അച്ഛൻ ഈ പ്രായത്തിൽ രണ്ടാമത് കല്യാണം കഴിച്ചതാണ് ഇപ്പൊ ഇവരുടെ പ്രശ്നം. ആ വിവാഹത്തിന് നിർബന്ധിച്ചത് ജയനും…

(രചന: സജിത തോട്ടാഞ്ചേരി)

“ഈ അച്ഛന് വയസ്സാം കാലത്ത് ഓരോ തോന്നലുകൾ. മനുഷ്യനെ നാണം കെടുത്താൻ ആയിട്ട്. അതിനു കൂട്ട് നിൽക്കാൻ ജയനും. അവനെ എങ്കിലും നിനക്ക് പറഞ്ഞു മനസ്സിലാക്കിക്കൂടെ മാളു…..” നീലിമ തെല്ലുറക്കെ പറഞ്ഞു.

“ഞാൻ എന്ത് പറഞ്ഞിട്ടെന്താ ഏടത്തി കാര്യം. ഇഷ്ടം അല്ലേൽ എന്നോട് എന്റെ വീട്ടിലേക്ക് പൊയ്ക്കോളാൻ ആണ് ഇന്നലെ പറഞ്ഞത്. ആ അച്ഛന്റെ അല്ലേ ബാക്കി. അവനോന് തോന്നണതല്ലേ ചെയ്യൂ. നമ്മുടെ നാണക്കേടിന് എന്ത് വില ” മാളു സങ്കടത്തോടെ പറഞ്ഞു.

“പറയുമ്പോൾ വല്യേ തറവാട്. നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ ഒരു കാര്യം കിട്ടിയല്ലോ. നമ്മുടെ ഒരു ഗതികേട്. അല്ലാണ്ട് എന്ത് പറയാൻ.”നീലിമ പിന്നേം പിറുപിറുത്തു.

ആ നാട്ടിലെ അത്യാവശ്യം നല്ല തറവാട്ടുകാരിൽ ഒന്നായിരുന്നു കാവുങ്ങൽ വീട്. കാവുങ്ങൽ ജനാർദ്ദനൻ നായർ എന്ന് പറഞ്ഞാൽ എല്ലാവർക്കും ഭയങ്കര ബഹുമാനം ആണ്.ഭാര്യ നേരത്തെ മരിച്ചതാണ്. രണ്ടു ആൺമക്കൾ. മൂത്തവൻ മോഹൻ. രണ്ടാമത്തവൻ ജയൻ.
രണ്ടു മക്കളേം നല്ല നിലയിൽ പഠിപ്പിച്ചു വളർത്തി.
രണ്ടു പേരും എഞ്ചിനീയറിംഗ് കഴിഞ്ഞു. മോഹൻ സ്വന്തമായി ഒരു കൺസ്ട്രക്ഷൻ കമ്പനി നടത്തുന്നു. ജയന് പഠിച്ചതുമായി ബന്ധപ്പെട്ട് ജോലി ചെയ്യാൻ ഇഷ്ടമില്ലാത്തതിനാൽ അച്ഛന്റെ കൂടെ കൃഷി നോക്കി പോകുന്നു. മണ്ണിനേം മൃഗങ്ങളേം ഒക്കെ സ്നേഹിക്കുന്ന പരിപാലിക്കുന്ന ഒരു സാധാരണക്കാരൻ ആണ് ജയൻ. രണ്ടു പേരുടേം വിവാഹം കഴിഞ്ഞു. മോഹന് ഒരു പെൺകുട്ടി ഉണ്ട്. ജയന്റെ വിവാഹം കഴിഞ്ഞു അധികനാൾ ആയില്ല.

അച്ഛൻ ഈ പ്രായത്തിൽ രണ്ടാമത് കല്യാണം കഴിച്ചതാണ് ഇപ്പൊ ഇവരുടെ പ്രശ്നം. ആ വിവാഹത്തിന് നിർബന്ധിച്ചത് ജയനും. മോഹൻ എതിർക്കാനോ കൂട്ടുനിൽക്കാനോ പോയില്ല. പക്ഷേ ഇവരുടെ ഭാര്യമാർക്ക് ഇതിനോട് ഒട്ടും താല്പര്യം ഇല്ലായിരുന്നു.അധികം ആരേം വിളിക്കാതെ അവർ വീട്ടുകാർ മാത്രം ആയിരുന്നു വിവാഹത്തിന് പങ്കെടുത്തത്.

“താല്പര്യം ഇല്ലാത്തവർ വരണമെന്നില്ല .”വിവാഹത്തിന്റെ തലേന്ന് ജയനൊഴികെ മറ്റുള്ളവരുടെ മുഖത്ത് കണ്ട ഇഷ്ടക്കേട് മനസ്സിലായപ്പോൾ അച്ഛൻ പറഞ്ഞു.

എതിർത്തിട്ട് കാര്യമില്ലെന്നു മനസ്സിലായപ്പോൾ അവർ മനസ്സില്ലമനസ്സോടെ ചടങ്ങിൽ പങ്കെടുത്തു. വിവാഹം കഴിഞ്ഞു വന്നു കയറിയ അവർ തങ്ങളുടെ ഇഷ്ടക്കേട് അകത്തിരുന്നു പറയുകയായിരുന്നു.

“അമ്മു…. ചെറിയമ്മയ്ക്ക് മുറി കാണിച്ചു കൊടുത്തേ”.ജയൻ വിളിച്ചു പറഞ്ഞു.

“ഇനി ഇപ്പൊ അവരെ ആദ്യരാത്രിക്ക് മുറിയിലേക്ക് നമ്മൾ ആനയിക്കേണ്ടി വരുമോ ആവോ?നീലിമ കളിയാക്കുന്ന രൂപത്തിൽ പറഞ്ഞു ചിരിച്ചു.

ഏടത്തിക്ക് അത് പറയാം. ഇത് കഴിഞ്ഞു നിങ്ങൾ നിങ്ങടെ വീട്ടിലേക്ക് പോവും. ഞാനല്ലേ ഈ നാണക്കേടും സഹിച്ചു ഇവിടെ നിൽക്കേണ്ടി വരുന്നത്. സഹികെട്ടാൽ ഞാൻ ഒന്നും നോക്കില്ല. എന്നെ ഭരിക്കാൻ വന്നാൽ ഞാൻ എന്റെ വീട്ടിലേക്ക് പോവും. ഉറപ്പാ… ആത്മഗതമോ നീലിമയോടുള്ള മറുപടിയോ എന്നൊക്കെ പോലെ അമ്മു പറഞ്ഞു.

ഉള്ളിൽ ഒരല്പം അനിഷ്ടം ഉണ്ടെങ്കിലും അച്ഛനോടും ജയനോടും ഉള്ള പേടി കൊണ്ട് അമ്മു അവരെ വിളിച്ചു അകത്തേക്ക് കൊണ്ട് പോയി മുറി കാണിച്ചു കൊടുത്തു.

ലളിത…..
അതാണവരുടെ പേര്. പേര് പോലെ തന്നെ വളരെ ലളിതമായ പെരുമാറ്റം. സദാ ഒരു ചെറിയ പുഞ്ചിരി ഉള്ള മുഖം. അവരുടെ ആദ്യ വിവാഹം ആണ്. അച്ഛൻ ചെറുപ്പത്തിലേ മരിച്ച അവർ വീട്ടിലെ ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുത്തു. അമ്മയ്ക്കും സഹോദരങ്ങൾക്കും തണലായി. വളർന്നു സ്വന്തം കാര്യങ്ങൾ നോക്കാറായപ്പോൾ കൂടപ്പിറപ്പുകൾക്ക് അവർ ഒരു ശല്യമായി മാറി. അമ്മ കൂടി മരിച്ചതോടെ അവർ ആ വീട്ടിൽ തീർത്തും ഒറ്റപ്പെട്ടു. ആയിടയ്ക്കാണ് അവർക്ക് ഈ ആലോചന ചെല്ലുന്നത്.

“ജയനൊഴികെ ആർക്കും വലിയ താല്പര്യം ഈ വിവാഹത്തിൽ ഇല്ലായിരുന്നു. ആരുടേം അനിഷ്ടം കണക്കാക്കണ്ട. ഇത് എന്റെ വീടാണ്. ആ ധൈര്യത്തോടെ തനിക്ക് ഇവിടെ കഴിയാം.” രാത്രിയിൽ അയാൾ ലളിതയോട് പറഞ്ഞു.

“അച്ഛൻ ഒരു പനി പിടിച്ചു കിടന്നപ്പോൾ ഒരു നേരത്തെ ഭക്ഷണം അടുത്ത് കൊണ്ട് കൊടുക്കാൻ പോലും നിങ്ങൾ രണ്ട് പെണ്ണുങ്ങൾക്ക് മടി ആയിരുന്നല്ലോ. ഏട്ടനും ഏടത്തിയും വരവേ ഇല്ലായിരുന്നു.നിന്റെ അച്ഛൻ ആണേൽ നീ അങ്ങനെ പെരുമാറുമോ?. ഞാൻ കൂടി ഇല്ലായിരുന്നേൽ അച്ഛൻ എന്ത് ചെയ്തേനെ. അത് കൊണ്ട് തന്നെയാ ഇങ്ങനെ ഒരു കാര്യത്തിന് ഞാൻ അച്ഛനെ നിർബന്ധിച്ചത്. ഇതിപ്പോ നാട്ടിൽ നടക്കാത്ത കാര്യമല്ല. അല്ലേൽ തന്നെ നാട്ടുകാരെ ആര് നോക്കുന്നു. ഞങ്ങൾ രണ്ട് മക്കളെ ഒരു കുറവും അറിയിക്കാതെ വളർത്തിയത് അച്ഛനാണ്. ആ അച്ഛന് വയസ്സുകാലത്തു ഒരു കൂട്ട് വേണമെന്ന് എനിക്ക് തോന്നി. അതിൽ എന്താ തെറ്റ്.” രാത്രിയിൽ ഭാര്യയുടെ പിറുപിറുപ്പിന് മറുപടിയായി ജയൻ പറഞ്ഞു. പിന്നെ അമ്മു ഒന്നും പറയാൻ പോയില്ല.

പിറ്റേന്ന് നേരം പുലർന്നു അമ്മു അടുക്കളയിൽ ചെന്നപ്പോൾ ലളിത അവിടെ ഉണ്ടായിരുന്നു.എന്ത് കൊണ്ടോ അവരെ അംഗീകരിക്കാൻ അവളുടെ മനസ്സിന് കഴിയുന്നില്ലായിരുന്നു. അവരെ അധികം ശ്രദ്ധിക്കാതെ അവൾ അവളുടെ ജോലികൾ ചെയ്ത് കൊണ്ടിരുന്നു.

“ഉച്ചത്തേക്ക് കറിക്ക് എന്താ വേണ്ടത് മോളെ. പറഞ്ഞാൽ ഞാനും കൂടി സഹായിക്കാം.”ഒരിത്തിരി പേടിയോടെ തന്നെ ലളിത പറഞ്ഞു.

പ്രത്യേകിച്ച് മറുപടിയൊന്നും പറയാതെ അമ്മു തിരിഞ്ഞു നടന്നു.

“എന്തായാലും കുഴപ്പമില്ല. അടുക്കളയിൽ ഉള്ളത് എന്താന്ന് വച്ചാൽ ഇഷ്ടമുള്ളത് ചെറിയമ്മ ഉണ്ടാക്കിക്കോളൂ.” അങ്ങോട്ട് കയറി വന്ന ജയൻ ആണ് മറുപടി പറഞ്ഞത്.

“എന്നെ ആ കുട്ടിക്ക് ഇഷ്ടപ്പെട്ടിട്ടില്ലേ മോനേ.” ഒരല്പം വിഷമത്തോടെ തന്നെ ലളിത ജയനോട് ചോദിച്ചു.

“ആരുടേം ഇഷ്ടോം ഇഷ്ടക്കേടും ചെറിയമ്മ നോക്കണ്ട. അച്ഛന് ഒരു കൂട്ട്. ബുദ്ധിമുട്ടാവില്ലെങ്കിൽ എനിക്ക് ചെറുപ്പത്തിൽ നഷ്ടപ്പെട്ട അമ്മേടെ സ്ഥാനവും.ഈ വീട്ടിൽ അച്ഛന് ഉള്ള അതെ ബഹുമാനോം സ്ഥാനോം ചെറിയമ്മയ്ക്കും ഉണ്ടാകും. അത് തരാൻ പറ്റാത്തവർ ഇവിടെ ഉണ്ടാകില്ല.” ജയന്റെ വാക്കുകൾക്ക് എന്ത് മറുപടി നൽകണം എന്നറിയാതെ ലളിത വിഷമിച്ചു.

പിന്നീടുള്ള ദിവസങ്ങളിൽ ലളിത മനസ്സ് കൊണ്ട് അവരുടെ അമ്മ ആയി മാറുകയായിരുന്നു. എല്ലായിടത്തും അവരുടെ കൈ എത്തും. ആരോടും അധികം സംസാരിക്കാറില്ലെങ്കിലും എല്ലാവരുടേം ഉള്ളറിഞ്ഞു പെരുമാറാൻ അവർക്ക് അറിയാമായിരുന്നു. എന്നാലും അമ്മുവിന്റെ അനിഷ്ടം ലളിതയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

അങ്ങനെ പോകുന്നതിനിടയ്ക്കാണ് തൊടിയിൽ വീണു അമ്മുവിന്റെ കാലൊടിയുന്നത്. അമ്മുവിന്റെ ചേച്ചിയുടെ ഡെലിവറി ആവശ്യങ്ങൾക്കായി അവളുടെ അച്ഛനും അമ്മയും U.K ലേക്ക് പോയ സമയത്തായിരുന്നു അത് സംഭവിച്ചത്. അത്യാവശ്യം വലിയ പൊട്ടൽ ആയിരുന്നതിനാൽ ഒരു മാസത്തേക്ക് കാൽ ഒട്ടും അനക്കരുതെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ഒരു ഹോം നഴ്സിനെ വയ്ക്കാമെന്ന് ജയൻ പറഞ്ഞെങ്കിലും ലളിത അത് സമ്മതിച്ചില്ല. സ്വന്തം അമ്മയെ പോലെ അവൾക്ക് വേണ്ടതെല്ലാം അവർ ചെയ്തു കൊടുത്തു.

പതിയെ അമ്മുവിലെ ഇഷ്ടക്കേട് മാഞ്ഞു പോവാൻ തുടങ്ങിയിരുന്നു . സ്നേഹത്തോടെ ഒരു നോട്ടം പോലും നൽകാത്ത അവളുടെ എല്ലാ കാര്യവും ഒരു മടിയും കൂടാതെ ചെയ്തു നൽകുന്ന ലളിത അവൾക്ക് ഒരു അത്ഭുതം തന്നെ ആയിരുന്നു. തന്റെ അമ്മ പോലും ഇത്രേം സ്നേഹത്തോടെ ചെയ്യുമോ എന്ന് പോലും അവൾ സംശയിച്ചു. എന്നാലും അവർ അവളോട് അധികം സംസാരിക്കാൻ ശ്രമിച്ചിരുന്നില്ല.

“എന്നോട് ദേഷ്യം ഉണ്ടോ ”

ഒരു ദിവസം ഭക്ഷണം നൽകി അവൾ കഴിച്ചതിനു ശേഷം പാത്രം എടുത്ത് പോകാൻ ഒരുങ്ങിയ അവരുടെ കൈകളിൽ അവൾ പിടിച്ചു.

“എനിക്ക് ദേഷ്യമോ. എന്തിനാ മോളെ. മോൾക്കല്ലേ എന്നോട് ഇഷ്ടക്കുറവ്. സംസാരിച്ചാൽ ഇഷ്ടം ആവോന്നു അറിയാത്തോണ്ടാ ഞാൻ അധികം മിണ്ടാത്തത് പോലും”.

അത് പറയുബോഴേക്കും ലളിതയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“സത്യമാണ്. ഞാൻ അത്രേം തരാം താഴ്ന്ന സ്ത്രീ ആയി ചിന്തിച്ചു പോയല്ലോ എന്നോർക്കുമ്പോൾ എനിക്ക് തന്നെ നാണക്കേട് തോന്നുന്നുണ്ട്. ഇന്നത്തെ കാലത്ത് ഞാൻ ഒരിക്കലും അങ്ങനെ ചിന്തിക്കാനേ പാടില്ലായിരുന്നു. ആരൊക്കെയോ പറയുന്ന കേട്ടപ്പോൾ ഞാനും….
എന്നിട്ടിപ്പോ എനിക്ക് ഒരു ആവശ്യം വന്നപ്പോൾ എന്റെ അമ്മയുടെ സ്ഥാനത്തു എനിക്ക് ദൈവം നിങ്ങളെ തന്നെ നിറുത്തി തന്നു.എന്റെ തെറ്റ് മനസ്സിലാക്കാൻ വേണ്ടി തന്നെയാ എനിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നത് എന്ന് ഞാൻ വിശ്വസിക്കുന്നെ”. അമ്മു പറഞ്ഞു.

“അങ്ങനെ ഒന്നും പറയല്ലേ മോളെ. എല്ലാരുടേം സ്നേഹം പ്രതീക്ഷിച്ചു തന്നെയാ ഞാൻ ഇങ്ങോട്ട് കയറി വന്നേ. പക്ഷേ സ്നേഹിക്കാനും പേടിയാ എനിക്ക്. സ്വന്തം സഹോദരങ്ങൾ പോലും ആവശ്യം കഴിഞ്ഞപ്പോൾ ഞാൻ ഒരു ഭാരം ആയി കരുതി. അത് കൊണ്ട് കയറി ചെല്ലാൻ ഇനി ഒരു ഇടമില്ല. സ്നേഹിച്ചില്ലെങ്കിലും വെറുക്കാതെ ഇരുന്നാൽ മതി മോളെ.” പറഞ്ഞു തീർന്നപ്പോഴേക്കും ലളിത കരയാൻ തുടങ്ങിയിരുന്നു.

“വെറുക്കാനോ, ഞാനോ….. ഇനി അങ്ങനെ ചെയ്താൽ ഞാൻ മനുഷ്യ സ്ത്രീ അല്ലാതാകില്ലേ. എനിക്ക് ഇനി എന്റെ അമ്മയെ പോലെ…… അല്ല എന്റെ അമ്മ തന്നെയാണ്. ഇത്ര നാൾ ഇങ്ങനെ പെരുമായതിനു എന്നോട് ഒന്നും തോന്നല്ലേ…” അവളുടെ അടുത്ത് നിന്നിരുന്ന ലളിതയെ കെട്ടിപ്പിടിച്ചു അമ്മു പറഞ്ഞു.

പുറത്ത് നിന്നും വന്ന അച്ഛനും ജയനും ആ കാഴ്ച കണ്ടു വല്ലാതെ സന്തോഷിച്ചു. അവരുടെ ആ അകൽച്ച അത്രമാത്രം അവരെ ബുദ്ധിമുട്ടിച്ചിരുന്നു.

“അവർ എന്ത് കൈവിഷമാ നിനക്ക് തന്നെ ”

കുറെ മാസങ്ങൾക്ക് ശേഷം അവിടെ വന്ന നീലിമ അമ്മുവിന്റേം ലളിതയുടേം സ്നേഹം കണ്ട് അമ്മുവിനോട് ചോദിച്ചു.

“അത് ഒരു പ്രത്യേക തരം കൈവിഷമാ ഏടത്തി. അങ്ങനെ എല്ലാർക്കും അത് മറ്റുള്ളവർക്ക് നൽകാൻ കഴിയില്ല. അത് കിട്ടാനും ഒരു ഭാഗ്യം വേണം “നീലിമയുടെ കവിളിൽ നുള്ളി അമ്മു പറഞ്ഞു.

“അമ്മേ എനിക്ക് തന്ന കൈവിഷം കുറച്ചു ഏടത്തിക്ക് കൂടി കൊടുക്കാമോ.”
അവർക്കിടയില്ലേക്ക് കയറി വന്ന ലളിതയെ പുറകിലൂടെ കെട്ടിപ്പിടിച്ചു അമ്മു പറഞ്ഞു.

“അത് അങ്ങനെ എല്ലാവർക്കും കൊടുക്കാൻ പറ്റൂല. ഭയങ്കര വിലപിടിപ്പുള്ളതാ.എന്നാലും ചോദിച്ചതല്ലേ, നോക്കാം ന്നു പറയ് “ജയൻ ആണ് അതിനു മറുപടി പറഞ്ഞത്.

അത് കേട്ട് അമ്മുവും ലളിതയും ചിരിച്ചപ്പോൾ കാര്യം മനസ്സിലായില്ലെങ്കിലും നീലിമയും അവരുടെ ചിരിയിൽ പങ്കു ചേർന്നു. കളങ്കമില്ലാത്ത സ്നേഹത്തിനാൽ മാറ്റാൻ പറ്റാത്തത് ഒന്നുമില്ലെന്ന് ലളിത തെളിയിക്കുകയായിരുന്നു അവിടെ….