ഭർത്താവാണെന്ന് കരുതി എന്റെ അനുവാദം ഇല്ലാതെ എന്നെ തൊടാൻ ഞാൻ സമ്മതിക്കില്ല. നിങ്ങളെ കല്യാണം കഴിക്കാൻ…

(രചന: ഐഷു)

ആദ്യരാത്രി വിറച്ച് വിറച്ചാണ് അശ്വതി സതീഷിന്റെ മുറിയിലേക്ക് കയറിച്ചെന്നത്. അവളുടെ വരവും കാത്ത് അവിടെ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു സതീഷ്. അവന് ഇത് ലോട്ടറി അടിച്ച പോലെയുള്ള ഒരു ബന്ധമായിരുന്നു.

ജാതക ദോഷത്തിന്റെ പേരിൽ വയസ്സ് 26 കഴിഞ്ഞിട്ടും കല്യാണം നടക്കാതെ വീട്ടിൽ തന്നെ നിൽക്കുകയായിരുന്നു അശ്വതി. അവൾ കെട്ടാതെ നിൽക്കുന്നത് കാരണം അവൾക്ക് താഴെയുള്ള അനിയത്തിമാർക്കും കല്യാണ പ്രായം എത്തിയിട്ട് കല്യാണം കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്. അവർക്ക് നല്ല നല്ല ആലോചനകൾ വരുന്നുണ്ടായിരുന്നു. പക്ഷേ അശ്വതി കല്യാണം കഴിക്കാതെ നിൽക്കുന്നതു കൊണ്ട് അതെല്ലാം മുടങ്ങുകയായിരുന്നു പതിവ്.

അങ്ങനെയിരിക്കുമ്പോഴാണ് ബ്രോക്കർ വഴി സതീഷിന്റെ ഒരു ആലോചന അശ്വതിക്ക് വരുന്നത്. അവനെ കുറിച്ച് അന്വേഷിച്ചപ്പോൾ അവളുടെ വീട്ടുകാർക്ക് അറിയാൻ കഴിഞ്ഞത് അത്ര നല്ല കാര്യങ്ങൾ ആയിരുന്നില്ല.

അച്ഛന്റെയും അമ്മയുടെയും ഒറ്റ മകനാണ് സതീഷ്. സാമ്പത്തികമായി നല്ല സ്ഥിതിയിൽ ആയതിനാൽ സതീഷ് ജോലിക്കൊന്നും പോകാതെ അച്ഛന്റെയും അമ്മയുടെയും ചിലവിൽ കഴിഞ്ഞു കൂടുകയായിരുന്നു പതിവ്. മകൻ ജോലിക്ക് പോകാതെ തങ്ങളുടെ സമ്പത്തിൽ ഉണ്ടുറങ്ങി ജീവിക്കുന്നത് അവന്റെ അച്ഛനും അമ്മയ്ക്കും എന്നും ഒരു വേദന തന്നെയായിരുന്നു. ജോലിക്കൊന്നും പോകാതെ മടിയനായ ചെറുപ്പക്കാരൻ ആയതിനാൽ സതീഷിന് ആരും പെണ്ണ് കൊടുത്തിരുന്നില്ല. അവന് വയസ്സ് 35 ആയിരുന്നു.

ജാതകം ചേർന്നതിനാൽ ചെറുക്കന് ജോലിയില്ലെങ്കിലും ചെക്കന്റെ അച്ഛനും അമ്മയ്ക്കും ജോലിയും വരുമാനവും ഉണ്ടല്ലോ എന്ന് കരുതി അശ്വതിയുടെ വീട്ടുകാര് ഭാരം ഒഴിവാക്കാൻ വേണ്ടി അവളെ അവന് കല്യാണം കഴിപ്പിച്ചു കൊടുത്തു.

കറുത്ത്‌ കരി വീട്ടി പോലെ ഇരിക്കുന്ന സതീഷിന് വെളുത്ത്‌ തുടുത്ത അശ്വതിയെ കിട്ടിയത് ലോട്ടറി അടിച്ച പോലെയായിരുന്നു. സതീഷ് ജോലിക്കു പോകാത്തതു കൊണ്ട് തന്നെ അശ്വതിക്ക് അവനുമായുള്ള കല്യാണത്തിന് വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിനു വഴങ്ങി അവൾക്ക് ആ കല്യാണത്തിന് സമ്മതിക്കേണ്ടി വന്നതാണ്.

ആദ്യരാത്രി പാൽ ഗ്ലാസ് എടുത്ത് അശ്വതിയുടെ കൈയിൽ കൊടുക്കുമ്പോൾ അമ്മായിയമ്മ കൊടുത്ത ഉപദേശം എങ്ങനെയെങ്കിലും സതീഷിനെ മാറ്റിയെടുക്കണം എന്നതായിരുന്നു.

അമ്മയുടെ ഉപദേശം കേട്ട് പേടിച്ച് വിറച്ചാണ് അവൾ മുറിയിൽ എത്തിയത്. താൻ പറഞ്ഞാൽ സതീഷ് കേൾക്കുമോ എന്നൊക്കെയാണ് അശ്വതി ചിന്തിച്ചത്.

“ഇതെന്താ അച്ചു ഇത്ര വൈകിയത് ഞാൻ എത്ര നേരമായി നിന്നെ കാത്ത് ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട്.

അവളെ കണ്ടതും സതീഷ് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു.

അശ്വതി ഭയത്തോടെ പിന്നിലേക്ക് ചുവടു വെച്ചു.

സതീഷ് അവളെ ഒന്ന് നോക്കിയിട്ട് ഓടിപ്പോയി വാതിൽ അടച്ചു. ശേഷം അവൻ അവളുടെ അടുത്തേക്ക് വന്നു. സതീഷ് തൊട്ടു മുന്നിൽ വന്നതും അശ്വതി തന്റെ കയ്യിലിരുന്ന പാൽ ഗ്ലാസ് അവന് നേർക്ക് നീട്ടി. സതീഷ് ഗ്ലാസ് വാങ്ങി ഒറ്റ വലിക്ക് പാലു മുഴുവനും കുടിച്ചു തീർത്തു. അവന്റെ പ്രവർത്തികൾ പേടിയോടെയാണ് അശ്വതി കണ്ടു നിന്നത്.

“അച്ചുവിന് എന്നെ പേടിയാണോ.?

അവളുടെ നിൽപ്പും ഭാവവും കണ്ട് സതീഷ് ചോദിച്ചു.

“മ്മ്മ്…

അവന്റെ ചോദ്യത്തിന് മറുപടിയായി അശ്വതി ഒന്ന് മൂളി.

“നീ എന്തിനാ എന്നെ പേടിക്കുന്നത്. ഞാൻ നിന്റെ ഭർത്താവല്ലേ?

അധികാരത്തോടെ പറഞ്ഞു കൊണ്ട് സതീഷ് അശ്വതിയെ ഇറുക്കി കെട്ടിപ്പിടിച്ചു.

അവളെ കണ്ടപ്പോൾ മുതലുള്ള അവന്റെ ആഗ്രഹമാണ് അവളെ ഒന്ന് കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുക എന്നത്.

അശ്വതിയുടെ സമ്മതം പോലും ചോദിക്കാതെ സതീഷ് അവളെ ഇറുക്കി കെട്ടിപ്പിടിച്ച് അവളുടെ മുഖത്തും കഴുത്തിലും തുരുതുരെ ഉമ്മ വയ്ക്കാൻ തുടങ്ങി. അനുവാദമില്ലാതെ അവന്റെ കൈകൾ അശ്വതിയുടെ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു. അവളുടെ ശരീരത്തിന്റെ മൃദുലതകളിൽ അവൻ കൈകൾ അമർത്തി. ആദ്യമായി ഒരു പെണ്ണിനെ അടുത്തു കിട്ടിയപ്പോൾ എന്ത് ചെയ്യണം എന്നോ എവിടുന്ന് തുടങ്ങണമെന്നോ സതീഷിന് അറിയില്ലായിരുന്നു. കേട്ടറിവ് വച്ച് എന്തൊക്കെയോ അവൻ അവളെ ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

അവന്റെ ആവേശവും ആക്രാന്തവും അശ്വതിയെ ഭയപ്പെടുത്തി.

” എന്നെ ഒന്നും ചെയ്യരുത്… എനിക്ക് നിങ്ങളെ പേടിയാ. ” സർവ്വശക്തിയും സംഭരിച്ച് അവൾ അവനെ തള്ളി മാറ്റി.

“അച്ചു ഞാൻ നിന്റെ ഭർത്താവാണ്. നിന്നിൽ എനിക്കിപ്പോൾ പൂർണ്ണ അവകാശവും ഉണ്ട്. പിന്നെന്തിനാണ് നീ എന്നെ ഇങ്ങനെ തള്ളി മാറ്റുന്നത്. എന്തിനാണ് എന്നെ ഇങ്ങനെ ഭയക്കുന്നത്. ഞാൻ നിന്റെ ഭർത്താവാണെന്ന് മറന്നു പോകരുത്. ഈയൊരു ദിവസത്തിനു വേണ്ടി ഞാൻ എത്ര നാളായി കാത്തിരിക്കുന്നു എന്ന് നിനക്കറിയുമോ.”

അവളുടെ മുഖത്തെ പേടി കണ്ട് സതീഷിന് അരിശം വന്നു.

ഭർത്താവാണെന്ന് കരുതി എന്റെ അനുവാദം ഇല്ലാതെ എന്നെ തൊടാൻ ഞാൻ സമ്മതിക്കില്ല. നിങ്ങളെ കല്യാണം കഴിക്കാൻ എനിക്ക് ഒരു ഇഷ്ടവും ഉണ്ടായിരുന്നില്ല. എന്റെ അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് വഴങ്ങിയാണ് എനിക്ക് ഈ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നത്.

അശ്വതി വിഷമത്തോടെ പറഞ്ഞു.

ഞാൻ കറുത്തു പോയതു കൊണ്ടായിരിക്കും അല്ലേ നിനക്കെന്നെ ഇഷ്ടമില്ലാത്തത്. അതായിരിക്കും ഞാൻ തൊടുന്നത് നിനക്ക് ഇഷ്ടമാകാത്തത്.

ആത്മനിന്ദയോടെ സതീഷ് പറഞ്ഞു.

അതുകൊണ്ടൊന്നും അല്ല നിങ്ങൾ ഒരു ജോലിക്കും പോകാതെ അച്ഛന്റെയും അമ്മയുടെയും സമ്പത്ത് തോന്നിയ പോലെ ചിലവാക്കി ജീവിക്കുന്നതു കൊണ്ടാണ് എനിക്ക് നിങ്ങളെ ഇഷ്ടമില്ലാത്തത്. സ്വന്തമായി അധ്വാനിച്ച് എന്നെ പോറ്റാൻ കഴിയുമെങ്കിൽ മാത്രമേ ഞാൻ നിങ്ങൾക്ക് മുന്നിൽ എന്നെ സമർപ്പിക്കു. അധ്വാനിച്ച് ഉണ്ടാക്കുന്ന കാശു കൊണ്ട് ജീവിക്കുന്നതിന്റെ അന്തസ്സും അച്ഛന്റെ അമ്മയുടെ ചിലവിൽ ജീവിക്കുന്നത് രണ്ടും രണ്ടാണ്. നിങ്ങൾ മര്യാദയ്ക്ക് ജോലിക്ക് പോയി കുടുംബം നോക്കുകയാണെങ്കിൽ മാത്രം നമ്മൾ തമ്മിൽ ഭാര്യഭർത്താക്കന്മാരായി ജീവിക്കുകയുള്ളൂ.

അശ്വതിയുടെ സ്വരത്തിന് വല്ലാത്തൊരു മൂർച്ചയുണ്ടായിരുന്നു. അവളുടെ വാക്കുകൾ കേട്ട് അന്തംവിട്ട് നിൽക്കുകയായിരുന്നു സതീഷ്. ജോലിക്ക് പോകുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും അവനു കഴിയുന്നതായിരുന്നില്ല. 35 വയസ്സ് വരെ അവൻ ഇതുവരെയും ജോലിക്ക് പോയിട്ടില്ല. പക്ഷേ അശ്വതിയെപ്പോലെ ഒരു പെണ്ണിനെ നഷ്ടപ്പെടരുതെന്ന് അവൻ മനസ്സു കൊണ്ട് ആഗ്രഹിക്കുന്നുണ്ടായിരുന്നു.

കുറച്ചു ദിവസമൊക്കെ അവളുടെ തീരുമാനം മാറുമോ എന്നറിയാൻ അവൻ കാത്തിരുന്നു.. പക്ഷേ ബെഡ്റൂമിൽ അശ്വതി അവനെ അവഗണിക്കുക തന്നെ ചെയ്തു. ഒടുവിൽ വേറെ വഴിയില്ലാതെ സതീഷ് ജോലിക്ക് പോകാൻ തുടങ്ങി.

അശ്വതിയെ സ്വന്തമാക്കാൻ വേണ്ടിയാണ് ആദ്യം ജോലിക്ക് പോയി തുടങ്ങിയതെങ്കിലും സ്വന്തമായി അധ്വാനിച്ച് ജീവിക്കാൻ തുടങ്ങിയതിന്റെ സുഖം മെല്ലെ മെല്ലെ അവൻ അറിയാൻ തുടങ്ങി. സാധാരണ എല്ലാ ആവശ്യങ്ങൾക്കും അച്ഛന്റെയും അമ്മയുടെയും മുന്നിൽ നാണംകെട്ട് കൈനീട്ടേണ്ട അവസ്ഥ പിന്നീട് ഉണ്ടാകാതിരുന്നപ്പോൾ ആദ്യമേ തന്നെ താൻ മടി മാറ്റിവച്ച് ജോലിക്ക് പോകേണ്ടതായിരുന്നു എന്ന് സതീഷ് ചിന്തിച്ചു. അതുപോലെ കിട്ടുന്ന ശമ്പളത്തിൽ നിന്നും ഒരു ഭാഗം മാറ്റി വെക്കാനും അവൻ മറന്നില്ല.

സതീഷിൽ ഉണ്ടായ മാറ്റം കണ്ട് അശ്വതിയും അവന്റെ വീട്ടുകാരും ഒത്തിരി സന്തോഷിച്ചു. അവനിൽ പൂർണ്ണ വിശ്വാസം ഉണ്ടായി തുടങ്ങിയതും അശ്വതി താൻ പോലും അറിയാതെ സതീഷിനെ സ്നേഹിച്ചു തുടങ്ങി. ഒരു രാത്രി എല്ലാ രീതിയിലും അവർ ഭാര്യാഭർത്താക്കന്മാരായി മാറി. അശ്വതി തന്റെ സ്വന്തമായിട്ടും സതീഷ് തന്റെ ജോലി വിട്ടില്ല. പഴയതിനേക്കാൾ ഉത്സാഹത്തോടെ അവൻ ജോലിക്ക് പോയി. കാശിനായി ആരെയും ആശ്രയിക്കാതെ അവർ സന്തോഷത്തോടെ പിന്നീട് ജീവിക്കുകയും ചെയ്തു.

ഐഷു