പെങ്ങളെ പ്രസവത്തിനു വേണ്ടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നപ്പോ കുടുങ്ങി പോയത്..

(രചന: Dhanu Dhanu)

പെങ്ങളെ പ്രസവത്തിനു വേണ്ടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നപ്പോ കുടുങ്ങി പോയത്  ഞാനായിരുന്നു..

സംഭവം എന്താണെന്നുവെച്ചാൽ മാങ്ങ വേണമെന്ന് പറഞ്ഞാൽ മരത്തിൽ കയറണം…

കരിക്ക് വേണമെന്ന് പറഞ്ഞാൽ തേങ്ങിൽ കയറണം.. പറ്റില്ലെന്ന് പറഞ്ഞാലോ അമ്മയുടെ വക ഡയലോഗ് വേറെയും..

ഗർഭിണികളായിരിക്കുമ്പോ അവരുടെ  ആഗ്രഹങ്ങളൊന്നും ബാക്കിവെക്കാൻ പാടില്ലത്രേ…

അതുകൊണ്ടു അവരുടെ ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുക്കണം.. അല്ലെങ്കിൽ അത് കുഞ്ഞിന് ദോഷം ചെയ്യുമെന്ന് അമ്മ പറയാറുണ്ട്…

അതുകൊണ്ടു ന്റെ പെങ്ങൾക്കും മരുമോനും വേണ്ടി.. ഇത്തിരി മടിയോടെയാണെങ്കിലും ഞാനാ തേങ്ങിലും മാവിലും  വലിഞ്ഞുകേറും..

അതുകാണുമ്പോ അവളെന്നെ നോക്കി ചിരിച്ചിട്ടു പറയും.. ഡാ കൊരങ്ങാ നല്ല മാങ്ങ നോക്കി പറിച്ചിട്ടാ മതിയെന്ന്..

പോരാത്തതിന്  അടുത്തവീട്ടിലെ കുട്ടികളെ വിളിച്ച് മരത്തിലിരിക്കുന്ന എന്നെകാണിച്ചിട്ട്  പറയും. ദേ മരത്തിൽ കൊരങ്ങാൻ ഇരിക്കുന്നുണ്ടെന്നു…

ആ പിള്ളേരാണെങ്കിൽ എന്നെ മരത്തിൽ കണ്ടതിൽ പിന്നെ കൊരങ്ങാ കൊരങ്ങാ എന്നാ വിളിക്കുന്നന്ത്.. ഇങ്ങനെയുള്ള കുരുത്തക്കേടും കുറുമ്പും കാണിച്ചിട്ട് അവളെന്നെ നോക്കി ചിരിക്കും.

ആ സമയത്തു അവളുടെ മുഖത്തു കാണുന്ന കുറുമ്പും കുസൃതിയും നിറഞ്ഞൊരു ചിരിയുണ്ടല്ലോ…

അതൊന്നു കാണേണ്ടതു തന്നെയാണ് അത്രയ്ക്കും സന്തോഷത്തോടെയാണ് അവളുടെ ചിരി..

ആ ചിരി കാണുമ്പോഴൊക്കെ ഞാനവളോട് പറയുമായിരുന്നു..ന്റെ മരുമോൻ വരട്ടെ നിനക്കുള്ള പണിതരാമെന്ന്..

പിന്നീടുള്ള ഓരോ ദിവസവും ഞാനവന്റെ വരവിനായി കാത്തിരുന്നു..

അവൻറെ കൂടെ കളിക്കാനും അവനെ ചുമലിലേറ്റി നടക്കാനും.. പൂരത്തിനും വേലയ്ക്കും അവന്റെ കൈപിടിച്ച് നടക്കാനും…

പൂരപറമ്പിൽ വെച്ച് സുന്ദരികുട്ടികളെ കാണുമ്പോ അവനെ ചേർത്തുപിടിച്ചു ഉറക്കെ ഐ ലവ് യു പറയാനും…

അതുകേട്ടു ആ പെൺകുട്ടികൾ തിരിഞ്ഞു നോക്കുമ്പോൾ അവരെ കളിയാക്കി  ചിരിക്കാനും..

അതുപോലെ അടുത്തവീട്ടിലെ അമ്മുവിന് ലവ് ലെറ്റർ കൊടുക്കാം അവനെന്റെ കൂടെ വേണം..

അവന്റെ വരവൊരു ആഘോഷമാക്കാൻ ഞങ്ങൾ കാത്തിരുന്നു…

ആ ആഘോഷം ഒരു നവംബർ മാസത്തിൽ ഞങ്ങളെ തേടിവന്നു… ഒരുപാടു സന്തോഷത്തോടെ… ആ സന്തോഷം എല്ലാവരെക്കാളും നന്നായി  ഞാനായിരുന്നു ആഘോഷിച്ചത്…

അന്ന് ആശുപത്രിയിൽ വെച്ച് അമ്മയെ ചേർത്തുപിടിച്ച് ഞാൻ ഉറക്കെ പറഞ്ഞു ഞാനും ഒരു മാമനായി എന്ന്… അതുപറഞ്ഞപ്പോൾ എല്ലാവരും ഒരു ഞെട്ടലോടെ എന്നെനോക്കി നിൽക്കുണ്ടായിരുന്നു…

അവരുടെ നോട്ടം കണ്ടപ്പോ തോന്നി..ഇവരെന്താ ഇങ്ങനെ  നോക്കുന്നത് ഞാനൊരു മാമനായി എന്നല്ലേ പറഞ്ഞത്.. വേറെ വല്ലതുമാണോ പറഞ്ഞത്.. ഞാനെല്ലാവരെയും മാറി മാറി നോക്കി..

അതുകണ്ടിട്ടാണ് പെങ്ങൾ എന്നെനോക്കി കണ്ണിറുക്കി കാണിച്ചത് അപ്പോഴാണ് എനിക്ക് മനസ്സിലായത്…

ഞാൻ ചേർത്തുപിടിച്ചത് അമ്മയെ ആയിരുന്നില്ല അമ്മയുടെ അടുത്ത് നിൽക്കുന്ന സിസ്റ്ററെ ആയിരുന്നെന്ന്..

പിന്നീട് അവിടെ നടന്നതെല്ലാം പറയണോ… വേണ്ട പറഞ്ഞാൽ എല്ലാരും ചിരിക്കും…

Leave a Reply

Your email address will not be published. Required fields are marked *