എനിക്ക് എന്റെ ഭാര്യേയേയും കൂട്ടി ഞങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ ജീവിക്കുന്നതിന് നിങ്ങളുടെ..

ഇഷ്ടങ്ങൾ
(രചന: Rajitha Jayan)

രാവിലെ പതിവായുളള ചായകുടിയും പത്രംവായനയും നാട്ടുവർത്തമാനംപറയലും  രാമേട്ടന്റ്റെ ചായക്കടയിൽ തകൃതിയായ് നടക്കുന്നതിനിടയിലേക്കാണ് തന്റ്റെ ബുളളറ്റിൽ പാൽപാത്രവും തൂക്കിയിട്ട്  സൂരജ് ആ വഴി വന്നത്. ..

ഒരു നിമിഷം അവിടെ കൂടിയിരുന്നവരെല്ലാം അവനെ സൂക്ഷിച്ച് നോക്കി. ..കൺമുന്നിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാത്ത പോലെ….

രാമേട്ടാ….. ഇതാട്ടോ  രാമേട്ടനുളള പാൽ….
ചിരിയോടതുപറഞ്ഞുകൊണ്ട് രാമേട്ടന്റ്റെ കയ്യിലേക്ക് പാൽപാത്രം നൽകി ,

തന്നെ അത്ഭുതത്തോടെ  നോക്കുന്നവർക്കൊരു  ചിരിയും സമ്മാനിച്ച് സൂരജ് വീണ്ടും തന്റെ ബുള്ളറ്റ്  സ്റ്റാർട്ട് ചെയ്തൂ…

ഈ പാലിനി എങ്ങോട്ടേക്കാണ് മോനെ…. ??

രാമേട്ടാ ഇതിവിടെ പാൽ സൊസൈറ്റിയിൽ കൊടുക്കാനാണ്…..,,പശുക്കൾ നല്ല ഇനമായതുകൊണ്ടാവും പാൽ ധാരാളം ലഭിക്കുന്നുണ്ട്,അപ്പോൾ ശരി രാമേട്ടാ പിന്നെ  കാണാം…

സൂരജിന്റ്റെ  വണ്ടി പോയ വഴിയേ ഒരു നിമിഷം അവിടെ കൂടിയിരുന്നവരുടെ കണ്ണുകളും സഞ്ചരിച്ചൂ…

“”അഹങ്കാരം …അല്ലാണ്ടെന്താ ഇതിനെല്ലാം പറയുക… ബാക്കിയുളളവർ രാവും പകലുമില്ലാതെ ഓരോ പണികൾ ചെയ്തിട്ടാണ്  കുട്ടിക്കളെ നാലക്ഷരം പഠിപ്പിക്കുന്നത്….

പഠിച്ചെന്തെങ്കിലും ഒരു  പണിക്കിട്ടിയാൽ അവർക്കീ വെയിലും മഴയും കൊളളാതെ സൂഖായിട്ട് ജീവിക്കാലോ ?

ബാക്കി ഉളളവരിത്തിരി അതിനായ് കഷ്ടപ്പെട്ടാലും വേണ്ടീലാന്ന് കരുതണത് അതിനു വേണ്ടിയിട്ടാ..,,

അപ്പോഴാണിവിടെ ഒരുത്തൻ  നല്ല നിലയിൽ പഠിത്തവുംകഴിഞ്ഞ് ഉയർന്ന ജോലിയും വാങ്ങി ഒരു കല്യാണവും കഴിച്ചു കഴിഞ്ഞപ്പോൾ…

ആ ജോലിയും പട്ടണത്തിലെ താമസവും ഒക്കെ മതിയാക്കി ഇവിടെ ഈ കാട്ടുമുക്കിൽ വന്ന്   പശുവിനെയും വളർത്തി ജീവിക്കുന്നത്….

നട്ട ഭ്രാന്ത് അല്ലാതെന്താ…. തെങ്ങുകയറ്റക്കാരൻ  പഴനിയുടെ ആത്മഗതം കുറച്ചു ഉറക്കെയായിരുന്നു

അതിനവനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല പഴനീ….അവന്റെ  ഇത്തരം വട്ടുകൾക്ക് കൂട്ടുനിൽക്കണ ഓന്റ്റെ അച്ഛനും അമ്മയും ഇല്ലേ ഓരെക്കൂടി പറയണം…

അല്ല പിന്നെ. .. മീൻ വാങ്ങാൻ വന്ന  അലിയുടെ വക സംസാരമായിരുന്നത്….

ചായക്കടയിൽ പിന്നെയും പലരും പലതും സൂരജിനെപറ്റി  പറഞ്ഞു കൊണ്ടിരിക്കുമ്പോഴും രാമേട്ടനതൊന്നും ശ്രദ്ധിക്കാതെ  തന്റെ ജോലി തുടർന്നു. ..ദിവസേന ഇവിടെ ഇതുപോലെ എത്ര ചർച്ചകൾ നടക്കുന്നു….

ആരുടെയെല്ലാം ജീവചരിത്രം  ഇവിടെ ഒരു ദിവസം രചിക്കപ്പെടുന്നുണ്ടെന്ന് ഈശ്വരനുപോലും  നിശ്ചയമുണ്ടാക്കില്ലല്ലോ..

പാൽവിതരണം  കഴിഞ്ഞ് രാവിലത്തെ കാപ്പിക്കുടിയും കഴിഞ്ഞൊരു  തൂമ്പയുമായ് സൂരജ്  പറമ്പിലേക്കിറങ്ങവേ  അവന്റെ കൂടെ  അച്ഛൻ  മോഹനനും  കയ്യിലൊരു കത്തിയുമായിറങ്ങി…

അല്ല അച്ഛനിതെങ്ങോട്ടാ കത്തിയുമായ്….??

സൂരജിന് തലയിൽ കെട്ടാനുളള തോർത്തുമായങ്ങോട്ട് വന്ന സൂരജിന്റ്റെ ഭാര്യ  രാഖി  മോഹനനെ നോക്കി….

മോളെ ,, പറമ്പിലെ വാഴയുടെ  കുറെ ഉണങ്ങിയ  ഇലകൾ വെട്ടാനുണ്ട്….മോന്റ്റെ കൂടെ പോയാൽ അവനൊരു കൂട്ടുമാവും എനിക്കൊരു പണിയുമാവൂലോ…

ഒരു ചെറിയ പനി വന്നെന്നു കരുതി എത്ര ദിവസമാണ്  വീട്ടിനകത്ത് വെറുതെ ഇരിക്കുന്നത്…?

നിങ്ങൾ അച്ഛനും മോനും പറമ്പിലേക്ക് പോണതെല്ലാം കൊള്ളാം. ..വെയിലു മൂക്കുമ്പോഴേക്കും ഇങ്ങ് കയറി പോരണംട്ടോ….

ഒരു ശാസനയോടെ സൂരജിണ്റ്റെ അമ്മ ശാരദയത് പറയവേ എല്ലാവരുടെയും മുഖത്തൊരു ചിരി വിരിഞ്ഞു…

ആ രാഖീ നീ വരുന്നോടീ പറമ്പിലേക്ക്….? ഇപ്പോൾ വന്നാൽ  ആ തെക്കേ പറമ്പിലെ ആഞ്ഞിലിചക്കയുടെ  ചോട്ടിൽ നല്ല മൂത്തുപഴുത്ത   ആഞ്ഞിലിചക്ക ഉണ്ടാകും…

കുറച്ചു കഴിഞ്ഞാൽ സ്കൂൾ പിള്ളേരു വന്നതെല്ലാം പെറുക്കി പോയ്കഴിയുമ്പോൾ  ചക്ക വേണംന്ന് പറഞ്ഞ് ആ വഴി വന്നാൽ  എനിക്കൊന്നും പറ്റൂലാട്ടോ അതിന്റെ  മുകളിൽ വലിഞ്ഞുകയറി  പറിച്ചു തരാൻ.. നിറയെ പുളിയനുറുമ്പാണതിൽ…

അമ്മേ ഞാനും കൂടി പൊയ്ക്കോട്ടെ  സൂരജേട്ടന്റ്റെ കൂടെ….? രാഖി  ശാരദയെ നോക്കവേ അവരുടെ മുഖത്ത് സമ്മതത്തിന്റ്റെ ഒരു  ചിരി തെളിഞ്ഞു…

സൂക്ഷിച്ച് പോണേ മോളെ….. വയറ്റിലൊരു ജീവനുണ്ടെന്ന് ഓർമ്മ വേണം ട്ടോ …വീഴാതെ നടക്കണം….

അതിനീ ജന്മത്ത് ഇവൾക്ക് പറ്റുംന്ന് തോന്നണില്ല അമ്മേ….വലിയ പട്ടണത്തിൽ ജീവിച്ച പരിഷ്ക്കാരിയായ ഇവൾക്കിവിടുത്തെ  മണ്ണ് ശീലമാവണമെങ്കിൽ കുറച്ചു കാലം കൂടി വേണ്ടി വരും. …

ചിരിയോടെ  രാഖിയുടെ കൈപിടിച്ച് സൂരജതു പറഞ്ഞു നിർത്തിയ സമയത്ത് തന്നെയായിരുന്നു വിലക്കൂടിയൊരു വിദേശ നിർമ്മിത കാറാ വീടിന്റെ  പൂമുഖത്ത് വന്നു നിന്നത്….

അച്ഛന്റെ വണ്ടിയാണല്ലോ സൂരജേട്ടാ അത്…. സൂരജിണ്റ്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ടതു പറയുമ്പോൾ രാഖിയുടെ ശബ്ദത്തിൽ വിറയൽ കലർന്നിരുന്നു….

മോനെ…..മോഹനന്റ്റെ ശബ്ദവും അൽപം പരിഭ്രമത്തിലായിരുന്നു…

നിങ്ങൾ വന്നേ. …രാഖീ  സൂക്ഷിച്ച്. ..ശ്രദ്ധയോടെ  രാഖിയുടെ കൈപിടിച്ച്  സൂരജ് വീട്ടിലേക്ക്  കയറവേ കാറിൽ നിന്ന് വിലക്കൂടിയ വസ്ത്രങ്ങളും ശരീരം നിറയെ ആഭരണങ്ങളുമണിഞ്ഞുകൊണ്ട്  രാഖിയുടെ മാതാപിതാക്കൾ ഇറങ്ങി. ..

സൂരജ്. … നീയെന്ത് പണിയാണ് ചെയ്തത്….??
ഇത്തരം ഒരു  ചതിയുമായാണ്  നീ ഞങ്ങളുടെ മകളെ നിണ്റ്റെ ജീവിതത്തിലേക്ക്  കൂട്ടിയതെന്ന് ഞങ്ങൾ അറിഞ്ഞില്ല…..

രാഖിയുടെ  ഡാഡീ ശേഖരൻ സൂരജിനു നേരെ പൊട്ടിത്തെറിച്ചു. ..

എന്ത് ചതിയാണ് ഡാഡീഞാൻ നിങ്ങളോട് കാണിച്ചത്..ആദ്യം നിങ്ങൾ  അകത്ത് കയറി ഇരിക്കൂ… ..എന്നിട്ടാവാമല്ലോ  സംസാരം. ..

ഞങ്ങൾ നിന്റ്റെ സൽക്കാരം സ്വീകരിക്കാൻ വന്നതല്ലെടാ….

ഞങ്ങൾ ഞങ്ങളുടെ മകളെ വിവാഹം കഴിപ്പിച്ചയച്ചതൊരു കോളേജ് അധ്യാപകനാണ് അല്ലാതെ നാട്ടുപുറത്തെ ഒരു കൃഷിക്കാരനല്ല…

ഓ…ഇതാണോ കാര്യം. ..ഇതിനാണോ നിങ്ങളിത്രയും വലിയ  ബഹളമെല്ലാം ഉണ്ടാക്കിയത്….. അന്നും ഇന്നും ഞാൻ തന്നെയാണല്ലോ രാഖിയുടെ ഭർത്താവ് …അല്ലേ…?

നീ തന്നെയാണ് ,,പക്ഷേ ഞങ്ങൾക്കൊരു കൃഷിക്കാരനായ മരുമകനെ ആവശ്യമില്ല. … ഞങ്ങളുടെ മകൾക്കും. …

നീ ആരോട് ചോദിച്ചിട്ടാണ് നിന്റ്റെ ജോലി ഉപേക്ഷിച്ച് ഈ കുഗ്രാമത്തിലേക്ക് ഞങ്ങളുടെ മകളെയും  കൂട്ടി വന്നത്. ..ഞങ്ങൾ ഒരിക്കലും സമ്മതിക്കില്ല  ഇതിന്….രാഖിയുടെ മമ്മിയുടെ ശബ്ദമാ മുറ്റത്തുയർന്നു…

മമ്മീ…എനിക്ക് എന്റെ ഭാര്യേയേയും കൂട്ടി ഞങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ ജീവിക്കുന്നതിന് നിങ്ങളുടെ അനുവാദം ആവശ്യമില്ല. ..

ഞാൻ ഇവളെ ഇവിടെ കഷ്ടപ്പെടുത്തുകയാണെങ്കിൽ നിങ്ങൾക്ക് എന്നെ കുറ്റം പറയാം ശിക്ഷിക്കാം. ..നിങ്ങൾക്കൊരു നാട്ടുപ്പുറത്തുക്കാരനെ വേണ്ടായിരിക്കാം…

പക്ഷേ നിങ്ങളുടെ മകൾക്ക് അതായത് എന്റെ ഭാര്യയ്ക്കിഷ്ടം ഈ നാട്ടുപുറവും ഈ നാടൻ ഭർത്താവിനെയുമാണ്…സംശയമുണ്ടേൽ ഡാഡിയും മമ്മിയും അവളോട്  ചോദിച്ച് നോക്കൂ…

സൂരജേട്ടൻ പറഞ്ഞത് സത്യം ആണ്  ഡാഡീ…..  ആ വലിയ നഗരവും അവിടത്തെ ജീവിതവും എനിക്ക് വല്ലാത്ത ശ്വാസം മുട്ടലാണ്….

സൂരജേട്ടനൊരു നാട്ടിൻപുറത്തുക്കാരനാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ ഇദ്ദേഹത്തെ ഇഷ്ടപ്പെട്ടത്….

പഠിച്ച് ജോലി വാങ്ങുന്നത് അച്ഛന്റെയും അമ്മയുടേയും സന്തോഷത്തിനുവേണ്ടിയാണെന്നും സൂരജേട്ടനിഷ്ടമീ നാടും ഇവിടുത്തെ  ജീവിതവുമാണെന്നും എന്നോട് പറഞ്ഞപ്പോഴേ ഞാൻ തീരുമാനിച്ചതാണ് ഇവിടെയീ   ജീവിതം…

സത്യം തുറന്നു പറഞ്ഞ് അനുവാദം ചോദിച്ചാൽ നിങ്ങൾ രണ്ടു പേരും ഒരിക്കലും ഞങ്ങളുടെ കല്ല്യാണം പോലും നടത്തിതരില്ലാന്നറിയാവുന്നതു കൊണ്ടാണ്  ഒന്നും ആദ്യം പറയാതിരുന്നതും  വിവാഹം കഴിഞ്ഞ് കുറെയേറെ നാളുകൾ അവിടെ പട്ടണത്തിൽ ജീവിച്ചതും.

എനിക്ക് ഇവിടെ ജീവിച്ചാൽ മതി….,ഈ ഗ്രാമത്തിന്റെ  വിശുദ്ധിയിൽ…., ഇവിടെ വൈകുന്നേരം ഞങ്ങൾക്ക് പാടത്തിനപ്പുറമുളള ക്ഷേത്രത്തിലെ  ദേവിയെ തൊഴാൻ പോവാം. …

തിരക്കൊഴിഞ്ഞ ഇടവഴികളിലൂടെ സൂരജേട്ടനെ ചുറ്റിപിടിച്ചാ ബുള്ളറ്റിൽ യാത്ര പോവാം … ഇവിടുത്തെ കാറ്റും  മഴയുമാസ്വദിക്കാം. ..എനിക്ക് ഈ ജീവിതം മതിയമ്മേ….

നിനക്ക് ഭ്രാന്താണ് രാഖി….നിന്റ്റെയിത്തരം വട്ടുകൾ ഞങ്ങൾ അനുവദിച്ചു തരില്ല .. ഇപ്പോൾ തന്നെ വന്നു നീ ആ വണ്ടിയിൽ കയറൂ…ഇനിയൊരു നിമിഷം നീ ഇവിടെ നിൽക്കാൻ പാടില്ല. ..വാ വന്നു കയറൂ…

ഇല്ലമ്മേ…ഇതു ഞങ്ങളുടെ ജീവിതമാണ്… ഞങ്ങളുടെ ഇഷ്ടമാണ്….ഇവിടെ തീരുമാനങ്ങൾ എടുക്കുന്നത് ഞാനും എന്റെ ഭർത്താവും ചേർന്നാണ്. .മറ്റൊരാൾക്കതിൽ അധികാരം പ്രയോഗിക്കാനാവില്ല…

നീ ദുഃഖിക്കേണ്ടി വരും രാഖി നിന്റ്റെ ഈ തീരുമാനത്തിൽ. ..ശപിക്കുന്നതുപോലെയായിരുന്നു രാഖിയുടെ മമ്മിയുടെ ആ വാക്കുകൾ. ..

ഒരിക്കലും ഇല്ല മമ്മീ. ..എന്റെ വയറ്റിലൊരു ജീവൻ വളരുണ്ട്…അവന് ഞങ്ങൾക്ക് സമ്മാനിക്കാനുളളതീ നല്ല ജീവിതമാണ്…

എപ്പോഴെങ്കിലും  ഇതെല്ലാം മടുക്കുകയാണെങ്കിൽ ഞങ്ങൾ തിരികെ വരും പട്ടണത്തിലേക്ക്…പഠിച്ചു നേടിയ അറിവും അതിന്റെ സർട്ടിഫിക്കറ്റുമെല്ലാം എന്നേക്കുംകൂടിയുളളതല്ലേ മമ്മി…?

ഓരോരുത്തരും എപ്പോഴെങ്കിലും സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി കൂടി ജീവിക്കണംമമ്മീ.. ഞങളെ ഞങ്ങളുടെ ജീവിതം ജീവിക്കാൻ സമ്മതിക്കണം…

രാഖിയുടെ  ഉറച്ച വാക്കുകൾക്ക് മറുപടിയൊന്നും ഇല്ലാതെയവർ ഒരുനിമിഷം അവളെതന്നെ നോക്കി നിന്നു. ..

അവളുടെ തെളിച്ചമുളള മുഖവും മുഖത്തെ സന്തോഷവുമെല്ലാം അവൾ പറഞ്ഞത് ശരിയാണെന്നവരെ ബോധ്യപ്പെടുത്തുന്നുണ്ടായിരുന്നു

മമ്മിയും പപ്പയും കയറി ഇരിക്കൂ. ..നമ്മുക്ക്  ഇരുന്ന് കാര്യങ്ങൾ സംസാരിക്കാലോ….

സൂരജിണ്റ്റെ വാക്കുകൾ കേട്ടനുസരണയോടെ  രാഖിയുടെ മാതാപിതാക്കൾ വീടിനകത്തേക്ക് കയറവേ നിറഞ്ഞ സന്തോഷത്തോടെ  രാഖി സൂരജിനെ നോക്കി  ചിരിച്ചു. ….

ആ ചിരിയിലുണ്ടായിരുന്നു നാട്ടിൻ പുറത്തെ സ്നേഹിക്കുന്ന ഒരു നാടൻ പെൺക്കുട്ടിയുടെ നിഷ്കളങ്കത…..

Leave a Reply

Your email address will not be published. Required fields are marked *