(രചന: ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ)
അമ്മയ്ക്ക് എന്റെയത്രയും ഉയരം ഉണ്ടായിരുന്നില്ല. ബാക്കിയെല്ലാം അച്ചട്ടാണ്. അതുകൊണ്ട് തന്നെ, നേരിടേണ്ടി വന്നതിലെ സമാന സാഹചര്യങ്ങൾ എന്തൊക്കെ ആയിരിക്കുമെന്നത് ഊഹിക്കാമല്ലോ…
‘അശോകനോ… ആ.. നമ്മടെ മൂങ്ങ മാധവിയുടെ മോനല്ലേ…!’
അറിയുന്നവരൊക്കെ ഇങ്ങനെ വിശേഷിപ്പിക്കുന്ന മൂങ്ങ മാധവിയാണ് എന്റെ അമ്മ. കളിയാക്കലുകൾക്ക് ഒരാളെ കൊല്ലാൻ പറ്റുമെന്ന് അറിയാൻ അമ്മയുടെ മരണം താണ്ടേണ്ടി വന്നു. അമ്മയെ, നാട്ടുകാർ കളിയാക്കി കൊന്നതാണ്. അത് മനസ്സിലാകാൻ ഇത്തിരി വൈകിപ്പോയി. അമ്മയുടെ വഴിയിലേക്ക് അബദ്ധത്തിൽ പോലും ചെന്ന് പെടരുതെന്നേ ഞാൻ ഇപ്പോൾ ആഗ്രഹിക്കാറുള്ളൂ… അത് മറ്റൊന്നും കൊണ്ടല്ല. എനിക്ക് ഈ ഭൂമിയിൽ ജീവിച്ച് മതിയാകാത്തതിനാൽ മാത്രമാണ്.
തവിട്ടിന്റെ നിറമായിരുന്നു അമ്മയ്ക്ക് വലിയ മൂക്കും, ഉന്തിയ പല്ലും, കൃഷ്ണമണികൾ പരസ്പരം തെറ്റി കിടക്കുന്ന ഇടുങ്ങിയ കണ്ണുകളും, അമ്മയുടെ സ്വന്തമായിരുന്നു. എന്റേയും… ആ ചിത എരിയുമ്പോൾ എനിക്ക് പ്രായം പതിനാറ് ആകുന്നതേയുള്ളൂ…
‘എന്തിനാണ് അവളിങ്ങനെയൊരു കടും കൈ ചെയ്തത്…?’
അമ്മയുടെ മരണ ശേഷം ഇങ്ങനെയൊരു നാട്ട് ചോദ്യം സദാസമയം എനിക്ക് ചുറ്റും മൂളുന്നുണ്ടായിരുന്നു. അതാണെങ്കിൽ ഒരു ആയിരം ആവർത്തി തലയിൽ മുഴങ്ങുകയാണ്. എന്തിനായിരിക്കും ഒരുമുഴം കയറിൽ കഴുത്തിന്റെ ബലം അമ്മ പരിശോധിച്ചത്!
‘നിങ്ങൾക്കെന്റെ മുഖത്ത് നോക്കാൻ തന്നെ അറപ്പല്ലേ…’
അമ്മയുടെ പഴയയൊരു ചോദ്യമാണ്. ആണെന്ന് പറഞ്ഞ് എന്റെ അച്ഛനെന്ന് പറയുന്ന ആ മനുഷ്യൻ ഇറങ്ങിപ്പോയി. എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല. അന്ന്, നനഞ്ഞ കണ്ണുകളോടെ അമ്മയെന്നെ ഇടയ്ക്കിടയ്ക്കേ വന്ന് മുഖമുരസിയിരുന്നു.
ഞാൻ സ്കൂളിൽ പോയിത്തുടങ്ങിയ കാലമായിരുന്നുവത്. പറക്കമുറ്റാത്ത പ്രായത്തിൽ എന്നെ വിട്ട് പോകാൻ അമ്മയ്ക്കന്ന് കഴിഞ്ഞിട്ടുണ്ടാകില്ല. അതിനായി എനിക്ക് പൊടിമീശ വരുന്ന പ്രായം വരെ ആ പാവം കാത്തിരുന്നതായിരിക്കണം. പറഞ്ഞിട്ടെന്ത് കാര്യം! ജീവിതത്തിന്റെ ഭാരം ജീവനുള്ളവരുടെ തലയിൽ മാത്രമാണല്ലോ…
‘ഇവന്റെ മൂക്ക് നോക്ക്… കണ്ണ് കണ്ടിട്ടും കിട്ടിയില്ലാ…? എടോ ഈ ഉന്തിയ പല്ല് കണ്ടിട്ടും മനസിലായില്ലേ,…?’
നാട്ടുകാരൻ, അയാളുടെ കൂട്ടുകാരന് എന്നെ പരിചയപ്പെടുത്തുന്ന ശ്രമമാണ്. സ്കൂൾ വിട്ട് അതുവഴി പോകുമ്പോഴായിരുന്നു വിളിച്ച് നിർത്തിക്കൊണ്ടുള്ള ഈ പരാക്രമം. കേട്ടവൻ എന്നെ സൂക്ഷിച്ച് നോക്കി. ഒടുവിൽ, മനസ്സിലായെന്ന ഭാവത്തിൽ കണ്ണുകൾ വിടർത്തി. ഇവൻ നമ്മുടെ മൂങ്ങ മാധവിയുടെ മോനല്ലേയെന്ന് പറയുമ്പോൾ അവന്റെയൊരു സന്തോഷം കാണേണ്ടത് തന്നെയായിരുന്നു. അത്രയ്ക്കും, അമ്മയുടെ രൂപം ആ നാട് നിരീക്ഷിച്ചിട്ടുണ്ട്. തക്കം കിട്ടുമ്പോഴെല്ലാം നേരമ്പോക്കാക്കി മാറ്റാൻ ശ്രമിച്ചിട്ടുമുണ്ട്. അമ്മ പോയപ്പോൾ ശ്രദ്ധ എന്നിലേക്ക് തിരിഞ്ഞെന്ന് മാത്രം…
‘എന്തിനാണമ്മേ എല്ലാവരും നമ്മളെ കളിയാക്കുന്നത്…?’
അമ്മയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല. എങ്ങനെ പറയാനാണ്. ആള് മരിച്ച് പോയില്ലേ… എന്തിനാണെന്ന ചോദ്യത്തിൽ എല്ലാത്തിനുമുള്ള ഉത്തരമുണ്ട്. ആൺ, പെൺ എന്നതിനപ്പുറം മനുഷ്യർ രണ്ടായി വേർപ്പെട്ടിരിക്കുന്നു. സൗന്ദര്യം ഉള്ളവരും. ഇല്ലാത്തവരും. ബാഹികമെന്ന ഒറ്റ മാനദണ്ഡം മാത്രമേ മനുഷ്യരുടെ സൗന്ദര്യ സങ്കൽപ്പത്തിലുള്ളൂ… അത് ദയനീയവും. ലജ്ജാകരവുമാണ്….
ആരോട് പറയാൻ അല്ലേ… ആഹാര സാധനങ്ങളേക്കാളും കൂടുതൽ ഭംഗിയുടെ മുഖം മിനുക്കുന്ന ഉൽപ്പന്നങ്ങങ്ങളാണ് മനുഷ്യരുടെ വിപണിയിലുള്ളത്. ആ ലോകത്തിന്റെ സ്വഭാവികമായ കൊഞ്ഞനം കുത്തലുകളെ അതിജീവിക്കാൻ അമ്മയ്ക്ക് ആയില്ല. ജീവിതത്തോട് വെറുപ്പ് തോന്നിയിട്ടുണ്ടാകും ആ പാവത്തിന്…
അമ്മയുടെ മരണശേഷം ഒരു ബന്ധുവിന്റെ വീട്ടിലായിരുന്നു ഞാൻ. അവിടെ സുഖമാണോ, ദുഃഖമാണോയെന്നൊന്നും എനിക്ക് അറിയാൻ സാധിച്ചില്ല. അതിന് മുമ്പേ ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോയി. ആരുമില്ലെന്ന് തോന്നുന്ന മനുഷ്യർക്ക് എങ്ങോട്ട് വേണമെങ്കിലും സഞ്ചരിക്കാമെന്ന് കൗമാരത്തിലേ ഞാൻ മനസിലാക്കിയിരുന്നു…
രാത്രിയാണ്. എങ്ങോട്ടേക്കാണെന്ന് നിശ്ചയമൊന്നും ഉണ്ടായിരുന്നില്ല. വെറുതേ അങ്ങനെ നടന്നു. റോഡരികിലൂടെ നടക്കുമ്പോൾ എത്രത്തോളം ശ്രദ്ധിക്കണമെന്നത് ചീറി വന്നയൊരു വാഹനം തട്ടിയപ്പോഴാണ് അറിയുന്നത്.
‘എന്താ മോന്റെ പേര്…’
ആശുപത്രിയിൽ നിന്ന് ബോധം വീണപ്പോൾ നേരിട്ട ചോദ്യമായിരുന്നു.
“അശോകൻ…”
ഭാഗ്യം! പേര് കേട്ടിട്ടും മൂങ്ങ മാധവിയെക്കുറിച്ച് ആരും മിണ്ടിയില്ല. എന്നെയോ അമ്മയോ പരിചയമില്ലാത്ത ആരൊക്കെയോയാണ് മുന്നിൽ നിൽക്കുന്നതെന്ന് ബോധ്യമായി. അതുകൊണ്ട് തന്നെ വ്യക്തമായി യാതൊന്നും ഞാൻ പറഞ്ഞതുമില്ല. ആരുമില്ലാതെ തെണ്ടി നടക്കുന്നവനാണെന്ന് തോന്നിയത് കൊണ്ടായിരിക്കണം അവർ എന്നെ കൂടെ കൊണ്ടുപോയത്. എന്തിനാണെന്ന് ഞാൻ ചോദിച്ചത് പോലുമില്ല.
‘ദേ… ഇവിടെ…’
എനിക്ക് താമസിക്കാനുള്ള മുറിയിലേക്ക് ചൂണ്ടിയാണ്, എത്തിച്ചേർന്ന വീട്ടിലെ സ്ത്രീയത് പറഞ്ഞത്. വീടിനോട് ചേർന്നുള്ളയൊരു ചെറു കെട്ടിടത്തിലെ മുറിയായിരുന്നുവത്. അതിന്റെ പിന്നാമ്പുറം കൃഷിയിടം പോലെ നീണ്ട് കിടക്കുന്നു. ഇഷ്ടമുള്ള കാലം വരെ ഇവിടെ കഴിഞ്ഞോളൂവെന്ന് കൂടി ആ സ്ത്രീ പോകുമ്പോൾ പറഞ്ഞിരുന്നു. ഞാനത് അക്ഷരം പ്രതിയനുസരിച്ചു.
ഇപ്പോൾ ഇരുപതോളം വർഷങ്ങൾ കഴിഞ്ഞെന്ന് തോന്നുന്നു. സാരമായി പരിക്കേൽപ്പിക്കാതെ സംഭവിച്ചയൊരു അപകടമാണ് എന്നെ ഈ വീട്ടിൽ എത്തിച്ചിരിക്കുന്നത്. ഈ നീളത്തിൽ ഒരിക്കൽ പോലും യാതൊരു കളിയാക്കലുകളും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. വന്നതെല്ലാം, പരസ്പര വിശ്വാസത്തിന്റെയും, സ്നേഹത്തിന്റെയും, പങ്കുചേരലുകൾ മാത്രമാണ്. തങ്ങളിൽ ഒരാളായിട്ടേ ഇവിടെയുള്ളവർ എന്നെ കാണുന്നുള്ളൂ…
ബാഹ്യസൗന്ദര്യ സങ്കൽപ്പങ്ങളുമായി കോർത്ത്, മുന്നിൽ തെളിയുന്നവരെയെല്ലാം കളിയാക്കാനും, കൊഞ്ഞനം കുത്താനും, ലോകത്തിലെന്നും മനുഷ്യരുണ്ടാകും. ഇതല്ലെങ്കിൽ, മറ്റൊരു കാരണം ഉൾത്തിരിച്ച് എല്ലാവരുടെയും ചുറ്റിലും ഈ കൂട്ടരെ കാണാൻ സാധിക്കും. അങ്ങനെ അല്ലാത്തവരും ഉണ്ടെന്ന കണ്ടെത്തലിലൂടെയാണ് വിഷയത്തെ നിസ്സാരമാക്കേണ്ടത്. ആരെയാണ് പരിഗണിക്കേണ്ടതെന്ന് മാത്രം തീരുമാനിച്ചാൽ മതി.
പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിൽ അശോകനെന്ന എന്നെ നോക്കൂ… ഒരു നാട് കളിയാക്കി കൊന്ന മൂങ്ങ മാധവിയുടെ അച്ചട്ടിനെ നോക്കൂ… ഞാനും, യാദൃശ്ചികമായി എത്തിച്ചേർന്ന ഈ ലോകവും എത്ര മനോഹരമാണെന്ന് അറിയൂ… ഇവിടെ വിരൂപീകളില്ല. പരസ്പരം പുഞ്ചിരിക്കുന്ന മനസ്സുകൾ മാത്രം.
വീണ്ടും പറയുന്നു. പരിഗണിക്കപ്പെടുന്ന ലോകം നമ്മളിലേക്ക് താനേ വന്ന് ചേരാൻ ഒരേയൊരു കാര്യമേ ചെയ്യേണ്ടതുള്ളൂ… അത്, മറ്റുള്ളവരെ കളിയാക്കുന്നതിലൂടെ ആനന്ദം കണ്ടെത്തുന്ന നികൃഷ്ടരെ പൂർണ്ണമായും അവഗണിക്കുകയെന്നത് മാത്രമാണ്….!!!
ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ