലീസിൽ അറിയിച്ചത് കൊണ്ട് കൃത്യസമയത്ത് അവർ വരികയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു ഒരു വനിതാ പോലീസിന് അയാളുടെ ക്രൂരതകൾ തന്റെ ദേഹത്ത് തിണർത്ത് കിടക്കുന്നത് കാണിച്ചുകൊടുത്തപ്പോൾ,
പിന്നെ കൂടുതൽ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായിരുന്നില്ല..
അത്ഭുതം എന്താണെന്ന് വെച്ചാൽ സ്വന്തം വീട്ടുകാർ പോലും ടീച്ചറെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തെത്തി എന്നതാണ് എല്ലാവരുടെയും മുന്നിൽ രാജീവ് ആയിരുന്നു നല്ലവൻ..
അയാളുടെ വൈകൃതങ്ങൾക്കു മുഴുവൻ ഇരയായ ടീച്ചർ കേസ് കൊടുത്തത് മാത്രമായിരുന്നു എല്ലാവരുടെയും കണ്ണിൽ കുറ്റം കുടുംബത്തിന്റെ മാനം പോയത്രേ!!
സ്വന്തം വീട്ടിലേക്ക് തിരികെ ചെല്ലാൻ എന്ന തീരുമാനം അവിടെ നിന്ന് മാറ്റുകയായിരുന്നു ടീച്ചർ പിന്നീട് സ്വന്തമായി ഒരു വീട് വാടകയ്ക്ക് എടുത്തു.. കോളേജിലെ ഒരു മാഷ് തന്നെയാണ് അതിന് അവരെ സഹായിച്ചത്…
അവിടെ തന്റെ കുഞ്ഞിനെയും കൊണ്ട്
സ്വസ്ഥമായി ജീവിക്കാം എന്ന് കരുതി..
എന്നാൽ അവിടെയും തെറ്റിപ്പോയിരുന്നു ഭർത്താവുമായി പിണങ്ങി ഒരു സ്ത്രീ തനിയെ ഒരു വീട്ടിൽ കഴിഞ്ഞാൽ പലരും അവരുടെ വാതിലിൽ അസമയത്ത് വന്ന് മുട്ടും എന്ന കാര്യം അവർക്ക് അറിയില്ലായിരുന്നു.
ആദ്യം എല്ലാം അങ്ങനെ അനുഭവം ഉണ്ടായപ്പോൾ എന്തു ചെയ്യും എന്നുപോലും അറിയാത്ത അവസ്ഥയായിരുന്നു പിന്നീട് അതിനോട് ധീരമായി ചെറുത്തുനിൽക്കാൻ ടീച്ചർ പഠിച്ചുകഴിഞ്ഞു..
കോളേജിൽ പഠിപ്പിക്കാൻ ചെല്ലുമ്പോൾ അവിടെ നിന്നും ഉണ്ടായ അനുഭവങ്ങൾ മറിച്ച് അല്ലായിരുന്നു ഏറെ തകർന്നുപോയ നിമിഷങ്ങളായിരുന്നു അവയെല്ലാം..
ഇതിനിടയിൽ രാജീവ് ജയിലിൽ നിന്ന് ഇറങ്ങി അനുപമയെ ഒന്ന് കണ്ട് കാലു പിടിക്കാൻ ശ്രമിച്ചു എന്നാൽ അനുപമ മൈൻഡ് പോലും ചെയ്തില്ല.. ഒടുവിൽ കുഞ്ഞിനെ തന്റെ വരുതിയിൽ ആക്കാൻ ആയിരുന്നു ശ്രമം. അവന്റെ സ്കൂളിൽ പോയി കാത്തുനിന്ന് അവനെ കാണും അവനു വേണ്ടതെല്ലാം വാങ്ങിക്കൊടുക്കും ഒടുവിൽ അച്ഛന്റെ മായിക വലയത്തിൽ മകനും വീണു..
” അമ്മയുടെ കൂടെ നിന്ന് അമ്മ ഒന്നും വാങ്ങി തരില്ല അച്ഛനാണെങ്കിൽ നിറയെ കളിപ്പാട്ടങ്ങളും ഫാസ്റ്റ് ഫുഡും ചോക്ലേറ്റുകളും ഒക്കെ വാങ്ങിത്തരും!”
ഒരിക്കൽ അനുപമയോട് ചേർന്ന് ഉറങ്ങുമ്പോൾ മകൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു കൂടെയുള്ളപ്പോൾ അവനെ ഒന്ന് തിരിഞ്ഞു പോലും നോക്കാത്ത അച്ഛനെപ്പറ്റി അവൻ ഇത്രയും പുകഴ്ത്തി പറഞ്ഞ് കേട്ടപ്പോൾ ആദ്യമായി അനുപമയ്ക്ക് സ്വയം വെറുപ്പ് തോന്നി.
.. ഈ ലോകത്ത് ആരെയും ഒന്നിനെയും സ്നേഹിച്ചിട്ട് യാതൊരു കാര്യവുമില്ല.. എല്ലാവരും സ്വാർത്ഥരാണ്. അവരവരുടെ ലാഭത്തിനുവേണ്ടി അവർ എന്തും ചെയ്യും.
പിന്നെ മകൻ ഭർത്താവിന്റെ കൂടെ പോകാൻ അധിക താമസം ഉണ്ടായിരുന്നില്ല… ഒടുവിൽ അനുപമ തനിച്ചായി..
കോളേജിലേക്ക് ഒന്ന് വരാൻ പോലും കൂട്ടാക്കാതെ ലീവും എടുത്ത് വീട്ടിലിരുന്ന അനുപമയേ കാണാൻ വന്നത് വാസുദേവൻ മാഷ് ആയിരുന്നു.
മലയാളം ഡിപ്പാർട്ട്മെന്റ് ഹെഡ് ആണ്.. ഒരിക്കൽപോലും അവർ തമ്മിൽ സംസാരിച്ചിട്ടില്ല പുഞ്ചിരിച്ചിട്ട് പോലും ഇല്ല..
എന്നിട്ടും സാർ വന്നത് കണ്ടപ്പോൾ അവൾക്ക് അത്ഭുതം ആയിരുന്നു മറ്റുള്ളവരുടെ കൂട്ടത്തിൽ തന്നെയാണോ സാറ് എന്നും അവൾ ഭയന്നു.
“” ഒരേയൊരു ജീവിതമേ ഉള്ളൂ അവിടെ തോൽക്കരുത്!! സ്വാർത്ഥരാണ് നമുക്ക് ചുറ്റും അങ്ങനെയുള്ളവർക്കിടയിൽ നമുക്ക് വേണ്ടി നമ്മൾ തന്നെ സമയം കണ്ടെത്തണം!””
അത്രയും പറഞ്ഞ് കുറച്ച് ബുക്കുകളും അവൾക്ക് നൽകിയിട്ടാണ് സാർ പോയത്..
ഏറെ നാളത്തെ പ്രണയത്തിനു ശേഷം വലിയ വീട്ടിലെ ഒരു പെൺകുട്ടിയെ സ്വന്തമാക്കി എന്നാൽ അവളുടെ ആങ്ങളമാർ വന്ന് അവളെ പിടിച്ചുകൊണ്ടുപോകാൻ നോക്കി.. കാറിൽ നിന്ന് പുറത്തേക്ക് ചാടിയത്രേ ആ പെൺകുട്ടി.. മരിച്ചില്ല പക്ഷേ അതോടെ നടു തളർന്ന് കിടപ്പിലായി..
ആദ്യം വലിയ കാര്യത്തിൽ കൊണ്ടുവന്ന ആങ്ങളമാർക്ക് പിന്നീട് അവൾ ഒരു ശല്യമായി തീർന്നു.. അതോടെ തന്റെ പ്രണയത്തെ സ്വന്തമാക്കാൻ ആയി ചെന്നപ്പോൾ ഒരു എതിർപ്പും കൂടാതെ അവർ അവളെ മാഷിനെ ഏൽപ്പിച്ചു…
നീണ്ട 14 വർഷം ഒരേ ബെഡിൽ അവളുടെ മലവും മൂത്രവും കോരി
മാഷ് തന്റെ പ്രണയം ശക്തമാക്കി.. ഒടുവിൽ ഒരു യാത്ര പോലും പറയാതെ അവൾ പോയപ്പോൾ തനിച്ചായി പോയതായിരുന്നു ആ പാവം..
ഒറ്റയ്ക്കാകുന്നവരുടെ വിഷമം മറ്റാരെക്കാൾ നന്നായി അറിയാമായിരുന്നു സ്നേഹിക്കാൻ മാത്രം അറിയുന്ന ആ പാവത്തിന്..
അപ്പോൾ തുടങ്ങിയ സൗഹൃദം പ്രണയത്തിന്റെ നേരിയ കലർപ്പുപോലുമില്ലാത്ത ആ സൗഹൃദം ആരൊക്കെയോ തെറ്റിദ്ധരിച്ചപ്പോൾ അനുപമ തന്നെയാണ് ചോദിച്ചത് നമുക്ക് ഒന്നായിക്കൂടെ എന്ന്.
പല തടസ്സങ്ങളും പറഞ്ഞ് അതിൽ നിന്ന് വിട്ടു നിന്നത് മാഷ് ആയിരുന്നു ഒടുവിൽ എപ്പോഴോ അവളുടെ സാമീപ്യം
മാഷും ആഗ്രഹിച്ചു തുടങ്ങി..
അതോടെ രണ്ടുപേരും വിവാഹിതരായി.. രണ്ടുദിവസം രണ്ടാളും കോളേജിലേക്ക് വന്നില്ല ആ രണ്ടു ദിവസവും അവരെ പറ്റിയുള്ള പൊടിപ്പും തൊങ്ങലും വച്ചുള്ള കഥകൾ ആയിരുന്നു കോളേജു മുഴുവൻ..
അടുത്തദിവസം രണ്ടുപേരും എത്തിയത് വളരെയധികം സന്തോഷത്തോടെ ആയിരുന്നു.. വിമർശനങ്ങളെ മുഴുവൻ അവർ ഒരു ചിരിയോടെ നേരിട്ടു..
കാരണം അവർക്കറിയാമായിരുന്നു ഒറ്റപ്പെടൽ നമുക്ക് കൂട്ടായി വരാൻ ആരും ഉണ്ടായിരിക്കില്ല പക്ഷേ എവിടെയെങ്കിലും ഒരു തെറ്റ് ചൂണ്ടിക്കാട്ടി നമ്മളെ പരിഹസിക്കാൻ ഉള്ളവരാണ് ചുറ്റിനും എന്ന്..
അങ്ങനെയുള്ളവരെ അർഹിക്കുന്ന അവഗണന കൊടുത്ത് മാറ്റി നിർത്തണം അതായിരുന്നു ജീവിതത്തിൽ പഠിച്ച ഏറ്റവും വലിയ പാഠം..