നിന്നെ കേക്ക് മുറിക്കുന്ന പരിസരത്ത് അടുപ്പിക്കരുത്. പിരിയഡ്സ് ആയോണ്ട്.ആ… അപ്പോൾ നിനക്ക് അത് ഓർമ്മ..

(രചന: Darsaraj R.)

“ചേച്ചി പെണ്ണേ ആ 7 ദിവസങ്ങൾ എനിക്ക് തരൂ”

ദേ റിൻസി, ഒരുത്തൻ നിന്റെ ആർത്തവം പോസ്റ്റിന്റെ താഴെ ഇട്ട കമന്റ് കണ്ടോ?

എവിടെ നോക്കട്ടെ…

അച്ചോടാ…പാവം പയ്യൻ അല്ലേ? ഒന്ന് മുട്ടി നോക്കിയാലോ?

ഈയിടെ ഗീതുവും ഏതോ ആർത്തവം റിലേറ്റഡ് പോസ്റ്റ്‌ ഇട്ടപ്പോൾ ഇതേ ഡയലോഗുമായി ഇവൻ കമന്റ് ബോക്സിൽ വന്നിരുന്നു.

നീ ഒരു കാര്യം ചെയ്യടി. നൈസ് ആയിട്ട് അവന്റെ ഇൻബോക്സിൽ പോയി മുട്ടിയിട്ട് വാ.

നമ്മൾ സ്ത്രീകളെ ഇത്രയധികം കെയർ ചെയ്യുന്ന പുരുഷ കേസരികൾ ഇപ്പോഴും ഈ കൊച്ചു കേരളത്തിൽ ഉണ്ടല്ലോ!!!

Thank you brother for your care❣️

ഹായ് ചേച്ചി പെണ്ണേ…

എടി…സെറ്റ് സെറ്റ് (ഹോസ്റ്റൽ റൂംമേറ്റ്സ് അടക്കം പറഞ്ഞു )

നല്ല വേദന ഉണ്ടോ ചേച്ചി?

ഉണ്ട് ബ്രോ…എന്ത് ചെയ്യാൻ പറ്റും? പെണ്ണായി പിറന്നു പോയില്ലേ?

ചേച്ചി…ഇപ്പോൾ ദൈവം എന്റെ മുമ്പിൽ വന്ന് ഒരു വരം ചോദിച്ചാൽ എല്ലാ മാസത്തേയും ചേച്ചിയുടെ ആ 7 ദിവസങ്ങൾ എനിക്ക് തരാൻ ഞാൻ ആവശ്യപ്പെടും.

അയ്യോ മോനൂസേ എല്ലാ ദിവസവും അത്രയും ക്ഷീണവും ബ്ലീഡിങ്ങും ഒന്നും കാണില്ല. മാത്രമല്ല ഇതൊക്കെ മോനൂസിന്റെ അമ്മയും സഹോദരിമാർ ഉണ്ടെങ്കിൽ അവരും അനുഭവിക്കുന്നത് തന്നെയാണ്.

എന്നാലും സാരമില്ല ചേച്ചി പെണ്ണേ…

ഇതിനിടക്ക് ചാറ്റ് കണ്ടോണ്ട് റൂമിൽ കേറി വന്ന റിൻസിയുടെ റൂം മേറ്റ്‌ ഗോപിക ചെക്കന്റെ പ്രൊഫൈൽ എടുത്ത് നോക്കിയിട്ട് ചിരിച്ചോണ്ട് പറഞ്ഞു.

എടി ഇത് എന്റെ നാട്ടുകാരൻ പയ്യനാ. കൊള്ളാലോ ഇവൻ. ഈശ്വരാ ഈ ഹോസ്റ്റലിൽ ഉള്ള പെൺപിള്ളേരെല്ലാം ഇവന്റെ മ്യൂചൽ ഫ്രണ്ട്സ് ആണല്ലോ!!!

ഇവന്റെ ചേച്ചി എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു.

ചേച്ചി പെണ്ണേ പോയോ? ഈ വരുന്ന 28 ന് എന്റെ ബർത്ഡേ ആണ് ചേച്ചി.

ആഹാ…

അഡ്വാൻസ് ബേർത്ത് ഡേ വിഷസ് മോനൂസേ.

താങ്ക് യൂ ചേച്ചി.
എനിക്ക് ചേച്ചി പെണ്ണിനെ നേരിൽ ഒന്ന് കാണണം എന്നുണ്ട്.

അതെന്താ മോനൂസേ?

ചേച്ചി പെണ്ണിനെ ഞാൻ കാണുന്നത് നമുക്ക് ഫ്രീഡം വാങ്ങി തരാൻ ബ്രിട്ടീഷുകാരോട് പൊരുതിയ ധീര വനിത ആയിട്ടാണ്.

അതെന്താ?

ചേച്ചിയുടെ പേര് റിൻസി എന്നായിരിക്കാം. പക്ഷെ എനിക്ക് ചേച്ചിയുടെ പ്രൊഫൈൽ കാണുമ്പോൾ ഓർമ്മ വരുന്നത് ഫ്രീഡം ഫൈറ്റർ ഝാൻസി റാണിയുടെ മുഖം ആണ്.

ആ 7 ദിവസങ്ങൾ യുദ്ധഭൂമിയിലെന്ന പോലെ ചോര പൊടിഞ്ഞോട്ടെ, പക്ഷെ അന്തിമ വിജയം ചേച്ചിക്കൊപ്പം ആയിരിക്കും.

അല്ല മോനൂസേ, അപ്പോൾ ബ്രിട്ടീഷ്കാർ ആരാണ്?

സംശയം എന്താ? എന്റെ ചേച്ചി പെണ്ണിനെ ഈ അവസ്ഥയിൽ എത്തിച്ച ആർത്തവം തന്നെയാ.

ചെക്കന്റെ റിപ്ലൈ കേട്ടതും ഹോസ്റ്റൽ റൂമിലെ റിൻസിയും കൂട്ടുകാരും തല തല്ലി ചിരിച്ചുമറിഞ്ഞു.

Ok മോനൂസേ…

എന്തായാലും Birthday ആഘോഷിക്കാൻ ഞാൻ വീട്ടിൽ വരട്ടെ?

അയ്യോ വീട്ടിൽ അങ്ങനെ ആഘോഷമായിട്ട് ഒന്നുമില്ല ചേച്ചി. നമുക്ക് പുറത്ത് പോകാം.

അത് വേണോ? ശരി…സമ്മതിച്ചു.

അങ്ങനെ റിൻസിയും ചെക്കനും പരസ്പരം കണ്ടു മുട്ടാനുള്ള സ്ഥലം സെറ്റ് ആക്കി.

ഒടുവിൽ ആ ദിവസവും വന്നെത്തി.

തന്നെ നേരിട്ട് കണ്ടാലുടനെ എന്റെ ഝാൻസി ചേച്ചീ എന്ന് പറഞ്ഞോണ്ട് ചെക്കൻ കെട്ടിപ്പിടിക്കും എന്ന് റിൻസി വിചാരിച്ചെങ്കിലും അത് ഉണ്ടായില്ല.

അല്ല മോനൂസേ എന്തേ നാണം? ചാറ്റിൽ കാണിക്കുന്ന വാചകമടിയെ ഉള്ളൂ അല്ലേ?

ചെക്കൻ നാണിച്ചു തല കുനിച്ചു.

റിൻസി അവന് പിറന്നാൾ ആശംസകളും പറഞ്ഞിട്ട് ഒരു ഗിഫ്റ്റ് കൊടുത്തു.

താങ്ക് യൂ ചേച്ചി. എന്താ ഇതിൽ?

അത് മോനൂസ് വീട്ടിൽ പോയിട്ട് തുറന്നു നോക്ക്.

ചേച്ചി പെണ്ണേ, നമുക്ക് കുറച്ചും കൂടി സേഫ് ആയ എങ്ങോട്ടെങ്കിലും പോയാലോ?

പിന്നെന്താ? ഞാൻ ഇപ്പോൾ വീട്ടിൽ പോവുന്ന വഴിയാ. എന്റെ കൂടെ വായോ. എന്നെ സംബന്ധിച്ച് ഇത്രയും സേഫ് ആയ വേറെ ഒരു സ്ഥലം ഈ ദുനിയാവിൽ ഇല്ല.

അതല്ല ചേച്ചി ഞാൻ ഉദ്ദേശിച്ചത്.

മോനൂസേ, നീ കുറച്ചു കൂടി മൂക്കണം. ചാറ്റിൽ കാണിക്കുന്ന ആവേശം നേരിൽ കാണുമ്പോൾ ചോർന്നു പോകുന്നു. അത് ചോരാതെ പിടിച്ചു നിർത്താൻ പറ്റുമ്പോൾ വിളി ഞാൻ വരാം.

അറ്റ്ലീസ്റ്റ് എന്റെ കണ്ണിൽ നോക്കി സംസാരിക്കാൻ ഉള്ള ചങ്കുറപ്പ് ഉണ്ടാവട്ടെ.

പോട്ടെ മോനൂസേ ബൈ ബൈ…

മുകേഷിന്റെ ഭാഷയിൽ പറഞ്ഞാൽ ഒത്തില്ല, ഒത്തില്ല…

ചേച്ചി അടുത്ത മാസത്തേയും ആ 7 ദിവസങ്ങൾ ഞാൻ അഡ്വാൻസ് ആയി എടുത്തോട്ടെ?

പിന്നെന്താ, എല്ലാം എന്റെ മോനൂസിന് ഉള്ളതാ… പോട്ടെ?

Mmmm…

എന്തായാലും പയ്യൻ തിരികെ വീട്ടിൽ പോയ ശേഷം റൂമിൽ കേറി പൊതി അഴിച്ചു.

ശോ, എന്താവും ഇതിനുള്ളിൽ?

ഡേയ്, വാതിൽ തുറക്ക് ഡാ.

റൂമിന്റെ വെളിയിൽ നിന്നും ചെക്കന്റെ സ്വന്തം ചേച്ചിയുടെ വിളി.

അവൻ ഗിഫ്റ്റ് പൊതി തലയിണക്കിടയിൽ ഒളിപ്പിച്ചിട്ട് വാതിൽ തുറന്നു.

അപ്പോഴേക്കും കഥ എല്ലാം ഗോപിക മോനൂസിന്റെ സ്വന്തം ചേച്ചിക്ക് കൈമാറിയിരുന്നു.

രാത്രി 12 മണിക്ക് നിന്റെ Birthday കേക്ക് മുറിക്കാൻ നേരം നീ എന്താ അമ്മയോട് പറഞ്ഞത്?

അത് പിന്നെ…

പറയടാ.

നിന്നെ കേക്ക് മുറിക്കുന്ന പരിസരത്ത് അടുപ്പിക്കരുത്. പിരിയഡ്സ് ആയോണ്ട്.

ആ… അപ്പോൾ നിനക്ക് അത് ഓർമ്മ ഉണ്ട്.
ആ നീ ആണോടാ ഗോപികേടെ ഫ്രണ്ട് റിൻസിയുടെ പോസ്റ്റിനു താഴെ ആ 7 ദിവസങ്ങൾ എനിക്ക് തരൂ എന്ന് കമന്റ് ഇട്ടത്? കഷ്ടം!!!

അതൊക്കെ പോട്ടെ…എന്താ ഗിഫ്റ്റ് കിട്ടിയത്?

അറിയില്ല. ഫുൾ തുറന്നില്ല. പഞ്ഞി ടൈപ്പ് എന്തോ ആണ്…

പഞ്ഞി അല്ലടാ കമ്പി…എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്. സ്വന്തം അനിയൻ ആയിപോയി.

ഗോപിക വിളിച്ചായിരുന്നു. ഗിഫ്റ്റ് ആയിട്ട് മോനൂസിന്റെ ചേച്ചി പെണ്ണ് റിൻസി പൊന്നനിയന് തന്ന് വിട്ടത് അവൾ ഈ മാസം ഉപയോഗിച്ച സ്റ്റേഫ്രീ ആണ്.

ഞാൻ ഇത് എന്ത് ചെയ്യാനാടി?

നിന്റെ അണ്ണാക്കിൽ ഇട്ട് കത്തിക്കട @#%&@#% മോനെ.

പെട്ടെന്ന് ചെക്കന്റെ ഫോണിൽ ഒരു കാൾ വന്നു.

“ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂക്കാലം നീ തന്നു”

അളിയാ ഫുട്ബോൾ കളിക്കാൻ വരുന്നില്ലേ?

അളിയാ ഞാൻ കത്തിച്ചിട്ട് വരാം, സോറി കഴിച്ചിട്ട് വരാം…