ഇനി അങ്ങോട്ടുള്ള പോക്ക് നിർത്തിക്കോ നീ….നിന്റെയും അഭീടേം കാര്യം ഞങ്ങൾ ഏകദേശം തീരുമാനിച്ച് വച്ചിട്ടുണ്ട്…. പിന്നെ കല്യാണത്തിന്റെ…

ആത്മസഖി
(രചന: Fathima Ali)

“നന്ദൂ..ഒന്ന് വേഗം വന്നേ ടീ..ക്ലാസ് ഇപ്പോ തുടങ്ങും….”

ബസ് ഇറങ്ങി നന്ദനയുടെ കൈ പിടിച്ച് വലിച്ച് ഓടുകയാണ് അവളുടെ ആത്മ മിത്രം വൈശാലി…..സ്ക്കൂട്ടി പണി മുടക്കിയത് കാരണം ഇന്നത്തെ വരവ് ബസ്സിൽ ആയിരുന്നു….

“ഒന്ന് പതുക്കെ വൈശൂ…ഫസ്റ്റ് ഹവറിന് ഇനിയും സമയമുണ്ടല്ലോ….പിന്നെ എന്തിനാ നീ ഇങ്ങനെ പാഞ്ഞ് പോകുന്നത്…?”

വൈശാലിയുടെ കൈപിടിച്ച് നിർത്തി നന്ദു ചോദിച്ചു….
നിർത്താതെ ഓടിയതു കാരണം അവൾ നല്ലവണം കിതക്കുന്നുണ്ടായിരുന്നു….

“എന്തോ…എങ്ങനെ…ഫസ്റ്റ് ഹവർ ആരുടെ ക്ലാസ് ആണെന്ന് ഓർമ ഉണ്ടോ നിനക്ക്…?”

ഇടുപ്പിൽ കൈ കുത്തി വൈശാലി ചോദിച്ചു….

“ഇല്ല…”

“ഞഞ്ഞായി…എടീ പോത്തെ ആ കടുവയുടെ പിരീഡാ….അയാൾ ടൈം ആവുന്നതിന് പത്ത് മിനിറ്റിന് മുന്നേ ക്ലാസിൽ കയറും എന്ന് അറിഞ്ഞൂടെ നിനക്ക്…?”

“ദൈവമേ….എന്നിട്ടാണോ തെണ്ടീ വടി പോലെ നിൽക്കുന്നത്….
ഓടെടീ….”

ഇത്തവണ നന്ദുവായിരുന്നു വൈശുവിനേയും വലിച്ച് ഓടിയത്….
ആ വിശാലമായ ക്യാമ്പസിന്റെ പടുകൂറ്റൻ ഗേറ്റിന് മുന്നിൽ എത്തിയ ശേഷമിയിരുന്നു നന്ദു വൈശുവിന്റെ കൈ വിട്ടത്….

“ഹാവൂ….ഇനിയും ഇരുപത് മിനിറ്റ് ബാക്കി ഉണ്ട് ബെൽ അടിക്കാൻ….
ബാ…നമുക്ക് ഉള്ളിലേക്ക് പൂവാം…”

നന്ദു പറയുന്നത് കേട്ട് വൈശു അവളെ കൂർപ്പിച്ച് നോക്കി….
നന്ദു അവളെ നോക്കി ഒന്ന് ഇളിച്ച് കാണിച്ചു….

വൈശു അവളുടെ തലയിലൊന്ന് കൊട്ടി കൈകോർത്ത് പിടിച്ച് ക്യാമ്പസിനകത്തേക്ക് നടന്നു…..

ബി.കോം ഫിനാൻസിന്റെ ബ്ലോക്കിലേക്ക് കയറുന്നതിനിടക്കാണ് കോളേജിലെ പിള്ളേർ എല്ലാവരും കൂടെ ഗ്രൗണ്ട് ലക്ഷ്യമാക്കി ഓടുന്നത് കണ്ടത്…..
നന്ദനയും വൈശാലിയും എന്താണ് കാര്യമെന്നറിയാതെ പകച്ചു…..

“ആദീ…എന്താ ടാ കാര്യം…?”

ഓടുന്നതിനിടെ ഒരുത്തനെ തടഞ്ഞ് നിർത്തി വൈശാലി ചോദിച്ചു……

“എം.കോം ഉം ഫസ്റ്റിയേർസും തമ്മിൽ പൊരിഞ്ഞ അടി….”

“എന്റെ ഈശ്വരാ….ഇന്നും!!”

നന്ദു തലയിൽ കൈ വെച്ച് പറഞ്ഞു….

“നീ എന്ത് നോക്കി നിൽക്കുകയാ പട്ടീ…..വാ വേഗം…”

വായും തുറന്ന് നിൽക്കുന്ന വൈശുവിനെ പിടിച്ച് വലിച്ച് നന്ദു ഗ്രൗണ്ട് ലക്ഷ്യമാക്കി ഓടി…..

ഗ്രൗണ്ടിന് ചുറ്റിലും കൂടി നിൽക്കുന്നവരെ വകഞ്ഞുമാറ്റി നന്ദുവും വൈശുവും ഉള്ളിലേക്ക് കയറി…..

“എവിടെ നന്ദൂ…കണ്ടോ…?”

“ഇല്ല ടാ…നോക്കട്ടേ…..
ദൈവമേ വന്നിട്ടുണ്ടാവല്ലേ….”

നന്ദുവിന്റെ കണ്ണുകൾ ആരെയോ തിരഞ്ഞു കൊണ്ടിരുന്നു…..

“വൈശൂ….ജിത്തേട്ടൻ….”

“എവിടെ..?കണ്ടോ നീ ..?”

“മ്മം…ദാ…”

നന്ദു വിരൽ ചൂണ്ടിയ ദിശയിലേക്ക് വൈശുവിന്റെ കണ്ണുകൾ പാഞ്ഞു…..
നിലത്ത് വീണു കിടക്കുന്ന ഒരു ചെറുപ്പക്കാരന് നേരെ തന്റെ കൈയ്യിലുള്ള ഹോക്കി സ്റ്റിക്ക് കൊണ്ട് ആഞ്ഞടക്കുകയായിരുന്നു അവൻ….
അവന്റെ നീളൻ മുടി വിയർപ്പിൽ കുതിർന്ന് നെറ്റിയിൻമേൽ പറ്റി നിൽക്കുന്നുണ്ടായിരുന്നു….
അഭിജിത്ത്….
അവന്റെ കണ്ണുകളിലും മുഖത്തും നിറഞ്ഞ രൗദ്ര ഭാവം പരമശിവന്റെ കോപത്തെ ഓർമിപ്പിച്ചു….

അവന്റെ നേരെ ചെല്ലാനോങ്ങിയ നന്ദുവിനെ വൈശു തടഞ്ഞു നിർത്തി…..

“അല്ല…നീയിത് എങ്ങോട്ടാ…?
പൊന്നുമോളെ കഴിഞ്ഞ പ്രാവശ്യം അടി നടക്കുന്നതിനിടെ പിടിച്ച് മാറ്റാൻ ചെന്നത് ഓർമ്മ ഉണ്ടല്ലോ….
അത് മറന്ന് ഇനിയും ചെന്നാ ഏട്ടന്റെ ഹോക്കി സ്റ്റിക്കിന്റെ ചൂട് നീ ഒന്നൂടെ അറിയും….
അങ്ങേർക്ക് ദേഷ്യം വന്ന് കഴിഞ്ഞാ പ്രാന്താ ടീ….”

വൈശു പറഞ്ഞതും നന്ദു അവളെ കൂർപ്പിച്ച് നോക്കി…..

“ഓഹ് നിന്റെ ചെക്കനെ പറഞ്ഞപ്പോ സഹിച്ചില്ല അല്ലേ…”

“പോടീ പുല്ലേ…”

നന്ദു ദേഷ്യത്തോടെ പറഞ്ഞ് മുഖം തിരിച്ചു…..
അവളുടെ കൈവിരൽ മുടിക്കുള്ളിൽ ഒളിപ്പിച്ച് വെച്ച പാടിൽ തങ്ങി നിന്നു….

വൈശു പറഞ്ഞത് ശരിയാണ്…കഴിഞ്ഞ തവണ അടി നടക്കുന്നതിനിടെ പിടിച്ച് മാറ്റാൻ ചെന്നപ്പോൾ കിട്ടിയതാണ്….
ഏതോ ഒരുത്തന് നേരെ വീശിയ സ്റ്റിക്ക് അവൻ ഒഴിഞ്ഞു മാറിയപ്പോൾ കൊണ്ടത് തനിക്കും….
അടിയും കിട്ടി ജിത്തേട്ടന്റെ വായിലുള്ളത് മൊത്തം കേൾക്കുകയും ചെയ്തു……
ഇനി മേലാൽ ഇടക്ക് കയറി വരരുത് എന്ന് വാണിംഗും തന്നതാണ്…….

നന്ദു ഓർത്തു….

“എടീ ഇങ്ങനെ പോയാൽ ജിത്തേട്ടൻ അവനെ കൊല്ലും എന്താ ടീ ചെയ്യുക…?”

നന്ദുവിനാകെ ടെൻഷനായി…..

“നീ ടെൻഷനാവേണ്ട ടീ….കൃത്യ സമയത്ത് തന്നെ എത്തേണ്ട ആൾ എത്തി ഏട്ടനെ പിടിച്ച് മാറ്റിക്കോളും….”

വൈശു നന്ദുവിനോട് പറയുന്നതിനിടക്ക് ആരെയോ തിരയുന്നുണ്ടായിരുന്നു….

“ഹാ…ദാ വന്നല്ലോ…”

വൈശു പറഞ്ഞത് കേട്ട് നോക്കിയ നന്ദു അഭി ഓങ്ങിയ ഹോക്കി സ്റ്റിക്ക് പിടിച്ച് വെച്ചിരിക്കുന്ന ചെറുപ്പക്കാരനെ കണ്ടു…..

“ജിത്തു…മതി…”

“ഋഷീ വിട്….കൊല്ലും ഞാനീ #%##% മോനെ…..”

“ജിത്തു വേണ്ട….”

ഋഷിയുടെ വാക്ക് കേട്ട് അഭി ഹോക്കി സ്റ്റിക്ക് വലിച്ചെറിഞ്ഞു…..

“എടുത്ത് കൊണ്ട് പോ ഇവനെ..”

അഭി എടുത്തിട്ട് പെരുമാറിയവനെ ചൂണ്ടിക്കൊണ്ട് ഋഷി പറഞ്ഞു…
വീണു കിടക്കുന്നവന്റെ കൂട്ടാളികൾ വന്ന് അവനെ പൊക്കി കൊണ്ട് പോയി…..

“നന്ദൂ…എടീ ഇത്രേം അടി നടന്നിട്ടും ഒരൊറ്റ ടീച്ചേർസും എന്താ ടീ ഇങ്ങോട്ട് തിരിഞ്ഞ നോക്കാത്തത്…?”

“പിടിച്ച് മാറ്റാൻ ചെന്നാൽ അവർക്കും കണക്കിന് കിട്ടും എന്ന് അറിയാവുന്നത് കൊണ്ടാവും….
അല്ലെങ്കിൽ ഇവനൊക്കെ രണ്ടണ്ണം കിട്ടട്ടേന്ന് കരുതി മനപ്പൂർവ്വം വരാത്തതുമാവും…”

അടി കഴിഞ്ഞത് കൊണ്ട് ഒരു വിധം കുട്ടികളെല്ലാം തന്നെ ഗ്രൗണ്ട് വിട്ട് പോയിരുന്നു….

ഋഷിയും അഭിയും കൂടെ സ്റ്റുഡന്റ്സിന് ഇരിക്കാനൊരക്കി വെച്ചിരുന്ന ബെഞ്ചിൽ പോയി ഇരുന്നു….
അവരുടെ പിന്നാലെ വൈശുവും നന്ദുവും…..

അഭിയുടെ ദേഷ്യം മാറിയിരുന്നില്ലെന്ന് അവന്റെ മുറുകി നിൽക്കുന്ന മുഖവും ചുരുട്ടി പിടിച്ച് നിൽക്കുന്ന കൈകളും കണ്ടാൽ മനസ്സിലാവുമായിരുന്നു…..

നന്ദുവിന് നേരെ കണ്ണു കാണിച്ച് ഋഷി വൈശുവിനേയും കൂട്ടി നടന്നു…

നന്ദുവിന് അഭിയുടെ അടുത്തേക്ക് പോവാൻ ഭയം തോന്നിയെങ്കിലും അവൾ രണ്ടും കൽപിച്ച് അവന്റെ അടുത്ത് ഇരുന്നു….
ചെന്നിയിലൂടെ ഒഴുകി ഇറങ്ങുന്ന ചോര ചുരിദാറിന്റെ ഷാളുകൊണ്ട് തുടച്ചു കൊടുത്തു…..

“ആഹ്..ടീ കോപ്പേ വേദനിക്കുന്നു….”

അഭി ദേഷ്യത്തോടെ പറഞ്ഞതും നന്ദു ഒന്ന് കൂടെ ശക്തിയിൽ നെറ്റിയിലെ മുറിവിൽ അമർത്തി തുടച്ചു…

“വേദനിക്കുന്നു എന്ന് പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ലേ…”

അഭി അവളുടെ കൈ പിടിച്ച് വെച്ച് ചോദിച്ചു…

“നന്നായി പോയി…”

നന്ദു അഭിയുടെ കൈ തട്ടി മാറ്റി എഴുന്നേറ്റു….

“ടീ….നീയിത് എങ്ങോട്ടാ…”

“മാറ് എനിക്ക് ക്ലാസിൽ കയറണം…”

മുന്നിൽ തടസമായി നിന്ന അഭിയെ തള്ളി മാറ്റാൻ നോക്കി അവൾ പറഞ്ഞു…..

“നീ എവിടേക്കും പോവുന്നില്ല…ഇവിടെ ഇരിക്ക്…”

അഭി പിടിച്ച് ഇരുത്തിയെങ്കിലും അവളുടെ മുഖം വീർത്ത് തന്നെ ഇരുന്നു…..

“നന്ദൂട്ടീ….എന്തിനാ ഈ പിണക്കം…?”

“ജിത്തേട്ടന് അറിയാലോ എന്തിനാ എന്ന്……
ഈ അടിയും പിടിയും ഒഴിവാക്കാൻ എത്രയായി ഞാൻ പറയുന്നു….
ആ വരുണും കൂട്ടരും ജയിക്കാൻ എന്തും ചെയ്യും….
പോരാത്തതിന് ജിത്തേട്ടന്റെ ഈ ദേഷ്യവും എടുത്തു ചാട്ടവും…
എനിക്കാകെ പേടിയാവുന്നു…..”

“അയ്യേ ഇത്രേ ഉള്ളു നീ…..നന്ദു നിനക്കറിയാലോ ആവശ്യമില്ലാത്ത കാര്യത്തിന് ഞാനിത് വരെ അടിയുണ്ടാക്കാൻ പോയിട്ടില്ലാലോ….
വരുണിനോടും അവന്റെ ടീമിനോടും ഈ ക്യാമ്പസിൽ ഡ്രഗ്സ് കൊണ്ട് വരാനോ സ്റ്റുഡന്റ്സിന് കൊടുക്കാനോ പാടില്ലെന്ന് ഞാൻ ഒരുപാട് തവണ വാണിംങ് കൊടുത്തതാണ്…..
പക്ഷേ അത് അനുസരിക്കാതെ വന്നാൽ പിന്നെ ഞാൻ എന്ത് ചെയ്യാനാ….
സംസാരിക്കുന്നതിനേക്കാൾ കൂടുതൽ പ്രവർത്തിക്കാനാ എനിക്ക് ഇഷ്ടം എന്നുള്ളത് അറിയാല്ലോ….”

“മ്മം…”

“ഹാ….ഇങ്ങനെ മുഖവും വീർപ്പിച്ച് നിൽക്കാതെ ഒന്ന് ചിരിക്ക് പെണ്ണേ…”

നന്ദു അഭിയുടെ മുഖത്തേക്ക് നോക്കി ഒന്നു ചിരിച്ചു….

“അയ്യേ…ഇങ്ങനെയല്ല….ആ നുണക്കുഴി കാണിച്ച് ചിരിക്ക്….”

നന്ദു അഭിക്ക് നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…..

“നന്ദൂസെ…”

“മ്മം..”

“നീ എന്റെ മുറപ്പെണ്ണാ..നമ്മുടെ കല്യാണം ഉറപ്പിച്ചതാ…ഒക്കെ ശരിയാ…എന്നാലും ഇതൊരു കാമ്പസ് അല്ലേ….നമ്മളിങ്ങനെ ഇരിക്കുന്നത് കണ്ടാ…അയ്യേ…”

അഭി പറഞ്ഞപ്പോഴാണ് നന്ദുവിന് തങ്ങൾ കോളേജിലാണെന്നത് ഓർമ്മ വന്നത്…..
അവൾ പെട്ടന്ന് ചാടി എഴുന്നേറ്റു….

“ഹാ..നിക്കെടീ പെണ്ണേ…നീ എങ്ങോട്ടാ ഈ പാഞ്ഞു പോവുന്നത്..?”

“ക്ലാസിൽ കയറട്ടേ ജിത്തേട്ടാ….വൈകിയാ പിന്നെ സാർ കയറ്റില്ല…”

“എന്നാ നീ ഇന്ന് ക്ലാസിൽ കയറേണ്ട ടീ….”

“അയ്യടാ…മാറിക്കേ അങ്ങോട്ട് എനിക്ക് പോവണം…”

അപ്പോഴേക്കും അഭിയുടെ ഫോൺ റിംങ് ചെയ്തു……

“ആരാ ജിത്തേട്ടാ..?”

അവൻ ഫോൺ കട്ട് ചെയ്തതും നന്ദു ചോദിച്ചു….

“ഋഷി ആണ്….വേഗം പ്രിസിപ്പളിന്റെ ഓഫീസിലേക്ക് ചെല്ലാൻ…”

നന്ദു അവന്റെ കൈകളിൽ മുറുകെ പിടിച്ചു….

“പേടിക്കേണ്ട ടാ….എന്നെ ആരും ഒന്നും ചെയ്യില്ല…ഏറിപ്പോയാൽ ഒരു പത്ത് ദിവസത്തേക്ക് സസ്പൻഷൻ ഉണ്ടാകും…..അല്ലാതെ എനിക്കെതിരെ കേസ് കൊടുത്താൽ കുടുങ്ങുക അവനായിരിക്കും…അവനെ പൂട്ടാനുള്ള തെളിവൊക്കെ ഞാൻ ഉണ്ടാക്കി വച്ചിട്ടുണ്ട്….”

നന്ദുവിന്റെ തലയിൽ കൊട്ട് അഭി എഴുന്നേറ്റു ….
ഓഫീസിന് മുന്നിലായി വൈശുവും ഋഷിയും നിൽക്കുന്നുണ്ടായിരുന്നു….
അഭി നന്ദുവിന്റെ കൈ പിടിച്ച് വരുന്നത് കണ്ട് വൈശു ഒന്ന് ആക്കി ചിരിച്ചു….

അവളെ ഒന്ന് നോക്കി ഇളിച്ച് കാണിച്ച് അഭി ഋഷിയേയും കൂട്ടി കുറച്ച് മാറി നിന്നു….

“അല്ല നന്ദൂ….ഇനി നമ്മൾ എങ്ങനെ ക്ലാസിൽ കയറും…?
ആ കടുവ വറുത്തെടുക്കും…”

“ഇനി അടുത്ത പീരീഡെങ്ങാൻ കയറാം….എന്തായാലും നാളെ അങ്ങേരുടെ ഇര നമ്മളായിരിക്കും….കർത്താവേ…കാത്തോളണേ….”

“ഇവളെ കൂടെ എന്നേയും…”

നന്ദുവിന്റെ കൂടെ വൈശുവും കൂടി…..

പ്യൂൺ വന്ന് വിളിച്ചപ്പോ അഭി ഓഫീസിലേക്ക് കയറി…..
അഭി പുറത്തോട്ട് വരുന്നത് വരെ നന്ദുവിന് ടെൻഷനായിരുന്നു….
അത് വൈശുവിന്റെ കൈയിൽ ചുവന്ന നിറമായി പ്രത്യക്ഷപ്പെട്ടു….
അതായത് ഉത്തമാ നന്ദു ടെൻഷൻ കാരണം പാവം വൈശുവിന്റെ പൂ പോലത്തെ കൈ ഞെരിച്ച് കളഞ്ഞു…..
വൈശു വേദനിച്ച് ശബ്ദം പുറത്ത് വരാതിരിക്കാൻ വേണ്ടി കൈയിലുണ്ടായിരുന്ന ടവ്വൽ വായിൽ തിരുകി വെച്ചതായിരുന്നു…..
ഇനിയും സഹിച്ചു നിൽക്കാൻ പറ്റില്ലന്നായപ്പോ വൈശു കാലു കൊണ്ട് ഒരു ചവിട്ട് വെച്ച് കൊടുത്തു….
പെട്ടന്ന് കിട്ടിയ ചവിട്ട് കാരണം നന്ദുവിന്റെ കൈയിലെ പിടി അയഞ്ഞതും വൈശു കൈ വലിച്ചെടുത്ത് കുടഞ്ഞു…..
അപ്പോഴാണ് താനിത് വരെ ചെയത് പ്രവർത്തി എന്താണെന്ന് നന്ദുവിന് മനസ്സിലായത്…..
നന്ദു അവളെ ഇളിച്ച് കാട്ടി പതിയെ തടവി കൊടുത്തു…..

കുറച്ച് സമയം കഴിഞ്ഞതും ഓഫീസിൽ നിന്നും അഭി പുറത്തേക്ക് വന്നു…

“എന്തായി ജിത്തൂ…?”

അഭിയെ കണ്ടപാടെ ഋഷി ചോദിച്ചു…

“ഓഹ് എന്താവാൻ പതിനഞ്ച് ദിവസത്തേക്ക് സസ്പെൻഷൻ കിട്ടി…”

അഭി പറഞ്ഞത് കേട്ട് നന്ദുവിന്റെ മുഖം വാടി….

“നീ എന്തിനാ ടീ സങ്കടപ്പെടുന്നത് …?”

“അത് തന്നെ നന്ദു…നീ എന്തിനാ വിഷമിക്കുന്നത്…ഏട്ടൻ ഇല്ലെങ്കിൽ മര്യാദയ്ക്ക് ചെക്കൻമാരെ വായി നോക്കി നടന്നൂടെ നമുക്ക്…”

വൈശു പറഞ്ഞതും അഭി അവളുടെ ചെവിക്ക് പിടിച്ചതും ഒരുമിച്ചായിരുന്നു….

“ഞാനേ ഇവിടെ ഇല്ലാതിരിക്കൂ….ഋഷി ഇവിടെ തന്നെ ചാണും…അടങ്ങി ഒതുങ്ങി നടന്നോണം രണ്ടാളും….അല്ലെങ്കിൽ എന്റെ സ്വഭാവം അറിയാലോ….”

“ഓമ്പ്രാ…”

അഭിയുടേയും വൈശുവിന്റെയും അടി കണ്ട് നന്ദു ചിരിച്ചു….

“അപ്പോ മക്കൾ പോയിരുന്ന് പഠിച്ചേ….”

നന്ദു അഭിയെ നോക്കിയതും അഭി ആരും കാണാതെ ചുണ്ട് കൂട്ടി പിടിച്ച് ഉമ്മ കൊടുക്കുന്ന പോലെ കാണിച്ചു….
നന്ദു കൈമടക്കി കുത്തുന്നത് പോലെ കാണിച്ച് ക്ലാസിലേക്ക് നടന്നു…..
അവളുടെ ചുണ്ടുകളിൽ പുഞ്ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു…..

അഭി ഋഷിയോട് പറഞ്ഞ് പാർക്കിംങിലേക്ക് ചെന്ന് തന്റെ ബുള്ളറ്റിൽ കയറി സ്റ്റാർട്ട് ചെയ്തു….
പോവുന്നതിന് മുമ്പ് തിരിഞ്ഞ് നോക്കിയപ്പോൾ വരാന്തയിലെ തുണ് ചാരി തന്നെ നോക്കി നിൽക്കുന്ന നന്ദുവിനെ കണ്ട് അവനൊന്ന് ചിരിച്ചു അവളെനോക്കി സൈറ്റടിച്ച് ബുള്ളറ്റ് ഓടിച്ച് പോയി…….

നന്ദു അവൻ പോയതിന്റെ നിരാശയിൽ തിരിഞ്ഞ് നോക്കിയപ്പോൾ കയ്യും കെട്ടി അനനെ നോക്കി നിൽക്കുന്ന വൈശാലിയെ കണ്ടത്….
അവൾക്ക് നേരെ നന്ദു ഒരു വളിച്ച ചിരി ചിരിച്ചു…..

“കെട്ട്യോനെ യാത്രയാക്കിയോ..?”

“നീ എന്താടീ ഒരുമാതിരി ആക്കിയത് പോലെ സംസാരിക്കുന്നത്…?
അസൂയ തോന്നുന്നെങ്കി നീയും ഒന്നിനെ സെറ്റാക്കെടീ…”

“അമ്മാ..തായേ….നമ്മളിങ്ങനെ സിങ്കിൾ പസങ്ക ആയി ജീവിച്ചോളാം….
ഈ പ്രേമം ഒന്നും നമുക്ക് സെറ്റാവില്ല കർളേ…
നീ ബാ…നമുക്ക് കാന്റീനിൽ പോയി വല്ലതും അകത്താക്കാം…നിക്ക് വെശ്ക്ക്ണൂ….”

“എന്തോന്നാ ടീ….
ഒരു കുറ്റി പുട്ടും കടലക്കറിയും കൂട്ടി വെട്ടി വിഴുങ്ങിയല്ലേ നീ ഇങ്ങോട്ട് പോന്നത്…..”

“അതൊക്കെ ദഹിച്ചു….ഈയിടെ ആയി എന്താന്ന് അറിയില്ല തിന്നുന്നതൊന്നും തടിക്ക് പിടിക്കുന്നില്ല…
ഒരു വൈദ്യനെ കാണിച്ച് വല്ല ലേഹ്യമോ അരിഷ്ടമോ വാങ്ങി കുടിക്കണം….”

“പൊന്നു മോളേ…നീയൊന്ന് മിണ്ടാതെ നടക്കുന്നുണ്ടോ…
ഇപ്പോ തന്നെ വീപ്പകുറ്റി പോലെയാ ഉള്ളത്…”

“പോടീ..പോടീ…ടീ നിനക്ക് ഈ തടിയുള്ള പെൺകുട്ട്യോളെ കാണാൻ എന്നാ ഒരു ക്യൂട്ടാന്ന് അറിയോ….
നിന്നെപോലെ ഈർക്കിലിക്ക് തുണിയും ചുറ്റി ഊതിയാ പറക്കുന്ന ബോഡിയുമായി നടക്കുന്നവർക്കൊന്നും എന്റെ അത്രയും ഗ്ലാമർ കാണുമോ പരട്ടെ….
അവളുടെ ഒക്കെ സീറോ സൈസ്
ക്രാ ത്ഫൂ…..”

വൈശു നോക്കിയപ്പോ നീ എന്തിന്റെ കുഞ്ഞാ എന്ന ഭാവത്തിൽ മുഖവും വെച്ച് അവളെ തന്നെ നോക്കി നിൽക്കുകയാണ് നന്ദു….

“ഒന്ന് വേഗം നടക്കെടീ പിശാശെ…
എന്റെ പഴം പൊരി എങ്ങാൻ തീർന്നാ വെച്ചേക്കില്ല നിന്നെ”

………..

ഒരു ഞായറാഴ്ച വീട്ടിൽ വെറുതേ ഇരുന്ന് ബോറടിച്ചപ്പോൾ വൈശുവിന്റെ അടുത്തേക്ക് പോവാമെന്ന് കരുതി ഇറങ്ങിയതായിരുന്നു നന്ദു….

“എങ്ങോട്ടാ നന്ദൂ പോവുന്നത്…?”

“ഞാനൊന്ന് സുമയമ്മേടെ അടുത്തേക്ക് പോയേച്ചും വരാം….”

“ഇനി അങ്ങോട്ടുള്ള പോക്ക് നിർത്തിക്കോ നീ….നിന്റെയും അഭീടേം കാര്യം ഞങ്ങൾ ഏകദേശം തീരുമാനിച്ച് വച്ചിട്ടുണ്ട്….
പിന്നെ കല്യാണത്തിന്റെ അന്നേ അങ്ങോട്ട് കയറാൻ പാടുള്ളൂ…..”

“ഉവ്വാ….അതുവരെ പോവുന്നതിന് കുഴപ്പമില്ലല്ലോ..അമ്മ പോയി ഋഷിയേട്ടനെ എഴുന്നേൽപ്പിക്ക്..പോത്തു പോലെ കിടന്നുറങ്ങുന്നുണ്ടാവും….
അച്ഛാ വരുമ്പോ പറഞ്ഞേക്കണേ…”

നന്ദു സ്കൂട്ടിയും സ്റ്റാർട്ട് ചെയ്ത് പോയി….
നന്ദുവിന്റെ വീട്ടിൽ നിന്നും വൈശുവിന്റെ വീട്ടിലേക്ക് ഒരു പത്ത് മിനിറ്റ് പോവാനുള്ള ദൂരമേ ഉള്ളൂ…..

നന്ദു സ്കൂട്ടി ആ വീടിന്റെ മുറ്റത്തിട്ട് പകുതി ചാരിയിട്ട വാതിലിലൂടെ അടുക്കള ലക്ഷ്യമാക്കി പമ്മി നടന്നു…..

“സുമമ്മേ…..”

അവൾ വൈശുവിന്റയും അഭിയുടേയും അമ്മയെ പുറകിൽ നിന്നും കെട്ടി പിടിച്ച് വിളിച്ചു…..

“സുമമ്മേടെ സുന്ദരി കൂട്ടി വന്നോ….”

നന്ദുവിന്റെ താടിയിൽ പിടിച്ച് സുമ പറഞ്ഞു…..

“എന്താ സ്പെഷൽ..?”

അടുപ്പത്ത് ചട്ടിയിൽ സവാള വഴറ്റിയത് ഇളക്കി നോക്കി നന്ദു ചോദിച്ചു…

“അഭി ചിക്കൻ വാങ്ങിയിട്ടുണ്ട്…അത് ഫ്രൈ ചെയ്യണം….”

“ആഹഹാ…ഇന്ന് ഊണും കഴിച്ചിട്ടേ ഞാൻ പോവുന്നുള്ളൂ…..”

“അല്ലാതെ പോവാൻ ഞാൻ സമ്മതിക്കില്ലാലോ…..
പിന്നെ..അധികം വൈകാതെ നന്ദൂസിനെ ഞങ്ങളിങ്ങ് കൊണ്ടു വരുന്നുണ്ട്….അഭിടെ പെണ്ണായിട്ട്…”

“സത്യായിട്ടും…?
പഠിത്തം കഴിഞ്ഞിട്ട് മതിന്നായിരുന്നല്ലോ പറഞ്ഞത്….
പിന്നെ പെട്ടെന്ന് എന്ത് പറ്റി.?”

“നിങ്ങളുടെ മുത്തശ്ശീടെ തിരക്കാ….
പിന്നെ അഭിക്കും നൂറ് വട്ടം സമ്മതം…
പിന്നെ സുമമ്മയും കാത്തിരിക്കാ ന്റെ കുട്ടിയെ ഇങ്ങോട്ട് കൊണ്ടുവരാൻ…”

“എന്തിനാ അമ്മായി അമ്മ പോരിനാണോ…?”

“അടി…”

സുമ കൈ ഓങ്ങിയപ്പോഴേക്കും നന്ദു ചിരിച്ച് കൊണ്ട് ഓടിയിരുന്നു….
പെട്ടന്ന് ഒരു കൈ വന്ന് നന്ദുവിനെ റൂമിനുള്ളിലേക്ക് വലിച്ചിട്ടു….അവൾ റൂമിലെ ചുമരിൽ തട്ടി നിന്നു…..
പെട്ടന്നായത് കൊണ്ട് അവളൊന്ന് പേടിച്ചു….
ഒരു കൈ നെഞ്ചിൽ വെച്ച് നോക്കിയപ്പോൾ രണ്ട് കൈകളും നന്ദുവിനെ ലോക്ക് ചെയ്ത് പോലെ ചുമരിൽ വെച്ച് അവളെ തന്നെ നോക്കി നിൽകുകയായിരുന്നു അഭി….
അവന്റെ കണ്ണുകളിലെ വശ്യത നേരിടാനാവാതെ നന്ദു മുഖം കുനിച്ചു…..
അഭി ചൂണ്ടു വിരലാൽ അവളുടെ മുഖം പതിയെ ഉയർത്തി….

“നന്ദൂ….”

“മ്മം…”

ഒരു നേർത്ത മൂളലായിരുന്നു അവളുടെ മറുപടി….

“നന്ദന വേണുഗോപാൽ നന്ദന അഭിജിത്ത് ആവാൻ ഇനി അധികം കാത്തിരിക്കണ്ട…”

നന്ദുവിന്റെ കവിളുകൾ ചുവന്നു….അഭി പതിയെ നന്ദുവിലേക്കടുത്തു….അവന്റെ ചുടു നിശ്വാസം മുഖത്ത് തട്ടിയും അവൾ കണ്ണുകൾ അടച്ചു…..അവന്റെ പല്ലുകൾ ഒരു ചെറു നോവോടെ അവളുടെ തുടുത്ത കവിളിലാഴ്ന്നു….
നന്ദു ഒരേങ്ങലോടെ അഭിയുടെ ഷർട്ടിൽ മുറുക്കെ പിടിച്ചു….
അഭി മുഖം ഉയർത്തിയതും നന്ദുവിന്റെ കവിളിൽ പല്ലിന്റെ റൗണ്ടിലുള്ള അടയാളം കണ്ട് അവനവിടെ അധരങ്ങളാൽ അമർത്തി ചുംബിച്ചു…..
അഭി വിട്ടുമാറിയെങ്കിലും നന്ദു നിന്ന നിൽപിൽ നിന്ന് അനങ്ങിയില്ല….
അവൻ അവളുടെ മുഖത്തേക്ക് പതിയെ ഊതിയപ്പോൾ നന്ദു കണ്ണുകൾ തുറന്ന് അവനെ നോക്കി….

“ഇങ്ങനെ കൊതിപ്പിക്കുന്ന നോട്ടമൊന്നും നോക്കല്ലേ പെണ്ണേ..”

അഭി അവളുടെ നോട്ടം കണ്ട് നെഞ്ചിൽ കൈവെച്ച് പറഞ്ഞതും നന്ദു അവനെ തള്ളിമാറ്റി ഓടി സ്റ്റെയർ കയറി…
പോവുന്ന പോക്കിൽ അഭി തിരിഞ്ഞ് നിന്ന് കൊഞ്ഞനം കുത്താനും മറന്നില്ല….

………

അഭിയുടെയും നന്ദുവിന്റയും വിവാഹം അടുത്ത മാസം പത്തിന് നടത്താൻ തീരുമാനിച്ചു…..
അതിനിടയിൽ ചെറുതായി നിശ്ചയം നടത്തി….

…..

കോളേജിൽ ആർട്സ് ഫെസ്റ്റിൽ ഒരു ഐറ്റത്തിന് നന്ദുവും പേര് കൊടുത്തിരുന്നു…..
ക്ലാസ് കഴിഞ്ഞ് അതിന്റെ പ്രാക്ടീസ് നടക്കുന്നതിനാൽ അൽപം വൈകിയായിരുന്നു വീട്ടിൽ എത്താറ്….
അന്നും അതേ പോലെ തന്നെ താമസിച്ചിരുന്നു….
വൈശു വന്നിട്ടില്ലാത്തതിനാൽ അവൾ ഒറ്റക്കായിരുന്നു……
സ്കൂട്ടിയിൽ വീട്ടിലേക്ക് പോവുന്നതിനിടെ കനത്ത മഴ പെയ്തു…..
വണ്ടി ഒതുക്കി നിർത്തി അവൾ അടുത്തുള്ള ഒരു ബസ്റ്റോപ്പിൽ കയറി നിന്നു…..
കുറേ നേരം നിന്നിട്ടും മഴ മാറിയില്ല…ഇരുട്ട് പരക്കാനും തുടങ്ങിയിരുന്നു….
അവൾ അഭിയുടെ നമ്പറിലേക്ക് വിളിച്ച് വിവരം പറഞ്ഞു….
അഭിയും ഋഷിയും ടൗണിലാണ് ഒരു പതിനഞ്ച് മിനിറ്റിനുള്ളിൽ എത്താമെന്ന് പറഞ്ഞു…..
….
കുറച്ച് സമയം കഴിഞ്ഞതും ബസ് സ്റ്റോപ്പിനടുത്തായി ഒരു കാർ വന്നു നിന്നു…ആദ്യം നന്ദു അഭിയാണെന്ന് കരുതി എങ്കിലും അതിൽ നിന്നിറങ്ങിയ ആളുകളെ കണ്ട് അവളുടെ ഉള്ളൊന്ന് കാളി….
അന്ന് കോളേജിൽ വെച്ച് അഭി അടിയുണ്ടാക്കിയ വരുണും കൂട്ടരും ആയിരുന്നു……
അവരവളുടെ അടുത്തേക്ക് വന്നു….
അവൾ പേടിയോടെ ചുമരിനടുത്തേക്ക് നീങ്ങി നിന്നു…

“ഹാ….ആരിത്..അഭിജിത്തിന്റെ പ്രാണനോ….
നിന്നെ ഒറ്റക്കൊന്ന് കിട്ടാൻ നോക്കി ഇരിക്കുകയായിരുന്നു ഞാൻ…..
അന്ന് ആ $%@^@ അടിച്ചിട്ട് ഒരാഴ്ചയാ ഞാൻ ഹോസ്പിറ്റലിൽ കിടന്നത്….
ആളുകളെ വിട്ട് അവന്റെ കൈയ്യും കാലും ഒടിക്കാൻ അറിയാഞ്ഞിട്ടല്ല….
അവന് അതൊന്നും ഏശില്ല…
അവന് വേദനിക്കണമെങ്കിൽ നിനക്ക് നോവണം…..
അത് കൊണ്ട് മോളെ ചേട്ടൻമാർ ശരിക്കൊന്ന് കാണാൻ പോവുകയാ…..”

ഒരു വഷളൻ ചിരിയോടെ താടിയുഴിഞ്ഞ് വരുൺ നന്ദുവിന്റെ നേരെ അടുത്തു….
നന്ദു എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു…..അവൾ തന്റെ ബാഗിൽ മുറുക്കെ പിടിച്ച് അടുത്തേക്ക് വരുന്ന വരുണിന് നേരെ വീശി….
പെട്ടന്നായതിനാൽ വരുണും കൂടെ ഉണ്ടായിരുന്നവരും ഒന്ന് പകച്ചു…
ആ സമയം കൊണ്ട് നന്ദു അവരെ തള്ളിമാറ്റി ഓടി…
റോഡിന് സൈഡിലെ മരത്തിന് പിന്നിൽ ഒളിച്ച് നിന്ന് ബാഗിൽ നിന്നും ഫോണെടുത്ത് അഭിയെ വിളിച്ചു…
കാര്യങ്ങളൊക്ക ഒരു വിധത്തിൽ അഭിയോട് പറഞ്ഞു..
അവരവിടെ എത്താറായെന്നും നന്ദുവിനോട് അവിടത്തെന്നെ നിൽക്കാനും പറഞ്ഞു…
എന്നാൽ പിന്നാലെയെത്തിയ വരുൺ അവളെ കണ്ടു….
നന്ദു ഫോൺ കട്ട് ചെയ്യാതെ കയ്യിൽ പിടിച്ച് ഓടി…
ആ റോഡ് ഹൈവേയിലേക്കായിരുന്നു എത്തിപെടുക…
നന്ദു ഹൈവേയിലേക്ക് കയറിയതും അഭി കാറുമായി എത്തിയതും ഒരുമിച്ചായിരുന്നു….
കാർ ഓഫ് ചെയ്യാതെ തന്നെ അഭിയും ഋഷിയും ചാടിയിറങ്ങി..
വരുണിനേയും കൂട്ടൃളികളേയും അവർ അടിച്ചൊതുക്കി…..

റോഡിന്റെ സൈഡിൽ വരുണിന്റെ വയറിന് പഞ്ച് ചെയ്യുന്ന അഭിക്ക് നേരെ ഒരുത്തൻ ഊരിപ്പിടിച്ച കത്തിയുമായി വരുന്നത് കാറിന്റെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ നന്ദു കണ്ടു…..
നന്ദു ഓടിച്ചെന്ന് അഭിയുടെ ഷർട്ടിന് പിറകെ ശക്തിയിൽ വലിച്ചു….
അഭിക്ക് നേരെ വന്ന കത്തി വരുണിന്റെ നെഞ്ച് തുളച്ച് കയറി….
അഭിയെ വലിച്ചതിന്റെ ആക്കത്തിൽ പിന്നോട്ടേക്ക് നീങ്ങിയ നന്ദു റോഡരികിലെ കല്ലിൽ തടഞ്ഞ് റോഡിലേക്ക് വീണത് അത് വഴി ചീറി പാഞ്ഞ് വന്ന വാനിന് മുന്നിലേക്കാണ്….

അഭിക്ക് തന്റെ ഹൃദയം നിലച്ചത് പോലെ തോന്നി……

“നന്ദൂ…..”

അലർച്ചയോടെ അഭി നന്ദുവിനരികിലേക്ക് പാഞ്ഞു ചെന്നു….

………..

ഒപ്പറേഷൻ തീയറ്ററിന് മുന്നിൽ ചലനമറ്റവനെപോലെ ഇരിക്കുകയാണ് അഭി….
അവനടുത്ത് തന്നെ ഋഷിയും ഉണ്ടായിരുന്നു….
ദേഹത്തും കൈകളിലും പുരണ്ട നന്ദുവിന്റ ചോരയിലേക്ക് തനനെ നോക്കി ഇരിക്കുകയായിരുന്നു അഭി..
അഭിയുടെ ഇരുപ്പ് കണ്ട ഋഷിക്കാകെ പേടിയായി….
താനും കൂടെ തളർന്നാൽ ശരിയാവില്ലെന്ന് മനസ്സിലാക്കിയ ഋഷി കവിളിലെ കണ്ണുനീർ തുടച്ചു കൊണ്ട് അഭിയുടെ കൈകളിൽ പിടിച്ചു….

“ജിത്തൂ…..”

അഭി ഋഷിയെ ഒന്ന് നോക്കി അവന്റെ കൈകളിൽ മുഖമമർത്തി കിടന്ന് കരഞ്ഞു…..

“ഋഷീ…..എന്റെ..എന്റെ നന്ദൂ….അവള്….വയ്യ ടാ….”

അഭിയുടെ കണ്ണുനീർ ഋഷിയുടെ കൈകളെ നനച്ചു…

“ഒന്നൂല്ലെടാ….നന്ദൂന്….അവൾക്ക് അങ്ങനെ നമ്മളെ വിട്ട് പോവാൻ പറ്റോ…..നിന്നെ വിട്ട് അവൾക്ക് പോവാൻ പറ്റോ…..?”

ഋഷി എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അഭിക്ക് അതൊന്നും ചെവിയിൽ കയറിയിരുന്നില്ല……

എട്ട് വയസ്സുള്ള കൊച്ച് അഭിയുടെ കയ്യിൽ നാല് വയസ്സുള്ള നന്ദുവിന്റെ കുഞ്ഞി കൈ വെച്ച് കൊടുത്ത് നന്ദുവിന്റെ അച്ചൻ പറഞ്ഞു…

“ഇവള് നിന്റെ പെണ്ണാ…”

കാര്യമെന്താണെന്നൊന്നും മനസ്സിലായില്ലെങ്കിലും പിന്നീടൊരിക്കലും അഭി ആ കൈ വിട്ടിട്ടില്ല…..
സ്വതവേ അൽപം ദേഷ്യക്കാരനായിരുന്ന അഭി അവളുടെ പിണക്കത്തിന് മുന്നിൽ പത്തി താഴ്ത്തി നിൽക്കുമായിരുന്നു…
പലപ്പോഴും നന്ദുവിനെ അടുത്ത് നിൽക്കുമ്പോൾ അവന്റെ പ്രണയം പരിധികൾ ഭേദിച്ച് പുറത്ത് വരാൻ ഒരുങ്ങുമെങ്കിലും അവനതിനെ നിയന്ത്രിക്കാറായിരുന്നു…
നന്ദുവിന്റെ കഴുത്തിൽ ഒരു താലി ചാർത്താതെ അവളെ ഒരർത്ഥത്തിലും തന്റെതാക്കാൻ അവൻ ശ്രമിച്ചില്ല…..
തന്റെതാവാൻ ആഴ്ചകൾ മാത്രം ബാക്കി നിൽകെ ജീവനോട് മല്ലടിച്ച് കിടക്കുന്നത് അഭിക്ക് സഹിക്കാൻ കഴിഞ്ഞില്ല……

അഭിയുടേയും നന്ദുവിന്റെയും വീട്ടുകാർ വിവരമറിഞ്ഞ് വന്നതോ അമ്മമാർ കരയുന്നതോ ഒന്നും അഭി അറിഞ്ഞില്ല….

സമയമേറെ കഴിഞ്ഞു…

“ജിത്തൂ….”

ഋഷി വിളിച്ചത് കേട്ട് അഭി ഞെട്ടി നോക്കി…

“ഡോക്ടർ വിളിക്കുന്നു…വാ..”

അഭി ഋഷിയോടൊന്നു മൂളി ആരേയും നോക്കാതെ ഡോക്ടറുടെ അടുത്തേക്ക് ചെന്നു……

……….

“ഓപ്പറേഷൻ സക്സസ് ആയിരുന്നു….നന്ദനയുടെ ജീവന് അപകടമൊന്നുമില്ല….
ബട്ട്…വീഴ്ചയുടെ ശക്തിയിൽ സ്പനെൽ കോഡിന് സാരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്……
അത് ആ കുട്ടിയുടെ അരക്ക് താഴേക്കുള്ള ചലനശേഷിയെ ബാധിക്കും…”

“ഡോക്ടർ പറഞ്ഞ് വരുന്നത്…?”

“ഞാൻ പറഞ്ഞത് എന്താണെന്ന് വെച്ചാൽ നന്ദനയുടെ അരക്ക് താഴേക്കുള്ള ചലന ശേഷി നഷ്ടമായിട്ടുണ്ട്…”

ഡോക്ടറിന്റെ വാക്കുകൾക്ക് അവരെ തളർത്താനുള്ള ശക്തിയുണ്ടായിരുന്നു….അഭി ഒരു താങ്ങിനായി ഇരുന്ന ചെയറിന്റെ കൈവരിയിൽ പിടി മുറുക്കി…..”

“ഏയ്..നിങ്ങൾ ഡൗൺ ആവാതെ പറയുന്നത് മുഴുവനായി കേൾക്കൂ….ഇതൊരു ടെമ്പററി പാരലൈസ് ആണ്…എന്ന് വെച്ചാൽ ചികിത്സയിലൂടെയും ഫിസിയോ തെറാപ്പിയിലൂടെയും മാറ്റിയെടുക്കാൻ സാധിക്കും..പക്ഷേ എത്ര കാലം എന്ന് കൃത്യമായി പറയാൻ സാധിക്കില്ല….അതിന് ആ കൂട്ടിയുടെ പൂർണ്ണ സഹകരണവും ആവശ്യമാണ്….
ഞാൻ പറഞ്ഞത് മനസ്സിലായിട്ടുണ്ടാവുമല്ലോ….”

ഡോക്ടറുടെ റൂമിൽ നിന്നും തിരികെ നടക്കുമ്പോൾ അഭിയുടെ മനസ്സിൽ എന്തൊക്കെ സംഭവിച്ചാലും നന്ദുവിനെ തനിച്ചാക്കില്ല എന്ന ഉറപ്പിച്ചിരുന്നു…..

ദിവസങ്ങൾ കൊഴിഞ്ഞു…..നന്ദുവിനോട് എല്ലാം പറഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചിരുന്നില്ലെങ്കിലും പതിയെ അത് അംഗീകരിച്ചു…..ചികിത്സിക്കാനും മറ്റും അവളൽപം സമയം ആവശ്യപെട്ടിരുന്നു….
എന്നാൽ ഇതിനിടെ അഭിയെ നന്ദു പൂർണ്ണമായും അവോയ്ഡ് ചെയ്തു…
അവനുമായി കാണുന്ന സന്ദർഭങ്ങളെയെല്ലാം അവൾ പരമാവധി ഒഴിവാക്കി..
വൈശുവിനോട് പോലും സംസാരം കുറച്ചേ ഉണ്ടായിരുന്നുള്ളൂ…..അഭിക്ക് ഒരുപാട് വേദന തോന്നിയെങ്കിലും എത്രയും പെട്ടന്ന് എല്ലാം ശരിയാവുമെന്ന് വിശ്വസിച്ചു……

ആക്സിഡന്റ് കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞു…….
അഭിയും വീട്ടുകാരും നന്ദുവിന്റെ വീട്ടിലേക്ക് വന്നു…..
ഓരോന്ന് സംസാരിക്കുന്നതിനിടയിൽ നന്ദുവിന്റയും അഭിയുടേയും വിവാഹക്കാര്യം എടുത്തിട്ടു..
അവളെ രണ്ട് കൈയും നീട്ടി സ്വീകരിക്കാൻ അഭിയും വീട്ടുകാരും തയ്യാറായിരുന്നു…..
അകത്തെ സംസാരം കേട്ട് നന്ദു നിറഞ് വന്ന കണ്ണുകൾ തുടച്ച് വീൽചെയർ നീക്കി ഹാളിലേക്ക് പോയി…..

“എനിക്കീ കല്ല്യാണത്തിന് താൽപര്യമില്ല…”

നന്ദുവിന്റെ സ്വരം ഉയർന്നതും എല്ലാവരും ഞെട്ടി എഴുന്നേറ്റു…..

“നന്ദൂ….നീ എന്താ മോളേ പറയുന്നത്…?”

“അച്ഛാ എനിക്ക് കല്യാണം വേണ്ട…”

“നിനക്ക് എന്ത് പറ്റി നന്ദൂ..?”

“ഒന്നും പറ്റിയിട്ടില്ല….ഞാൻ ആലോചിച്ചെടുത്ത തീരുമാനമാണിത്…..”

അഭി സ്തംഭിച്ച് നിൽക്കുകയായിരുന്നു….നന്ദുവിന്റെ ഭാഗത്ത് നിന്നും ഇങ്ങന ഒരു പ്രതികരണം അവനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…..

ദേഷ്യത്തിൽ എന്തോ പറയാൻ പോയ വൈശുവിനെ അഭി കൈ ഉയർത്തി തടഞ്ഞു..
അവൻ അവളുടെ അടുത്ത് മുട്ടു കുതതിയിരുന്ന് അവളുടെ കണ്ണുകളിലേക്ക് നോക്കി….

“നന്ദൂസെ….നിനക്ക് സമ്മതമല്ലെന്ന് എന്റെ കണ്ണിലേക്ക് നോക്കി പറ…”

അഭിയുടെ കണ്ണിലേക്ക് നോക്കിയാൽ തനിക്കൊരിക്കലും അതിന് കഴിയില്ലെന്ന് അവൾക്ക് അറിയാമായിരുന്നു….

“എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞ് കഴിഞ്ഞു….ഇനിയും അത് ആവർത്തിക്കാൻ താൽപര്യമില്ല….”

അഭി നന്ദുവിന്റെ അടുത്തു നിന്നും പിന്നോട്ട് മാറി…കുറച്ച് സമയം അവളെ നോക്കി നിന്ന് ഒരു കാറ്റ് പോലെ പുറത്തേക്ക് പോയി…….
പുറത്തേക്ക് ഒഴുകാൻ വെമ്പി നിൽക്കുന്ന കണ്ണുനീരിനെ തടഞ്ഞ് നിർത്തി അവൾ അവൻ പോയ നേരെ നോക്കി…

……..

അന്ന് പോയതിന് ശേഷം ഒരിക്കൽ പോലും അഭിയോ വൈശുവോ നന്ദുവിനെ വിളിച്ചില്ല……

പിന്നീടഞ്ഞു അഭിക്ക് വേറെ വിവാഹം ശരിയായി എന്ന്….
എത്രത്തോളം വേണ്ട എന്ന് വെച്ചാലും അഭിയെ മറക്കാൻ നന്ദുവിനൊരിക്കലും കഴിയില്ലായിരുന്നു….
അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല…
ഇത്ര പെട്ടന്ന് അഭി തന്നെ മറന്ന് വേറെ വിവാഹം ചെയ്യുമെന്ന് അവളൊരിക്കലും കരുതിയില്ല……

……..

നാളെയാണ് അഭിയുടെ വിവാഹം….ടേബിളിൽ വെച്ച ഇൻവിറ്റേഷൻ കാർഡിൽ നോക്കുമ്പോൾ എത്ര ശ്രമിച്ചിട്ടും നന്ദുവിന് കരയാതിരിക്കാൻ കഴിഞ്ഞില്ല…..
അവളതിലെ പേരിലേക്ക് നോക്കി പൊട്ടി കരഞ്ഞു….
തോളിലൊരു കരസ്പർശമേറ്റ് നോക്കിയ നന്ദു ഋഷിയെ കണ്ടു….അവളവന്റെ കയ്യിലേക്ക് മുഖമമർത്തി കരഞ്ഞു……

” ഏട്ടൻ അഭിയോട് പറയട്ടെ ഈ കല്യൃണത്തിൽ നിന്നും പിന്മാറാൻ..?”

“വേണ്ട ഏട്ടാ…..ഞാൻ..ഞാൻ ജിത്തേട്ടന് ചേരില്ല….എനിക്ക് അതിനുള്ള ഭാഗ്യമില്ല എന്ന് കരുതിക്കോളാം ഞാൻ….”

“എന്നാൽ മോളവനെ മറക്കണം…മറന്നേ പറ്റൂ…ഇനെ നീ സങ്കടപെടുന്നത് കാണാൻ ഏട്ടനാവില്ല….
മോള് നാളെ അമ്പലത്തിൽ വരണം…ജിത്തു മറ്റൊരാളുടേത് ആയെന്നറിഞ്ഞാൽ പിന്നെ മറക്കാൻ എളുപ്പമാവും….”

ഋഷി അവളെ പറഞ്ഞ് സമ്മതിപ്പിച്ചു….

…….

പിറ്റേന്ന് എല്ലാവരും നിർബന്ധിച്ചപ്പോൾ നന്ദു അമ്പലത്തിൽ വന്നു…
പതിവിലും കൂടുതൽ സന്തോഷത്തിൽ ചിരിച്ച് കളിച്ച് നടക്കുന്ന അഭി അറിയാതെ പോലും തനിക്ക് നേരെ നോക്കാത്തതിൽ നന്ദുവിന് ഒരുപാട് വിഷമമായി…..വൈശുവും അവളെ കണ്ട ബാവം നടിച്ചില്ല….
അമ്പലത്തിലെ നടയിൽ അഭിക്കടുത്ത് ചമയങ്ങളോടെ ഒരുങ്ങി നിൽക്കുന്ന പെൺകുട്ടിയെ നന്ദു കണ്ടു….പൂജിച്ച് താലിചരട് അഭി കയ്യിൽ വാങ്ങുന്നതും അത് നീലിമ എന്ന ആ കുട്ടിക്ക് നേരെ കൊണ്ട് പോകുന്നതും കണ്ട് നന്ദു കണ്ണുകൾ ഇറുക്കെ അടച്ചു….

തന്റെ കഴുത്തിലെന്തോ മുറുകുന്നത് അറിഞ്ഞ നന്ദു ഞെട്ടി കഞ്ണുകൾ തുറന്നതും അഭി താലി അവളുടെ കഴുത്തിൽ മൂന്ന് കെട്ട് കെട്ടി കഴിഞ്ഞിരുന്നു…..
ഒരു നുള്ള് സിന്ദൂരം അവളുടെ നെറുകയെ ചുവപ്പിച്ചു……
നന്ദുവിന് ഒന്നും വിശ്വാസമായില്ല…..

“ഏടത്തീ….”

വൈശു നന്ദുവിനെ മുറുകെ പുണർന്ന് വിളിച്ചു….നന്ദു ഒരു കരച്ചിലോടെ അവളെ പുണർന്നു…..
ചടങ്ങുകളെല്ലാം കഴിഞ്ഞ് അഭി നന്ദുവിനെ വീൽചെയർ ഉരുട്ടി കാറിനടുത്തേക്ക് കൊണ്ട് പോവുകയായിരുന്നു…..

നന്ദു അഭായുടെ കൈയിൽ പിടിച്ച് വലിച്ച് മുന്നിലേക്ക് നിർത്തി….

“ജിത്തേട്ടാ….”
….
“ഏട്ടാ….ഒന്ന് മിണ്ട്…”

“നീ എന്താ കോപ്പേ വിചാരിച്ചത്….നീ വേണ്ടാ ന്ന് പറഞ്ഞാൽ ഞാൻ വിട്ടിട്ട് പോവുമെന്നോ…മരണത്തിൽ പോലും നിന്നെ ഞാൻ ഒറ്റക്ക് വിടില്ലെന്ന് നിനക്ക് അറിഞ്ഞുടെ…
അപ്പഴാ അവളുടെ മറ്റേടത്തെ ഒരു സ്വഭാവം….
ഒന്ന് തരാൻ അറിയാഞ്ഞിട്ടല്ല…വേണ്ടാന്ന് വെച്ചിട്ടാ…..”

“…..”

“നിനക്ക് തോന്നുന്നുണ്ടോ പെണ്ണേ എനിക്ക് നിന്നെ വിട്ട് പോവൻൻ പറ്റുമെന്ന്…..അന്ന് നീ ചോരയിൽ കുളിച്ച് കിടന്നപ്പോ ഞാൻ എന്ത് മാത്രം വേദനിച്ചു എന്ന് അറിയുമോ….നിനക്ക് ആപത്തൊന്നുമില്ലെന്ന് അറെഞ്ഞപ്പോഴാ ശ്വാസം നേരെ വീണത്……ഒരിറ്റ് ശ്വാസം മാത്രം ബാക്കി വെച്ച് തന്നാലും പൊന്ന് പോലെ നോക്കും ഞാൻ…..ആ എന്നെ നീ വേണ്ടാ ന്ന് പറഞ്ഞപ്പോ തകർന്ന് പോയതാ ഞാൻ……
പിന്നെ വേറെ വഴിയൊന്നുമില്ലാഞ്ഞപ്പോ കളിച്ച നാടകം മാത്രമാ ഇതെല്ലാം…നീലിമയും അതിന് കൂടെ നിന്നു തന്നു…..”

“ജിത്തേട്ടാ…സോറി…കാലിന് വയ്യാത്ത എന്നെ ജീവിതകാലം ജിത്തേട്ടൻ ചുമക്കണ്ടെന്ന് കരുതിയാ ഞാൻ… ”

“അതിന് ചികിത്സിച്ചാ മാറാത്ത ഒന്നല്ലല്ലോ ഇത്…..ഇനി അഥവാ മാറിയില്ലെങ്കിൽ തന്നെ എനിക്ക് ആരോഗ്യമുള്ളെടുത്തോളം കാലം നിന്നെ ഈ കൈകളിൽ കൊണ്ട് നടക്കും….ദാ ഇങ്ങനെ….”

അഭി അവളെ കൈകളിൽ കോരിയെടുത്ത് പറഞ്ഞു…..പതിയെ അവളുടെ നെറുകയിൽ ചുണ്ടമർത്തി…..
അവളൊരു ചിരിയോടെ അഭിയുടെ നെഞ്ചിൽ മുഖമമർത്തി

അവസാനിച്ചു