പിഴച്ചവൾ
………………
(രചന: രാജു പി കെ കോടനാട്,)
ചെറിയ തെറ്റിന് പോലും അമ്മയുടെ വായിൽ നിന്നും ദേഷ്യത്തോടെയുള്ള പിഴച്ചവൾ എന്ന വിളി കേൾക്കുമ്പോൾ
എന്റെ മനസ്സിൽ പലപ്പോഴും അമ്മയോട് ഒരു വല്ലാത്ത ദേഷ്യം തോന്നിയിരുന്നു.
മീനച്ചൂടിൽ വരണ്ടുണങ്ങിയ കിണറിലേയ്ക്ക് ഒന്നെത്തിനോക്കി
ശേഖരേട്ടന്റെ കടയുടെ മുന്നിലെ ടാപ്പിലേക്ക് കുടവുമായി നടക്കുമ്പോൾ കിഴക്കേ കുന്നിൻ ചെരുവിൽ നിന്നും ഉയർന്ന് വരുന്ന മേഘപാളികൾ തെക്കൻ കാറ്റിൽ ആടിഉലഞ്ഞ് ഓടിയകലുന്നത് കാണാമായിരുന്നു. കുന്നിൻ ചെരുവിൽ എവിടെയോ പെയ്ത മഴയുടെ ഭാഗമായി അടിക്കുന്ന തണുത്ത കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ ഒതുക്കി ടാപ്പിനുമുന്നിലെ ക്യൂവിൽ നിലയുറപ്പിക്കുമ്പോൾ മുന്നിൽ നിൽക്കുന്ന അന്നമ്മ ചേടത്തി മുറുക്കിച്ചുവന്ന ചുണ്ടുകളുമായി എന്നെ നോക്കി ചിരിച്ചു തിരിച്ച് ഞാനും.
നിന്റെ തള്ള വന്നില്ലയോടി പെണ്ണേ എന്ന ചോദ്യത്തിന് പിന്നിൽ നിന്ന രമണി ചേച്ചി അവൾ ഇഷ്ടികക്കളത്തിൽ നിന്നും നടന്നെത്തണ്ടേ ചേച്ചി പാവം ഇവളുണ്ടായി തൊണ്ണൂറിന്റെ അന്ന് അമ്മയേയും മകളേയും കൂട്ടിക്കൊണ്ടുവരാൻ ഇരിക്കുമ്പോഴാണ് മാധവന് പേയിളകുന്നത് ഇന്ന് അവനുണ്ടായിരുന്നെങ്കിൽഎങ്ങനെ ജീവിക്കേണ്ട കുടുംബമാണ്…
എളിയിൽ എടുത്ത് വച്ച കുടവുമായി കണ്ട
ഓർമ്മയില്ലാത്ത അച്ഛനേയും മനസ്സിൽ ഓർത്ത് പിന്നാമ്പുറത്തു കൂടി അടുക്കളയിലേക്ക് കയറുമ്പോൾ ഒന്ന് തുളുമ്പിയ കുടത്തിൽ നിന്നും വെള്ളം ചിതറി വീണതും പുറത്ത് നിന്നും കയറി വന്ന അമ്മ ഉച്ചത്തിൽ അലറിക്കൊണ്ട് പറഞ്ഞു..
ഡീ പിഴച്ചവളേ നിന്നോട് എത്ര വട്ടം പറഞ്ഞിട്ടുണ്ട് കുടം നിറയെ വെള്ളം എടുക്കരുതെന്ന്.
പെട്ടന്ന് വന്ന ദേഷ്യത്തിൽ കുടവും എളിയിൽ വച്ച് അമ്മയെ കടുപ്പിച്ച് ഒന്ന് നോക്കി തള്ളേ നിങ്ങൾ എന്റെ അമ്മയാണെന്ന് കരുതി എന്നെ എന്തും പറയാം എന്ന് കരുതരുത് നിങ്ങൾക്ക് പിഴച്ചുണ്ടായ മോളാണോ ഞാൻ. ഇനി മേലിൽ എന്നെ വിളിച്ചു പോവരുത് ഇങ്ങനെ ഞാനിതുവരെ ആർക്കും…. കുറെ നാളായി ഞാൻ സഹിക്കുന്നു എന്റെ അച്ഛനുണ്ടായിരുന്നേൽ നിങ്ങൾ വിളിക്കുമായിരുന്നോ ഇങ്ങനെ…
പുലിയായി വന്ന അമ്മ ഒന്നും മിണ്ടാതെ നിറഞ്ഞ കണ്ണുകൾ തുടച്ച് പുറത്തേക്ക് നടന്നപ്പോൾ പറഞ്ഞതൽപ്പം കടുത്ത് പോയോ എന്ന ചിന്തയിൽ ഞാൻ കൈവിരൽ തുമ്പ് കടിച്ചു..
അന്ന് അമ്മയുടെ മനസ്സിൽ നിന്നും മാഞ്ഞ് പോയതാണ് ആ വാക്ക് പിന്നീട് വിവാഹം കഴിഞ്ഞ് എന്തോ കാര്യത്തിന് ദേവേട്ടനുമായി പിണങ്ങി വലിയ വഴക്കായപ്പോഴാണ് വീണ്ടും പിഴച്ചവൾ എന്ന വിളി കേൾക്കുന്നത്.
അന്നാ മുഖത്തിന് നേരെ വിരൽ ചൂണ്ടി ഞാൻ പിഴച്ചവളാണെങ്കിൽ അതിന് കാരണം നിങ്ങളുടെ കഴിവുകേടല്ലേ ദേവേട്ടാ എന്ന് അല്പം ഉച്ചത്തിൽ ചോദിച്ചപ്പോൾ.
മറുത്തൊന്നും പറയാതെ തലയും താഴ്ത്തി പുറത്തേക്ക് പോയ ഏട്ടന്റെ മുഖം വല്ലാതെ ചുവന്ന് തുടുത്തിരുന്നു.
ജോലിയും കഴിഞ്ഞ് വൈകിട്ട് തിരികെ എത്തിയ ദേവേട്ടന് ചായ നൽകുമ്പോൾ ചേർത്തുപിടിച്ച് നെറ്റിയിൽ
ചുണ്ടമർത്തിക്കൊണ്ട് പറഞ്ഞു സോറി ഒരുവട്ടം ഒന്ന് ക്ഷമിക്കടവേ ഇനി ഞാൻ ഒരിക്കലും അങ്ങനെ പറയില്ല…
ഏട്ടന്റെ പെണ്ണ് ഈ മസ്സിൽ ഒക്കെ ഒന്ന് വിട് എന്നിട്ട് ഒന്ന് ചിരിക്ക്..
ചുണ്ടിൽ വരുത്തിയ ക്രിത്രിമ പുഞ്ചിരിയോടെ ഞാൻ പറഞ്ഞു ഏട്ടാ ചില വാക്കുകൾ നമ്മുടെ മനസ്സിനെ വല്ലാതെ മുറിപ്പെടുത്തും അത് പറയുന്നവർ നമുക്ക് എത്ര പ്രിയപ്പെട്ടവരാണെങ്കിലും..ആ വാക്കുകളിൽ മുറിയുന്ന മനസ്സിന്റെ മുറിവുണങ്ങാൻ അല്പം സമയമെടുക്കും..
ഒരു കുടുംബമാവുമ്പോൾ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയുണ്ടാവും നമുക്ക് മനസ്സിൽ വരുന്ന ദേഷ്യത്തിന് ജയിക്കാനായി വായിൽ തോന്നുന്നത് എന്തും പറയരുത് അങ്ങനെ പറയുമ്പോൾ തകർന്ന് പോകുന്നത് പ്രിയപ്പെട്ടവരുടെ മനസ്സാണ് എന്ന ഓർമ്മ വേണം.
രാജു പി കെ കോടനാട്,