മാഷ് സമ്മതിക്കില്ല സൂര്യ….പിന്നെ അമ്മക്കും തീരെ താത്പര്യല്ല…ഈ നാട് വിട്ട് പോവാം എന്നാണ് പറയുന്നത്. നമുക്കിത്…

നുണ

(രചന: ധന്യ സതീഷ്)

” മാഷ് സമ്മതിക്കില്ല സൂര്യ….പിന്നെ അമ്മക്കും തീരെ താത്പര്യല്ല…ഈ നാട് വിട്ട് പോവാം എന്നാണ് പറയുന്നത്. നമുക്കിത് ഇവിടെ വെച്ച് മറക്കാം”

വിനു മുഖത്ത് നോക്കാതെയാണ് പറഞ്ഞത്. പറഞ്ഞ്തീർന്നതും മുണ്ടുമടക്കികുത്തി അവൻ പാടത്തേക്കിറങ്ങി.
സൂര്യക്ക് ദേഷ്യമടക്കാനായില്ല. “ആണുങ്ങളായാൽ കുറച്ചൊക്കെ ധൈര്യം വേണം. അച്ഛനെയും നിൻറമ്മയെയുംകൊണ്ട് ഞാൻ സമ്മതിപ്പിക്കാം. കല്യാണത്തിന് റെഡി ആയിക്കോ” അവൾ വിളിച്ച് പറഞ്ഞു. കരച്ചിലടക്കി വീട്ടിലേക്ക് നടന്നു.

” നീ വായനശാലേലിക്കാണോടീ?കേറിക്കോ”
കൃഷ്ണൻമാമയാണ്…അച്ഛൻറെ സുഹൃത്ത്.
” മാമ വന്നത് നന്നായി. എനിക്കൊരു കല്യാണം കഴിക്കണം. ”
” വേണല്ലോ …നിൻറെ അച്ഛനും ഞാനും കൂടി പലതും നോക്കുന്നുണ്ട്. നീ തന്നെയല്ലേ ജോലിയായിട്ട് മതീന്ന് പറഞ്ഞത്…എന്താപ്പോ ഇങ്ങനെ തോന്നാൻ?”
” അതൊക്കെ ഞാൻ വേറൊരുത്തന് ജോലീം കൂലീം ആവാൻ കാത്തിരുന്നതാ…ഇപ്പോൾ എനിക്കൊരു ജോലിണ്ടല്ലോ? അത് മതി”
” ഒരു പണീം തൊരോം ഇല്ല്യാത്തോനെയാണോ നീയിപ്പോ കണ്ടുപിടിച്ചത്? നന്നായി…ഏത് നാട്ട്കാരനാ..കേൾക്കട്ടേ..”
” നാടൊക്കെ നമ്മടെ തന്നെ…പഠിച്ചിട്ടും ണ്ട്…പിന്നെ നാട്ട്കാരടെ കാര്യം കഴിഞ്ഞിട്ട് പണിക്ക്പോവാൻ പറ്റണ്ടേ…ശരിയാക്കാം.എല്ലാം ശരിയാക്കാം”
കുഷ്ണൻ മാഷ് വണ്ടിയിൽ നിന്നിറങ്ങി.

” ആരാ സൂര്യേ?” അയാളുടെ ശബ്ദം പതറിയിരുന്നു.
സൂര്യ കുസൃതിയോടെ നോക്കി. ” ഇനീം മനസിലായില്ലേ? ഒരു ക്ളൂ കൂടി തരാം. അച്ഛനയാള് മകനെപോലെത്തന്നെയാണ്. അങ്ങനെ പറഞ്ഞിട്ടും ണ്ട്. അമ്മക്കും അതെ”
സൂര്യ നാണം അഭിനയിച്ചു നിന്നു.
മാഷ് ശരിക്കും വിയർത്തു.
“പൊന്ന് മോളേ…ഇത് എന്നോട് പറഞ്ഞത് പോട്ടേ..ഇനി ആരോടും മിണ്ടരുത്. നിൻറെ അച്ഛൻ തകർന്നു പോവും”

സൂര്യക്ക് ശരിക്കും ദേഷ്യം വന്നു.

“ആദർശൊക്കെ പ്രസംഗത്തില് മാത്രേ ളളൂ ല്ലേ നിങ്ങൾക്കൊക്കെ…താഴ്ന്ന ജാതിയാണ് എന്നാവും…പിന്നെ അച്ഛനുപേക്ഷിച്ച് പോയത് അവൻറേം അമ്മയുടേം തെറ്റല്ലല്ലോ? എനിക്കതൊന്നും പ്രശ്നല്ല. അച്ഛനെകൊണ്ട് മാമ സമ്മതിപ്പിക്കണം.”

അയാൾ ധൃതിയിൽ വണ്ടി സ്റ്റാർട്ട് ചെയ്തു. ” തമാശ പറയാതെ വേഗം ചെല്ല്…വിനുവിനു നല്ലൊരു പെണ്ണിനെ ഞങ്ങൾ കണ്ട് പിടിച്ചോളാം..ആ വെളളമങ്ങ് വാങ്ങിവെച്ചോ..”

സൂര്യക്ക് കരച്ചിൽ വന്നു. ഈ നാട്ടിലെ സകല പ്രശ്നങ്ങളും പരിഹരിക്കുന്നവരാണ് വാസുദേവൻ മാഷും കൃഷ്ണൻമാഷും വിനുവും. അടിപിടി കേസുമുതൽ പ്രണയവിവാഹം വരെ..അല്ല അവിഹിതം വരെ ഒത്തു തീർപ്പാക്കും. വിനു നിന്നതുകൊണ്ട് മാത്രമാണ് ആ വാർഡിൽ ചെറിയ ഭൂരിപക്ഷത്തിനാണെങ്കിൽ പോലും പാർട്ടി ജയിച്ചത്. അവിടെ പെൺകുട്ടികൾ കൂടുതലായതുകൊണ്ടാണെന്ന് താൻ കളിയാക്കും. നല്ലോണം പഠിക്കുന്ന ആ ചെക്കൻറെ ഭാവി നിങ്ങള് രണ്ട് മാഷ്മാരും കൂടി തൊലക്കുമെന്ന് അമ്മ പ്രിയ ശിഷ്യനെകൊണ്ട് വേവലാതിപെടും.

തൻറെ പ്രശ്നങ്ങൾക്ക് മാത്രം ഒരു പരിഹാരവുമില്ലേ? എത്ര പുറകേ നടന്നിട്ടാണ് വിനുവിനെ തൻറെ വഴിക്ക് കൊണ്ടുവന്നത്. രണ്ട് വയസിന് മൂത്തതാണ്. ബാല്യകാല സുഹൃത്തും അയൽവാസിയുമാണ്. ഒരിക്കൽ മാത്രമാണ് വിനു പിണങ്ങിയിട്ടുളളത്. വിനുവിൻറെ അച്ഛനെന്നാ വരാ ന്ന് അവൻറെ അമ്മയോട് ചോദിച്ചപ്പോൾ അവരൊരുപാട് കരഞ്ഞു. അതിനായിരുന്നു അത്. വിനുവിൻറെ അമ്മച്ഛൻ അച്ഛച്ഛൻറെ വിശ്വസ്തനായ പണിക്കാരനായിരുന്നു. രണ്ടുപേരും ഇപ്പോളില്ല.

വീടെത്തിയത് അറിഞ്ഞില്ല. അമ്മ ചെടികൾ നനക്കുന്നു. “എന്തേ പെട്ടെന്ന് പോന്നത്. ലക്ഷ്മി വീട്ടിലില്ലേ?”
” ഇല്ല…” മുഖംകൊടുക്കാതെ അകത്തേക്ക് കയറി. ലോകം മുഴുവൻ എതിരായത് പോലെ തോന്നുന്നു. കല്യാണകാര്യമായത്കൊണ്ട് മാത്രമാണ് അച്ഛനോടുമമ്മയോടും നേരിട്ട് പറയാൻ മടിച്ചത്. അവരൊരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ്. അതാണൊരു ചമ്മൽ. സർവസ്വാതന്ത്ര്യവും നൽകി വളർത്തിയ മകളാണ്. മോനേ എന്നാണ് അച്ഛൻ വിളിക്കുന്നത്.

വെറുതെ കണ്ണടച്ചു കിടന്നു.
” നിനക്കെന്താടി വയ്യേ? ”
“ഒന്നൂല്ല്യ അമ്മേ…ഞാൻ കൊറച്ച് കെടക്കട്ടേ…” നീരസത്തോടെയാണ് പറഞ്ഞത്. അല്ലെങ്കിലും അങ്ങാടിയിൽ തോറ്റാൽ അമ്മയോടാണല്ലോ?
” കൃഷ്ണൻ മാമ വിളിക്കുണു…ഉമ്മറത്ത്ണ്ട്. ഞാൻ ചായ എടുക്കാം”

ങേ…ഇപ്പോൾ കണ്ടതല്ലേ ഉളളൂ. ഇനിയിപ്പോൾ മനസ് മാറി കാണുമോ?സൂര്യ ചാടി എഴുന്നേറ്റു ഉമ്മറത്തേക്കോടി.
ബിന്ദുടീച്ചർ അന്തം വിട്ടു. ഈ കുട്ടിടെ ഒരു കാര്യം.

കൃഷ്ണൻമാഷ് അവളെ കണ്ടതും മുറ്റത്തേക്കിറങ്ങി. അകത്തേക്ക് പാളി നോക്കി. ” അമ്മ അടുക്കളയിലാണ്…”
ഇതെന്തിനുളള ഭാവമാണ്. ” വാ…” അയാൾ മാവിൻ ചുവട്ടിലേക്ക് നടന്നു. സൂര്യ സംശയത്തോടെ കൂടെ ചെന്നു.

” നീ എന്നോട് പറഞ്ഞതൊന്നും ഇവിടെ പറയരുത്. നീ വിചാരിക്കും പോലെയല്ല കാര്യങ്ങൾ. അച്ഛനെയും അമ്മയേയും ജീവനോടെ വേണ്ടേ നിനക്ക്…?”ശബ്ദം താഴ്ത്തിയാണ് പറഞ്ഞതെങ്കിലും മാഷ് നല്ല ദേഷ്യത്തിലാണ്.

സൂര്യ അയാളെ പുച്ഛത്തോടെ നോക്കി. “നിങ്ങളവരെ ശരിക്ക് മനസിലാക്കിയിട്ടില്ല. ലക്ഷ്മിടെ കാര്യത്തില് മതി മാഷുടെ കടും പിടിത്തൊക്കെ…”

തിരിഞ്ഞ് നടക്കുന്നേരം കെതണ്ടയിൽ പിടിവീണു. ദേഷ്യത്തോടെ നോക്കുമ്പോൾ മാഷ് ദയനീയമായി നോക്കി പറഞ്ഞു “വാസൂൻറെ മകനാ മോളേ വിനു. അന്ന് വാസൂന് ധൈര്യമില്ലാതെ പോയി…”
തല കറങ്ങുന്നത് പോലെ തോന്നി. ” വല്യ വാശിക്കാരിയല്ലേ നീ….ബിന്ദു ഒരു അറ്റാക്ക് കഴിഞ്ഞവളാ…ഓർത്തോ…”
കാറ്റുപോലെ അയാളിറങ്ങി പോയി.

” നീയെന്താ മുറ്റത്ത് നിക്കണ്…മാഷെവടെ?”
ഒന്നും മിണ്ടിയില്ല. ധെര്യമൊക്കെ ചോർന്നു പോയിരിക്കുന്നു.
” നിനക്ക് ചെവി കേൾക്കില്ലേ സൂര്യേ?”
അമ്മ ഇപ്പോൾ ശരിക്കും ഹെഡ്ടീചറായിരിക്കുന്നു..
“ലക്ഷ്മി വന്നൂ ന്ന് പറയാൻ വന്നതാ…ഞാനിപ്പോ വരാം…” മുഖം കൊടുക്കാതെ ഗേറ്റ് തുറന്ന് നടന്നു…അമ്മ എന്തൊക്കെയോ വിളിച്ച് പറയുന്നു…ചായ ചൂടാറും എന്നായിരിക്കും.

പഴയതറവാടിൻറെ പൊളിഞ്ഞുതുടങ്ങിയ തറയിൽ കാൽമുട്ടിൽ മുഖം ചേർത്ത് വെച്ച് പൊട്ടികരഞ്ഞു. അച്ഛനോടാദ്യമായ് വെറുപ്പ് തോന്നി. നേരം കുറേ ആയി. ചുമരിൽ പിടിച്ചെഴുന്നേറ്റു. ഈ ചുമരുകൾക്ക് എല്ലാം അറിയാമായിരിക്കും. വിനുവിൻറെ അമ്മമ്മയും അമ്മയുമൊക്കെ ഇവിടെ പണിക്ക് വന്നിരുന്നതാണ്.

സൂര്യ മുഖം അമർത്തിത്തുടച്ചു.
അമ്മ കാണാതെ എങ്ങിനെയും ഉളളിൽ കയറിപറ്റണം. അച്ഛൻ രാത്രിയേ വരൂ. അതാണൊരു സമാധാനം. വേഗം സ്ഥലം വിടണം. ശബ്ദമുണ്ടാക്കാതെ ഗെയ്റ്റ് തുറന്നു. വാതിൽ തുറന്നു കിടക്കുന്നു. വിളക്കുവെക്കാനുളള പുറപ്പാടാണ്. മുകളിലേക്ക് കയറുമ്പോൾ അമ്മ ചോദിച്ചു “എങ്ങോട്ടാ പൂച്ചയെ പോലെ…വിളക്ക് കണ്ടിട്ട് പോടീ..” കേൾക്കാത്ത പോലെ നടന്നു. ” അച്ഛനും മോളും കണക്കാ…”

ശരിയാണ്. സ്വന്തം കുഞ്ഞിനെ സ്വന്തം മകനേ പോലെ എന്നാക്കിയൊരച്ഛനും അറിയാതെയാണെങ്കിലും സ്വന്തം സഹോദരനോട് അസ്ഥിക്ക് പിടിച്ച പ്രേമംകൊണ്ടുനടന്നൊരു മകളും….രണ്ടും കണക്കാ…കയ്യിൽ കിട്ടിയ സാധനങ്ങളൊക്കെ ബാഗിൽ കുത്തിനിറക്കുമ്പോൾ അവളാലോചിക്കുകയായിരുന്നു. അമ്മയോടിനി എന്ത് നുണയാണ് പറയേണ്ടത്?

ധന്യ സതീഷ്