തന്റെ ഭർത്താവിന്റെ ജീവിതത്തിൽ താനല്ലാതെ മറ്റൊരു സ്ത്രീ.. അദ്ദേഹത്തിന്റെ മനസ്സിനും ശരീരത്തിനും തന്നെ പോലെ മറ്റൊരുവൾ…

(രചന: RJ)

ഡീ… ഇന്ന് നമ്മുക്ക് കുറച്ച് തേങ്ങാ ചോറും ബീഫും വെച്ചാലോ…?
കുട്ടികൾ വീട്ടിലുണ്ടല്ലോ ഇന്ന്… ക്ലാസില്ലല്ലോ അവർക്ക്… അവർക്ക് വല്യ ഇഷ്ടാണ് തേങ്ങാ ചോറും പോത്തിറച്ചി വരട്ടിയതും.

ആരിഫ ഒട്ടൊരു സന്തോഷത്തോടെ തന്റെ അടുത്ത് ദോശ ചുട്ടു നിൽക്കുന്ന റഷീദയോട് ചോദിച്ചതും അവളുടെ മുഖത്തൊരു പുച്ഛം തെളിഞ്ഞത് വളരെ വ്യക്തമായ് തന്നെ കണ്ടു ആരിഫ.

ഇന്ന് സൈനുക്കാ വരുന്നുണ്ട് .. എന്നെ വിളിച്ചു പറഞ്ഞിരുന്നു വരുന്ന കാര്യം..

താൻപറഞ്ഞതു കേട്ടൊരു പകപ്പോടെ നിൽക്കുന്ന ആരിഫയെ കൺകോണിലൂടൊന്ന് പാളി നോക്കി റഷീദ..

സൈനുക്കാ വരുന്നുണ്ടോ ഇന്ന്..?

അതേ പകപ്പോടെ തിരക്കുന്നവളെ ക്രൂരമായൊരു ചിരിയോടെ നോക്കി റഷീദ..

വരുന്നുണ്ട്… ഇങ്ങളോട് പറഞ്ഞില്ലേ ഇക്കയത്..? ചിലപ്പോ മറന്നിട്ടുണ്ടാവും..

സൈനുക്കാ വന്നാലിന്നെന്തായാലും പുറത്തേക്ക് പോണം എനിക്ക് ആരിഫത്താ… കുറച്ചായില്ലേ ഞങ്ങളൊരുമ്മിച്ച് പുറത്തൊക്കെ പോയിട്ട്.. ഞാൻ പറഞ്ഞാൽ ഇക്ക കേൾക്കും.. മൂപ്പരുടെ പൊന്നല്ലേ ഞാൻ…
അതോണ്ട് ഞങ്ങള് പുറത്ത് ന്ന് കഴിച്ചോളാം ഉച്ചകത്തത്… അപ്പോ പിന്നെ തേങ്ങ ചോറും ബീഫും പിറന്നാരീസം ഉണ്ടാക്കി കുട്ട്യോൾക്ക് കൊടുക്കാം..

രാത്രി ഇക്കാക്ക് ചപ്പാത്തി അല്ലേ, അത് വേണേ ഇങ്ങള് ഉണ്ടാക്കിക്കോ ഞങ്ങള് മടങ്ങിവരുമ്പളേക്ക്… മുട്ട റോസ്റ്റ് കൂട്ടാനും ഉണ്ടാക്കാം..സൈനുകാക്ക് നല്ല ഇഷ്ടാണ് ഞാനുണ്ടാക്കുന്ന റോസ്റ്റ്.. അത് ഞാൻ വന്നിട്ട് ഉണ്ടാക്കാം ഇങ്ങള് മുട്ട പുഴുങ്ങി വെച്ചാ മതി.. പിന്നെ അയ്നുളള ഉള്ളീം അരിഞ്ഞോളീം..

അല്പം കൂടുതൽ അധികാരവും ശബ്ദത്തിൽ കലർത്തിയാണ് തന്നോടുള്ള റഷീദയുടെ സംസാരമെന്ന് വേദനയോട് ഓർത്തുകൊണ്ടൊന്ന് തലയിളക്കി പുറത്തേക്ക് നടന്നു ആരിഫ.. നിറഞ്ഞു വരുന്ന കണ്ണുകൾ കവിഞ്ഞൊഴുകുന്നതവൾ കാണരുതെന്ന വാശിയോടെ…

ഉമ്മാന്റെയും ചെറിയുമ്മാന്റെയും സംസാരമത്രയും അടുക്കള കോലായിൽ നിന്നു കേട്ട നവാസും നഹാസും വേദനയോടെ പരസ്പരമൊന്നു നോക്കി ആരിഫ പോയ വഴിയേ നടന്നു…

ആരിഫയുടേയും സൈനുദ്ധീന്റെയും മക്കളാണ് ഇരട്ടകളായ നവാസും നഹാസും… പ്ലസ് ടു വിദ്യാർത്ഥികളാണവർ..

ബാംഗ്ലൂരിൽ ടെക്സ്റ്റയിൽ ബിസിനസ്സാണ് സൈനുദ്ധീന്.. നല്ല സാമ്പത്തികച്ചുറ്റുപാടും ആരോഗ്യവുമുള്ള സൈനുദ്ധീന്റെ രണ്ടാം ഭാര്യയാണ് ഇരുപത്തെട്ടുകാരിയായ റഷീദ..

ഒരു വർഷത്തോളമായ് റഷീദ സൈനുദ്ധീന്റെ രണ്ടാം ഭാര്യയായ് എത്തിയിട്ട്.. ബാംഗ്ലൂരിലെ സൈനുദ്ധീന്റെ കടയിലെ ജോലിക്കാരിയായിരുന്നു അനാഥയായ റഷീദ.. ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടമായ റഷീദ ബന്ധുക്കളുടെ സഹായത്തിലാണ് ജീവിച്ചത്..

സൈനുവുമായൊരു തമാശയ്ക്ക് റഷീദ തുടങ്ങിയ ബന്ധമവസാനിച്ചത് അവരുടെ കല്യാണത്തിലാണ്.
അതും റഷീദ ഗർഭിണിയായ സാഹചര്യത്തിൽ..

അത്തരമൊരവസ്ഥയിൽ തിരികെ കയറിചെല്ലാനൊരു ഇടമില്ലാത്ത അവളെ ഉപേക്ഷിക്കാൻ പറ്റില്ല സൈനുദ്ധീന്..

സൈനുദ്ധീൻ വന്ന് തനിയ്ക്ക് പറ്റിയ തെറ്റ് ആരിഫയ്ക്ക് മുമ്പിൽ ഏറ്റുപറഞ്ഞ് റഷീദയെ തന്റെ രണ്ടാം ഭാര്യയാക്കാനുള്ള സമ്മതം ആരിഫയോട് ചോദിച്ചപ്പോൾ കേട്ട കാര്യങ്ങളുടെ ഞെട്ടലിൽ നിന്ന് വിമുക്തയായിരുന്നില്ല ആരിഫ

തന്റെ ഭർത്താവിന്റെ ജീവിതത്തിൽ താനല്ലാതെ മറ്റൊരു സ്ത്രീ.. അദ്ദേഹത്തിന്റെ മനസ്സിനും ശരീരത്തിനും തന്നെ പോലെ മറ്റൊരുവൾ കൂടി അവകാശിയായിരിക്കുന്നുവെന്ന ഞെട്ടലിൽ ആകെ പകച്ചിരുന്നു ആരിഫ..

പതിനഞ്ചു വയസ്സിൽ സൈനുദ്ധീന്റെ ഭാര്യയായ് വന്നവൾക്ക് സഹിക്കാവുന്നതിലേറെയായിരുന്നു അത്.. രണ്ടോ നാലോ ഭാര്യമാരെ പോറ്റാനുള്ള സമ്പത്തും ആരോഗ്യവും സൈനുദ്ധീന്നുള്ളതുകൊണ്ടതൊരു തെറ്റുമല്ല സമൂഹത്തിന്..

റഷീദയെ കൂടി നിക്കാഹ് കഴിച്ച് ആരിഫയ്ക്കൊപ്പം ഒരു വീട്ടിൽ താമസിപ്പിച്ച സൈനുദ്ധീനും അറിയാതെ പോയ് ആരിഫയുടെ മനസ്സ്

സ്വന്തമെന്ന് കരുതി പ്രാണൻ കൊടുത്ത് സ്നേഹിച്ച ഒന്ന് കൺമുന്നിൽ പകുത്തെടുക്കപ്പെട്ടപ്പോൾ തകർന്നു പോയ ആരിഫയെ ആരും തിരിച്ചറിഞ്ഞില്ല അവളുടെ മക്കളല്ലാതെ..
ഇതിനിടയിൽ മാസം തികയാതെ റഷീദ പ്രസവിച്ചതുകൊണ്ട് ആ കുഞ്ഞ് മരിച്ചു പോയിരുന്നു, അത് ആരിഫയുടെ ശാപം കൊണ്ടാണെന്ന് ആരോ പറഞ്ഞതോടെ റഷീദയിൽ ദേഷ്യമായ് ആരിഫയോട്..

അതിൽ പിന്നെ കഴിക്കുന്ന ഭക്ഷണമുൾപ്പെടെ സൈനുദ്ധീന്റെ കൂടെ കിടക്കുന്നതാരെണെന്നു വരെ തീരുമാനിക്കുന്ന അളവിലേക്ക് റഷീദ വളർന്നപ്പോൾ, സൈനുദ്ധീൻ വളർത്തിയപ്പോൾ ആ വീടിനുള്ളിൽ ഒതുങ്ങി പോയ് ആരിഫ.. ഇഷ്ടങ്ങളില്ലാതെ ആഗ്രഹങ്ങളില്ലാതെ …

പെപ്പിൽ ചുവട്ടിൽ ചെന്ന് മുഖം കഴുക്കുന്ന ആരിഫയെ സങ്കടത്തോടെ നോക്കി നിന്നു നവാസും നഹാസും..

ഇന്ന് ഉപ്പച്ചി വരുന്നുണ്ടല്ലേ ഉമ്മാ.. ഉമ്മാനെ വിളിച്ച് പറഞ്ഞില്ലല്ലോ ഉപ്പയത്..? അതിന്റെയല്ലേ ഈ കരച്ചിൽ..

നവാസ് വന്നു കടുപ്പത്തിൽ ചോദിച്ചതിനൊന്നും മറുപടി പറഞ്ഞില്ല ആരിഫ.. പറയാനൊന്നുമില്ല..

ഉമ്മാ.. ചെറിയുമ്മയെക്കാൾ ഈ വീട്ടിൽ അവകാശവും അധികാരവും നിങ്ങൾക്കാണ്.. പത്തു പതിനെട്ടു വർഷത്തോളം ഉപ്പായ്ക്കൊപ്പം ജീവിച്ചതും ഉപ്പാന്റെ മക്കളായ ഞങ്ങൾ രണ്ടു പേരെ പെറ്റു പോറ്റിയതും ഇങ്ങളാണ്..

ഇങ്ങള് സമ്മതം കൊടുത്തത് കൊണ്ടു മാത്രമാണ് ചെറിയുമ്മ ഉപ്പയുടെ ഭാര്യയായത്.. സ്വന്തം സ്ഥാനം മറ്റൊരാൾക്ക് പൂർണ്ണമായ് നിങ്ങൾ വിട്ടുനൽകിയാൽ നാളെ ഈ വീട്ടിൽ ഒന്നുമല്ലാതായ് പോവുന്നത് ഞങ്ങളാവും..

ആരിഫയുടെ മുഖത്തു നോക്കി കടുപ്പത്തിൽ നവാസ് പറഞ്ഞതു കേട്ട് തരിച്ചുനിന്നു ആരിഫ..

ഇന്ന് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടൊരു ഭക്ഷണം പോലും ഉണ്ടാക്കാൻ അവരോട് അനുവാദം വാങ്ങണം ഉമ്മച്ചിയ്ക്കെങ്കിൽ നാളെ ഞങ്ങളെ പട്ടിണിക്കിടാൻ അവർ തീരുമാനിച്ചാൽ അതും അനുസരിക്കേണ്ടി വരും..

മറ്റൊരാൾടെ മുന്നിൽ നമ്മുടെ സ്ഥാനവും പദവിയും എന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ് ഉമ്മ.. അതുപോലെ നമ്മുക്കവകാശപെട്ടതിനെ കയ്യിലൊതുക്കാൻ പഠിക്കണം കൂടെ മറ്റൊരാളുടെ അവകാശത്തെ പറ്റിയുള്ള ബോധവും …

ആരിഫയുടെ മുഖത്തു നോക്കി നഹാസ് പറഞ്ഞ വാക്കുകൾക്ക് അവളുടെ ചിന്തയെ ,പ്രവർത്തിയെ എല്ലാംതന്നെ മാറ്റാനുള്ള ശക്തിയുണ്ടായിരുന്നു.. ചിലതെല്ലാം നമ്മൾ പഠിക്കുന്നത് മക്കളിൽ നിന്നാണല്ലോ..

അടുക്കളയിലേക്ക് തിരികെ കയറിയ ആരിഫ തേങ്ങാ ചോറിനുള്ള ഒരുക്കം കൂട്ടുന്നതു കണ്ട റഷീദയുടെ നെറ്റിയൊന്ന് ചുളിഞ്ഞു..

ഇതെന്തിനാ ഇത്താ.. തേങ്ങാ ചോറ് നമുക്ക് പിന്നെ ഉണ്ടാക്കിയാൽ മതീന്ന്. ഇന്ന് കഴിക്കാൻ ഞങ്ങള്…..

നിനക്ക് കഴിക്കാൻ വേണ്ടത് എപ്പഴാണ് എന്ന് വെച്ചാൽ നീ ഉണ്ടാക്കിക്കോ റഷീദാ… ഇതനിക്കും മക്കൾക്കുമാണ്… ഞങ്ങളെന്ത് എപ്പോൾ കഴിക്കണമെന്ന് ഞാനല്ലേ തീരുമാനിക്കുന്നത്.. നീയല്ലല്ലോ…

ഉറച്ച ആരിഫയുടെ മറുപടിയിൽ പതറി റഷീദ…
അവൾക്കറിയാം സൈനുദ്ധീനെന്നും ഇഷ്ടവും പ്രിയവും ആരിഫയോടും മക്കളോടുമാണെന്ന്.താനവളോടു തെറ്റ് ചെയ്തെന്ന കുറ്റബോധവുമുണ്ട് ഉള്ളിൽ…

തന്നിലേക്ക് അടുക്കാതെ ഒഴിഞ്ഞു മാറിയ സൈനുദ്ധീനെ പ്രലോഭനങ്ങളിൽ കുരിക്കി തനിക്കരികിലേക്കെത്തിച്ച് അവന്റെ ജീവിതത്തിലേക്ക് കയറി പറ്റിയ റഷീദ അന്നാദ്യമായ് ആരിഫയെ ഭയന്നു..

അവളുടെ തകർച്ച പൂർത്തിയായത് വീട്ടിലെത്തിയ സൈനുവിനെ ഒരു പുതുക്കപ്പെണ്ണിന്റെ ചേലോടെ സ്വീകരിച്ച് മുറിയിലേക്ക് കൊണ്ടു പോവുന്നവളെ കണ്ടപ്പോഴായിരുന്നു

നിറയുന്ന കണ്ണുകൾ തുടച്ച് സ്വന്തം റൂമിലേക്കവൾ നടന്നതും അവൾക്ക് മുന്നിലേക്ക് വന്നു നവാസും നഹാസും

ഞങ്ങളുടെ ഉമ്മയുടെ ജീവിതത്തിലേക്ക് ഞങ്ങളുടെ ജീവിതത്തിലേക്ക് എല്ലാം ഇടയിൽകയറി വന്നത് നിങ്ങളാണ്.. പരാതികളില്ല അതിൽ ഞങ്ങൾക്കും ഉമ്മയ്ക്കും..പക്ഷെ ഉപ്പയുടെ ജീവിതത്തിൽ നിങ്ങൾ മാത്രം മതിയെന്ന ചിന്തയിൽ ചെറിയുമ്മ മുന്നോട്ടു പോയാൽ ഞങ്ങളുടെ ഉമ്മയെ ഞങ്ങൾ ചേർത്തു പിടിക്കും കൂടെ ഉപ്പയേയും നഷ്ടപ്പെടാനുണ്ടാവുക ചെറിയുമ്മക്ക് മാത്രാവും…

താക്കീതുപോലെ പറഞ്ഞു പിൻതിരിഞ്ഞു നടക്കുന്നവരെ പകച്ചു നോക്കി നിന്നു റഷീദ..ഒരു തിരിച്ചറിവ് ലഭിക്കട്ടെ അവൾക്കിനിയെങ്കിലും…