മിഞ്ചി
രചന: Fathima Ali)
“അരുണേട്ടാ..ഇന്ന് ഓഫീസിൽ നിന്ന് നേരത്തെ വരുമോ.?”
“ഒന്നും പറയാൻ പറ്റില്ല മീനു..ഒരുപാട് പെൻഡിങ് വർക്ക്സ് ഉണ്ട്..അതൊക്കെ തീർത്ത് വരുമ്പോഴേക്കും ചിലപ്പോ വൈകും..എന്തിനായിരുന്നു നീ നേരത്തെ വരാൻ പറഞ്ഞത്..?”
“ഏയ്..ഒന്നൂല്ല ഏട്ടാ..വെറുതേ…”
തന്റെ വാടിയ മുഖം മറച്ച് വെച്ച് അവൾ മറുപടി കൊടുത്തു.
“ഹ്മം..ശരിയെന്നാ..ഞാനിറങ്ങി…”
തന്റെ സെക്കനന്റ് പൾസർ ബൈക്ക് സ്റ്റാർട്ട് ചെയ്ത് അരുൺ വാടക വീടിന്റെ ഗേറ്റ് കടന്നു.
മീനാക്ഷിയിൽ നിന്ന് ഒരു നെടുവീർപ്പ് ഉയർന്നു.
തങ്ങളുടെ കല്യാണം കഴിഞ്ഞ ശേഷമുള്ള തന്റെ ആദ്യത്തെ പിറന്നാളായിരുന്നു ഇന്ന്.
രാവിലെ എഴുന്നേറ്റത് മുതൽ അവന്റെ ഒരു വിഷസിന് വേണ്ടി കാത്തിരുന്നിരുന്നു അവൾ.
പക്ഷേ അവനത് ഓർമ്മ പോലും ഇല്ലാത്ത രീതിയിലായിരുന്നു പെരുമാറിയത്.
“ഓഫീസിലെ ജോലിയുടെ ടെൻഷൻ തന്നെയുണ്ട് ഒരുപാട്..അതിനടയിൽ മറന്ന് കാണും..പാവം.”
മീനാക്ഷി സ്വയം പറഞ്ഞ് കൊണ്ട് അടുക്കളയിലേക്ക് നടന്നു.
മീനാക്ഷിയും അരുണും പ്രണയിച്ച് വിവാഹം ചെയ്തവരാണ്.
രണ്ട് പേരും രണ്ട് ജാതി..കൂടാതെ അരുണൊരു അനാഥനും.
മീനാക്ഷിയുടെ വീട്ടുകാർ ആ ബന്ധത്തെ പാടെ എതിർത്തു.
അവസാനം വീട്ട്കാരെ ഉപേക്ഷിച്ച് മീനാക്ഷി അരുണിന്റെ കൂടെ ഇറങ്ങി വന്നു.
കൂട്ടുകാരുടെ സഹായത്തോടെ ഒരമ്പലത്തിൽ വെച്ച് താലികെട്ടി.
ഒരു വാടക വീടും സംഘടിപ്പിച്ചു.
അരുണിന് വിദ്യാഭ്യാസം ഉള്ളതിനാൽ തരക്കേടില്ലാത്ത ഒരു ജോലിയും കിട്ടി.
ഇപ്പോൾ ഒരു വർഷമാകുന്നു വിവാഹം കഴിഞ്ഞിട്ട്.
മീനാക്ഷി തന്റെ ദൈനം ദിന പണികളിലേക്ക് കടന്നു.
ഒരു വലിയ തറവാടു വീട്ടിൽ ജനിച്ച് വളർന്ന അവൾക്ക് ആദ്യമൊക്കെ ആ ചെറിയ വീട്ടിൽ അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു.
എങ്കിലും അവൾ അരുണിനോട് പരാതിയൊന്നും പറഞ്ഞില്ല.
അരുണും തന്നാലാവും വിധം അവളെ സഹായിച്ചിരുന്നു.
പതിയെ അവളും ആ കുഞ്ഞു വീടുമായി പൊരുത്തപ്പെട്ടു.
ഉചചയായപ്പോഴേക്കും തന്റെ ജോലികളൊക്കെ ഒതുക്കി മീനാക്ഷി ഒന്ന് മയങ്ങാൻ കിടന്നു.
ഓഫീസിലെ ജോലികൾക്കിടയിലാണ് അരുൺ ഇന്നത്തെ ഡേറ്റ് ശ്രദ്ധിച്ചത്.
അവൻ തലയിൽ കൈകൊടുത്തിരുന്നു.
പ്രേമിക്കുന്ന സമയത്ത് താൻ പിറന്നാളിന്റെ അന്ന് വിഷ് ചെയ്യാത്തതിന് രണ്ട് ദിവസം പിണങ്ങി നടന്ന പെണ്ണാണ്.
എന്നാൽ പിറന്നാളായിട്ട് ഇന്ന് അതിനെ പറ്റി ഒരു വാക്ക് പോലും അവൾ ചോദിച്ചിരുന്നില്ല.
അവനാകെ വല്ലാതായി..പെട്ടന്ന് പോക്കറ്റിലിരുന്ന ഫോണെടുത്ത് അവളുടെ നമ്പർ ഡയൽ ചെയ്തെങ്കിലും വേണ്ടെന്ന് വെച്ചു.
ഒരുവിധം ജോലിയെല്ലാം കഴിയുന്നതും വേഗം ചെയ്ത് മാനേജറോട് കാല് പിടിച്ച് അൽപം നേരത്തെ ഓഫീസിൽ നിന്ന് ഇറങ്ങി.
ബൈക്കിലിരുന്നു അവൾക്ക് എന്ത് സമ്മാനം കൊടുക്കുമെന്ന് അരുൺ ചിന്തിച്ചു.
ഒടുവിൽ ഒരു പുഞ്ചിരിയോടെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് എ.ടി.എം ന് മുന്നിൽ നിർത്തി.
പുതിയ ബൈക്ക് വാങ്ങാനായി കൂട്ടി വെച്ച് പണത്തിൽ നിന്നും കുറച്ചെടുത്ത് അവനൊരു ജ്വല്ലറിയിൽ കറി.
ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ഉദ്ധേശിച്ചത് കിട്ടിയ സംതൃപ്തിയോടെ വീട്ടിലേക്ക് തിരിച്ചു.
ബൈക്കിന്റെ ഹോൺ കേട്ട് പുറത്തേക്ക് വന്ന മീനാക്ഷി അപ്രതീക്ഷിതമായി അരുണിനെ കണ്ട് അന്തം വിട്ട് നിന്നു
അരുൺ വന്ന് കേറിയതും ഒന്നും മിണ്ടാതെ അവളെ കോരിയെടുത്ത് റൂമിലേക്ക് നടന്നു.
മീനാക്ഷി എന്താ എന്ന് ചോദിക്കുന്നുണ്ടെങ്കിലും അവനൊന്നിനും മറുപടി കൊടുത്തില്ല.
നേരെ കിടക്കിയിൽ കൊണ്ടിട്ട് അവളോട് കണ്ണടക്കാനായി പറഞ്ഞു.
“എന്താ ഏട്ടാ?”
“നിന്നോടല്ലേ കണ്ണടക്കാൻ പറഞ്ഞത്.”
അവൻ ദേഷ്യത്തോടെ പറഞ്ഞതും മീനാക്ഷി പേടിച്ച് മുറുക്കെ അടച്ചിരുന്നു.
അവൻ ഒരു പുഞ്ചിരിയോടെ പോക്കറ്റിലിരുന്ന പൊതിയെടുത്ത് ബെഡിൽ കയറി അവളുടെ കാലുകൾ തന്റെ മേലേക്ക് വെച്ചു.
“കണ്ണ് തുറന്നാൽ കിട്ടും എന്റെ കൈയ്യിൽ നിന്ന്.”
അരുൺ പറഞ്ഞത് കേട്ട് കണ്ണ് തുറക്കാൻ പോയ മീനാക്ഷി നല്ല കുട്ടിയായി ഇരുന്നു.
“ഇനി തുറന്നോ.”
കണ്ണ് തുറന്ന് നോക്കിയ മീനാക്ഷി കാൽ വിരലിൽ അരുണിട്ട് കൊടുത്ത സ്വർണത്തിന്റെ മിഞ്ചി കണ്ണ് അതിശയപ്പെട്ടു.
“Happy birthday മീനൂട്ടീ.”
അരുൺ അവളുടെ നെറ്റിയിൽ സ്നേഹത്തോടെ ചുംബിച്ച് കാതുകളിൽ പതിയെ പറഞ്ഞു.
മീനാക്ഷിയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞ് വന്നു.
പ്രണയിക്കുന്ന സമയത്തെപ്പോഴോ താൻ പറഞ്ഞതായിരുന്നു വിവാഹശേഷം അരുണേട്ടൻ ഒരു മിഞ്ചി വാങ്ങി കാലിലണിയിക്കണം എന്ന്.
“അയ്യേ..എന്റെ മോളെന്തിനാ കരയുന്നേ..കണ്ണ് തുടച്ചേ.
പിറന്നാളിന്റെ കാര്യം ഏട്ടൻ തിരക്കായിട്ട് മറന്ന് പോയതായിരുന്നു..സോറി ട്ടോ.”
“അതൊന്നും സാരമില്ലേട്ടാ..എന്റെ ഏട്ടനെ ഞാൻ മനസ്സിലാക്കിയില്ലെങ്കിൽ വേറാര് മനസ്സിലാക്കാനാ.ഓർമ വന്നപ്പോ ഒരു വിഷ് മാത്രം പറഞ്ഞാൽ പോരായിരുന്നോ.
ഇതിനൊക്കെ ഒരുപാട് പണം ആയിക്കാണില്ലെ.അക്കൗണ്ടിലുള്ളതാണോ എടുത്തേ.അത് ബൈക്ക് വാങ്ങാൻ വെച്ചതല്ലായിരുന്നോ?”
മീനാക്ഷി വീടാതെ ചോദ്യം ചോദിക്കുന്നത് കേട്ട് അവനൊന്ന് ചിരിച്ചു.
“ബൈക്ക് നമ്മൾക്ക് ഇനിയും വാങ്ങാലോ
എന്റെ കുട്ടിടെ ഒരു ആഗ്രഹം എങ്കിലും സാധിച്ച് തന്നില്ലെങ്കിൽ ഞാനെന്ത് ഭർത്താവാടോ.”
“എന്നാലും.”
“ശൂ.മിണ്ടരുത്”
അവളുടെ ചുണ്ടിൽ വിരൽ വെച്ച് അവൻ പറഞ്ഞു.
“അതേ.പിറന്നാളായിട്ട് എനിക്കൊന്നും ഇല്ലേ?”
“പായസം ഉണ്ടാക്കിത്തരാം”
“എനിക്ക് പായസം ഒന്നും വേണ്ട.”
“പിന്നെ?”
“പിന്നെയോ.അത്.”
അരുൺ ഒരു കുസൃതി ചിരിയോടെ അവളിലേക്ക് ചാഞ്ഞു.
അരുൺ പതിയെ കുനിഞ്ഞ് അവളുടെ കാൽ വിരലിലെ മിഞ്ചിയിൽ ഉമ്മ വെച്ചു.
അവളവനെ സ്വീകരിക്കാനെന്ന പോലെ ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയോടെ കണ്ണുകളടച്ച് കിടന്നു.
അവസാനിച്ചു..