അഞ്ചു വർഷം മുൻപ് നാട്ടിൽ മുത്തശ്ശിയുടെ കൂടെ ഒരു രാജകുമാരിയെ പോലെ ആയിരുന്നു ഞാൻ..

ഗാന്ധർവ്വം
(രചന: ഗ്രീഷ്മ)

പി ജി എക്സാം കഴിഞ്ഞതു കൊണ്ട്  വീട്ടുജോലി തീ൪ത്ത ശേഷം എനിക്ക്  എഴുതാൻ സമയം കിട്ടിയിരുന്നു. ചെന്നൈയിൽ എത്തിയതിൽ പിന്നെ ഇതുപോലെ ഒരു ഒഴിവുസമയം എനിക്ക് കിട്ടുന്നത് ആദ്യമായാണ്.

അഞ്ചു വർഷം മുൻപ് നാട്ടിൽ മുത്തശ്ശിയുടെ കൂടെ ഒരു രാജകുമാരിയെ പോലെ ആയിരുന്നു ഞാൻ ജീവിച്ചിരുന്നത്.

പാരമ്പര്യമായി എനിക്ക് കിട്ടിയ മുട്ടറ്റം നീണ്ട മുടിയിൽ ആഴ്ചയിൽ ഒരിക്കൽ എണ്ണതേച്ചു തരുമ്പോളാണ് ‘ഞാൻ ഗ ന്ധ ർവ്വൻ ‘സിനിമയെ വെല്ലുന്ന എൻ്റെ ജനനകഥ മുത്തശ്ശി പറയുക. കേട്ട് തഴമ്പിച്ചിട്ടും ഒരിക്കലും  അതു കേൾക്കുമ്പോൾ എനിക്ക് മടുത്തിരുന്നില്ല .

ലക്ഷണമൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും,  ചെറിയ  മനോരോഗമുണ്ടോ എന്ന് നാട്ടുകാരെകൊണ്ട് സംശയിപ്പിക്കാ൯ പോന്ന അവിശ്വസനീയമായ കഥയാണ് എൻ്റെ മുത്തശ്ശിക്ക് പറയാനുണ്ടായിരുന്നത്.

എൻ്റെ  അമ്മയ്ക്ക് ഏഴു വയസ്സുള്ളപ്പോഴാണത്രെ മുത്തശ്ശൻ മരിക്കുന്നത് . അതോടെ  മുത്തശ്ശൻറെ പേരിലുള്ള വലിയ നാലുകെട്ടും ചുറ്റിനുമുള്ള രണ്ടര ഏക്കർ ഭൂമിയും മുത്തശ്ശിയുടേതായി . വർഷങ്ങൾ കടന്നുപോയി .

പലപ്പോഴും കാശിന് അത്യാവശ്യം വന്നപ്പോൾ അതിൽ ഏറെയും ബന്ധുക്കൾക്ക് വിറ്റു . ഒടുവിൽ അമ്പതു സെൻറ് സ്ഥലവും വീടും മാത്രമായി സ്വത്തുക്കൾ അവശേഷിച്ചു.

മധുരപതിനേഴിൽ എത്തി നിൽക്കുന്ന അതിസുന്ദരിയായ മകളെ നല്ലനിലയിൽ വിവാഹം ചെയ്‌ത്‌ അയക്കാൻ മുത്തശ്ശി ആഗ്രഹിച്ചു.

ഒരു സന്ധ്യാസമയത്ത്  മുത്തശ്ശിയും അമ്മയും മുറ്റത്ത് സംസാരിച്ചിരിക്കെ എങ്ങുനിന്നറിയാതെ അപരിചിതനായ ഒരു ചെറുപ്പക്കാരൻ ഗേറ്റിന്‌ മുന്നിൽ പ്രത്യക്ഷ്യപ്പെട്ടു . അയാളുടെ അഭൗമമായ ചൈതന്യം ചെറിയ ഇരുട്ടിനെ പ്രഭാപൂരിതമാക്കി .

ചിരപരിചിതരെ പോലെ അമ്മ ഓടിച്ചെന്ന് അയാളുടെ കൈകളിൽ വീഴുകയും അയാൾ അമ്മയെ ആലിംഗനം ചെയ്യുകയും ചെയ്തുവത്രേ .പിന്നെ രണ്ടുപേരും മുകളിലെ നിലയിലേക്ക് പോയി.

പിന്നീടുള്ള ദിവസങ്ങളിൽ അമ്മ, കഴുത്തിൽ ആലിലത്താലിയും നെറുകയിൽ സിന്ദൂരവും ചാർത്തി ഉല്സാഹത്തോടെ അയാൾക്കുള്ള വിഭവങ്ങൾ ഒരുക്കി മുകളിലെ നിലയിലേക്ക് കൊണ്ടുപോകുകയും ആഹാരം കഴിച്ച് ഒഴിഞ്ഞ പത്രങ്ങൾ തിരികെ കൊണ്ടുവരുകയും ചെയ്യും .

എന്നാൽ അയാൾ ഒരിക്കൽ പോലും ആരുടെ മുന്നിലും വന്നില്ല .മുത്തശ്ശി പോലും അയാളെ പിന്നീട് കണ്ടതേ  ഇല്ല .

അയാളെ കുറിച്ച് ചോദിക്കുമ്പോളൊക്കെ  കുസൃതിയോടെ മുത്തശ്ശിയുടെ കവിളിൽ നുള്ളി, ഇക്കിളിപ്പെടുത്തും പോലെ  പൊട്ടിച്ചിരിച്ചുകൊണ്ട് അമ്മ മുകളിലെ നിലയിലേക്ക് ഓടിപ്പോവുമായിരുന്നുവത്രേ .

അതിൻ്റെ കൂടെ വേറെയും ഒരു വിചിത്ര അനുഭവം ഉണ്ടായി .ഊരും പേരും അറിയാത്ത സംസാരശേഷി ഇല്ലാത്ത ഒരു വ്യാപാരി ഇടയ്ക്കിടെ വന്ന് വീട്ടിലേക്കുള്ള സാധനങ്ങളും പണവും കണക്കില്ലാതെ മുത്തശ്ശിയുടെ കൈയ്യിൽ ഏല്പിച്ചിരുന്നുവത്രെ .

ആർഭാടമായി ജീവിക്കാൻ അത് ധാരാളമായിരുന്നിട്ടു കൂടി മുത്തശ്ശി ധൂർത്തടിക്കാതെ മിച്ചം വെച്ചു .ഇന്ന് എൻ്റെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന ആ  വലിയ തുക അതിൽ നിന്ന് സ്വരുക്കൂട്ടി വെച്ചതാണെന്ന്…

അത് പോട്ടെ ..അമ്മയുടെ കഥ തീർന്നില്ല. അങ്ങനെ പതിനാല് വർഷത്തോളം അമ്മയും ആ അജ്ഞാത മനുഷ്യനും ഒരുമിച്ച് മുകളിലെ നിലയിൽ കഴിഞ്ഞു .

ഒരുനാൾ സഹികെട്ട്അമ്മയെ പിടിച്ചു നിർത്തി  മുത്തശ്ശി ചോദിച്ചു “അങ്ങനെ ഒരു ഭർത്താവ് ഉണ്ടെങ്കിൽ പിന്നെ നിങ്ങൾക്ക് ഒരു കുഞ്ഞു പിറക്കാത്തത് എന്താണ് ?”

അമ്മ പുഞ്ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല. പിന്നെയും പലപ്പോഴായി മുത്തശ്ശി ഇതേ ചോദ്യം ആവർത്തിച്ചു .

അങ്ങനെയിരിക്കെ ഒരുനാൾ അമ്മയോടൊപ്പം ഗോവണിപ്പടികൾ ഇറങ്ങി വന്ന ആ മനുഷ്യ൯, അമ്പരപ്പോടെ നോക്കിനില്കുന്ന മുത്തശ്ശിയെ ഗൗനിക്കാതെ,  അമ്മയുടെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞശേഷം ഗേറ്റ് കടന്ന്   പൊടുന്നനെ അപ്രത്യക്ഷനായി.

പിന്നീട് അയാൾ തിരിച്ച്‌ വന്നില്ല. പക്ഷെ അമ്മ പഴയപോലെ സന്തോഷവതിയായിരുന്നു.

‘അയാൾ എവിടെ പോയി?’ എന്ന ചോദ്യത്തിന് മുത്തശ്ശിയെ കെട്ടിപ്പിടിച്ച് മുത്തം നൽകിക്കൊണ്ട് ‘ഞാൻ ഒരു അമ്മയാവാൻ പോകുന്നു ‘ എന്ന മറുപടി ആണ് കിട്ടിയത് .

പ്രസവ ശേഷം എനിക്ക് രണ്ടു വയസ്സാകും വരെ… മു ലയൂട്ടിയും കൊഞ്ചിച്ചും പരിചരിച്ചും അമ്മ എൻ്റെ അടുത്തുതന്നെ ഉണ്ടായിരുന്നു.

ചെറിയ ചാറ്റൽ മഴയുള്ള ഒരു സന്ധ്യയിൽ ‘എന്നെ കൊണ്ടുപോകാൻ അദ്ദേഹം വന്നിട്ടുണ്ട് ‘ എന്നും പറഞ്ഞ് എന്നെ മുത്തശ്ശിയെ ഏല്പിച്ചു ഗേറ്റ് കടന്ന ഉടൻ മറഞ്ഞുപോയത്രെ .

അതിനു അടുത്ത ദിവസവും പുലർച്ചെ വ്യാപാരി വന്നിരുന്നു .സാധാരണയിലും എത്രയോ ഇരട്ടി പണവും സാധനങ്ങളും മുത്തശ്ശിയെ ഏൽപ്പിക്കുകയും ചെയ്താണ് തിരിച്ചു പോയത് .

അമ്മ പോയതിൻറെ പരിഭ്രാന്തിയിൽ അന്നുവരെ രഹസ്യമായി കൊണ്ടുനടന്നിരുന്ന  ഈ കഥകളൊക്കെ മുത്തശ്ശി അടുത്ത ബന്ധുക്കളോട് പറഞ്ഞു . നാട്ടിലൊക്കെ പാട്ടാവാൻ പിന്നെ അധിക സമയം വേണ്ടിവരില്ലെന്ന് ആർക്കാണ് അറിയാത്തത്…

ചിലരൊക്കെ അത് അപ്പാടെ വിശ്വസിച്ചു . ചിലർ ഭാഗികമായും . മറ്റുചിലർ മുത്തശ്ശിക്ക് മനോരോഗമാണെന്ന് പറഞ്ഞു കളിയാക്കിത്തുടങ്ങി .

അമ്മ ആരിൽ നിന്നോ അവിഹിത ഗർഭം ധരിച്ചതാണെന്നും ഒടുവിൽ ചതി മനസ്സിലായപ്പോൾ എങ്ങോട്ടോ ഇറങ്ങി പോയതാവാമെന്നും ഊഹിച്ചവരും കുറവല്ല .

എന്നിരുന്നാലും മുത്തശ്ശിയുടെ വാക്കിനെ തള്ളിക്കളയാതെ , അമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻറെ ഭാഗമായി പോലീസും നാട്ടുകാരിൽ ചിലരും വ്യാപാരിയുടെ വരവിനായി ഒളിച്ചും പതുങ്ങിയും കാത്തിരുന്നു .

എന്നാൽ പിന്നീട് ഒരിക്കൽ പോലും അയാൾ ആ വഴി വന്നില്ല .അതോടെ വീട്ടിലേക്കുള്ള സ്ഥിര വരുമാനം നിലച്ചെങ്കിലും മുത്തശ്ശി മിച്ചം വെച്ച കാശുതന്നെ മതിയായിരുന്നു ഞങ്ങൾക്ക് ജീവിതകാലം മുഴുവൻ സുഖമായി കഴിയാൻ.

ഞാൻ ഏതോ അമാനുഷൻറെ മകളാണെന്ന്‌  മുത്തശ്ശിയെ പോലെ തന്നെ  നാട്ടിൽ ഏറെ പേരും  വിശ്വസിക്കുന്നു . കരിനീല നിറമുള്ള നീൾമിഴികളും കവിളത്തെ മറുകും എനിക്ക് അച്ഛനിൽ നിന്ന് കിട്ടിയതാണത്രേ.

ഗ ന്ധ ർവൻറെ മകളുമായി കൂട്ട് കൂടാനും പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്യാനും ആരും തന്നെ ധൈര്യപ്പെടാത്തത് കൊണ്ട് കുട്ടിക്കാലം മുതൽ ഒറ്റപ്പെടൽ എന്തെന്ന് എനിക്ക് നന്നായി മനസ്സിലായിരുന്നു .

പ്ലസ് ടു റിസൾട് വന്നതിൻറെ അടുത്ത ആഴ്ചയാണ്  മുത്തശ്ശി കുഴഞ്ഞുവീണ് മരിക്കുന്നത്. ഉപരിപഠനം ഹോസ്റ്റലിലേക്ക് മാറ്റാൻ ഒരുങ്ങുമ്പോഴാണ് മുത്തശ്ശിയുടെ അനിയത്തി രേണുമ്മ എന്നെ ചെന്നൈയിലേക്ക് ക്ഷണിക്കുന്നത്.

രേണുമ്മയുടെ മകൾ കീർത്തനാന്റിയുടെ മകൻ നിവേദും ഞാനും ഒരേ പ്രായമാണ് .

ഞങ്ങളെ രണ്ടുപേരെയും ഒരേ ക്ലാസ്സിൽ BSc കമ്പ്യൂട്ടർ സയൻസിന് ചേർത്ത ശേഷം അത്രയും കാലം മകളുടെ കൂടെ ചെന്നൈയിൽ താമസിച്ചിരുന്ന രേണുമ്മ നാട്ടിലേക്ക് സ്ഥിരതാമസത്തിനായി തിരിച്ചു പോയി .

അപ്പോഴാണ്  സദാ നടുവേദനക്കാരിയായ കീർത്തനാന്റിക്ക് വീട്ടുജോലിയിൽ ഒരു സഹായി എന്നതാണ് ആ വീട്ടിലെ എൻ്റെ റോൾ എന്ന് മനസ്സിലായത് .

കോളേജ് ആരംഭിച്ച പാടെ എൻ്റെ ഗ ന്ധർവ്വ പിതാവിൻ്റെ അത്ഭുത കഥ, നിവേദ് എല്ലാവരോടും പൊടിപ്പും തൊങ്ങലും വെച്ച് വിശദമാക്കി .

എന്നെ കാണുമ്പോൾ ഭയഭക്തി ബഹുമാനമല്ലാതെ മറ്റൊരു ഭാവം ഞാൻ സഹപാഠികളിലോ അദ്ധ്യാപകരിലോ ഇവിടെ കണ്ടിട്ടേ  ഇല്ല .

എന്നിട്ടും MSc  കൂടി ഇതേ കോളേജിൽ തുടർന്ന് പഠിക്കാൻ ഞാ൯  കാണിച്ച ധൈര്യം, ഞാൻ തന്നെ എന്നെ  ആ സമയത്തു  തോളിൽതട്ടി  അഭിനന്ദിച്ചതാണ് .

ഇപ്പൊ ഏതായാലും IELTS പാസ്സായി ന്യൂസിലാന്റിലേക്കുള്ള ഇന്റർവ്യൂ കഴിഞ്ഞിരിക്കുകയാണ്. നിവേദും എൻ്റെ കൂടെ വരാൻ ട്രൈ ചെയ്‌തെങ്കിലും അവൻ ദയനീയമായി തോറ്റതുകൊണ്ട്  ഗൾഫിൽ പോകാനാണ് പ്ലാൻ .ഭാഗ്യം

റിസൾട്ട് വന്നയുടൻ ഞാൻ പറക്കുകയാണ് . എന്നെ അറിയാത്ത ഒരു നാട്ടിലേക്ക്. മായാലോകം തീർത്ത പുകമറയില്ലാതെ, അവരിൽ ഒരാളായി ജീവിക്കാൻ .

Leave a Reply

Your email address will not be published. Required fields are marked *