അഴിഞ്ഞാടി നടന്ന് വയറും വീർപ്പിച്ച് അതെൻ്റെ മോൻ്റെ തലയിലേക്ക് ഇടാനാണ് ഉദ്ദേശമെങ്കിൽ സുമതിയുടെ തനി ഗുണം…

(രചന: RJ)

” നീയിതെന്താ ജയേ പറയുന്നത് ബാംഗ്ലൂർക്ക് പോവാനോ അതും നാല് ദിവസത്തേക്ക്.

ഹാളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സുമതിയമ്മ എടുത്ത ചോറുരുള തിരികെ പ്ലേറ്റിലേക്കിട്ടു.

” അതെ അമ്മേ,
നാല് ദിവസത്തെ ട്രിപ്പാണ് ഒഴിവാക്കാൻ പറ്റില്ല.
ഇത്തവണ കൂടി ചെല്ലാതിരുന്നാൽ ജോലി പോകും.

ജയ അവരെ നോക്കി.

” ടാ…. അജയാ……
ഒന്നിങ്ങോട്ട് വന്നേ

പ്ലേറ്റ് മേശയിലേക്ക് വച്ച്
അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചവർ.

എന്താണ് അമ്മേ, എന്തിനാ ഇങ്ങനെ അലറി വിളിക്കുന്നത്.

എവിടെയോ പോകാനായി തിരക്കിട്ടിറങ്ങുന്ന അശോകൻഅമ്മയുടെ വിളി ഇഷ്ടപ്പെടാതെ അങ്ങോട്ട് എത്തി ഒപ്പം അനിയൻ അജയനും.

” ഓ, നീ ഇവിടെ ഉണ്ടായിരുന്നോ ഞാൻ കരുതി ഭാര്യയുടെ അടിമപ്പണിയിലായിരിക്കുമെന്ന്.

പരിഹാസത്തോടെ പറഞ്ഞ അമ്മയെ ഒന്നു നോക്കി അശോകൻ എന്തോ പറയാൻ തുടങ്ങിയതും മിണ്ടല്ലേയെന്ന് ജയ കണ്ണുകൾ കാട്ടി.

അത് സുമതിയമ്മ കാണുകയും ചെയ്തു.

” നിൻ്റെ ഭാര്യ പറഞ്ഞത് കേട്ടോ, അവള് നാല് ദിവസത്തേക്ക് ടൂറ് പോകുവാണെന്ന് ബാംഗ്ലൂര്.

ജയ പറഞ്ഞിരുന്നു,
കമ്പനിയുടെ മീറ്റിംഗ് ഉണ്ട് ബാംഗ്ലൂരെന്ന്.

അശോകൻ അതത്ര കാര്യമാക്കിയില്ല.

അപ്പോ നീയും കൂടി അറിഞ്ഞാണോ ഇവളുടെയീ അഴിഞ്ഞാട്ടം ?

സുമതിയമ്മ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാകുന്നുണ്ടായില്ല അശോകന് , അയാൾ ചോദ്യഭാവത്തിൽ ജയയെ നോക്കി.

” മീറ്റിംഗിന് പോകാൻ ഞാനും ബോസും മാത്രമേ ഉണ്ടാകൂ എന്ന് പറഞ്ഞിരുന്നു അശോകേട്ടാ അതാണ് അമ്മ.

തലകുനിച്ചവൾ.

ചേടത്തീ, ഒറ്റയ്ക്ക് അത്രയും ദിവസമൊക്കെ പോകേണ്ട കാര്യമുണ്ടോ ? അതും ഒരാണിനൊപ്പം.

അജയനും അമ്മയ്ക്കൊപ്പം ചേർന്നു.

അതു തന്നെയാ ഞാനും ചോദിച്ചത്,
നാല് ദിവസം ഏതോ ഒരുത്തനോടൊപ്പം കണ്ട ഹോട്ടലിലും റൂമെടുത്ത് നിക്കണമെന്ന്.
കുടുംബത്തിൽ പിറന്നവര് ചെയ്യുന്ന പണിയാണോ അതൊക്കെ.

എൻ്റെ മോനൊരു പൊട്ടനാണെന്ന് കരുതി അവനെ പറ്റിക്കുന്നത് പോലെ ഞങ്ങളേയും പറ്റിക്കാമെന്ന് കരുതണ്ട നീ ,
നിൻ്റെ ഒരുങ്ങിക്കെട്ടിയുള്ള പോക്കും വരവുമൊക്കെ ശ്രദ്ധിക്കുന്നുണ്ട് ഞാൻ.

സുമതി ജയക്കു നേരെ ചാടി.

ഞാനെന്ത് ചെയ്തു എന്നാ അമ്മ പറയുന്നത്,
എന്തും ഇവിടെയുള്ളവരോട് ചോദിച്ചല്ലേ ഞാൻ ചെയ്യാറുള്ളു.

ഈ ജോലിക്ക് കേറുമ്പോഴും പറഞ്ഞിരുന്നതല്ലേ ഇതുപോലെ മീറ്റിംഗും മറ്റും ഉണ്ടായിരിക്കും എ ന്ന്. അന്ന് എല്ലാം സമ്മതിച്ചിട്ട് ഇപ്പോൾ എന്തിനാ അമ്മേ ഇങ്ങനെയൊക്കെ പറയുന്നത്.

ചെറുതായി ദേഷ്യം വന്നിരുന്നു ജയയ്ക്കും.

ഞാൻ പറയുമെടീ ,
മീറ്റിംഗാണ് , തിരക്കാണ് എന്നൊക്കെ പറഞ്ഞ് നീ ഒരുത്തനുമായി ചുറ്റി നടക്കുന്നത് ആരും അറിയില്ലന്നാണോ കരുതിയത്.

കഴിഞ്ഞ ദിവസം രാത്രി വൈകി വന്നപ്പോ നീയെന്താ പറഞ്ഞത് ഓഫീസിൽ ഒത്തിരി ജോലി തീർക്കാനുണ്ടായിരുന്നു അതാണ് വൈകിയത് എന്നല്ലേ.

നീ ഒരുത്തൻ്റെ ഒപ്പം കാറിൽ വന്ന് ഹോട്ടലിലേക്ക് കയറി പോകുന്നത് ദേ ഇവൻ കണ്ടതാ.

കണ്ടവൻമാരുടെ കൂടെ
അഴിഞ്ഞാടി നടന്ന്
വയറും വീർപ്പിച്ച് അതെൻ്റെ മോൻ്റെ തലയിലേക്ക് ഇടാനാണ് ഉദ്ദേശമെങ്കിൽ സുമതിയുടെ തനി ഗുണം നീ അറിയും.

അവളുടെ ഒരു ജോലിയും അഴിഞ്ഞാട്ടവും.

കലി കൊണ്ട് വിറച്ച സുമതിയെ സ്തബ്ധരായി നോക്കി നിന്നു അശോകനും ജയയും.

അമ്മ തന്നെയാണിത് പറയുന്നതെന്ന് വിശ്വസിക്കാനായില്ല ജയയ്ക്ക്.

പെയിൻ്റിംഗ് പണിയാണ് അശോകന് , ജോലിക്കിടെ ഉണ്ടായ വീഴ്ചയിൽ നട്ടെല്ലിന് പറ്റിയ ക്ഷതം കാരണം അയാൾക്ക് ജോലി വീണ്ടും തുടരാൻ കഴിഞ്ഞിരുന്നില്ല.

പ്രസവത്തിന് വന്ന സഹോദരിയും,
ഗൾഫിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുന്ന അനുജനും എപ്പോൾ വേണമെങ്കിലും ജപ്തിയിൽ പോകാമെന്ന തരത്തിൽ പണയത്തിലുള്ള വീടും.

വീട്ടു ചെലവിന് പോലും ഇല്ലാതെ പട്ടിണി കയറി തുടങ്ങിയ അവസ്ഥ.

സുമതിയും ജയയും തൊഴിലുറപ്പിന് പോകുന്നതൊന്നും തികയാതെ വയ്യെങ്കിലും ചെറിയ ചെറിയ പണികൾ ചെയ്ത് അശോകനും തനിക്കാവുന്ന തരത്തിൽ കാര്യങ്ങൾ നടത്തി കൊണ്ടിരുന്ന സമയത്താണ് അജയന് വിസ വരുന്നത്.

മൂന്ന് മാസത്തിനകം പോകാനായി ആവശ്യമായ വലിയൊരു തുക എങ്ങനെയുണ്ടാക്കുമെന്ന് അറിയാതെ വിഷമിക്കുമ്പോഴാണ്
പ്രമുഖ റസ്സ്റ്റോറൻ്റ് ഗ്രൂപ്പിലേക്ക് പ്രൈവറ്റ് സെക്രട്ടറിയുടെ പോസ്റ്റിൽ ഒഴിവുണ്ടെന്ന് ഒരു കൂട്ടുകാരി വഴി ജയ അറിയുന്നത്.

എം കോം പാസായതാണ് ജയ,
വടിവൊത്ത ശരീരവും
ഒതുങ്ങിയ അരക്കെട്ടും
ഇരുനിറത്തിൽ കാണാനും സുന്ദരി.

ഇൻ്റർവ്യുവിന് പോയി വന്നവൾ വിഷമത്തോടെയാണ് തിരികെ വന്നത്.

പ്രതീക്ഷിക്കാത്ത അത്രയും നാലക്ക ശമ്പളം ഉണ്ട് ,
സെലക്ട് ആവുകയും ചെയ്തു. പക്ഷേ എം.ഡിയുടെ പ്രൈവറ്റ് സെക്രട്ടറി പോസ്റ്റ് ആയതിനാൽ കൃത്യമായൊരു സമയം ഇല്ല. അത്യാവശ്യമായ മീറ്റിംഗുകളിൽ എവിടെയായാലും പോകേണ്ടി വരും.
ചിലപ്പോൾ രണ്ടോ മൂന്നോ ദിവസമൊക്കെ മാറി നിൽക്കേണ്ടതായും വരും.

താൻ പോകുന്നില്ലന്ന്
ജയ ഉറപ്പിച്ചു.

പക്ഷേ രാത്രി സുമതിയമ്മ ജയയുടെ അടുത്തെത്തി പതം പറഞ്ഞ് കരച്ചിലായിരുന്നു.

അവൾ വിചാരിച്ചാൽ മാത്രമേ ഇനി ഈ കുടുംബം മുന്നോട്ട് പോകൂ എന്നും,
അജയൻ ഗൾഫിൽ പോയി ഒരു പിടിച്ചു നില ആയാൽ പിന്നെ അവൻ നോക്കിക്കൊള്ളും എന്നും തത്കാലത്തേക്ക് കിട്ടിയ ജോലി കളയരുതെന്നും കാലു പിടിയ്ക്കും പോലെ പറഞ്ഞവർ.

ഒപ്പം പെറ്റെണീറ്റു പോകുന്നവൾക്ക് ഒരു തരി പൊന്നെങ്കിലും ഇടാതെ വിടാനും വയ്യെന്ന
അമ്മയുടെ കണ്ണീരിൽ അശോകനും സങ്കടത്തിലായതോടെ സമ്മതിക്കുകയായിരുന്നു ജയ.

ആദ്യമൊക്കെ മടുപ്പ് തോന്നിയെങ്കിലും ജോലി ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നവൾ.
ഒരിക്കൽ പോലും മോശമായി ഒന്നു നോക്കുക പോലും ചെയ്യാത്ത എംഡിയും സ്നേഹമുള്ള മറ്റു സ്റ്റാഫുകളും..
വിശേഷങ്ങൾ ഓരോന്നും സുമതിയോട് ഉത്സാഹത്തോടെ പറയാറുണ്ടായിരുന്നവളെ ആദ്യമൊക്കെ കേട്ടിരുന്നെങ്കിലും പിന്നീടവർ അതിന് വലിയ താത്പര്യം കാണിച്ചില്ല.

ആദ്യത്തെ ശമ്പളം മുഴുവനായി സുമതി വാങ്ങിച്ചെടുത്ത് മകളുടെ കുട്ടിക്ക് മാല വാങ്ങി ബാക്കി കയ്യിലും വച്ചു.
പിറ്റേ മാസം അജയന് വേണ്ട സാധനങ്ങളും മറ്റും വാങ്ങി അങ്ങനെ
ഓരോന്നായി ജയയുടെ ശമ്പളത്തിൽ സുമതിയമ്മ നടത്തിയെടുത്തു.

ഈയിടെയായി ജയയുടെ നടപ്പ് ശരിയല്ല എന്നുള്ള ഭാവമാണ് അവർക്ക്.
കുടുംബത്തിൽ പെട്ടവർ ആരോ ഹോട്ടലിൽ വച്ച് ജയക്കൊപ്പം ഒരാളെ കണ്ടെന്നും അത് മോശമായ രീതിയിൽ പറഞ്ഞെന്നും അവർ പറഞ്ഞപ്പോൾ ആദ്യമൊന്നും ജയ കാര്യമാക്കിയില്ല. പിന്നീട് വൈകി വരുമ്പോഴൊക്കെയുള്ള അമ്മയുടെ കറുത്ത മുഖവും മുറുമുറുപ്പും അവൾക്ക് മനസിലാകുന്നുണ്ടായിരുന്നു. അശോകനോട് അതേ പറ്റി പറഞ്ഞപ്പോൾ അത് താൻ കാര്യമാക്കണ്ട എന്നായിരുന്നു മറുപടി.

അമ്മയുടെ സ്വഭാവത്തിലുണ്ടായ മാറ്റം കൊണ്ട് തന്നെ പലവട്ടവും പോകേണ്ടിയിരുന്ന ദൂരത്തുള്ള മീറ്റിംഗുകൾ ഒഴിവാക്കിയിരുന്നു ജയ ഇത്തവണ പക്ഷേ ബാംഗ്ലൂരിൽ നിർബന്ധമായും പങ്കെടുക്കാതെ പറ്റില്ല എന്ന് വന്നതും വിവരം അറിയിച്ചതിനാണീ
കലി തുള്ളൽ.

കണ്ടവൻമാർക്കൊപ്പം തുണിയഴിച്ച് കിടന്നിട്ട് വരുന്നവളെ കുടുംബത്തിൽ വച്ചു കൊണ്ടിരിക്കാൻ പറ്റില്ല
എന്ന അമ്മയുടെ വാക്ക് നെഞ്ചിൽ തട്ടി പൊള്ളി ജയക്ക്.

” അവിടെയാകുമ്പോ കൂത്താടി നടക്കുന്നത് ആരും അറിയില്ലല്ലോ,
ആണുങ്ങളെ മയക്കാനുള്ളതൊക്കെ ഉണ്ടല്ലോ ഇവൾക്ക്.

നിർത്താൻ ഭാവമുണ്ടായിരുന്നില്ല സുമതിയ്ക്ക്.

കണ്ണ് നിറഞ്ഞ് ചെവി കൊട്ടിയടച്ചതുപോലെ തോന്നി ജയക്ക്.
വീഴുമെന്ന് തോന്നിയതും അശോകനവളെ താങ്ങി.

അയാളുടെ മുഖം ചുവന്നിരുന്നു.

” ഇനി ഒരു വാക്ക് ഇവളെ പറ്റി അമ്മ ശബ്ദിച്ചാൽ ഞാനെന്താ ചെയ്യുക എന്ന് എനിക്ക് തന്നെ അറിയില്ല.

ദേഷ്യം കൊണ്ട് അവർക്ക് നേരെ വിരൽ ചൂണ്ടി അശോകൻ.

നീ എൻ്റെ നേരെ വിരൽ ചൂണ്ടാറായോ,
അതും ഈ ഒരുമ്പെട്ടോൾടെ വാക്കും കേട്ട്.

ശബ്ദമുയർത്താൻ തുടങ്ങിയ അമ്മയെ രൂക്ഷമായൊന്ന് നോക്കി അശോകൻ.

എന്നാ അമ്മേ ഇവള് ഒരുമ്പെട്ടവളും ആളെ മയക്കുന്നവളും ആയത് ?

മൂന്നാമത്തെ പ്രസവവും വീട്ടിലാകാം അതാവുമ്പോ ചെലവുണ്ടാവില്ലന്ന് കരുതി പെറ്റെണീച്ച് കണക്കു പറഞ്ഞ് പൊന്നും പൊരുളും വാങ്ങി മോള് പോയപ്പോഴോ,

ജപ്തി നോട്ടീസ് വന്ന വീടിൻ്റെ ആധാരം തിരിച്ചെടുത്ത് നിങ്ങളുടെയെല്ലാം വയറിന് സുഭിക്ഷമായി ആഹാരം നൽകാൻ തുടങ്ങിയപ്പഴോ

അതോ പത്തുമുപ്പത് വയസ് കഴിഞ്ഞിട്ടും ഒരു ജോലിക്ക് പോലും പോവാതെ ഇവളുടെ വിയർപ്പിൽ കിട്ടുന്നത് വാങ്ങി കൂട്ടും കൂടി വിസയ്ക്ക് വേണ്ട പൈസ മുഴുവൻ ഇവളെ കൊണ്ട് അടപ്പിച്ചതിന് ശേഷമോ ?

പറയമ്മേ, എന്നു മുതലാ ഇവൾ കൊള്ളാത്തവളായത്.

വിറയ്ക്കുകയായിരുന്നു അശോകൻ.

വേണ്ടെന്ന് ഞാനാവർത്തിച്ചിട്ടും നിങ്ങളുടെ കാര്യങ്ങൾക്ക് ഇനിയും ഒരു മുടക്കവും വരരുത് എന്നു കരുതി സ്വന്തമായി കണ്ട് സ്നേഹിക്കുന്നവളെ എങ്ങനെ ഇങ്ങനെ പറയാൻ തോന്നുന്നമ്മേ,
കിട്ടുന്ന ശമ്പളത്തിൽ നിന്ന് നൂറു രൂപ പോലും തികച്ച് കൊടുക്കാറുണ്ടോ അമ്മ ഇവൾക്ക്,
എന്തിന് ഇവൾക്കും ആവശ്യങ്ങളുണ്ടോ എന്ന് ഒരിക്കലെങ്കിലും ചോദിച്ചിട്ടുണ്ടോ ഇതുവരെ.

എന്നിട്ടും ഒരു പരാതിയുമില്ലാതെ കിട്ടുന്നതെല്ലാം അമ്മയെ ഏൽപ്പിച്ച്
ഒരക്ഷരം മറുത്തു പറയാതെ ജീവിക്കുന്നവളെ തന്നെ
മോശപ്പെട്ടവളാക്കണം അല്ലേ ?

” അശോകേട്ടാ മതി,
എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്.

കഠിനമായ ക്ഷോഭം കൊണ്ട് ശ്വാസം നിയന്ത്രിക്കാൻ കഷ്ടപ്പെടുന്ന അശോകനെ വിലക്കി ജയ.

” അമ്മ ക്ഷമിക്കണം,
അറിഞ്ഞു കൊണ്ട് ഒരു തെറ്റിലും പോയിട്ടില്ല ഞാൻ, ഈ താലി എൻ്റെ കഴുത്തിൽ ഉള്ളിടത്തോളം മറ്റാർക്കു മുന്നിലും തുണിയഴിക്കാൻ പോവുകയും ഇല്ല.

ഇതെൻ്റെ ജോലിയാണ്
ഞാനേറ്റെടുത്തത് എനിക്ക് ചെയ്യണം.
അതിന് എൻ്റെ ഭർത്താവ് എനിക്കൊപ്പമുണ്ട് തത്കാലം അതു മതി എനിക്ക്…

പിന്നെ നിങ്ങളോടൊന്നും തിരിച്ചു പറയുന്നില്ല എന്നു കരുതി ഞാനാരു പൊട്ടിയൊന്നുമല്ല അമ്മേ.. എനിയ്ക്കറിയാം എന്തിനാണ് നിങ്ങൾ ഓരോ കാരണങ്ങൾ പറഞ്ഞെന്റെ ജോലി മുടക്കുന്നതെന്ന്,

ഇപ്പോൾ കിട്ടുന്ന ശമ്പളത്തിലും അധികം ശമ്പളം കിട്ടുന്നൊരു ജോലി എനിയ്ക്ക് വിദേശത്ത് കിട്ടുമെന്ന് അജയൻ പറഞ്ഞറിഞ്ഞിട്ടല്ലേ ഈ നാവാട്ടം നടത്തുന്നത്…

എന്നാൽ ആ സ്വപ്നങ്ങൾ കൊണ്ട് മനക്കോട്ട കെട്ടണ്ട ആരും.. എന്റെ അശോകേട്ടനെ വിട്ടൊരിടത്തും പോവില്ല ഞാൻ… ഞങ്ങൾക്കും ഞങ്ങൾക്കുണ്ടാവുന്ന കുഞ്ഞുങ്ങൾക്കും സുഖമായ് ജീവിക്കാൻ ഞങ്ങളുടെ ഈ ജോലി മതി…

എന്തായാലും ഇത്തവണ ബാംഗ്ലൂർക്ക് ഞാൻ പോകും ,ഞാൻ മടങ്ങി വരുമ്പോഴേക്കും അജയന് വിസയ്ക്കും അനിയത്തിയുടെ പ്രസവ ചിലവിനും ഈ വീടിന്റെ ബാധ്യതയ്ക്കും വേണ്ടി എന്റെ കയ്യിൽ നിന്ന് വാങ്ങിച്ചെടുത്ത പണം എനിയ്ക്ക് തിരികെ കിട്ടണം… ഞാൻ തുണിയുരിഞ്ഞ് കണ്ടവനൊപ്പം കിടന്നുണ്ടാക്കിയ ആ പണം നിങ്ങൾക്ക് ഉപകാരപ്പെടണ്ട…

തിരിച്ചു തരാൻ ഭാവം ഇല്ലെങ്കിൽ പണം തന്ന തെളിവുണ്ട് എന്റെ കയ്യിൽ കേസു കൊടുക്കും ഞാൻ..

അശോകേട്ടാ ഞാൻ തിരിച്ചു വരുമ്പോഴേക്കും നമ്മുക്ക് താമസിക്കാനൊരു വാടക വീട് നോക്കി വെക്കണേ..

ജയപറഞ്ഞതെല്ലാം കേട്ട് സമ്മതമെന്ന പോലെ അശോകൻ പുഞ്ചിരിച്ച് തലയാട്ടിയതും
പകച്ച് നിന്നു പോയി സുമതിയും അജയനും..

ജയയിലൂടെ കൂടുതൽ പണം സ്വപ്നം കണ്ടവർക്ക് കയ്യിലുള്ളതുകൂടി നഷ്ടപ്പെടുന്നൊരു അവസ്ഥ അവരായ് തന്നെ സൃഷ്ടിച്ചെടുത്തതുപോലെയായ് അന്നേരം..

ഇനിയെന്ത് എന്നറിയാതെ പകച്ചു നിന്നു അവരമ്മയും മോനും അവിടെ..

RJ