(രചന: Saji Thaiparambu)
ആദ്യ പ്രസവം കഴിഞ്ഞ് തിരിച്ച് ഭർത്താവിൻ്റെ വീട്ടിലെത്തിയ എനിക്ക് ആശങ്കകൾ ഏറെ ആയിരുന്നു
കുഞ്ഞിനെ പഴയത് പോലെ എനിക്ക് ശ്രദ്ധിക്കാൻ പറ്റുമോ? അവന് വിശക്കുമ്പോഴൊക്കെ ഓടിച്ചെന്ന് പാല് കൊടുക്കാൻ പറ്റുമോ? ഇടയ്ക്കിടെ നനയുന്ന അവൻ്റെ ഡയപ്പർ ചെയ്ഞ്ച് ചെയ്യാൻ പറ്റുമോ?
കാരണം അവൻ ജനിച്ചിട്ട് കഴിഞ്ഞ രണ്ട് മാസവും എൻ്റെ വീട്ടിലായിരുന്നത് കൊണ്ട് എനിക്ക് കുഞ്ഞിനെ നോക്കുന്ന ജോലി മാത്രമേ ഉണ്ടായിരുന്നുള്ളു
വീട്ടുജോലികളൊക്കെ അമ്മയും ചേച്ചിയും കൂടെ ചെയ്യുമായിരുന്നു ഭർത്താവിൻ്റെ വീട്ടിലെ സ്ഥിതി അങ്ങനല്ല ,അവിടെ ഏട്ടൻ്റെ അമ്മയും അച്ഛനും അനുജനുമൊക്കെയുള്ളത് കൊണ്ട് അവർക്ക് വച്ച് വിളമ്പുകയും അവരുടെ കാര്യങ്ങളെല്ലാം നോക്കുകയും വേണം ,സ്വന്തംവീട്ടിൽ ഇത് വരെ കിട്ടിയിരുന്ന വിശ്രമജീവിതം ഇനി ഇവിടെ നടക്കില്ലെന്ന് എനിക്ക് മനസ്സിലായി
ഉച്ചയൂണും കഴിച്ചിട്ടാണ് ,ഏട്ടൻ്റെ അച്ഛനും അമ്മയും കൂടി എന്നെ കൂട്ടികൊണ്ട് വന്നത് ,ദീർഘദൂര യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും
മോൻ നല്ല മയക്കത്തിലായിരുന്നു
യാത്രയുടെ ആലസ്യം കൊണ്ട് എനിക്കും ഉറക്കം വന്നെങ്കിലും പേടി കാരണം ഉറങ്ങിയില്ല ,കുഞ്ഞിനെ കട്ടിലിൻ്റെ നടുക്ക് കിടത്തിയിട്ട് വേഗം തന്നെ ഞാൻ സാരി മാറ്റി വീട്ടിൽ നിന്ന് കൊണ്ട് വന്ന പുതിയ നൈറ്റിയെടുത്ത് ധരിച്ചു
അപ്പോഴാണ് അമ്മ പ്രത്യേകം തന്ന് വിട്ട ഏപ്രൺ ബാഗിലിരിക്കുന്നത് കണ്ടത് ,പുതിയ നൈറ്റി അഴുക്കാക്കേണ്ടെന്ന് കരുതി ഏപ്രണെടുത്ത് കെട്ടിക്കൊണ്ടാണ് ഞാൻ അടുക്കളയിലേക്ക് ചെന്നത്
ഇതെന്താ മോളേ ,, പാചകക്കാരികളെ പോലെ വേഷം കെട്ടിയിട്ട്, എന്ത് ചെയ്യാൻ പോകുന്നു ?
എന്നെ കണ്ടതും അമ്മായി അമ്മ ആകാംക്ഷയോടെ ചോദിച്ചു
അല്ലമ്മേ,, അടുക്കളയിൽ ഒരു പാട് ജോലിയുണ്ടാവില്ലേ? പാത്രങ്ങളൊക്കെ കഴുകുമ്പോൾ നൈറ്റി അഴുക്കാകേണ്ടെന്ന് കരുതിയാണ് ഞാനിത് കെട്ടിയത്
വിളർച്ചയോടെ ഞാൻ പറഞ്ഞു
അതിന് ഇന്നത്തെ അടുക്കള പണിയൊക്കെ നേരത്തെ കഴിഞ്ഞു
വൈകിട്ടത്തേയ്ക്ക് കഴിക്കാനുള്ളത് ഹോട്ടലീന്ന് വാങ്ങിച്ചോണ്ട് വരാൻ ഞാൻ അഭിയെ വിളിച്ച് പറഞ്ഞിട്ടുണ്ട്
ഇത്രയും ദൂരം യാത്ര കഴിഞ്ഞ് വന്നിട്ട് ചപ്പാത്തി ചുടാനും കറി വയ്ക്കാനുമൊന്നുമാവില്ലെന്ന് എനിക്കറിയാമായിരുന്നു
അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത ആശ്വാസം തോന്നി ,ഹോ ഇന്നെന്തായാലും റെസ്റ്റ് കിട്ടും,
നാളെ മുതൽ ജോലിയിൽ പ്രവേശിച്ചാൽ മതി,
മോള് പോയി കുറച്ച് കിടന്നോളു, രണ്ട് മണിക്കൂറോളം ഒരേ ഇരുപ്പ് ഇരുന്നതല്ലേ?നടുവേദനിക്കുന്നുണ്ടാവില്ലേ?
അത് കേൾക്കണ്ട താമസം ശരിയമ്മേ ,, എന്ന് പറഞ്ഞ് ഞാൻ റൂമിലേയ്ക്ക് തിരിച്ച് പോയി.
മോനപ്പോഴും നല്ല ഉറക്കത്തിൽ തന്നെയായിരുന്നു ഡയപ്പർ പരിശോധിച്ചപ്പോൾ നനഞ്ഞിട്ടില്ല സമാധാനത്തോടെ ഞാൻ അവനോട് ചേർന്ന് മെല്ലെ ചരിഞ്ഞ് കിടന്നു
പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയ ഞാൻ മോൻ്റെ കരച്ചിൽ കേട്ടാണ് ഉണർന്നത് ,അവൻ്റെ ഡയപ്പർ നന്നായി കുതിർന്നിരിക്കുന്നു
വിശന്നിട്ടാണ് അവൻ കരഞ്ഞതെന്ന് മനസ്സിലാക്കിയ ഞാൻ ഡയപ്പർ ഊരിമാറ്റിയിട്ട് അവന് പാല് കൊടുത്തു
ഞാനുറങ്ങിയ സമയത്ത് ആരോ വന്ന് മുറിയുടെ ജനൽ പാളികളൊക്കെ അടച്ച് കുറ്റിയിട്ടുണ്ട്
പുറത്ത് ഇരുട്ട് വ്യാപിച്ചിരുന്നു.
ക്ളോക്കിലേയ്ക്ക് നോക്കിയപ്പോൾ സമയം ഏഴര കഴിഞ്ഞിരിക്കുന്നു ഞാനേതാണ്ട് ഒന്നര മണിക്കൂറോളം ഉറങ്ങിയിട്ടുണ്ട് ,പാല് കുടിച്ച് വയറ് നിറഞ്ഞ മോൻ വീണ്ടും മയക്കത്തിലേയ്ക്ക് വീണപ്പോൾ ഞാൻ എഴുന്നേറ്റു
ഏട്ടൻ കടയടച്ച് വരുമ്പോൾ ഒൻപത് മണി കഴിയും ,വേനൽ ചൂടിൻ്റെ കാഠിന്യം കൊണ്ട് ഫാൻ ഫുൾ സ്പീഡിൽ കറങ്ങിയിട്ടും ശരീരം വിയർത്തിട്ടുണ്ട്
ഏട്ടൻ വരുന്നതിന് മുൻപ് ഒന്ന് ദേഹം കഴുകിയേക്കാമെന്ന് കരുതി ഞാൻ ബാത്റൂമിലേയ്ക്ക് കയറി
ഡ്രെസ്സൊക്കെ അഴിച്ചിട്ട് ഷവറിനടിയിൽ നില്ക്കുമ്പോഴാണ് മോൻ്റെ കരച്ചിൽ കേട്ടത്
ഈശ്വരാ ,, ഹാളിലെ ടിവിയുടെ മുന്നിൽ സീരിയലിൻ്റെ ശ്രദ്ധയിലാണ് അമ്മയും അച്ഛനും ഇരിക്കുന്നത്, കുഞ്ഞ് കരയുന്നതൊന്നും അവര് കേൾക്കാൻ വഴിയില്ല
വെപ്രാളം കൊണ്ട് ,
ഞാൻ വേഗം ഷവറ് പൂട്ടി ടവ്വലെടുത്ത് ദേഹം തുടച്ചു,
അപ്പോഴേക്കും മുറിക്കുള്ളിൽ നിന്നും ഒരു താരാട്ട് പാട്ട് കേട്ട ഞാൻ, അത്ഭുതപ്പെട്ടു പോയി
മോൻ്റെ കരച്ചില് കേട്ട് ഓടിയെത്തിയതാണ് ഏട്ടൻ്റെ അമ്മ ജാനകിയമ്മയുടെ ആ പാട്ട് എന്ത് നല്ല ഈണത്തിലാണ് അമ്മ പാടുന്നത് ?പിടിച്ച് കെട്ടിയത് പോലെ മോൻ്റെ കരച്ചിലും പെട്ടെന്ന് നിന്നു.
അതോടെ എൻ്റെ ആധിയും മാറി വീണ്ടും ഷവറ് തുറന്ന് നന്നായി ദേഹം കഴുകി തുടച്ചിട്ടാണ്, ഞാൻ മുറിയിലേക്ക് ചെന്നത്.
അപ്പോൾ ഞാൻ കണ്ട കാഴ്ച മനസ്സിനെ കുളിരണിയിക്കുന്നതായിരുന്നു
അമ്മ ,പേരക്കിടാവിനെ മാറോട് ചേർത്ത് പിടിച്ച് മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു
ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് പോലെ അമ്മയുടെ താരാട്ട് പാട്ടിപ്പോൾ മൂളലായി മാറിയിട്ടുണ്ട് ,അവൻ ഉറങ്ങിയത് കൊണ്ടാവാം അമ്മ ശബ്ദം കുറച്ചത്.
ങ്ഹാ മോള് വന്നോ ,
ദാ കുഞ്ഞിനെ പിടിക്ക് ,അമ്മ ആ സീരിയലൊന്ന് കണ്ട് തീർക്കട്ടെ
സീരിയല് കഴിഞ്ഞിട്ടേ അമ്മയ്ക്കെന്തുമുള്ളു ,എന്നിട്ടും കുഞ്ഞിൻ്റെ കാര്യത്തിൽ അമ്മ കാണിച്ച ജാഗ്രത എന്നെ സന്തോഷിപ്പിച്ചു
ഒൻപത് മണി കഴിഞ്ഞപ്പോൾ
ഏട്ടൻ ചപ്പാത്തിയും ചിക്കൻ കറിയുമായി വന്നു
മോള് കുഞ്ഞിനെ ഇങ്ങ് കൊണ്ട് വാ ,എന്നിട്ട് നിങ്ങളെല്ലാവരും കൂടി ഇരുന്ന് കഴിക്ക്
സീരിയല് തീർന്നപ്പോൾ ടി വി ഓഫ് ചെയ്ത് കൊണ്ട് അച്ഛൻ എന്നോട് പറഞ്ഞു
അപ്പോൾ, അച്ഛന് കഴിക്കണ്ടേ?
അച്ഛന് രാവിലത്തെ കഞ്ഞി മിച്ചമുണ്ടായിരുന്നത് ഞാൻ ചൂടാക്കി കൊടുത്തു ,ചിക്കനും ചപ്പാത്തിയുമൊന്നും അച്ഛന് ഇഷ്ടമല്ല ,മോള് വന്നിരിക്ക് നമുക്ക് കഴിക്കാം,,
അമ്മയുടെ ക്ഷണം കൂടി ആയപ്പോൾ കുഞ്ഞിനെ
അച്ഛനെ ഏല്പിച്ച്, ഞാൻ ടേബിളിൽ ചെന്നിരുന്നു.
കേട്ടോ മോളേ ,, തുണി അലക്കാനും നിലം തുടച്ച് വൃത്തിയാക്കാനുമായിട്ട് ഞാനാ അമ്മിണിയോട് നാളെ മുതൽ വരാൻ പറഞ്ഞിട്ടുണ്ട്
പിന്നെ അടുക്കളയിലെ ജോലിയൊക്കെ ഞാൻ നോക്കി കൊള്ളാം ,ഇടയ്ക്ക് വന്ന് അമ്മയെ എന്തെങ്കിലുമൊന്ന് സഹായിച്ച് തന്നിട്ട് ബാക്കി മുഴുവൻ സമയവും മോള് ,കുഞ്ഞിൻ്റെ കാര്യങ്ങള് നോക്കിക്കോ,,
അല്ലമ്മേ ,, അമ്മയ്ക്ക് തീരെ വയ്യന്നും അത് കൊണ്ട് ഞാൻ വേഗം തിരിച്ച് വരണമെന്നും ഏട്ടൻ കഴിഞ്ഞയാഴ്ച വന്ന് പറഞ്ഞിട്ടല്ലേ ഇങ്ങോട്ട് എന്നെ കൊണ്ട് വന്നത്?
അത് ഞാൻ രാജേഷിനോടൊരു കളവ് പറഞ്ഞതാണ് മോളേ ,, മോള് പ്രസവത്തിന് പോയതിന് ശേഷം രാജേഷ് കടയിലും, രതീഷ് പഠിക്കാനും പോയി കഴിയുമ്പോൾ ഞാനും അച്ഛനും കൂടി ഒന്നും ചെയ്യാനില്ലാതെ വെറുതെയിരുന്ന് മടുത്തപ്പോഴാണ് നീയും കുഞ്ഞും വന്നാൽ വീടിനൊരു ഉണർവ്വുണ്ടാകുമെന്നും കുഞ്ഞിൻ്റെ കളി ചിരികൾ കാണുമ്പോൾ ഞങ്ങടെ മുഷിച്ചില് മാറുമെന്നും മനസ്സിലായത് ,പക്ഷേ പ്രസവത്തിന് പകരം സിസ്സേറിയനായത് കൊണ്ട് മൂന്ന് മാസം തികയാതെ നിന്നെ വിട്ട് തരുമോന്ന് ഒരു സംശയമുണ്ടായിരുന്നത് കൊണ്ടാണ് രാജേഷിനോട് ഞാൻ അങ്ങനൊരു കളവ് പറഞ്ഞ് വിട്ടത്
അതും പറഞ്ഞ് അമ്മ വിജയശ്രീലാളിതയായി ചിരിച്ചപ്പോൾ അപ്പുറത്തിരുന്ന അച്ഛനും പൊട്ടിച്ചിരിച്ചു
ആ ചിരി, ഏട്ടനിലേക്കും രതീഷിലേക്കും പടർന്നപ്പോൾ എനിക്കും പിടിച്ച് നില്ക്കാനായില്ല
ഞാനും ചിരിച്ചു,
അത് വരെ എൻ്റെ മനസ്സിനെ മഥിച്ച് കൊണ്ടിരുന്ന എല്ലാ ഉത്ക്കണ്ഠകളെയും യഥേഷ്ടം മേയാൻ വിട്ടു കൊണ്ട്, മനസ്സ് തുറന്ന് ഞാൻ ചിരിച്ചു
കഥ ,സജി തൈപ്പറമ്പ് .