(രചന: RJ)
ഞാനൊറ്റയ്ക്ക് കിടന്നോളാം അമ്മേ…അമ്മ അമ്മയുടെ മുറിയിൽ പോയി കിടന്നോ… എനിയ്ക്ക് തനിച്ച് കിടക്കാൻ പേടിയൊന്നുമില്ല..
രാത്രി അടുക്കളയിലെ തിരക്കൊഴിഞ്ഞ് കിടക്കാൻ തന്റെ റൂമിലെത്തിയ ഗീതു തനിയ്ക്ക് കൂട്ടുകിടക്കാൻ വന്ന അമ്മായി അമ്മയെ കണ്ടമ്പരന്ന് ആദ്യം…
ഞാനിവിടെ കിടന്നോളാം ഗീതു.. ഇന്നു മാത്രമല്ല ഇനി അഭിവരുന്നത് വരെ ഞാനിവിടെ തന്നെയാണ് രാത്രി കിടക്കുന്നത്…
ഗീതുവിന്റെ കട്ടിലിലേക്ക് കയറി കിടന്നു കൊണ്ട് അവളോട് പറയുമ്പോൾമാലതിയുടെ കണ്ണുകൾ ആ റൂമിന് എതിർവശത്തുള്ള റൂമിലേക്ക് ഒന്നു പാളി ചെന്നു…
അടഞ്ഞുകിടക്കുന്ന ആ റൂം വാതിൽ കണ്ടതും ഒരു നിശ്വാസമുതിർന്നവരുടെ ഉള്ളിൽ നിന്നും…
ചെരിഞ്ഞു കിടക്കുന്ന മാലതിക്കരികിലായ് കയറിക്കിടക്കുമ്പോൾ ഗീതുവിനുള്ളിൽ വല്ലാത്തൊരസ്വസ്ഥത നിറഞ്ഞു നിന്നു.. പറയാൻ കഴിയാതെ വീർപ്പുമുട്ടുന്ന ഒന്ന്…
ഗീതു കിടന്നല്പം കഴിഞ്ഞതും അവളുടെ ഫോണിൽ ഭർത്താവ് അഭിയുടെ വീഡിയോ കോളെത്തി…
“ഇന്നെന്താ ഗീതു അമ്മ നിന്റെ ഒപ്പം ആണോ കിടന്നത്…?
ഗീതുവിനരികിലായ് കിടക്കുന്ന മാലതിയെ കണ്ട് അഭി അത്ഭുതത്തിൽ തിരക്കിയതും ചെരിഞ്ഞു കിടന്നിരുന്ന മാലതി മലർന്ന് നേരെ കിടന്ന് ഗീതുവിനൊപ്പം അവളുടെ ഫോണിലേക്ക് നോക്കി…
” ഇനി നീ വരും വരെ അമ്മ കിടക്കുന്നതിവിടെ ആണ് മോനെ…
അഭിയെ നോക്കി ചിരിയോടെ മാലതി പറഞ്ഞെങ്കിലും അതു കേട്ട അഭിയുടെ കണ്ണൊന്നു കൂർത്തു അമ്മയ്ക്ക് നേരെ…
“അതെന്തിനാ അമ്മേ… അതിന്റെ ആവശ്യമൊന്നുമില്ല.. ഞാനീ ഗൾഫിലേക്ക് വന്നിട്ടിത് രണ്ടു മാസം കഴിഞ്ഞു.. അന്നെല്ലാം ഗീതു തനിച്ചായിരുന്നല്ലോ അവിടെ കിടന്നത്.. പിന്നെന്തു പറ്റി ഇപ്പോൾ…? നീയാണോ ഗീതു അമ്മയെ വിളിച്ചു കൂടെ കിടത്തിയത്…? വയ്യാത്ത അച്ഛനെ അപ്പുറത്തെ മുറിയിൽ തനിച്ച് കിടത്തിയിട്ടാണ് നിനക്ക് കാവൽ കിടക്കാൻ അമ്മ വരുന്നത്… ഓർമ്മയുണ്ടോ നിനക്കത്…?
അഭി ദേഷ്യപ്പെട്ടതും ഗീതു ദയനീയമായ് അഭിയേയും മാലതിയേയും നോക്കി…
“ഗീതു വിളിച്ചിട്ടോ പറഞ്ഞിട്ടോ ഒന്നുമല്ല ഞാൻ വന്നത് കിടക്കാൻ.. എന്റെ ഇഷ്ടത്തിനാണ്… ഇതിൽ നീ ഇടപ്പെടുകയും വേണ്ട.. ഇതെന്റെ കാര്യമാണ്….”
ശബ്ദമൊന്നുയർത്തി അവനോട് പറയുന്നതിനൊപ്പം തന്നെ പഴയപടി ചെരിഞ്ഞു കിടന്നു പുതപ്പിട്ടു കിടന്നു കഴിഞ്ഞു മാലതി..
അമ്മയുടെ സംസാരത്തിലും പ്രവർത്തിയിലും മിഴിഞ്ഞു പോയ് അഭിയുടെ കണ്ണെങ്കിൽ ഗീതുവിൽ നിറയെ സങ്കടമാണ്..
രാത്രി ഈ സമയത്താണ് മനസ്സ് തുറന്നവനോടു സംസാരിക്കുന്നത്… അവന്റെ കുസൃതിയും പ്രണയവും നിറഞ്ഞ വാക്കുകൾ കേട്ടതിൽ ലയിച്ചൊരു പ്രണയ നദി ഇരുവരുംനീന്തുന്നതും ഈ നേരത്താണ്…
അമ്മയുടെ സാമീപ്യത്തിൽ ഉള്ളുതുറന്നൊന്ന് ചിരിക്കാൻ പോലും കഴിയാതെ ഒന്നു രണ്ടു വാക്ക് മിണ്ടി ആ ഫോൺ കോൾ അവസാനിപ്പിക്കുമ്പോൾ അഭിയിലും ഗീതുവിലും നിറഞ്ഞ നിരാശ മാത്രമവശേഷിച്ചെങ്കിൽ അരികിൽ കിടന്ന മാലതിയിലൊരു ഗൂഢസ്മിതം വിരിഞ്ഞു ചുണ്ടിൽ… ഒപ്പം താനുദ്ദേശിച്ചത് നടന്നു കിട്ടിയ സന്തോഷവും നിറഞ്ഞു
തുടർന്നുള്ള രണ്ടു ദിവസങ്ങളിലും രാത്രി ഇതു തന്നെ ആവർത്തിച്ചതും മാലതിയോടുളളിൽ വല്ലാത്ത ദേഷ്യം തോന്നി ഗീതുവിന്….
രാത്രി കൂടെ കിടന്ന് ബുദ്ധിമുട്ടിക്കുന്നതിനു പുറമെ പകലെല്ലാം ഗീതുവിനൊപ്പം ഒരു നിഴൽ പോലെ സഞ്ചരിച്ചു തുടങ്ങി മാലതി..
അഭിയും ആകെയൊരു സമ്മർദ്ദത്തിൽപ്പെട്ടു അമ്മയുടെ സ്വഭാവവും പ്രവർത്തിയും കാരണം… ഗീതുവിന് കൂട്ട് കിടക്കണ്ട എന്ന് അഭി മാലതിയോട് പല പ്രാവശ്യം പറഞ്ഞെങ്കിലും അതൊന്നും മാലതി വകവെച്ചില്ല… വല്ലാത്തൊരു വാശി തന്നെ കാണിച്ചു മാലതി ആ ഒരു കാര്യത്തിൽ..
ദിവസങ്ങൾ മുന്നോട്ടു നീങ്ങവേ ഒരു നാൾ ഗീതുവൊരു കാര്യം ശ്രദ്ധിച്ചു, അഭിയുടെ അനിയൻ അനീഷ് വീട്ടിലുള്ളപ്പോൾ മാലതിയവളെ എവിടെയും തനിച്ചാക്കാതെ കൂടെ തന്നെയുണ്ടെന്ന്…അനീഷ് തന്നോടു സംസാരിക്കുമ്പോഴും തന്റെ അരികെ എന്തിനെങ്കിലും വരുമ്പോഴും വല്ലാത്തൊരു വെപ്രാളം മാലതിയെ മൂടുന്നതും എന്തെങ്കിലും കാരണമുണ്ടാക്കി അവനെ തന്റെ അരികിൽ നിന്ന് മാറ്റുന്നതുമെല്ലാം ശ്രദ്ധയിൽപ്പെട്ടതും ഒരു കരടവശേഷിച്ചുഗീതുവിന്റെ മനസ്സിൽ, അതിലുപരി ഒരു ചേച്ചിയായും അമ്മയായും തന്നെ കാണുകയും സംസാരിക്കുകയും ചെയ്യുന്ന അനീഷിനെയും തന്നെയും മറ്റൊരർത്ഥത്തിലാണോ അമ്മ കാണുന്നത് എന്ന ചിന്ത അവളെ വല്ലാതെ സമ്മർദ്ദത്തിലാക്കി…
” ഗീതു നീയെന്റെ ഭാര്യയായിട്ട് വർഷമൊന്ന് കഴിഞ്ഞു, നിന്നെ എനിയ്ക്കറിയാം.. അതുപോലെ അനീഷിനെയും.. ഈ പ്രശ്നം ഞാൻ പരിഹരിച്ചോളാം … നീ ടെൻഷനാവണ്ട.. നീ ഞാൻ പറയുന്നത് അനുസരിച്ചാൽ മാത്രം മതി… ”
ഫോണിലൂടെ ഗീതുവിനെ ആശ്വസിപ്പിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു അഭി… ഒപ്പം തന്നെ അനീഷിനെയും വിളിച്ചു സംസാരിച്ചവൻ…
അഭിയുമായ് സംസാരിച്ച് ഫോൺ വെച്ച അനീഷിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. അമ്മയ്ക്ക് തുല്യമായ് താൻ കാണുന്ന തന്റെ ഏടത്തിയമ്മയേയും തന്നെയും തന്റെ പെറ്റമ്മ സംശയിക്കുന്നുവെന്നത് അവനെ തളർത്താൻ പോന്ന ഒന്നായിരുന്നു…
താൻ ഏടത്തി അമ്മയുടെ മുറിയിൽ അന്തിക്കൂട്ടിനു ചെല്ലുമെന്ന ഭയത്തിലാണമ്മ ഏടത്തി അമ്മയുടെ മുറിയിൽ കിടക്കുന്നത് എന്നതും അവനിലെ മകനെ തളർത്തിയിരുന്നു…
അന്നും പതിവുപോലെ ഗീതുവിന്റെ മുറിയിൽ കിടക്കാനെത്തിയ മാലതി അമ്പരന്നു പോയ് അണിഞ്ഞ് ഒരുങ്ങി നിൽക്കുന്ന ഗീതുവിനെ കണ്ട്…
“ഇതെന്തിനാ ഗീതു നീയ്യീ രാത്രിയിൽ ഇങ്ങനെ ചമഞ്ഞൊരുങ്ങിയിരിക്കുന്നത്…?
അസ്വസ്തമായ മനസ്സോടവർ അവളോട് തിരക്കും നേരം തന്നെയാണ് ചുണ്ടിലൊരു മൂളിപ്പാട്ടുമായ് അനീഷ് ഗീതുവിന്റെ മുറിയ്ക്കുള്ളിലേക്ക് കടന്നു വന്നത്…
അവന്റെയാ വരവു കണ്ട മാലതിയുടെ കണ്ണുകൾ തുറിച്ചുന്തി… താൻ ഭയപ്പെട്ടതു തന്നെ സംഭവിച്ചുവെന്നവർ ഭയന്നു.. ഗൾഫ് ഭാര്യമാരെ പറ്റി കേൾക്കുന്ന കഥകൾ പോലെ തന്റെ കുടുംബത്തിലും നടന്നെന്നു കരുതിയവർ…
വാ… നമ്മുക്ക് ഫോട്ടോ എടുക്കാം…
അമ്മയെന്നൊരാളെ ശ്രദ്ധിക്കുക പോലും ചെയ്യാതെ ഗീതുവിന്റെ പല ഭാവത്തിലുള്ള ഫോട്ടോകൾ ഫോണിൽ പകർത്തി അനീഷ്…
അവരുടെ പ്രവർത്തികൾ ഒന്നും മിണ്ടാതെ നോക്കിയിരിക്കേണ്ടി വന്നു മാലതിയ്ക്ക്…
ആകെ കാലുഷ്യം നിറഞ്ഞിരുന്നവരുടെ മനസ്സിൽ…
ഇതെന്തിനാ ഈ രാത്രി ഇങ്ങനെ വേഷം കെട്ടി ഫോട്ടോ എടുക്കുന്നത് ഗീതു…?
ഗതി കൊട്ടാടുവിൽ മാലതി ചോദിച്ചതിന് നാണത്തിൽ പൊതിഞ്ഞൊരു നോട്ടമായിരുന്നു ഗീതുവിന്റെ മറുപടി…
“ഇതേട്ടന് അയച്ചുകൊടുക്കാനാണമ്മേ.. ഏട്ടൻ പറഞ്ഞിട്ട്…
മാലതിയോട് പറഞ്ഞ് അനീഷ് മുറിയിലേക്ക് പോയതും ഗീതുവിനെ നോക്കി മാലതി..
മാലതി എന്നൊരാൾ അവിടെയുണ്ടെന്ന ഭാവം പോലുമില്ലാതെ അഭിയോട് സംസാരിക്കുകയാണവൾ…
“ഒന്നുപോയെ അഭിയേട്ടാ.. അത്രയ്ക്ക് തടിച്ചിട്ടൊന്നുമില്ലാട്ടോ… ഇച്ചിരി….യ്യേ… ഇങ്ങനൊന്നും പറയല്ലേ… അമ്മയുണ്ട് ട്ടോ കൂടെ…. ഇല്ല… ഉറങ്ങിയിട്ടില്ല…
ഗീതുവിന്റെ സംസാരം നേർത്തകുറുകലായും നേർത്ത ഇക്കിളി ചിരിയായും കാതിൽ പതിക്കുമ്പോൾ അവിടെ നിൽക്കാനോ കിടക്കാനോ പറ്റാതെയുരുകി മാലതി.. തുടർന്നുള്ള ദിവസങ്ങളിലും ഇതെല്ലാം കൂടിയ അളവിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഗീതു തുടർന്നതും അവളുടെ കൂടെയുള്ള കിടത്തം മതിയാക്കി ആ റൂമിനു പുറത്തെ സോഫയിലാക്കി മാലതി കിടത്തം…
അതോടെ ഓരോ കാര്യങ്ങൾ ചോദിച്ചും അല്ലാതെയും അനീഷ് ഗീതുവിനരികിലേക്കും ഗീതു അനീഷിനരികിലേക്കും എപ്പോഴും ചെന്നു കൊണ്ടിരുന്നു….
മാലതിയെ ശ്രദ്ധിക്കുക കൂടി ചെയ്തില്ല അവർ…
അന്നു രാത്രി അഭിയുടെ കോൾ മാലതിയുടെ ഫോണിലേക്ക് വന്നതും അവനെ നോക്കാനാവാതെ മുഖം കുനിച്ചവർ…
“അമ്മയ്ക്ക് എന്നോടൊന്നും പറയാനില്ലേ..?
അവന്റെ ചോദ്യത്തിന് നിശബ്ദയായിരിക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു…
‘ഇന്നവിടെ അമ്മയും അനീഷും ഗീതുവും തമ്മിലുണ്ടായ വഴക്കെല്ലാം ഞാനറിഞ്ഞു അമ്മേ… വഴക്കു മാത്രമല്ല അവിടെ നടക്കുന്ന ഓരോന്നും ഞാനറിയാറുണ്ട്….
“എനിക്കെന്റെ അനിയനെയും ഞാൻ താലിക്കെട്ടി എന്നെ വിശ്വസിച്ച് എന്റെ വീട്ടിൽ താമസിക്കുന്നവളെയും പരിപൂർണ്ണ വിശ്വാസമാണ്.. സ്വന്തം മകനെയും മരുമകളെയും വിശ്വാസമില്ലാത്തത് അമ്മയ്ക്കാണ്…
ഭർത്താവ് അരികിലില്ലെങ്കിൽ പരപുരുഷനെ തേടുന്നവരാണ് ഓരോ പ്രവാസ ഭാര്യയുമെന്ന് അമ്മയോട് പറഞ്ഞത് ആരാണെന്ന് എനിക്കറിയില്ല… നശിക്കാനൊരു ആണും പെണ്ണും തീരുമാനിച്ചാൽ അതിനെ തടയാനും ആർക്കും പറ്റില്ല…
അമ്മ ഒന്നോർത്താൽ മതി ഞാനുൾപ്പെടുന്ന ഓരോ പ്രവാസിയും ഇവിടെ അധ്വാനിക്കുന്നത് ഞങ്ങളെ കാത്ത്, ഓരോ നിമിഷവും ഞങ്ങളെയോർത്ത് ഞങ്ങൾക്കായ് പ്രാർത്ഥിക്കുന്ന അമ്മയേയും ഭാര്യയേയും കുഞ്ഞുങ്ങളെയുംപറ്റിയുമെല്ലാം ഓർത്താണ്.. ആ സമാധാനമാണ് അമ്മയെ പോലെയുള്ളവർ നിങ്ങളുടെ ഭയവും സംശയവും കൊണ്ട് ഇല്ലാതാക്കുന്നത്… മറക്കരുതമ്മ അത്..
“എനിയ്ക്ക് എന്റെ ഭാര്യയെ വിശ്വാസമാണ് അതിലുപരി എന്റെ അനിയനേയും, അമ്മയ്ക്കതില്ലെങ്കിലും.. ശ്രദ്ധ വേണം അമ്മാ… പക്ഷെ അതിൽ സംശയം കലരാൻ പാടില്ല…”
സംസാരം അവസാനിപ്പിച്ച് അഭി കോൾ കട്ടു ചെയ്ത് പോയിട്ടും അവന്റെ വാക്കുകളോർത്ത് തന്റെ പ്രവർത്തിയിൽ ലജ്ജിച്ച് തല കുമ്പിട്ടിരുന്നു മാലതി… മറ്റൊരാളെയും നേരിടാൻ കഴിയാതെ…
RJ