ആ അനിത ടീച്ചർ ആ ചെക്കനേം കൊണ്ട് ലാബിൽ കയറീട്ടു സമയം കുറെ ആയല്ലോ ,എന്താ അവിടെ നടക്കുന്നത്…

ശൂന്യത

രചന: നിഷ പിള്ള

“എൻ്റെ ഉണ്ണിയേട്ടാ…മടുത്തു ഈ അദ്ധ്യാപന ജോലി,ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം.ആരുടെയെങ്കിലും ബൈക്കിലൊക്കെ ചാടി കയറിയാണ് സ്കൂളിൽ വരുന്നത്.ആണും പെണ്ണും
കണക്കാണ്.പിള്ളേർക്ക് ഒരു ബോധവുമില്ല.ചോദിച്ചാൽ ഫ്രണ്ടാണ്,ബെസ്റ്റിയാണ് എന്നൊക്കയുള്ള സ്ഥിരം പല്ലവി.എല്ലാത്തിനും അവർ എളുപ്പവഴി കണ്ട് പിടിച്ചിരിക്കും.”

സാരി ഇസ്തിരി ചെയ്ത് കൊണ്ടിരുന്ന സുജ ടീച്ചർ ഭർത്താവ് ഉണ്ണിയോട് പരാതി പറഞ്ഞു.

“സുജേ,നിനക്കറിയുമോ ഒരു കാര്യം, നമ്മുടെ മോൾ കഴിഞ്ഞാഴ്ച പരീക്ഷ കഴിഞ്ഞ് മടങ്ങി വന്നത് അവളുടെ കൂട്ടുകാരന്റെ ബൈക്കിന് പിറകിലിരുന്നാണ്.”

“അയ്യോ ആര് നമ്മുടെ പാർവതിയോ,എന്താ നിങ്ങൾ എന്നോട് പറയാതിരുന്നത്.നല്ല തല്ല് കൊടുക്കുമായിരുന്നു, ആരേലും കണ്ടിരുന്നേൽ വല്ലതുമൊക്കെ പറഞ്ഞുണ്ടാക്കില്ലേ.”

“നീ വെറുതെ ടെൻഷനടിക്കാതെ ,ഇനി മേലാൽ ആവർത്തിക്കരുതെന്ന് ഞാനവളോട് പറഞ്ഞിട്ടുണ്ട്.ഇപ്പോളിത് നിന്നോട് പറഞ്ഞതെന്താണെന്നു വച്ചാൽ മറ്റുള്ള കുട്ടികളെ കുറിച്ച് പറയുന്നതിന് മുൻപ് നമ്മുടെ വീട്ടിലെ കുട്ടികളും ഇതൊക്കെ ചെയ്യുന്നുവെന്ന് പറയാനാ.തിരുത്തി കൊടുത്താൽ നമ്മൾ ഔട്ട്‍ ഡേറ്റഡ് ആയെന്ന്,തന്ത വൈബാണെന്നു അവർ പറയും.പിന്നെ….നമ്മുടെ തലമുറയ്ക്കും ചില കുഴപ്പങ്ങളുണ്ട്, നമ്മുടെ കണ്ണിൽ ആൺ-പെൺ സൗഹൃദങ്ങളൊക്കെ കുഴപ്പം പിടിച്ചതാണ്.”

“എന്നാലും നമ്മുടെ കൊച്ചിങ്ങനെ.”

സുജ ടീച്ചർ പല്ലു കടിച്ചു.

********************************************************

“മിസ്സേ…. ”

സ്റ്റാഫ് റൂമിലെ മേശപ്പുറത്തു തല ചായ്ച്ചു ഉറങ്ങിക്കിടന്ന സുജ ടീച്ചർ തലയുയർത്തി നോക്കി.സെക്കൻഡ് ഇയർ ഹ്യൂമാനിറ്റീസിലെ അഖിലാണ്.

“ടീച്ചർ വീട്ടിൽ പോകുന്നില്ലേ ,എല്ലാവരും പോയല്ലോ.”

ആളൊഴിഞ്ഞ സ്റ്റാഫ് റൂമിലേയ്ക്ക് സുജ കണ്ണോടിച്ചു.വാച്ചിൽ നോക്കി സമയം അഞ്ചായി.ഓരോന്നാലോചിച്ചു കിടന്നു മയങ്ങി പോയി.ചാടി എഴുന്നേറ്റു ബാഗ് എടുത്തു തോളിലിട്ടു.സ്റ്റാഫ് റൂം പൂട്ടി താക്കോൽ ഓഫീസിൽ ഏല്പിച്ചു.

അഖിൽ അച്ഛനില്ലാത്ത കുട്ടിയാണ്.അമ്മയുടെ ഏകമകനാണ്.പ്ലസ് വൺ അഡ്മിഷൻ സമയത്തു അവൻ്റെ അമ്മ അവനെ സുജ ടീച്ചറുടെ കൈകളിൽ ഏൽപ്പിക്കുമ്പോൾ അവൻ ലഹരിയ്ക്കടിമയായിരുന്നു.സ്നേഹിച്ചും ലാളിച്ചും ഇടയ്ക്കു നല്ല തല്ലു കൊടുത്തും സുജ ടീച്ചർ അവനെ തന്റെ പാതയിലേക്ക് നയിച്ചു.ഇന്നവൻ എല്ലാ അദ്ധ്യാപകരുടെയും പ്രിയങ്കരനാണ് ,സ്കൂൾ ലീഡറാണ്.സ്കൂളിലെ ഏത് പരിപാടികളുടെ മുന്നിലും അഖിലുണ്ടാകും.

“ടീച്ചർ സൈക്കിളിൽ കയറുമോ ? ഞാൻ ബസ് സ്റ്റോപ്പിൽ കൊണ്ടാകാം.”

ചിരിച്ചു കൊണ്ട് അവൻ്റെ സൈക്കിളിന്റെ പിന്നിൽ കയറി.

“മെയിൻ റോഡിൽ കൂടെ പോകണോ അതോ ഇടവഴിയിലൂടെ പോകണോ.”

പെട്ടെന്ന് ആനന്ദൻ മാഷിന്റെ മുഖം ഓർമ്മ വന്നു.

കഴിഞ്ഞ ദിവസം സയൻസിൽ പഠിക്കുന്ന പ്രിൻസും അനിത ടീച്ചറും കൂടെ കമ്പ്യൂട്ടർ ലാബ് വൃത്തിയാക്കാൻ പോയപ്പോൾ ആനന്ദൻ മാഷ് സ്റ്റാഫ് റൂമിൽ എല്ലാവരും കേൾക്കെ കളിയാക്കി പറഞ്ഞത് ഓർമ്മിച്ചു.

“ആ അനിത ടീച്ചർ ആ ചെക്കനേം കൊണ്ട് ലാബിൽ കയറീട്ടു സമയം കുറെ ആയല്ലോ ,എന്താ അവിടെ നടക്കുന്നത്?ആരേലും ചെന്നൊന്നു നോക്കിക്കേ.”

ചുറ്റുമുള്ള ലേഡീസ് സ്റ്റാഫിനെ നോക്കി മാഷൊരു വഷളൻ ചിരി പാസ്സാക്കി.മീന ടീച്ചർ മാഷിനോട് ചൂടായി.

“എന്താ മാഷെ ഇങ്ങനെ,മാഷൊക്കെ ഇങ്ങനെ ആയാൽ, നമുക്ക് പൊതു ജനങ്ങളെ കുറ്റപ്പെടുത്താൻ പറ്റുമോ.പ്രിൻസ് മാത്രമല്ല ടീച്ചറുടെ കൂടെ ഉള്ളത് മൂന്നാലു പെൺപിള്ളേരുമുണ്ട്.അവർക്കു കൂട്ടിനാണ് അനിത ടീച്ചർ പോയത്.ഈ മാഷിന്റെ ഓരോ ചിന്താഗതികൾ.”

അഖിലിന്റെ മുതുകിൽ തട്ടി സുജ ടീച്ചറിങ്ങനെ പറഞ്ഞു.

“മെയിൻ റോഡിൽ കൂടെ പൊയ്ക്കോ.കാലം വളരെ മോശമാണ്,ഇപ്പോൾ അദ്ധ്യാപികമാരെയും കുട്ടികളെയും കൂട്ടി കഥകൾ ഇറങ്ങാറുണ്ട് ,ഇടവഴിയിലൂടെ പോയാൽ….വെറുതെ എന്തിനാ നമുക്ക് പൊല്ലാപ്പ്.ഇപ്പോൾ തന്നെ എനിക്കുണ്ടായ പ്രശ്നം നിനക്കറിയാമല്ലോ. ”

സുജ ടീച്ചർ എന്തോ ഓർത്തു കൊണ്ട് ദീർഘമായി നിശ്വസിച്ചു.

ബസ് സ്റ്റോപ്പിൽ ബസ് വരുന്നത് വരെ അഖിൽ കൂടെ നിന്നു .

“ടീച്ചറെ ഒന്ന് പറഞ്ഞോട്ടെ.”

സുജ അഖിലിനെ നോക്കി പുഞ്ചിരിച്ചു.

“എന്താടാ ഒരു മുഖവുര ,നീ പറഞ്ഞോ.”

“ടീച്ചറെ ,എനിക്കറിയാം ടീച്ചറാകെ വിഷമത്തിലാണെന്ന് .മേഘയുടെ കാര്യം ഓർത്തിട്ടല്ലേ ടീച്ചറുടെ വിഷമം,ടീച്ചർമാര് മാത്രം വിചാരിച്ചാൽ കുട്ടികൾ നന്നാകില്ല.വീട്ടുകാരുടെ പിന്തുണ കൂടി വേണം.അല്ലെങ്കിൽ ടീച്ചർമാർക്കെതിരെ വീട്ടുകാർ കേസിനു പോകും.അതിനെ പിന്താങ്ങാൻ രാഷ്ട്രീയക്കാരും വരും.”

“എന്നാലും അവൾ ക്ലാസ്സിൽ വരാതെ ഒരുത്തന്റെ ബൈക്കിൽ കറങ്ങാൻ പോയത് വിളിച്ചു പറഞ്ഞതാണോ ഞാൻ ചെയ്ത കുറ്റം.സ്റ്റാഫ് മീറ്റിംഗിൽ എല്ലാവരും കൂടെ എന്നെ ഒറ്റപ്പെടുത്തിയപ്പോൾ ഞാൻ കരഞ്ഞു പോയി.പക്ഷെ നിങ്ങൾ കുട്ടികൾ എന്റെ ഒപ്പം നിന്നല്ലോ .എല്ലാവരും കൂടി അവളുടെ വീട്ടിൽ പോയി,അമ്മയെ പറഞ്ഞു മനസിലാക്കി.അവളെ സ്കൂളിൽ കൂട്ടി കൊണ്ട് വന്നപ്പോൾ ഞാൻ അനുഭവിച്ച സന്തോഷമുണ്ടല്ലോ,അത്രേം സന്തോഷം ഞാൻ മുൻപ് അനുഭവിച്ചത് പാർവതിയെ പ്രസവിച്ചപ്പോളാണ് .”

“ടീച്ചറ് ശരിക്കും ഞങ്ങളുടെ അമ്മ തന്നെയല്ലേ.സ്നേഹിക്കുകയും ഗുണദോഷിക്കുകയും ഒക്കെ ചെയ്യില്ലേ.പക്ഷെ എല്ലാ ടീച്ചേഴ്സും അങ്ങനെ ആത്മാർത്ഥത കാണിക്കില്ലല്ലോ.നന്നാകുന്നേൽ നന്നായിക്കോ അല്ലേൽ വേണ്ട എന്ന മട്ടിലാണ് ചില അദ്ധ്യാപകർ.കൗമാരം വല്ലാത്ത പ്രായമാണ് ടീച്ചറെ, നിയന്ത്രിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടായില്ലേൽ കുട്ടികൾ വഴിതെറ്റി പോകും.”

“കൊച്ചു വായിൽ വലിയ വർത്തമാനമാണല്ലോ.”

“സ്‌കൂള് വിട്ടാലും ടീച്ചറിന്റെ കണ്ണ് ഞങ്ങളുടെ ഒപ്പമുണ്ടെന്നു അറിയുന്നത് കൊണ്ട് ഞങ്ങൾ നേർവഴിക്കു നടക്കാൻ ശ്രമിക്കും.അല്ലെങ്കിൽ അപ്പോൾ തന്നെ ടീച്ചർ വീട്ടിൽ വിളിച്ചു പറയില്ലേ.
ടീച്ചറെ ,അടുത്തുള്ള സ്‌കൂളുകളിലൊക്കെ നടക്കുന്നത് കേട്ടിട്ടില്ലേ.പനി പിടിച്ചു ആശുപത്രിയിലായപ്പോളാണ് അവിടത്തെ ഒരു പെൺകുട്ടി ഗർഭിണിയാണെന്ന് എല്ലാവരും അറിയുന്നത്.മദ്യം കൊടുത്തു കൂട്ടുകാരൻ ബോധം കെടുത്തി.ഒടുവിൽ..”

“നമ്മുടെ കുട്ടികളൊന്നും വഴി തെറ്റി പോകില്ല.നമ്മുടെ ടീം വർക്ക് അങ്ങനെയല്ലേ.”

“അതാ പറഞ്ഞത്.ടീച്ചർ ഒന്ന് കൊണ്ടും വിഷമിക്കണ്ട.നമ്മുടെ പേരെന്റ്സ് ഗ്രൂപ്പിൽ എല്ലാവരും ടീച്ചർക്ക് നല്ല സപ്പോർട്ട് ആണ്.ഈ കൗമാര കാലയളവ് ഒന്ന് കടന്നു പോകുന്നത് വരെ കുട്ടികൾക്ക് ഒരു ചെറിയ നിയന്ത്രണം ,അത് കഴിയുമ്പോൾ അവർക്കാവശ്യമുള്ള പക്വതയുണ്ടായി വരും.അത് വരെ കൂടെയുണ്ടാകണം.അമ്മയെ പോലെ സ്നേഹിക്കുന്ന ടീച്ചറെയൊക്കെ കുറ്റക്കാരിയാക്കണേൽ കോടതിയ്ക്ക് ശരിക്കും അന്ധത ബാധിച്ചിരിക്കും.”

“നിന്റെ നല്ല വാക്കുകൾക്ക് ഞാനെങ്ങനെയാ നന്ദി പറയേണ്ടത്.ഞാൻ ഉറങ്ങിയിട്ട് എത്ര ദിവസമായെന്നറിയുമോ.അവളെന്റെ മുഖത്ത് നോക്കി പറഞ്ഞത് എന്താണെന്നു നിനക്കറിയാമോ.ടീച്ചർ ടീച്ചറുടെ പാട് നോക്കി പൊയ്ക്കൊള്ളാൻ.കൂടുതൽ ഉപദേശത്തിന് വന്നാൽ ടീച്ചറെ കുറ്റപ്പെടുത്തി ഒരു കത്തെഴുതി വച്ച് അവൾ തൂങ്ങി ചാകുമെന്ന്.”

“അവൾ നാളെ മുതൽ റഗുലറായി സ്‌കൂളിൽ വരും.അവൾക്കു ടീച്ചറുടെ മുഖത്ത് നോക്കാൻ ചമ്മലാണ്.എങ്കിലും അവള് നാളെ വന്നു ടീച്ചറോട് ക്ഷമ ചോദിക്കും.പൊട്ടി പെണ്ണല്ലേ.ടീച്ചറ് അവളെ ചേർത്ത് നിർത്തി രണ്ടു നല്ല വാക്ക് പറയണം.അതും ടീച്ചറെ കുറ്റപ്പെടുത്തിയ സഹപ്രവർത്തകരുടെ മുന്നിൽ വച്ച്.എന്റെ ടീച്ചറങ്ങനേ തോൽക്കാൻ ഞാൻ സമ്മതിക്കില്ല.”

കണ്ണ് നിറഞ്ഞതു അവൻ കാണാതിരിക്കാൻ സുജ ടീച്ചർ മുഖം തിരിച്ചു.

“ദേ ബസ് വരുന്നു.കയറി പൊയ്ക്കോ.ഇവിടെ നിന്ന് കരഞ്ഞു എന്നെ കൂടി കരയിക്കാതെ.”

കയ്യിൽ ബസ് കൂലിക്കു ചുരുട്ടി വച്ച നൂറു രൂപ അവന്റെ കയ്യിൽ വച്ച് കൊടുത്തു പറഞ്ഞു.

“പോകുന്ന വഴിക്കു കപ്പ വാങ്ങി കൊണ്ട് പൊയ്ക്കോ,നിന്റെ അമ്മയ്ക്ക് വലിയ ഇഷ്ടമല്ലേ.നാളെ രാവിലെ നേരത്തേ അങ്ങ് വന്നേക്കണം.നമുക്ക് ആ അടുക്കള തോട്ടം നനയ്ക്കണം.”

ബസിൽ കയറി അവനെ നോക്കി കൈ വീശി കാണിച്ചു.

ശൂന്യമായ മനസ്സ സ്നേഹം കൊണ്ട് നിറഞ്ഞു വീർത്ത പോലെയൊരു അനുഭൂതി.അവനെ പോലെയൊരു മകനെ തനിക്കു കിട്ടിയില്ലല്ലോ എന്നോർത്ത് വിഷമം.എന്തിനാ അവനെ പോലൊരു മകൻ,അവൻ തന്റെ മകൻ തന്നെയല്ലേ.

സ്നേഹം നിറഞ്ഞ മനസ്സിനെ തണുപ്പിക്കാനായി എന്നവണ്ണം ഇളം കാറ്റു തലോടി കടന്നു പോയി.ടീച്ചർ മെല്ലെ കണ്ണുകൾ അടച്ചു സീറ്റിൽ ചാരിയിരുന്നു നാളത്തെ ദിവസം ഓർത്തും കൊണ്ട്…..