(രചന: RJ)
“നിനക്കെന്നോടിപ്പോ ഒരു സ്നേഹവും ഇല്ലാട്ടോ വേണി..
ഞാനൊന്ന് തൊട്ടാലോ ഒന്നുചുംബിച്ചാലോ എന്റെ നെഞ്ചിനകത്തേക്ക് ഒട്ടിക്കയറിയിരുന്നവളായിരുന്നു നീ ….
“എനിയ്ക്ക് സ്നേഹിക്കാൻ തോന്നുമ്പോഴും നിനക്ക് എന്നെ സ്നേഹിക്കാൻ തോന്നുമ്പോഴും പരസ്പരമൊരു അനുവാദം പോലും തേടിയിരുന്നില്ല നമ്മൾ.. അത്രയും ഒരാൾ മറ്റെയാളിൽ ചേർന്നു കലർന്നിട്ടുണ്ട്..
“പക്ഷെ ഇപ്പോ നീ എന്റെ കൂടെയൊന്ന് കിടന്നിട്ടോ… മനസ്സോ ശരീരമോ പങ്ക് വെച്ചിട്ടോ ദിവസമെത്രയായെന്നറിയോ നിനക്ക്…?
“എന്തിന് എന്റെ അരികിൽ എന്നോടു ചേർന്നൊന്നിരുന്ന് സംസാരിച്ചിട്ടെത്ര നാളായ് നീ…?
എന്താ പറ്റീത് എന്റെ വേണി കുട്ടിയ്ക്ക്..?
‘ എന്താണീ കുഞ്ഞി തലയിലിട്ട് ഇങ്ങനെ ചിന്തിച്ചു കൂട്ടുന്നത്..?
എന്നോട് പറഞ്ഞോ എന്താണെങ്കിലും… എന്റെ മോളുടെ എല്ലാ സങ്കടങ്ങൾക്കും വേദനക്കും ഉള്ള മരുന്നല്ലേ ഈ ഞാൻ… എന്റെ കുട്ടി പറഞ്ഞേ…
ചേർത്തു പിടിയ്ക്കാൻ ശ്രമിയ്ക്കും തോറും തന്റെ കയ്യിൽ നിന്ന് വഴുതി മാറിയൊഴിയുന്ന വേണിയെ ബലമായ് ഇരു കൈകൾ കൊണ്ടും ചുറ്റിപ്പിടിച്ചവളുടെ കാതോരം അടക്കി ചോദിക്കുമ്പോൾ പ്രവീണിന്റെ ശബ്ദം ഇടറുകയും കണ്ണുകൾ നിറയുകയും ചെയ്തിരുന്നു..
അവന്റെ ശബ്ദം ഇടറിയത് അറിഞ്ഞിട്ടും, മിഴികൾ പെയ്യുകയാണെന്ന് ഇടതു ചുമലോരം നനവറിഞ്ഞിട്ടും മുഖമവനു നേരെ ഉയർത്തുകയോ മറുപടി ഒരു വാക്ക് പ്രവീണിനോട് പറയുകയോ ചെയ്തില്ല വേണി…
യാതൊരു ഭാവമാറ്റങ്ങളുമില്ലാതെ ശ്വസിക്കുന്നൊരു പാവ പോലെ തന്റെ കൈക്കുള്ളിൽ നിൽക്കുന്നവളെ കൈയയച്ച് സ്വതന്ത്രയാക്കി വിട്ടു പ്രവീൺ…
തന്നെയൊന്നു തിരിഞ്ഞു പോലും നോക്കാതെ പുറത്തേക്ക് പോവുന്ന വേണിയെ നിറമിഴികളോടെ നോക്കി നിന്നു പ്രവീണും..
“പ്രവീ…. മോനെ…വേണി മോളും നീയ്യും തമ്മിലെന്തെങ്കിലും വഴക്കോ പിണക്കോ ഉണ്ടോ..?
കുറച്ചു ദിവസായിട്ട് മോളാകെ മാറിയതു പോലെ.. പഴയ ചിരിയോ കളിയോ ഒന്നുമില്ല.. എപ്പോഴും എന്തോ ചിന്തിച്ച് സങ്കടപ്പെട്ടിരിക്കുന്നത് കാണാം… ചോദിച്ചാൽ ഒന്നും പറയാതെ എഴുന്നേറ്റു പോവും പലപ്പോഴും കണ്ണ് നിറഞ്ഞിരിക്കുന്നത് കാണാം… അതോണ്ടാണ് അമ്മ ചോദിക്കുന്നത്.. അല്ലാതെ നിങ്ങളുടെ ജീവിതത്തിൽ കയറി ഇടപ്പെടുകയല്ലാട്ടോ അമ്മ…
വേണിയുടെ മാറ്റം എന്തു പറ്റിയതാണെന്ന് ചിന്തിച്ചുമ്മറത്തിരിക്കുന്ന പ്രവീണിന്റെ അരികിൽ വന്നവന്റെ അമ്മ കൂടി ചോദിച്ചതും നിറഞ്ഞൊഴുകിയവന്റെ മിഴികൾ..
അവനറിയാം വേണിയുടെ മാറ്റത്തിൽ അത്രയേറെ വിഷമവും സങ്കടവും ഉള്ളതു കൊണ്ടു മാത്രമാണ് അമ്മ ഇത് ചോദിക്കുന്നതെന്ന്… ഓരോരുത്തർക്കും അവരവരുടേതായ സ്വകാര്യതകളും രഹസ്യങ്ങളു സ്വാതന്ത്ര്യവും ഉണ്ടെന്നു വിശ്വസിച്ച് ജീവിക്കുന്ന അമ്മ ഇന്നേ വരെ പ്രവീണിന്റെയോ വേണിയുടെയോ ജീവിതത്തിൽ കയറി ഇടപ്പെടുകയാ അഭിപ്രായം പറയുകയോ ചെയ്തിട്ടില്ല… ഇപ്പോഴി ചോദിച്ചതു പോലും അത്രയും വിഷമം വേണിയുടെ മാറ്റത്തിൽ തോന്നിയിട്ടാണ്…
എന്തു ചെയ്യണം, ആരോടു പറയണം സങ്കടമെന്നറിയാതെ ഉഴറി പ്രവീൺ… എല്ലാം പങ്കുവെയ്ക്കാവുന്നത്ര അടുപ്പത്തിൽ ആത്മാർത്ഥ സൗഹൃദങ്ങളൊന്നും ഇല്ലവന്… എന്നാൽ സുഹൃത്തുക്കൾ ഉണ്ട് താനും…
“അമ്മേ ഞാനൊന്ന് പുറത്തു പോയിട്ടു വരാം..വേണിയോടും പറഞ്ഞേക്കൂ….
അകത്തേക്ക് നോക്കി അമ്മയോടു പറയുമ്പോൾ അവിടെയാകെ ചുറ്റിത്തിരിഞ്ഞവന്റെ മിഴികൾ… സാധാരണ അവിടെ കാണാറുണ്ട് വേണിയെ… ഇന്നവളില്ല അവിടെയൊന്നും എന്നറിഞ്ഞതും കണ്ണുകൾ വീണ്ടും നീറി പ്രവീണിന് ….തന്റെയോ, അമ്മയുടെയോ അരിക് പറ്റിയല്ലാതെ നിൽക്കാത്തവൾ ഇന്ന് തങ്ങളിൽ നിന്നേറെ അകന്നുപോയെന്ന ചിന്ത ഉള്ളിൽ വീണ്ടുമുയർന്നതും ധൃതിയിൽ എഴുന്നേറ്റു പുറത്തേക്ക് നടന്നവൻ…
“വേണി ചേച്ചി.. വേണി ചേച്ചി പ്രവീണേട്ടൻ ക്ലബിൽ വെച്ച് നിസാം ചേട്ടനെ തല്ലി..വല്യ വഴക്കുണ്ടായ് അവിടെ… നിസ്സാം ചേട്ടന്റെ തലയൊക്കെ പൊട്ടി ചോര വന്നൂന്ന് …”
അടുത്തുള്ള വീട്ടിലെ ചെക്കനോടി വന്നു പറയുന്നതു കേട്ടതും തരിച്ചുനിന്നു പോയ് വേണി…
അമ്മേയെന്നൊരു വിളിയോടെ വീടിനകത്തേക്കോടി ചെന്നവൾ അമ്മയുടെ നെഞ്ചിലേക്ക് വീഴുമ്പോൾ കാര്യമറിയാതൊന്നു പകച്ചവരും…
എന്റെ അമ്മേ.. ഇവനും നിസാമും തമ്മിലെന്താണ് പ്രശ്നമെന്ന് ഞങ്ങൾക്കിപ്പോഴും മനസ്സിലായിട്ടില്ല… ഇവൻ നിസാമിനെയാണ് ആദ്യം തല്ലിയതും …തടയാൻ ചെന്ന ഞങ്ങളെയെല്ലാം കുടഞ്ഞെറിഞ്ഞവൻ.. നിസ്സാമിന് ഒന്നു രണ്ടു മുറിവുണ്ട്… കേസ്സൊന്നും വേണ്ടാന്നവൻ പറഞ്ഞതുകൊണ്ട് ഇവൻ രക്ഷപ്പെട്ടു അത്രന്നെ…. ”
പ്രവീണിനൊപ്പം വീട്ടിലേക്ക് വന്ന സുധീഷ് അമ്മയോട് കാര്യങ്ങൾ വിവരിക്കുമ്പോഴെല്ലാം പ്രവീണിന്റെ നോട്ടം വേണിയിലാണ്… കണ്ണുകൾ ചിമ്മതവളെ നോക്കി നിന്നവൻ…
“ഞാനിറങ്ങട്ടെ അമ്മേ.. ചെന്നിട്ടു വേണം നിസ്സാമിന്റെ അടുത്തേക്കൊന്ന് ചെല്ലാൻ….
യാത്ര പറഞ്ഞ് സുധീഷ് പോയിട്ടും പ്രവീൺ ഇരുന്നിടത്ത് നിന്നൊന്നനങ്ങുകയോ ഒരു വാക്ക് ആരോടും മിണ്ടുകയോ ചെയ്തില്ല.. ഒരേനോട്ടം വേണിയെ നോക്കിയിരുന്നു..
” എന്നാലുമെന്റെ പ്രവിയേ… നീയെന്തിനാടാ ആ ചെക്കനെ തല്ലിയത്.. നിന്നെ വല്യ കാര്യമല്ലേടാ അവന്… കുറച്ചു ദിവസം മുമ്പ് നാലുപുഴ മീൻ കിട്ടിയപ്പോൾ പോലും നിനക്ക് നല്ല ഇഷ്ടമാണ് പുഴ മീനെന്നും പറഞ്ഞിവിടെ കൊണ്ടുവന്നു തന്നു പോയവനാണവൻ.. അവനെ പോയ് തല്ലിയത് എന്തിനാ നീ…”
“ഞാൻ താലികെട്ടി എന്റെ സ്വന്തമാക്കി വെച്ചിരിക്കുന്ന എന്റെ ഭാര്യയെ അവന് പങ്കുവെച്ചു കൊടുക്കാനെനിക്ക് മനസ്സില്ലാത്തതുകൊണ്ട്…
പ്രവീണിന്റെ ശബ്ദം ഉയർന്നതും ഞെട്ടി അമ്മ അവന്റെയാ സംസാരത്തിൽ.. പകപ്പോടെ അവരുടെ മിഴികൾ തേടിയത് വേണിയെ ആണ്.. നിറഞ്ഞൊഴുകുന്ന അവളുടെ മിഴികളിലുണ്ട് അവർക്കുള്ള ഉത്തരം.
” നിസ്സാം… നിന്നോടു മോശമായ് പെരുമാറിയോ വേണീ…?
അവൾക്കു മുന്നിലെത്തിയത് ചോദിക്കുമ്പോൾ അമ്മയുടെ ശമ്പ്ദത്തിൽ വല്ലാത്തൊരു ഗൗരവം കലർന്നിരുന്നു…
ഉത്തരം നൽകാതെ നിലത്തേക്കു നോക്കി കണ്ണീരൊഴുക്കുന്നവളുടെ മുഖം പിടിച്ചുയർത്തി അമ്മ
“ഞാൻ ചോദിച്ചത് വേണികേട്ടില്ലേ…?
അവളുടെ മുഖത്തു കണ്ണുറപ്പിച്ച് അമ്മ വീണ്ടും ചോദിച്ചതും വല്ലാത്തൊരു വിറയൽ ബാധിച്ചു വേണിയിൽ…
” വിവാഹം കഴിഞ്ഞിട്ട് ഒന്നു രണ്ടു വർഷമായില്ലേ.. ഇതു വരെ കുട്ടികളൊന്നും ആയില്ലല്ലോന്ന് ചോദിച്ചു അന്നൊരിക്കൽ.. പിന്നൊരൂസം പറഞ്ഞു പ്രവീണേട്ടന് മക്കൾ ഉണ്ടാവില്ല.. ഞാനൊന്ന് സഹകരിച്ചാൽ.. അവനെനിക്ക്… കുഞ്ഞുങ്ങളെ തരാന്ന്… പ്രവീണേട്ടേനും പരാതിയൊന്നുമില്ലാന്ന്..
ഭയന്നും വിറച്ചും കാര്യങ്ങൾ പറയുന്നവളുടെ അരികിലേക്കവളെ തല്ലാനായ് പ്രവീൺ പാഞ്ഞതും അമ്മയുടെ കൈയ്യൊന്ന് ഉയർന്നു താഴ്ന്നു…
പ്ടേ….
അടി കൊണ്ട കവിളിൽ കൈവെച്ച് ഞെട്ടി പകച്ച് അമ്മയെ കരയാൻ പോലും മറന്ന് നോക്കുന്നവളെ കണ്ടപ്പോഴാണ് അമ്മയുടെ ഒരടി അവളിൽ വീണത് അവനറിഞ്ഞത്…
അമ്മ കൈ നീട്ടി ഒരാളെ അടിയ്ക്കുക… വിശ്വസിക്കാൻ കഴിയാതെ നിന്നു പോയ് പ്രവീൺ…
“ഞാൻ പ്രസവിച്ചതും വളർത്തിയതും നിനക്കൊരു ഭർത്താവായ് നൽകിയതും ഒരാൺക്കുട്ടിയെ ആണ്..
എന്തും ഈ വീട്ടിൽ എന്നോടും അവനോടും നിനക്ക് തുറന്നു പറയാവുന്നത്ര അടുപ്പവുമുണ്ട് നമ്മൾ മൂന്നാളും തമ്മിൽ… എന്നിട്ടെന്തിനു നീയത് മറച്ചുവെച്ചു.. എന്റെ മകനൊരു കഴിവുകെട്ടവനാണെന്ന് നിനക്ക് തോന്നിയതുകൊണ്ടോ.. ?
അതോ മറ്റവൻ പറഞ്ഞത് അനുസരിച്ചേക്കാമെന്ന ചിന്ത കൊണ്ടോ…?
അമ്മയുടെ ചോദ്യങ്ങൾക്കെല്ലാം വല്ലാത്തൊരു മൂർച്ചയുണ്ടായിരുന്നു
വേണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവളുടെ ഉള്ളിൽ നിന്നാർത്തൊരു കരച്ചിൽ ചീള് പുറത്തേക്ക് വീണു
അമ്മയുടെ ചോദ്യമവളെ അടിയേക്കാൾ വേദനിപ്പിച്ചു.. നിസ്സാം പറഞ്ഞത് താൻ അനുസരിക്കുക… ആ ചിന്തയിൽ പോലും ദേഹം പുഴുവരിച്ചതു പോലെ കുളിർന്നവൾ…
അവളുടെ ദയനീയമായ നോട്ടം പ്രവീണിലെത്തി നിന്നു…
“ഒരു വാക്ക് പറയാരുന്നില്ലേ… വെറുതെ ഉള്ളിലിട്ട് നീറ്റി കരഞ്ഞു നടന്നതെന്തിനാണ്..?
തന്നെ ദയനീയമായ് നോക്കുന്നവളെ വാരി നെഞ്ചോട് അടക്കി പിടിച്ചവൻ ചോദിച്ചതും പൊട്ടിപ്പിളർന്നു കരഞ്ഞു വേണി..
” അവനെന്നോടു പറഞ്ഞത് പ്രവീണേട്ടൻ അവനോട് സങ്കടം പറഞ്ഞ് കരഞ്ഞെന്നും സഹായിക്കാൻ ആവശ്യപ്പെട്ടന്നുമാണ്.. ”
അതു നീ വിശ്വസിച്ചോ വേണി…?
ചോദിക്കുമ്പോൾ വേദന നിറഞ്ഞിരുന്നു അവന്റെ ശബ്ദത്തിൽ..
“എനിയ്ക്ക് എന്നെക്കാൾ വിശ്വാസാണ് പ്രവിയേട്ടനെ.. പക്ഷെ ഏട്ടനെ കാണുമ്പോൾ ഈ മുന്നിൽ നിൽക്കുമ്പോഴെല്ലാം സങ്കടം വരും വല്ലാതെ.. കാര്യങ്ങൾ തുറന്നു പറഞ്ഞാൽ ഏട്ടനും അയാളും വഴക്കാവുമോന്ന് ഭയന്നു പോയ് ..”
“എന്നിട്ടും ഞാനത് അറിഞ്ഞില്ലേ വേണീ.. ഞാൻ ചെന്നതറിയാതെ അതിനെ പറ്റി ആരോടോ ഫോണിലൂടെ പറയുകയാണവൻ… അവൻ പറഞ്ഞ കാര്യത്തിന് നിനക്ക് സമ്മതമാണെന്നതു പോലെ.. തല്ലിപോയ് ഞാനവനെ.. ”
“തുറന്നു പറയേണ്ട കാര്യങ്ങൾ അതതു സമയം തുറന്നു തന്നെ പറയണം വേണീ.. എന്തു സംഭവിക്കും എന്നോർത്ത് മിണ്ടാതിരുന്നാൽ പിന്നീട് സംഭവിക്കുക തിരുത്താൻ പറ്റാത്ത തെറ്റുകളാവും… മനസ്സിലായോ അമ്മ പറഞ്ഞത് മോൾക്ക്..?
പ്രവീണിന്റെ നെഞ്ചോരം ചാഞ്ഞ് നിൽക്കുന്നവളുടെ കവിളിലെ അടി പാടിലൊന്നു തലോടി അമ്മ ചോദിച്ചതിന് കണ്ണുനീരിലൂടവളൊന്ന് പുഞ്ചിരിച്ചു…
സാരമില്ല ട്ടോ.. അവളോട് പറഞ്ഞമ്മ അകത്തേക്ക് നടന്നതും തന്റെ നെഞ്ചിൽ ചാഞ്ഞവളെ ഇടുപ്പോരം കൈ അമർത്തി തന്നിലേക്കൊന്നു കൂടി ചേർത്തു പ്രവീൺ..
“ഞാൻ കെട്ടിയവൾക്കൊരു കുഞ്ഞിനെ കൊടുക്കാൻ എനിയ്ക് പറ്റൂടി ഓര്യേ… നിനക്ക് ഞാനത് ഇപ്പോൾ കാണിച്ചു തരാം…”
വേണിയുടെ കാതിലായ് അവൻ പറഞ്ഞതും അവളുടെ പൊട്ടിച്ചിരി നിറഞ്ഞവിടെ.. അവരുടെ സന്തോഷ നിമിഷങ്ങൾ നിറയട്ടെ അവിടെ…
RJ