ജാസ്മിനെ തൃപ്തിപ്പെടുത്താനോ അവളുടെ ആഗ്രഹങ്ങളെ പരിപാലിക്കാനോ അയാൾക്ക് ആയില്ല.. വിവാഹത്തിന്റെ ആദ്യകാലങ്ങളിൽ…

രണ്ട് കെട്ടി കുടുങ്ങിയ ഭർത്താവ്
(രചന :വിജയ് സത്യ)

സുലൈഖ തന്നെ വീണ്ടും ഇഷ്ടപ്പെടുമോ… ആ പഴയ സ്നേഹം ഇപ്പോഴും കാണിക്കുമോ…
ഒരുപക്ഷേ ആട്ടിയിറക്കിയേക്കാം.. അത്ര ക്രൂരതയാണ് താൻ അവളോട് ചെയ്തത്…
ഏതായാലും അവളെ കാണുക തന്നെ.. പ്രതികരണം എന്തായാലും താൻ ഉൾക്കൊണ്ടേ പറ്റൂ…

സുബൈർ കോഴിക്കോട് ടൗണിൽ ഉള്ള തന്റെ ഭാര്യ സുലൈക്കാന്റെ പുതിയ ഫ്ലാറ്റ് കണ്ടുപിടിച്ചു അങ്ങോട്ട് കയറിച്ചെന്നതായിരുന്നു…

നാലുമാസം മുമ്പ് അവളുടെ നിക്കാഹ് വേറൊരാളുമായി കഴിഞ്ഞ വാർത്തയാണ് കേട്ടത്.. കഴിഞ്ഞ ആഴ്ച അവളും ഭർത്താവും ദുബായിക്ക് പോയത്രെ…

സുബൈറിനെ കണ്ടപ്പോൾ സംസാരിക്കുന്ന ഫോൺ ഹോൾഡ് ചെയ്ത് സുലൈക്കാന്റെ ഉമ്മ അത് പറഞ്ഞപ്പോൾ സുബൈർ കണ്ണീർ വാർത്തു…

എല്ലാം നീയായിട്ടു വരുത്തി വച്ചതല്ലേ…ആ.. മാറിമായക്കാരിത്തി തമിഴത്തിപെണ്ണിനെ കണ്ടപ്പോൾ നീ, പൊന്നുപോലെ നോക്കിയ നിന്റെ സുലൈഖാനെ മറന്നില്ലേ…. മോൻ യാസീനെ മറന്നില്ലേ…… കല്യാണം കഴിച്ച സമയത്ത് എത്ര കഷ്ടപ്പാടിൽ ഉണ്ടായിരുന്നതായിരുന്നു നീ.. ആ നിന്നെ കൂടെ നിന്ന് സഹായിച്ചു ഒരു നിലയിലേക്ക് എത്തിച്ചപ്പോൾ നീ എല്ലാം മറന്നില്ലേ… എന്റെ മോള് നിനക്ക് ആരുമല്ലാണ്ടു ആയില്ലേ.. ഒരു തുണ്ട് കടലാസ് എഴുതി വെച്ചിട്ട് പോകുന്ന ബന്ധമേ നിങ്ങൾ തമ്മിൽ ഉണ്ടായുള്ളൂ.. പിന്നെന്തിന് ഇപ്പോൾ ഇങ്ങോട്ട് വന്നത്.. അവൾ പോയി… നിനക്ക് നിന്റെ ഇഷ്ടപ്പെട്ടവളുടെ കൂടെ പോകാമെങ്കിൽ അവൾക്ക് അവളുടെ ഇഷ്ടപ്പെട്ടവന്റെ കൂടെ ഗൾഫിൽ പോയി… ദേ അവളുമായിട്ട് ഞാൻ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ ഫോണിൽ…ആ അനുഭവിച്ചോ….നീ കേട്ടിട്ടില്ലേ
വേലി ചാടുന്ന പശൂന് കോല് കൊണ്ട് മരണം…

ഇത് പശുവല്ല ഉമ്മ മൂരിയാണ്…

ഫോണിന്റെ മറുതലയ്ക്ക് നിന്നും സുലൈഖ പറഞ്ഞു…

അത് കേട്ട് ഉമ്മ പൊട്ടിച്ചിരിച്ചു…

ഒന്നും പറയാതെ അവിടെനിന്ന് ഇറങ്ങി…

അയാൾ ഓർത്തു….തന്റെ ചെയ്തികളാണ് എല്ലാത്തിന്നും കാരണം..

സ്നേഹനിധിയായ ഭാര്യ സുലൈഖയും പിന്നെ തന്റെ ഓമനയായ മകനും ഒത്തു ജീവിക്കാൻ വരുമാനമാർഗമായി ഉണ്ടായ നല്ലൊരു കടയുമായി മുന്നോട്ടു പോയിരുന്ന താനെങ്ങനെയാണ് ഇങ്ങനെ ആയത്.. സുബൈർ തന്റെ
ഓർമ്മയിലേക്ക്…പോയി

 

അന്നും പതിവുപോലെ സുബൈർ തന്റെ ഫാൻസി ഷോപ്പ് തുറന്നു…

9 മണിക്ക് വന്ന് കട തുറന്ന് സാധനങ്ങളൊക്കെ പുറത്തെടുത്ത് വച്ച് എല്ലാം സെറ്റ് ആക്കി വന്നപ്പോൾ പത്തുമണി കഴിഞ്ഞു..

സുബൈറിന്റെ കടയുടെ നേരെ ഇടതുവശത്താണ് പണ്ടത്തെ ഓശാൻ ഹമീദ്ക്കയുടെ മകൻ റഹീം കുട്ടി നടത്തുന്ന ബാർബർ ഷോപ്പ്..

സുബൈർ അങ്ങോട്ട് നോക്കി…

ബാർബർ ഷോപ്പിൽ ജാസ്മിൻ വന്നിട്ടുണ്ട്… അവളുടെ രണ്ട് ഇരട്ട പെൺകുട്ടികളുടെ മുടി കട്ടാക്കാൻ ഉണ്ടാകും…..

ഇടയ്ക്കിടെ അവൾ കുട്ടികളെ കൂട്ടി അവിടെ വരാറുണ്ട്.. പിന്നെ തന്റെ ഫാൻസി ഷോപ്പിലും വരും… അവൾ ഒരു ടൈലർ ആണ്… നാട്ടിൽ ഉള്ള പെൺകുട്ടികളുടെ ചുരിദാറും മറ്റും അടിക്കുമ്പോൾ അതിന് വേണ്ടുന്ന കശവും മറ്റു ഡിസൈനും പിന്നെ പിന്നും ബട്ടൺസും എന്ന് വേണ്ട ഒരു ടൈലർക്കു ആവശ്യമുള്ളതൊക്കെ തന്റെ കടയിൽ നിന്നാണ് വാങ്ങിക്കാറുള്ളത്…
അതുകൊണ്ടുതന്നെ അവൾ തന്റെ കടയിലെ നിത്യ സന്ദർശകയാണ്..

ആ വഴിക്ക് സുബൈറിന് ജാസ്മിനുമായി ഒരു അടുപ്പം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്..
മാദകത്വം തുളുമ്പുന്ന അവളുടെ മുഖവും വടിവത്ത ശരീരവും ഏതൊരു പുരുഷന്റെയും ഉറക്കം കെടുത്തുന്നതാണ്… സ്വാഭാവികമായും അടുത്തിടപഴുകാൻ ഒരുപാട് അവസരം കിട്ടിയ ആൾ എന്ന നിലയിൽ സുബൈറും അതിൽ വീണുപോയി.. അവളുടെ പുഞ്ചിരി, അവളുടെ മുഖത്ത് വിരിയുന്ന നവരസങ്ങൾ, നടക്കുമ്പോഴുള്ള അവളുടെ മെയ് വഴക്കം ഇതൊക്കെ ഏതൊരാണിലും അനുരാഗം ജനിപ്പിക്കും..
അവൾ കൊണ്ടുപോകുന്ന സാധനങ്ങളുടെ വിലയൊന്നും വാങ്ങിക്കാറില്ല.. ജാസ്മിനും സുബൈറിനെ ഏറെ ഇഷ്ടമാണ്..

ഈ ജാസ്മിന്റെ അബ്ദു എന്ന ഭർത്താവ് ഉണ്ട്..ഒരു സാധുവാണ്.. അത്ര വാർദ്ധക്യം ഇല്ലെങ്കിലും വൃദ്ധനെ പോലെ മെലിഞ്ഞുള്ള രൂപം.അസുഖം കാരണം പണിക്കൊന്നും പോകാറില്ല.. കിട്ടുന്ന കാശിന് മദ്യപാനം ഉള്ളതുകൊണ്ട് തന്നെ ജാസ്മിന് അയാളുമൊത്തുള്ള ജീവിതം ദുസഹം ആയിരുന്നു…കൂട്ടുകുടുംബമുള്ള അയാളുടെ തറവാട്ടു വീട്ടിൽ നിൽക്കാതെ അവിടെനിന്നും ഇറങ്ങി മാവും തൊടിയിലുള്ള അവളുടെ വീട്ടിൽ ആണ് ഇപ്പോൾ താമസം…. ടൈലറിംഗ് അറിയുന്നതുകൊണ്ട് അല്ലൽ ഇല്ലാണ്ട് കഴിയുന്നു… ജാസ്മിന്റെ ഉമ്മ മുത്തുപ്പേട്ട കാരി ആയതുകൊണ്ട് തന്നെ ജാസ്മിന് തമിഴ്നാടുമായി ഒരു ചെറിയ ബന്ധമുണ്ട്..
ഇവിടെ ഉമ്മ മരിച്ചതിനുശേഷം ഒറ്റയ്ക്ക് താമസിക്കുമ്പോൾ മുത്തുപേട്ടയിൽ നിന്നും കുടുംബക്കാർ അങ്ങോട്ട് ക്ഷണിച്ചതാണ് അവിടെ പോയി താമസിക്കാൻ… പക്ഷേ ജാസ്മിന് അവളുടെ കുഞ്ഞുനാളിലെ മരിച്ചുപോയ ഉപ്പാന്റെ ആ കൊച്ചു വീട്ടിൽ നിന്നും കേരളത്തിന്റെ സംസ്കാരം മറന്നു അങ്ങോട്ട് പോയി ജീവിക്കാൻ മനസ്സില്ല.. ചെറുപ്പത്തിലെ കട്ടിങ് ക്ലാസിനു പോയി ടൈലറിംഗ് പഠിച്ചത് കൊണ്ട് പറക്കും മുറ്റാത്ത ആ കുഞ്ഞുങ്ങളും ഒത്തു അവൾ ആ വീട്ടിൽ കഴിഞ്ഞു..

തോന്നുന്ന ഏതെങ്കിലും സമയത്ത് ഈ ഭർത്താവ് അബ്ദു ജാസ്മിന്റെ വീട്ടിൽ കയറി വരും.. മദ്യപിക്കാൻ കാശ് ചോദിച്ചു വഴക്കാവും…
സഹികെട്ട് ജാസ്മിൻ വച്ചുകൊടുക്കുന്ന എന്തെങ്കിലും കാശുകൊണ്ട് അയാൾ ഉടനെ ഷാപ്പിലേക്ക് ചെല്ലും…

സൗന്ദര്യവതിയും അത്രതന്നെ ആരോഗ്യവും ഉള്ള ജാസ്മിനെ തൃപ്തിപ്പെടുത്താനോ അവളുടെ ആഗ്രഹങ്ങളെ പരിപാലിക്കാനോ അയാൾക്ക് ആയില്ല..

വിവാഹത്തിന്റെ ആദ്യകാലങ്ങളിൽ വളരെ നല്ല ജീവിതം നയിച്ച അയാൾ ആ സമയത്ത് നൽകിയതാണ് ആ രണ്ട് ഇരട്ടക്കുട്ടികളെ…

സ്വന്തമായി ജോലിക്ക് പോകാതെ വച്ചിട്ടും മദ്യപാനവും ശീലമാക്കിയതോടുകൂടി അയാൾ തകർന്നു..ഇപ്പോൾ രോഗിയുമായി…

ഫാൻസിയുടെ കൗണ്ടറിലിരുന്ന് അങ്ങനെ ജാസ്മിനെ കുറിച്ച് ആലോചിക്കവേ..

ജാസ്മിന്റെ ചിരി ബാർബർ ഷോപ്പിൽ മുഴങ്ങി കേട്ടു…. അതോടെ സുബൈറിന്റെ മനസ്സ് വല്ലാതായി…. അവൻ ആളത്ര ശരിയല്ല…. ബാർബർ ഷോപ്പിലെ ആ റഹീംകുട്ടി…

അയാൾക്ക് പിന്നെ ഫാൻസി കൗണ്ടറിൽ ഇരിപ്പുറചില്ല…

മുടി ഒന്ന് ചീകി നേരെയാക്കാൻ എന്ന വ്യാജേന സുബൈർ അവിടുന്ന് എണീറ്റ് നടന്നു ബാർബർഷോപ്പിനകത്ത് കയറി..

എന്താ റൈച്ചൂട്ടി രാവിലെ തന്നെ ഒരു വളിച്ച കോമഡി…

സുബൈർ ആക്കികൊണ്ട് റഹീം കുട്ടിയോട് ചോദിച്ചു..

ജാസ്മിൻ ഒന്നു ചിരിച്ചു..

ഏയ്, വലിച്ച കോമഡി അല്ല ഇത് ഹിറ്റായ കോമഡിയാണ്… ഉസ്താദ് ഹോട്ടലിൽ നമ്മുടെ ഡി ക്യു,ദുൽഖർ തിലകൻ ചേട്ടനോട് പറയുന്നത്…

ഉം…. നടക്കട്ടെ..

സുബൈർ ഒന്ന് അമർത്തി മൂളി

എന്നിട്ട് സുബൈർ കുട്ടികളുടെ മുടി കട്ട് ആക്കുന്ന റഹീം കുട്ടിയെ ശ്രദ്ധിച്ചു..
കണ്ടോ… അവന്റെ ശ്രദ്ധ മുഴുവൻ നേരിട്ടല്ലെങ്കിലും കണ്ണാടിയിൽ കൂടി കാണുന്ന ജാസ്മിന്റെ ദേഹത്താണ്……
ആളൊരു തുരപ്പൻ ആണ്… അവൻ എന്തൊക്കെയോ കോമഡി അടിച്ചു ജാസ്മിനെ ചിരിപ്പിക്കുകയാണ്… അത് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും തങ്ങൾ തമ്മിലുള്ള അടുപ്പം അത്ര പരസ്യം ആകാതിരിക്കാനും വേണ്ടി സുബൈർ ഒരു ചെറുപുഞ്ചിരി മാത്രം ചുണ്ടിൽ ഒതുക്കി അവളെ നോക്കി തലയാട്ടി കാണിച്ചു…

ജാസ്മിന് കാര്യം പിടികിട്ടി.. സുബൈർക്ക കലിപ്പിലാണ്…

റെയ്ച്ചൂട്ടി കുട്ടികളെ മുടി കട്ടാക്കുന്നതിനിടയിൽ കണ്ണാടിയിൽ കൂടി ത്തന്നെ നോക്കി വെള്ളം ഇറക്കുന്നതു സുബൈർ കണ്ടു..

കുട്ടികളുടെ രണ്ടുപേരുടെയും മുടി കട്ട് ചെയ്ത ശേഷം റഹീം കുട്ടിയുടെ കാശും കൊടുത്തു ജാസ്മിൻ കുട്ടികളെയും കൊണ്ട് സുബൈറിന്റെ ഫാൻസിൽ ചെന്നു..

അവളെ കണ്ടപ്പോൾ സുബൈറിന്റെ കണ്ണുകൾ തിളങ്ങി…

അവളിലും അനുരാഗ മഴ പെയ്തിറങ്ങി..

ഇക്ക എപ്പോഴാ എന്നെ കെട്ടുന്നത്…

അയിന് നിന്റെ മാപ്പിള മൊഴി ചൊല്ലിയില്ലല്ലോ…

രാത്രി ഇങ്ങള് ഒളിച്ചും പാത്തും വീട്ടിൽ വന്ന് എന്റെ കൂടെ കേറിക്കിടക്കുമ്പോൾ മൊഴി ചൊല്ലിയ കാര്യമൊന്നും വേണ്ടല്ലോ…

പിന്നെ.. ഞാൻ… അത് ജാസ്മിൻ… പിന്നെ ഞാൻ….അത്..

വേണ്ട തപ്പി തടയേണ്ട… ഇനി എന്നെ കെട്ടിയിട്ട് മതി എല്ലാം…

ആയിക്കോട്ടെ…അയ്ന് അന്റെ മാപ്ല അന്നേ ചൊല്ലേട്ടെ…

ഉം..

ജാസ്മിൻ സങ്കടത്തോടെ ഒന്ന് മൂളി

പിന്നെ അവൾ സുബൈറിന്റെ കടയിൽ നിന്നും അവൾക്ക് വേണ്ടുന്ന ഫാൻസി സാധനങ്ങളൊക്കെ എടുത്തു, സുബൈറിനോട് യാത്ര പറഞ്ഞു കുട്ടികളെയും കൊണ്ട് വീട്ടിലേക്ക് തിരിച്ചു..

ജാസ്മിന്റെ കണക്കൂട്ടലുകൾ തെറ്റിയില്ല..
ഭർത്താവ് അബ്ദു വന്നു…

അയാൾ അവളോട് കാശിനു ചോദിച്ചു… അവർ അഞ്ചിന്റെ ചില്ലി കാശ് നൽകിയില്ല…
അയാൾ അവളെ ചീത്ത വിളിക്കാൻ തുടങ്ങി.. അവളും അയാളെ വായിൽ തോന്നുന്നത് വിളിച്ചു…

രണ്ടുപേരുടെയും ബഹളം കേട്ട് കുട്ടികൾ ഉച്ചത്തിൽ കരയാൻ തുടങ്ങി…

എടോ അബ്ദു എന്ന മര മണ്ടൂസേ… തനിക്ക് എന്നെ മൊഴിചൊല്ലി കൂടെ… എന്തിന് ഇങ്ങനെ പണിയില്ലാണ്ട് കള്ളും കുടിച്ച് തെണ്ടി തിരിഞ്ഞു നടക്കുന്ന മാപ്പിള എനിക്ക്… എന്നെ തലാക്ക് ചെല്ലടോ… നീ ആണായിട്ട് പിറന്നാളാണെങ്കിൽ….
എനിക്കും ജീവിക്കണം നിന്നെപ്പോലുള്ള ഒരു വൃത്തികെട്ടവനെ കല്യാണം കഴിച്ചു എന്നതുകൊണ്ട് എന്റെ ജീവിതം ഇങ്ങനെ നശിക്കുകയാണ്… നിനക്ക് രക്ഷപ്പെടാൻ ആവില്ല എന്നതുകൊണ്ടല്ലേ നീ കുടിച്ചു നശിക്കുന്നത്.. ഞങ്ങളെയെങ്കിലും രക്ഷിച്ചു നിനക്ക് പോയിക്കൂടെ…

അതും പറഞ്ഞു അവൾ അയാളെ കുറേ ശകാരിച്ചു…

അവളുടെ ആദ്യമായി ഉള്ള ആ വാക്കുകൾ കേട്ട് അയാൾ ഒത്തിരി ആലോചിച്ചു…

സുന്ദരിയായ ഭാര്യയെയും കുരുന്നു പോലുള്ള രണ്ട് കുട്ടികളെയും കൊണ്ട് തനിക്കൊരു ജീവിതം നയിക്കാൻ ആവുന്നില്ല.. തന്റെ ഈ നശിച്ച ലോകത്ത് ഇവരെ കൂടി എന്തിന് നശിപ്പിക്കുന്നു
എന്തുകൊണ്ട് ഇവരെ സ്വതന്ത്രരാക്കിക്കൂടാ… ഇവരെങ്കിലും നന്നായി ജീവിക്കട്ടെ…

ഒടുവിൽ അയാൾ അവൾക്ക്
തലാക്ക് നൽകാൻ തീരുമാനിച്ചു..

ഒരുതലാക്ക്..

രണ്ടു തലാക്ക്..

മൂന്നു തലാക്ക്..

മുത്തലാക്ക്….

കരഞ്ഞ് തേങ്ങുന്ന കുട്ടികളുടെ ഏങ്ങലടികളുടെ പാശ്ചാത്തലത്തിൽ അവിടെ വിവാഹമോചനം നടന്നു..

പരലോകത്ത് പടച്ചവന്റെ സിംഹാസനം ഒന്നു കുലുങ്ങി..

അബ്ദു ഭാര്യ ജാസ്മിനെ തലാക്ക് ചൊല്ലിയ വാർത്ത നാടകെ പരന്നു…

അന്ന് രാത്രി സുബൈർ തന്റെ മീൻ വലയെടുത്ത് ഭാര്യയോട് കതകടച്ചു കിടന്നോളൂ എന്ന് പറഞ്ഞു..

മാവും തൊടിയിലെ പുഴയെ ലക്ഷ്യമാക്കി നടന്നു…

പിറ്റേന്ന്

പത്താം ക്ലാസ് പഠിക്കുന്ന യാസീൻ തന്റെ സൈക്കിളിൽ ഓടിക്കിതച്ചു വീട്ടിൽ വന്നു നിന്നു..

സൈക്കിൾ സ്റ്റാൻഡിൽ ഇടാതെ കൈവിട്ട് നേരെ വീട്ടിലേക്ക് കയറി..

ഉമ്മ…..ഉമ്മാ…

പുറത്ത് സൈക്കിൾ വീഴുന്ന ശബ്ദവും കൂടെ യാസീൻ മോന്റെ…”.ഉമ്മ…”..എന്ന അലർച്ചയും കേട്ട് സുലൈഖ വേഗം അടുക്കളയിൽ നിന്നും വീടിന്റെ മുൻവശത്തേക്ക് ഓടിവന്ന് എത്തിനോക്കി…

ഉം…എന്തടാ…മോനു….

കലി കയറിയ മുഖത്തോടെ മകൻ യാസീൻ…

ഉമ്മാ….ബാപ്പാനെ പിടിച്ച് അവര് കല്യാണം കഴിപ്പിച്ചു…

റബ്ബേ…ആര്…

മാവും തൊടിയിലെ നാട്ടുകാരു….

മാവും തൊടിയിലെ നാട്ടുകാരോ… ആരെക്കൊണ്ട് കെട്ടിച്ചത്….
നീ എന്താ മോനെ ഈ പറയുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല..

ഉമ്മ…….മാവും തൊടിയിലെ ഒരു ഉമ്മച്ചിയുടെ വീട്ടിൽ ബാപ്പ എപ്പോഴും പോകാറുണ്ടത്രെ… അവര് തമ്മിൽ പ്രേമത്തിൽ ആണത്രേ..
ഇന്നലെ രാത്രി പോയപ്പോൾ വീടിനകത്ത് പുറത്തുനിന്ന് പൂട്ടിയിട്ട് പിടികൂടിയിട്ട് നാട്ടുകാരെല്ലാം പിടിച്ച് കെട്ടിച്ചു..

എന്റെ പടച്ചോനെ ഞാൻ എന്താ ഈ കേക്കണേ…
രാത്രി ഇക്കാ ഇടയ്ക്കിടെ മാവും തൊടിയിലെ പുഴയിൽ നിന്നും കരിമീനും വരാലും പിടിക്കാൻ ആണെന്ന് പറഞ്ഞു വലയെടുത്ത് പോകുന്നത് ഇതിനായിരുന്നോ…

ആ… ആയിരിക്കാം…

ചെക്കൻ കലിപ്പോടെ പറഞ്ഞു..

എന്നിട്ട് ഇന്നലെ രാത്രിയിൽ വന്നിട്ട് ഇന്ന് നേരം വെളുക്കും വരെ എന്റെ കൂടെ കിടന്നിട്ടും ഒന്നും പറഞ്ഞില്ല ആ ഹറാം റാം പിറന്നാൾ…

സുലൈഖ പതം പറഞ്ഞു കരഞ്ഞു..

ഇങ്ങു വരട്ടെ വെച്ചിട്ടുണ്ട്..

ഇനി വരുമോ…

യാസീൻ സംശയം പ്രകടിപ്പിച്ചു..

ആട്ടെ നിന്നോട് ആരാ പറഞ്ഞത്…

ഉമ്മാ…ഇവിടെ കവലയിൽ എല്ലാവരും സംസാരിക്കുന്നുണ്ട്… എന്നോട് എന്റെ കൂട്ടുകാർ ചോദിച്ചു..

നിന്റെ വാപ്പ വേറെ കെട്ടി അല്ലെ … എന്ന്..

സുലൈഖയ്ക്ക് ഇപ്പൊത്തന്നെ സുബൈറിന്റെ ഫാൻസി കടയിൽ ചെന്ന് ചോദിക്കണം എന്നുണ്ട്..

അന്ന് രാത്രി ഏറെ ആയിട്ടുംസുബൈർ വീട്ടിലെത്തിയില്ല…

ഫോൺ വിളിച്ചിട്ട് കിട്ടുന്നുമില്ല..

അള്ളാ… അവളുടെ കൂടെ പൊറുതിയും തുടങ്ങിയോ..

സുലൈഖ ആധിയായി..

നേരം വൈകുവോളം അവൾ സുബൈറിനെ പ്രതീക്ഷിച്ചു കാത്തിരുന്നു..

മകന് അത്താഴം നൽകിയ ശേഷം അവൾ സുബൈറിനുള്ള അത്താഴം വിളമ്പിവച്ച് തീൻ മേശയിൽ കാത്തിരുന്നു..

പാതിരാത്രിയും കഴിഞ്ഞു.. ഉറക്കം കൂടിയപ്പോൾ എപ്പോഴോ അവൾ പോയി കിടന്നു…

രാവിലെ തന്നെ അവൾ സുബൈറിന്റെ ഫാൻസി കടയിൽ ചെന്നു…

സുലൈഖയെ കണ്ടപ്പോൾ റഹീംകുട്ടി കടയുടെ ചാവി നൽകിയിട്ട് പറഞ്ഞു… സുബൈർക്കാ ജാസ്മിന്റെയും കുട്ടികളെയും കൂടെ മുത്തുപേട്ടയിലേക്ക് പോയി.. പോകുന്നതിനു മുമ്പായി ചാവി എന്റെ കയ്യിൽ തന്നിട്ടു നിങ്ങളെ ഏൽപ്പിക്കാൻ പറഞ്ഞു… ജാസ്മിന്റെ വീടും പറമ്പും അന്നേ ഹാജിയാർക്ക് എഗ്രിമെന്റ് ആയിരുന്നു. ജാസ്മിൻ കാശും കൊണ്ടു മുത്തുപ്പേട്ടയിലേക്ക് പോകവേ സുബൈർക്കായെയും കൂടെ കൂട്ടുകയായിരുന്നു

ഒരു ഇടിച്ചു പോലെ ആ വാക്ക് സുലൈഖയുടെ കാതിൽ വന്നു വീണു..

റഹീംകുട്ടി നൽകിയ ചാവി വാങ്ങിച്ചു ഒരു യാന്ത്രികം എന്നോണം അവള് ഫാൻസി തുറന്നു…

കൗണ്ടറിൽ എത്തിയപ്പോൾ അവിടെ ഒരു കടലാസ് തുണ്ട് തനിക്കായി എഴുതി വച്ചത് പോലെ കണ്ടു..

പ്രിയപ്പെട്ട സുലൈഖ… ജാസ്മിനും ഞാനും സ്നേഹത്തിലായിരുന്നു.. ഇനിയുള്ള കള്ളം അവൾക്കൊരു ജീവിതം കൊടുക്കാൻ ആഗ്രഹിക്കുന്നു. നിനക്ക് ജീവിക്കാനുള്ള വക ഇവിടെ ഇരുന്നാൽ ലഭിക്കും.. ഇത് നന്നായി കൊണ്ടുപോയാൽ മാത്രം മതി.. മകനെ പഠിപ്പിക്കുക.. ഞാൻ ഒരു അത്യാവശ്യത്തിനായി ഒരിടം വരെ പോകുകയാണ്.. പടച്ചവൻ അനുവദിച്ചാൽ വീണ്ടും കാണാം..

അത് വായിച്ചപ്പോൾ സുലൈഖ സങ്കടം കൊണ്ട് വിങ്ങി പൊട്ടി…

ജീവിതം ഇവിടെ അവസാനിപ്പിച്ചാലോ എന്ന് പോലും തോന്നിപ്പോയി.. സഹനശക്തി പഠിപ്പിക്കുന്ന ഒരു സമൂഹത്തിന്റെ കണ്ണിയാണ് താൻ.. ജീവനും ജീവിതത്തിനും നിലനിൽപ്പിനും പ്രതിബന്ധം വന്നാൽ പോലും തളരാതെ പൊരുതി നിൽക്കുന്ന കുടുംബ പാരമ്പര്യമുള്ളവളാണ് താൻ..

അതുകൊണ്ടുതന്നെ..
പക്ഷേ അവൾ തളർന്നില്ല..
അയാളോടുള്ള വാശിയും പകയും കൊണ്ട് അവൾക്ക് ജീവിക്കണമെന്ന് തന്നെ തോന്നി…

തുടർന്ന് അവൾ എന്നും വീട്ടിലെ ജോലി തീർത്ത ശേഷം അവൾ ഫാൻസി തുറന്നു കച്ചവടം നടത്തി…

വീടും പുരയിടവും അവളുടെ പേരിലാണ് സുബൈർ വാങ്ങിയത്..

അതുകൊണ്ടുതന്നെ സുബൈർക്ക തിരിച്ചു വന്നാൽ അവൾ അകത്തുകയറ്റില്ല എന്ന് ശപഥം ചെയ്തു..

വർഷം ഒന്നു കഴിഞ്ഞു..

ഇതേസമയം മുത്തുപേട്ടയിൽ പോയ സുബൈർ ജാസ്മിന്റെ പുരയിടവും മറ്റും
വിറ്റ് കിട്ടിയ കാശ് കൊണ്ട് ഒരു ഫാൻസി സെന്റർ അവിടെ തുടങ്ങിയെങ്കിലും അതിൽ വലിയ വരുമാനം ഉണ്ടായില്ല..

കുട്ടികളെയാണെങ്കിൽ അവിടുത്തെ ഒരു മികച്ച സ്കൂളിലാണ് പഠനത്തിനായി ചേർത്തത്.. വൻതോതിൽ ഉള്ള ഫീസും സ്കൂൾ ബസ് വാടകയും താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ മറ്റു ചിലവുകൾക്കും സുബൈറിന് പണം കണ്ടെത്താൻ പറ്റാതായി.. ക്ലേശങ്ങൾ വർധിച്ചപ്പോൾ മറക്കാനായി
ഇതിനിടെ മദ്യപാനം തുടങ്ങി…

മദ്യത്തിന്റെ ലഹരി കെട്ടടങ്ങുമ്പോൾ അവൻ ആലോചിച്ചു.. സുലൈഖയുടെ കൂടെ കഴിയുമ്പോൾ വെച്ചടി വെച്ചടി കയറ്റം ആയിരുന്നു.. ഇവളെ കെട്ടിയപ്പോൾ തൊട്ട് ഒരു പുരോഗതിയും മേൽക്കുമേൽ ഇല്ലാതെ ഇവളുടെ പഴയ ഭർത്താവിനെ പോലെ തന്നെ താനും നശിക്കാൻ തുടങ്ങി..

ആ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന റൂമിൽ തന്നെ ജാസ്മിൻ ടൈലറിങ് ചെയ്യുന്നതുകൊണ്ടാണ് ഇപ്പോൾ കഴിഞ്ഞു കൂടുന്നത്..

ജാസ്മിന് പഴയപോലെ സ്നേഹം ഒന്നും ഇപ്പോൾ സുബൈറിനോട് ഇല്ല..

ഫാൻസി കടയ്ക്ക് വേണ്ടി കിട്ടിയ കാശു കളഞ്ഞത് കൊണ്ട് ജാസ്മിൻ ഇപ്പോൾ സുബൈറിനോട് കലിപ്പാണ്…

കുടുംബത്തിൽ പ്രാരാബ്ദം വർദ്ധിച്ചപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ സുബൈർ കുഴഞ്ഞു…

നാട്ടിലോട്ട് തിരിച്ചു പോയാലോ… സുലൈക്കയോട് മാപ്പ് പറഞ്ഞ് കാലുപിടിച്ച് അവളോട് കഴിയാം.. നാട്ടിലെത്തിയാൽ തനിക്ക് തന്നെ നാട്ടിലുള്ള പഴയ ജീവിതം തുടങ്ങാം നാട്ടിലുള്ള തന്റെ ഫാൻസിയിൽ കടയിൽ ജോലി ചെയ്യുകയും ആവാം..

ജാസ്മിനോടും കുട്ടികളോടും നാട്ടിൽ പോകുന്ന കാര്യം പറയാതെ അവരെ ആ അപ്പാർട്ട്മെന്റിലാക്കി ആരുമറിയാതെ സുബൈർ കേരളത്തിലേക്ക് തിരിച്ചു

 

നാട്ടിലെത്തിയ സുബൈറിന്റെ ശരീരത്തിന് കുറെ നേരമായി മദ്യം കുടിക്കാത്തതും മൂലമുണ്ടായ വിറയൽ ഉണ്ടായി..
അതിൽ നിന്നും രക്ഷപ്പെടാൻ നാട്ടിലുള്ള ചന്തു മൂപ്പന്റടുത്ത് ചെന്ന് പെഗ് ഫിറ്റ് ചെയ്തു… എന്നിട്ട് …നേരേ അവന്റെ പഴയ ഫാൻസി കടയുടെ അടുത്തേക്ക് ചെന്നു..

അതിൽ വേറെ ഏതോ ആണുങ്ങൾ കയറിയിരിക്കുന്നു…

പരിചയമില്ലാത്ത ആളാണ് ആരോടാ ഒന്ന് ചോദിക്കുക…. സുബൈർ റഹീം കുട്ടിയുടെ ബാർബർ ഷോപ്പിൽ ചെന്നു..

ഏയ്യ്….റെയ്കൂട്ടി അതാരാ എന്റെ കടയിൽ…

ഇതാരാ വന്നിരിക്കുന്നത് സുബൈർക്കാ ആണോ… എന്താപ്പാ… ഇത് എന്താ ഇത് കോലം…എവിടെയായിരുന്നു ഇതുവരെ..

ഞാൻ ജാസ്മിന്റെ കൂടെ മുത്തുപ്പേട്ടയിൽ ആയിരുന്നെടാ റഹീമേ…
ആട്ടെ…സുലൈഖ എവിടെ പോയി… ആ കടയിൽ ഇപ്പോൾ ആരാണ്…

സുലൈഖ ഇത്ത അഞ്ചട്ടു മാസം കട നടത്തിയിരുന്നു..

പിന്നെ സുലൈഖാത്ത അത് ഹാജിയാർക്ക് വിറ്റു.. അതിൽ ഇരിക്കുന്നത് ഹാജിയാരുടെ 5 പെങ്ങമ്മാരിൽ ഇളയവളുടെ 5 മക്കളിൽ മൂത്തവനാ .. പേര് ജബ്ബാർ….

 

എങ്കിൽ ഞാൻ വീട്ടിൽ ചെല്ലട്ടെ അവിടെ ഉണ്ടാകുമല്ലോ അവൾ..

അയ്യോ… അവിടെ ആരുമില്ല ഇപ്പോൾ…. പഴയ വീട് ഒക്കെ പൊളിച്ചുമാറ്റി നിലമുഴുതുമറിച്ചിരിക്കുകയാണ്… സുലൈഖാ ഇത്ത ഈ കടവിറ്റു കച്ചവടം ആക്കുമ്പോൾ തന്നെ അവരുടെ വീടും പുരയിടവും ഹാജിയാർക്ക് തന്നെ വിറ്റിരുന്നു..

അയ്യോ അപ്പോൾ അവളും മോനും എവിടെയാണ്….

അവര് കോഴിക്കോട്ട് ഒരു ഫ്ലാറ്റിലാ… മോനെ പ്ലസ് ടു ഒക്കെ പഠിക്കാൻ അവിടെ ടൗണിൽ തന്നെ ചേർത്തേക്കണ് എന്നാണ് കേട്ടത്… വേറെയും ഒരു വാർത്ത കേട്ടു അത് സത്യമാണോ എന്നറിയില്ല… ഏതായാലും സുബൈർക്ക അങ്ങോട്ട് ചെല്ല്..

അങ്ങനെ ടൗണിലുള്ള സുലൈക്കാന്റെ ഫ്ലാറ്റ് തേടിപ്പിടിച്ച് ചെന്നതായിരുന്നു…

ഞെട്ടിക്കുന്ന ജീവിതയാഥാർത്ഥ്യത്തിന്റെ പൊള്ളുന്ന വാർത്ത കാതിൽ മനസ്സിലും ഒരുപോലെ തീ കോരിയിട്ടപ്പോൾ.. സുബൈർ ആകെ തളർന്നുപോയി…

ഇനി എന്തു ചെയ്യും…

എവിടെയെങ്കിലും പോകാം… ഇനി ഈ നാടിനെയും നാട്ടുകാരെയും ഒക്കെ കാണാൻ പറ്റിയില്ലെങ്കിലോ…
ഒരാഴ്ച നാട്ടിൽ പരിചയക്കാരെയൊക്കെ കണ്ട് അപഹേളനങ്ങളും ആക്ഷേപങ്ങളും കുറെ ഉപദേശങ്ങളും ഒക്കെ മനപൂർവ്വം ഏറ്റുവാങ്ങി…അവിടെയുവിടെയും ഒക്കെ കറങ്ങി വീണ്ടും മുത്തപ്പേട്ടയിലേക്ക് പോയി.. ഇനിയൊരു മടക്കയാത്ര ഉണ്ടാവില്ല…

അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് ജാസ്മിൻ അവളുടെ കസിനെ വീണ്ടും കല്യാണം കഴിച്ചിരിക്കുന്നു…

അപ്പാർട്ട്മെന്റിൽ ചെന്നപ്പോൾ അത് പൂട്ടിയിരിക്കുന്നു… തൊട്ടടുത്തുള്ള റൂമുകാരോട് ചോദിച്ചപ്പോൾ അവർ ഒരു കത്താണ് തന്നത്… സുബൈർ അത് തുറന്നു നോക്കി.. അതിനുള്ളിൽ ഒരു കടലാസ് എഴുതി മടക്കി വെച്ചിരിക്കുന്നു ..ജാസ്മിൻ അയാൾക്ക് വേണ്ടി..

അയാൾ അത് പുറത്ത്എടുത്തു വായിച്ചു..

ഇക്ക… ഒന്ന് കെട്ടാനും രണ്ട് കെട്ടാനും പലർക്കും പറ്റും… പക്ഷേ കെട്ടിയ ഒന്നിനെ നന്നായി പരിപാലിച്ചു ജീവിതം കൊണ്ടുപോകാന്നതാണ് ആണത്വം..
അള്ളാ തന്ന ഒരു ജീവിതം, ജീവിക്കാണ്ട് അക്കരപ്പച്ച കണ്ടു പോകുന്ന എല്ലാ സുബൈർമാർക്കും ഇതൊരു പാഠം ആയിരിക്കണം..
എന്നെ തിരഞ്ഞ് വരണമെന്നില്ല… ഞാൻ ശ്രീലങ്കയിലേക്ക് പോവുകയാണ്…

അതു വായിച്ചതോടുകൂടി സുബൈർ ശരിക്കും തകർന്നു പോയി…

തന്റെ ദുർബുദ്ധി കാരണം രണ്ട് ഭാര്യമാരും ഇന്ന് തനിക്ക് സ്വന്തമല്ല…. എല്ലാം അന്യാധീനപ്പെട്ടു…

 

രചന :വിജയ് സത്യ