ഇത്തരം ഒരു അമ്മയ്ക്ക് വേണ്ടി സ്വന്തം ഭാര്യയേ ഉപേക്ഷിച്ചു എന്ന് കേട്ടപ്പോൾ, അയാളോട് ഉണ്ടായിരുന്ന ഭയമെല്ലാം..

(രചന: J. K)

ചങ്ങലകളിൽ കിടന്നു പുളയുമ്പോൾ ആ സ്ത്രീ ഉറക്കെ ഉറക്കെ കരഞ്ഞു… എത്ര ഉറക്കെ അവർ കരയുമ്പോഴും അയാളിൽ പ്രത്യേകിച്ച് ഒരു ഭാവമാറ്റം ഒന്നും ഇല്ലായിരുന്നു….

അയാൾ ചായ മൊത്തിക്കുടിച്ചു പേപ്പർ വായിക്കാൻ ഇരുന്നു….. അപ്പോഴും ആ മുറിയുടെ ഉള്ളിൽ നിന്ന് ഉറക്കെ ഉറക്കെയുള്ള അവരുടെ ശബ്ദം കേട്ടിരുന്നു…

അയാളുടെ ഈ പെരുമാറ്റം കാണെ മീരയിൽ ചെറിയ ഭയം വന്നു നിറഞ്ഞു ഇയാൾ എന്താണ് ഇങ്ങനെ..?? എന്തുകൊണ്ടാണ് ഇയാൾ ഇങ്ങനെയൊക്കെ പെരുമാറുന്നത്???

അവൾ ആകെ സംശയിച്ചു ഒന്നുമില്ലെങ്കിലും ആ മുറിയിൽ കിടക്കുന്നത് അയാളുടെ അമ്മയല്ലേ??

ഭ്രാന്തിയാണെന്നാണ് പറഞ്ഞിട്ടുള്ളത് എങ്കിലും ഇതുപോലെ വല്ലാതെ നിലവിളിക്കുമ്പോൾ ആരെങ്കിലും പോയി നോക്കാതിരിക്കുമോ?? ഇനി ഇയാൾക്കും ഭ്രാന്താണോ?? ഈശ്വരാ..അവളുടെ ചിന്തകൾ കാട് കയറി..

അയാളോടുള്ള വെറുപ്പ് ഉള്ളിൽ കുമിഞ്ഞു കൂടി…

നഴ്സിങ്ങിന് പോണം എന്നത് വലിയ ആഗ്രഹമായിരുന്നു അതുകൊണ്ടാണ് പ്ലസ് ടു കഴിഞ്ഞപ്പോൾ മറ്റൊന്നിനും ശ്രമിക്കാതിരുന്നത്

അച്ഛന് വയ്യെങ്കിലും അമ്മ പഠിപ്പിക്കാം എന്ന് വാക്ക് തന്നിരുന്നു അമ്മ തയ്യൽ ചെയ്യുകയാണ് ഒപ്പം ചിട്ടി പിരിവും എല്ലാം കൂടെ അത്യാവശ്യം പണം ഉണ്ടാക്കിയിരുന്നു…

അച്ഛൻ ആദ്യമേ ഒരു ഹാർട്ട് പേഷ്യന്റ് ആണ് അത് മറച്ചുവെച്ച് അമ്മയെ വിവാഹം കഴിക്കുകയായിരുന്നു കല്യാണം കഴിഞ്ഞ് കുറെ നാൾ കഴിഞ്ഞാണ് അമ്മ എല്ലാം അറീഞ്ഞത് അച്ഛന് ഒന്നിനും വയ്യ ഒരു ജോലിക്കും പോകാൻ വയ്യ…

അതിനിടയിൽ എങ്ങനെയോ ഞാനും.. ഒടുവിൽ എല്ലാം അമ്മയുടെ തലയിലായി… അച്ഛനും അച്ഛന്റെ അമ്മയും അവരുടെയെല്ലാം അസുഖവും….

ആ ചിലവെല്ലാം വഹിച്ച് അമ്മ തളർന്നു.. എങ്കിലും മുന്നോട്ടു ജീവിക്കണം എന്നുള്ള അമ്മയുടെ ദൃഢനിശ്ചയം കൊണ്ട് അമ്മ പല ജോലികളും ചെയ്തു ചിട്ടിപ്പിരിക്കലും തയ്യലും…. കാറ്ററിങ്ങും എല്ലാം…

വിശ്രമമില്ലാത്ത ഓട്ടം ആവാം അമ്മയെ വല്ലാതെ തളർത്തിയത് ഒരു നിത്യ രോഗിയായി അമ്മ മാറിയപ്പോൾ പിന്നെ ഞങ്ങളുടെ കുടുംബം മുന്നോട്ട് പോകണമെങ്കിൽ എനിക്കും കൂടി ജോലിക്ക് പോയേ പറ്റൂള്ളായിരുന്നു….

അപ്പോഴാണ് അറിഞ്ഞത് ഒരു വീട്ടിൽ ഹോംനേഴ്സിനെ ആവശ്യമുണ്ട് എന്ന്..

മുൻ പരിചയം ഒന്നും വേണ്ട നിനക്ക് താല്പര്യമുണ്ടെങ്കിൽ വാ എന്ന് ഞങ്ങളുടെ അവിടുത്തെ സ്ഥിതി കൊണ്ടാണ് അപ്പുറത്തെ വീട്ടിലെ ചേച്ചി പറഞ്ഞത് അവർ ഇതുപോലെ ഹോം നേഴ്സ്കളെ ഏർപ്പാട് ചെയ്യുന്ന സ്ഥലത്തെ റിസപ്ഷനിസ്റ്റ് ആയിരുന്നു..

ഇതു കുഴപ്പമില്ല നല്ല ആൾക്കാരാ എന്ന് പറഞ്ഞാണ് ഇവിടെ എത്തിയത് ഇവിടെ വയസായ ഒരു അമ്മയുണ്ടെന്ന് അവരെ നോക്കണമെന്നും മാത്രമാണ് പറഞ്ഞിരുന്നത്…

പകൽ അവിടെയുള്ള പണികളെല്ലാം ചെയ്തു വെച്ച് ഇരുട്ടും മുമ്പ് എനിക്ക് വീട്ടിലേക്ക് തിരിച്ചു പോരാം…

ഇവിടെ വന്നതിനു ശേഷമാണ് അവർക്ക് ഭ്രാന്താണെന്ന് മനസ്സിലായത് ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു എപ്പോഴും ഇതുപോലെ ഉറക്കെ കരയും

ചോറും മറ്റും ഭക്ഷണ വസ്തുക്കൾ എല്ലാം വെച്ചുകൊടുക്കാൻ ഒരു ചെറിയ ജനലുണ്ട് അതിലൂടെ അകത്തേക്ക് വച്ചുകൊടുക്കാം ചിലപ്പോൾ കഴിക്കും ചിലപ്പോൾ അതുപോലെ കിടക്കുന്നത് കാണാം…

ഉറങ്ങുന്ന സമയം നോക്കി വേണം അകത്തേക്ക് കയറാൻ അവിടം എല്ലാം വൃത്തിയാക്കാൻ….
ഗുളിക കൊടുക്കുന്നത് അയാളാണ് അവരുടെ മകൻ…

അത് കൊടുത്തു കഴിഞ്ഞാൽ പിന്നെ ഒരു നാലഞ്ച് മണിക്കൂർ ബോധംകെട്ട് ഉറങ്ങിക്കോളും അതുകൊണ്ട് വലിയ പേടിയില്ലാതെ അകത്തേക്ക് കയറാം….

അവരുടെ മകനെ അവർക്ക് നല്ല പേടിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് അയാൾ ഒറ്റ തവണ എന്തെങ്കിലും പറഞ്ഞാൽ എത്ര വയലൻറ് ആയി നിൽക്കുന്ന സമയമാണെങ്കിലും അവർ അത് അനുസരിക്കും….

ദിവസവും അവരെ മരുന്ന് കുടിപ്പിക്കുന്നതും അതുപോലെ തന്നെയാണ്…

ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ് പേര് രാജീവ് എന്നാണ് അതിലും ഉപരി അയാളെ പറ്റി ഒന്നും അറിയില്ലായിരുന്നു….

ആ സ്ത്രീക്ക് രാവിലെ മരുന്നു കൊടുക്കാൻ അടുത്തേക്ക് ചെല്ലും എന്നല്ലാതെ അയാളെ അവരുടെ ഒരു കാര്യങ്ങളും സ്വാധീനിക്കാത്തത് എനിക്ക് വളരെ അത്ഭുതമായിരുന്നു… ഒന്നുമില്ലെങ്കിലും അയാളുടെ അമ്മയല്ലേ എന്ന് ചിന്തിച്ചു…

പക്ഷേ കൂടുതൽ ഒന്നും അങ്ങോട്ട് ചോദിക്കാനോ അല്ലെങ്കിൽ അയാൾ ഇങ്ങോട്ട് പറയാനോ മെനക്കെട്ടില്ല എനിക്ക് എന്റെ ജോലി മാത്രം….

ഒരു ദിവസം വല്ലാണ്ട് ഭ്രാന്ത് പിടിച്ചു അവർ കരഞ്ഞു ചങ്ങലയൊക്കെ വല്ലാതെ ഉണ്ടായിരുന്നു കൂടെ നോക്കിയപ്പോൾ അവരുടെ കാലൊക്കെ പൊട്ടിയൊരിക്കണത് കണ്ടു ഞാൻ എടുത്തു അങ്ങനെയാണ് അയാളെ അയാളുടെ മുറിയിൽ പോയി വിളിച്ചത്…

അമ്മ മുറിയിൽ കിടന്ന് ബഹളം വയ്ക്കുന്നുണ്ട് കാലിൽ നിന്നൊക്കെ ചോര വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ അയാൾ എന്റെ കൂടെ അതുവരെ വന്നു… അതിനു മുന്നിൽ വന്നു ഒന്നു മുരടനക്കി…

അത് കേട്ടതും അവർ ശാന്തയായി ഇത്രക്കും അവർക്ക് ഭയപ്പെടാൻ മാത്രം ഇയാളിൽ എന്താണുള്ളത് ഒന്നുമില്ലെങ്കിലും സ്വന്തം മകനല്ലേ എനിക്ക് ആകെക്കൂടെ ആലോചിച്ച് ഒരു എത്തും പിടിയും കിട്ടുന്നില്ല

ആയിരുന്നു അങ്ങനെയാണ് അയാളുടെ ഒരു ബന്ധു ഒരു ആന്റി വീട്ടിൽ ഒരിക്കൽ വന്നത്..

അവർ ഒരു അഞ്ചാറ് ദിവസം അവിടെ ഉണ്ടാകും എന്ന് പറഞ്ഞപ്പോൾ വല്ലാത്ത സമാധാനമായിരുന്നു…

കാരണം പകൽ രാവിലെ തന്നെ പണികളെല്ലാം തീർന്നാൽ പിന്നെ ഞാൻ അവിടെ വെറുതെ ഇരിക്കണം ഇവരുടെ ബഹളം കേട്ടത് രാവിലെ വരുന്ന സമയത്ത് ചിലപ്പോൾ ഉറങ്ങുകയായിരിക്കും…

കുറെ നേരത്തെ ഉറങ്ങാൻ തുടങ്ങിയത് ആണെങ്കിൽ അപ്പോൾ അയാളും കൂടെ വരും വൃത്തിയാക്കുന്നത് വരെ അവിടെ നിൽക്കും അവരെങ്ങാനും ഉണർന്നാൽ എന്നെ ഉപദ്രവിച്ചാലോ എന്ന് കരുതിയാണ്….

എന്നാലും എനിക്ക് വളരെ പേടിയാണ് അയാൾ ബാങ്കിലേക്ക് പോയിക്കഴിഞ്ഞാൽ എന്തെങ്കിലും ആവശ്യത്തിന് അവർ പിടിക്കുകയോ മറ്റോ ചെയ്താൽ അല്ലെങ്കിൽ എനിക്ക് അങ്ങോട്ട് പോകേണ്ടി വന്നാൽ????

ഒരു നാലഞ്ചു ദിവസമെങ്കിലും ഒരു സമാധാനം ഉണ്ടാകുമല്ലോ ഇതിപ്പോ ഒരാളും കൂടി കാണുമല്ലോ….

അവരിൽ നിന്നാണ് ഞാൻ എല്ലാം മനസ്സിലാക്കിയത് അത് അയാളുടെ അമ്മയൊന്നുമല്ലായിരുന്നു രണ്ടാനമ്മയായിരുന്നു … ആവുന്ന കാലത്ത് അയാളെ ധാരാളം ഉപദ്രവിച്ചതാണ്…

ഭക്ഷണം കൊടുക്കാതെയും മർദ്ധിച്ചും ഒരുപാട് ഉപദ്രവങ്ങൾ അയാൾക്ക് അവർ ചെയ്തിട്ടുണ്ട്..
അയാളുടെ മനസ്സ് ഇത്രമേൽ മരവിച്ചതും അതുകൊണ്ട് തന്നെയാണ്…

അച്ഛൻ ഗൾഫിൽ ആയിരുന്നത്രെ…
മകനെ ഉപദ്രവിക്കുന്നതൊന്നും അയാൾ അറിഞ്ഞിട്ടില്ലായിരുന്നു അറിഞ്ഞപ്പോഴേക്ക് വൈകി പോയിരുന്നു…

ഇവരെ ഉപേക്ഷിച്ചു അതിന്റെ പേരിൽ….. ഇവർ വീട്ടിലേക്ക് തിരിച്ചു ചെന്നു എന്നാൽ അവരാരും സ്വീകരിച്ചില്ല അവിടെ നിന്നും അലഞ്ഞു തിരിഞ്ഞു നടന്നു ഭ്രാന്തായി….

അച്ഛൻ മരിച്ചപ്പോൾ ഇയാൾ ഇങ്ങോട്ട് കൂട്ടുകയായിരുന്നത്രെ അവരെ….
ആള് വിവാഹം കഴിച്ചത് പോലും ഇതിന്റെ പേരിൽ തെറ്റിപ്പിരിഞ്ഞു..

അത്ഭുതം തോന്നി അയാളുടെ കഥ കേട്ട് ഇത്തരം ഒരു അമ്മയ്ക്ക് വേണ്ടി സ്വന്തം ഭാര്യയേ ഉപേക്ഷിച്ചു എന്ന് കേട്ടപ്പോൾ….

അയാളോട് ഉണ്ടായിരുന്ന ഭയമെല്ലാം പോയി ചെറിയ എന്തോ ഒരു ബഹുമാനം രൂപപ്പെട്ടിരുന്നു.. അയാൾ ക്രമേണ എന്നോട് ചെറുതായി കാര്യങ്ങളെല്ലാം സംസാരിക്കാൻ തുടങ്ങി….

അങ്ങനെയാണ് ഇത്തിരി ധൈര്യം വന്നപ്പോൾ ചോദിച്ചത് എന്തുകൊണ്ടാണ് ഭാര്യയെ ഇങ്ങനെ ഒരു അമ്മയ്ക്ക് വേണ്ടി ഉപേക്ഷിച്ചത് എന്ന്… അയാളുടെ മറുപടി എന്നെ അത്ഭുതപ്പെടുത്തി…

“””” അവളെ ഞാൻ ഉപേക്ഷിച്ചതല്ല അവളാണ് എല്ലാം ഉപേക്ഷിച്ചു പോയത്.. അസുഖങ്ങൾ ആരും മനപ്പൂർവ്വം വരുത്തി വയ്ക്കുന്നതല്ലല്ലോ അത് ഉണ്ടായി പോകുന്നതാണ്…

അതുപോലും അസഹിഷ്ണുതയോടെ കാണുന്ന ഒരാൾടെ കൂടെ എന്ത് വിശ്വസിച്ചാണ് നിൽക്കാൻ കഴിയുക… ഒരിക്കൽപോലും അമ്മയുടെ കാര്യങ്ങൾ നോക്കണം എന്ന് പറഞ്ഞ് ഞാൻ അവളെ ബുദ്ധിമുട്ടിച്ചിട്ടില്ല….

എന്നിട്ട് പോലും അവർ ഇവിടുള്ളത് അവൾക്ക് ആരോചകമായിരുന്നു അങ്ങനെയുള്ള ആൾ നാളെ വേറെ ആർക്കും അസുഖം വന്നാലും അതേ മനോഭാവം തന്നെ ആവില്ലേ…

അപ്പോൾ പിന്നെ അവളുടെ തീരുമാനം തന്നെ നടക്കട്ടെ എന്ന് കരുതി…

പിന്നെ അമ്മ!!! അവരെന്നോട് ചെയ്തത് ഞാൻ മനസ്സിൽ വെച്ചു കൊണ്ടിരിന്നു ഇപ്പോൾ ഈ സമയത്ത് അവരോട് പകരം ചോദിച്ചാൽ പിന്നെ ഞാനും അവരും തമ്മിൽ എന്താണ് വ്യത്യാസം….

ആദ്യം അയാളോട് തോന്നിയ വെറുപ്പ് എല്ലാം അലിഞ്ഞില്ലാതായി മനസ്സിൽ ബഹുമാനം വന്നു നിറയുകയായിരുന്നു. എല്ലാവരും നാം കാണുന്ന പോലെയല്ല എന്ന് മനസ്സിലാക്കുകയായിരുന്നു അപ്പോൾ…

പുറംചട്ട കൊണ്ട് ഒരു പുസ്തകത്തെയും അളക്കരുത് എന്നൊരു വലിയ പാഠം അവിടെ പഠിക്കുകയായിരുന്നു…