(രചന: ശ്രേയ)
” എനിക്ക് മനസ്സിലാവാത്തോണ്ട് ചോദിക്കുവാ.. ഞാൻ നമ്മുടെ മോളെ വാടക ഗർഭം ധരിച്ചതാണോ..? ”
ബെഡ്റൂമിലേക്ക് പാഞ്ഞു വന്നു കൊണ്ട് ലേഖ ചോദിക്കുന്നത് കേട്ട് പ്രസാദ് അവളെ ഞെട്ടലോടെ നോക്കി.
” നീ എന്തൊക്കെയാടി ഈ ചോദിക്കണേ..? ”
അവൻ ചോദിച്ചപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.
” ശരിക്കും ഇവിടെ നടക്കുന്നത് ഇതൊക്കെ തന്നെ അല്ലേ..? നമ്മുടെ മോളാണെന്ന് പറഞ്ഞിട്ടെന്താ കാര്യം? അവളുടെ ഏതെങ്കിലും ഒരു കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം എനിക്കുണ്ടോ..? പ്രസവിച്ച അന്ന് മുതൽ സഹിക്കുന്നതാണ്. ഇനിയും എന്നെക്കൊണ്ട് ഇങ്ങനെ മുന്നോട്ടു പോകാൻ പറ്റില്ല.. ”
ലേഖയുടെ സ്വരത്തിലെ വ്യത്യാസം പ്രസാദിന് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു.സാധാരണ അവൾ ഇത്തരത്തിൽ വർത്തമാനം പറയുന്നതല്ല.
ഇപ്പോൾ മനസ്സിന് അത്രത്തോളം വിഷമം തട്ടുന്ന രീതിയിൽ എന്തോ ഉണ്ടായിട്ടുണ്ട്.. അത് ഉറപ്പാണ്..!
“താൻ കാര്യം എന്താണെന്ന് പറയാതെ ഞാൻ എങ്ങനെ അറിയാനാണ്..? വെറുതെ ഓരോ കുശുമ്പും കൊണ്ട് വരുന്നതാണെങ്കിൽ എന്റെ വായിൽ നിന്ന് നല്ലത് കേൾക്കും..”
പ്രസാദ് അവളോട് ചോദിച്ചു.
” ഇതുതന്നെയാണ് നിങ്ങളുടെ ഏറ്റവും വലിയ പ്രശ്നം. ഈ വീട്ടിൽ ഞാൻ അനുഭവിക്കുന്ന എന്തെങ്കിലും പ്രശ്നങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ ഞാൻ അത് കുശുമ്പ് പറയുന്നതായിട്ടും കുറ്റം പറയുന്നതായിട്ട് മാത്രമാണ് നിങ്ങൾക്ക് തോന്നുന്നത്..
എന്നെ ശ്രദ്ധിക്കാൻ,എന്റെ കാര്യങ്ങളെ മനസ്സിലാക്കാൻ ഈ വീട്ടിൽ ഒരാളുമില്ല..എത്രയോ നാളുകളായി ഞാൻ ഈ വീട്ടിൽ വിഷമങ്ങൾ അനുഭവിക്കുന്നു.. അതെന്താണെന്ന് മനസ്സിലാക്കാനെങ്കിലും നിങ്ങൾക്ക് പറ്റിയിട്ടുണ്ടോ..? ”
അവളുടെ ശബ്ദം പതിവിലും ഉയർന്നപ്പോൾ പ്രസാദ് പുറത്തേക്ക് ശ്രദ്ധിച്ചു.
” ഈ വീട്ടിൽ വേറെ ആളുകൾ ഉള്ളതാണ്. ശബ്ദമുയർത്തി സംസാരിക്കാൻ പറ്റില്ല.. നീ പറയുന്നത് എനിക്ക് കേൾക്കാമല്ലോ. ഞാൻ മാത്രം കേട്ടാൽ മതി.. ”
പ്രസാദിന്റെ സ്വരവും കടുത്തു.
അത് കേട്ടതോടെ അവൾ കുറച്ചു നിമിഷം മൗനം പാലിച്ചു. അവൾ ഒന്നും പറയുന്നില്ലെന്ന് കണ്ടപ്പോൾ അവൻ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി. ഏതോ ഒരു ദിക്കിലേക്ക് നോക്കി കണ്ണുനീർ പൊഴിക്കുകയാണ് അവൾ എന്ന് കണ്ടപ്പോൾ അവന് ഇത്തവണ ദേഷ്യം വന്നു.
“നിനക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് എന്നോട് പറഞ്ഞുകൂടെ..? വെറുതെ ഇങ്ങനെ ഇരുന്ന് കണ്ണുനീർ പൊഴിക്കുന്നത് കൊണ്ട് എന്താ ഉപയോഗം..? ”
അവൻ ദേഷ്യത്തിൽ തന്നെയാണ് എന്ന് കണ്ടപ്പോൾ അവൾ ഒന്ന് ദീർഘനിശ്വാസം ഉതിർത്തു.
പിന്നെ തന്റെ മനസ്സിലെ തോന്നലുകൾ അവനോട് പങ്കുവയ്ക്കാൻ ഒരുങ്ങി.
” ഞാൻ പറയുന്നത് കേൾക്കുമ്പോൾ ഇതൊക്കെ വളരെ നിസ്സാരമാണെന്ന് പ്രസാദേട്ടന് ഒരുപക്ഷേ തോന്നിയേക്കാം. പക്ഷേ എന്നെ സംബന്ധിച്ച് ഇതൊക്കെ വളരെ വലിയ കാര്യങ്ങളാണ്. അതുകൊണ്ടാണ് ഈ നിമിഷം ഇത് നിങ്ങളോട് തുറന്നു പറയാൻ ഞാൻ ഒരുങ്ങുന്നത് തന്നെ.. ”
വല്ലാത്തൊരു ആമുഖത്തോടെ അവൾ സംസാരിച്ചു തുടങ്ങിയപ്പോൾ ഗുരുതരമാണ് പ്രശ്നങ്ങൾ എന്ന് അവന് തോന്നാതിരുന്നില്ല.
” ഞാൻ നമ്മുടെ മോളെ ഗർഭം ധരിക്കുമ്പോൾ ഞാൻ എത്രമാത്രം സന്തോഷത്തിൽ ആയിരുന്നു എന്ന് ഏട്ടന് അറിയാവുന്നതല്ലേ..? ആഗ്രഹിച്ചു.. കാത്തിരുന്ന് ഗർഭിണിയായതാണ് ഞാൻ..അതുകൊണ്ടുതന്നെ അതിന്റേതായ എല്ലാ സന്തോഷവും ഞാൻ അനുഭവിച്ചിട്ടുണ്ട്.”
അവൾ പറഞ്ഞു തുടങ്ങിയപ്പോൾ അവൻ അവളുടെ ഗർഭകാലം കൺമുന്നിൽ കാണുകയായിരുന്നു. അവൾ പറഞ്ഞതു പോലെ ഒത്തിരി സന്തോഷത്തോടെ പ്രാർത്ഥനയോടെ ആഗ്രഹിച്ചു കാത്തിരുന്നത് തന്നെയാണ് കുഞ്ഞിനെ…
” അന്ന് ഇവിടെ അമ്മയും ചേച്ചിമാരും ഒന്നും എന്റെ കാര്യത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല. നന്നായി തന്നെയാണ് അവർ എന്നെ പരിപാലിച്ചത്.. അതിൽ എനിക്ക് സന്തോഷവും ഉണ്ട്.. പക്ഷേ പ്രസവം കഴിഞ്ഞതിനു ശേഷം..ഒന്നും അങ്ങനെ ആയിരുന്നില്ല.. ”
അവൾ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അവന്റെ മുഖം ഇരുണ്ടു. അത് അവൾ ശ്രദ്ധിക്കുകയും ചെയ്തു.
“ഇതുതന്നെയാണ് ഞാനും പറഞ്ഞത്.. ഞാൻ എന്തെങ്കിലും പറയുമ്പോഴേക്കും ഏട്ടന്റെ മുഖം വീർക്കും. ഞാൻ പറയുന്നതിൽ എന്തെങ്കിലും ശരിയുണ്ടോ എന്ന് പോലും ആലോചിക്കാറില്ലല്ലോ..”
അവൾ പറഞ്ഞപ്പോൾ അവൻ ഒന്നു ദീർഘനിശ്വാസം ഉതിർത്തു.
” നിനക്ക് പറയാനുള്ളതൊക്കെ നീ പറഞ്ഞു തീർക്ക്.അതുകഴിയുമ്പോൾ നിന്റെ മനസ്സിന് ഒരു സമാധാനം കിട്ടും.. അതുകഴിഞ്ഞ് ഞാൻ നിനക്ക് പറഞ്ഞുതരാം ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്..”
അവൻ തന്നെ കളിയാക്കുകയാണ് എന്ന് മനസ്സിലായിട്ടും തന്റെ ഉള്ളിലെ വികാരവിചാരങ്ങൾ അവനോട് പങ്കുവെക്കാൻ തന്നെയായിരുന്നു അവളുടെ തീരുമാനം.
” പ്രസവം കഴിഞ്ഞ് നമുക്ക് ഒരു മോളാണെന്ന് അറിഞ്ഞപ്പോൾ ഒരുപക്ഷേ നമ്മളെക്കാൾ കൂടുതൽ സന്തോഷിച്ചത് ഇവരൊക്കെ ആയിരിക്കും. അത് കണ്ടിട്ട് ഞാനും മനസ്സറിഞ്ഞ് സന്തോഷിച്ചിട്ടുണ്ട്. നമ്മുടെ മോളെ താലോലിക്കാനും സ്നേഹിക്കാനും ഒരുപാട് പേരുണ്ടല്ലോ എന്ന് വിചാരിച്ചിട്ടുണ്ട്. പക്ഷേ അന്നൊന്നും ഇതൊക്കെ ഇങ്ങനെ ആയിത്തീരുമെന്ന് ഞാൻ.. ”
അവൾ ഒന്നു നിർത്തിക്കൊണ്ട് അവനെ നോക്കി.അവൾ പറയുന്നതിൽ തന്നെയാണ് അവന്റെ പൂർണ്ണമായ ശ്രദ്ധ എന്ന് കണ്ടപ്പോൾ അവൾ തുടർന്ന് സംസാരിക്കാൻ തുടങ്ങി.
” പ്രസവം കഴിഞ്ഞ് 90 ദിവസം ഞാൻ എന്റെ വീട്ടിൽ ആയിരുന്നല്ലോ.. അന്ന് ഇടയ്ക്കിടയ്ക്ക് ഇവിടുന്ന് അമ്മയും ചേച്ചിമാരും ഒക്കെ കുഞ്ഞിനെ കാണാൻ വരുമായിരുന്നു. അവര് വന്നാൽ പിന്നെ കുഞ്ഞിനെ താഴെ വയ്ക്കാതെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
‘എത്രയും വേഗം നീ ഞങ്ങടെ കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് വായോ..’ എന്ന് ഓരോ തവണയും വീട്ടിൽ നിന്നും മടങ്ങി പോകുമ്പോൾ അമ്മയും ചേച്ചിമാരും ഓർമ്മിപ്പിച്ചു. അപ്പോഴൊക്കെ എന്റെ വീട്ടുകാർ എന്നോട് പറഞ്ഞു ഇത്രയും സ്നേഹമുള്ള അമ്മായിയമ്മയെയും നാത്തൂന്മാരെയും കിട്ടിയത് എന്റെ ഭാഗ്യമാണെന്ന്.
ഞാനും അങ്ങനെ തന്നെയാണ് കരുതിയത്.. ആദ്യമായി അതിലൊരു പാളിച്ച എനിക്ക് തോന്നിയത് കുഞ്ഞിന്റെ 90 നടന്ന ദിവസം ആയിരുന്നു.. ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞ ദിവസം മുതൽ നമ്മുടെ കുഞ്ഞിനു ഇടാനുള്ള പേര് തിരക്കി നടക്കുന്നത് ഏട്ടൻ കണ്ടതല്ലേ..
എത്രയോ പേരുകൾ ഞാൻ കണ്ടെത്തി.. അവയൊക്കെയും ഇപ്പോഴും എന്റെ മനസ്സിൽ ഭദ്രമായി തന്നെ ഇരിപ്പുണ്ട്. കാരണം നമ്മുടെ കുഞ്ഞിന് പേരിടാനുള്ള അവകാശം ചേച്ചിക്ക് ആണ് എന്ന് പറഞ്ഞ് അമ്മ ചേച്ചി നിർദ്ദേശിച്ച പേരാണ് കുഞ്ഞിനിട്ടത്. അതിന് കൂട്ടുനിന്നത് ഏട്ടനും.. എപ്പോഴെങ്കിലും എന്റെ ഒരു അഭിപ്രായം ചോദിക്കാമായിരുന്നില്ലേ..?
കുഞ്ഞിന് പേരിടുന്നത് കുഞ്ഞിന്റെ ആന്റിയുടെ അവകാശമാണെങ്കിൽ ചേച്ചിയുടെ കുഞ്ഞിനു പേരിട്ടത് ചേച്ചി തന്നെയല്ലേ..? നമ്മുടെ കുഞ്ഞിന്റെ കാര്യത്തിൽ മാത്രം എങ്ങനെയാണ് അത് ആന്റിയുടെ അവകാശം ആകുന്നത്..? 90 കഴിഞ്ഞു കുഞ്ഞിനെ ഇവിടെ കൊണ്ടുവന്നതിനു ശേഷം എനിക്ക് ശരിക്ക് അവളെ ഒന്ന് എടുക്കാൻ കൂടി കിട്ടിയിട്ടില്ല.
അവൾക്ക് ആഹാരം കൊടുക്കുന്നതും അവളെ കുളിപ്പിക്കുന്നതും അവളെ ഉറക്കുന്നതും ഒക്കെ അമ്മ ഏറ്റെടുത്തു. കുഞ്ഞിനെ എന്റെ കയ്യിൽ കിട്ടാത്ത അവസ്ഥ.. കുഞ്ഞിനെ എടുക്കാൻ ചെല്ലുമ്പോൾ എന്നോട് എന്തെങ്കിലുമൊക്കെ പണികൾ പറഞ്ഞു എന്നെ ഒഴിവാക്കി വിടും.
കുഞ്ഞിനെ ഒന്ന് എടുക്കാനും അവളോടൊപ്പം സമയം ചെലവഴിക്കാനും ഞാൻ കൊതിച്ചിട്ടുണ്ട്. രാത്രിയിൽ മുലപ്പാൽ കുടിച്ച് ഉറങ്ങുന്നതുകൊണ്ട് മാത്രമാണ് അവളെ അന്നൊക്കെ എന്റെ കയ്യിൽ കിട്ടിയിരുന്നത്. കൊച്ചിന് ഒന്നര വയസ്സ് ആയപ്പോൾ അതും നിർത്തിച്ചു.. ”
സങ്കടത്തോടെ അവൾ പറയുന്ന ഓരോ വാക്കുകളും അവന്റെ നെഞ്ചിൽ കൊള്ളുന്നുണ്ടായിരുന്നു.
” ഏതൊരു സ്ത്രീയുടെയും മൗലികാവകാശമാണ് അവൾ പ്രസവിക്കുന്ന കുഞ്ഞിന്റെ നാവിൽ നിന്ന് അമ്മ എന്ന് കേൾക്കുക എന്നുള്ളത്. നമ്മുടെ കുഞ്ഞ് എന്നെ അമ്മ എന്ന് വിളിക്കുന്നത് കേൾക്കാൻ കാത്തിരുന്ന എനിക്ക് കേൾക്കേണ്ടിവന്നത് നമ്മുടെ കുഞ്ഞിനെ കൊണ്ട് അമ്മ എന്ന് വിളിപ്പിക്കുന്ന ചേച്ചിയെയാണ്.
ഇപ്പോഴും അവൾ ചേച്ചിയെ തന്നെയല്ലേ അമ്മ എന്ന് വിളിക്കുന്നത്..? അങ്ങനെ വിളിക്കുന്നത് എനിക്കൊരു പ്രശ്നമല്ല. പക്ഷേ ഞാൻ അവളുടെ ആന്റിയാണ് എന്നുള്ള തരത്തിൽ പറഞ്ഞു പഠിപ്പിക്കുമ്പോൾ എനിക്ക് അത് എങ്ങനെ സഹിക്കാനാവും..?
ഇതിനെക്കുറിച്ച് ഒരിക്കൽ അമ്മയോട് ചോദിച്ചപ്പോൾ ചേച്ചിക്ക് പെൺമക്കൾ ഇല്ലാത്തതുകൊണ്ടല്ലേ എന്നാണ് അമ്മ എന്നോട് ചോദിച്ചത്.. അങ്ങനെയാണെങ്കിൽ ചേച്ചിയുടെ ആൺമക്കളെ ഞങ്ങൾക്ക് തരാമോ എന്നുള്ള ചോദ്യം ഇപ്പോഴും എന്റെ തൊണ്ടയിൽ ഇരിക്കുന്നുണ്ട്.”
അവൾ ഒന്ന് നിർത്തി.
” എല്ലാം ഞാൻ സഹിച്ചതും ക്ഷമിച്ചതും കുഞ്ഞിന്റെ പേരിൽ ഇവിടെ ഒരു പ്രശ്നവും ഉണ്ടാകരുത് എന്ന് കരുതിയിട്ടാണ്. എന്നിട്ടിപ്പോൾ കൊച്ചിനെ സ്കൂളിൽ ചേർക്കുന്ന കാര്യം പറയുമ്പോൾ പോലും ചേച്ചിയുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ നമ്മുടെ കുട്ടിയെ ചേർത്താൽ മതി എന്നാണ് അവർ പറയുന്നത്.
ചേച്ചിയുടെ വീട്ടിൽ നിന്ന് പോയി വരാൻ സൗകര്യം അതാണെന്ന് കരുതി ഇവിടെനിന്ന് ഇത്രയും കിലോമീറ്റര് അപ്പുറത്ത് കുഞ്ഞിനെ കൊണ്ടുവന്നാക്കേണ്ട എന്തെങ്കിലും കാര്യമുണ്ടോ..? ഇവിടെ തൊട്ടടുത്തു തന്നെ സിബിഎസ്ഇ സ്കൂളുകൾ എത്ര എണ്ണം ഉണ്ട്..? ഈ കാര്യം പറയുമ്പോൾ ഏട്ടന് പോലും മൗനം സമ്മതം എന്നുള്ള നിലയ്ക്കാണ്.. എനിക്കു മാത്രമാണ് എതിർപ്പ്.. ”
അവൾ ദേഷ്യത്തിൽ പറഞ്ഞു നിർത്തിയപ്പോൾ പ്രസാദ് ഒരു നിമിഷം മൗനമായി. പിന്നെ അവൻ പറഞ്ഞു തുടങ്ങി.
” നീ പറഞ്ഞില്ലേ.? ഈ പറയുന്ന കാര്യങ്ങൾ മുഴുവൻ ഞാൻ ശ്രദ്ധിക്കാറുള്ളതാണ്.. പക്ഷേ ഞാൻ എന്തെങ്കിലും പറഞ്ഞാൽ അതിവിടെ എന്തെങ്കിലും പ്രശ്നമാകും. അതുകൊണ്ട് മാത്രം മൗനം പാലിക്കുന്നതാണ് ഞാൻ.. ”
അവൻ പറഞ്ഞപ്പോൾ അവൾ വെറുതെ ഒന്ന് ചിരിച്ചു.
” നിന്റെ ഈ ചിരിയുടെ അർത്ഥമെനിക്ക് മനസ്സിലായി. പക്ഷേ.. ഇപ്പോൾ നീ പറഞ്ഞത് ന്യായമായ ഒരു ആവശ്യമായതുകൊണ്ട് ഞാൻ നിന്നോടൊപ്പം നിൽക്കാം.. നമ്മുടെ കുഞ്ഞിനെ എവിടെ പഠിപ്പിക്കണം എന്നുള്ളത് നിന്റെ ചോയ്സ് ആണ്. ആ അവകാശം നിനക്ക് വിട്ടു തന്നിരിക്കുന്നു..”
അവനത് പറഞ്ഞു നിർത്തുമ്പോഴും അവൾ ചിരിക്കുകയായിരുന്നു.
“ചേട്ടൻ പറയുന്നതുപോലെ ഒന്നുമല്ല.. ഈ സംഭവം ഇവിടെ അവതരിപ്പിക്കുമ്പോൾ കേൾക്കാം അമ്മയുടെയും ചേച്ചിയുടെയും ഒക്കെ എതിർപ്പ്.”
അവൻ ആ സമയത്ത് മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും പിറ്റേന്ന് കുഞ്ഞിനെയും അവളെയും കൂട്ടി അവൾ പറഞ്ഞ സ്കൂളിൽ പോയി അഡ്മിഷൻ എടുത്തുകൊണ്ടാണ് അതിന് മറുപടി നൽകിയത്.
വീട്ടിൽ അതിനെക്കുറിച്ച് അവതരിപ്പിച്ചപ്പോൾ എതിർപ്പുകൾ ഒരുപാട് ആയിരുന്നു.
” ചേച്ചിയുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ തന്നെ കുഞ്ഞിനെ ചേർത്താൽ മതി എന്ന് പറഞ്ഞതല്ലേ..? പിന്നെന്തിനാ നീ അവളുടെ വാക്കും കേട്ട് വേറെ സ്കൂളിൽ കൊണ്ടുപോയി ചേർത്തത്..? ”
അമ്മയുടെ വക ചോദ്യം വന്നപ്പോൾ പ്രസാദിന്റെ വായിൽ നിന്ന് മറുപടി എന്തെങ്കിലും വരുമോ എന്നുള്ള ടെൻഷനിൽ ആയിരുന്നു ലേഖ.
” ഞങ്ങളുടെ കുഞ്ഞ് എവിടെ പഠിക്കണം എന്ന് ഞങ്ങളല്ലേ തീരുമാനിക്കേണ്ടത്..? അതിൽ മറ്റൊരാൾക്ക് അഭിപ്രായം പറയാം എന്നല്ലാതെ തീരുമാനമെടുക്കാനുള്ള അവകാശം ഇല്ലല്ലോ.. ”
അതും പറഞ്ഞുകൊണ്ട് അവളെയും ചേർത്തുപിടിച്ച് അവൻ മുറിയിലേക്ക് പോകുമ്പോൾ, പെട്ടെന്ന് അവന്റെ ഭാവമാറ്റത്തിനുള്ള കാരണമെന്താണെന്ന് ആലോചിക്കുകയായിരുന്നു അമ്മ..