(രചന: Sinana Diya)
ഉച്ചമയക്കത്തിൽ ആയിരുന്ന അന്നമ്മ ചേടത്തി കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്…..
“ആരാവോ ഈ നേരത്ത്..മണി മൂന്നായിട്ട് ഉള്ളൂ..”വാതിൽ തുറന്നപ്പോൾ .മുന്നിൽ നാൻസി നിൽക്കുന്നു..
“ആ നാൻസി കൊച്ച് ആയിരുന്നോ….”
ഇന്ന് ഓഫീസിൽ ഉച്ച വരെയെ ജോലി ഉണ്ടായിരുന്നുള്ളു ചേടത്തി… അതാ നേരത്തെ..
” മോള് ഫ്രഷായിട്ട് വാ..ഞാൻ കഴിക്കാൻ കാപ്പിയും പലഹാരവും ഉണ്ടാക്കി വയ്ക്കാം.. “അന്നമ്മ ചേടത്തി പറഞ്ഞു..
ശരി ചേടത്തി.. നാൻസി വസ്ത്രം മാറാൻ ബെഡ്‌റൂമിനകത്തേക്ക് കയറി പ്പോയി..
ഫ്രഷായി വന്നപ്പോഴേക്കും അന്നമ്മ ചേടത്തി കാപ്പിയുമായി ഉമ്മറത്തേക്ക് വന്നു കയ്യിൽ ചെറിയൊരു ബുക്ക് ഉണ്ടായിരുന്നു അതിൽ കുറെ ഫോൺ നമ്പറും.
“മോളെ ഇതിലെ ഈ നമ്പറിലേക്ക് മോൾടെ ഫോണിൽ നിന്നും ഒന്ന് അടിച്ചു തരൂ..എന്റെ കൂട്ടികാരിയാ ഞങ്ങൾ ഒരുമിച്ച് കളിച്ചു വളർന്നവരാണ് ക്രിസ്മസ് ഒക്കെ അല്ലെ ഒന്ന് വിളിച്ചു നോക്കട്ടെ ”
നാൻസി ആ നമ്പർ ഡയൽ ചെയ്തു ഫോൺ കൊടുത്തു… അവൾ കാപ്പി കുടിക്കുന്നതിനിടയിൽ ഓർക്കുകയായിരുന്നു എത്ര പെട്ടെന്നാണ് ദിവസങ്ങളും വർഷങ്ങളും കടന്നു പോകുന്നത്
അമ്മച്ചിയുടെയും റോയിച്ചന്റെയും കൂടെയുള്ള ജീവിതം എത്ര സന്തോഷത്തിൽ ആയിരുന്നു….. അതിനിടയിലേക്കാണ് എന്റെ വയറ്റിൽ
കുഞ്ഞു ജീവൻ വളർന്നു വരുന്നു എന്നറിഞ്ഞത്. സന്തോഷം ഇരട്ടിയായിരുന്നു അമ്മയും മോനും മത്സരിച്ചു സ്നേഹിക്കുകയായിരുന്നു പിന്നെ…
മഞ്ഞുപെയ്യുന്ന
ഡിസംബർ മാസത്തിലെ ഉണ്ണിയേശു പിറക്കുന്ന അതെ പുലരിയിൽ ആയിരുന്നു ഞാനും റിയ മോൾക് ജന്മം കൊടുത്തത്…. പള്ളിയിൽനിന്ന് തിരുപ്പിറവിയുടെ ആഘോഷവും കുർബാനയും ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു…
പിന്നീട് അങ്ങോട്ടു ഉത്സവമായിരുന്നു വീട്ടിൽ…. മോൾടെ ബർത്ത്ഡേയും ക്രിസ്മസും ഒരേ ദിവസമായതു കൊണ്ട് ആഘോഷങ്ങൾ കുറക്കാറില്ല ….. പക്ഷേ അതിനൊക്കെ പത്തു വർഷത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ഒരു ആക്സിഡന്റിൽ എന്നെയും മോളെയും തനിച്ചാക്കി റോയിച്ചനും അമ്മച്ചിയും പോയി… എല്ലാ സന്തോഷങ്ങളെയും പെട്ടെന്നൊരുനാൾ തല്ലിക്കെടുത്തി അവർ പോയപ്പോൾ വല്ലാത്തൊരു അവസ്ഥ ആയിരുന്നു…. പിന്നീട് പപ്പയും മമ്മിയും വീട്ടിലോട്ടു കൊണ്ടുപോയി രണ്ടു വർഷം അവരുടെ കൂടെ…
അപ്പോഴേക്കും ഞാൻ പതിയെ പതിയെ സ്വബോധത്തിലേക്ക് തിരിച്ചുവന്നു എല്ലാം ഉൾക്കൊള്ളാൻ മനസ്സിനെ പാകപ്പെടുത്തിയിരുന്നു… ഇതിനിടയിൽ നാത്തൂൻ മാർക്ക് ഞാനും മോളും അധികപ്പറ്റാണെന്ന് പറയാതെ പറയുന്നുണ്ടായിരുന്നു ചില ബന്ധങ്ങൾ അങ്ങനെയാണല്ലോ… പിന്നെ ഒന്നും ആലോചിച്ചില്ല മോളെയും കൂട്ടി റോയിച്ചന്റെയും അമ്മച്ചിയുടെയും ഓർമ്മകൾ ഉറങ്ങുന്ന വീട്ടിലേക്ക് പോന്നു…. അവർ തന്ന സ്നേഹവും ഓർമ്മകളുമായിരുന്നു പിന്നീട് അങ്ങോട്ട് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്… പപ്പയും മമ്മിയും പിന്നെ റോയിച്ചന്റെയും തന്റെയും സുഹൃത്തുക്കളും എല്ലാറ്റിനും കൂടെ ഉണ്ടായിരുന്നു… അവരുടെയൊക്കെ സഹായം കൊണ്ടാണ് ഈ ജോലിയും കിട്ടിയത് ..പിന്നെ മോളെയും കൊണ്ട് ഒറ്റക്കായിരുന്നു അവൾ ആയിരുന്നു എന്റെ ലോകം …. അവരില്ലാത്ത പത്ത് വർഷങ്ങൾ എത്ര പെട്ടെന്നാണ് കൊഴിഞ്ഞു പോയത് അങ്ങനെ ഒരുദിവസം പപ്പയും പോയി അറ്റാക്ക് ആയിട്ട് അവരുടെ അടുത്തേക്ക്…
ഇതിനിടയിൽ മോൾക്ക് പനിയായി ഹോസ്പിറ്റലിൽ പോയപ്പോൾ ആണ് അന്നമ്മചേടത്തിയെ കണ്ടു മുട്ടിയതും കൂടെ കൂട്ടിയതും….നാൻസിയും മകൾ റിയയും താമസിക്കുന്ന വീട്ടിലേക്ക് ആശുപത്രിയിൽ മക്കൾ ഉപേക്ഷിച്ചു പോയ അന്നമ്മയെ നാൻസി കൂട്ടികൊണ്ട് വരികയായിരുന്നു. ഇപ്പോൾ വീട്ടിലെ അമ്മച്ചിയുടെ സ്ഥാനമാണ് അന്നമ്മചേടത്തിക്ക്. മകൾ റിയക്ക് അന്നമ്മയുടെ പല പ്രവൃത്തികളിലും നീരസമുണ്ടായിരുന്നു. പ്രധാനമായും അന്നമ്മ ചേടത്തി എപ്പോഴും അവളുടെ ഫോൺ ചോദിക്കുമായിരുന്നു.
“ഈ ചേടത്തിക്ക് എപ്പോഴും ഫോൺ വിളിയാണ്..” അവൾ കുറ്റപ്പെടുത്തും.. റിയ എന്തുപറഞ്ഞാലും അന്നമ്മ വാത്സല്യത്തോടെ അവളെ നോക്കി പുഞ്ചിരിക്കാറേയുള്ളു..
കാപ്പിയും പലഹാരങ്ങളും കഴിച്ച് കൊണ്ടിരുന്ന നാൻസിയുടെ ചിന്തകളിൽ മകളുടെ ഭാവിയെ പറ്റിയുള്ള ആശങ്കകൾ ആയിരുന്നു.. കുറച്ചു മുൻകോപവും മുതിർന്നവരോടുള്ള ബഹുമാനക്കുറവും ഉണ്ടായിരുന്നു. റിയമോൾക് നല്ല വിദ്യാഭ്യാസവും ജോലിയും നൽകി സുരക്ഷിതമായ കൈകളിലേക്ക് ഏൽപ്പിച്ചിട്ടെ എന്നെ വിളിക്കാവോ ഈശോയെ….
“നാൻസി കൊച്ച് ഓർമ്മകൾ അയവിറക്കുകയാണെന്നു തോന്നുന്നു… അവസാനം ഈശോയോട് എന്തുവാ പറയുന്നത്….” കോളജ് വിട്ട് വന്നു കയറിയ റിയ മോൾ ചോദിച്ചു..
“നീ വന്നോ.. ക്രിസ്തുമസ്സിന് 10 ദിവസത്തെ ലീവ് കൊണ്ട് നമുക്ക് മൂന്ന്പേർക്കും കൂടി അടിച്ചുപൊളിക്കണ്ടേ എന്റെ ഫ്രണ്ട്സ് ഒക്കെ ടൂർ പോകുന്നുണ്ട് നമുക്കും എവിടെയെങ്കിലും പോയാലോ…
“ആ നമുക്കും പോവണം …” റിയ മോൾ ഉത്സാഹത്തോടെ പറഞ്ഞു..
“എവിടേക്ക് പോകും..മമ്മ..” അവൾ ചോദിച്ചു
“അത് സർപ്രൈസ് ആണ് നിങ്ങൾ രണ്ടുപേരും അവിടെ എത്തിയിട്ട് അറിഞ്ഞാൽ മതി”
“മമ്മ ഫാസ്റ്റ് ആണല്ലോ… മുൻ കൂട്ടി പ്ലാൻ ചെയ്തുല്ലേ…”
ഇതാ കൊച്ചേ ഫോൺ …. റിയ മോള് വന്നൂല്ലേ എന്താ അമ്മയും മോളും കിന്നാരം… ക്രിസ്മസിന് നമുക്ക് രണ്ടുപേർക്കും സർപ്രൈസ് ഉണ്ട് അതിനെപ്പറ്റി സംസാരിച്ചത…
ആണോ…. എന്ന മോള് പോയി കുളിച്ചു ഡ്രസ്സൊക്കെ മാറിയിട്ട് വരു ഞാൻ എന്തെങ്കിലും കഴിക്കാൻ എടുത്ത് വെക്കാം….
പിറ്റേന്ന് അവരെയും കൊണ്ട് അവൾ പോയത് ഒരു അനാഥാലയത്തിലേക്ക് ആയിരുന്നു ഉറ്റ വരാൽ ഉപേക്ഷിക്കപ്പെട്ട കുറേ ജന്മങ്ങൾ…. അവർക്കിടയിൽ അവരിൽ ഒരാളായി അവരോടൊപ്പം ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കാളികളായി…. അവർക്ക് കൊടുക്കേണ്ട ഗിഫ്റ്റ് അവൾ മുൻകൂട്ടി തന്നെ അവിടെ എത്തിച്ചിരുന്നു…അന്നത്തെ ദിവസം അവർക്കിടയിൽ സമയം ചിലവഴിച്ചു..
കൂട്ടത്തിൽ അന്നമ്മ ചേടത്തിയുടെ ഇരട്ട സഹോദരിയെ നാൻസി മകൾക്ക് പരിചയപ്പെടുത്തി കൊടുത്തു. “അവർ രണ്ട് പേരും ചെറുപ്പം മുതൽ വളർന്നത് ഈ അനാഥാലയായതിൽ ആയിരുന്നു. അന്നമ്മ ചേടത്തിയെ മാത്രമാണ് വിവാഹം കഴിച്ച് കൊണ്ട് പോയത്. മക്കൾ വലുതായപ്പോൾ അമ്മയെയും അപ്പനെയും ഉപേക്ഷിച്ചു. വീണ്ടും അവർ അനാഥലയത്തിൽ ആയി. ചേടത്തിയുടെ ഭർത്താവ് കുറച്ചു നാളുകൾക്ക് മുൻപ് മരിച്ചു പോയിരുന്നു. തന്റെ സഹോദരിയെയും കൊച്ചുമക്കളേയും വിളിക്കാനാണ് ചേടത്തി ഫോൺ ചോദിക്കുന്നത്. അത് മോൾക് അറിയാമോ..?”
നാൻസി അത് ചോദിച്ചപ്പോൾ റിയയുടെ കണ്ണുകൾ നിറഞ്ഞു പോയി..
മോൾക്ക് ബോറടിച്ചോ…. നീയൊക്കെ വളർന്നുവരുന്ന തലമുറയാണ്… നമുക്കിടയിലും ഇങ്ങനെ കുറെ ആളുകൾ ഉണ്ട് അവരെ പറ്റിയും അവരുടെ സങ്കടങ്ങളെ പറ്റിയും നാം അറിയണം നമ്മളെക്കൊണ്ട് കഴിയുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങൾ അവർക്ക് ചെയ്തു അവരുടെ സന്തോഷങ്ങളിൽ പങ്കാളികളാവണം എല്ലാം ഒരു തിരിച്ചറിവാണ്…. അവരുടെയൊക്കെ മുഖത്തെ പുഞ്ചിരി കണ്ടോ അതാണ് എന്റെ മനസ്സിന്റെയും സന്തോഷം എന്റെ ചെറിയ ശ്രമം കൊണ്ട് കുറച്ചുനേരത്തേക്ക് എങ്കിലും അവരും എല്ലാം മറന്ന് പുഞ്ചിരിച്ചല്ലോ….
ഇനി മോൾക്ക് എവിടെ പോകേണ്ട എന്ന് വെച്ചാൽ പറയാം നമുക്ക് അവിടെ പോകാം….
“ഇല്ല മമ്മ….. മമ്മ ചെയ്തത് തന്നെയാ ശരി….”
” അതെ മോളെ നിന്റെ മമ്മവല്യ മനസ്സിന്റെ ഉടമയാണ്….വർഷങ്ങളായി ഈ അനാഥാലയത്തിന് മോൾടെ മമ്മ ചെയ്തു കൊടുത്ത സഹായങ്ങൾ വളരെ വലുതാണ്. മക്കൾ ഉപേക്ഷിച്ച എന്നെ സ്വന്തം അമ്മയെ പോലെ സ്വന്തം വീട്ടിൽ കൊണ്ടുചെന്ന് നിറുത്തി സംരക്ഷിക്കുന്ന. ഇതൊന്നും ആരും സാധാരണ ചെയ്യുന്ന കാര്യങ്ങൾ അല്ല.
ഇപ്പോ എനിക്കൊരു മോളും കൊച്ചുമോളും ഉണ്ട് സ്വന്തം എന്ന് പറയാൻ….
പറഞ്ഞു പറഞ്ഞു എന്നെയങ്ങു അങ്ങ് പൊക്കല്ലേ ചേടത്തി.. രണ്ടാളും വന്ന് വണ്ടിയിൽ കയറ് ….നാൻസി പറഞ്ഞു.
എന്ന മമ്മ ബീച്ചിലോട്ട് വിട്ടോ…. അതിനുമുമ്പ് ഈ അന്നാമ്മ കൊച്ചിന് എന്റെ വക ഒരു ഗിഫ്റ്റ് ഇതാ… ഒരു ചെറിയ ഫോൺ ആണ് ഞങ്ങടെ ഫോണിൽ നിന്നാണല്ലോ എപ്പോഴും വിളിക്കാറ്…. ഇനി അതിന്റെ ആവശ്യമില്ല മമ്മ ഓഫീസിൽ പോയാലും ഞാൻ സ്കൂളിൽ പോയാലും ഇനി ബോറടിക്കത്തില്ല പണ്ടത്തെ ഫ്രണ്ട്സിന് ഒക്കെ വിളിച്ചോണ്ടിരിക്കാലോ ….
അന്നമ്മച്ചിയുടെ കണ്ണ് നിറഞ്ഞു…. മമ്മയുടെ തന്നെ മോൾ……. അവർ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബനം നൽകി……അന്നേരം
അനാഥലയത്തിന്റെ ഉള്ളിൽ ഏതോ കോളേജിലെ കുട്ടികൾ വൈകുന്നേരത്തേക്കുള്ള ആഹാരം ഒരുക്കുന്നതിരക്കിൽ ആയിരുന്നു…
ശുഭം..