(രചന: പ്രജിത്ത് സുരേന്ദ്രബാബു)
” അറിഞ്ഞോ.. ആ തെക്കേടത്തെ മാധവന്റെ മോൻ ഒരു നാല്പതു വയസ്സ് കാരിയെ കെട്ടിയെന്ന്.. ”
” ങേ.. നാൽപ്പത് വയസുകാരിയോ.. ആ ചെറുക്കന് മുപ്പത്തിനകത്ത് അല്ലെ പ്രായം.. ”
“ഉവ്വ്.. ഇരുപത്തേഴോ മറ്റോ ആണ്.. എന്താന്നൊന്നും അറീല്ല.. ചെറുക്കൻ ജോലി ചെയ്യണത് തിരുവനന്തപുരത്ത് അല്ലെ.. അവിടെങ്ങാണ്ട് ഉള്ള പെണ്ണാണെന്ന്.. രണ്ടും കൂടി പ്രേമമായി രജിസ്റ്റർ വിവാഹം ചെയ്തെന്ന് ഇപ്പോ ദേ മാധവനെ വിളിച്ചു അറിയിച്ചു ന്ന്.. ”
” ഈ ചെക്കനിതെന്തിന്റെ കേടാണ്.. പ്രേമിക്കാൻ അമ്മേടെ പ്രായം ഉള്ള പെണ്ണിനെ മാത്രേ കിട്ടിയുള്ളോ.. കാലം പോയ പോക്കേ. ”
നാട്ടിൽ എല്ലായിടത്തും ആ വാർത്ത പരന്നു. കേട്ടത് സത്യമായിരുന്നു. തെക്കേടത്ത് തറവാട്ടിലെ മാധവന്റെ ഏക ആൺതരി ആനന്ദിനെ പറ്റിയാണ് എല്ലാവരും പറഞ്ഞത്. എറണാകുളം സ്വദേശിയായ ആനന്ദ് തിരുവനന്തപുരം ടെക്നോ പാർക്കിലാണ് ജോലി നോക്കുന്നത്.
അവിടെ ക്യാൻറ്റീൻ നടത്തിപ്പുകാരിയായ ഇന്ദുവിനെയാണ് അവൻ വിവാഹം ചെയ്തത്. ഒരു വർഷത്തോളമായുള്ള രണ്ടാളുടെയും പരിചയമാണ് പ്രണയമായും അവിടെ നിന്നും വിവാഹത്തിലും കലാശിച്ചത്. ഇന്ദുവിന്റെ അടുത്ത ബന്ധുക്കൾ ആരും ജീവിച്ചിരിപ്പില്ല. ഒരു ഫാമിലി ടൂർ വേളയിൽ ഉണ്ടായ ബസ് അപകടത്തിൽ അച്ഛനും അമ്മയും സഹോദരനും ഉൾപ്പെടെ അടുത്ത ബന്ധുക്കൾ എല്ലാവരും മരണപ്പെട്ടിരുന്നു.
ശേഷം ഒറ്റയ്ക്കായ അവൾ പരിചയക്കാരുടെ സഹായത്തിൽ ആണ് ക്യാന്റീൻ നടത്തിപ്പ് ഏറ്റെടുത്തത്. താമസം അടുത്ത് തന്നെയുള്ള ഒരു ഹോസ്റ്റലിലും. അതിനിടയിൽ വിവാഹ കാര്യമൊക്കെ മറന്നു എന്നാൽ അടുത്ത് പരിചയപ്പെട്ട് ആറു മാസങ്ങൾക്കുള്ളിൽ തന്നെ ആനന്ദ് തന്റെ ഇഷ്ടം ഇന്ദുവിനെ അറിയിച്ചിരുന്നു.
എന്നാൽ പ്രായ വ്യത്യാസം മൂലം തന്നെ ഒരുപക്ഷെ അവന്റെ ആഗ്രഹം മറ്റെന്തേലും ആകും എന്ന് കരുതി പരമാവധി അവൾ അകറ്റി നിർത്തി എന്നാൽ പതിയെ പതിയെ ആനന്ദിന്റെ ഉള്ളിലെ സ്നേഹത്തിന്റെ ആത്മാർത്ഥത മനസിലാക്കവേ അറിയാതെ ഇന്ദുവിന്റെ ഉള്ളിലും ഒരു ഇഷ്ടവും പ്രതീക്ഷകളുമൊക്കെ ജനിച്ചു. ഒടുവിൽ അവന്റെ നിർബന്ധത്തിന് വഴങ്ങി തന്നെയാണ് അവർ വിവാഹിതർ ആയതും.
ഉള്ളിൽ പേടി ഉണ്ടായിരുന്നെങ്കിലും ധൈര്യം സംഭവിച്ചു കൊണ്ടാണ് ആനന്ദ് മാധവനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞത്. എന്നാൽ അപ്പോൾ മുതൽ മാധവൻ പിന്നെ മറുപടി ഒന്നും തന്നെ പറഞ്ഞിട്ടില്ല.
” ആനന്ദ്.. ഈ ചെയ്തത് എടുത്തു ചാട്ടമായി പോയി ന്ന് തോന്നുന്നുണ്ടോ. ഒരിക്കലും നിന്റെ വീട്ടുകാർ നമ്മുടെ ഈ ബന്ധം അംഗീകരിക്കില്ല. ഞാൻ കാരണം നീ ഒറ്റപ്പെടും ”
അത് പറയുമ്പോൾ ഇന്ദുവിന്റെ ശബ്ദമിടറിയിരുന്നു.
” ഒരിക്കലും ഞാൻ ഒറ്റപ്പെടില്ലെടോ. എനിക്കൊപ്പം താൻ ഉണ്ടല്ലോ.. പിന്നെ ശെരിയാണ് ഈ ബന്ധം എല്ലാവർക്കും കൗതുകം ആയേക്കാം.. പലരും കളിയാക്കിയേക്കാം.. പുച്ഛിച്ചേക്കാം..
പക്ഷെ അതൊന്നും നമ്മൾ കാര്യമാക്കേണ്ടതില്ല കാരണം നമ്മുടെ ഉള്ളിൽ കള്ളത്തരമില്ല. വീട്ടുകാർ ഉപേക്ഷിച്ചാൽ നമുക്ക് ഇവിടെ തിരുവനന്തപുരത്ത് തന്നെ സെറ്റിൽ ആകാം. തനിക്കും എനിക്കും മാന്യമായ വരുമാനം ഉള്ളിടത്തോളം കാലം ആർക്കും നമ്മളെ ഒന്നും ചെയ്യാൻ പറ്റില്ല സുഖമായി ജീവിക്കുവാനും കഴിയും. ”
ആനന്ദിന്റെ ആശ്വാസ വാക്കുകൾ ഇന്ദുവിന്റെ മുഖത്തെ വേവലാതി അകറ്റി.
ഈ സമയം തന്നെ തെക്കേടത്ത് തറവാട്ടിൽ വലിയ ചർച്ചകൾ നടന്നിരുന്നു. നാട്ടിലെ പേരുകേട്ട തറവാട്ടുകാർ ആയതിനാൽ തന്നെ ആനന്ദിന്റെ ഈ പ്രവൃത്തി വലിയ നാണക്കേട് ആയി എന്നാണ് ബന്ധുക്കൾ വിലയിരുത്തിയത്. ഇനി മേലിൽ അവനെ വീടിനുള്ളിൽ കയറ്റരുത് എന്ന് മൂത്ത കാരണവർ ഉറപ്പിച്ചു പറയുമ്പോൾ മാധവൻ മൗനമായിരുഞ്ഞു.
എന്നാൽ ആനന്ദിന്റെ അമ്മ ശ്രീദേവിക്ക് ഇതൊക്കെയും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. വിങ്ങി പൊട്ടിയ അവരെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ശ്രമിച്ചു കൊണ്ടിരുന്നു.
” ഇന്നിപ്പോ ഇങ്ങട് വരും ന്ന് അല്ലെ അവൻ പറഞ്ഞേക്കുന്നെ.. അവളെ ഉപേക്ഷിച്ചിട്ട് ആണേൽ വീട്ടിലേക്ക് കയറ്റിയാൽ മതി.. മാധവാ .. നീ കേൾക്കുന്നുണ്ടോ ഞാൻ പറയുന്നത്… ”
മൂത്ത കാരണവർ കടുത്ത വാശിയിൽ ആയിരുന്നു
” എന്തായാലും ഉച്ച കഴിഞ്ഞു എത്തുമെന്നല്ലേ പറഞ്ഞത് നമുക്ക് വെയിറ്റ് ചെയ്യാം ഇന്ന് രണ്ടിൽ ഒന്ന് ഉറപ്പിച്ചിട്ട് പോകാം ഇവിടെ നിന്ന്. ”
ശ്രീദേവിയുടെ സഹോദരൻ സതീശനും കടുത്ത വാശിയിൽ തന്നെയായിരുന്നു.
സമയം പിന്നെയും നീങ്ങി. ഉച്ചകഴിഞ്ഞു നാല് മണിയാകവേ ആനന്ദും ഇന്ദുവും തറവാട്ടിനു മുന്നിലെ ഗേറ്റിനരികിൽ എത്തി.. ഇന്ദുവിനു ധൈര്യം പകർന്നാണ് കൊണ്ട് വന്നതെങ്കിലും അച്ഛന്റെ പ്രതികരണം എന്താകും എന്നതിൽ ആനന്ദ് വല്ലാതെ ഭയന്നിരുന്നു.
” ദേ വന്നു അസത്ത് ആ മൂധേവിയെയും കൊണ്ട്. ”
ബന്ധുക്കളിൽ ആരോ വിളിച്ചു പറഞ്ഞത് കേട്ട് ആദ്യം പുറത്തേക്ക് വന്നത് സതീശൻ ആണ്. പിന്നാലെ മാധവനും ശ്രീദേവിയും മറ്റു ബന്ധുക്കളും.
” ആ ഇതിപ്പോ കൊള്ളാം ശ്രീദേവിയും അവന്റെ കെട്ട്യോളേം കണ്ടിട്ട് ഒരേ പ്രായം ആണെന്ന് തോന്നുന്നു.”
പുച്ഛത്തോടെ സതീശൻ അത് പറയുമ്പോൾ ഇന്ദുവുമായി പതിയെ ഗേറ്റ് കടന്നു മുറ്റത്തേക്ക് കയറി ആനന്ദ്.
” അവിടെ നിൽക്ക്. ഒറ്റയ്ക്ക് ആണേൽ ഇങ്ങട് വന്നാൽ മതി. അല്ലേൽ നേരെ തിരിച്ചു വിട്ടോ.. ”
മൂത്ത കാരണവർ ഉറഞ്ഞു തുള്ളുമ്പോൾ ആകെ ഭയന്ന് പോയി ഇന്ദു.
” പേടിക്കേണ്ട. ഞാൻ ഇല്ലേ ഒപ്പം ”
അവളെ ആശ്വസിപ്പിച്ചു കൊണ്ട് കൂടെ കൂട്ടി ആനന്ദ്. എന്നാൽ അപ്പോഴേക്കും സതീശനും മുന്നിലേക്ക് കയറി.
” ആനന്ദ്.. അമ്മാവൻ പറഞ്ഞത് നീ കേട്ടില്ലേ.. ഒറ്റയ്ക്ക് ആണേൽ മാത്രം അകത്തേക്ക് വന്നാൽ മതി.. നിന്റെ കെട്ടിലമ്മയെ ഇവിടെ ആർക്കും കാണേണ്ട.. ഈ വീട്ടിൽ വാഴാൻ ആരും സമ്മതിക്കേം ഇല്ല .”
ആ വാക്കുകൾ കേൾക്കെ ഒന്ന് നിന്നു ആനന്ദ്.
” അമ്മാവൻ അല്ലല്ലോ അത് പറയേണ്ടത്… അച്ഛൻ അല്ലെ.. നാട്ടിൽ നവോഥാനം വിളമ്പുന്ന കമ്യൂണിസ്റ്റ് അല്ലെ എന്റെ അച്ഛൻ ആ അച്ഛൻ പറയട്ടെ ഇറങ്ങി പോകാൻ എങ്കിൽ ഞങ്ങൾ പൊയ്ക്കോളാം ”
മറുപടി പറഞ്ഞില്ല മാധവൻ എന്നാൽ ആ സമയം കലി കയറി അവന്റെ മുന്നിലേക്കെത്തി കവിളിൽ ആഞ്ഞടിച്ചു ശ്രീദേവി.
” തോന്ന്യവാസം പറയുന്നോ അസത്തെ.. പൊന്ന് പോലെ നോക്കി വളർത്തിയ ഞങ്ങടെ മുന്നിൽ ഇങ്ങനെ വന്നു നിൽക്കാൻ നിനക്ക് നാണമില്ലേ.. ”
അടികൊണ്ട് പിന്നിലേക്ക് വേച്ചു പോയ ആനന്ദിനെ പിടിച്ചു നിർത്തിയത് ഇന്ദുവാണ്.
” ആനന്ദ് തെറ്റൊന്നും ചെയ്തിട്ടില്ല ദയവ് ചെയ്ത് ഉപദ്രവിക്കരുത് ”
ശ്രീദേവിക്ക് മുന്നിൽ കെഞ്ചി അവൾ.
” ആ അത് കൊള്ളാം കുടുംബത്തിൽ വലിഞ്ഞു കയറി വന്നിട്ട് ഇപ്പോ അവന് വക്കാലത്തും പറഞ്ഞു തുടങ്ങിയോ.. നിന്റെ കാര്യം സാധിക്കാൻ ഞങ്ങടെ ചെക്കനെ മാത്രമേ കിട്ടിയുള്ളോ ടീ… അത്രക്ക് മൂത്ത് നിൽക്കുവാരുന്നേൽ നിനക്ക് ഇതങ്ങ് തൊഴിലാക്കി കൂടായിരുന്നോ. അതാകുമ്പോ സുഖവും കിട്ടും വരുമാനവും ആയേനെ കാണാൻ നല്ല തൊലി വെളുപ്പ് ഒക്കെ ഉള്ളത് കൊണ്ട് കസ്റ്റമേഴ്സ് ആവശ്യം പോലെ വന്നേനെ.. ”
ഇന്ദുവിനു നേരെ അസഭ്യവർഷവുമായി സതീശൻ മുന്നിലേക്ക് കയറവേ തന്റെ ക്ഷമ നശിക്കുന്നത് തിരിച്ചറിഞ്ഞു ആനന്ദ്.
” അമ്മാവൻ ഇനി ഒരു വാക്ക് പറഞ്ഞു പോകരുത്. പറഞ്ഞാൽ ചിലപ്പോ നമ്മൾ തമ്മിൽ അടിയായേക്കും ”
കടുത്ത രോഷത്തിൽ ആനന്ദും മുന്നിലേക്ക് കയറവേ രംഗം വഷളായി തുടങ്ങി.
” കൊള്ളാലോ ചെക്കൻ അച്ചിയെ പറഞ്ഞപ്പോ അവന് കേറി കൊണ്ടത് കണ്ടോ. എന്ത് കൂടോത്രം ചെയ്തിട്ട് ആണോ എന്തോ ഈ പൂതന ചെക്കനെ മെരുക്കി എടുത്തത്.. ”
അകന്ന ഒരു അമ്മായി കൂടി അഭിപ്രായവുമായി മുന്നിലേക്ക് കയറവേ താൻ മൂലം അവിടൊരു വലിയ പ്രശ്നം ഉണ്ടായേക്കാം എന്ന് ഉറപ്പിച്ചു ഇന്ദു.
” ഒന്ന് നിർത്തോ എല്ലാരും.. ഞാൻ ഒന്നിനും ഇല്ല എന്റെ പേരും പറഞ്ഞു ആരും പ്രശ്നം ഉണ്ടാകുകയും വേണ്ട. സ്വന്തമെന്നോ ബന്ധമെന്നോ പറയാൻ ആരുമില്ലാത്തവൾ ആണ് ഞാൻ. ആനന്ദ് എനിക്ക് മുന്നിൽ ഒരു ജീവിതം വച്ചു നീട്ടിയപ്പോൾ ഒരുപാട് പ്രതീക്ഷിച്ചു പോയി.. അതുകൊണ്ട് ഇറങ്ങി തിരിച്ചതാണ്.. ഞാൻ പോയേക്കാം തിരികെ ”
അവസാന വാക്കുകളിൽ ഒച്ചയിടറിയെങ്കിലും ഒരു വിധം പറഞ്ഞൊപ്പിച്ചു തിരിഞ്ഞു നടന്നു ഇന്ദു.
” ഇന്ദു. പോവല്ലേ നീ.. ”
പിന്നാലെ തിരിഞ്ഞു അനന്ദും. അത്രയും സമയം മൗനമായി നിന്ന മാധവൻ ആ സമയം പതിയെ മുന്നിലേക്ക് കയറി.
“ഒന്ന് നിൽക്ക് രണ്ടാളും.”
ആ ഉറച്ച വാക്കുകൾക്ക് മുന്നിൽ അറിയാതെ നിന്നു പോയി ഇന്ദുവും ആനന്ദും.. തിരിയവേ അയാൾ ആനന്ദിന്റെ തൊട്ട് മുന്നിൽ എത്തിയിരുന്നു..
” അച്ഛാ.. ഞാൻ.. ”
മറുപടി പറയാൻ വാക്കുകൾക്കായവൻ പരതവെ ചെക്കിടടക്കം ഒന്ന് പൊട്ടിച്ചു മാധവൻ.
അമ്മയുടെ അടി പോലെയായിരുന്നന്നില്ല ഇത്തവണ നില തെറ്റി ആനന്ദ് നിലത്തേക്ക് വീണു പോയി. ഓടിയെത്തി അവനെ പിടിച്ചെഴുന്നേൽപ്പിക്കുമ്പോൾ ഇന്ദുവും ഒന്ന് ഭയന്നു.
” അത് കലക്കി അളിയാ.. അടിച്ചിറക്ക് ഈ അസത്തിനെ ”
സതീശനും മുന്നിലേക്ക് കയറി. ആ സമയം ആനന്ദിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു തന്നോട് അടുപ്പിച്ചു മാധവൻ.
“ഈ അടി എന്തിനാണെന്ന് മനസ്സിലായോ നിനക്ക്.. ”
മറുപടിയില്ലാതെ ഭയന്ന് നിന്നു പോയി ആനന്ദ്. അത് കണ്ട് തുടർന്നു മാധവൻ.
” ഞാൻ അടിച്ചത്.. നീ ഇവളെ കെട്ടിയതിന് അല്ല.. പൊന്ന് പോലെ നോക്കി വളർത്തിയിട്ടും ഇങ്ങനൊരു കാര്യം വന്നപ്പോ എന്നെയോ നിന്റെ അമ്മയെയോ അറിയിക്കാത്തതിനാണ് ”
ആ വാക്കുകൾ കേട്ട് ആകെ അന്ധാളിച്ചു നിന്ന ആനന്ദിന് മുന്നിലേക്ക് കയറി ശ്രീദേവിയും.
” നേരത്തെ ഞാൻ ഒന്ന് തന്നത് എന്തിനാണെന്ന് മനസിലായിരുന്നോ.. അതും നീ ഇവളെ കെട്ടിയതിനല്ല.. ഇത്രേം ബന്ധുക്കളുടെ മുന്നിൽ വച്ചിട്ട് നിന്റെ അച്ഛനെ കളിയാക്കുന്നത് പോലെ സംസാരിച്ചതിനാണ്. ”
ഇത്തവണ എല്ലാവരും ഇന്ന് ഞെട്ടി.
” അപ്പോ ഈ കാണിച്ച തോന്ന്യവാസത്തിനു നിങ്ങൾക്ക് ഒരു പ്രശ്നവും ഇല്ലേ ”
സതീശന്റെ ചോദ്യം കേട്ട് മാധവൻ ഒന്ന് തിരിഞ്ഞു.
” സതീശാ.. അവൻ കണ്ടെത്തിയ പങ്കാളിക്ക് പ്രായം അല്പം കൂടുതൽ ആണ്. അത് ശെരിയാണ്. എന്ന് കരുതി അതൊരു വലിയ തെറ്റ് ഒന്നും അല്ല. ഞാൻ ദേ നിന്റെ പെങ്ങൾ ഈ ശ്രീദേവിയെ കെട്ടുമ്പോൾ എനിക്ക് മുപ്പത്തിഅഞ്ചും ഇവൾക്ക് പറ്റാത്തൊൻപതും ആയിരുന്നു അന്ന് ആർക്കും ഒരു പ്രശ്നവും ഇല്ലാരുന്നു.
ഈ പറഞ്ഞ നിനക്ക് പോലും… ഇന്നും ഓരോ കല്യാണങ്ങൾ നോക്കുമ്പോൾ ചെറുക്കന് എപ്പോഴും പെണ്ണിനേക്കാൾ പ്രായം കൂടുതൽ ആണ്.നമ്മുടെ നാട്ടിൽ പൊതുവെ നടക്കുന്നതാണ് ഈ കെട്ടുന്ന ചെറുക്കന് പ്രായം എത്ര വേണോ ആകാം പെണ്ണിന് കൂടി പോയാൽ കുറ്റം എന്നത് ..
ആ പരിപാടിയോട് എനിക്ക് വല്യ താത്പര്യം ഒന്നുമില്ല. ജീവിതം അവരുടെയാണ് ജീവിക്കുന്നത് അവരാണ്. അതിൽ പിന്നെ നമ്മൾ എന്ത് അഭിപ്രായം പറയാൻ. അവന് അവളെ ഇഷ്ടമായെങ്കിൽ അവർ ഒന്നിച്ചു ജീവിക്കട്ടെ.. അത് തന്നാ നല്ലത്.”
മാധവന്റെ വാക്കുകൾ കേട്ട് എല്ലാവരും അന്ധാളിപ്പോടെ മുഖാ മുഖം നോക്കുമ്പോൾ കൂടുതൽ ആശ്ചര്യം ആനന്ദിനും ഇന്ദുവിനും ആയിരുന്നു. വാ പൊളിച്ചു നിൽക്കുന്ന ആനന്ദിന്റെ ചുമലിൽ ഒന്ന് തട്ടി മാധവൻ.
” അച്ഛൻ വെറുതെ വാക്കുകളിൽ മാത്രം നവോഥാനം വിളമ്പി നടക്കുന്ന ആളല്ല മോനെ. കാര്യങ്ങൾ ഒക്കെ മനസിലാക്കാൻ കെൽപ്പുള്ള ആള് തന്നെയാണ്. ”
അറിയാതെ മിഴികൾ നിറഞ്ഞു പോയി ആനന്ദിന്.
ഈ സമയം ഒക്കെയും കേട്ട് കലി കയറിയ മൂത്ത കാരണവർ മുന്നിലേക്ക് ചാടി കേറി.
” എന്ത് തോന്ന്യവാസം ആണ് ഇവിടെ നടക്കുന്നത്.. നിങ്ങൾക്കൊക്കേ എന്താ വട്ട് ആണോ.. എന്റെ കുടുംബത്തിൽ ഇത് നടക്കാൻ ഞാൻ സമ്മതിക്കില്ല ”
” അതേ അത് തന്നാ എനിക്കും പറയാൻ ഉള്ളത് ”
സതീശനും വിട്ടു കൊടുത്തില്ല.. എന്നാൽ അവർക്ക് മുന്നിൽ മാധവൻ മൗനമായി പകരം ശ്രീദേവി ആ ദൗത്യം ഏറ്റെടുത്തു.
” അതേ ഇത് ഞങ്ങടെ കുടുംബം ആണ്. ഇവിടെ ഇങ്ങനെയൊക്കെയാണ്. അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് പോകാം.. ആരെയും പിണക്കാൻ ഞങ്ങൾക്ക് ആഗ്രഹം ഇല്ല.. ”
ആ അറുത്തു മുറിച്ച വാക്കുകൾക്ക് മുന്നിൽ പിന്നെ മറുപടി പറയുന്നത് പന്തിയല്ല എന്ന് മനസിലാക്കിയ സതീശനും കാരണവരും മറ്റു ബന്ധുക്കളും ക്ഷണ നേരം കൊണ്ട് കലി തുള്ളി സ്ഥലം കാലിയാക്കി..
” വെറുതെ നിന്ന് മനുഷ്യന്റെ സമയം കളഞ്ഞു.. പുല്ല്.. ”
ആരൊക്കെയോ പിറു പിറുക്കുന്നുണ്ടായിരുന്നു.
” അമ്മേ.. അച്ഛാ.. ”
പൊട്ടിക്കരഞ്ഞു കൊണ്ട് രണ്ട് പേരെയും മാറി മാറി പുണർന്നു ആനന്ദ്. ആ സമയം നിറകണ്ണുകളുമായി പിന്നിലേക്ക് തന്നെ നിന്നു ഇന്ദു. അത് കണ്ടിട്ട് പതിയെ ശ്രീദേവിയെ കണ്ണ് കാണിച്ചു മാധവൻ.
വേഗത്തിൽ ശ്രീദേവി ഇന്ദുവിന്റെ അരികിൽ എത്തി അവളുടെ കരം കവർന്നു.
” ഇന്ദു വാ.. വിഷമിക്കേണ്ട. നിങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ ആണ് ആഗ്രഹം എങ്കിൽ ഇവിടെ ആരും എതിര് നിൽക്കില്ല.. ഇനി ഇത് നിന്റെയും കൂടി വീട് തന്നെയാണ്.. ”
സന്തോഷത്തോടെ അവർ വീടിനുള്ളിലേക്ക് കയറുവാൻ തിരിഞ്ഞപ്പോഴേക്കും വീട്ടു ജോലിക്കാരി കത്തിച്ച നിലവിളക്കുമായെത്തി.
” ശ്രീദേവി ചേച്ചി ഈ വിളക്ക് അങ്ങട് കൊടുത്തേ.. ആദ്യമായി വീട്ടിലേക്ക് കയറുവല്ലേ.. ”
അത് കണ്ട് സന്തോഷത്തോടെ ആ വിളക്ക് വാങ്ങി ഇന്ദുവിനു നൽകി ശ്രീദേവി. ഒരുപാട് വർഷങ്ങൾക്ക് ശേഷം നഷ്ടമായ ബന്ധുക്കളെ തിരികെ കിട്ടിയ സന്തോഷത്തിൽ പുതിയ ജീവിതത്തിലേക്ക് ആനന്ദുമൊന്നിച്ചു വലതുകാൽ വച്ചു കയറി ഇന്ദു.