ഗർഭിണിയായയൊരു പെണ്ണിനെ കെട്ടിയെന്നോ…? നീ എന്താ ആദി ഈ പറയുന്നത്…?” നിറവയറൊടെ ആദിയുടെ പിന്നിൽ…

(രചന: Binu Omanakuttan)

“ഗർഭിണിയായയൊരു പെണ്ണിനെ കെട്ടിയെന്നോ…?
നീ എന്താ ആദി ഈ പറയുന്നത്…?”

നിറവയറൊടെ ആദിയുടെ പിന്നിൽ നിൽക്കുന്ന ജനനിയേ നോക്കിക്കൊണ്ട് അംബിക ചോദിച്ചു.
അംബികയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു…

എന്ത് ചെയ്യണമെന്നറിയാതെ അവൾ മുഖം താഴ്ത്തി നിന്നു.
തിരികെ ഇറങ്ങി പോകുവാൻ തീരുമാനിച്ചുകൊണ്ട് ജനനി പഠിപ്പുരയിലേക്ക് നോക്കി.
പതിയെ അവൾ തിരിഞ്ഞതും.
അമ്മയുടെ ശകാരം കേട്ടു തലതാഴ്ത്തി നിന്ന ആദി പെട്ടെന്നാവളുടെ കയ്യിൽ പിടിച്ചു.

“ഇല്ല… ഇവിടുന്ന് എങ്ങോട്ടും പോകുന്നില്ല നീ…!”

ആദി പറയുന്നത് കേട്ട് ഒരു നിമിഷം അവൾ പകച്ചു നിന്നു.

“അമ്മക്ക് എന്നോട് സ്നേഹമുണ്ടെങ്കിൽ ഇവളെ സ്വീകരിക്കണം…!! എനിക്കറിയാം നമ്മുടെ വീട്ടിലേക്ക് എന്റെ കൈ പിടിച്ചു ഒരു പെണ്ണിനെ താലി ചാർത്തി കൊണ്ടു വരേണ്ടത് ഇങ്ങനെയല്ലെന്ന്….!
ആരുമില്ലാത്ത ഒരാനാഥ പെണ്ണാണ് ഇവള്… ജനനി…!”
ഒരാളെ പ്രണയിച്ചു വിവാഹം കഴിച്ചെന്നതെറ്റ് ഈ പാവം ചെയ്തുപോയ്‌… വിവാഹം കഴിച്ചയാൾ അവളെ ഉപേക്ഷിച്ചു പോയപ്പോഴാണ് ഈ പാവത്തിന്റെ വയറ്റിൽ ഒരു കുഞ്ഞ് ജന്മമെടുത്തത് ഇവൾ അറിയുന്നത്. അതിനെ ഇല്ലായ്മയാക്കാനൊന്നും അവൾക്ക് തോന്നിയില്ല. പല ജോലിയും ചെയ്ത് ജീവിച്ചു. തന്നിൽ ഉടലെടുത്ത ഒരു കുഞ്ഞിന് വേണ്ടി….
പക്ഷെ ഇനി അവൾക്ക് വേണ്ടത് ഒരു താങ്ങാണ്… ഒരു കയ്യുടെ ബലമാണ്… ഒരു സംരക്ഷണമാണ്…! അമ്മക്ക് ഇവളെ ചേർത്ത് പിടിക്കാം, പിടിക്കാതെയിരിക്കാം…! നല്ലത് ചെയ്താലും മോശം ചെയ്താലും ഒരുനാൾ നമ്മൾ ഈ ലോകം വിടും.. അന്ന് ദൈവത്തോട് പറയാൻ ഒരു നന്മയെങ്കിലും ബാക്കി വേണമെങ്കിൽ ഇവളെ സ്വീകരിക്കണം… എന്റെ ഭാര്യയായിട്ടല്ല.. അമ്മയുടെ മകളായിട്ട്…!”

ആദിയുടെ വാക്കുകൾ കേട്ടപ്പോൾ അവർ പൊട്ടിക്കരഞ്ഞുപോയിരുന്നു.

“മോനെ… നീ..!”
അവർ ആദിയെ കെട്ടിപിടിച്ചു അവന്റെ നെഞ്ചിൽ മുഖം അമർത്തി.

“എന്തൊക്കെ പറഞ്ഞാലും എനിക്ക് പറ്റില്ല മോനെ…!”

സമനില തെറ്റിയ പോലെയായിരുന്നു അവരുടെ പ്രവർത്തി.

“വേണ്ട ആദിയേട്ട… ആദിയേട്ടന് നല്ലൊരു ജീവിതം ബാക്കിയുണ്ട്.
എന്നെപ്പോലെ ഒരുത്തിയെ ചുമന്നു സ്വയം പരിഹാസമേറ്റുവാങ്ങുന്നതിനോട് എനിക്ക് ഒട്ടും താല്പര്യമില്ല.”

ആദിയുടെ കൈ തന്നിൽ നിന്ന് അടർത്തിമാറ്റിക്കൊണ്ട് അവൾ പറഞ്ഞു.

“ഇല്ലെടോ… പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും…! നിനക്ക് ജീവിക്കണ്ടേ…? ഒരു കുഞ്ഞുണ്ടായെന്ന് പറഞ്ഞു ഈ ലോകമൊന്നും അവസാനിക്കുവാൻ പോകുന്നില്ല…! നിനക്കൊരു ജീവിതം തന്നെന്നു കരുതി ഞാനൊരു പരിഹാസവും ഏറ്റുവാങ്ങാൻ പോകുന്നില്ല….!”

ആദിയുടെ ശബ്ദം ഇടറിയിരുന്നു.

“ആദിയേട്ടന്റെ നല്ല മനസാണ്… എന്നെപ്പോലെ ഒരുത്തിയെ സംരക്ഷിക്കാൻ ഈ ലോകത്ത് ആരുമില്ലെന്നറിയാം…. എന്നെപ്പോലെ ഒരുവളെ സംരക്ഷിക്കാൻ കാട്ടിയ ഈ വലിയ മനസിനെക്കാൾ വലുത് എന്താ…! എനിക്ക് വിഷമമൊന്നുമില്ല… “ഒരമ്മയുടെ ആഗ്രഹത്തോളം വലുതല്ല മക്കൾക്ക് ഈ ലോകം…!”

“എന്റെ കുഞ്ഞിനെ എനിക്കും സംരക്ഷിക്കണം…! ഞാൻ പോകട്ടെ..!!

അവൾ തിരിഞ്ഞു നടന്നുകൊണ്ട് പറഞ്ഞു.

“ജനനി പോകല്ലേ…!” അമ്മയെ തന്നിൽ നിന്നടർത്തി മാറ്റാൻ ശ്രമിച്ചുകൊണ്ട് അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു…

അമ്മ അപ്പോഴും അവനെ മുറുകെ പിടിച്ചിരുന്നു.

“എവിടെ.. എങ്ങോട്ട്… പോകും..? അമ്മയ്ക്ക് എന്നെ മനസിലാവും… പ്ലീസ് ജനനി…!”

വീണ്ടും വീണ്ടും അയാൾ അവളോട് ഉറക്കെ പറഞ്ഞു.

“പോകുവാനൊരിടാമോ… കാത്തിരിക്കാൻ ഒരു വെക്തിയുമില്ലാത്ത എനിക്ക് ഈ ലോകം തന്നെയാ വീട്…! ആദിയേട്ടൻ സന്തോഷത്തോടെ എന്നെ യാത്രയാക്ക്…!”

എന്ത് ചെയ്യണമെന്നറിയാതെ ആദി വിഷമിച്ചുപോയി…

പഠിപ്പുരയിലേക്ക് നടന്നകലുന്ന ജനനിയെ അയാൾ നോക്കി നിന്നു.
പഠിപ്പുര കടക്കും മുൻപ്,അവസാനമായി തനിക്ക് മുന്നിൽ ആശ്രയമായ ദൈവത്തെ അവൾ ഒന്നുകൂടെ തിരിഞ്ഞു നോക്കി.
നിസ്സഹായനായ അയാളെ അവൾ ദയനീയതയോടെ നോക്കി…
തിരഞ്ഞു നടന്ന അവളെ എന്ത് പറഞ്ഞു വിളിക്കുമെന്നോർത്ത് അയാൾ വെമ്പൽ കൊണ്ടു….

“അമ്മേ… അവളെ ഉപേക്ഷിക്കല്ലേ… എന്റെ അമ്മയല്ലേ… ഒന്ന് സമ്മതിക്ക്…! എന്റെ എല്ലാ ആഗ്രഹവും സാധിച്ചു തരുന്ന അമ്മയല്ലേ പ്ലീസ്..! ഇതുകൂടി…!”

ആദി അമ്മയോട് കെഞ്ചിപറഞ്ഞു.

“ഉം പോയ്‌ വിളിക്ക്… തിരികെ കൊണ്ട് വാ…. ചെല്ല്…!”

അമ്മ പറയുന്നത് കേട്ട് ആദിക്ക് വിശ്വാസിക്കാൻ കഴിഞ്ഞില്ല…

“അമ്മക്ക് പൂർണ സമ്മതമല്ലേ…!”

“ആട… പോയ്‌ കൊണ്ട് വാ ചെല്ല്… ഞാൻ വിളക്കെടുത്തിട്ട് വരാം…!”

അവനിൽ നിന്ന് കൈ അടർത്തി മാറ്റി തന്റെ കണ്ണുനീർ തുടച്ചുകൊണ്ട് അവർ പൂജാ മുറിയിലേക്ക് നടന്നു.

ആദി പഠിപ്പുരയിലേക്ക് ഓടി…

ചീറിപ്പായുന്ന വാഹന വ്യൂഹങ്ങളിലേക്ക് അവൾ നടന്നടുക്കുന്ന പോലെ അവന് തോന്നി…

മിന്നൽ വേഗത്തിൽ അയാൾ അവൾക്കരികിലേക്ക് ഓടി…
സ്പീഡിൽ പാഞ്ഞു വന്ന വാഹനത്തിലേക്ക് അവൾ അലിഞ്ഞു ചേരത്തക്കവണ്ണം അടുത്തതും ആദിയുടെ കരങ്ങൾ അവളുടെ വയറ്റിലൂടെ ഒരു വടം പോലെ ചുറ്റി പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു.

തലനാരിഴക്ക് അസ്തമിച്ചു പോകുവാൻ നിന്ന സൂര്യനെ തന്നിലേക്ക് പിടിച്ചു വാങ്ങിക്കൊണ്ട് ആദി അവളെ നോക്കി.

കരഞ്ഞു കലങ്ങിയ കണ്ണുകൾ അയാൾ തുടച്ചു.

“ മതി ഇനി കരയരുത്….!!”

പറഞ്ഞുകൊണ്ട് അവളുടെ കയ്യിൽ പിടിച്ച് അയാൾ മുറ്റത്തേക്ക് നടന്നു.

അമ്മ നിലവിളക്കും കൊണ്ട് അവരെ തിരക്കി നിക്കുന്നുണ്ടായിരുന്നു.
സന്തോഷം കൊണ്ടവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.
അമ്മ നില വിളക്ക് അവളുടെ കയ്യിലേക്ക് ഏൽപ്പിച്ചു.

“നന്നായി പ്രാർത്ഥിച്ച് വലതുകാൽ വച്ചു കയറി വാ മോളെ…!”

അവളെ അമ്മ അകത്തേക്ക് ക്ഷണിച്ചു…

“കഴിഞ്ഞതൊക്കെ കഴിഞ്ഞു… ഇനി ഇതാണ് നിന്റെ വീട്… അല്ല നമ്മുടെ വീട്…!” പെട്ടെന്ന് മോളോട് അങ്ങിനെ പെരുമാറിയതിൽ എനിക്ക് വിഷമമുണ്ട്… എന്നോട് ക്ഷമിക്കണം…!”

“എന്തിനാ അമ്മേ ഇങ്ങനെയൊക്കെ പറയുന്നത്…!” എനിക്ക് പോകാനൊരിടമില്ലാതെ മരണത്തെ നോക്കി നിന്ന എന്നെ ജീവിതമെന്ന യാഥാർഥ്യത്തിലേക്ക് വിളിച്ചുകൊണ്ടു വന്ന മനുഷ്യനാണ് ആദിയേട്ടൻ…. പക്ഷെ ഇവിടെ വന്നപ്പോ എന്നെ വീണ്ടും ഒഴിവാക്കി… ഇനിയൊരു തിരിച്ചു വരവുമില്ലെന്ന് കരുതി വീണ്ടും മരണത്തിലേക്ക് തന്നെ നീങ്ങിയ എന്നെ വീണ്ടും ജീവിതത്തിലേക്ക് നയിച്ചത് അമ്മയാണ്…! ദൈവത്തെ ആരാണ് ശപിക്കുക…!”

അമ്മയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി നില വിളക്കുമേന്തി ഉമ്മറത്തേക്ക് കയറി….

*******

“ആദിയേട്ട… എനിക്കൊരു കൊതി…”

“എന്താടോ…?”

നിലത്ത് പായയിൽ കിടന്ന് ഫോണിൽ തിരക്കിട്ട് എന്തോ തിരഞ്ഞുകൊണ്ടിരുന്ന അയാൾ ജനനിയെ നോക്കി…

“എനിക്കൊരു മസാലദോശ വേണം…!”

അവളുടെ ആഗ്രഹം കേട്ട് ആദി ഒന്നു പുഞ്ചിരിച്ചു…
എന്നിട്ട് എഴുന്നേറ്റ് കൊളുത്തിയിട്ട ഷർട്ട്‌ ധരിച്ചു.

മേശമുകളിലിരുന്ന ബൈക്കിന്റെ ചാവിയെടുത്ത് അയാൾ ഡോർ തുറന്നു… പോകും മുൻപ് അവളെ ഒന്ന് നോക്കി…

“ഉറങ്ങല്ലേ ഞാൻ വേഗം വരാം…!”

അവസാനിച്ചു

Binu Omanakuttan