രചന: ശ്രീജിത്ത് ഇരവിൽ
അച്ഛന്റെ സ്ഥാനത്തേക്ക് മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും പറ്റാത്തത് കൊണ്ടാണ് അമ്മയുടെ കല്ല്യാണത്തിന് ഞാൻ പോകാതിരുന്നത്. നീയും കൂടി സമ്മതിച്ചിട്ടല്ലേ മോളെ, ഓള് വീണ്ടും കെട്ടിയതെന്ന് അമ്മൂമ്മ പറഞ്ഞിട്ടും ചടങ്ങിലേക്ക് പോകാൻ എനിക്ക് തോന്നിയില്ല. നാട്ടിലെ ക്ഷേത്രത്തിൽ നിന്നായിരുന്നു കെട്ട്. ചുരുക്കം ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ കല്ല്യാണം.
‘നിനക്ക് മുമ്പേ നിന്റെ അമ്മ കെട്ടിയല്ലെടി…!’
കോളേജിൽ നിന്ന് കേൾക്കുന്ന സ്ഥിരം കുത്ത് വാക്കാണിത്. എന്നേയും കൂടി കണ്ടിട്ടാണ് അയാൾ അമ്മയെ കെട്ടിയതെന്ന് വരെ ഞാൻ കേട്ടു. പോകെ, പോകെ ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് പോകാനുള്ള മാനസികാവസ്ഥ എനിക്ക് നഷ്ടപ്പെടുകയായിരുന്നു. കുടുംബവുമായി ഞാനേറെ അകന്നുപോയ പോലെയൊരു വർഷം…
അമ്മയുടെ രണ്ടാം കെട്ടുകാരൻ ആളൊരു കഷണ്ടിയാണ്. രണ്ടുമൂന്ന് വട്ടം എന്നോട് സംസാരിച്ചിട്ടുണ്ട്. അയാളുടെ ഭാര്യയും മോളുമൊരു അപകടത്തിൽ മരിച്ചെന്നാണ് കേട്ടത്. ഒരേ സ്ഥാപനത്തിൽ വർഷങ്ങളായി ജോലി ചെയ്യുന്ന അമ്മയും അയാളും ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയതിൽ ആർക്കും തെറ്റൊന്നും പറയാനാകില്ല. മനുഷ്യരല്ലേ… മുട്ടിയുരുമ്മാൻ കൂട്ട് വേണമെന്ന് ഏത് മനസ്സുകളാണ് ആഗ്രഹിക്കാത്തത്…
എന്തായാലും ഞാനില്ലാത്ത ആ കുടുംബം വളരേ സന്തോഷത്തിലാണ്. ഒരു മകനെ കിട്ടിയ സന്തോഷമാണ് അമ്മൂമ്മയ്ക്ക്. സ്നേഹമുള്ള ഇണ തന്നിലേക്ക് ചേർന്നതിന്റെ തെളിച്ചം അമ്മയുടെ മുഖത്തുമുണ്ട്. പക്ഷെ, എനിക്ക് മാത്രം ആ മനുഷ്യനെ അച്ഛന്റെ സ്ഥാനത്ത് കരുതാൻ പറ്റിയില്ല.
‘അതിന് നീ വീട്ടിലേക്ക് വരാതിരിക്കണൊ? നീയും സമ്മതിച്ചിട്ടല്ലേ എല്ലാം നടന്നത്…?’
ഹോസ്റ്റലിൽ വന്ന അമ്മയൊരിക്കൽ പറഞ്ഞതാണ്. ഞാൻ മിണ്ടിയില്ല. അയാളും കൂടെ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ കൂടുതൽ പിണങ്ങി. എല്ലാത്തിന്റെയും യഥാർത്ഥ കാരണം ഞാൻ പോലും അറിയാതെ പിന്നീടാണ് ഉള്ള് പുറം തള്ളുന്നത്. എനിക്ക് അമ്മയെ കിട്ടാതായിപ്പോകുന്നുവെന്ന് പറഞ്ഞ് ഞാൻ കരഞ്ഞു. ശേഷം ആ മടിയിലേക്ക് വീണു. തുടർന്ന് ഉൾത്തിരിഞ്ഞ നനഞ്ഞ മൗനം ഇപ്പോഴും ആ ഹോസ്റ്റൽ മുറിയിൽ തളം കെട്ടി കിടക്കുന്നുണ്ടാകും…
എന്റെ പത്താമത്തെ വയസ്സിലാണ് നെഞ്ച് വേദനയെ തുടർന്ന് അച്ഛൻ മരിക്കുന്നത്. പിന്നീട് അമ്മായിരുന്നു എനിക്കെല്ലാം. കോളേജിൽ എത്തിയ കാലം വരെ ആ സാരിത്തുമ്പിൽ നിന്ന് ഞാൻ വിട്ടിരുന്നില്ല. അമ്മയായിരുന്നില്ല. എന്റെ ചങ്ങാതിയായിരുന്നു….
ഓഫീസിൽ ജോലി ചെയ്യുന്ന ഒരാളുമായി ഇഷ്ടത്തിലാണെന്നും, വിവാഹം കഴിക്കാനുള്ള ആലോചനയുണ്ടെന്നും എന്നോടാണ് അമ്മ ആദ്യം പറഞ്ഞത്. അച്ഛന്റെ വീട്ടുകാർ എന്ത് പറയുമെന്ന് കരുതി തുടക്കത്തിൽ എതിർത്ത അമ്മൂമ്മയെ ഞാനാണ് പറഞ്ഞ് സമ്മതിപ്പിക്കുന്നതും. പക്ഷെ, കല്ല്യാണ തീയതിയോടടുത്ത് അമ്മ തിരക്കിലായിപ്പോകുന്നത് കണ്ടപ്പോൾ വേണ്ടായിരുന്നുവെന്ന് എന്റെ മനസ്സ് മൂളുകയായിരുന്നു…
അന്ന്, അമ്മയുടെ നിർബന്ധം കൊണ്ട് അവരോടൊപ്പം ഞാനും വീട്ടിലേക്ക് പോയി. എത്തുന്നത് വരെ കാര്യമായിട്ട് ആരും പരസ്പരം സംസാരിച്ചിരുന്നില്ല. അച്ഛൻ ഉണ്ടായിരുന്നുവെങ്കിലെന്ന് അപ്പോഴും ഞാൻ വെറുതേ ആശിക്കുന്നുണ്ടായിരുന്നു…
‘എന്നേയും നീ മറന്നൂവല്ലേ…?’
അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞ് അമ്മൂമ്മയ്ക്ക് ഞാനൊരു ഉമ്മ കൊടുത്തു. വീടാകെ മാറിയത് പോലെ. പുതിയ നിറം, മണം, മുറ്റത്തും വരാന്തയിലുമൊക്കെ നിറയേ പൂച്ചട്ടികൾ, പുതിയ വാഹനം, അമ്മൂമ്മയുടെ കണ്ണട വരെ പഴയതിൽ നിന്ന് പുതിയതിലേക്ക് മാറിയിരിക്കുന്നു. അവിടെ ഞാൻ മാത്രമാണ് പഴയേതെന്ന് എനിക്ക് തോന്നിപ്പോയി…
‘ഇത് കണ്ടോ നീ…!’
എന്നും പറഞ്ഞ് കൂനിയ കഴുത്തിൽ നിന്നും അമ്മൂമ്മയുടെ തല മാത്രം ഹാളിലെ ചുമരിലേക്ക് ഉയർന്നു. അവിടെ, ആരോ എന്റെ അച്ഛനെ മനോഹരമായി വരച്ച് തൂക്കിയിരിക്കുന്നു. മറ്റൊരു ചുമരിലൊരു അമ്മയുടേയും പത്ത് വയസ്സൊക്കെ പ്രായം തോന്നിപ്പിക്കുന്നയൊരു മോളുടേയും ചിത്രമായിരുന്നു. അവർ ആരൊക്കെയാണെന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞിരുന്നു.
എന്തായാലും, മരിച്ചവർ ഇങ്ങനെ ചിരിയോടെ തെളിയുമ്പോൾ ഉള്ളിനൊരു സന്തോഷമാണ്. അതിന് ശേഷമേ അവർ ഇല്ലല്ലോയെന്ന വിഷമം നമ്മളെയൊക്കെ പിടികൂടുകയുള്ളൂ…
മുറിയിൽ ചെന്നപ്പോൾ വീട് വീണ്ടും പഴയേതായി. എന്റെ നാല് ചുമരുകൾക്ക് മാത്രം യാതൊരു മാറ്റവുമില്ല. അവളോട് ചോദിക്കാതെ യാതൊന്നും ചെയ്യേണ്ടായിരുന്നുവെന്ന് അയാളാണ് പോലും പറഞ്ഞത്. അത് ഏതായാലും നന്നായി. എന്തോ… വീടിനകത്തേക്ക് വന്നപ്പോൾ തൊട്ട് ആ മനുഷ്യനെ എനിക്ക് ഇഷ്ടപ്പെടാൻ പറ്റുന്നുണ്ട്. പക്ഷെ, അച്ഛന്റെ സ്ഥാനത്ത് അയാളെ കരുതാൻ അപ്പോഴും എനിക്ക് സാധിക്കുന്നില്ലായിരുന്നു…
‘മോളേ, നിന്റെ അച്ഛനാകാൻ എനിക്ക് ഒരിക്കലും പറ്റില്ല. മരിച്ച് പോയ എന്റെ ഭാര്യയാകാൻ നിന്റെ അമ്മയ്‌ക്കൊ, മോളാവാൻ, നിനക്കോ ആകില്ല. ആർക്കും ആരും പകരമാകില്ല. പക്ഷെ, പരസ്പരം കൂട്ടുകൂടി സ്നേഹിക്കാൻ പറ്റും. മരിച്ച മനുഷ്യരെ ഓർത്ത് ജീവിതകാലം മുഴുവൻ കഴിഞ്ഞാലേ അവരോട് സ്നേഹമുള്ളൂവെന്ന് അർത്ഥമില്ല. മോള് ഉറങ്ങിക്കോളൂ… ഗുഡ് നൈറ്റ്…’
എന്റെ വേവലാതികൾ അറിഞ്ഞത് പോലെ, ഇങ്ങനെ പറയാൻ വേണ്ടി മാത്രം അത്താഴത്തിന് ശേഷം അയാൾ മുറിയിലേക്ക് വന്നിരുന്നു. തുറന്ന കതക് അടച്ചുകൊണ്ട് ആ മനുഷ്യൻ തിരിച്ച് പോയിട്ടും, ആരും ആർക്കും പകരമാകില്ലെന്ന ശബ്ദം മാത്രം തലയിൽ മുഴങ്ങി. ശരിയാണ്. തോളിൽ കയറി ആന കളിച്ച അച്ഛനോട് പകരാൻ വെക്കാൻ ശ്രമിക്കുമ്പോഴാണ് അയാളെ എനിക്ക് ഇഷ്ടപ്പെടാൻ പറ്റാതെയിരിക്കുന്നത്.
രണ്ടാം കെട്ടുകാരനെന്ന നിലയിൽ മാത്രം കണ്ട ആ മനുഷ്യനെ പിറ്റേന്ന് തൊട്ട് അമ്മയുടെ കൂട്ടുകാരനായി ഞാൻ കാണാൻ തുടങ്ങി. പതിയേ അയാൾ എന്റെ ചങ്ങാതിയുമായി. അമ്മൂമ്മയ്ക്ക് മാത്രം ഞങ്ങളെല്ലാം കുഞ്ഞ് മക്കളായിരുന്നു. വീടിന്റെ ആ പുതിയ മണം എന്നിലും ഒട്ടിപ്പിടിച്ചിരിക്കുന്നു. യാഥാർഥ്യ ബോധത്തോടെ ഇറങ്ങിച്ചെന്നപ്പോൾ ആ പുതിയ അന്തരീക്ഷത്തെ എനിക്കും ഇഷ്ടപ്പെടാൻ പറ്റുന്നുണ്ടായിരുന്നു…
മനുഷ്യന് മാറാൻ ഒരു രാത്രി മതിയാകുമെന്ന് പറയുന്നതെത്ര ശരിയാണ്. പിന്നീടുള്ള നാളുകളിലെല്ലാം ആ മാറ്റത്തിന്റെ തെളിച്ചമുണ്ടായിരുന്നു ജീവിതത്തിന്. സ്നേഹിക്കുന്നവരെ അവരുടെ ആഗ്രഹത്തിനൊത്ത് വിട്ട് കൊടുക്കുമ്പോൾ കൂടിയാണ് ബന്ധങ്ങൾ മനോഹരമാകുന്നതെന്ന് ഞാൻ അറിയുന്നു. മരിച്ച മൂന്നുപേർ ഹാളിൽ നിന്ന് ചിരിക്കുന്നത്, ജീവിച്ചിരിക്കുന്ന ഞങ്ങളുടെ സന്തോഷം കണ്ടിട്ടാണെന്നേ ഇപ്പോൾ എനിക്ക് തോന്നാറുള്ളൂ…!!!