അഭിരാമിയെ ഗർഭിണി ആയിരിക്കുമ്പോഴാണ് ഭർത്താവിന്റെ അവിഹിത ബന്ധം കാരണം അയാളെ ഉപേക്ഷിച്ച് സ്വന്തം…

ഏട്ടന്റെ അനിയത്തി.

(രചന: Fathima Ali)

വീട്ടിലെ കോളിംങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് സുഭദ്രാമ്മ അടുക്കളിലെ പണികൾ പകുതിക്കിട്ട് ഉമ്മറത്തെ ഡോർ ലക്ഷ്യമാക്കി നടന്നു…..

ഡോർ തുറന്ന് നോക്കിയ സുഭദ്ര പട്ടാള വേഷത്തിൽ തന്നെ നോക്കി നിറപുഞ്ചിരിയോടെ നിൽക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ കണ്ട് അമ്പരന്നു…

“മുത്തശ്ശീ……”

കയ്യിലിരുന്ന ബാഗ് നിലത്ത് വെച്ച് അവൻ സുഭദ്രയെ പിടിച്ച് പൊക്കി വട്ടം കറക്കി….

“താഴെ ഇറക്കെടാ….തല ചുറ്റുന്നു..”

അവനവരെ താഴെ നിർത്തി….

“ദേവാ….മോനെ….”

അവന്റെ മുഖത്ത് അവർ തഴുകി കൊണ്ട് വിളിച്ചു…..

“ഹാ കണ്ണു നിറക്കല്ലേ എന്റെ സുഭദ്ര കൊച്ചേ…
ഞാനിങ്ങ് വന്നില്ലേ……
ഇനി രണ്ട് മാസം കഴിഞ്ഞ് പോയാൽ മതി….”

സുഭദ്ര ദേവനെ ചുറ്റിപിടിച്ചു….

“അപ്പടി വിയർപ്പാ മുത്തശ്ശീ….
ഞാൻ പോയി ഒന്ന് കുളിക്കട്ടെ…”

ദേവൻ അവരെ അടത്തി മാറ്റി കവിളിലൊരു ഉമ്മ കൊടുത്ത് മുകളിലേക്ക് സ്റ്റെപ്പുകൾ കയറി….

“പിന്നെ….നമ്മുടെ ചട്ടമ്പി വന്നാൽ ഞാൻ വന്ന കാര്യം പറയണ്ട….
ഒരു സർപ്രൈസ് ആവട്ടെ…..”

പകുതി വെച്ച് നിന്ന് അവൻ പറഞ്ഞു….

“ഞാനൊന്നും പറയുന്നില്ല….
വന്ന് കഴിഞ്ഞാ കിട്ടുന്നത് കയ്യോടെ മേടിച്ച് വെച്ചോ നീ..”

സുഭദ്രയുടെ വാക്കുകൾ കേട്ട ഒരു ചിരിയോടെ ദേവൻ സ്റ്റെപ്പ് കയറി……

……….

“മുത്തൂസെ…….ഞാൻ വന്നൂ…..”

സുഭദ്രയെ ഉച്ചത്തിൽ വിളിച്ച് കൊണ്ട് ഒരു പെൺകുട്ടി അടുക്കളയിലേക്ക് ചെന്നു……

“ആഹാ….സാമ്പാർ,അവിയൽ,കാളൻ,കണ്ണിമാങ്ങാ അച്ചാർ പിന്നെ പപ്പടം കാച്ചിയതും….
എന്താ ഇന്ന് കുറെ ഡിഷ് ഉണ്ടല്ലോ….
ഏതെങ്കിലും ഗസ്റ്റ് വരുന്നുണ്ടോ…?”

മൂടിവെച്ച പാത്രങ്ങളോരോന്നും തുറന്ന് അവൾ ചോദിച്ചു……

“ആ ഒരു ഗസ്റ്റ് ഉണ്ട്…..”

“ഓഹോ….ആരാണാവോ ആ വ്യക്തി…..
ഞാനൊന്ന് അവിയൽ വെച്ച് തരാൻ പറഞ്ഞപ്പോ എന്തായിരുന്നു ഡിമാന്റ്….ഹ്മം….”

അവൾ സുഭദ്രയെ നോക്കി പുച്ഛിച്ച് കാച്ചി വെച്ച് പപ്പടം ഒന്നെടുത്ത് വായിലേക്ക് വെച്ചു……

“അമ്മുട്ട്യേ….”

പെട്ടന്നൊരു ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞ് നോക്കിയ അവൾ വാതിൽ പടിയിൽ കൈകെട്ടി നിൽക്കുന്ന ദേവനെ കണ്ടു…..

“ദേവേട്ടാ…..”

ആദ്യത്തെ ഞെട്ടൽ വിട്ടുമാറി അവൾ ദേവന് നേരെ ഓടി ചെന്ന് അവന്റെ മേലേക്ക് ചാടി കയറി…..
അവളുടെ പെട്ടന്നുള്ള നീക്കത്തിൽ അവൻ പിന്നോട്ടാഞ്ഞെങ്കിലും ബാലൻസ് ചെയ്ത് നിന്നു…….

“കഴിഞ്ഞ ദിവസം വിളിച്ചപ്പോ കൂടെ വരുന്ന കാര്യമൊന്നും പറഞ്ഞില്ലല്ലോ ദുഷ്ടാ…..”

അവൾ ദേവനെ പിച്ചുകയും അടിക്കുകയും ചെയ്ത് കൊണ്ട് പറഞ്ഞു……

“അമ്മൂ…മതിയെടീ…അവന് വേദനിക്കും…..”

സുഭദ്ര പറഞ്ഞത് കേട്ട് അവൾ ദേവനെ അടിക്കുന്നത് നിർത്തി അവനെ പുണർന്ന് തോളിൽ തലവെച്ച് വിതുമ്പി…..

“സോറി ഏട്ടാ…..വേദനിച്ചോ….”

“അയ്യേ..ഏട്ടന്റെ പുലിക്കുട്ടി കരയുന്നോ…മോശം മോശം…”

ദേവന് മറുപടിയായി അവളവന്റെ തോളിൽ പല്ലുകൾ അമർത്തി….

“മതി..മതി….രണ്ടു പേരും വന്നേ…ഭക്ഷണം എടുത്തു വെച്ചിട്ടുണ്ട്….”

അമ്മു താഴെ ഇറങ്ങി ദേവനെ വലിച്ച് ചെയറിലിരുത്തി….
അവളും അവനടുത്തിരുന്ന് തനിക്കായി വെച്ചിരുന്ന പ്ലേറ്റ് മാറ്റിവെച്ച് ദേവന്റെ പ്ലേറ്റിൽ ഭക്ഷണം വിളമ്പി അവന് നേരെ വാ തുറന്ന് കാണിച്ചു…..
അവനവളെ വാത്സല്യത്തോടെ നോക്കി കുഴച്ച ചോറിൽ നിന്നും ഉരുള അമ്മുവിന്റെ വായിൽ വെച്ച് കൊടുത്തു….

“അടുത്ത മാസം കല്യാണമാണ്…എന്നിട്ടും ഇപ്പഴും കൊച്ച് കുട്ടിയാ എന്നാ വിചാരം…..”

“അവളിനി ഇത്ര വലുതായാലും എനിക്ക് എന്റെ കുഞ്ഞ് അനിയത്തി തന്നെയാ….അല്ലേടാ….”

“ഈ മുത്തുവിന് അസൂയയാ…”

………..

“ഞാനിന്ന് ഏട്ടന്റെ കൂടെയാ….”

രാത്രി കിടക്കാൻ നേരം അമ്മു ദേവന്റെ റൂമിലേക്ക് ചെന്നു…..
ദേവനപ്പോൾ ഫോൺ ചെയ്യുകയയായിരുന്നു….

“ആരാ ഏട്ടാ…?”

“എന്റെ അളിയൻ…അല്ലാതെ ആര്….”

“ഓഹ്…അങ്ങേര് നിങ്ങളുടെ കാമുകി വല്ലതും ആണോ….ഇന്ന് എത്ര തവണ വിളിച്ചു…..”

“ടീ…വേണ്ട….”

“അയ്യോ…ഞാനൊന്നും പറയുന്നില്ലേ….ഒരു ചങ്കും കരളും വന്നിരിക്കുന്നു..”

ദേവൻ ചിരിച്ച് വന്ന് അമ്മുവിന്റെ അടുത്ത് കിടന്നു…..
സംസാരിച്ച് എപ്പോഴോ തന്റെ നെഞ്ചിൽ കിടക്കുന്ന അമ്മുവിനെ അവൻ നോക്കി……

………

ദേവ്ജിത്ത് എന്ന ദേവനും അഭിരാമി എന്ന അമ്മുവും…..
ഇവരുടെ അമ്മ അഭിരാമിയെ ഗർഭിണി ആയിരിക്കുമ്പോഴാണ് ഭർത്താവിന്റെ അവിഹിത ബന്ധം കാരണം അയാളെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് വന്നത്…..
അമ്മുവിനെ പ്രസവിക്കെ ഉണ്ടായ ബുദ്ധിമുട്ടുകളെ തുടർന്ന് അവർ മരണപ്പെട്ടു…..
പിന്നെ അമ്മു ഏട്ടന്റെ നെഞ്ചിലെ ചൂടേറ്റായിരുന്നു വളർന്നത്……
ദേവനവൾക്ക് ഏട്ടൻ മാത്രമല്ലായിരുന്നു….
അവളുടെ അച്ഛനും അമ്മയും എല്ലാത്തിലുമുപരിയായി അവളുടെ ആത്മാർത്ഥ സുഹൃത്തുമായിരുന്നു……
അത് കൊണ്ട് തന്നെ ദേവന്റെ ഉറ്റ സുഹൃത്ത് ആദവ് എന്ന ആദിയോട് തോന്നിയ ഇഷ്ടം അവളാദ്യം പറഞ്ഞതും അവനോടായിരുന്നു….
ദേവന്റെ മനസ്സിലും അതേ ആഗ്രഹം തോന്നിയിരുന്നു എങ്കിലും ആദിക്ക് ഇഷ്ടാമാണോ എന്നറിഞ്ഞിട്ട് തീരുമിനിക്കാം എന്നായിരുന്നു അവൻ പറഞ്ഞത്….

ദേവന് ഒരുപട്ടാളക്കാരനാവാനായിരുന്നു ആഗ്രഹം….
അതിനായി പരിശ്രമിക്കുകയും അവന്റെ ആഗ്രഹം പോലെ ഒരു ആർമി ഓഫീസറാവാൻ കഴിഞ്ഞു…..
ആദിക്ക് പോലീസിൽ SI ആയിട്ടും ജോലി ലഭിച്ചു…..

ആദി ജോലി കിട്ടിയ കാര്യം ദേവനെ ഫോണിൽ വിളിച്ച് അറിയിക്കുന്നതിനിടയിലാണ് അവന് അമ്മുവിനെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞത്….
അമ്മുവിന്റെ പഠിത്തം കഴിഞ്ഞിട്ട് മതി എന്ന് വിചാരിച്ചെങ്കിലും അവളുടെ ജാതകത്തിലുള്ള പ്രശ്നം കാരണം വിവാഹം പെട്ടന്ന് തന്നെ വേണം എന്ന് തീരുമാനിക്കുകയായിരന്നു….
നിശ്ചയത്തിന് ദേവന് വരാൻ കഴിഞ്ഞിരുന്നില്ല…..
ഇനി രണ്ടാഴ്ച കൂടെ ഉണ്ട് വിവാഹത്തിന്….

ദേവൻ തന്റെ ജീവനെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു…

…………

നാളെയാണ് അമ്മുവിന്റെ വിവാഹം….
നേരം ഒരുപാടായെങ്കിലും ദേവന് ഉറക്കം വന്നില്ല….

പ്രസവിച്ച് വീണപ്പോൾ മുതൽ വളർന്നത് ആ കൈകളിൽ കിടന്നായിരുന്നു….
നാളെ അവൾ മറ്റൊരു വീട്ടിലേക്ക് ഒരു ഭാര്യയായി മരുമകളായി കയറി ചെല്ലാൻ പോകുന്നു…..
അവളെ പൊന്നു പോലെ നോക്കും എന്ന് ഉറപ്പുള്ള ഒരുത്തനാണ് കൈ പിടിച്ച് കൊടുക്കുന്നതെങ്കിലും നാളെ മുതൽ ഇവിടെ അവളൊരു വിരുന്നുകാരിയായി മാറുമെന്നത് അവന്റെ മനസ്സിനെ ഉലച്ചു കൊണ്ടിരുന്നു….

വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ദേവൻ നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട് നോക്കി….

“അമ്മൂട്ടീ….മോള് ഉറങ്ങിയില്ലായിരുന്നോ..?”

“ഇല്ല….ഞാനിന്ന് ഏട്ടന്റെ കൂടെയാ ഉറങ്ങുന്നത്…”

അമ്മു ദേവന് അടുത്ത് കിടന്നു….

“ഏട്ടാ….എനിക്ക് ഏട്ടന്റെ പാട്ട് കേൾക്കണം….”

“അതിനെന്താ….ഏട്ടൻ പാടി തരാലോ……”

വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
എന്നുമീയേട്ടന്റെ ചിങ്കാരീ

മഞ്ഞുനീർത്തുള്ളിപോൽ നിന്നോമൽ
കുഞ്ഞു കൺപീലിയിൽ കണ്ണീരോ..

……….

സർവ്വാഭരണ വിഭൂഷയായി നിൽക്കുന്ന അമ്മുവിനെ കണ്ട് ദേവന്റെ മനസ്സ് നിറഞ്ഞു…
തന്റെ കാല് തൊട്ട് വന്ദിക്കാൻ പോയ അമ്മുവിനെ അതിനനുവദിക്കാതെ ദേവൻ തന്റെ നെഞ്ചിൽ ചേർത്തു……

ഓഡിറ്റോറിയത്തിലേക്ക് പോവുന്ന വഴിക്കാണ് ദേവന്റെ ഫോൺ റിംങ് ചെയ്തത്……
പെട്ടന്ന് തന്നെ ക്യാമ്പിലേക്ക് തിരിച്ച് എത്താനും ജോയിൻ ചെയ്യാനും ഓഫീസിൽ നിന്നുള്ള അറിയിപ്പായിരുന്നു……
ആ വിവരം ദേവനപ്പോൾ ആരോടും പറഞ്ഞില്ല….

ആദി അമ്മുവിനെ അഗ്നിസാക്ഷിയായി താലിചാർത്തി….

“പൊന്ന് പോലെ നോക്കണേ ടാ….”

കന്യാദാനത്തിന് ആദിയുടെ കൈകളിൽ അമ്മുവിന്റെ കൈ വെച്ച് കൊടുത്ത് ദേവൻ പറഞ്ഞു….
ആദി അതിന മറുപടിയായി അമ്മുവിന്റെ കൈകളെ ഒന്ന് കൂടെ മുറുക്കെ പിടിച്ചു…..

അമ്മു ഇറങ്ങാൻ നേരമാണ് ദേവന് പോവേണ്ട കാര്യം പറഞ്ഞത്..
അമ്മുവും ആദിയും കൂടെ വരാമെന്ന് പറഞ്ഞെങ്കിലും ദേവൻ സമ്മതിച്ചില്ലായിരുന്നു…..
ഒടുവിൽ അമ്മുവിന്റ വാശിക്ക് സമ്മതിക്കേണ്ടി വന്നു…..

തനിക്കരികിൽ നിൽക്കുന്ന അമ്മുവിന്റെ നെറ്റിൽ സ്നേഹ ചുംബനം നൽകി ആദിയെ ഒന്ന് പുണർന്ന് ദേവൻ ട്രെയിനിൽ കയറി…..
ട്രെയിൻ നീങ്ങി തുടങ്ങുമ്പോഴും ദേവൻ അമ്മുവിനേയും ആദിയേയും മതിവരാതെ നോക്കിക്കൊണ്ട് നിന്നു…..

……….

പ്രധാന വാർത്തകൾ..

കാശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ ആറ് തീവ്രവാദികളെ വധിച്ചു..
രണ്ട് ജവാൻമാർക്ക് വീരമൃത്യു…..

രണ്ട് ദിവസത്തിന് ശേഷമുള്ള ന്യൂസ് ചാനലുകളിലെ വാർത്ത ഇതായിരുന്നു….
വീരമൃത്യു വരിച്ച ജവാൻമാരുടെ ഫോട്ടോ ചാനലുകളിലും പത്രങ്ങളിലും വന്നു….
അതിലൊരു ചിത്രം നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ദേവ്ജിത്തിന്റെതും……

“അമ്മൂട്ടീ….ഒരിക്കലും ഒരു പട്ടാളക്കാരന്റെ മൃതദേഹത്തിനരികിൽ നിന്ന് സങ്കടപ്പെടാനോ കരയാനോ പാടില്ല…..
നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനിടെ മരണം വരിച്ച ധീരൻമാരാണ് അവർ….
അവരെ ഓർത്ത് എന്നും അഭിമാനിക്കാനെ പാടുള്ളൂ….”

ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ ദേവന്റെ മൃതദേഹം ഏറ്റു വാങ്ങുമ്പോൾ അമ്മു ഓർത്തത് ഒരിക്കൽ ദേവൻ പറഞ്ഞ വാക്കുകളായിരുന്നു…..
അവൾ കരഞ്ഞില്ല….
പകരം തന്റെ ഏട്ടന്റെ നെറ്റിയിൽ ചുംബിച്ചു….
അത്രയും സ്നേഹത്തോടെ ദേവന് അവന്റെ അമ്മൂട്ടി നൽകിയ അവസാനത്തെ ചുംബനം…….

………

“അപ്പോൾ ഇനി മഹാദേവ് പറയൂ….നിനക്ക് വലുതാവുമ്പോൾ ആരാകാനാണ് ആഗ്രഹം…?”

ടീച്ചറുടെ ചോദ്യത്തിന് ആ ഏഴാം ക്ലാസുകാരൻ മറുപടി പറഞ്ഞു…

“ടീച്ചർ…എനിക്കൊരു പട്ടാളക്കാരനായാൽ മതി…..”

……

വർഷങ്ങക്കിപ്പുറം ചുമരിൽ തൂക്കിയ ദേവ്ജിത്തിന്റെ ചിത്രത്തിനരികെ ആ ചെറുപ്പക്കാരൻ നിന്നു…..

“വല്ല്യ പപ്പേ….ഞാനും ഇന്ന് പപ്പയെ പോലെ ഒരു പട്ടാളക്കാരനായി….
എന്റെ അമ്മയ്ക്ക് കൊടുത്ത വാക്ക് ഞാൻ പാലിച്ചു…..
എന്റെ രാജ്യത്തെ സംരക്ഷിക്കുക എന്ന എന്റെ കടമ ഞാൻ നിറവേറ്റും….
എന്റെ മരണം വരെ…..”

മഹാദേവ് എന്ന മഹി മനസ്സിൽ കുറിച്ച് വെച്ചു….

“മഹീ…സമയമായി….ഇറങ്ങാം…”

ആദവ് പറഞ്ഞത് കേട്ട് മഹി തലയാട്ടി പുറത്തേക്ക് ഇറങ്ങി……

……

“അമ്മൂട്ടീ……”

ട്രെയിനിൽ കയറാൻ നേരം മഹി അഭിരാമിയെ വിളിച്ചു….
അവളവന്റെ കവിളിലൊന്ന് സ്നേഹത്തോടെ മുത്തി….

“അമ്മേടെ പ്രാത്ഥന എപ്പോഴും കൂടെ ഉണ്ടാവും ദേവാ….”

അവന്റെ തലയിൽ തലോടികൊണ്ട് പറഞ്ഞു…..

നീങ്ങി തുടങ്ങുന്ന ട്രെയിനിൽ കൈവീശി യാത്ര പറയുന്ന മഹിയെ അഭിരാമി ഒന്ന് നോക്കി…..
അവന് പിന്നിൽ ദേവ്ജിത്ത് തന്നെ നോക്കി ചിരിക്കുന്ന പോലെ തോന്നി അവൾക്ക്…..

വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
എന്നുമീയേട്ടന്റെ ചിങ്കാരീ

മഞ്ഞുനീർത്തുള്ളിപോൽ നിന്നോമൽ
കുഞ്ഞു കൺപീലിയിൽ കണ്ണീരോ

ദേവന്റെ സ്വരം തനിക്ക് ചുറ്റും നിറയുന്നത് പോലെ തോന്നി…..

“ദേവേട്ടാ…..”

അവൾ അവന്റെ പേര് ഉരുവിട്ട് കൊണ്ട് ആദിയുടെ നെഞ്ചിലേക്ക് ചാഞ്ഞു…..

………

അവസാനിച്ചു…