ഭാര്യയ്ക്ക് ഒപ്പം കിടക്കുമ്പോൾ പോലും അമ്മ ഒറ്റക്ക് ആണെന്ന് പറഞ്ഞു എഴുനേറ്റ് പോയി അമ്മയ്ക്ക് കൂട്ടു കിടക്കുന്ന ആ നല്ലവനായ..

(രചന: മിഴി മോഹന)

അമ്മ.. അമ്മ… ഏത് നേരവും അമ്മയെ കുറിച്ചുള്ള ചിന്ത മാത്രമേ ഉള്ളോ കിരണിന്… “എന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഒരു വിലയും ഇല്ലേ..””

രേവതിയുടെ ശബ്ദം ആ മുറിയിൽ ഉയർന്നു വരുമ്പോൾ കിരൺ വിരൽ ഉയർത്തി..

രേവതി പതുക്കെ അപ്പുറത്ത് അമ്മയുണ്ട്… അമ്മ കേൾക്കും… “”

കേൾക്കട്ടെ.. “”എത്ര എന്ന് കരുതി ആണ് സഹിക്കുന്നത്… അതിനും ഒരു പരിധി ഉണ്ട്…

വിവാഹം കഴിച്ചു വന്ന അന്ന് തുടങ്ങിയത് ആണ് ഇത്….. ഞാൻ ഒരു ചുരിദാർ വാങ്ങിയാൽ..,.അലമാരിയിൽ നിന്നും ഒരെണ്ണം എടുത്ത് ഇട്ടാൽ അത് അമ്മയ്ക്ക് ഇഷ്ടം ആണെങ്കിൽ മാത്രം ഉപയോഗിക്കാൻ പാടുള്ളു… അമ്മയ്ക്ക് ഇഷ്ടപെട്ട നിറം ആണോ… ഫാഷൻ ആണോ എന്ന് ആദ്യം ചോദിക്കും അല്ലങ്കിൽ അത് ഊരാൻ പറയും…….

അത് നിന്റെ ശരീരത്തിന് ഇണങ്ങുന്നത് ആണോ എന്ന് അമ്മ കൃത്യമായി നോക്കി പറയും അത് കൊണ്ട് അല്ലെ … പണ്ട് തൊട്ടേ എന്റെ കാര്യത്തിലും അങ്ങനെ ആണ്… അമ്മയ്ക്ക് ഇഷ്ടം ഉള്ളത് ആണ് ഞാൻ ഉപയോഗിക്കുന്നത്…”” കിരൺ തിരിച്ചു പറയുമ്പോൾ ചുണ്ട് ഒന്ന് കോട്ടി രേവതി…

മ്മ്ഹ്ഹ്.. “” അപ്പോൾ കിരണിന് സ്വന്തം ആയ അഭിപ്രായം ഒന്നും ഇല്ലേ..എന്നാൽ എനിക്ക് ഉണ്ട്…എന്റെ വസ്ത്രം എന്റെ സ്വാതന്ത്ര്യം ആണ് അതിൽ അമ്മയുടെ അഭിപ്രായം നോക്കുന്നത് എനിക്ക് ഇഷ്ടം അല്ല…. “” രേവതിയും വിട്ട് കൊടുത്തില്ല…

ഇവിടെ അമ്മയുടെ അഭിപ്രായത്തിന് തന്നെയാണ് വില… “” അമ്മയുടെ ഇഷ്ടങ്ങൾക് തന്നെയാണ് മുൻ‌തൂക്കവും.. “”കിരൺ തിരിച്ചു പറയുമ്പോൾ രേവതി അവനെ കണ്ണു നിറച്ചു നോക്കി..

കിരൺ അപ്പോൾ എനിക്ക് സ്വന്തം ഇഷ്ടങ്ങൾ ഇല്ലേ..” അമ്മയ്ക്ക് ഇഷ്ടപെട്ടതൊക്കെ ആണോ ഞാനും ഇഷ്ടപെടേണ്ടത്….? അമ്മയുടെ ഇഷ്ടങ്ങൾ നോക്കണ്ട എന്ന് അല്ല പറഞ്ഞത് നമുക്കും ഇല്ലേ വ്യക്തി സ്വാതന്ത്ര്യങ്ങൾ അത് നഷ്ടപെടുത്തി ജീവിക്കണോ..?

കിരണിന്റെ നേരെയുള്ള അവളുടെ ചോദ്യത്തിൽ അവന്റ മുഖം വലിഞ്ഞു മുറുകി വന്നു..

അതേടി എന്റെ അമ്മയുടെ ഇഷ്ടങ്ങൾ തന്നെയാണ് വലുത്..”” അത് അനുസരിച്ചു നിൽക്കാൻ പറ്റും എങ്കിൽ ഇവിടെ നിന്നാൽ മതി അല്ലാത്ത പക്ഷം നിനക്ക് നിന്റെ വീട്ടിൽ പോകാം…””

പറഞ്ഞു കൊണ്ട് കിരൺ വാതിൽ തല്ലി അടച്ച് പുറത്തേക്ക് പോകുമ്പോൾ നിസ്സഹായതയോടെ കട്ടിലിലേക്ക് ഇരുന്നവൾ….

കിരണിന്റെ ആലോചന വന്നപ്പോൾ തന്നെ രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല അച്ഛനും അമ്മയ്ക്കും…. കാരണം ഒറ്റ മോൻ… അച്ഛൻ ചെറുപ്പത്തിലെ മരിച്ചു പോയത് കൊണ്ട് ടീച്ചർ ആയ അമ്മയുടെ തണലിൽ വളർന്നു വന്ന മകൻ..

പേരിനു പോലും ദുശീലങ്ങൾ ഒന്നും ഇല്ല…..ബാങ്കിൽ നല്ല ജോലി….. പോരെ ഒരു പെണ്ണിന്റെ ജീവിതം തീരുമാനിക്കാൻ മാതാപിതാക്കൾക്ക് തീരുമാനം എടുക്കാൻ…. ഇവിടെയും അത് തന്നെ സംഭവിച്ചു… അവരെയും കുറ്റം പറയാൻ പറ്റില്ല മനുഷ്യൻ അല്ലെ ചക്ക അല്ലല്ലോ ചുഴിഞ്ഞു നോക്കാൻ…

പക്ഷെ ഈ വീട്ടിൽ വന്നു കയറിയത് മുതൽ കാര്യങ്ങൾ കൈ വിട്ട് പോയിരുന്നു… അമ്മയോട് കിരൺ കാണിക്കുന്ന അമിത സ്നേഹം തനിക്കും പകർന്നു കിട്ടും എന്ന് പ്രതീക്ഷിച്ച നിമിഷങ്ങൾ ആയിരുന്നു… എന്നാൽ സ്നേഹം ആയിരുന്നില്ല ഞാൻ കണ്ടത്…

പകരം താൻ എന്ത്‌ ചെയ്താലും അത് അമ്മയെ തൃപ്തി പെടുത്താൻ വേണ്ടി മാത്രം ആയിരുന്നു…

കിരൺ ഉറങ്ങാൻ പോകും മുൻപ് അമ്മയോട് അനുവാദം ചോദിക്കുന്നത് കാണുമ്പോൾ ഉള്ളിൽ തോന്നിയ സന്തോഷം മായാൻ അധികം ദിവസം വേണ്ടി വന്നില്ല…

രേവതി ഇന്ന് നീ അമ്മയോട് അനുവാദം ചോദിച്ചോ..?

ബെഡ്റൂമിലേക്ക് വന്ന ഒരു ദിവസം രാത്രിയിൽ കിരണിന്റെ ചോദ്യത്തിൽ തമാശ ആണ് തോന്നിയത്…

എന്തിനാണ് കിരൺ ഒരു വീട്ടിൽ തന്നെ കിടക്കുന്നവർ അല്ലെ.. അമ്മയ്ക്ക് അറിയാമല്ലോ രാത്രിയിൽ കിടക്കണം എന്നുള്ളത്… പിന്നെ പോയി അനുവാദം ചോദിക്കേണ്ട ആവശ്യം ഉണ്ടോ…?

അന്ന് തിരിച്ചു ചോദിച്ചതിന് ആ രാത്രി മുഴുവൻ ഒരു ഭ്രാന്ത്നെ പോലെ ആയിരുന്നു കിരൺ പെരുമാറിയത്…. ഞാൻ അമ്മയെ വിഷമിപ്പിച്ചു എന്നത് ആയിരുന്നു അന്നത്തെ പരാതി മുഴുവൻ..

കിരണിനു ഭ്രാന്ത്‌ ആണോ എന്ന് തോന്നി പോകുന്ന നിമിഷങ്ങൾ… പിനീട് അങ്ങോട്ട് എല്ലാത്തിലും അമ്മയുടെ കൈ കടത്തൾ അല്ലങ്കിൽ കിരണിന്റെ അമിതമായ അമ്മ ഭക്തിയും ആയിരുന്നു കണ്ടത്..

വിരുന്നിനു വീട്ടിലേക്ക് പോകുന്ന ദിവസം അത്യാവശ്യം കൊള്ളാവുന്ന ചുരിദാർ ഇട്ടു കൊണ്ട് പുറത്തു വരുമ്പോൾ ആ നിറം അമ്മയ്ക്ക് ഇഷ്ടം ആയില്ല.. അമ്മാ വാങ്ങി വെച്ചത് ഇടാൻ നിർദേശം തരുമ്പോൾ കിരൺനിന്നു ചിരിക്കുക മാത്രം ആണ് ചെയ്തത്….

അമ്മയ്ക്ക് ഇത് ഇഷ്ടം ആയില്ലങ്കിൽ നീ അമ്മ പറഞ്ഞത് ഇട്ടോളു.. “”മറുപടി ഇത്രയും ആയപ്പോൾ അന്ന് ഒന്നും എതിർത്തില്ല… പക്ഷെ തൊട്ട് അടുത്ത നിമിഷം അതിലും വലിയ അടി തലയിൽ കിട്ടിയത്….

വിരുന്നിന് തങ്ങൾക്ക് ഒപ്പം അമ്മയും വരുന്നു… കിരണിന്റെ കാറിൽ ഇനി മുതൽ ഭാര്യയ്ക്ക് വേണ്ടി മാറ്റി വയ്ക്കേണ്ട സ്ഥാനം അത് ഒഴിച്ച് കൊടുക്കാതെ അമ്മ കയറി ഇരിക്കുമ്പോൾ പുറകിൽ ആണ് തന്റെ സ്ഥാനം എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു ആ നിമിഷം……

അമ്മയുടെയും മകന്റെതുമായ ഒരു ലോകമായിരുന്നു അവിടെ ഞാൻ കണ്ടത്….. പുറകിൽ വെറും നോക്ക് കുത്തി പോലെ ഇരിക്കുമ്പോൾ ഒരിക്കൽ പോലും കിരൺ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നില്ല..വീട്ടിൽ ചെന്നിട്ടും സ്ഥിതി മറിച് ആയിരുന്നില്ല…കിരൺ ആരോടെങ്കിലും സംസാരിച്ചാൽ ഇടയിൽ കയറും അമ്മ… കിരണിനെ ഒറ്റക്ക് വിടാൻ കൂട്ടാക്കാതെ അമ്മ കൂടെ നിൽകുമ്പോൾ ഞാൻ എന്ന ഭാര്യയ്ക്ക് അവിടെ ഒരു സ്ഥാനവും ഉണ്ടായിരിന്നില്ല….

വിരുന്നിനു ചെല്ലുമ്പോൾ പെൺ വീട്ടിൽ ഒരു ദിവസം തങ്ങണം എന്നുള്ള ചടങ്ങ് പോലും അമ്മയ്ക്ക് വേണ്ടി നിഷേദ്ധിച്ചു കിരൺ..

അമ്മയ്ക്ക് അത് ഒന്നും ഇഷ്ടം അല്ല… സ്വന്തം വീട്ടിൽ കിടന്നാലേ ഉറങ്ങാൻ കഴിയൂ അമ്മയ്ക്ക്… അമ്മയെ തനിച്ചു നിർത്താൻ താനും ഒരുക്കമല്ലന്നുള്ള കിരണിന്റെ ശാഡ്യത്തിനു മുൻപിൽ അമ്മയ്ക്കും മകനും വേണ്ടി തോറ്റു കൊടുക്കേണ്ടി വന്നു…

പിന്നീട് അങ്ങോട്ട് എല്ലാം അവരുടെ ഇഷ്ടങ്ങൾ…അല്ല അമ്മയുടെ ഇഷ്ടങ്ങൾ ആയിരുന്നു എന്റെ ജീവിതം……

ഭർത്താവിന്റെ കാര്യങ്ങൾ പോലും നോക്കാനുള്ള എന്റെ അവകാശത്തേ ആണ് അമ്മ നിഷേധിച്ചത്…….

കിരണിന്റെ ഷർട്ട്‌ അമ്മ അലക്കിയില്ലങ്കിൽ അത് ചീത്ത ആകും… കിരൺ രാവിലെ ജോലിക്ക് പോകുമ്പോൾ അമ്മ തന്നെ ചോറ് പൊതി കെട്ടി കൊടുക്കണം… ഒരിക്കൽ വാശി പുറത്തു കിരണിന് തന്റെ കയ്യാലേ ആഹാരം ഉണ്ടാക്കി പൊതി കെട്ടി കൊടുത്തു വിട്ടു…..

അന്നേ ദിവസം അമ്മ ഒന്നും കഴിച്ചില്ല… ഞാൻ ഉണ്ടാക്കുന്നത് മാത്രമേ എന്റെ മോൻ കഴിക്കൂ അല്ലാത്തത് അവന്റ വയറിൽ പിടിക്കില്ല… ഇത് പറഞ്ഞു രാവിലെ മുതൽ കരഞ്ഞിരുന്നു…… “” അത് തെറ്റിയില്ല… കൊണ്ട് പോയ പൊതി ഒന്ന് അഴിക്കുക കൂടി ചെയ്യാതെ ആണ് കിരൺ തിരിച്ചു കൊണ്ട് വന്നത്….പൊതിയിൽ നിന്നും വന്ന മണം പോലും പിടിച്ചില്ല എന്ന്…… അവസാനം അന്ന് രാത്രിയിൽ അമ്മ തന്നെ മകന് ആഹാരം ഉണ്ടാക്കി കൊടുത്തു രണ്ട് പേരും കഴിക്കുമ്പോൾ അത് ഇഷ്ടപെട്ട് കഴിക്കേണ്ടി വരുന്ന പെണ്ണിന്റെ അവസ്ഥ ആയിരുന്നു എനിക്ക്.

ഇത് ഒന്നും പോരാഞ്ഞു കിരണിന്റെ ഷൂ പോലും പോളിഷ് ചെയ്തു അത് കാലിൽ ഇട്ട് കൊടുക്കുന്നത് അമ്മയാണ്…. അമ്മ ഷൂ ലെയ്സ് കെട്ടിയാൽ മാത്രമേ അത് നേരെ നിൽക്കു എന്ന പിടി വാശി മകനും ഈ പ്രായത്തിലും സ്കൂൾ പിള്ളേരെ പോലെ മകനെ അണിയിച്ചു ഒരുക്കി വിടുന്ന അമ്മയുടെ സന്തോഷം മറുവശത്തും.. “”

ഇത് എല്ലാം കണ്ടു മടുത്ത് ഇന്നേക്ക് മൂന്ന് മാസം ആകുന്നു തോൽവികൾ ഏറ്റു വാങ്ങാൻ തുടങ്ങിയിട്ട്… അമ്മയെ തൃപ്തിപെടുത്താനായി അമ്മയ്ക്ക് ഇഷ്ടം ഉള്ളതു മാത്രം കഴിച്ചും അമ്മയ്ക്ക് ഇഷ്ടം ഉള്ളത് ഉടുത്തും സ്വന്തം ഇഷ്ടങ്ങൾ മാറ്റി വെച്ച് സ്വന്തം വ്യക്തിത്വത്തെ മറന്നുള്ള ജീവിതം……

ഇനി എങ്കിലും തുറന്നു പറഞ്ഞില്ലെങ്കിൽ വീർപ്പു മുട്ടി ചത്തു പോകും എന്ന് തോന്നിയപ്പോഴാണ് കിരണിനോട് അത്രയെങ്കിലും സംസാരിച്ചത്….. പക്ഷെ വെറും അർത്ഥമില്ലാത്ത സംഭാഷണം മാത്രം ആയി പോയി അത്..

ഒരിക്കലും കിരൺ തിരിച്ചു ചിന്തിക്കില്ല എന്ന് തിരിച്ചറിവ് ഇന്ന് എത്തി നിൽക്കുന്നത് കുടുംബ കോടതിയുടെ മുന്പിലാണ്.. “”

എല്ലാവരുടെയും കുറ്റപെടുത്തലുകൾ ഏറ്റു വാങ്ങിയതും ഞാൻ തന്നെയാണ്…..

ഇനി ഇത് പോലെ നല്ലൊരു ബന്ധം കിട്ടുവോ… അഹമ്മതി ആണ് അവൾക്ക്….. പുറത്ത് ഒരു മനുഷ്യൻ ആ ചെറുക്കനെ കുറിച്ച് ഛീ പോന്ന് ഒരു വർത്തമാനം പറഞ്ഞിട്ടില്ല….. “”

അമ്മാവന്റെ വക കോടതി വരാന്തയിൽ വെച്ച് കേൾക്കുമ്പോൾ അച്ഛനും അമ്മയും എന്നെ ഒന്ന് നോക്കി….. ആ നോട്ടത്തിലും കുറ്റപെടുത്തലുകൾ മാത്രമായിരുന്നു കണ്ടത്……

കോടതിയിലും പലപ്പോഴും അമ്മയുടെ ഇടപെടൽ ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും അവസാനം എന്നെ മനസിലാക്കാൻ കോടതിക്ക് കഴിഞ്ഞത് കൊണ്ട് ഡിവോഴ്സ് അനുവദിച്ചു കിട്ടിയ നിമിഷം വീട്ടുകാരുടെ മുൻപിൽ ഞാൻ മാത്രം ആയിരുന്നു കുറ്റക്കാരി…

അമ്മാവൻ പറഞ്ഞതിൽ എന്താ രേവതി തെറ്റ് ഉള്ളത്.. “”ഇനി നാട്ടുകാരുടെയും കുടുംബക്കാരുടെയും മുൻപിൽ എങ്ങനെ തല ഉയർത്തി നോക്കും..”””

ഡിവോഴ്സ് നേടി കാറിൽ സ്വന്തം വീട്ടിലേക്കുള്ള യാത്രയിൽ സ്വന്തം പെറ്റമ്മതന്നെ കുറ്റപ്പെടുത്തലിന്റെ ആദ്യ ഭാണ്ഡം തുറന്നു…

കെട്ട് കഴിഞ്ഞു ആറു മാസം ആകും മുന്പേ പെണ്ണ് വീട്ടിൽ വന്നുന്ന് പറഞ്ഞാൽ എന്ത അതിന് അർത്ഥം…..ചെറുക്കൻ കള്ള് കൂടിയനാണോ അല്ല… പെണ്ണ് പിടിയൻ ആണോ അതും അല്ല…. കുടുംബം നോക്കില്ലേന്ന് ചോദിച്ചാൽ പൊന്നു പോലെ നോക്കുന്നവൻ….

അവന് അമ്മയോടുള്ള സ്നേഹം ആണ് വിവാഹ മോചനത്തിനു കാരണം എന്ന് പറഞ്ഞാൽ നാട്ടുകാർ നീട്ടി തുപ്പും.. “” അമ്മ നിർത്താൻ ഉദ്ദേശ്യം ഇല്ലായിരുന്നു ആ നിമിഷം…..

അത് നല്ല കാര്യമല്ലേ…. ഇക്കാലത്തു അങ്ങനെ ഒരു പയ്യനെ മഷി ഇട്ടു നോക്കിയാൽ കിട്ടുവോ… ആ നിന്റ മോൾക്ക് വിധിച്ചിട്ടില്ല… അവന് ഒന്നും നഷ്ടപെടാൻ ഇല്ല… അവനെ കെട്ടാൻ ആയിരം പെൺപിള്ളേർ വരും നോക്കിക്കോ.. “‘

ഇത്രയും കൊണ്ട് കുടുംബകാരുടെ മുന്പിൽ അഹങ്കാരി ആയി തീർന്ന എന്നെ കുറ്റപ്പെടുത്താനുള്ള ആ അവസരത്തെ അമ്മാവൻ പരമാവദി ഉപയോഗിക്കുമ്പോൾ ഓരോ വാക്കും വേദനയോടെ കേട്ടിരിക്കുന്ന അച്ഛനെ നോക്കി….മകളുടെ അഹങ്കാരം കൊണ്ട് തല കുനിക്കേണ്ടി വന്ന അച്ഛൻ…

ഇത്രയൊക്കെ കേട്ടിട്ടും നിനക്ക് ഒന്നും പറയാൻ ഇല്ലേ രേവതി..”” ഇനി നിന്റെ ഉദ്ദേശ്യം എന്താന്ന് കൂടി പറഞ്ഞാൽ കൊള്ളാം.. “””അമ്മയാണ് ആ ചോദ്യം ഉന്നയിച്ചത്…

കഴിഞ്ഞോ നിങ്ങളുടെ എല്ലാം കുറ്റപെടുത്തൽ.. എങ്കിൽ ഇനി ഞാൻ പറഞ്ഞു തുടങ്ങാം….

എനിക്ക് വേണ്ടത് ഒരു ഭർത്താവിനെയാണ്‌… എന്റെ ഇഷ്ടങ്ങൾക്ക് വില നൽകുന്ന എന്റെ വാക്കുകളെ മതിക്കുന്ന ഒരു പുരുഷനെ… അല്ലാതെ ടോയ്ലറ്റ് പോകാൻ പോലും അമ്മയുടെ അനുവാദം കാത്ത് നിൽകുന്ന ആളെ അല്ല….

മ്മ്ഹ്ഹ്..”‘ ഭാര്യയ്ക്ക് ഒപ്പം കിടക്കുമ്പോൾ പോലും അമ്മ ഒറ്റക്ക് ആണെന്ന് പറഞ്ഞു എഴുനേറ്റ് പോയി അമ്മയ്ക്ക് കൂട്ടു കിടക്കുന്ന ആ നല്ലവനായ ഉണ്ണിയെ അംഗീകരിക്കാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ട്…… ഇപ്പോഴേങ്കിലും ഇങ്ങനെ ഒരു തീരുമാനം എടുത്തില്ലങ്കിൽ അയാൾ എന്നെ കൊല്ലില്ല ഞാൻ സ്വയം ചത്തെനെ… അങ്ങനെ കാണുന്നവർക്ക് വേണ്ടി തുലച്ചു കളയാൻ അല്ല എന്റെ ജീവിതം… ഞാൻ ജീവിക്കും….

കയ്യിൽ ഒരു പിജിയും അതിന്റെ സർട്ടിഫിക്കറ്റും ഉണ്ടല്ലോ ഒരു ജോലി കിട്ടാൻ പാട് ഒന്നും ഇല്ല… ഇനി എന്നെങ്കിലും എന്റെ ഇഷ്ട്ങ്ങൾക്ക് വില നൽകുന്ന ഒരാളെ കണ്ടെത്തിയാൽ ഞാൻ വിവാഹം കഴിക്കും.. ഇല്ലങ്കിൽ ഇങ്ങനെ തന്നെ ജീവിക്കും… ആർക്കും ബുദ്ധിമുട്ട് ഇല്ലല്ലോ…””

രേവതി കടുത്ത ഭാഷയിൽ പ്രതികരിക്കുമ്പോൾ മുൻപിൽ ഇരുന്ന അമ്മാവൻ ഒരു വാക്ക് കൊണ്ട് ആ സംഭാഷണം അവിടെ അവസാനിപ്പിച്ചു…

“”അഹങ്കാരി… “”””””

അതെ അവൾ അഹങ്കാരി ആണ്….. ഒരുത്തന് വേണ്ടിയും സ്വന്തം ജീവിതം നശിപ്പിക്കാതെ ജീവിക്കാൻ ഇറങ്ങി പുറപെട്ടവൾ…. അഹങ്കാരി…