രചന: രാജീവ് രാധാകൃഷ്ണപണിക്കർ
‘ഉപ്പുമാവിന്റെ ഉപ്പില്ലായ്മയിൽ നിന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം’
മദിരാശിയിൽ നിന്നും കെട്ടിയെടുക്കുന്ന ജനറൽ മാനേജരെ സ്വീകരിക്കാനുള്ള തത്രപ്പാടിലായിരുന്നു അജു.
അതിനിടയിൽ തീൻമേശയിൽ ചെന്നിരുന്നപ്പോൾ ശ്രുതി കൊണ്ടുവന്നുവച്ച ഉപ്പുമാവിൽ ഉപ്പിത്തിരി കുറഞ്ഞുപോയോ എന്നൊരു സംശയം.
അവളുടെ അച്ഛനുമമ്മക്കും, പണ്ടെങ്ങോ നടന്നെന്നു വിശ്വസിക്കപ്പെടുന്ന അവരുടെ ഇരുപത്തിയെട്ട് കെട്ടിനേയും, എന്നെങ്കിലുമൊരിക്കൽ നടക്കാൻ സാധ്യതയുള്ള പതിനാറടിയന്തിരത്തെയുമെല്ലാം വളരെ നല്ലരീതിയിൽ പരാമർശിച്ചുകൊണ്ടുള്ള തെറി വിളികളോടെ ഉപ്പുമാവും തട്ടിത്തെറിപ്പിച്ച് അവൻ യാത്രയായി.
മലയാളമാസം ഒന്നാംതീയതി തന്നെ തന്തക്കും തള്ളക്കും വിളി കേട്ടതോടെ ശ്രുതിക്കും വാശിയായി.
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.വർഷം അഞ്ചായി ക്ഷമിക്കുന്നു.
നൊസ്സ്‌പിടിപ്പിക്കുന്ന ഓൺലൈൻ ക്ലാസിനിടയിലും സമയമുണ്ടാക്കി ഓരോന്ന് ഉണ്ടാക്കികൊടുക്കുന്നതും പോരാ നിസ്സാരകാര്യങ്ങൾക്ക് തന്തക്കും തള്ളക്കും വിളിയും കേൾക്കണം.
ഈയിടെയായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നതോടെ അവിടെ നിന്നും കിട്ടിയ ഉത്തേജനം കൂടിയായപ്പോൾ അവൾ മൂന്നുവയസ്സുള്ള കുട്ടിയെയുമെടുത്ത് തന്റെ വീട്ടിലേക്ക് രഥമുരുട്ടി.
മരുമകനില്ലാതെ പേരക്കുട്ടിയുമായി വീട്ടിലെത്തിയ മകളുടെ ദുരവസ്ഥയറിഞ്ഞ പൊങ്ങച്ചക്കാരിയായ മാതാശ്രീ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തിരിച്ചു പോകേണ്ടെന്ന കല്പനയിട്ടു.
തന്റെ പെൻഷൻ ജീവിതം ടെൻഷനില്ലാതെ നയിക്കണമെന്നാഗ്രഹമുള്ള പിതാശ്രീയുടെ വാക്കുകൾ മാതാശ്രീയുടെ ഉരുക്കുമുഷ്ടിക്കുള്ളിൽ വീൺവാക്കുകളായി.
വൈകിട്ട് പതിവുപോലെ ഒരുകിലോ ചാളയും രണ്ടു മുഴം മുല്ലപ്പൂമാലയുമായി വീട്ടിൽ മടങ്ങിയെത്തിയ അജു അടച്ചുപൂട്ടിയ മുൻവാതിൽ കണ്ടത്ഭുദപ്പെട്ടു.
തന്റെ കയ്യിലെ സ്‌പെയർ കീ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്ത് കയറിയ അവൻ തീൻമേശയിൽ വസ്തിപിഞ്ഞാണത്തിൽ അടച്ചുവച്ചിരുന്ന കുറിമാനം കണ്ടു ഞെട്ടി.
“ഞാനെന്റെ വീട്ടിലേക്കു പോകുന്നു.നിങ്ങളുടെ സന്താനത്തെയും കൊണ്ടു പോകുന്നു”
ഇരച്ചുവന്ന ദേഷ്യത്താലും സങ്കടത്താലും കയ്യിലിരുന്ന മുന്നൂറ് രൂപയുടെ ചാള ജനലിലൂടെ പറമ്പിലേക്ക് വലിച്ചെറിഞ്ഞു.
ആസമയം അവിടെ സന്നിഹിതരായിരുന്ന മൂന്നു പൂച്ചകളും രണ്ടുപട്ടികളും തങ്ങൾക്കു കൈവന്ന സൗഭാഗ്യത്തെ ഒരുമയോടെ പങ്കിട്ടെടുത്തു.
മുല്ലപ്പൂമാല മരിച്ചുപോയ തന്റെ പിതാശ്രീയുടെ ഛായാ ചിത്രത്തിൽ ചാർത്തി അവൻ തൻ്റെ അരിശം തീർത്തു.
എന്നിട്ടും പോരാഞ്ഞിട്ട്
നിസ്സാരമായ കാര്യത്തിന് തന്നോട് പിണങ്ങിപ്പോയ ഭാര്യയുമായി ഇനി ഒരു ബന്ധവും വേണ്ടെന്ന ദൃഢനിശ്ചയത്തോടെ ഷെൽഫിലിരുന്ന വൈറ്റ്റമ്മിന്റെ കുപ്പിയിൽ നിന്നും മൂന്നെണ്ണം നീറ്റടിച്ച് സ്വിഗിയിൽ ബിരിയാണിയുമോർഡർ ചെയ്‌ത് ഗൂഗിളിൽ മനസന്തോഷം തിരഞ്ഞു.
രാവിന്റെ അന്ത്യയാമം വരെ പ്രിയതമന്റെ സന്ദേശമോ വിളിയോ പ്രതീക്ഷിച്ചിരുന്ന് തളർന്നു മയങ്ങിയ പ്രേയസി പിറ്റേന്ന് രാവിലെ വർധിത കോപത്തോടെയാണ് ഉണർന്നെഴുന്നേറ്റത്.
താൻ ഇറങ്ങിപോന്നിട്ടും ഇവിടെ എത്തിയോ എന്നുപോലും തിരക്കാൻ മടിക്കുന്ന നരാധമനുമായി ഒത്തുപോകാൻ ബുദ്ധിമുട്ടാണെന്ന തോന്നൽ അവളിൽ രൂഢമൂലമായി.
ഇതേ സമയം രാവിലെ മദ്യത്തിന്റെ കെട്ടിൽ നിന്നും മുക്തനായ കണവൻ തന്റെ മൊബൈലിൽ ഭാര്യയുടെ
ഒരു മിസ്ഡ്കൊളോ സന്ദേശമോ കാണാതായതോടെ ‘മറ്റൊരു വിവാഹം’ കഴിച്ചാലോ എന്ന ചിന്തയോടെ തന്റെ ദൈനംദിന കർമങ്ങളിൽ മുഴുകി.
ദിവസങ്ങൾ ആഴ്ച്ചകളായി.ആഴ്ചകൾ മാസങ്ങളായി.
ഭാര്യയുടെയും ഭർത്താവിന്റെയും തട്ടുകളുടെ തൂക്കം ഒരുപോലെയായിരുന്നതിനാൽ രണ്ടുതട്ടും താഴാൻ അല്പം മടികാണിച്ചു.
ഇതിനിടയിലാണ് മരുമകനെ ഒന്നൊതുക്കാനായി മോഡേൺ അമ്മായിയമ്മ പുതിയൊരു നിർദേശം വച്ചത്.
ഒരു ഡൈവോഴ്സ്നോട്ടീസ്.
ഒന്നു ഭയപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശമെന്നതിനാൽ ശ്രുതി സന്തോഷത്തോടെ ഒപ്പിട്ടൊരു വക്കീൽ നോട്ടീസയച്ചു.
മദ്യപിച്ചുതളർന്ന കുരങ്ങൻ കഞ്ചാവടിച്ചു എന്നു പറഞ്ഞപോലെ ഭാര്യ പോയതോടെ മദ്യപാനത്തിൽ സന്തോഷം കണ്ടെത്തി അല്പപ്രാണനായിതീർന്ന കണവൻ കണ്ടപാടെ നോട്ടീസിൽ ഒപ്പിട്ട് തിരിച്ചയച്ചു.
പിറ്റേന്ന് പറ്റിറങ്ങിയപ്പോഴാണ് താൻ ഒപ്പിട്ടുകൊടുത്ത കടലാസിന്റെ ഗുണദോഷങ്ങളെ പറ്റി അവൻ ചിന്തിച്ചത്.
പക്ഷെ ഒപ്പിട്ടുപോയ സ്ഥിതിക്ക് താഴാൻ ഒരുക്കമല്ലാത്തതിനാൽ ബലം പിടുത്തം ഒട്ടും കുറച്ചില്ല.
കണവന്റെ മറുപടികണ്ട കണവിക്ക് കാര്യങ്ങൾ കൈവിട്ടു പോയെന്ന് തോന്നി.
കുടുംബ കോടതിയിലെ ജഡ്ജിനൽകിയ ആറു മാസത്തെ ആലോചനാ സമയവുമായി വീട്ടിലെത്തിയപ്പോൾ മുതൽ അജുവിന് വട്ടുപിടിച്ചത് പോലായി.
കാര്യങ്ങൾ ഇത്രയുമൊക്കെ ആയിത്തീരുമെന്ന് സ്വപ്നേപി വിചാരിച്ചതല്ല.
അപ്പോഴത്തെ ആവേശത്തിന് എന്തൊക്കെയോ പറഞ്ഞു എന്തൊക്കെയോ ചെയ്‌തു.
അവൾ ഇത്രയും ബലം പിടിക്കുമെന്ന് കരുതിയില്ല.
ഇനിയിപ്പോ താഴാനും വയ്യാത്ത അവസ്ഥയിലായി.അവൾ ക്കൊന്നു ഫോൺ ചെയ്ത് പ്രശ്നങ്ങൾ പറഞ്ഞു തീർത്താലോ.
അവൻ കരച്ചിലോടെ മദ്യക്കുപ്പി വലിച്ചെറിഞ്ഞു
അതിലും പരിതാപകരമായിരുന്നു ശ്രുതിയുടെ അവസ്ഥ.
ഇത്രയും വരെ എത്തുമെന്ന് പ്രതീക്ഷിച്ചല്ല ഇതൊന്നും ചെയ്തത്.
തൽക്കാലത്തെ ശുണ്ഠിക്കു ചെയ്തതാണ്. ഇതിപ്പോൾ ജീവിതം വഴിമുട്ടിയപോലായി. അജുവിനെ വിട്ടൊരു ജീവിതം സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല.
അജുവിനെ ഒന്നു വിളിച്ചാലോ.
അവൾ ഫോൺ കയ്യിലെടുത്ത് അജുവിന് ഡയൽചെയ്തു.
“എന്നേം മോനേം ഇവിടൊന്നൊന്നു
കൊണ്ടുപോകോ”
അവൾ തേങ്ങലോടെ ചോദിച്ചു.
“ഞാൻ നിന്റെ വീടിന്റെ സിറ്റൗട്ടിൽ ഉണ്ട് .നീ ഇറങ്ങി വാ”
അവന്റെ വാക്കുകൾ കേട്ട്
അവളൊരുന്മാദിനിയെ പോലെ മകനെയുമെടുത്ത് പുറത്തേക്കോടി.
ശുഭം
(പറഞ്ഞു തീർക്കാവുന്ന പ്രശ്‌നങ്ങളെ പലരുടേയും ജീവിതത്തിലുള്ളു. പഴയ ഒരു കഥ )