പൊരുത്തം
(രചന: Rajitha Jayan)
അമ്പാടീ. .. മോനീ അച്ഛനോട് ക്ഷമിക്കണം. … അവളുടെ മനസ്സിൽ ഇത്രയും വിഷം ഉണ്ടായിരുന്നു എന്ന് ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു മോനെ…..
അറിഞ്ഞിരുന്നേൽ ഇങ്ങനെ ഒരു കല്ല്യാണത്തിന് ഞങ്ങൾ തയ്യാറാവില്ലായിരുന്നു…. യാചനപോലെ വൃന്ദയുടെ അച്ഛൻ മുന്നിൽ നിന്നു സംസാരിക്കുമ്പോൾ മറുത്തൊന്നും പറയാതെ അമ്പാടി അവരുടെ മുമ്പിൽ നിന്നു….
നിറയുന്ന മിഴികളും പെയ്യുന്ന മനസ്സും അവരിൽ നിന്ന് ഒളിപ്പിച്ചെന്നപോലെ…
ചുറ്റും കൂടിനിൽക്കുന്നവർക്കിടയിൽ താനിപ്പോൾ ഒരു കോമാളിയായ് തീർന്നിരിക്കുന്നു എന്ന് അവനു തോന്നാൻ തുടങ്ങി.. അല്ലെങ്കിലും താനിപ്പോൾ ഒരു കോമാളിയാണല്ലോ….??
വിവാഹം കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞപ്പോൾ ഭാര്യ പൂർവ്വ കാമുകനൊപ്പം പോയാൽ പിന്നെ ആ ഭർത്താവ് മറ്റുള്ളവരുടെ മുന്നിൽ കോമാളിയും കഴിവുക്കെട്ടവനുമെല്ലാം ആണല്ലോ. …
എങ്കിലും വൃന്ദേ. …നീ മാറുമെന്ന് നിന്റ്റെ മനസ്സ് എന്നെങ്കിലും എന്നിലേക്ക് ചായുമെന്ന് കരുതി കാത്തിരുന്ന എന്നെ നീ ഒരു വിഡ്ഢിയാക്കീലോ കുട്ടീ….
ഒരു വാക്ക് പറയാമായിരുന്നല്ലോ നിനക്ക് എന്നോട്…. ഞാൻ സ്വയം ഒഴിവായി തരുമായിരുന്നൂലോ….. ?
പെയ്യാൻ വിതുമ്പി നീറുന്ന കണ്ണുകൾ മറ്റുളളവർ കാണാതിരിക്കാനായ് അമ്പാടി വേഗം മുറിയിലേക്ക് നടന്നു
” അമ്പാടി ….”” തട്ടിൽ തറവാട്ടിലെ ഏക ആൺകുട്ടി… ഇലക്ട്രിസിറ്റി ബോർഡിൽ ഉദ്യോഗസ്ഥൻ കാണാൻ സുന്ദരൻ. …
ഒന്നര വർഷം മുമ്പായിരുന്നു അമ്പാടിയും വൃന്ദയുമായുളള വിവാഹം. ..
കല്ല്യാണരാത്രി തന്നെ വൃന്ദ തനിക്ക് വേറെ ഒരാളെ ഇഷ്ടമായിരുന്നെന്നും വീട്ടുകാർ സമ്മതിക്കാത്തതിനാൽ അയാളെ വിവാഹം കഴിക്കാൻ പറ്റിയില്ല എന്നും പറഞ്ഞപ്പോൾ…
ഏതൊരു കൗമാരപ്രണയം പോലെയാണ് അതും എന്ന് അമ്പാടി കരുതിയെങ്കിലും ദിവസങ്ങൾ പോവും തോറും അമ്പാടിക്ക് മനസ്സിലായിരുന്നു വൃന്ദയുടെ മനസ്സിൽ ഇപ്പോഴും പഴയ കാമുകൻ ജീവിച്ചിരിക്കുന്നൂന്ന്
ഒരിക്കലും വൃന്ദയോടതിനെ പറ്റി ചോദിക്കാതെ അവൾ പൂർണ്ണമനസ്സോടെ തനിക്കരിക്കിലെത്തുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന…
അമ്പാടിയെ തികച്ചും നിരാശനാക്കികൊണ്ട് രണ്ട് ദിവസം മുമ്പ് വീട്ടിലേക്കെന്നും പറഞ്ഞു പോയ വൃന്ദ പോയത് കാമുകനൊപ്പമായിരുന്നു….
മോനെ ഞങ്ങൾ ഇനിയെന്താണ് ചെയ്യേണ്ടത്. ..?
വൃന്ദ പോയിട്ടിപ്പോൾ അഞ്ചാറുമാസം കഴിഞ്ഞിരിക്കുന്നു… പക്ഷേ നീ ഇന്നും അവളെ തന്നെ ഓർത്തിങ്ങനെ ഇരിക്കുന്നതു കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല മോനെ….
ഞങ്ങൾ പറയുന്നത് നിനക്ക് അനുസരിച്ചൂടേ മോനെ….. വൃന്ദയുടെ വീട്ടുകാർക്കും സമ്മതം ആണ്. …. മോൻ കൂടി സമ്മതിക്കണം. ഇനി വേറെ ഒരാഗ്രഹവും ഞങ്ങൾ നിന്നോടു പറയില്ലെടാ…
യാചന സ്വരത്തിൽ പെറ്റമ്മ മുന്നിൽ നിന്ന് കരഞ്ഞു പറയുന്നത് കേട്ടപ്പോൾ അമ്പാടി അമ്മയെ നോക്കി സമ്മതഭാവത്തിൽ തലയാട്ടി….
അച്ഛനും അമ്മയും കൂടി കാര്യങ്ങൾ തീരുമാനിച്ചോളൂ എനിക്ക് എതിരൊന്നും ഇല്ല. …
മോനെ…..മോൻ പറയുന്നത്.. …അമ്മയ്ക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ..സത്യം തന്നെ അല്ലേടാ …?
നിനക്ക് പൂർണ്ണ സമ്മതം തന്നെ അല്ലേ വൃന്ദയുടെ അനിയത്തി വരദയെ കല്ല്യാണം കഴിക്കാൻ..?
സമ്മതം ആണമ്മെ….. വരദ അല്ലേ. .. എനിക്ക് അറിയുന്ന കുട്ടി അല്ലേ…
വരദയുടെ സമ്മതം ചോദിച്ചല്ലോ എല്ലാവരും ല്ലേ….?
പിന്നെ അവൾക്ക് നൂറു വട്ടം സമ്മതം ആണ് മോനെ…..
ആ എങ്കിൽ അമ്മ കാര്യങ്ങൾ അവരെ അറിയിച്ചോളൂ.. എനിക്ക് ഈ കല്ല്യാണത്തിന് സമ്മതം ആണ് .
ഒരു മൂളിപ്പാട്ടും പാടി അമ്പാടി സന്തോഷത്തോടെ പോവുന്നതും നോക്കി നിന്നപ്പോൾ ആ അമ്മയുടെ മിഴികൾ സന്തോഷത്താൽ തുളുമ്പീ…
”ഇതെത്ര നേരം ആയി ഈ കുട്ടികൾ പോയിട്ട്. …
കാണാൻ ഇല്ലല്ലോ. …
ഇവിടെ അടുത്തുള്ള കൃഷ്ണന്റ്റെ അമ്പലത്തിലേക്ക് തന്നെയല്ലേ രണ്ടാളും പോയത് മാലതിയേ……
എന്റെ മോഹനേട്ടാ അവരിപ്പോൾ വരും….
എന്തിനാണിത്ര ധൃതി. …
ഇന്ന് അമ്പാടിയുടെയും വരദയുടെയും കല്ല്യാണ നിശ്ചയം അല്ലേ നടത്തുന്നത്. അതിനിപ്പോൾ അവരിവിടെ ഇല്ലെങ്കിലും കുഴപ്പമില്ലല്ലോ…..?
ദേ ഇതാണ് അമ്പാടിയുടെ അമ്മേ ഈ മാലതിയുടെ കുഴപ്പം. ..വാ തുറന്നാൽ പൊട്ടത്തരം മാത്രമേ പറയൂ…..
എടീ മാലതി നിശ്ചയം നമ്മൾ നടത്തും ശരി തന്നെയാണ്…പക്ഷേ അതു കഴിഞ്ഞിട്ടുളള മോതിരമാറ്റ ചടങ്ങ് ഞാനും നീയും കൂടി നടത്തിയാൽ മതിയോടീ…..അതിനുശേഷം കുട്ടികൾ തന്നെ വേണ്ടേ…..
വരദയുടെ അച്ഛന്റെ സംസാരം അവിടെയാക്കെ പൊട്ടിച്ചിരി പടർത്തി. ….വൃന്ദ എന്നൊരു മകൾ അവിടെ ഉണ്ടായിരുന്നതോ അവൾ ചെയ്തതോ ഒന്നും അപ്പോൾ അവിടെ ആരും ഓർക്കുന്നതുപോലും ഉണ്ടായിരുന്നില്ല….
ആ…..ദേ അമ്പാടിയും വരദയും എത്തീലോ….മുറ്റം കടന്നു വരുന്ന കാറിനു നേർക്ക് വിരൽ ചൂണ്ടി മാലതിയമ്മ പറഞ്ഞപ്പോൾ എല്ലാവരുടെയും നോട്ടം ഒരു മാത്ര അവിടേക്കായ്….
എല്ലാവരുടെയും മുഖത്ത് തെളിഞ്ഞു നിന്നിരുന്ന സന്തോഷവും ചിരിയും ഒരു നിമിഷംകൊണ്ട് എരിഞ്ഞു പോയി ആ കാഴ്ച കണ്ടപ്പോൾ…
സീമന്ത രേഖയിൽ സിന്ദൂരവും കഴുത്തിൽ താലിയും അണിഞ്ഞ് കാറിൽ നിന്നിറങ്ങുന്ന വരദ അവൾക്കൊപ്പം കാറിൽ നിന്നിറങ്ങുന്ന ആളെ കൂടി കണ്ടപ്പോൾ മാലതിയമ്മയിൽ നിന്നൊരു കരച്ചിൽ പുറത്തേക്ക് ചിതറി..
എടീ നീ…….കൈവീശീ പാഞ്ഞു ചെന്ന് വരദയെ തല്ലാനൊരുങ്ങിയ അവളുടെ അച്ഛനെ കൈനീട്ടി തടുത്തുകൊണ്ട് അമ്പാടി കാറിൽ നിന്നിറങ്ങി. ..
തൊട്ടു പോകരുതച്ഛാ അവളെ….
മോനെ നീ……
നീയും ഇതിനുകൂട്ടു നിന്നോടാ…..??
അപ്പോൾ ചതിക്കുകയായിരുന്നല്ലേ ഞങ്ങളെ നീ…. ?
ചതി. …അതാരാണ് ആരോടാണച്ഛാ ചെയ്യതത്…??
നിങ്ങൾ എന്നോടും എന്റെ വീട്ടുക്കാരോടുമാണ് ചതി ചെയ്യതത്. ..ഒന്നല്ല രണ്ടു പ്രാവശ്യം. …
വൃന്ദയുടെ കഴുത്തിൽ ഞാൻ താലി ചാർത്തുമ്പോൾ നിങ്ങൾക്കറിയാമായിരുന്നില്ലേ അവൾ മറ്റൊരാളെ മനസ്സിൽ കൊണ്ടു നടക്കുന്നവളാണെന്ന്….ആ ഇഷ്ടത്തെ അവളിൽ നിന്ന് തട്ടി മാറ്റി നിങ്ങളവളെ എനിക്ക് നൽകി. …
എന്റെ നെഞ്ചിലെ സ്നേഹം മുഴുവൻ ഞാൻ അവൾക്ക് നൽകി അവളെന്റ്റേതാവുന്നതും നോക്കി ഞാൻ കാത്തിരുന്നത് ഒന്നരവർഷം ആണ്..
എന്നിട്ടും ആ സ്നേഹം തട്ടിയെറിഞ്ഞവൾ അവളുടെ കാമുകനൊപ്പം പോയത് എന്റ്റെ സ്നേഹത്തിനു വിലയില്ലാഞ്ഞിട്ടല്ല….അവളുടെ സ്നേഹത്തിനു വലിയ വിലയുണ്ടായതു കൊണ്ടാണ്…
അതുകഴിഞ്ഞപ്പോൾ ചേച്ചിക്കു പകരം അനിയത്തി എന്ന പ്രലോഭനവുമായ് വീണ്ടും നിങ്ങൾ എന്നെ ചതിക്കാൻ നോക്കി. …
വരദ അവളുടെ കൂടെ പഠിച്ച നവാസ് എന്ന ഇവനെ ഇഷ്ടപ്പെടുന്ന കാര്യം നിങ്ങൾ അറിയുന്നതിനു മുമ്പേ അറിഞ്ഞവനാണ് ഞാൻ. …
അമ്പാടിയുടെ സംസാരം കേട്ട് ഞെട്ടി പകച്ചവനെ നോക്കിയ വൃന്ദയുടെ അച്ഛനെ പുച്ഛത്തിൽ അവനൊന്ന് നോക്കി. ….
വൃന്ദയുടെ ഭർത്താവായി ഇവിടെ കയറി വന്ന എനിക്ക് ഞാൻ ആഗ്രഹിച്ചൊരു അനിയത്തിക്കുട്ടിയായിരുന്നു വരദ. .. അവളുടെ ഏട്ടനായിരുന്നു ഞാൻ അവൾക്ക്. .. ആ എന്നോടവൾ നവാസിനെ ഇഷ്ടപ്പെടുന്ന കാര്യം അന്ന് തന്നെ പറഞ്ഞിരുന്നു. …
ഇതെല്ലാം അറിഞ്ഞിട്ടും നീ പിന്നെ എന്തിനാ ഇങ്ങനെ ഒരു വിവാഹ നിശ്ചയ നാടകം നടത്തീത്…..
അതോ എന്നെ പോലെ വേറെ ഒരു അമ്പാടി ഈ വീട്ടിൽ ഇനി ഉണ്ടാവാതിരിക്കാൻ…..ഇവളുടെ ഈ ഇഷ്ടവും മതത്തിന്റ്റെയും ജാതിയുടെയും പേരിൽ നിങ്ങൾ പറിച്ചെറിയും…
എന്നിട്ട് വേറെ ഒരു പാവത്തിനെ കൂടി ബലിയാടാക്കും അത് ഇല്ലാതാക്കാൻ തന്നെ ആണ് അങ്ങനെ ഒരു നാടകം കളിച്ചത്….
സ്വന്തം പെങ്ങളൂട്ടിയായ് കരുതി നെഞ്ചിൽ കൊണ്ട് നടന്നവളെ ഒരു സുപ്രഭാതത്തിൽ ഭാര്യയായി കാണാൻ മാത്രം ഞാൻ അധ:പതിച്ചിട്ടില്ല വൃന്ദയുടെ അച്ഛാ. ….
ഇവളെ ഒരു മകളായി ഇനിയും കരുതാൻ കഴിയുമെങ്കിൽ നിങ്ങൾക്കിവരെ അകത്തേക്ക് ക്ഷണിക്കാം. …അല്ലെങ്കിൽ ഒരു ഏട്ടനായ് ഞാൻ ഉള്ള കാലംവരെ എന്റ്റെ അനിയത്തിയുടെ കൂടെ ഞാൻ ഉണ്ടാവും…
വൃന്ദ എന്ന നിങ്ങളുടെ മകൾ ഇപ്പോൾ നിങ്ങളുടെ ആരുടെയും മനസ്സിൽ പോലും ഇല്ല. ..
പക്ഷേ അവളെന്നിൽ ഏൽപ്പിച്ച ആഘാതം എന്നിൽ നിന്നകന്നു പോവുന്നതുവരെ ഞാൻ ഇങ്ങനെ തന്നെ ജീവിക്കും കാരണം ഞാൻ അവളെ സ്നേഹിച്ചത് എന്റ്റെ ഹൃദയം കൊണ്ടായിരുന്നു….
ഇനി ആ സ്നേഹം അതുപോലെ എനിക്ക് തിരിച്ചു തരാനൊരാൾ ഉണ്ടാവുന്നതു വരെ ഈ അമ്പാടിക്കൊരു വിവാഹം ഇല്ല. ….
മോനെ നിണ്റ്റെ ജീവിതം. ..??
തെറ്റിനെ തിരുത്തുന്നത് എപ്പോഴും ശരികൾ കൊണ്ടാവണം അമ്മേ ..അല്ലാതെ തെറ്റ് കൊണ്ട് ആവരുത്. …എനിക്കായും ഉണ്ടാകും ഒരുവൾ ഇവിടെ. ….വന്നു ചേരും ഒരിക്കൽ അവൾ എന്റെ അടുത്ത്. …
അതു പറയുമ്പോൾ അമ്പാടിയുടെ വാക്കുകൾക്ക് കാരിരുമ്പിന്റ്റെ മൂർച്ചയുണ്ടായിരുന്നു….ഹൃദയം കൊടുത്ത് താലി ചാർത്തിയവളെ പ്രാണൻ കൊടുത്ത് സ്നേഹിച്ച ഒരാണിന്റ്റെ മൂർച്ചയുളള ഉറപ്പുള്ള ശബ്ദം. ….