അയാൾക്ക് റൂമിലേക്ക് പ്രവേശിക്കാൻ വേണ്ടി പരമാവധി അവൾ ഒതുങ്ങി നിന്നു കൊടുത്തു… അവളെ ഒന്ന് നോക്കി അയാൾ..

(രചന: J. K)

“” സ്മൃതി കളപ്പുരയിൽ മോളിലെ ആ തെക്കേ അറ വൃത്തിയാക്കി ഇട്ടൊളൂ.. ചന്ദ്രേട്ടന്റെ പെങ്ങടെ മോൻ അർജുൻ ഇന്ന് വരും ന്നാ പറഞ്ഞത്.. അവന് ഇവിടെ ഒന്നും പിടിക്കില്ല എപ്പോഴും ഒറ്റയ്ക്ക് ഇരിക്കുന്ന പ്രകൃതാ… അതുകൊണ്ട് ഇന്ദിര വിളിക്കുമ്പോൾ പ്രത്യേകം പറഞ്ഞിരുന്നു കളപ്പുരയിൽ മതി ഒരുക്കൽ എന്ന്… ”

എന്ന് ദിവ്യ ചേച്ചീടെ അമ്മ അംബുജം പറഞ്ഞപ്പോൾ, വേഗം ചൂലും തുടയ്ക്കാനുള്ള തുണിയും വെള്ളവും ഒക്കെയായി കളപ്പുരയുടെ മുകളിലേക്ക് നടന്നു സ്മൃതി…
മാന്തോട്ടക്കാര് ഇവിടെ പേരാംകുരിശ്ശിയിലെ പേരുകേട്ട തറവാട്ടുകാരാണ്…

കാലാകാലങ്ങളായി സ്മൃതിയുടെ വീട്ടുകാരാണ് അവിടെ ജോലിക്ക് നിൽക്കാറ്.. ഇപ്പോൾ സ്മൃതിയുടെ അമ്മയാണ് അവിടെ ജോലിക്ക് അമ്മ ഇതിന് മുന്നേ ഒരു ദിവസം വീണ് കാലിനു മേലെ ആകെ നീരാണ്. അതുകൊണ്ട് സ്മൃതി തന്നെയാണ് പറഞ്ഞത് അതൊക്കെ മാറിയിട്ട് ഇനി പോയാൽ മതി അതുവരെ സ്മൃതി പോയി കൊള്ളാം എന്ന്…

പ്ലസ് ടു കാരിയെ ജോലിക്ക് വിടാൻ അമ്മയ്ക്ക് യാതൊരു സമ്മതവും ഇല്ലായിരുന്നു പക്ഷേ സ്മൃതി സമ്മതിച്ചില്ല ഈ അവസ്ഥയിൽ ജോലിക്ക് പോകാൻ….
വലിയ തറവാട്ടുകാർ ആണെങ്കിലും അതിന്റെ അഹന്ത ഒന്നുമില്ല നല്ലോം കൈയൊഴിഞ്ഞ് സഹായിക്കുന്ന കൂട്ടരാണ്. അതുകൊണ്ടുതന്നെ അവിടെ ജോലിക്കാർക്ക് എല്ലാം വല്ലാത്ത ആത്മാർത്ഥതയാണ് അവരോട്…

അവിടുത്തെ വലിയ മുത്തശ്ശിക്ക് മൂന്ന് മക്കളായിരുന്നു മൂത്തത് ചന്ദ്രസേനൻ.. ചന്ദ്രസേനന് താഴെ ഇന്ദിര.. ഏറ്റവും ഇളയത് പ്രസന്നൻ എന്ന ഒരാളായിരുന്നു.. ചെറുപ്പം മുതലേ പല അസുഖത്തിനും അടിമയായിരുന്നു അയാൾ അതുകൊണ്ടുതന്നെ മുപ്പത്തി രണ്ടു വയസ്സായപ്പോഴേക്ക് ഇഹലോകവാസം വെടിഞ്ഞു അതിൽ പിന്നെ അവിടുത്തെ വലിയ മുത്തശ്ശി ഒന്നിലേക്കും ഇല്ലാതെ മുറിയിൽ തന്നെ കഴിച്ചുകൂട്ടുകയാണ്…

ചന്ദ്രസേനന് ഭാര്യ അംബുജവുമാണ് ഇപ്പോൾ അവിടുത്തെ കാര്യക്കാർ… അവർക്ക് രണ്ടു പെൺമക്കളാണ് ദിവ്യയും വിദ്യയും.. ദിവ്യ ഡിഗ്രിക്ക് പഠിക്കുകയാണ് വിദ്യ സ്മൃതിയുടെ കൂടെയാണ് രണ്ടുപേരും ഒരേ ക്ലാസിൽ

ചന്ദ്രസേനന്റെ അനുജത്തി ഇന്ദിരയ്ക്ക് അവിടെ അവകാശമുണ്ട് ഇടയ്ക്ക് അവർ വരും രണ്ടു ദിവസം നിന്നിട്ട് പോകും ഇന്ദിരയും ഭർത്താവും രണ്ടു മക്കളും അടങ്ങുന്ന കുടുംബം അങ്ങ് ഡൽഹിയിലാണ്…

അവർക്ക് രണ്ട് ആൺകുട്ടികളാണ് അർജ്ജുനും അഭിനവും… ഇന്ദിരാമയം അഭിനവും ഇടയ്ക്കിടയ്ക്ക് ഇവിടെ വന്ന് നിൽക്കാറുണ്ട് അർജുൻ ഇതുവരെയും ഇവിടെ അങ്ങനെ വന്നു നിന്നിട്ട് കണ്ടിട്ടില്ല….
നാട് ഇഷ്ടമല്ലാത്ത ഇതിപ്പോ കാര്യമായ എന്തെങ്കിലും കാര്യം കാണും അല്ലെങ്കിൽ പിന്നെ ഇങ്ങോട്ട് വരില്ല…
എന്നെല്ലാം ഓർത്ത് മുറിയെല്ലാം വൃത്തിയാക്കി ഇട്ടു സ്മൃതി..

കട്ടിൽ എല്ലാം കുടഞ്ഞു, പുതിയ വിരിപ്പ് വിരിച്ചിട്ടു… പൊടിച്ചു കിടക്കുന്ന ജനലിന്റെ കാർട്ടനും മാറ്റി ഇപ്പോൾ റൂം നല്ല ഭംഗിയായി..

അതുകഴിഞ്ഞ് തന്റെ പണിയായുധങ്ങളുമായി പുറത്തേക്ക് ഇറങ്ങാൻ നോക്കുമ്പോഴാണ് ഒരാൾ കേറി വരുന്നത് കണ്ടത്…
ചെറിയ ഇടനാഴികയായിരുന്നു അവിടെ… പണ്ടുകാലത്ത് എങ്ങോ നെല്ലും വിത്തും എല്ലാം സൂക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് ഈ കളപ്പുര താഴത്തെ നിലയിലാണ് അത് സൂക്ഷിക്കുന്നത് മുകളിലത്തെ നിലയിൽ ഇതുപോലെ ഏതെങ്കിലും അതിഥികൾ വന്നാൽ താമസിപ്പിക്കും അവിടെ എല്ലാ സൗകര്യങ്ങളും ഉണ്ട്…

എങ്കിലും ഇടനാഴിക ചെറുതാണ് മുകളിലെ അതുകൊണ്ടുതന്നെ അവൾക്ക് എന്തുവേണമെന്ന് അറിയില്ലായിരുന്നു..
ഒരു കൈയിൽ ചൂലും മറുകൈയിൽ ബക്കറ്റും.. ഒക്കെയായി നിന്ന് വെപ്രാളം പൂണ്ടു..

സ്റ്റെപ്പുകൾ കയറിവരുന്ന ആള് അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു..
മെല്ലെ ചൂല് നിലത്തേക്ക് ഇട്ട് പിടിച്ചു കുത്തിയ തന്റെ പാവാട ശരിയാക്കിയിട്ടു..
അത് കണ്ടിട്ടാണെന്ന് തോന്നുന്നു വരുന്നയാൾ ചെറുങ്ങനെ ഒന്ന് ചിരിച്ചത്..

സ്മൃതി അയാളെ നോക്കി.. കട്ടി താടിയും കഴുത്തിനൊപ്പം ഇറങ്ങി കിടക്കുന്ന മുടിയും ഒറ്റക്കാതിൽ കമ്മലും ഒക്കെയായി കാണാൻ ഒരു സുന്ദരൻ..
വെള്ള ടീഷർട്ടും ഒരു ബാഗി ജീനുമാണ് വേഷം ഒരു ബാക്ക്പാക് ഉണ്ട്… ചെവിയിൽ ഇയർ ഫോണും…
അയാൾക്ക് റൂമിലേക്ക് പ്രവേശിക്കാൻ വേണ്ടി പരമാവധി അവൾ ഒതുങ്ങി നിന്നു കൊടുത്തു…

അവളെ ഒന്ന് നോക്കി അയാൾ അകത്തേക്ക് കയറി.. അത് തന്നെ തക്കം അവൾ ചൂലും എടുത്ത് താഴേക്ക് ഓടി…

പൈപ്പിൻ ചുവട്ടിൽ പോയി കയ്യും കാലും കഴുകി വന്നപ്പോഴേക്ക് ദിവ്യ ചേച്ചിയുടെ അമ്മ ഒരു കപ്പ് ചായ കൊണ്ട് തന്നിട്ട് പറഞ്ഞു ഇതൊന്ന് ആ കുട്ടിക്ക് കൊണ്ട് കൊടുക്കു സ്മൃതി എന്ന്… ദിവ്യയും വിദ്യയും കൂടി ചന്ദ്രേട്ടന്റെ കൂടെ എന്തൊക്കെയോ സാധനങ്ങൾ മേടിക്കാൻ ഉണ്ടെന്നും പറഞ്ഞു പോയത് എനിക്കാണെങ്കിൽ ആ സ്റ്റെപ്പ് കയറി അത്രയിടം വരെ പോകാൻ വയ്യ…

വന്നപ്പോൾ തന്നെ ചൂല് കണി കാണിച്ചതാണ് ഇനി ചായയുമായി ആ മുന്നിലേക്ക് പോകണം എന്ന് പറഞ്ഞപ്പോൾ എന്തോ ഒരു മടി തോന്നിയിരുന്നു സ്മൃതിക്ക് പക്ഷേ ദിവ്യ ചേച്ചിയുടെ അമ്മയോട് അത് കാണിക്കാൻ വയ്യ അതുകൊണ്ട് ഒന്നു മടിച്ചിട്ടാണെങ്കിലും ആ ചായയും വാങ്ങി മെല്ലെ നടന്നു…

അവിടെ ചെന്നപ്പോൾ മുറി തുറന്നു കിടക്കുകയായിരുന്നു.. അകത്തേക്ക് നോക്കിയപ്പോൾ കണ്ടു കട്ടിലിൽ ഇരുന്ന് ലാപ്ടോപ്പിൽ കാര്യമായി എന്തോ നോക്കുന്ന ആളെ.. അവിടെ വന്ന് നിന്നത് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു ഒന്ന് മുരട് അനക്കിയപ്പോഴാണ് ഇങ്ങോട്ട് നോക്കിയത്..

“”മ്മ്??””

വലിയ ഗൗരവത്തിലാണ് ചോദ്യം.. കേട്ടപ്പോൾ തന്നെ ദേഷ്യം വന്നു ഇത്തിരി ഈർഷ്യയോടെ പറഞ്ഞു ചായ എന്ന്…

“”ഞാൻ തന്നോട് ചോദിച്ചോ??””
എന്ന് കേട്ടപ്പോൾ ദേഷ്യമാണ് തോന്നിയത്… അതുകൊണ്ട് തിരിഞ്ഞു നടക്കാൻ പോയപ്പോഴാണ് അകത്തേക്ക് വിളിച്ചത്… അവിടെ വെച്ചോളാൻ പറഞ്ഞു….

ആളെ ഒന്ന് നോക്കി ചായ അവിടെ വെച്ച് കൊടുത്തു..
കൂർപ്പിച്ച് ഒരു നോട്ടവും കൂടി കൊടുത്ത് പുറത്തേക്ക് നടന്നു..
ആ ചുണ്ടിൽ ഒരു ചിരി വിടർന്നത് മാത്രം കണ്ടില്ല…

മാന്തോട്ടത്തെ ആലയുടെ ഉള്ളിൽനിന്ന് പൈക്കിടാവിനെ തൊടിയിൽ കൊണ്ടുപോയി കെട്ടാൻ നോക്കിയതാ അപ്പോ മേലെ നിന്ന് വിളിച്ചു ചോദിക്കുന്നത് കേട്ടു നിങ്ങൾ രണ്ടുപേരും റിലേറ്റീവ്സ് ആണോ എന്ന്..
കൂർപ്പിച്ച് ഒരു നോട്ടം അതിനും പകരമായി കൊടുത്തു… അപ്പോ കണ്ടു ചിരിയോടെ ഇറങ്ങിവരുന്നത്…

“””ഇവിടെത്തെ നിറയെ അപ്പൂപ്പൻതാടിയുള്ള കാവ് ഇപ്പോഴും ഉണ്ടോ?? വാര്യത്തെ കുളത്തിൽ ഇപ്പോഴും ആമ്പൽ വിടരാറുണ്ടോ???”””

അങ്ങനെ അങ്ങനെ കുറെ ചോദ്യങ്ങളും കൊണ്ട്..

അതൊക്കെ പണ്ടല്ലേ ഇപ്പോ അങ്ങനെയൊന്നുമില്ല എന്ന് പറഞ്ഞപ്പോൾ ആ മുഖത്ത് നേരിയ ഒരു സങ്കടം കണ്ടു…
പണ്ട് ഇവിടെ വന്നപ്പോൾ കണ്ട കാഴ്ചകൾ ആയിരിക്കണം…. നാടെന്ന് ഓർക്കുമ്പോൾ അതായിരിക്കും മനസ്സിൽ തെളിയുന്നത് എന്നും നാട് അങ്ങനെ തന്നെ നിൽക്കും എന്നാ വിചാരം??
നഗരം പോലെ തന്നെ നാട്ടിലും ഒരുപാട് മാറ്റങ്ങൾ വന്നത് ഇയാൾ അറിഞ്ഞില്ലേ എന്ന് ചിന്തിച്ചു….

പിന്നെ അങ്ങനെ തന്നെയായിരുന്നു കാണുമ്പോൾ എന്തെങ്കിലും കുസൃതി പറയും.. പെണ്ണിനെ ദേഷ്യം പിടിപ്പിക്കും..
എങ്കിലും ആ മിഴികളിൽ നിന്ന് എന്തോ വേർതിരിച്ച് അവൾക്ക് എപ്പോഴോ അറിയാൻ കഴിഞ്ഞിരുന്നു….
ചിലപ്പോൾ ചിരിയായി ചിലപ്പോൾ ആർദ്രമായ ഒരു നോട്ടമായി..

എന്നിട്ടും അമ്മയുടെ കാലിലെ നീര് കുറഞ്ഞ് ഇനി അമ്മ പൊയ്ക്കോളാം എന്ന് പറഞ്ഞപ്പോൾ എന്തോ ഒരു വിഷമം അവൾക്കുള്ളിൽ തോന്നി…
അപ്പോൾ മുഴുവൻ തെളിഞ്ഞത് ആ ഒരാളുടെ മുഖമായിരുന്നു…

പെട്ടെന്നാണ് സ്വന്തം സ്ഥാനം ഓർമ്മ വന്നത്..

“” വേലക്കാരി””
അങ്ങനെ അവർ കണ്ടിട്ടില്ല.. എന്നും എന്തെങ്കിലും സഹായം ചോദിച്ചിട്ട് കൈ നീട്ടുമ്പോൾ മടക്കി വിട്ടിട്ടില്ല ഇതുവരെ നന്ദികേട് കാണിച്ചു കൂടാ അതുകൊണ്ട് മനസ്സിൽ തോന്നിയ ചിന്തകളെ പാടെ അവഗണിച്ച് സ്കൂളിലേക്ക് നടന്നു ഇനി അങ്ങോട്ട് ആള് പോകുന്നവരെ പോണില്ല എന്നും കരുതി…

അങ്ങോട്ട് കാണാത്തതുകൊണ്ടാണെന്ന് തോന്നുന്നു, ഇത്രയിടം വരെ ആ ആള് അന്വേഷിച്ചു വന്നത്…

“” ഒരുപാട് ചുറ്റി ട്ടോ തന്റെ വീട് കണ്ടുപിടിക്കാൻ “”
എന്നും പറഞ്ഞു വന്നപ്പോൾ വെപ്രാളം ആയിരുന്നു എന്ത് വേണമെന്ന്.. കേറിയിരിക്കാൻ പറയണോ??? ചായ കൊടുത്താൽ കുടിക്കുമോ????
ഇവിടെ വേറെ ആരും ഇല്ലല്ലോ അങ്ങനെ അങ്ങനെ ഒരുപാട് വെപ്രാളം…

അത് കണ്ടിട്ടാവണം ചിരിയോടെ പറഞ്ഞത്… അവധിയുള്ള ദിവസങ്ങളിൽ അങ്ങോട്ടേക്ക് ഇറങ്ങാൻ
തന്നെ കണ്ടിട്ടില്ലെങ്കിൽ തന്നോട് ഒന്ന് വഴക്കിട്ടില്ലെങ്കിൽ ഇപ്പോൾ എന്തോ പോലാ എന്ന്….

അത് കേട്ട് മിഴികൾ നക്ഷത്രം പോലെ മിന്നിയത് കണ്ടുവോ ആവോ…

ഉള്ളിൽനിന്ന് മായ്ച്ചു കളയാൻ ശ്രമിച്ചത് വീണ്ടും മികവോടെ തെളിഞ്ഞു…
“” എനിക്ക് തന്നെ ഇഷ്ടമാണ് വിവാഹം കഴിച്ചാൽ കൊള്ളാം എന്നുണ്ട് എന്ന് പറഞ്ഞപ്പോൾ,
നിറഞ്ഞ മിഴിയോടെ അവനെ തന്നെ തന്നെ നോക്കി…

“”നമ്മൾ തമ്മിൽ…..””

എന്നു പറഞ്ഞപ്പോഴേക്കും പറഞ്ഞിരുന്നു,

“”ചേരും “”

എന്ന്…

പകപോടെ ആളെ തന്നെ നോക്കി അപ്പോൾ പറഞ്ഞു എനിക്ക് അവകാശപ്പെട്ട മുതൽ തന്നെയാണ് താൻ എന്ന്….

അതോടെ പറഞ്ഞു തന്നു ആളുടെ അമ്മയ്ക്ക് ഒരു അനിയൻ ഉണ്ടായിരുന്നു..

മുപ്പത്തി രണ്ടാം വയസ്സിൽ വിടപറയേണ്ടി വന്ന ഒരാൾ…
സ്മൃതിയുടെ അമ്മയോട് എന്റെ മാമക്ക് പ്രണയമായിരുന്നു.. വിവാഹം കഴിച്ചോളാം എന്ന വാക്ക് കൊടുത്തിരുന്നു.. ആ ബന്ധം ശക്തമായി അതിന്റെ തെളിവായി താൻ തന്റെ അമ്മയുടെ ഉദരത്തിൽ ജന്മം എടുത്തിരുന്നു..

പക്ഷേ ആൾക്ക് ദൈവം ആയുസ്സ് നീട്ടി കൊടുത്തില്ല…
ഈ ലോകം വിട്ട് പോകുമ്പോൾ മാമയും അറിഞ്ഞിരുന്നില്ല ഇങ്ങനെയൊരു മകൾ ഇവിടെയുള്ള കാര്യം..

പക്ഷേ ഒരാൾ അറിഞ്ഞു എല്ലാം എന്റെ അമ്മ… ഇവിടുത്തെ അമ്മയ്ക്കും എല്ലാം അറിയാമായിരുന്നു തന്റെ മകന്റെ കുഞ്ഞ് വേലക്കാരിയുടെ വയറ്റിൽ വളരുന്നത് അവർക്ക് സഹിക്കാൻ കഴിഞ്ഞില്ല മരിച്ചതിനുശേഷം ഒരു അപഖ്യാതി മകനെ പറ്റി വരാതിരിക്കാൻ വേണ്ടി തന്റെ അമ്മയെ ഏതോ ഒരാളെ കൊണ്ട് വിവാഹം കഴിപ്പിച്ചു…

അയാൾ തന്നെയും തന്നെ അമ്മയെയും കുറച്ചു കാലം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചു പോയി… മകന്റെ കുഞ്ഞാണെന്ന് പരിഗണനയും.. എന്നാൽ തറവാട്ട് മഹിമയുടെ പേരും കൊണ്ട് അച്ഛമ്മ എന്തുവേണമെന്ന് ധർമ്മസങ്കടത്തിൽ ആയി… ഒടുവിൽ തന്നെ അമ്മ തന്നെയാണ് പറഞ്ഞത് ഇവിടുത്തെ വേലക്കാരിയായി കഴിഞ്ഞോളാം എന്ന്….

ഇപ്പോൾ അമ്മയ്ക്ക് വല്ലാത്ത കുറ്റബോധം എല്ലാം അറിഞ്ഞ് ഇതിന് കൂട്ടു നിന്നല്ലോ എന്ന്… സ്വന്തം അനിയന്റെ കുഞ്ഞ് വെറുമൊരു വേലക്കാരിയുടെ കുഞ്ഞായി ഈ തറവാട്ടിൽ തന്നെ ഇങ്ങനെ…
എന്നോട് ചോദിച്ചു നിനക്ക് കല്യാണം കഴിക്കാമോ അവളെ എന്ന്…

എനിക്കെന്താ സമ്മതക്കുറവ് കേട്ടപ്പോൾ തന്നെ വല്ലാത്തൊരു അട്രാക്ഷൻ..
പക്ഷേ എന്നിട്ടും പറഞ്ഞു തന്നെ ഒന്ന് കണ്ടിട്ട് ആവാം എന്ന്…
വല്ല പേക്കോലവും ആണെങ്കിൽ പോയില്ലേ കാര്യം….

ചിരിയോടെ അങ്ങനെ പറഞ്ഞതും കൂർപ്പിച്ചു നോക്കി അവൾ ഇതൊക്കെ അവൾക്ക് ഒരു പുതിയ അറിവായിരുന്നു…

വേഗം ഓടി ചെന്നത് അമ്മയുടെ അടുത്തേക്കാണ് സത്യങ്ങൾ അറിയാൻ എല്ലാം സത്യമാണ് നമ്മ പറഞ്ഞപ്പോൾ പിന്നെ അവൾക്കൊന്നും ചെയ്യാനില്ലായിരുന്നു…

അർജുന്റെ അമ്മയും അച്ഛനും അമ്മയും പെണ്ണ് ചോദിച്ചപ്പോൾ മിഴി നിറഞ്ഞു നിന്നു സുമിത്ര..
ഒരിക്കൽ താൻ സ്വപ്നം കണ്ടതാണ് ആ വലിയ വീട്ടിലെ മരുമകളായി വലതുകാൽ വച്ച് കയറുന്നത് അന്ന് തനിക്ക് അതിനുള്ള ഭാഗ്യമുണ്ടായിരുന്നില്ല…
ഇന്ന് മകൾക്കെങ്കിലും അങ്ങനെ ഒരു ഭാഗ്യം ഉണ്ടായല്ലോ എന്നതിൽ അവൾ സന്തോഷവതി ആയിരുന്നു….

“”വേഗം കൊച്ചൊന്നു വലുതാവ്…. എന്നിട്ട് വേണം അങ്ങോട്ട് കൊണ്ടു പോകാൻ…”””
എന്ന് പറഞ്ഞ് അർജുന്റെ അമ്മ ഇന്ദിര ചേർത്തുപിടിച്ചു അവളെ അതെല്ലാം കണ്ട് കണ്ണീറുക്കി അരികിൽ അർജുനും നിന്നിരുന്നു…

ഇനി കാത്തിരിപ്പാണ് വിവാഹത്തിനായി….