ഇനി ഒരു ആദ്യ രാത്രി കൂടി ഉണ്ടാകും.. അവൻ ഞെട്ടിപ്പോയി എന്നിട്ട് ചോദിച്ചു. അത് എന്താ അങ്ങനെ…

പ്രസവ ശേഷമുള്ള ആദ്യരാത്രിയും ഭർത്താവിന്റെ ആക്രാന്തവും

രചന : വിജയ് സത്യ.
======================

മൂന്ന് തരം ഭാര്യ
=============

ചേട്ടാ…. മതി സംസാരിച്ചത് എനിക്ക് ഉറക്കം വരുന്നു.. വാവ ഇപ്പോൾ ഉറങ്ങിയതേയുള്ളൂ.. ഈ സമയത്ത് ഞാൻ ഇച്ചിരി കുറച്ച് കണ്ണ് ചിമ്മിയാൽ ആയി..അത്രയേ എനിക്ക് ഉറക്കം കിട്ടുള്ളൂ.. ഇനി അവൻ ഉണർന്നാൽ പിന്നെ നേരം വെളുക്കുവോളം അവൻ ഉറങ്ങാണ്ട് കരഞ്ഞുകൊണ്ടും ചിരിച്ചുകൊണ്ടും എന്നെ കിടത്തി ഉറക്കില്ല… ചേട്ടൻ നല്ല മൂഡിൽ ആണല്ലെ ….. ഏതായാലും ഞാൻ അങ്ങോട്ട് നാളെ വരികയല്ലേ.. ഇന്ന് മോൻ ഒന്ന് സമാധാനപ്പെട്….

ആ ശരി ശരി… എന്തായാലും നാളെ വരുന്നതല്ലേ… ഗുഡ് നൈറ്റ്.

അതും പറഞ്ഞു കൊണ്ട് രാഹുൽ കോൾ കട്ട് ചെയ്തു..

എന്നിട്ട് കട്ടിലിൽ അവൻ നീണ്ടു നിവർന്നു കിടന്നു.

എത്ര ശ്രമിച്ചിട്ടും ഉറക്കം വന്നില്ല..
അവൻ ആലോചിക്കുകയായിരുന്നു..

ചിലങ്കെയെ കെട്ടി കൊണ്ടുവരുമ്പോൾ വളരെ മെലിഞ്ഞ് തീരെ ചെറിയ പെണ്ണായിരുന്നു..

രണ്ടുമൂന്ന് വർഷത്തിനുശേഷമാണ് ഗർഭിണിയായത്…
നാട്ടാചാരപ്രകാരം അമ്മയുടെ വീട്ടിൽ പ്രസവത്തിനു പോയതാണ് അവൾ..
ഗർഭിണി ആയതിനുശേഷം നല്ല മാറ്റം അവളുടെ ശരീരത്തിന് ഉണ്ടായി..

ഓഫീസിൽ ജോലിത്തിരക്ക് കാരണവും വീട്ടിൽ അമ്മ ഒറ്റയ്ക്ക് ആയതുകൊണ്ടും അവളുടെ വീട്ടിൽ പോയി രാത്രി ഒന്നും താങ്ങാൻ പറ്റിയിട്ടില്ല..

പോയാൽ ഉടനെത്തന്നെ അവളോട് വർത്തമാനം പറഞ്ഞു മകനെയും കണ്ടു പോരും.

നാളെ അവൾ വരും.. തന്നോടൊപ്പം ഇനിയുള്ള രാത്രികളിൽ അവൾ ഉണ്ടാകും..ഒരു ആദ്യ രാത്രിയുടെ ത്രില്ലിലാണ്
രാഹുൽ…

അങ്ങനെ ചിന്തിച്ച് പതുക്കെ കണ്ണിൽ ഉറക്കം വരുമ്പോഴാണ് വാതിലിന് മുട്ടുകേട്ടത്

ഏട്ടാ ഒന്ന് വേഗം തുറക്ക്… ”

റൂമിനു പുറത്ത് നിന്നും സഹോദരി വിളിക്കുന്നു.

” എന്താ മോളെ.. ”

അവൻ കതക് തുറന്നു. അവൾ നാണിച്ചു അകത്തു കയറി, എന്നിട്ടു

“ഏട്ടാ ചേച്ചിയുടെ ഈ അലമാര ഒന്ന് തുറക്കുമോ? ”

“എന്താ മോളെ കാര്യം? ”

അവൾ തല കുനിച്ചു.. എന്നിട്ടു പറഞ്ഞു

“ഒന്ന് തുറക്ക് ഏട്ടാ ”

അപ്പോഴേക്കും ഭാര്യയുടെ ഫോൺ വന്നു.
രാഹുൽ അത് അറ്റന്റ് ചെയ്യുന്നത് കണ്ടപ്പോൾ പെങ്ങൾകുട്ടിക്ക് സമാധാനം ആയി.

“എന്താടി? ”

രാഹുൽ ഭാര്യയോട് ചോദിച്ചു.

“ഏട്ടാ എന്റെ അലമാരി ഒന്ന് തുറന്നു കൊടുക്കൂ വിപിനയ്ക്ക് മെൻസ്ട്രഷൻ… അവളുടെ നാപ്കിൻ തീർന്നിരിക്കുകയാണ്. ഈ പാതിരാത്രിയിൽ എവിടെ പോകാനാണ് എന്റെ അലമാരയുടെ അടിയിലെ തട്ടിൽ ഉണ്ട്.അവളതെടുത്തോളും . ഒന്ന് തുറന്നു കൊടുത്തേര്… ”

ഇതും പറഞ്ഞു ഭാര്യ ഫോൺ കട്ട് ചെയ്തു.

അലമാരി തുറന്നു കൊടുത്തപ്പോൾ അവളത്തെടുത്തു ചിരിച്ചുകൊണ്ട് ഓടി.

ഈ പെണ്ണുങ്ങളുടെ ജീവിക്കാനുള്ള ഒരു ബുദ്ധിമുട്ടെ..

അവൻ ചിരിച്ചു.

അപ്പോഴേക്കും ഭാര്യ വീണ്ടും വിളിച്ചു.

“കൊണ്ട് പോയോ? ”

“ഉം ”

ഏട്ടാ നാളെ ഓഫീസിൽ പോകുന്നുണ്ടോ…

പിന്നെ പോകാതെ….

ഞാൻ നാളെ മോനെയും കൊണ്ടു വരികയല്ലേ അന്നെങ്കിലും ലീവ് ആക്കിക്കൂടെ…

ഓഫീസിൽ പിടിപ്പത് ജോലിയാ…. കുറെ ഫയൽ ഒക്കെ മോളിൽ കൊടുക്കാനുണ്ട്.
അമ്മ കൂട്ടാൻ വരുന്നുണ്ടല്ലോ…. ഞാനെന്തിനാ ഈ കാര്യത്തിന്…

“ഏട്ടാ ….ഓക്കേ ഞാൻ… വന്നോളാം…. പിന്നെ…. മറ്റന്നാൾ എന്നെ അപ്രൈസ്സറുടെ അടുത്ത് കാതു കുത്താൻ കൊണ്ട് പോകണം”

“അതിനു നമ്മൾക്ക് മോനല്ലേ…മോളാണെങ്കിൽ ത്തന്നെ കാതു കുത്തുക അഞ്ചാം വയസിൽ അല്ലെ..? ”

“മോനുമല്ല മോൾക്കല്ല എനിക്ക് ”

“നിനക്ക് കാതു കുത്തിയതാണല്ലോ. മാത്രമല്ല വിവാഹം കഴിഞ്ഞു ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അല്ലെ മൂക്കും കുത്തി മൂക്കുത്തി ഇട്ടത്.ഇനി എന്നാ കുത്താനാ !!”

“അതൊക്ക ശരി തന്നെ…എന്റെ കാതിന്റെ മുകളിൽ രണ്ടു സ്റ്റഡിനു വേണ്ടി. അവിടെ സ്റ്റഡിടുന്നത് ഇപ്പോൾ പാഷനാ. ”

“ഓ അത് ശരി… അന്ന് മൂക്കുത്തി ഇടാൻ ചെന്നപ്പോൾ അടികൂടേണ്ടതായിരുന്നു. അപ്രൈസർ നിന്റെ കവിളിൽ പിടിച്ചു മൂക്ക് കുത്താൻ തുടങ്ങിയപ്പോൾ.. ഇനി ചെവിയിലും പിടിക്കും കഷ്ടം. ഞാൻ വരുന്നില്ലെടി വിപിനയെയും കൂട്ടി ചെന്നാൽ മതി.”

“അവൾക്ക് ക്ലാസ്സ് ഉണ്ടല്ലോ.. നമുക്ക് പോവാം ചേട്ടാ..പ്ലീസ്.. ”

“ഉം ”

കലിപ്പനാണെങ്കിലും അവളുടെ കൊഞ്ചൽ കേട്ടാൽ പിന്നെ താൻ ഫ്ലാറ്റ്.

അപ്പോഴേക്കും രാഹുൽ ഒരലവലാതി ഫ്രണ്ടിന്റെ വീഡിയോ മെസ്സേജ് വാട്ട്‌സ് ആപ്പിൽ വന്നു.

രാഹുൽ തുറന്നു നോക്കി.
ഹമ്മോ ചില പാശ്ചാത്യ സ്ത്രീകൾ റിങ്, സ്റ്റഡ് തുടങ്ങിയവ ചുണ്ടിനും, മാറത്തും, പൊക്കിളിനും… അവിടന്ന് താഴോട്ടും… ഒക്ക ഇട്ടിട്ടുള്ള വീഡിയോ…!

‘ഈശ്വരാ..ഇതൊക്കെ തന്റെ ഭാര്യയുടെ ശ്രദ്ധയിൽപെട്ടാൽ…. പിന്നെ തീർന്നു… ഇടണം എന്ന് വാശി വിളിച്ചാൽ… അവളുടെ ശ്രദ്ധയിൽപ്പെടല്ലേ ഈ നശിച്ചതൊന്നും…

എന്ന പ്രാർത്ഥയോടെ രാഹുൽ വിഡിയോ ഡിലീറ്റ് ചെയ്തു ആ അലവലാതി ഫ്രണ്ടിനെ ബ്ലോക്ക്‌ ചെയ്ത് കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ രാഹുൽ ഓഫീസിൽ പോയി..

രാഹുലിന്റെ അമ്മയും രാവിലെ ത്തന്നെ പോയി ചിലങ്കയെയും മോനെയും കൂട്ടികൊണ്ട് വന്നു

ചിലങ്ക കുഞ്ഞുവാവയുടെ തുണിയൊക്കെ അലക്കി പിഴിഞ്ഞ് നടുവൊന്നു നിവർത്തിയപ്പോൾ ഹമ്മോ….നടുവിന് വല്ലാത്ത വേദന..

ശോ…. പ്രസവിക്കേണ്ടായിരുന്നു….ബക്കലിട്ട തുണിയൊക്കെ എടുത്തുകൊണ്ടുപോയി അയലിട്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് ദൂരെ വീടിനു മുന്നിലൂടെ പോകുന്ന ഓരം ചേർന്നു പൊന്നമ്മ ചേച്ചി നടന്നു പോകുന്നത് കണ്ടത്….

 

ചിലങ്കയെ കണ്ടു അവർ അവിടെ നിന്ന് അവളെത്തന്നെ തുറിച്ചു നോക്കുന്നതല്ലാതെ ഒന്നും ചോദിച്ചില്ല…അവൾ ചിരിച്ചു കാണിച്ചു.
പക്ഷേ പൊന്നമ്മ ചേച്ചി തിരിച്ചു ചിരിച്ചില്ല എന്തോ തന്നെ മനസ്സിലായിക്കാണില്ല എന്ന് ചിലങ്കയ്ക്ക് തോന്നി.

ബക്കറ്റ് ഒക്കെ എടുത്ത് കഴുകി വെച്ച് അവൾ നേരെ വീട്ടിനകത്തേക്ക് കയറി പോയി….നേരെ വാവയെ കിടത്തിയ ബെഡ്റൂമിലേക്ക് പോയി.

എന്താ കുഞ്ഞാവേ….
മോന് ഇങ്കം കഴിക്കേണ്ടെ…. ഇതെന്തൊരു ഉറക്കമാ…

അമ്മയുടെ കൊഞ്ചി കൊണ്ടുള്ള ശബ്ദം കേട്ട് കുഞ്ഞു വാവ ഉണർന്നു..

അവൻ ഉണർന്ന് അവന്റെ ഉണ്ട കണ്ണുകൊണ്ടു അമ്മയെ തുറിച്ചു നോക്കി…. പിന്നെ കാല് രണ്ടും ഇട്ടു ഇളക്കി ചുരുട്ടിപ്പിടിച്ച കൈരണ്ടും മേലോട്ടു ഉയർത്തി ഒന്ന് മൂരി നിവർന്ന് അമ്മയെ നോക്കി ഒരിളം ചിരി ചിരിച്ചു….അവന്റെ ചിരി കണ്ടപ്പോൾ അമ്മയും തലയാട്ടി ചിരിച്ചു.

അവൻ അമ്മയെ തുറിച്ചു നോക്കിയിട്ട് പിന്നെ അടഞ്ഞു വരുന്ന കണ്ണുകൾ പെട്ടെന്ന് പതിയെ അടഞ്ഞു ഉറക്കത്തിലേക്ക് പോയി…മോന്റെ ഉറക്കം തെളിഞ്ഞിട്ടില്ല…ചിലങ്കയ്ക്ക് മനസിലായി…

ഉറങ്ങിക്കോ…ഉറങ്ങിക്കോ.. നിനക്കിപ്പോഴാണ് രാത്രി അല്ലേ..
എന്നിട്ട് വേണം പാവം ഈ അമ്മയെ
രാത്രി കിടത്തി ഉറക്കാതിരിപ്പിക്കാൻ…. അല്ലേടാ കള്ളാ… അയിന് വേണ്ടിയിട്ടല്ലേ നിന്റെ ഈ പകൽ ഉറക്കം…. കൊച്ചു തെമ്മാടി….

 

അപ്പോഴേക്കും വൈബ്രേഷൻ മോഡിലുള്ള അവളുടെ മൊബൈൽ ഫോൺ റിങ്‌ ചെയ്തതു…

ഫോൺ എടുത്തു നോക്കി…. രാഹുലേട്ടൻ ഓഫീസിൽ നിന്നും വിളിക്കുന്നതാണ്

അവൾ കാൾ എടുത്തു..

അയ്യോ വീഡിയോ കോളിൽ ആണല്ലോ…

ഉം……എന്താ എനിക്ക് വീഡിയോ കാളിൽ വന്നൂടെ… നീ എത്തിയോ വീട്ടിൽ…

ഞാൻ പത്തുമണിക്കേ എത്തിച്ചേട്ടാ.

ഉം…..മോൻ എന്തു ചെയ്യുകയാണ്….

ദേ നോക്ക്….. അവൻ എന്നെത്തെ പോലെയും തൊട്ടിലിൽ സുഖമായി ഉറങ്ങുകയാണ്….അറിയാലോ അവനിപ്പോൾ രാത്രിയാണ്… ഇനി നമ്മളൊക്കെ ഉറങ്ങുമ്പോൾ ഒരു പത്തു മണിയാകുമ്പോൾ അവൻ ഉഷാറാകും…പിന്നെ നേരം വെളുക്കും വരെ ചിരിയും കളിയും കരച്ചിലും…. പാലുകുടിക്കലും…ഈ അമ്മച്ചിയെ നേരെ കിടത്തി ഉറക്കൂല്ല..കുറെ നാളായില്ലേ ഏട്ടൻ സുഖമായി രാത്രിയിൽ കിടന്നു ഉറങ്ങുന്നത്… ഇനി ഏതായാലും കുറച്ചു അവന്റെ കലാപരിപാടി കണ്ടു അനുഭവിക്ക്… ഞാൻ മൈൻഡ് ചെയ്യില്ല.. ഇനി വേണം എനിക്ക് സ്വസ്ഥമായി സുഖം ആയി കിടന്നു ഉറങ്ങാൻ…നിങ്ങൾ അച്ഛനും മോനും എന്താന്ന് വെച്ചാൽ ചെയ്തോ…..

അതും പറഞ്ഞുകൊണ്ട് ചിലങ്ക വീഡിയോ കോളിന്റെ ക്യാമറ തൊട്ടിൽ കിടന്നുറങ്ങുന്ന കുഞ്ഞുവാവയുടെ നേരെ പിടിച്ചു അവനെ രാഹുലിന് കാണിച്ചു….

അത് കേട്ട് രാഹുൽ ചിരിച്ചു.

ഞാൻ ഊണ് കഴിച്ചിട്ട് വിളിക്കാം
ഇപ്പോൾ ലഞ്ച് ടൈമല്ലേ…….നീ വല്ലതും കഴിച്ചോ..അമ്മ എവിടെയാണുള്ളത്..

അമ്മ അടുക്കളയിൽ ഉണ്ട്.
ഞങ്ങൾ രണ്ടുപേരും ഫുഡ് റെഡിയാക്കി… അതിനുശേഷം ഞാൻ മുഷിഞ്ഞ മോന്റെടുപ്പുകൾ ഒക്കെ അലക്കി ഉണക്കാൻ ഇട്ടു…. ഇപ്പോൾ അകത്തു കയറി വന്നതേയുള്ളൂ..

ഉം…..എങ്കിൽ ശരി ഞാൻ വെക്കട്ടെ രാഹുൽ ഫോൺ വെച്ചു..

ചിലങ്ക അടുക്കളയിലേക്ക് ചെന്ന്…

രാഹുൽ വൈകിട്ട് ഓഫീസിൽ കഴിഞ്ഞു വീടിനടുത്തുള്ള കവലയിൽ ബസ് ഇറങ്ങി..

ബാലേട്ടന്റെ സ്റ്റേഷനറി സ്റ്റോറിൽ നിന്നും അമ്മ രാവിലെ നൽകിയ ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങൾ വാങ്ങി പുറത്തിറങ്ങവെ ആണു പൊന്നമ്മ ചേച്ചിയെ കണ്ടത്…

അല്ല…..രാഹുൽ മോനാണോ…. എടാ നിന്റെ വീട്ടിൽ ആരാണ് ഒരു പെണ്ണ്….

അത് ചിലങ്ക എന്റെ ഭാര്യ….

ചിലങ്ക പെറ്റെണ്ണീറ്റു വന്നോ….ഞരന്ത്‌ പോലുള്ള ആ പെണ്ണ് എങ്ങനെയാണ് ഇത്രേം വണ്ണം വെച്ചത്…

ഈശ്വര ചിലങ്കയ്ക്ക് കണ്ണ് പെട്ടത് തന്നെ…
രാഹുൽ മനസ്സിലോർത്തു. എന്നിട്ട് പറഞ്ഞു.

ഓ അത് പ്രസവിച്ച സ്ത്രീകൾക്കൊക്കെ ഉണ്ടാകുന്ന നീരായിരിക്കും….ചേച്ചി…

ആയിരിക്കും….
ഉച്ചയ്ക്ക് ഞാൻ അതിലെ വരുമ്പോൾ കണ്ടിരുന്നു പക്ഷേ അവളാണെന്ന് കരുതിയില്ല…കേട്ടോ… ഞാനാണെങ്കിൽ മിണ്ടിയിട്ടു പോലുമില്ല വേറെ ആരോ ആണെന്ന് എന്നു കരുതി.. ആ കൊച്ചു എന്ത് കരുതി ക്കാണും…

 

അതൊന്നും സാരമില്ല ചേച്ചി…. ഇനി കാണുമ്പോൾ മിണ്ടാലോ…

അതും പറഞ്ഞ് രാഹുൽ വീട്ടിലേക്ക് നടന്നു…

വീട്ടിൽ എത്തിയ രാഹുലിന് ചിലങ്കയെ കണ്ടപ്പോൾ മനസിലായി
പൊന്നമ്മ ചേച്ചി പറഞ്ഞത് സത്യത്തിൽ ശരിയാ…
ചിലങ്ക നന്നായി വണ്ണം വെച്ചിട്ടുണ്ട്…

രാഹുൽ മോനെ എടുത്തു കുറെ ലാളിച്ചു….

അന്ന് രാത്രിയിൽ അവൻ അവളോട് പറഞ്ഞു… സത്യത്തിൽ എനിക്ക് ഇന്ന് ആദ്യ രാത്രിയാ…..

അതെന്താ…

അന്നത്തെ ആദ്യരാത്രിയിൽ പൊന്നമ്മ ചേച്ചി പറഞ്ഞതുപോലെ വെറുമൊരു ഞരന്ത്‌ ആയിരുന്നല്ലോ നീ.. ശരിക്കും വേറൊരു പെണ്ണായിട്ടുണ്ട്…

ആണോ

അവൾ മുഖംപൊത്തി ചോദിച്ചു..

പിന്നെ ഒരു കാര്യം…. എന്റെ കാതിന് സ്റ്റഡ് കുത്തിത്തരണം കേട്ടോ..

ഉം…. അവൻ മൂളി…
ചേട്ടാ ഇന്നു എന്താണാവോ വാവ ഉറങ്ങുകയാണ് നിങ്ങളുടെ ഭാഗ്യം….

ആണെടി…അവനെ അപ്പന്റെ മനസ്സറിയാം ഈ അപ്പൻ എത്ര നാളായി അമ്മയെ കണ്ടിട്ട്…. എന്നു അതുകൊണ്ട് അവൻ ഉറങ്ങുന്നത്.

വാ….

അതും പറഞ്ഞ് ആക്രാന്തത്തോടെ അവൻ അവളെ കെട്ടിപ്പിടിച്ചു…

നിക്ക്… നിക്ക്…

 

ഇനി ഒരു ആദ്യ രാത്രി കൂടി ഉണ്ടാകും..

അവൻ ഞെട്ടിപ്പോയി എന്നിട്ട് ചോദിച്ചു.

അത് എന്താ അങ്ങനെ..

 

അവൾ മൊബൈൽ ഫോണിൽ നിന്നും തടിച്ചു പൊണ്ണത്തടിയായ അവളുടെ അമ്മയുടെ ഇമേജ് കാണിച്ചു പറഞ്ഞു

 

ഇതാണ് ഞങ്ങളുടെ കുടുംബത്തിൽ പാരമ്പര്യമായിട്ട് വാർദ്ധക്യത്തിൽ എത്തുമ്പോഴേക്കും ഞങ്ങൾ സ്ത്രീകൾക്കുണ്ടാകുന്ന രൂപം…..ഇനി ഈ ഒരു സ്ത്രീയെ കൂടി കാണേണ്ടി വരും എന്നിൽ….

രാഹുൽ അതുകണ്ട് പൊട്ടിച്ചിരിച്ചു തലയിൽ കൈവച്ചുപോയി….

.

രചന : വിജയ് സത്യ.