ഭർതൃവീട്ടിൽ എത്തിയ മീനാക്ഷിക്ക് അവിടം സ്വർഗം ആയിരുന്നു. ഒന്നിനും ഒരു കുറവും ഇല്ലായിരുന്നു…

(രചന: ഗിരീഷ് കാവാലം)

“പത്മജേ നാളെ വിവാഹ പന്തലിലേക്ക് കയറാനുള്ള പെണ്ണിനെയാണോ വാരി വായിൽ വെച്ച് കഴിപ്പിക്കുന്നത് ”

മൊബൈൽ നോക്കി ഇരിക്കുന്ന 21 വയസ്സുകാരിയായ മീനാക്ഷിക്ക് ചോറ് വാരികൊടുക്കുകയായിരുന്നു പത്മജ

സരസമായി ഗോപേട്ടൻ അത് പറഞ്ഞതിന്റെ നർമം ഉൾക്കൊണ്ടു ചിരിച്ച മീനാക്ഷിയുടെ നെറുകയിൽ ഭക്ഷണം കയറിയതും തലയിൽ തട്ടി മകളെ സഹായിച്ചുകൊണ്ട് പത്മജ പറഞ്ഞു

“ഗോപേട്ടാ ഇതാ ഇപ്പോഴത്തെ ട്രെൻഡ് പണ്ടത്തെ പോലെ ഒരുപാട് കുട്ടികൾ ഒന്നും ഇല്ലാത്ത ഈ കാലത്ത് ഇത് ഒരു നാണക്കേട് ഒന്നും അല്ലന്നേ ”

“പിന്നെ ഇന്നുകൂടി അല്ലെ എനിക്ക് വാരികൊടുക്കാൻ കഴിയുള്ളൂ.. നാളെ മുതൽ എന്റെ കുഞ്ഞ് വേറെ ഒരു വീട്ടിൽ അല്ലെ ”

“നാളെ അങ്ങോട്ട് ചെന്നാൽ എന്റെ കുട്ടി അടുക്കളയിൽ ഒന്നും കേറാൻ നിൽക്കേണ്ട. അവിടെ വേലക്കാരി ഉണ്ടല്ലോ അത് ചെയ്തു തരുന്നത് കഴിച്ചാൽ മാത്രം മതി..” അമ്മൂമ്മ പറഞ്ഞു

നാളെയാണ് ബിടെക്കിന്റെ ഫൈനൽ എക്സാം കഴിഞ്ഞു നിൽക്കുന്ന മീനാക്ഷിയുടെ വിവാഹം.. ഒരു ബന്ധുവിന്റെ വിവാഹചടങ്ങിൽ വെച്ച് മീനാക്ഷിയെ ശ്രദ്ധിച്ച ഒരു വീട്ടുകാർക്ക് അവളെ വല്ലാതെ ഇഷ്ടപ്പെട്ടു. സാമ്പത്തികമായി മുന്നിലായിരുന്ന അവർ തങ്ങളുടെ മകൻ ശിവക്ക് വേണ്ടി പ്രൊപോസൽ ചെയ്തതും പെട്ടന്ന് തന്നെ വിവാഹം ഉറച്ചു ഡേറ്റും നിശ്ചയിച്ചു

മൂന്ന് ചേച്ചിമാരുടെയും വിവാഹം കഴിഞ്ഞതോടെ ഇപ്പൊൾ ശിവയും അമ്മയും തനിച്ചാണ് ആ വലിയ വീട്ടിൽ

“അമ്മേ കൂൾ ആയിരിക്കൂ ഈ സെന്റി ഒക്കെ പണ്ടായിരുന്നു.. മാറിയ ഈ കാലത്ത് അങ്ങാപ്പുറത്തേ വീട് മാതിരിയെ ഉള്ളൂ ലോകത്ത് എവിടെ താമസിച്ചാലും..”

വിവാഹം കഴിഞ്ഞു വരന്റെ കാറിൽ കയറാൻ നേരം അമ്മയുടെ സെന്റിമെൻസ് കണ്ട മീനാക്ഷി പറഞ്ഞു

“കാലം പോയ പോക്കേ….

അവിടെ നിന്ന ഒരു സ്ത്രീ മൂക്കത്തു വിരൽ വച്ച് അറിയാതെ പറഞ്ഞു പോയി

ഭർതൃവീട്ടിൽ എത്തിയ മീനാക്ഷിക്ക് അവിടം സ്വർഗം ആയിരുന്നു. ഒന്നിനും ഒരു കുറവും ഇല്ലായിരുന്നു

“അമ്മേ കറക്റ്റ് സമയത്ത് കൈ കഴുകി ഡൈനിങ് ടേബിളിൽ ഇരുന്നാൽ മതി എല്ലാം അങ്ങ് എത്തിക്കോളും..”

ഫോണിൽ കൂടി അമ്മയോട് ആവേശത്തോടെ സംസാരിച്ചുകൊണ്ട് മീനാക്ഷി പറഞ്ഞു

“പിന്നെ കഴുകാൻ ഉള്ള ഡ്രസ്സ്‌ എല്ലാം ഒരു സ്ഥലത്ത് മാറ്റി വെച്ചാൽ മതി, സെർവെൻറ് ചേച്ചി എടുത്തു കഴുകി ഇട്ടോളും അമ്മേ ”

“പിന്നെ ബോഡി മൈന്റൈയിൻ ചെയ്യാൻ അത്യാവശ്യം ജിം ഫെസിലിറ്റി ഒക്കെ ഉണ്ട് ഇവിടെ..”

“അങ്ങനെ എല്ലാം കൊണ്ടും ഞാൻ കംഫർട്ടബിൾ ആണ് അമ്മേ… പക്ഷേ ഒരു കുറവ് ഉണ്ട് ”

എന്താ മോളെ ?

ആകാംഷയോടെ പത്മജ ചോദിച്ചു

“അമ്മയുടെ കൈകൾ കൊണ്ട് വാരി തരുന്നത് കഴിക്കുന്ന ആ ഒരു സുഖം അതൊരു മഹാഭാഗ്യം തന്നാ അമ്മേ അത് മാത്രം മിസ്സ്‌ ചെയ്യുന്നു ”

ഡൈനിങ് ടേബിളിൽ പാത്രം വെക്കുന്ന ശബ്ദം കേട്ടതുകൊണ്ട് മൊബൈലിൽ സംസാരിച്ചുകൊണ്ട് മീനാക്ഷി അങ്ങോട്ട്‌ പോയി

ഒരു കൈയ്യിൽ ചട്ടുകവുമായി വന്ന അമ്മ ദോശ പ്ളേറ്റ് ഡൈനിങ് ടേബിളിൽ വച്ചിട്ട് പോയി

എന്താ മോളെ എന്താ?

“ഓ… ഒന്നും ഇല്ല അമ്മേ.. അമ്മ കഴിക്കാൻ ഉള്ളത് ടേബിളിൽ വച്ചിട്ട് പോയതാ..”

അപ്പോഴാണ് വാഷ് ചെയ്യാൻ കൂട്ടിയിട്ട ഡ്രസ്സിലേക്ക് മീനാക്ഷിയുടെ ശ്രദ്ധ പോയത്

“അമ്മേ ഞാൻ പിന്നെ വിളിക്കാമേ ”

മീനാക്ഷി കാൾ കട്ട്‌ ചെയ്തു

“ഇന്ന് വേലക്കാരി ചേച്ചി വന്നില്ലേ അമ്മേ..?

ചമ്മന്തിയുമായി അങ്ങോട്ട് വന്ന അമ്മയോട് മീനാക്ഷി ചോദിച്ചു

“മോളെ വേലക്കാരിയായല്ല അവർ ഇവിടെ നിന്നിരുന്നത്.. കുറച്ചു ദിവസം എന്റെ മേലായ്മകൊണ്ട് നിർത്തിയതാ, നടുവിന് ഒരു പിടുത്തം അത് ഇപ്പൊ മാറി.. ഇന്ന് തൊട്ട് അവൾ വരില്ല ”

മീനാക്ഷിയുടെ മുഖം മാറുന്നത് കണ്ടു അമ്മായിയമ്മ പറഞ്ഞു

“മോളെ ഞാൻ എന്റെ ഭർത്താവിന്റെ കൂടെ രജിസ്റ്റർ മാരിയേജ് ചെയ്തു ഇവിടെ വരുമ്പോൾ എനിക്ക് നേരാവണ്ണം ഒരു ചായ തിളപ്പിക്കാൻ കൂടി അറിയില്ലായിരുന്നു. വലിയ തറവാട്ടിൽ നിന്ന് ഇഷ്ടപ്പെട്ട ആളുടെ കൂടെ സാധാരണക്കാരുടെ ഇടയിലേക്ക് വരുമ്പോൾ എന്റെ ജീവിതം തന്നെ ഈ രീതിയിൽ മാറി മറിയുമെന്ന് ഞാൻ വിചാരിച്ചില്ല ”

“നാല് മതിൽക്കെട്ടിനുള്ളിലെ ആർഭാടമല്ല യഥാർത്ഥ ജീവിതം എന്ന് പഠിക്കാൻ കഴിഞ്ഞു. ഞാൻ അറിയാതെ തന്നെ എന്നിൽ ഒരു പാചകക്കാരി ഉണ്ടെന്ന കാര്യം തിരിച്ചറിഞ്ഞു ”

“ഈശ്വരാനുഗ്രഹത്താൽ ഈ കാണുന്ന നിലയിലേക്ക് ശിവയുടെ അച്ഛൻ എത്തിച്ചെങ്കിലും എളിമ കൈ വിട്ടില്ല..”

“അന്ന് മുതൽ ഇന്ന് വരെ വീട്ട് പണിക്ക് ആളെ വെക്കാമായിരുന്നെങ്കിലും വെച്ചില്ല..എല്ലാം ഞാൻ തന്നെയാ.. വലിയ തിരക്ക് ഉണ്ടെങ്കിലും അവധി ദിവസങ്ങളിൽ ശിവയും എന്നെ സഹായിക്കാറുണ്ട് ”

പോസിറ്റീവ് വൈബ് മുഴുവനായി ചോർന്നു പോയപോലെ മീനാക്ഷിക്ക് തോന്നി

അടുക്കളയിൽ അമ്മ പാചകം ചെയ്യുമായിരിക്കും പക്ഷേ തന്റെ തുണികൾ ഒക്കെ താൻ തന്നെ കഴുകണമല്ലോ എന്നാലോചിച്ചപ്പോൾ രാജകുമാരിയെ പോലെ കൈയ്യിൽ അഴുക്ക് വരാൻ സമ്മതിക്കാതെ വീട്ടുകാർ പൊന്നുപോലെ വളർത്തിയ മീനാക്ഷിക്കു ഞെട്ടൽ ആയി.

“ക്രമേണ തനിക്കും അടുക്കളയിൽ കയറി അമ്മായിയമ്മയെ സഹായിക്കേണ്ടി വരും ”

അന്ന് സൺ‌ഡേ ആയതുകൊണ്ടും പലവിധ ചിന്തകളാലും ഉറങ്ങാൻ കിടന്ന മീനാക്ഷി താമസിച്ചാണ് എഴുന്നേറ്റത്

ജനൽ തുറന്നതും തന്റെ വസ്ത്രങ്ങൾ കഴുകി അഴയിൽ വിരിക്കുന്ന ശിവയെ ആണ് മീനാക്ഷി കാണുന്നത്..

“മീനാക്ഷി നമ്മുടെ ഇന്നത്തെ ടൂർ ക്യാൻസൽ.. അത് നാളെയാക്കാം. ഒരു ഹോസ്പിറ്റൽ കേസ് ഉണ്ട് എന്റെ ഒരു ഫ്രണ്ട് വിമൽ ഉണ്ട് അവന്റെ അമ്മയുടെ മേജർ ഓപ്പറേഷൻ കഴിഞ്ഞു..നമുക്ക് ഒന്ന് കാണാൻ പോകാം ”

ഹോസ്പിറ്റലിൽ എത്തിയപ്പോൾ ആണ് അറിഞ്ഞത് നാല് മണിക്ക് ശേഷം മാത്രമേ ഉള്ളിൽ പേഷ്യന്റ് നെ കാണാൻ പറ്റൂ ഉള്ളൂ എന്ന്..

“എന്താ പോകണോ നാളെ വന്നാൽ മതിയോ?

“ഏട്ടാ അപ്പൊ നാളത്തെ നമ്മുടെ ടൂറും മുടങ്ങില്ലേ.. വന്നതല്ലേ കണ്ടിട്ട് പോകാം..”

ശിവയുടെ ചോദ്യത്തിന് മറുപടിയായി മീനാക്ഷി പറഞ്ഞു

ഹോസ്പിറ്റലിലേക്ക് വരുന്നതും പോകുന്നതുമായ ആളുകളെയും, ഭായാനകമായ രീതിയിൽ വന്നു നിൽക്കുന്ന ആംബുലൻസുകളിൽ നിന്ന് അത്യാഹിതത്തിലേക്ക് മാറ്റുന്ന ആളുകളെയും കണ്ട് അവർ വെയ്റ്റിംഗ് കസേരകളിൽ ഇരുന്നു.

ഇതിനിടയിൽ അടുത്തിരിക്കുന്ന ആളുകളുമായി ചങ്ങാത്തം കൂടി മീനാക്ഷി അവരുടെ വിശേഷങ്ങൾ തിരക്കുന്നും ഉണ്ടായിരുന്നു

ദിവസം മുഴുവൻ ഇരുന്ന ശേഷം ഫ്രണ്ടിന്റെ അമ്മയെ കണ്ട് വൈകുന്നേരം വീട്ടിൽ എത്തിയപ്പോഴേക്കും മീനാക്ഷിയുടെ മുഖത്തിന് തെളിച്ചം ഇല്ലായിരുന്നു

“എന്താടോ താൻ ഡൾ ആയിരിക്കുന്നത്.. ടൂറിന് പോകാൻ സാധിക്കാത്തതുകൊണ്ടാണോ..”

“ഏട്ടാ നമ്മൾ ഒക്കെ എത്ര ഭാഗ്യവാൻമാരാ..”

“അതെന്താടോ സെന്റി ആയിട്ടൊരു ചോദ്യം ”

“അല്ല ഹോസ്പിറ്റലിലെ ആ ഒരു അവസ്ഥയെ.. അതൊക്കെ കാണുമ്പോൾ നമ്മൾ ഒക്കെ ഈ നിമിഷം ഭാഗ്യവാൻമാരല്ലേന്ന് പറഞ്ഞതാ..”

‘ഓ ഫിലോസഫി.. ഫിലോസഫി.. താൻ ഫ്രഷ് ആക് ഞാൻ സാറിനെ ഒന്ന് വിളിക്കട്ടെ ”

ശിവ മൊബൈലുമായി വെളിയിലേക്ക് ഇറങ്ങിയതും വേലക്കാരി ചേച്ചി അങ്ങോട്ട്‌ വന്നു

“കുഞ്ഞേ ഞാൻ പോകുവാ പൈസ തരാൻ ആയി ചേച്ചി വിളിച്ചതുകൊണ്ട് വന്നതാ ”

“ഇരിക്ക് ചേച്ചി അല്പം സംസാരിച്ചിട്ടൊക്കെ പോകാം..”

“അയ്യോ എനിക്ക് പോകണം. ഒരാൾ അവിടെ വിശന്നിരിക്കുവായിരിക്കും.. മോന് ഞാൻ ചെന്ന് വാരി വായിൽ വെച്ച് കൊടുക്കണം ”

പുഞ്ചിരിയോടെ അവർ അത് പറഞ്ഞപ്പോൾ മീനാക്ഷിയുടെ മുഖം ഒന്ന് വിടർന്നു

മോന് എത്ര വയസ്സ് ഉണ്ട് ?

“മുപ്പത് ആകുന്നു ”

“അപ്പോൾ താൻ മാത്രം അല്ല ഇങ്ങനെ കഴിക്കുന്നത്.. ഇപ്പോഴത്തെ ട്രെൻഡ് ഇങ്ങനാണെന്ന് അറിയാത്തവരാ മുഴുവനും ”
മീനാക്ഷി മനസ്സിൽ ഓർത്തു

“മോൻ എന്ത്‌ ചെയ്യുന്നു ?

ഒന്നും പറയണ്ട മോളെ ഒരു ആക്സിഡൻന്റിൽ കൈ കാലുകൾ ഒടിഞ്ഞു കിടപ്പിലാ..

ഒന്ന് ഞെട്ടിയ മീനാക്ഷി തിരിച്ച് ഒന്നും പറയാതെ അവർ പോകുന്നതും നോക്കി നിന്നു

ഒരു നിമിഷം അവൾ തന്റെ കൈകൾ ഉയർത്തി സ്വയം ചോദിച്ചു

“തന്റെ കൈകൾക്കു കുഴപ്പം ഒന്നും ഇല്ലല്ലോ ”

അടുത്ത ദിവസം ഉണർന്നതും ചൂട് ചായയുമായി നിൽക്കുന്ന മീനാക്ഷിയെ ആണ് ശിവ കണ്ടത്

“ങേ…. താനാ ചായ ഉണ്ടാക്കിയത് ?

ആശ്ചര്യത്തോടെ ശിവ ചോദിച്ചു

“അതേ.. ആകെ അറിയാവുന്ന ഒരു പണി.. ഇനി എല്ലാം ഒന്നേന്നു പഠിക്കണം..”

ചായ കുടിക്കുമ്പോൾ ശിവയുടെ മനസ്സിലേക്ക് ഒരു ചെറു പുഞ്ചിരിയോടെ പണ്ട് അച്ഛൻ തന്നോട് രഹസ്യമായി പറഞ്ഞ ആ വാക്കുകൾ കടന്നു വന്നു..

“രജിസ്റ്റർ മാര്യേജ് കഴിഞ്ഞു നിന്റെ അമ്മയെ ആദ്യമായി കൊണ്ടുപോയതും കറക്കിയതും ബീച്ചിലോ പാർക്കിലോ അല്ല ഒന്ന് രണ്ട് ആശുപത്രിയിൽ ആണ് ജീവിതം എന്താണ്, എങ്ങനെയാണ് എന്ന തിരിച്ചറിവിന് ഏറ്റവും നല്ല മരുന്നാ അത്………

## ഗിരീഷ് കാവാലം ##