(രചന: ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ)
സ്ത്രീ പുരുഷ സ്നേഹ ബന്ധത്തിൽ, സ്ത്രീകളുടേത് തലയിൽ നിന്നും പുരുഷന്റേത് ലിംഗത്തിൽ നിന്നും ആണെന്നൊരു കരക്കമ്പിയുണ്ട്. അതും പറഞ്ഞ് മുന്നിൽ ആരെങ്കിലും വന്നാൽ ആ കമ്പിയെടുത്ത് തലയ്ക്കടിക്കുമെന്നത് ഉറപ്പാണ്. അത്രയ്ക്കും ഉള്ള് നീറുന്നുണ്ട്… രാധയെ അമ്മ കാത്തിരിക്കുകയാണ്…
‘എന്റെ രാധേ, നമുക്കൊരുമിച്ച് ജീവിക്കാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…?’
പൊതുവേ സ്ത്രീ തൽപ്പര കക്ഷി അല്ലാതിരുന്ന ഞാനൊരു മുന്നൂറ് തവണയെങ്കിലും രാധയോട് ഇങ്ങനെ ചോദിച്ചിട്ടുണ്ട്. പറ്റുമെന്നും, പ്രണയത്തോളം ശക്തമായിട്ട് മറ്റൊന്നും ഭൂമിയിൽ ഇല്ലെന്നും പറഞ്ഞ് അവൾ അപ്പോൾ എന്റെ താടിയിൽ ചുംബിക്കും. ശേഷം മൂക്കിൽ രോമം കയറിയെന്ന് പറഞ്ഞ് തുമ്മും. അതിലും ഒരു രസമുണ്ട് പോലും. പെണ്ണിന്റെയൊരു കാര്യമെന്ന ചിന്തയിൽ ഞാൻ ആ നേരം അവളുടെ കഴുത്തിൽ ചുണ്ടുകൾ കൊണ്ട് കടിക്കും. ഓട്ടോയുടെ പിറകിലെ സീറ്റിൽ ഇരുന്ന് അവളൊരു വില്ല് പോലെ വളയുന്നത് കാണാൻ നല്ല ചന്തമാണ്.
പണ്ടൊരു ബാങ്കിന്റെ മുമ്പിൽ നിന്ന് കൈ നിറയേ പണവുമായി എന്റെ ഓട്ടോയിൽ കയറിയതാണ് രാധ. പുതിയ കാറ് വാങ്ങാൻ പോകുന്ന പോക്കായിരുന്നു. അച്ഛനും അമ്മയും കൂടിയാണ് പണം തന്നതെന്നും അവൾ പറഞ്ഞിരുന്നു. ഞങ്ങൾ ഷോറൂമിലേക്ക് പോയി. പുത്തൻ കാറുമായി അവൾ മടങ്ങുകയും ചെയ്തു.
ശേഷവും ഞങ്ങൾ കണ്ടു. ആദ്യം നമ്പർ ചോദിച്ചത് രാധ ആയിരുന്നു. ഞാൻ കൊടുത്തു. അവൾ വിളിച്ചു. പല തവണ ഞങ്ങൾ കണ്ടുമുട്ടി. കാറ് ഉണ്ടെങ്കിലും, എവിടെ പോകാനും പെണ്ണിന് ഞാൻ വേണം. ജീവിതത്തിലും പരസ്പരം വേണമെന്ന് സാഹചര്യം തൊട്ടും തൊടാതെയും പറയുകയാണ്…
ഞങ്ങൾ ഓട്ടോക്കാർക്ക് ഒരു സ്വഭാവമുണ്ട്. സവാരിക്കായി കയറുന്ന മനുഷ്യരോടൊരു പ്രത്യേക ബഹുമാനമാണ്. യാത്രയ്ക്കായി വീണ്ടും തന്നെ പരിഗണിക്കണമെന്ന ആവിശ്യവും അതിന് പിറകിൽ ഇല്ലെന്ന് പറയുന്നില്ല. അതിപ്പോൾ മിക്ക മനുഷ്യരുടെ കാര്യവും ഇങ്ങനെയൊക്കെ തന്നെയായിരിക്കും. പൊതു ജീവിതത്തിന്റെ മുഖത്തിനുള്ളിലെ മനുഷ്യരാണല്ലോയെന്നും യാഥാർഥ്യം…
‘നിങ്ങൾ ഇത്രയും പാവമാണെന്ന് ഞാൻ കരുതിയില്ല… താടിയും മീശയുമൊക്കെ കണ്ടപ്പോൾ…’
അന്ന് ഫോണിലൂടെ രാധ പറഞ്ഞതാണ്. തനിക്ക് കാണണമെന്ന് കൂടി ചേർത്തപ്പോൾ ഞാൻ വിയർത്തുപോയി. ആ രാത്രിയിലാണ് മാഡമെന്ന വിളി ആദ്യമായി രാധ എന്നായത്.
‘രാധേ… ഞാനും അമ്മയും മാത്രമുള്ള വീടാണ് എന്റെ കുടുംബം.. നിങ്ങളൊക്കെ വലിയ പത്രാസ്സിൽ ജീവിക്കുന്നോരും…’
മുഴുവിപ്പിക്കാൻ രാധ അനുവദിച്ചില്ല. താൻ അനുഭവിക്കുന്ന വിഷാദത്തിന്റെ വ്യാപ്തി അവൾ പറയാൻ തുടങ്ങി. അതിൽ, അച്ഛനും അമ്മയും പിരിഞ്ഞതിന്റെ ദുഃഖവും, പൂർവ്വ പ്രണയ തകർച്ചയും, ആർത്തവക്രമത്തിന്റെ തെറ്റലും ഉണ്ടായിരുന്നു. എനിക്ക് അവളോട് പാവം തോന്നി… കൂടെ വേണമെന്ന് തോന്നി… എല്ലാത്തിലും ഉപരി ഉള്ളഴിഞ്ഞ് പ്രേമിക്കാൻ തോന്നി…
ഒരുനാൾ കുടുംബശ്രീ വഴി അമ്മയേതോ പാർട്ടിയുടെ ജാഥയ്ക്ക് പോയ നാൾ രാധ വീട്ടിലേക്ക് വന്നു. സാഹചര്യം ഫോണിൽ അറിഞ്ഞപ്പോൾ പെട്ടെന്ന് കാണണമെന്ന് തോന്നി പോലും.
‘നിന്റെ മുറിയേതാ…?’
അധികാരത്തോടെയാണ് രാധ ചോദിച്ചത്. ഞാൻ ചൂണ്ടി. കണ്ണുകളിൽ കൊളുത്തിയാണ് എന്നേയും അവൾ കൂടെ കൊണ്ടുപോയത്. മുണ്ട് മാത്രമായിരുന്നു എന്റെ വേഷം. അവൾ ചുരിദാറിലും. കതകിന്റെ കൊളുത്തിട്ടതിന് പിന്നാലെ രണ്ട് തുണികളും അഴിഞ്ഞ് പോകുകയായിരുന്നു…
എന്റെ ആദ്യത്തെ അനുഭവം. രാധയും ഞാനും ഒരുപോലെ വിയർത്ത് പോയി. അവൾ ഇറങ്ങിപ്പോയതിന്റെ അര മണിക്കൂറിന് ശേഷമാണ് ജാഥയ്ക്ക് പോയ അമ്മ വരുന്നത്. അമ്മ എന്നെ കയ്യോടെ പിടിച്ചു. കാറിലൊരു പെണ്ണ് വന്നിരുന്നുവെന്ന് അയൽക്കാരിൽ നിന്നും കേട്ടതിന്റെ കൂടെ മകന്റെ പ്രസന്നത കൂടി ചേർത്ത് വായിച്ചപ്പോൾ എല്ലാം വ്യക്തം…
‘ആരാടാ അത്…?’
ഞാൻ പരുങ്ങി. അല്ലെങ്കിലും പണ്ടുതൊട്ടേ പെൺവിഷയം വരുമ്പോൾ എനിക്കൊരു നാണമാണ്. അതാണ് ആ മേഖലയിലേക്ക് ഇതുവരെ പോകാതിരുന്നത്. ഈ കാരണം കൊണ്ട് മാത്രം എന്റെ ആണത്തത്തെ ചോദ്യം ചെയ്ത ചില ക്ണാപ്പൻമ്മാരുണ്ട് നാട്ടിൽ. മുന്നിലൂടെ രാധയുമായി പോകുമ്പോൾ അവരൊക്കെ അന്തം വിടുമെന്നത് ഉറപ്പാണ്…
‘പേര് രാധ… ഞങ്ങൾ ഇഷ്ടത്തിലാണ് അമ്മേ… ‘
“ആരായാലും… നാളെ തന്നെ വരാൻ പറ… ഞാൻ സംസാരിക്കട്ടെ…”
അമ്മയിൽ നിന്ന് മറ്റൊരു മറുപടി ഞാനും പ്രതീക്ഷിച്ചിരുന്നില്ല. എന്റെ ഇഷ്ടങ്ങൾക്ക് അമ്മയൊരിക്കലും എതിര് നിൽക്കാറില്ല. രാധയൊരു അനാഥ ആയിരുന്നാൽ പോലും അമ്മ സ്വീകരിക്കുമെന്നത് എനിക്ക് ഉറപ്പായിരുന്നു. മരണത്തിലേക്ക് അച്ഛൻ മറഞ്ഞപ്പോൾ ഞങ്ങൾക്ക് സ്വന്തമായൊരു കൂര പോലും ഉണ്ടായിരുന്നില്ല.
മൂക്കള ഒലിക്കുന്ന പ്രായത്തിലുള്ള എന്നേയും ഒക്കത്തിരുത്തി അഞ്ചിൽ കൂടുതൽ വീടുകളിൽ പണി ചെയ്താണ് ഞങ്ങൾക്കൊരു മേൽക്കൂര അമ്മ ഉണ്ടാക്കുന്നത്. കുഞ്ഞുമായി ഒറ്റപ്പെട്ട് പോയവരുടെ ജീവിതത്തിലെ പ്രയാസം കണ്ട് നിൽക്കുന്നവർക്ക് അത്രയ്ക്കൊന്നും മനസ്സിലായില്ലെന്ന് വരും. അവിടെ, കരുത്ത് മാതൃത്വത്തിന്റെ സ്നേഹത്തിന് തന്നെയാണ്. ഇന്ന് ആടിയുലയാത്ത മൂച്ചക്ര ജീവിതം എനിക്ക് ഉണ്ടായതും അമ്മയുടെ കരുതലാണ്. ആ മാതാവെന്ന മുതലിനെ എനിക്ക് കിട്ടിയതിൽ സന്തോഷമെന്നല്ലാതെ മറ്റൊന്നും പറയാനില്ല. പക്ഷേ, രാധ…!
‘അമ്മയോടൊക്കെ പറഞ്ഞതെന്തിനാണ്… ഞാൻ വരില്ല…’
ഞങ്ങൾ തമ്മിലുള്ള അവസാന ഫോൺ സംഭാഷണം ഇതാണ്. പിന്നീടുള്ള രണ്ട് നാളുകളിൽ റിംഗ് അടിക്കുന്നുണ്ടായിരുന്നു. മൂന്നാം നാൾ അതും നിന്നു. ആഴ്ച്ചയൊന്ന് കഴിഞ്ഞിട്ടും യാതൊരു വിവരവും ഇല്ലാതായപ്പോൾ രാധ താമസിക്കുന്ന ലേഡീസ് ഹോസ്റ്റലിൽ ഞാൻ അന്വേഷിക്കുകയുണ്ടായി. അവൾ മുംബൈയിലുള്ള അച്ഛന്റെ അടുത്തേക്ക് പോയത്രേ…
‘എന്താടാ… നിന്റെ രാധ വരാത്തത്…?’
ആ രാത്രിയിൽ അമ്മ ചോദിച്ചതാണ്. മറുപടിയില്ലാതെ നിന്നാൽ അമ്മ കണ്ടുപിടിക്കുമെന്നത് ഉറപ്പാണ്. അവൾ മുംബൈയിൽ പോയെന്ന് മാത്രം പറഞ്ഞ് ഞാൻ മുറിയിലേക്ക് പോയി. എപ്പോൾ വരുമെന്ന് അമ്മ ചോദിച്ചപ്പോഴേക്കും കക്കൂസിൽ പോകട്ടേയെന്ന് പറഞ്ഞ് ഞാൻ കതക് അടക്കുകയായിരുന്നു…
ഒരിക്കലും വരില്ലെന്ന് എനിക്ക് അറിയാവുന്നത് കൊണ്ടായിരിക്കണം തുടർന്നുള്ള നാളുകളിൽ തലയിൽ സങ്കടങ്ങളുടെ സംഘനൃത്തം നടന്നത്. പൊട്ടി പോകുന്നത് പോലെ… ഒരു പെണ്ണിൽ തൊട്ട് ജീവിതം ചിതറി തെറിച്ചത് പോലെ… രാധയുമായി സ്വപ്നം പങ്കിട്ട ഓട്ടോയിലേക്ക് കയറാനേ തോന്നുന്നില്ല. അത് വിവരിച്ച അമ്മ ഉൾപ്പടയുള്ളവരുടെ മുഖത്തേക്ക് നോക്കാനേ പറ്റുന്നില്ല. എല്ലാവരുടേയും വിശ്വാസം ഞങ്ങൾ തമ്മിൽ ഇപ്പോഴും ബന്ധപ്പെടാറുണ്ടെന്നാണ്… വൈകാതെ, മുംബൈയിൽ നിന്ന് എനിക്കായി അവൾ വരുമെന്നാണ്…
പെണ്ണിന് കൗതുകം ആയിരിക്കണം. പക്ഷേ, അത് എന്നെപ്പോലെയുള്ള ഒരു ചെറു ജീവിതധാരിയോട് ആകരുതായിരുന്നു. സ്നേഹമെന്ന് വരുമ്പോൾ മനുഷ്യർ വിചിത്രരാണെന്ന് പറയുന്നതെത്ര ശരിയാണല്ലേ…
ഓരോ നാളും തന്നിൽ മാറി വരുന്ന തൃപ്തികൾക്ക് അനുസൃതമായി വ്യക്തികൾ മാറുകയാണ്. ആദ്യ കൗതുകത്തിനപ്പുറം പരസ്പരം മുഷിയുകയും, അകലാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം മറികടന്ന് ഉള്ള് മുട്ടി ചേർന്ന് നിൽക്കാൻ രണ്ട് പേർക്ക് സാധിക്കുന്നുണ്ടെങ്കിൽ ഭാഗ്യമെന്നല്ലാതെ മറ്റൊന്നും പറയാനില്ല.
പുരുഷനായാലും സ്ത്രീയായാലും ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ ലഭിക്കാൻ വലിയ പ്രയാസം തന്നെയാണ്. വികാര ദൗർബ്ബല്ല്യങ്ങളെന്ന് വന്നാൽ രണ്ട് ലിംഗങ്ങളിലും കാര്യങ്ങളൊന്നും വ്യത്യസ്തമല്ല. അതിന്റെ ഏറ്റക്കുറച്ചിലുകളുടെ ഗ്രാഫ് വരയുന്നതിലൊന്നും യാതൊരു അർത്ഥവുമില്ല. ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോൾ എനിക്ക് വിങ്ങാൻ തോന്നുന്നുണ്ട്. സ്വപ്നം പോലെ യാഥാർഥ്യത്തെ മറക്കാൻ കഴിയാതെ ഉള്ള് നീറുന്നുമുണ്ട്. കരയാൻ പാടില്ല. കരഞ്ഞാൽ അമ്മ കേൾക്കും. പറഞ്ഞായിരുന്നുവല്ലോ…
ആ പാവം ഇപ്പോഴും രാധയെ കാത്തിരിക്കുകയാണ്….!!!
ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ