ഈ മുപ്പത്തിയെട്ടാം വയസ്സിൽ നിനക്കിനി പ്രസവിക്കണം എന്നാണോ? അതോ ഇതിന്റെ പേരും പറഞ്ഞ് എന്നെ പൊട്ടൻ ആക്കി…

(രചന: അംബിക ശിവ ശങ്കരൻ)

“വിശ്വാ… ഞാൻ പറഞ്ഞ കാര്യം എന്തായി? കുഞ്ഞിനെ അഡോപ്റ്റ് ചെയ്യുന്ന കാര്യം..?”

ആ ചോദ്യം കേട്ട് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അയാൾ അവളെ അടിമുടി നോക്കി.

” നിനക്ക് ഈ ഭക്ഷണം കഴിക്കുന്ന നേരത്ത് തന്നെ കിട്ടുകയുള്ളൂ ചാരു ഇങ്ങനെ ഓരോ വിഷയങ്ങൾ? മുൻപതിനെക്കുറിച്ച് സംസാരിച്ചപ്പോൾ ഞാൻ പറഞ്ഞതല്ലേ എനിക്ക് താല്പര്യമില്ലെന്ന്.. ” അയാൾ പ്ലേറ്റിലേക്ക് കയ്യിൽ പറ്റിപ്പിടിച്ചിരുന്ന ചോറ് കുടഞ്ഞുകൊണ്ട് പറഞ്ഞു.

” വർഷം പതിനഞ്ച് ആയില്ലേ വിശ്വ നമ്മൾ ഈ ഒറ്റപ്പെടൽ അനുഭവിക്കാൻ തുടങ്ങിയിട്ട്.. ഒരു കുഞ്ഞിന്റെ കളിയും ചിരിയും കാണാൻ ഞാൻ എത്ര കൊതിക്കുന്നുണ്ടെന്ന് അറിയാമോ? ഒരു സ്ത്രീയുടെ മനസ്സ് മനസ്സിലാക്കാൻ ഒരിക്കലും വിശ്വനു കഴിയില്ല..ഓരോ വർഷം കഴിയുംതോറും നമുക്ക് പ്രായം ഏറി വരികയാണ് വാർദ്ധക്യത്തിൽ കിടപ്പിലാകുമ്പോഴെങ്കിലും നമ്മളെ നോക്കാൻ ആരെങ്കിലും വേണ്ടേ? ” ചാരു വിടാൻ ഉദ്ദേശ്യമില്ലാതെ പറഞ്ഞു.

” അതിന്?..അതിന് കണ്ടെത്തിയ മാർഗ്ഗമാണോ ഇത്? കൊള്ളാം…
ഈ അനാഥാലയത്തിൽ വളരുന്ന കുട്ടികളൊക്കെ എങ്ങനെയുള്ളതാണെന്ന നിന്റെ വിചാരം? തൊണ്ണൂറ്റി ഒൻപത് ശതമാനവും പിഴച്ചു ഉണ്ടായതുങ്ങൾ ആവും. ഏതോ ഒരുത്തന്റെയോ ഒരുത്തിയുടെയോ കാമം തീർക്കുന്നതിനിടയ്ക്ക് പറ്റിയ ഒരു അബദ്ധം അതുകൊണ്ടാണല്ലോ ഇതുങ്ങളെയൊക്കെ വഴിയിൽ ഉപേക്ഷിച്ചു പോകുന്നത്. അങ്ങനെയുള്ള ഏതെങ്കിലും ഒന്നിനെ എടുത്തു വളർത്തി ഞാൻ ഉണ്ടാക്കിയതും നീ ഉണ്ടാക്കിയതും കണ്ട തെണ്ടി പിള്ളേരുടെ പേരിൽ എഴുതിവെക്കാൻ എനിക്കിപ്പോൾ സൗകര്യമില്ല. ” ഭക്ഷണം മതിയാക്കി കൈ കഴുകി കൊണ്ട് അയാൾ തീർത്തു പറഞ്ഞു.

” എന്തുപറഞ്ഞാലും പണം, പണം, പണം. രണ്ടാൾക്കും നല്ലൊരു ജോലി ഉണ്ടെന്ന് പറഞ്ഞ് എല്ലാം തികഞ്ഞോ വിശ്വാ? ജീവിതത്തിൽ പണത്തിന് മാത്രമാണോ സ്ഥാനം ഉള്ളത്? വിശ്വൻ ഇപ്പോൾ തെണ്ടി പിള്ളേർ എന്ന് പറഞ്ഞില്ലേ അവരും ദൈവത്തിന്റെ മക്കളാണ്. ആരോരുമില്ലാത്ത കുഞ്ഞുങ്ങളിൽ ഒരാളെ എടുത്തു വളർത്താൻ കഴിഞ്ഞാൽ അതൊരു പുണ്യമാണ്”.

” നീ എന്തൊക്കെ പറഞ്ഞാലും ശരി കണ്ടവന്റെ കുഞ്ഞിനെ ഇവിടെ കൊണ്ടുവന്ന് എന്റെ അനന്താരാവകാശിയായി വാഴിക്കാൻ ബുദ്ധിമുട്ടുണ്ട്. ”

” എങ്കിൽ പിന്നെ നമ്മുടെ ചോരയിൽ ഒരു കുഞ്ഞിനെ എനിക്ക് താ..കഴിയുമോ വിശ്വന് അതിന്? ” സർവ്വ നിയന്ത്രണവും നഷ്ടപ്പെട്ട അവളുടെ ചോദ്യത്തിന് അയാൾ ദഹിപ്പിച്ച ഒരു നോട്ടം അവളെ നോക്കി.

” ഓഹോ അപ്പോൾ അതാണ് മനസ്സിലിരിപ്പ്.. എനിക്ക് കുട്ടികൾ ഉണ്ടാവില്ലെന്ന് അറിഞ്ഞിട്ടും എന്റെ മുഖത്ത് നോക്കി നീ ആ ചോദ്യം ചോദിക്കണമെങ്കിൽ അത് എന്നെ തോൽപ്പിക്കാൻ അല്ലേ? ”

പറഞ്ഞത് അധികമായോ എന്നൊരു കുറ്റബോധം അവളിൽ ഇല്ലാതിരുന്നില്ല.

” ഞാൻ അങ്ങനെയല്ല വിശ്വാ പറഞ്ഞത്. അൻപത് ശതമാനം ചാൻസ് ഉണ്ടെന്നല്ലേ ഡോക്ടർ അന്ന് പറഞ്ഞത്. പൂർണ്ണമായും നോ പറഞ്ഞിട്ടില്ല. നമുക്ക് ഇനിയും പ്രതീക്ഷയുണ്ട് ല്ലോ.. ”

” ഈ മുപ്പത്തിയെട്ടാം വയസ്സിൽ നിനക്കിനി പ്രസവിക്കണം എന്നാണോ? അതോ ഇതിന്റെ പേരും പറഞ്ഞ് എന്നെ പൊട്ടൻ ആക്കി ഗർഭമുണ്ടാക്കാൻ ഏതവനെ എങ്കിലും കണ്ടുവെച്ചിട്ടുണ്ടോ? ”

അതും പറഞ്ഞ് ഡോർ വലിച്ചടച്ചുകൊണ്ട് അയാൾ ജോലിക്ക് പോയി. അന്നേരം ചാരുവിന് സങ്കടം സഹിക്കാനായില്ല. തന്റെ മാനസികാവസ്ഥ മനസ്സിലാക്കാത്ത ഭർത്താവിനെ കുറിച്ച് ഓർത്ത് അവളുടെ ഹൃദയം വിങ്ങി. ഏത് കുഞ്ഞിനെ കണ്ടാലും മനസ്സ് കൊതിക്കുകയാണ് അമ്മയെന്നുള്ള വിളി കേൾക്കാൻ തുടിക്കുകയാണ്. ഇരുപത്തിമൂന്നാം വയസ്സിലാണ് കല്യാണം ഇന്നിപ്പോൾ മുപ്പത്തിയെട്ട് വയസ്സ് തികയാൻ പോകുന്നു ഈ വർഷത്തിനിടയ്ക്ക് ഒരിക്കൽ താൻ കരഞ്ഞു പറഞ്ഞിട്ടാണ് വിശ്വൻ തന്നോടൊപ്പം ഡോക്ടറെ കാണാൻ വന്നത്.അന്ന് വീട്ടിൽ വന്ന ശേഷം ഒരുപാട് വഴക്കിട്ടു എനിക്ക് ആണത്തം ഇല്ലെന്ന് തെളിയിക്കാൻ ആണോടി എന്നെയും കൂട്ടിയിട്ട് പോയതെന്ന് പറഞ്ഞു ദേഷ്യം തീരുവോളം അടിച്ചു.അപ്പോഴും ഡോക്ടർ പറഞ്ഞ വാക്കിന്റെ പുറത്ത് ഒരു പ്രതീക്ഷ ഉള്ളിൽ മായാതെ കിടപ്പുണ്ടായിരുന്നു.

ചികിത്സയ്ക്ക് കളയാൻ പണമില്ലെന്ന് പറഞ്ഞ് വിശ്വന്‍ നിർബന്ധം പിടിച്ച് ഒഴിഞ്ഞു മാറിയപ്പോൾ പിന്നെ ആകെ ആശ്രയം പ്രാർത്ഥന മാത്രമായിരുന്നു. സകല ദൈവങ്ങളെയും വിളിച്ച് കരഞ്ഞു പ്രാർത്ഥിച്ചു പക്ഷേ ദൈവങ്ങളും കൈവിട്ടു. പിന്നെ ആകപ്പാടെയുള്ള പ്രതീക്ഷയായിരുന്നു ഒരു കുഞ്ഞിനെ ദത്തെടുക്കുക എന്നത് അതും അസ്തമിച്ചപ്പോൾ ഒരു കാര്യം മനസ്സിലായിരിക്കുന്നു കുഞ്ഞ് എന്നത് തനിക്ക് ഒരു സ്വപ്നവും വിശ്വന് ഒരു ദുഃസ്വപ്നവും ആണെന്ന്. അതിനപ്പുറം ഭാര്യ എന്നത് അയാളുടെ ഇഷ്ടങ്ങൾ തീർക്കാനുള്ള വെറുമൊരു ശരീരവും.

“ചാരു എന്തായി ഞാൻ പറഞ്ഞ കാര്യം? ഞാൻ ഫാദറിനോട് സംസാരിച്ചു നിങ്ങൾ രണ്ടാളും വില്ലിംഗ് ആണോ എന്ന് ചോദിച്ചു ഫാദർ.. ജീവിതാവസാനം വരെ ഒരു കുഞ്ഞിനെ നോക്കി വളർത്തേണ്ട കാര്യമല്ലേ ഒരു ആവേശത്തിന് എടുത്ത തീരുമാനം പിന്നീട് തെറ്റായി എന്ന് തോന്നരുതല്ലോ.. അതുകൊണ്ട് രണ്ടാളും നല്ലതുപോലെ ആലോചിച്ചിട്ട് ഫാദറേ നേരിട്ട് ചെന്ന് കാണാൻ പറഞ്ഞു ബാക്കി കാര്യങ്ങളൊക്കെ നേരിട്ട് പറയാം എന്ന്..” ഓഫീസിലെ തിരക്കൊഴിഞ്ഞ നേരം ചാരുവിനെ സുഹൃത്ത് മരിയ ഓർമിപ്പിച്ചു.

” വിശ്വന് താല്പര്യമില്ല മരിയ.. സ്വന്തം കുഞ്ഞു പോലെ ആകില്ലല്ലോ എന്നാണ് പറയുന്നത്. രണ്ടുവർഷം കൂടിയൊന്ന് വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞു ദൈവം എന്തെങ്കിലും ഒരു മിറാക്കിൾ കാണിച്ചാലോ..അതിനുശേഷം അഡോപ്‌ഷനെ പറ്റി ചിന്തിക്കാമെന്നാണ് വിശ്വൻ പറഞ്ഞത്. ”
മരിയയുടെ മുന്നിൽ കള്ളം പറയുമ്പോൾ ചാരുവിന്‍റെ മനസ്സ് മുഴുവൻ താൻ കണ്ടിട്ടില്ലാത്ത ഏതോ ഒരു കുഞ്ഞിന്റെ പുഞ്ചിരിയായിരുന്നു. എത്ര സ്വപ്നങ്ങൾ കണ്ടതാണ്. അവൾ ദീർഘമായി നിശ്വസിച്ചു.

” എനിക്കൊരു ഉമ്മ വേണം വിശ്വൻ… ” എപ്പോഴത്തെയും പോലെ അവളുടെ ശരീരത്തെ പ്രാപിക്കാനായി വസ്ത്രങ്ങൾ ഓരോന്ന് ആർത്തിയോടെ വലിച്ചെറിയവേ അന്ന് അവൾ ആദ്യമായി അയാളോട് ആവശ്യപ്പെട്ടു.

” ഉമ്മയോ? ” അവളുടെ നഗ്നമായ ശരീരത്തെ നോക്കി അയാൾ നെറ്റി ചുളിച്ചു.

” അതെ വിശ്വനിൽ നിന്ന് എനിക്ക് കിട്ടാത്തത് അത് മാത്രമാണ് സ്നേഹത്തോടെയുള്ള ഒരു ചുംബനം. വിശ്വൻ എന്റെ ശരീരത്തെ ആസ്വദിക്കുമ്പോഴൊക്കെയും ഞാൻ അത് പലവട്ടം കൊതിച്ചിട്ടുള്ളതാണ് പക്ഷേ…”

സാഹിത്യം വിളമ്പി തന്റെ മൂഡ് കളയാൻ അയാൾക്ക് താല്പര്യമുണ്ടായിരുന്നില്ല. ഇപ്പോൾ ഇവൾ എന്തുപറഞ്ഞാലും സമ്മതിച്ചേ പറ്റൂ..

” എവിടെ ഇവിടെയാണോ? അതും പറഞ്ഞ് അയാൾ അവളുടെ മാറിടത്തിലേക്ക് മുഖമമർത്തി അന്നേരം അവൾ അയാളുടെ മുഖം പിടിച്ചുയർത്തി അയാളുടെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ വെച്ചു.

” ഇവിടെ.. ” അവൾ പ്രണയാർദ്രമായി പറഞ്ഞു.അയാൾ ധൃതിയിൽ അവളുടെ നെറുകയിൽ ചുംബിച്ചു അതിൽ പക്ഷേ പ്രണയം ഉണ്ടായിരുന്നില്ല എന്ന് മാത്രം. കടമ കഴിക്കാനായി ഒരു ചുംബനം നൽകി അയാൾ അവളുടെ ശരീരത്തിൽ പരാക്രമങ്ങൾ നടത്തി.

ദിവസങ്ങളും ആഴ്ചകളും കടന്നുപോയി കുറച്ചു ദിവസങ്ങളായി അവൾക്ക് തന്റെ മാറിടം വല്ലാത്ത വേദന തോന്നി. തൊടുമ്പോൾ പോലും വേദന തോന്നിയതുകൊണ്ടാണ് യൂട്യൂബിൽ ഒക്കെ സെർച്ച് ചെയ്തു നോക്കിയത് . അന്നേരം ബ്രെസ്റ്റ് കാൻസറിന്റെ ലക്ഷണം ആവാം എന്ന് കണ്ടതും അവൾ ആകെ തളർന്നുപോയി. ഇക്കാര്യത്തെക്കുറിച്ച് വിശ്വനോട് പറഞ്ഞെങ്കിലും അയാൾ അത് അവഗണിച്ചു. വേണ്ടപ്പെട്ട ബന്ധുക്കൾ ആരുമില്ലാത്തതുകൊണ്ട് അവൾ മരിയയോട് ആണ് പിന്നെ ഇക്കാര്യം പറഞ്ഞത്. കാര്യം കേട്ടതും മരിയയാണ് ചാരുവിനേയും കൊണ്ട് നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കണ്ടത്.
ചികിത്സക്കും സ്കാനിങ്ങിനു ശേഷം ഡോക്ടർ അവരെ വിളിപ്പിച്ചു.

” ചാരു ഭയപ്പെടുന്ന പോലെയൊന്നുമില്ല. പിന്നെ ‘കൺഗ്രാജുലേഷൻസ്’. ബ്രെസ്റ്റ് പെയിൻ താങ്കൾ ഒരു അമ്മയാകാൻ പോകുന്നതിന്റെ ലക്ഷണമായിരുന്നു അതായത് മുലയൂട്ടാൻ ചാരുവിന്റെ ശരീരം പ്രാപ്തയായിരിക്കുന്നു എന്ന് ശാലുവിന്റെ ശരീരം മുന്നൊരുക്കങ്ങൾ നടത്തിയതാണ്. വിച്ച് മീൻസ് യു ആർ പ്രഗ്നന്റ്. ഈ ഏജിൽ ഫസ്റ്റ് ഡെലിവറി ആയതുകൊണ്ട് തന്നെ കുറച്ചു കോംപ്ലിക്കേഷൻസ് ഉണ്ട് പക്ഷേ ഡോണ്ട് വറി. കൃത്യമായി ചെക്കപ്പിന് വരണം മെഡിസിൻസും കഴിക്കണം. ആരോഗ്യം ശ്രദ്ധിക്കണം. ”
ഡോക്ടർ പറഞ്ഞത് കേട്ട് മരിയയും ചാരുവും ഒരുപോലെ ഞെട്ടി.ഒരു നിമിഷം ചാരുന് തന്റെ ചെവികളെ വിശ്വസിക്കാൻ കഴിഞ്ഞില്ല ഡോക്ടറോട് നന്ദി പറഞ്ഞു പുറത്തിറങ്ങിയതും അവൾ മരിയയെ കെട്ടിപ്പിടിച്ചുകൊണ്ട് തുള്ളിച്ചാടി.

” ചാരു നിന്റെ പ്രാർത്ഥന ദൈവം കേട്ടു.. ” അതെ ഇത് ദൈവത്തിന്റെ അനുഗ്രഹമാണ് അവളുടെ കണ്ണ് നിറഞ്ഞു.

വൈകുന്നേരം ജോലി കഴിഞ്ഞുള്ള വിശ്വന്റെ വരവിനായി അവൾ അക്ഷമയോടെ കാത്തിരുന്നു. വിശ്വൻ സന്തോഷം കൊണ്ട് തുള്ളിച്ചാടും അവൾക്കു ഉറപ്പായിരുന്നു.
എന്നാൽ തന്റെ ധാരണകളെല്ലാം തകിടം മറിക്കുന്ന സംഭവങ്ങളാണ് അവിടെ നടന്നത് സ്കാനിങ് റിപ്പോർട്ടുകൾ കണ്ടതും അയാൾ കോപം കൊണ്ട് ജ്വലിച്ചു.

” ആരാന്റെ വിഴിപ്പിനെ വയറ്റിലിട്ട് ഇപ്പോൾ ഒടുക്കം എന്റെ തലയിൽ വയ്ക്കാൻ നോക്കുന്നുവോ? എന്റെ പണം തട്ടിയെടുക്കാൻ ആണല്ലേ നിന്റെ പ്ലാൻ ഇപ്പോൾ ഇറങ്ങണം ഇവിടെനിന്ന്.. കണ്ടവന്റെ കൊച്ചിനെയൊന്നും എനിക്ക് ഏറ്റെടുക്കേണ്ട കാര്യമില്ല. കുട്ടികൾ ഉണ്ടാകാത്ത എനിക്ക് എങ്ങനെയാടി കുഞ്ഞുങ്ങൾ ഉണ്ടാകുന്നത്? പോയി ഇതിന്റെ തന്തയോട് പറ ഗർഭം ഉണ്ടെന്ന്. ”

അതും പറഞ്ഞു മുടിക്ക് പിടിച്ച് അയാൾ അവളെ പുറം തള്ളുമ്പോൾ ഇങ്ങനെയൊരു പ്രതികരണം തന്റെ ഭർത്താവിൽ നിന്നും പ്രതീക്ഷിക്കാത്ത കൊണ്ടാവാം അവൾ പൊട്ടിക്കരഞ്ഞു പോയി.. കരഞ് അയാളുടെ കാലു പിടിച്ചെങ്കിലും വിശ്വന്റെ മനസ്സ് അലിഞ്ഞില്ല. ഒടുക്കം മരിയ വന്നാണ് ഓഫീസിന്റെ അടുത്തുള്ള ചെറിയ ഫ്ലാറ്റിലേക്ക് അവളുടെ താമസം മാറ്റിയത് ചാരുവിനെ നോക്കാൻ തന്റെ പരിചയത്തിലുള്ള ഒരു സ്ത്രീയെയും ഏർപ്പാടാക്കി.

” എന്നാലും ചാരു നിന്റെ ഹസ്ബൻഡ് ഇത്രയ്ക്ക് മനസാക്ഷിയില്ലാത്തവൻ ആയിരുന്നോ? ”

നെഞ്ചിൽ ഒരായിരം തീ കനൽ എരിയുമ്പോഴും അവൾ കരഞ്ഞില്ല പാറ പോലെയിരുന്നു.

സ്കാനിംഗിന് പോകുമ്പോഴൊക്കെ ഗർഭിണികളുടെ കൂടെ വരുന്ന ഭർത്താക്കന്മാരെ ചാരു വേദനയോടെ നോക്കി. ഒരുവട്ടമെങ്കിലും വിശ്വൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ ആശിച്ചുപോയി. എന്നിരുന്നാലും കുഞ്ഞിന്റെ മുഖം കാണുന്നതോടെ വിശ്വന്റെ വിരോധം ഒക്കെ മാറും എന്ന് അവൾക്ക് ഉറപ്പായിരുന്നു.ലേബർ റൂമിന് മുന്നിൽ ടെൻഷനടിച്ച് കാത്തുനിൽക്കുന്ന ആളുകൾക്കിടയിൽ, ഇല്ലെന്നറിഞ്ഞിട്ടും അവൾ തന്റെ ഭർത്താവിനെ തിരഞ്ഞു. ഒടുക്കം പ്രാണൻ പകുത്ത് നൽകി അവൾ ഒരാൺ കുഞ്ഞിനെ ജന്മം നൽകി.

ദിവസങ്ങൾ കടന്നുപോയെങ്കിലും വിശ്വൻ കുഞ്ഞിനെ കാണാൻ വന്നില്ല. ഒടുക്കം രണ്ടും കൽപ്പിച്ച് അവൾ തന്റെ കുഞ്ഞിനെയും എടുത്ത് അവന്റെ അച്ഛന്റെ അടുത്തേക്ക് ചെന്നു. അപ്പോഴെങ്കിലും അയാളുടെ മനസ്സലിയും എന്ന് കരുതി. കുറെവട്ടം ബെല്ലടിച്ച ശേഷമാണ് വാതിൽ തുറന്നത് അവളെ കണ്ടതും അയാൾ ഒന്നു പരുങ്ങി.

” നിന്നോട് ആര് പറഞ്ഞു ഈ വിഴുപ്പിനെയും കൊണ്ട് ഇങ്ങോട്ട് വരാൻ? ” അവളെ കണ്ടപാടെ അയാൾക്ക് കാർപ്പിച്ചു തുപ്പി.സ്വന്തം കൺമുന്നിൽ തന്റെ കുഞ്ഞിനെ കണ്ടിട്ടും മനസ്സലിയാത്ത ഇയാളോട് ഇനി അനുകമ്പ കാണിക്കേണ്ടതില്ലെന്ന് അവൾക്ക് മനസ്സിലായി.

” ഇപ്പോൾ ഈ പറഞ്ഞതിന് കാലം നിങ്ങളോട് പകരം ചോദിക്കും. ഇനി ഞാനും എന്റെ മോനും നിങ്ങളുടെ കാൽക്കീഴിൽ വരില്ല. എന്റെ ഒന്ന് രണ്ട് അത്യാവശ്യ സാധനങ്ങൾ മുറിയിൽ ഉണ്ട് അത് എടുത്തിട്ട് ഞാൻ ഈ പടി എന്നെന്നേക്കുമായി ഇറങ്ങുകയാണ്. ”

തടഞ്ഞു നിർത്തും മുന്നേ അയാളെ മറികടന്ന് മുറി തുറന്നതും കണ്ട കാഴ്ച അവളെ ഞെട്ടിക്കുന്നതായിരുന്നു. കട്ടിലിൽ തനിക്ക് പകരം ഒരു സ്ത്രീ നഗ്നയായി കിടക്കുന്നു!. ചാരുവിനെ കണ്ടതും അവർ ബെഡ്ഷീറ്റ് കൊണ്ട് ദേഹം മറിച്ചു. ഒരു നിമിഷം അവളുടെ സിരകളിലൂടെ രക്തം തിളച്ചു മറിഞ്ഞു. മറിച്ചൊന്ന് ചിന്തിക്കാതെ ആഞ്ഞു ഒരടി അയാളുടെ കരണം നോക്കി കൊടുത്തു. നിന്ന നിൽപ്പിൽ അയാൾക്ക് തലകറങ്ങി.

“ഇത് തരാതെ ഞാൻ ഇവിടെ നിന്ന് ഇറങ്ങിയാൽ ഈ ലോകത്തെ മുഴുവൻ സ്ത്രീകൾക്കും അതൊരു അപമാനമായിരിക്കും.. ഇനി എന്റെ കൺമുന്നിൽ നിങ്ങൾ വരരുത്…”

അന്ന് ആ പടിയിറങ്ങുമ്പോൾ അവളുടെ മനസ്സ് നിറയെ അയാളോടുള്ള വെറുപ്പായിരുന്നു കൂടെ അയാളെ ജയിക്കണം എന്നുള്ള വാശിയും.

തല്ല്കൊണ്ടെങ്കിലും അവളും കുഞ്ഞും ഒഴിഞ്ഞു പോയല്ലോ എന്ന ആശ്വാസമായിരുന്നു അയാൾക്ക്. പിന്നീടുള്ള കാലം അയാൾ ഓരോരോ സ്ത്രീകളെ പ്രാപിച്ചുകൊണ്ടിരുന്നു. സമ്പാദിക്കുന്ന പണം മുഴുവനും പരസ്ത്രീകൾക്കും വേശ്യാലയങ്ങൾക്കും വേണ്ടി ചെലവഴിച്ച് അയാൾ ആനന്ദം കണ്ടെത്തി. അപ്പോഴൊക്കെയും ചാരു തന്റെ മകനു വേണ്ടി മാത്രം ജീവിച്ചു.

വർഷങ്ങൾ ഒരുപാട് പിന്നിട്ടപ്പോഴാണ് തനിക്ക് എയ്ഡ്സ് പിടിപെട്ടെന്ന സത്യം അയാൾ തിരിച്ചറിഞ്ഞത്. സമ്പാദിച്ച പണം മുഴുവൻ നൽകിയാലും അതിൽ നിന്ന് മോചനം ഇല്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് പണത്തിനു മീതെ പലതും ഉണ്ടെന്നുള്ള യാഥാർത്ഥ്യം അയാൾ തിരിച്ചറിഞ്ഞത്. ഇനി ജീവിതത്തിലേക്ക് ഒരു മടങ്ങി പോക്കില്ലെന്ന് തിരിച്ചറിവ് അയാളെ തളർത്തി. ആരും കൂട്ടില്ലാതെ ആ വലിയ വീട്ടിൽ തനിച്ചുകഴിയുമ്പോഴാണ് ഏകാന്തത എന്താണെന്ന് അയാൾ അറിഞ്ഞത്. ചാരുവിനെ കണ്ടുപിടിച്ച് ക്ഷമ ചോദിച്ചെങ്കിലും അയാളോട് ക്ഷമിക്കാനോ മകനെ ഒരു നോക്ക് കാണിച്ചു കൊടുക്കാനോ തയ്യാറാകാതെ അവൾ അയാളെ ആട്ടിയോടിച്ചു. തന്റെ മകന്റെ മുഖം ഒരു നോക്ക് കാണുവാനായി അയാളുടെ മനസ്സ് വെമ്പി. അവൻ ഇപ്പോൾ വലുതായിട്ടുണ്ടാകും അയാൾ തന്റെ മകന്റെ മുഖം മനസ്സിൽ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ക്ഷീണിച്ച ശരീരവുമായി മരണത്തെ കാത്തു കിടക്കുന്ന നേരമാണ് ചാരു പറഞ്ഞ ശാപവാക്ക് അയാൾക്ക് ഓർമ്മ വന്നത്.’ കാലം നിങ്ങളോട് പകരം ചോദിക്കുമെന്ന്’… എത്ര സത്യം. ഇതിൽപരം ഇനിയൊരു തിരിച്ചടി കിട്ടാനില്ല. അന്ന് ചാരു കൊതിച്ച പോലെ സ്നേഹത്തോടെയുള്ള ഒരു തലോടലിനായി,ഒരു ചുംബനത്തിനായി, അച്ഛാ എന്നുള്ള ഒരു വിളിക്കായി തന്റെ മനസ്സും ഇപ്പോൾ കൊതിക്കുന്നുണ്ട്. പക്ഷേ ഈ തിരിച്ചറിവ് ഒരുപാട് വൈകി പോയിരിക്കുന്നു.ഒരിക്കലും മായ്ച്ചുകളയാൻ ആകാത്ത വിധം തന്റെ പാപങ്ങൾ തന്നെ വേട്ടയാടുന്നു… ചെയ്തു പോയ തെറ്റുകളെ ഓർത്ത് അയാൾ ഉറക്കെ കരഞ്ഞു.. അന്നേരം ഒക്കെയും ചാരു തന്റെ മകന്റെ വളർച്ച കണ്ട് പുഞ്ചിരിച്ചു കൊണ്ടിരുന്നു.

അംബിക ശിവ ശങ്കരൻ